ഋതുഭേദങ്ങളുടെ സുഖദു:ഖം
ഓര്‍മ്മകള്‍ക്കൊരു കാറ്റോട്ടം - ഭാഗം 6
പെട്ടെന്നായിരുന്നു പെരുമഴ. അത്താഴസമയത്തോടെ. പകല്‍ മുഴുവന്‍ പുഴുക്കമെന്നത് ശരി; പക്ഷെ ചാറ്റല്‍പോലും തീരെയില്ലാതെപോട്ടെ എന്ന് മോഹിക്കും ആ എട്ടു ദിവസങ്ങളില്‍. സന്ധ്യ കഴിഞ്ഞാണെങ്കില്‍ വിശേഷിച്ചും. ഇരുപത്തിനാല് മണിക്കൂര്‍ ഇടതോരാതെയാണ് കലാപരിപാടികള്‍. ഇന്നാകട്ടെ, വൈകിട്ട് കൊടിയേറിയതേയുള്ളൂ ഉല്‍സവം. ഗോപുരത്തിന്റെ മേല്‍ത്തട്ടിനു മീതെ ലേശം മുമ്പ് മാത്രം കാറ്റത്ത് ആടിയുലഞ്ഞ നീളന്‍ കൂറ പൊടുന്നനെ ലോഹവട്ടം അള്ളിപ്പിടിച്ച് ചടഞ്ഞുകൂടി. വൈദ്യുതിവര്‍ണ്ണങ്ങളില്‍ മുങ്ങിയ ശ്രീപൂര്‍ണത്രയീശക്ഷേത്രം കുടികൊള്ളുന്ന തൃപ്പൂണിത്തുറ പട്ടണവും പരിസരവും വൃശ്ചികരാവിലെ ആകാശവൃഷ്ടിയില് നനഞ്ഞുകുതിര്‍ന്നു.
കൊല്ലം 1987. കഥകളി തലക്ക് പിടിച്ച കാലം. പോരാത്തതിന് ചോതിനാള് ഒന്നാംനിരയാണ് കളി. ആര്‍ത്തലച്ചു പെയ്താല്‍ത്തന്നെ ആര്‍ക്കു ചേതം എന്നാണ് അല്ലെങ്കിലും മന:സ്ഥിതി. തോടും റോഡും ചേറെടുത്തു ചേര്ന്നിടത്തെല്ലാം ചുറ്റിയ മുണ്ട് തലയില്‍ക്കെട്ടി നീന്തിയായാലും നിഷ്പ്രയാസം വേദിയിലെത്താവുന്നതേയുള്ളൂ എന്നപോലുള്ള കരളുറപ്പ്. എന്നിരിക്കിലും, ഇതിപ്പോള്‍ അങ്ങനെയൊന്നും വേവലാതിപ്പെടേണ്ടതില്ലതാനും. വീട്ടില്‍ ഊണ് തരപ്പെടും. കിടപ്പറമൂലക്കല് കുടയുണ്ട്. കളിക്കിരിക്കുമ്പോള് കൂട്ടിന് ഒട്ടും മുഷിയാത്ത കമ്പനിയുണ്ട്: അടുത്ത ബന്ധു. ശങ്കരമ്മാമന്‍. അച്ഛന്റെ താവഴിയിലെ മുതിര്‍ന്ന കാരണവര്‍. വയസ്സ് വകവെക്കാതെ വീട്ടുപടി കഴിഞ്ഞുള്ള വയലത്രയും പിന്നെ വമ്പന്‍ വഴിയിലെ കയറ്റിറക്കങ്ങള്‍ മുഴുവനും നടന്ന് തീവണ്ടിക്ക് ചീട്ടെടുത്ത് കടകടാ-കുടുകുടൂ വായ്ത്താരി കേട്ട് കൊച്ചിക്ക് തെക്ക് വന്നെത്തിയിട്ടുള്ള വള്ളുവനാട്ടുകാരന്‍.
"വെഴ്കിക്കണ്ട്രാ വല്ലാണ്ടെ...." എരിവും പുളിയും ചെന്ന വയറ്റിന് വായുകൊടുക്കാനെന്ന വണ്ണം വലിച്ച ബീഡിയുടെ അവസാനത്തെ കവിള് പുകയും ആഞ്ഞൂതി കുറ്റി ഇറവെള്ളച്ചാലിലിലേക്ക് അശ്രദ്ധമായെറിഞ്ഞ് ശങ്കരമ്മാന്‍ പറഞ്ഞു. "വരട്ടറാ കേശവാ..." പിറ്റേന്ന് വെളുപ്പിന് വീണ്ടും കാണുമെങ്കിലും യാത്ര പറഞ്ഞു കുടുംബസ്ഥനായ അനന്തിരവനോട്. "സമ്മതിക്കണം ഇങ്ങനെയുള്ളവരെ" എന്ന് അതുകേട്ട് അച്ഛന് നിശ്ശബ്ദമായി പറഞ്ഞിരിക്കണം.
മുണ്ട് മടക്കിക്കുത്തി, ഇരുവരും. കുട നിവര്‍ത്തി. ശീലക്ക് മേല്‍ പറപറാ ശബ്ദത്തില്‍ പതിഞ്ഞ മഴ തല ഈറനാക്കാന്‍ താമസമുണ്ടായില്ല. ഒട്ടും വൈകാതെ കുതിര്‍ന്ന മുണ്ടിന്മേല് ചെരിപ്പിന്റെ പിന്തല ചെളിച്ചുട്ടി കുത്തിക്കൊണ്ടിരുന്നു.
