ദുര്യോധനവധം

ആട്ടക്കഥ: 

രാജസൂയാനന്തരം ദുര്യോധനവധം വരെയുള്ള മഹാഭാരതകഥ വേണ്ട ഭാഗങ്ങള്‍ വിസ്തരിച്ചുകൊണ്ടും മറ്റുഭാഗങ്ങള്‍ ചുരിക്കിക്കൊണ്ടും ശ്രീ വയസ്ക്കര ആര്യന്‍ നാരായണന്‍ മൂസ്സത് രചിച്ച ആട്ടകഥയാണ് ദുര്യോധനവധം.

വയസ്ക്കര ആര്യന്‍ നാരായണന്‍ മൂസ്സത്  (1841-1902)

ഇദ്ദേഹം 1017 വൃശ്ചികത്തില്‍ പ്രശസ്ത അഷ്ടവൈദ്യകുടുംബമായ കോട്ടയത്തെ വയസ്ക്കരഇല്ലത്ത് (പണ്ട് വയല്‍ക്കര അഥവാ വയക്കര എന്നായിരുന്നു ഇല്ലപ്പേര് എന്ന് പറയപ്പെടുന്നു) നാരായണന്‍ മൂസ്സതിന്റെ പുത്രനായി ഭൂജാതനായി. കുട്ടഞ്ചേരി മൂസ്സതിന്റെ പുത്രിയായിരുന്നു അദ്ദേഹത്തിന്റെ മാതാവ്. തന്റെ മുത്തശ്ശന്റെ പേരായ ‘ശങ്കരന്‍‘ എന്നുതന്നെയായിരുന്നു ആട്ടകഥാകാരന്റേയും യഥാർത്ഥനാമം. എന്നാല്‍ ചെറുപ്പത്തിലേതന്നെ കുടുംബത്തിലെ കാരണവര്‍സ്ഥാനം ഏറ്റെടുക്കേണ്ടിവന്നതിനാല്‍ ഇല്ലത്തെ മാറാപ്പേരായ ‘ആര്യന്‍ നാരായണന്‍’ എന്ന നാമധേയം സ്വീകരിക്കുകയും ആ പേരില്‍ പ്രശസ്തനായി തീരുകയുമാണ് ഉണ്ടായത്. മണര്‍കാട് അച്ചുതവാര്യരാണ് കവിയുടെ പ്രഥമഗുരുനാഥന്‍. തുടര്‍ന്ന് പിതാവില്‍ നിന്നും ‘കുമാരസംഭവം’ കാവ്യം ഒന്നാംസര്‍ഗ്ഗം പഠിച്ച മൂസ്സത്, പിതൃനിര്‍ദ്ദേശാനുസ്സരണം ബാക്കിയെല്ലാം സ്വയമായി പഠിക്കുകയായിരുന്നുവത്രെ. വയസ്ക്കര മൂസ്സത് തര്‍ക്കം, വേദാന്തം, ശില്പം, പ്രാകൃതം എന്നിവയിലെല്ലാം അഗാധപാണ്ഡിത്യം നേടിയെടുത്തിരുന്നു. പാരമ്പര്യമായ വൈദ്യപ്രയോഗത്തിലും വൈദ്യശാസ്ത്രത്തിലും അദ്ദേഹം അഗ്രഗണ്യനുമായിരുന്നു. നാരായണന്‍ മൂസ്സത് 1077 മീനത്തില്‍ കഥാവശേഷനായി.
 

ഈ ഉജ്ജ്വലനൃത്യപ്രബന്ധം മൂസ്സത് അക്ഷരലക്ഷം ഉരുക്കഴിച്ച് പൂജിച്ചെടുത്തതാണെന്ന് പറയപ്പെടുന്നു.