വഴിയില്‍ വിഘ്നങ്ങള്‍ കൂടിയതേയുള്ളൂ. കറന്റ് പോയി. അല്ലെങ്കില്‍ത്തന്നെ നടപ്പാതയും അരുവിലെ കാനയും ഒരുപോലെ ഒഴുകുകയായിരുന്നു. ഒരു ഭാഗ്യവും ഉണ്ടായി. കണ്ണന്‍കുളങ്ങരക്കാരന്‍ സുഹൃത്തിനെ അപ്രതീക്ഷിതമായി കണ്ടുമുട്ടി. സ്കൂളില്‍ ഒന്നു മുതല്‍ പത്തു വരെ ഒപ്പം പഠിച്ചതാണ് എച്ച്. ശിവകുമാര്‍. എഴുന്നള്ളിപ്പും മേളവുമാണ് സ്വതേ കമ്പം. വടക്കേ കോട്ടവാതില്‍ എത്തുംമുമ്പുള്ള തിരിവില്‍ ഒരു കാല് കുട്ടിയോടയിലേക്ക് വച്ചുപോയ ശങ്കരമ്മാമനെ അന്നേരം ശ്രദ്ധിച്ചതും കൈപിടിച്ചുകയറ്റിയതും കൂട്ടുകാരനായിരുന്നു.
അമ്പലമതില്‍ക്കകത്ത് ഏതായാലും വെളിച്ചമുണ്ട്. പഞ്ചാരിമേളം മൂന്നാം കാലം. മഴ പ്രമാണിച്ച് മുഴുവന്‍ എഴുന്നള്ളിപ്പും നടപ്പുരയിലാണ്. ലേശമൊന്ന് ഉപായത്തിലും. പുറത്ത് ചാറ്റലേ ഇപ്പോഴുള്ളൂ. എങ്കിലും അധികംനേരം മേളം കേള്‍ക്കാന്‍ നിന്നില്ല.
വെള്ളത്തില്‍ കുഴഞ്ഞ പഞ്ചാരമണല്‍. അതിനുമേല്‍ നടക്കുമ്പോള്‍ കാലിനടിയില്‍ കറുമുറാ പിറുപിറുപ്പ്. ഊട്ടുപുരയുടെ മേലത്തെ നിരയില്‍ നടക്കുന്ന സംഗീതക്കച്ചേരി പുറത്തെക്ക് വച്ചിടുള്ള മൈക്കുകള്‍ വഴി കേള്‍ക്കാം.
നീണ്ടുതടിച്ച ഊട്ടുപുരക്കുള്ളില്‍ തിരക്ക് കഷ്ടി. പരപ്പന്‍ ജനല്‍പ്പടിമേല്‍ ഇരുന്നു സംസാരിക്കുന്നു ചിലര്‍. തോര്‍ത്തുമുണ്ട് വിരിച്ച് ഉറങ്ങാന്‍ ശ്രമിക്കുന്നു വേറെ ചിലര്‍. മേലത്തെ നിലയിലാണ് കഥകളി. പടിയേറി വേണം പോവാന്‍. ഇപ്പോള്‍ അവിടെ, ലേശം നീങ്ങി വേറെ സ്റെയ്ജില്‍, സംഗീതക്കച്ചേരിയാണ്. രണ്ടാംപാതിയിലെ തുക്കടകള്‍.
അണിയറയില്‍ എത്തിനോക്കി. ഒരു സ്വര്ണവിഗ്രഹമാണ് നടുപ്രതിഷ്ഠ. കൊളുത്തിയ ചെറിയ നിലവിളക്കിനു മുമ്പില്‍ പഴുപ്പുവേഷത്തിനായി ഒരുങ്ങിയ മുഖത്ത് മനയോലയുടെ അവസാനശകലങ്ങള് തേക്കുന്ന കലാമണ്ഡലം കൃഷ്ണന് നായര്‍. ബലഭദ്രര്‍. രോമമേതുമില്ലാത്ത ഉടല് -- മുഴുത്തൊരു ചന്ദനമുട്ടി പോലെ. കുംഭ പാതിമറച്ച് കാവിമുണ്ട്. തൊട്ടടുത്ത് വേറൊരു മഞ്ഞപ്പായയില് കാര്വര്ണ്ണന്. ശ്രീകൃഷ്ണന്. ഫാക്റ്റ് പദ്മനാഭന്. ലേശം മെലിഞ്ഞതെങ്കിലും ആ ദേഹവും വെളുത്തുതന്നെ. ജ്യേഷ്ഠനും അനുജനും. ഗുരുവും ശിഷ്യനും. സുഭദ്രാഹരണം കഥ.
എതിരെ ചുട്ടിക്ക് കിടക്കുന്നത് കത്തിവേഷം. രണ്ടാമത്തെ കഥയിലെ (പ്രതി)നായകന്. കലാമണ്ഡലം രാമന്‍കുട്ടി നായര്‍. കുറുകിയ അരിമാവുകൊണ്ട് താടിയെല്ലിനു ചേര്‍ന്ന് കീചകന് സശ്രദ്ധം നൂലുവലിക്കുമ്പോഴും ആരോടെന്നില്ലാതെ ഫലിതം പറയുന്നുണ്ട് നീലംപേരൂര്‍ തങ്കപ്പന് പിള്ള. കുറച്ചകലെ, കയറിന്മേല് ഞാത്തിയ ഉടയാടകള്‍ക്ക് താഴെയായി ഒരു ചെറിയ വെടിവെട്ടം. കോട്ടക്കല്‍ ശിവരാമനാണ് താരം. അദ്ദേഹത്തിന്റെ സൈരന്ധ്രി.
"നല്ല പദങ്ങളൊള്ള കഥയാ രണ്ടും. എന്നാലും നന്നാക്കാന്‍ ഇച്ചിര്യെ മെനക്കെടണം...." പൊന്നാനി ഭാഗവതരുടെ ഉപദേശമാണ് ശങ്കിടിയോട്. തുളയുന്ന രീതിയില്‍ അരങ്ങില്‍ ഉറക്കെ പാടാന്‍ കെല്പ്പുള്ളപ്പോഴും മൂക്കടപ്പുള്ള തൊണ്ടയില്‍ നിന്നെന്നപോലെ സംസാരിക്കുന്ന കലാനിലയം ഉണ്ണിക്കൃഷ്ണന്. പതിവു വിധേയത്വത്തില്‍ കേട്ടിരിക്കുന്ന പാലനാട് ദിവാകരന്.
പൊതുവാളന്മാര്‍ ആണ് മുഖ്യമായി മേളത്തിന്; ഇരുവരെയും തല്ക്കാലം കാണുന്നില്ല. പുറപ്പാട് കഴിഞ്ഞ് മേളപ്പദം ഉണ്ടെങ്കിലും അതിനു കൊട്ടാന്‍ വേറെ കലാകാരന്മാര് ആണ്.
അണിയറക്ക് വെളിയില്‍, ആട്ടവിളക്കിനപ്പുറം കച്ചേരിയുടെ സമാപ്തിക്ക് ലക്ഷണങ്ങള്‍ കേട്ടുതുടങ്ങി. അപ്പോഴും, ഒന്ന് കാതോര്‍ത്താല്‍, അകലെ കിഴക്കേ ഗോപുരത്തിന് ചേര്‍ന്ന് ശീവേളിമേളം പിടിച്ചെടുക്കാം. പഞ്ചാരി അഞ്ചാം കാലം.
അര്‍ദ്ധരാത്രി പിന്നിട്ടപ്പോഴേക്കും കളിക്ക് വിളക്ക് വച്ചു. ആദ്യം ഇരുന്നത് ശങ്കരമ്മാമന്‍. താഴെ, മതില്ക്കകത്തുനിന്ന് ജനം കാലടിപ്പെരുമാറ്റത്തില് ഇവിടെ നിലംമുഴുക്കെ പാറ്റിയെറിഞ്ഞിട്ടുള്ള ഈറന്‍ മണല്‍ക്കലുകള്‍ ആസനത്തിന്മേല് വേദനയുണ്ടാക്കി. ക്രമേണ അത് അലിഞ്ഞില്ലാതായി. കേദാരഗൌള രാഗാലാപനത്തിന്റെ പഴുതുകളില്‍ കണ്ണടച്ചാല്‍ ആനകളുടെ നെറ്റിപ്പട്ടംനിര മനസ്സില്‍ക്കാണാം. വന്ദനശ്ലോകം വഴിഞ്ഞൊഴുകുന്നതിനിടെ ചെവി പിന്നാക്കം കൂര്പിച്ചാല് നടപ്പുരമേളത്തിനൊടുവില് ഉള്ള തീരുകൊട്ട് തെക്കിയെടുക്കാം. എങ്കിലും ശങ്കാരാഭാരണത്തില് "ദേവ ദേവന് വാസുദേവന്‍" എന്നിടത്ത് തിരശീല താഴുമ്പോള്‍ കാണുക തിരുവുടയാടയില് തെളിയുന്ന സന്താനഗോപാലമൂര്‍ത്തിയുടെ ലോഹക്കോലമല്ല, മുടിവച്ച രണ്ട് പീതാംബരധാരികളെയാണ്. ഓടക്കുഴല്‍ മുദ്രപിടിച്ച കുരുന്നുകളുടെ അരങ്ങേറ്റം. ഒരുഭാഗത്തേക്ക് മായികമായി തലചെരിച്ച്, ഇരുവശങ്ങളിലേക്കും താളാത്മകയായി കണ്ണുപായിച്ച്....
നാലമ്പലത്തിനുള്ളില്‍, ശ്രീലകത്ത് നടയടഞ്ഞിരിക്കണം.
പുറപ്പാട് കഴിഞ്ഞു. തിരശീല ഒഴിഞ്ഞു. 'നവഭവ' തുടങ്ങി. പാട്ടുകാര്ക്കൊപ്പത്തിനൊപ്പം ചെണ്ടയും മദ്ദളവും മത്സരിച്ചു. ഒടുവില്‍ മദ്ധ്യമാവതിയില്‍ മംഗളം പാടിക്കഴിഞ്ഞപ്പോള്‍ ഇലത്താളവും ചെങ്ങിലയും ബാക്കി രണ്ടു വാദ്യങ്ങളും കാലാള്‍പ്പട കണക്കെ മുന്നോട്ടാഞ്ഞ് വിളക്കിനടുത്ത് നിലയുറപ്പിച്ചു. മേളപ്പദം ശേഷഭാഗം മുറുകിക്കയറി -- ഇനിയും ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഉത്സവത്തിന് വെടിക്കെട്ടില്ല എന്ന് ആര്‍ക്കെങ്കിലും ഖേദം ഉണ്ടെങ്കില്‍ ഇവിടംകൊണ്ട് കഴിഞ്ഞോട്ടെ എന്ന മട്ടില്‍.
തുടര്‍ന്നും കൊട്ടുകച്ചേരി കനത്തെതെയുള്ളൂ. കാരണം, കഥ തുടങ്ങി. പിന്നണിമേളത്തിന്റെ പ്രചണ്ഡദ്ധ്വനിക്ക് വെളിച്ചംകൊടുത്തുകൊണ്ട്, പീഠം കാല്ത്തറയാക്കി ഉയരത്തില്‍ നിലയുറപ്പിച്ച്, തിരശ്ശീല സ്വന്തം കൈകള്‍കൊണ്ടു താഴ്ത്തി പ്രത്യക്ഷപ്പെടുന്നു ബലഭദ്രര്‍. കവിള്‍ത്തടം മേല്കീഴിളക്കുമ്പോള് കണ്ണില്‍ അഗ്നിസ്ഫുലിംഗങ്ങള്‍. ജ്വാലക്ക് എണ്ണയെന്നവണ്ണം അവ പരസ്പരപൂരകം. താനറിയാതെ അനന്ത്രോപ്പാട് ഒറ്റപ്പെങ്ങളെ കോമളകളേബരനായ നടുപ്പാണ്ഡവവന് കെട്ടിച്ചുകൊടുത്തത്തില് ബലഭദ്രരുടെ അരിശം എത്രയെന്നു കാണികളെ കൂടുതലറിയിക്കാന് കൃഷ്ണന്‍കുട്ടി പൊതുവാളും അപ്പുക്കുട്ടി പൊതുവാളും വാദ്യപ്പുറങ്ങളില് ആഞ്ഞടിച്ചു. അണിയറയുടെ ഇത്തിരിവട്ടത്തില്‍ കുറച്ചുമുമ്പുമാത്രം കനകവിഗ്രഹംപോലെ പ്രശാന്തനായിക്കണ്ട അഭിനയചക്രവര്‍ത്തി എഴുപത്തിരണ്ടാം വയസ്സില്‍ പ്രപഞ്ചം നിറയുമാറ് താണ്ഡവമാടി. എവിടെ ആ കള്ളക്കൃഷ്ണന്‍? ഇത്തിരിപ്പോന്ന കശ്മലന്?
പമ്മിപമ്മിയാണ് യാദവശിഖാമണിയുടെ വരവ്. തൊഴുകൈയാണ് സ്ഥായിമുദ്ര. മാപ്പാക്കണേ മദയാനേ എന്നാണു മുഖഭാവം. പേടിച്ചരണ്ടത് കൃഷ്ണനോ പദ്മനാഭാശാനോ എന്ന് സംശയിക്കും. "കുത്രവദ, കുത്രവദ" എന്ന് മേലോട്ട് വരികളെറിയാന് തുടങ്ങി പാട്ടുകാര്‍. അപ്പോഴും, ചമ്പതാളത്തിലെ തുടക്കപ്പദത്തിന് ശൌര്യപൂര്ണിമ വരുത്തുന്ന വട്ടംവച്ചുകലാശങ്ങള്‍ ഒന്നുരണ്ടു തവണ എടുത്തു. വലത്തോട്ടു തിരിയുമ്പോള്‍ തന്റെമേല്‍ കാഴ്ചപതിയാന് താല്പര്യമില്ലെന്ന മട്ടില്‍ പൊതുവാളാശാന് ചുവരിലേക്ക് നോക്കി ചെണ്ടകൊട്ട് തുടരും. തുടര്‍ന്നുള്ള കലാശങ്ങള്‍ എടുക്കാന്‍ മിനക്കെട്ടില്ല മൂത്തയാശാന്. അതില്‍ കാണികള്‍ക്കും പരിഭവമുള്ളതായി തോന്നിയില്ല. മാംസളമായ ആ മുഖത്തുമാത്രം കോപാന്ധനായി അങ്ങോട്ടുമിങ്ങോട്ടും ഉലഞ്ഞാടുന്ന കോമരത്തെ കാണാം; കൈപ്പിടിയിലെ കലപ്പ ചിതറിച്ചലിക്കുമ്പോള് കല്പന പറയുമോ എന്ന് പേടിപ്പിക്കുംവിധം ചിലമ്പൊലി കേള്‍ക്കാം.
മാധവനോടോ ക്രോധം? ക്രമേണ ശാന്തനാക്കി ഏട്ടനെ. എന്തിനധികം, അളിയന് അര്‍ജുനന്റെ പ്രതാപകഥകള്‍ കേട്ട് സന്തോഷവാനായി. ആഹ്ലാദനൃത്തമായി അന്നേരം വരുന്ന അഷ്ടകലാശം ഒന്ന് തുടങ്ങിവച്ച്, "ബാക്കി നീയാടിക്കോ കൊച്ചനുജാ...." എന്ന മട്ടില്‍ ഒഴിഞ്ഞുനിന്നു.