കഥാസംഗ്രഹം
 

മഹാഭാരതം സഭ, ഉദ്യോഗം, ഭീഷ്മം, ശല്യം പര്‍വ്വങ്ങളിലെ കഥകള്‍ കോര്‍ത്തിണക്കിക്കൊണ്ടാണ് മൂസ്സത് ഈ ആട്ടകഥ രചിച്ചിരിക്കുന്നത്. രാജസൂയയാഗവും വിധിപോലെ സമംഗളം പര്യവസാനിപ്പിച്ച് അസുരശില്പിയായ മയന്‍ നിര്‍മ്മിച്ചുനല്‍കിയ അതിവിശിഷ്ടവും അത്ഭുതാവഹവുമായ ഇന്ദ്രപ്രസ്ഥപുരിയില്‍ പാണ്ഡവര്‍ വസിക്കുന്നകാലത്ത്, ഒരുദിനം ധര്‍മ്മപുത്രനും പാഞ്ചാലിയും ഉദ്യാനത്തില്‍ സല്ലപിച്ചിരിക്കുന്നു. ഇതാണ് ഒന്നാം രംഗം.
രണ്ടാം രംഗത്തിൽ രാജസൂയത്തിനായി എത്തി ഇന്ദ്രപ്രസ്ഥത്തില്‍ വസിച്ചുവന്നിരുന്ന ദുര്യോധനന്‍ പത്നിയായ ഭാനുമതിയുമായി സല്ലപിക്കുന്നു. ദ്രൌപദിയുടെ ഭാഗ്യങ്ങളില്‍ അസൂയ വര്‍ദ്ധിച്ച് ദു:ഖിതയായിതീരുന്ന ഭാനുമതിയുടെ വാക്കുകള്‍കേട്ട് ദുര്യോധനന്‍ പാണ്ഡവരെ അപമാനിക്കുവാന്‍ തീരുമാനിക്കുന്നു. 
മൂന്നാം രംഗത്തിൽ സഭാപ്രവേശം ആണ്. സഭകണ്ട് അതിശയപ്പെടുന്നു ദുര്യോധനനും കൂട്ടരും. ദുര്‍മ്മതികളായ പാണ്ഡവരെ തോല്‍പ്പിച്ച് ഈപുരം കൈക്കലാക്കണമെന്ന ദുശ്ശാസനന്റെ മൊഴികേട്ട് ദുര്യോധനന്‍ പാണ്ഡവസഭ വിസ്തരിച്ച് കണ്ടശേഷം പോയി മാതുലനോട് ആലോചിച്ച് വേണ്ടത് ചെയ്യാം എന്ന് ഉറപ്പിക്കുന്നു.
രംഗം നാലിൽ സഹോദരന്മാരോടും പരിവാരങ്ങളോടും കൂടി പാണ്ഡവസഭയിലേയ്ക് എഴുന്നള്ളുന്ന ദുര്യോധനന് സ്ഥലജലഭ്രമം ഉണ്ടാകുന്നു. ഇതുകണ്ട് പാഞ്ചാലി ഹസിക്കുകയും ഭീമന്‍ പരിഹസിക്കുകയും ചെയ്യുന്നു. 
രംഗം അഞ്ചിൽ അപമാനിതനായി സ്വപുരിയില്‍ മടങ്ങിയെത്തിയ ദുര്യോധനന്‍ അമ്മാവനായ ശകുനിയെ കണ്ട് വ്യസനങ്ങള്‍ അറിയിക്കുന്നു‍. കള്ളചൂതുകളിച്ച് പാണ്ഡവരുടെ രാജ്യംതന്നെ നിഷ്പ്രയാസം കൈക്കലാക്കാമെന്നുള്ള ഉപായം പറഞ്ഞുകൊടുത്ത് ശകുനി ദുര്യോധനനെ സമാധാനിപ്പിക്കുന്നു. 
രംഗം ആറ് അൽപ്പം നീണ്ടതാണ്. ചടുലവുമാണ്. അച്ഛന്റെ അനുവാദം വാങ്ങി ദുര്യോധനന്‍ ചൂതുകളിക്കാനായി പാണ്ഡവരെ ക്ഷണിച്ചുവരുത്തുന്നു. ശകുനിയുമായി ചൂതുകളിക്കുന്ന ധര്‍മ്മപുത്രന് രാജ്യധനാദിസര്‍വ്വവും നഷ്ടപ്പെടുന്നു. എന്നു മാത്രമല്ല, താനും അനുജന്മാരും പത്നിയും ദുര്യോധനന്റെ അടിമകളായിതീരുകയും ചെയ്യുന്നു. ഈ അവസരത്തില്‍ ദുര്യോധനന്റെ പ്രേരണയാല്‍ ദുശ്ശാസനന്‍ അന്തഃപുരത്തില്‍ ചെന്ന് രജസ്വലയായിരിക്കുന്ന പാഞ്ചാലിയെ ബലമായി പിടിച്ചുവലിച്ച് കൌരവസഭയിലേയ്ക്ക് കൊണ്ടുവരുകയും അവളെ വസ്ത്രാക്ഷേപം ചെയ്ത് അപമാനിക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്നു. എന്നാല്‍ ശ്രീകൃഷ്ണന്റെ അനുഗ്രഹത്താല്‍ പാഞ്ചാലിയുടെ അഴിയുന്ന വസ്ത്രത്തിന് അന്ത്യം കാണാതെവന്നതിനാല്‍ ദുശ്ശാസനന്‍ ശ്രമം ഉപേക്ഷിക്കുന്നു. സത്യസന്ധന്മാരായ പതികളുടെ നിസ്സഹായാവസ്ഥ കണ്ട് ദുഃഖപാരമ്യത്തിലെത്തുന്ന പാഞ്ചാലി ദുര്യോധനാദികളെ ശപിക്കുന്നു. ഈ സംഭവങ്ങളെല്ലാം കേട്ടറിഞ്ഞ് സഭയിലേയ്ക്ക് എത്തുന്ന ധൃതരാഷ്ട്രര്‍ പാഞ്ചാലിയെ സമാധാനപ്പെടുത്തുകയും, അവളുടെ അപേക്ഷമാനിച്ച് പാണ്ഡവരെ ദാസ്യത്തില്‍ നിന്നും മുക്തരാക്കുകയും നഷ്ടപ്പെട്ടതെല്ലാം മടക്കിനല്‍കുകയും ചെയ്യുന്നു. ഉടനെ തന്നെ ശകുനിയും ദുശ്ശാസനനും കൂടി ഗൂഢാലോചന നടത്തി വീണ്ടും ഒരു ചൂതുകളിക്ക് ധര്‍മ്മപുത്രരെ ക്ഷണിക്കുന്നു. ഒരേ ഒരു കളിമാത്രം, അതില്‍ വിജയിക്കുന്നവര്‍ക്കു രാജ്യാദികള്‍, പരാജയപ്പെടുന്നവര്‍ 12വര്‍ഷം വനവാസവും ഒരുവത്സരം അജ്ഞാതവാസവും അനുഷ്ഠിക്കണം, എന്നതായിരുന്നു ഈ കളിയുടെ വാത്. ധര്‍മ്മവിചാരത്താല്‍ കളിക്ക് തയ്യാറായ ധര്‍മ്മജന്‍ വിധിവൈപരീത്യത്താല്‍ ആ അനുദ്യൂതത്തിലും പരാജയപ്പെട്ട് സഹോദരരോടും പത്നിയോടും കൂടി വനവാസത്തിനായി പുറപ്പെടുന്നു‍‍. 
രംഗം ഏഴിൽ വ്യവസ്ഥ പ്രകാരം വനവാസവും വിരാടപുരിയിലെ അജ്ഞാതവാസവും പൂര്‍ത്തിയാക്കി നാട്ടില്‍ തിരിച്ചെത്തുന്ന പാണ്ഡവര്‍ തങ്ങള്‍ക്ക് അര്‍ഹമായ അര്‍ദ്ധരാജ്യം ലഭിക്കുവാനായി സന്ദേശവാഹകനായി ഒരു ബ്രാഹ്മണനെ കൌരവരുടെ അടുത്തേയ്ക്ക് അയയ്ക്കുന്നു. (ദണ്ഡകം) എന്നാല്‍ ഇതിന് ഫലമൊന്നും ഉണ്ടാകാഞ്ഞത്തിനാല്‍ കൌരവസഭയിലേയ്ക്ക് തങ്ങളുടെ ദൂതുമായി പോകുവാന്‍ ധര്‍മ്മപുത്രന്‍ ശ്രീകൃഷ്ണനോട് അഭ്യര്‍ത്ഥിക്കുന്നു‍‍. ഇതുകേട്ട് ദൂതിനായി പോകുവാന്‍ ശ്രീകൃഷ്ണൻ ഒരുങ്ങുന്നതോടേ ഈ രംഗം കഴിയുന്നു.
രംഗം എട്ടിൽ ദൂതിനായ് പോകാനൊരുങ്ങുന്ന ശ്രീകൃഷ്ണസമീപമെത്തി പാഞ്ചാലി ദുശ്ശാസനനാല്‍ അഴിക്കപ്പെട്ട തന്റെ കേശം കാട്ടി വിലപിക്കുന്നു. ‘നിന്റെ കാമിതം തീര്‍ച്ചയായും സാധിക്കും’ എന്ന് അരുളി പാഞ്ചാലിയെ സമാധാനിപ്പിച്ചുകൊണ്ട് ശ്രീകൃഷ്ണന്‍ യാത്രയാകുന്നു. 