തുടര്‍ന്നുള്ള ആംഗ്യസംവാദത്തില് പതിവുപോലൊരു തമാശയും ഒപ്പിച്ചു കൃഷ്ണന് നായരാശാന്. അനുജത്തിക്ക് സമ്മാനം കൊടുക്കുന്ന കൂട്ടത്തില്‍ ആഭരണം നിറയെ ആവാമെന്ന് ഉറപ്പിച്ചപ്പോള്‍, അത് കൊണ്ടുവരാന്‍ കൃഷ്ണനോട് പറഞ്ഞു. അനുസരണയോടെ രണ്ടടിവച്ച അനുജന്, തിരികെ വന്നൊരു സംശയം ചോദിച്ചു: "സ്വര്‍ണം വച്ചിട്ടുള്ള പെട്ടി തുറക്കാന്‍ താക്കോല്‍ എവിടെ?" സദാ സരസനായ ആശാന് തിരിച്ചൊരു ആട്ടമാടി: "അതിനു ചാവി പതിവില്ല. വലത്തെ ചെറുവിരല്‍ പഴുതില്‍ തിരുകി വലത്തോട്ടും പിന്നെ ഉള്ളിലേക്കുത്തള്ളി ഒന്നുകൂടി വലത്തോട്ടു തിരിച്ചാല്‍ മതിയാകും." ഇതിനു മുദ്രകള്‍ കാട്ടുംനേരത്ത് ആശാന്റെ മുഖത്തെ കൊപ്രാട്ടി കണ്ട് പിന്നില്‍ വശംചേര്ന്നുനിന്ന് ചേങ്ങില പിടിക്കുന്ന ഉണ്ണിക്കൃഷ്ണന് "ഓ, ഈയാശാന്റെയൊരു കാര്യവേ..." എന്ന മട്ടില്‍ ഒരു തിരുവിതാംകൂര്‍ ചിരിചിരിച്ചു.
സുഭദ്രാഹരണം മൊത്തത്തില്‍ കസറി.
"ചായ കുടിയ്ക്കല്ലേ?" ശങ്കരമ്മാമന്‍ ചോദിച്ചു. പടിക്കെട്ടിറങ്ങി പടിഞ്ഞാറേ നടവഴിയില്‍ എത്തി. പൂർണ്ണീനദിയ്ക്ക് കുറുകെയോടുന്ന ഇരുമ്പുപാലത്തിലേക്ക് ചേരുന്ന നടപ്പാതയോരത്ത് ഓലമേഞ്ഞ കട. മരബെഞ്ചിനും മേശക്കും നനവുണ്ട്. തണുപ്പും. കുപ്പിഗ്ലാസില്‍ ചുടുകട്ടന്‍ ട്ടപ്പ് ശബ്ദത്തില്‍ വന്നിറങ്ങിയപ്പോള്‍ ശങ്കരമ്മാമന്‍ ബീഡി കുത്തിക്കെടുത്തി. എനിക്ക് മാത്രമായി പഴംപൊരി വരുത്തിച്ചു. വെളിച്ചെണ്ണക്കൊപ്പം ആനപിണ്ഡം നേര്‍ത്ത ഗന്ധമായി കാറ്റില്‍ പരുങ്ങി.
മടക്കം പടികയറുമ്പോള്‍ ഞാന്‍ മുന്നില്‍ ഓടിക്കയറി. ആ നേരത്തായിരുന്നു കൃഷ്ണന്‍കുട്ടി പൊതുവാളാശാന് രണ്ടാമുണ്ട് വലിച്ചുകുടഞ്ഞ് താഴേക്ക് ഇറങ്ങിയത് -- വേറാരുടെയോ കൂടെ. ചെണ്ടക്കോല് പിടിച്ചുതഴമ്പിച്ച കൈയിന്റെ പത്തി എന്റെ ചെകിട്ടത്തോന്നു ചെറുതായിക്കൊണ്ടു. "അയ്യോ കുട്ട്യേ...." എന്നാശാന്‍. ഏയ്, ഒന്നും പറ്റിയില്ലെന്നു ഞാന്‍. "കൈനീട്ടം തന്നതില്‍ സന്തോഷം" എന്നാണ് വാസ്തവത്തില്‍ പറയാന്‍ തോന്നിയതെങ്കിലും.
അരങ്ങില്‍ മാറ്റം. പാട്ടുകാര്‍ പോതുവെങ്കിലും ഇനിയങ്ങോട്ട് വള്ളുവനാട്ടുകാരാണ്. വെള്ളിനേഴിയിലെ വിരാട്ട്പുരുഷനും കാറല്‍മണ്ണയിലെ കൊച്ചാശാട്ടിയും.
സ്വതേ ശൃംഗാരരസരാജനായ ഒരാശാന്‍ വെട്ടിവെളിച്ചപ്പെട്ടും, ഘോരഗൌരവക്കാരനായ മറ്റേയാചാര്യന് വിഷയലമ്പടനായും അവതരിച്ചൊരു രാത്രി. ധനാശി പാടിക്കഴിഞ്ഞപ്പോള്‍, താഴെ ചെമ്പോല മേഞ്ഞുകൂര്ത്ത ശ്രീകോവിലിന്റെ താഴികയില്‍ തങ്കത്തിളക്കം. ഊട്ടുപുരയുടെ മരജനല്പ്പാളികള്ക്കപ്പുറം ആകാശത്തിന് നീലവെളിച്ചം. മഴ മുന്നേതന്നെ നാലിരട്ടി എടുത്തിരിക്കുന്നു. പുറത്തെ തണുപ്പ് മഞ്ഞിന്റെയാവണം. ഈ കാറ്റിനൊരു സുഖം വേറെതന്നെ.
ഇനിയത്തെ രാത്രി കഥ നളചരിതം രണ്ടാം ദിവസമാണ്. രസസ്ഫുരണത്തില്‍ രാജകുമാരന് വൈകിട്ടുതന്നെ സ്ഥലത്തെത്തിയിരുന്നു. ചായം തേക്കാതെതന്നെ കുവലയവിലോചനനായ കലാമണ്ഡലം ഗോപി.
മഴയില്ലാഞ്ഞതിനാല്‍ ശീവേലിമേളം കനത്തു. പതിനഞ്ചാനകള്‍ പിന്നീട് പതിവിന്‍പടി ഒന്‍പതായി പ്രദക്ഷിണം തികക്കുമെന്നു ഉറപ്പായി. പതികാലം കുഴമറിഞ്ഞിടത്താണ് ശ്രദ്ധിച്ചത്. എഴുന്നള്ളിപ്പ് കാണാന്‍ മേലെ തട്ടുമാളികയില്‍ കഥകളിയിലെ ഒരു താരഭാഗവതര്. രാജകുടുംബാംഗങ്ങള്‍ക്ക് മാത്രം അവകാശപ്പെട്ട കളത്തില്‍ മലബാറിലെ ചെറിയൊരു ഗ്രാമത്തില്‍നിന്ന് വലുതായ കലാമണ്ഡലം ശങ്കരന് എമ്പ്രാന്തിരി.
കച്ചേരിസ്ഥലത്ത് ചെന്നപ്പോഴുണ്ട് തനിയാവര്‍ത്തനം. അത് പ്രത്യേകമായി കേള്‍ക്കാന്‍ ഉത്സാഹിച്ച് മുന്നിലേക്ക് ചെന്നിരിക്കാന്‍ സ്ഥലമന്വേഷിക്കുന്ന കലാമണ്ഡലം കേശവന്. ചെണ്ടമനസ്സില് മൃദംഗനാദം.
കളി തുടങ്ങി. നന്നായി വന്നു. അരങ്ങിലുള്ളവര്‍ എന്നപോലെ കാണികളും പുഴുക്കം മൂലം വിയര്‍ത്തുകൊണ്ടിരുന്നു. ആദ്യരംഗം കഴിഞ്ഞ് അന്നേനാള്‍ ചായകുടിക്കാന്‍ ശങ്കരമ്മാമാനൊപ്പം ഇറങ്ങിയപ്പോള്‍ വഴിതടഞ്ഞെന്നവണ്ണം കളികാണാനിരിക്കുന്നവരില് കൊമ്പുകാര്‍ ചെങ്ങമാനാട്ട് അപ്പുവും കുമ്മത്ത് രാമന്‍കുട്ടിയും -- മേളം കഴിഞ്ഞ ക്ഷീണം വകവെക്കാതെ.
ബഹുസ്വരതയുടെ ഇത്തരം മേളനമുഹൂര്ത്തങ്ങള് പലവിധ കലകള്‍ ഒന്നിക്കുന്ന പൂര്‍ണത്രയീശ ഉത്സവത്തിനിടെ പതിവാണ്. അവയില്‍ വിശേഷിച്ചും ദീപ്തമായൊരു കാഴ്ച കണ്ടത് പിറ്റെന്നാള്‍ തന്നെയായിരുന്നില്ലേ? പൊടിപറക്കുന്ന, തിരക്കുള്ളൊരു സന്ധ്യക്ക്. ഗജങ്ങള്‍ക്ക് പകരം മനുഷ്യര്‍ മദിച്ച ആനപ്പന്തിയില്‍ വച്ച്. തായമ്പക കഴിഞ്ഞ് വേദിയില്‍നിന്നിറങ്ങിയ തൃത്താല കേശവനോട് സംസാരിക്കുന്ന ഗോപിയാശാന്. തുമ്പക്കുടം പോലത്തെ താടിക്ക് അഭിമുഖമായി തൂവെള്ള ജുബ്ബ. ഉറക്കെച്ചിരികളുടെ സംഗമം. അതെ, 1987ല്‍ തന്നെയാവണം.
ഇതിപ്പോള്‍ കൊല്ലം 2012. കാല് നൂറ്റാണ്ടു പിന്നിട്ടിരിക്കുന്നു! തൃപ്പൂണിത്തുറ വീണ്ടും ഉത്സവകാലം. മൂവായിരത്തോളം കിലോമീറ്റര്‍ അകലെ ഇവിടെ ഇന്ദ്രപ്രസ്ഥത്തിലിരുന്ന് വിവരങ്ങള്‍ അറിയുന്നുണ്ട്. ജീവിതപ്പരിമിതികള് കാരണം നാട്ടുവിശേഷങ്ങള്ക്കുനേരെ അന്ധത ബാധിച്ചുതുടങ്ങിയതിനിടയിലും കൊടിയേറ്റം മുതല്‍ ആറാട്ട് വരെയുള്ള സംഭവങ്ങള്‍ക്ക് ദൃക്സാക്ഷിവിവരണത്തിനായി സഞ്ജയന് ഒന്നല്ലയുള്ളൂ. ഓരോ നാളിലെയും വിവരങ്ങള്‍ സെല്‍ഫോണില്‍ വിളിച്ച് അപ്പ്ഡേറ്റ് ചെയ്തുതരാന്‍ മലനാട്ടിലെ സുഹൃത്തുക്കള്‍, സംഭവങ്ങള്‍ പലതും വാര്‍ത്തയായി ദല്‍ഹിയില്‍ വിളമ്പുന്ന മലയാള ദിനപത്രങ്ങള്‍, അപരിചിതരില്‍ നിന്നുപോലും കൈപ്പറ്റുന്ന ഇമെയില്‍ ചിത്രങ്ങളില്‍ ഉത്സവദൃശ്യങ്ങള്‍, ഫെയ്സ്ബുക്ക് ഗ്രൂപ്പുകളില്‍ നിരനിര ചിത്രങ്ങള്‍, വീഡിയോകള്‍.
തൃക്കേട്ട ദിവസം രാവിലെയാണ് കണ്ടത് -- പുറത്ത് കോടമഞ്ഞുള്ള പ്രഭാതത്തില്‍ ചായകുടിച്ച് പത്രം വായിക്കുമ്പോള്‍. 'മാതൃഭൂമി'യുടെ ഉള്‍ത്താളുകളില്‍ ഒന്നില്‍. ഇക്കുറി തൃപ്പൂണിത്തുറ ഉത്സവത്തിന് അരങ്ങില്‍ അപൂര്‍വമായൊരു വേഷമിട്ടുവന്ന ഗോപിയാശാനെ കുറിച്ച്. നടുവില്‍ ഇങ്ങനെ ഒരു വരി: "മണ്മറഞ്ഞ കഥകളിയാചാര്യന്‍ കലാമണ്ഡലം കൃഷ്ണന് നായര്‍ക്ക് ശേഷം 'സുഭദ്രാഹരണ'ത്തിലെ ബലഭദ്രരെ അത്രതന്നെ ഭംഗിയോടെ എഴുപത്തിയഞ്ചാം വയസ്സിലും ഗോപിയാശാന് അരങ്ങിലെത്തിക്കാനായി." പ്രസ്തുത അരങ്ങില്‍ ഒരു സംഗതികൂടി '87ലെ കളിയെ അറിയാതെ ഓര്‍മിപ്പിച്ചു: ശ്രീകൃഷ്ണനായി വന്നത് മൂത്തയാശാന്റെ ശിഷ്യനായിരുന്നു: കലാമണ്ഡലം കൃഷ്ണകുമാര്‍.
സൂക്ഷ്മം വിവരങ്ങള്‍ അറിയാന്‍ മോഹം തോന്നി. നാട്ടിലെ ഒരു കൂട്ടുകാരനെ വിളിച്ചു. കളി കണ്ടില്ലെങ്കിലും ഗംഭീരമായി എന്ന് അതിനു പോയവരെ ഉദ്ധരിച്ച് അയാള്‍ ആണയിട്ടു. സന്തോഷം. പക്ഷെ ഇങ്ങനെയൊന്നു കൊട്ടിച്ചേര്ത്തപ്പോള് തോന്നിയത് ആഹ്ലാദത്തോടൊപ്പം ഒരുഭാഗത്ത് ചെറിയൊരു വ്യസനവും: "ആരെങ്കിലുമൊക്കെ വീഡിയോ എടുത്തിട്ടുണ്ടാവും. അത് വൈകാതെ യൂട്യൂബില്‍ കയറും... അപ്പോള്‍ എല്ലാം നേരില്‍ അനുഭവിച്ചറിയാമല്ലോ..."
കഥകളിയും ആസ്വാദകമനസ്സില്‍ വെര്‍ച്ച്വല്‍ ലോകത്തേക്ക് ധാരാളമായി നിഷ്ക്രമിച്ചുതുടങ്ങിയോ? അണിയറയിലെ കച്ചമണിക്കിലുക്കവും ആട്ടവിളക്കിന്റെ തിരിപ്പുകയുടെ മണവും രംഗങ്ങള്‍ക്കിടയിലെ കട്ടന്‍ചായ സ്വാദും മറ്റും പലര്‍ക്കും വിഷയമല്ലാതെ വന്നുതുടങ്ങുന്നുവോ?
ഇപ്പോള്‍ പൊട്ടുന്ന ദീവാളിപ്പടക്കങ്ങളുടെ അലയൊലി അതിന്റെ പാട്ടിന് അടങ്ങട്ടെ. ശിശിരവും വസന്തവും കഴിഞ്ഞ് അടുത്തകുറി നാട്ടില്‍ പോവുമ്പോള്‍, ഷൊര്‍ണ്ണൂരിനടുത്ത് മുണ്ടായ വീട്ടുവളപ്പില്‍ ശങ്കരമ്മാമനെ ദഹിപ്പിച്ചിടത്ത് ഒന്നുപോണം. പട്ടാളത്തില്‍ ജോലിയായി പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ ഒരിടത്തേക്ക് തിരിക്കുംമുമ്പ് കൌമാരത്തില്‍ പൂഴികൊണ്ട് മുറ്റത്ത് അയ്യപ്പന്കളമെഴുതി പഠിച്ച തീയ്യാട്ടുഗുരുവിനോട് സ്വല്പം പുതിയകാല കഥകളി വിശേഷങ്ങള്‍ പറയാനുണ്ട്. എല്ലാം കേട്ടുകഴിഞ്ഞാല്‍, പതിവുലാഘവത്തില് ബീഡിപ്പുകയൂതി, "നീയതൊന്നും കാര്യാക്കണ്ട്രാ" എന്നേ പ്രതികരണം പ്രതീക്ഷിക്കാവൂ എന്നറിയാമെങ്കില്‍ക്കൂടിയും....
Comments
sreekanth
Mon, 2012-12-03 22:14
Permalink
വളരെ ഹൃദ്യമായ വിവരണം
വളരെ ഹൃദ്യമായ വിവരണം വല്സേട്ടാ... നോസ്ടാല്ജിയ മുഴുവന്‍ എഴുത്തിലൂടെ പുറത്ത് വരുന്നത് കാണാം... ചിത്രം അനുയോജ്യം ആയില്ല്യ എന്നൊരു പരാതി ഉണ്ട്... ഒരു തിരക്കുള്ള സദസ്സിന്റെ ദൂരെ നിന്നും എടുത്ത 80കളുടെ അവസാനത്തിനെ ഓര്‍മിപ്പിക്കുന്ന മങ്ങിയ കളര്‍ ഫോട്ടോ ആണ് വേണ്ടിയിരുന്നത്.. (അല്ലെങ്കില്‍ സ്റെജിന്റെ സൈഡില്‍ നിന്നും നരച്ച നീല കളര്‍ കര്ട്ടന് ഇട്ട ഒരു കഥകളി അരങ്ങിന്റെ ഫോട്ടോ)... വീണ്ടും പറയട്ടെ വളരെ നല്ല ഓര്‍മ്മകുറിപ്പ്...
ശ്രീകൃഷ്ണൻ (not verified)
Tue, 2012-12-04 19:13
Permalink
കലയുടെ പെരുമഴകൊണ്ടു സമൃദ്ധമായ
കലയുടെ പെരുമഴകൊണ്ടു സമൃദ്ധമായ ഭൂതകാലം, വർത്തമാനകാലത്തിന്റെ ശിശിരജഡത, ഭാവിയുടെ വരണ്ട ഉഷ്ണം - എല്ലാം ഉൾക്കൊള്ളുന്ന Sreevalsan-ന്റെ കുറിപ്പിനെപ്പറ്റി 'അഭിപ്രായി'യ്ക്കാൻ ജി-യോടു മൂന്നു വാക്കുകൾ കടം വാങ്ങുന്നു (ഉണ്ടാകുമ്പോൾ തിരിച്ചു കൊടുക്കാം): "മധുരം സൗമ്യം ദീപ്തം".
(കലപ്പയും ഓടക്കുഴലും തമ്മിൽ നിലനിൽക്കുന്ന കാലാതിവർത്തിയായ ഈ സാഹോദര്യം ഭാവിയെ കൂടുതൽ ഉർവരവും സംഗീതാത്മകവുമാക്കുമെന്നു പ്രതീക്ഷിയ്ക്കുക - ഞാൻ optimism -ത്തിന്റെ നാട്ടുകാരനാണ്....)
Krishnanath (not verified)
Tue, 2012-12-04 23:07
Permalink
Abhivaadaye!
Saashtaanga praNaamam!
sreechithran
Wed, 2012-12-05 19:32
Permalink
ഭാവിയുടെ ജൈവപ്രകാശം
പ്രായം കൊണ്ട് വ്യത്യസ്തമെങ്കിലും, ഏതൊക്കെയോ സംഗമസന്ധികൾ വൽസേട്ടന്റെ അനുഭവക്കുറിപ്പുകളിൽ ലഭിയ്ക്കുന്നുണ്ട്. അതാണെങ്കിൽ കഥകളിപ്പറ്റുള്ള കാവ്യാത്മകതയിലും. ഓരോ കുറിപ്പിലും ആ സൗന്ദര്യം ഏറി വരുന്നതേയുള്ളൂ.തൃപ്പൂണിത്തറ ഉൽസവവും കഥകളികളും ഏത് അനുഭവസ്ഥനും ഏറെ ഓർമ്മകൾ നൽകുന്നു. ധനാശി ചൊല്ലിപ്പിരിഞ്ഞ കഥകളിയുടെ ഒരു വസന്തകാലത്തിലേതാവുമ്പോൾ വിശേഷിച്ചും.
യൂട്യൂബിലും എഫ് ബിയിലുമായി രൂപാന്തരപ്പെടുന്ന അനുഭവലോകം കട്ടൻകാപ്പിയുടെ ചൂടു കലർന്ന പാതിരാക്കളികളുടെ അനുഭവമുള്ളവർക്ക് ആശങ്കകൾ സമ്മാനിയ്കുന്നത് സ്വാഭാവികം. എങ്കിലും അത്രയ്ക്കു ഭാവി അപകടത്തിലാണെന്നും കരുതണമെന്നു തോന്നുന്നില്ല. പുതിയലോകം പുതിയ ഓർമ്മകളേയും സമ്മാനിയ്ക്കുമെന്നു കരുതാനാണിഷ്ടം :)
എന്തായാലും കവിത കലർന്ന ഈ ഉറവവറ്റാത്ത എഴുത്തിന് ഭാവുകങ്ങൾ, വൽസേട്ടാ :)
രാജീവ് ചേലനാട്ട് (not verified)
Wed, 2012-12-05 20:11
Permalink
പതിവുപോലെ ഗംഭീരം..
പതിവുപോലെ ഗംഭീരം..
"വലത്തോട്ടു തിരിയുമ്പോള്‍ തന്റെമേല്‍ കാഴ്ചപതിയാന് താല്പര്യമില്ലെന്ന മട്ടില്‍ പൊതുവാളാശാന് ചുവരിലേക്ക് നോക്കി ചെണ്ടകൊട്ട് തുടരും"..:-) എത്ര തവണ കണ്ടിരിക്കുന്നു ആ രംഗം..
"വെള്ളിനേഴിയിലെ വിരാട്ട്പുരുഷനും കാറല്‍മണ്ണയിലെ കൊച്ചാശാട്ടിയും" - ശ്രീവത്സാ....:-)
രാമചന്ദ്രന് (not verified)
Sat, 2012-12-08 16:57
Permalink
ഈ വളിപ്പ് നിര്തുകയല്ലേ ഭേദം
ഈ വളിപ്പ് നിര്തുകയല്ലേ ഭേദം ??