രംഗം ഒൻപതിൽ കൃഷ്ണന്‍ പാണ്ഡവദൂതനായി എത്തുന്നു എന്ന വിവരമറിഞ്ഞ ദുര്യോധനന്‍, ഗോപകുമാരനെ ആരും ബഹുമാനിക്കരുതെന്ന് സഭാവാസികളോട് ആജ്ഞാപിക്കുന്നു. കൌരവസഭയിലെത്തുന്ന ശ്രീകൃഷ്ണന്‍ പാണ്ഡവര്‍ക്ക് അവകാശപ്പെട്ട അര്‍ദ്ധരാജ്യം കൊടുക്കണമെന്ന് ധൃതരാഷ്ട്രനോട് അഭ്യര്‍ത്ഥിക്കുന്നു‍. ശ്രീകൃഷ്ണന്റെ വാക്കുകള്‍ കേള്‍ക്കാന്‍ ദുര്യോധനനോട് ധൃതരാഷ്ട്രര്‍ ഉപദേശിക്കുന്നു. 
രംഗം പത്തിൽ ദുര്യോധനന്റെ സഭയിലേക്ക് ശ്രീകൃഷ്ണൻ ദൂതുപറയാനായി എത്തുന്നു.
തുടര്‍ന്ന് ശ്രീകൃഷ്ണന്‍ പാണ്ഡവര്‍ക്കുവേണ്ടി ക്രമത്തില്‍ അര്‍ദ്ധരാജ്യവും പഞ്ചദേശവും പഞ്ചഗേഹവും ഒരു ഗൃഹവും യാചിക്കുന്നു. എന്നാല്‍ ദുര്യോധനന്‍ സൂചികുത്തുന്നതിനുപോലുമുള്ള അവകാശം ഈ ഭൂമിയില്‍ അന്യരായ പാണ്ഡവര്‍ക്ക് കൊടുക്കുകയില്ല എന്ന ഉറച്ച നിലപാട് അറിയിക്കുകമാത്രമല്ല, കൃഷ്ണനെ ബന്ധിക്കുവാന്‍ ഒരുങ്ങുകയും ചെയ്യുന്നു. ഈ സമയം ശ്രീകൃഷ്ണന്‍ തന്റെ വിശ്വരൂപം കൈക്കൊള്ളുന്നു. 
ഇതു കണ്ട് ഭീഷ്മാദികള്‍ ഭഗവാനെ സ്തുതിക്കുമ്പോള്‍ ദുര്യോധനാദികള്‍ മോഹിച്ച് വീഴുന്നു. ശ്രീകൃഷ്ണന്‍ മടങ്ങിപ്പോയി പാണ്ഡവരെ വിവരങ്ങള്‍ ധരിപ്പിക്കുന്നു. അനിവാര്യമായ യുദ്ധത്തിനായി പാണ്ഡവര്‍ കോപ്പുകൂട്ടുന്നു. 
രംഗം പതിനൊന്നിൽ കദളീവനത്തില്‍ തപസ്സിരിക്കുന്ന ശ്രീഹനുമാന്‍ ഉണരുന്നു. കുന്തീസുതന്‍ (അർജ്ജുനൻ) സ്മരിച്ചതാണ് തപസ്സുണരാന്‍ കാരണം എന്നു മനസ്സിലാക്കുന്ന ഹനുമാന്‍ പാര്‍ത്ഥന്റെ സമീപത്തേയ്ക്ക് പുറപ്പെടുന്നു. 
രംഗം പന്ത്രണ്ടിൽ സമീപമെത്തുന്ന ശ്രീഹനുമാനെ വന്ദിച്ച് അര്‍ജ്ജുനന്‍, കൌരവരുമായി യുദ്ധത്തിനുപുറപ്പെടുന്ന തന്റെ രഥകേതുവില്‍ വസിച്ച് അരികളെ ഭസ്മമാക്കുവാന്‍ അപേക്ഷിക്കുന്നു. അര്‍ജ്ജുനന് വിജയം ആശംസിച്ചുകൊണ്ട് ഹനുമാന്‍ കൊടിക്കൂറയില്‍ വസിക്കുന്നു.
രംഗം പതിമൂന്ന്. വാസ്തവത്തിൽ ഈ രംഗം പ്രക്ഷിപ്തമാണ്. ആട്ടക്കഥാകാരൻ ഒറ്റശ്ലോകം കൊണ്ട് കഴിച്ചത് പിന്നീട് വന്നവർ വിപുലീകരിച്ച് ഗീതാശ്ലോകവും കൂടെ ഉൾപ്പെടുത്തി ഉണ്ടാക്കിയതാണ് ഈ രംഗം. ഇതിലെ പദങ്ങളും പ്രക്ഷിപ്തങ്ങൾ ആണ്.
എന്നാൽ ഇത് ഉൾപ്പെടുത്തി ദുര്യോധനവധം ആടാറുണ്ട്. ഇതില്ലെങ്കിൽ നേരിട്ട് രൗദ്രഭീമനിലേക്ക് സങ്ക്രമിക്കും. തുടര്‍ന്ന് അര്‍ജ്ജുനന്‍ കൃഷ്ണന്‍ തെളിക്കുന്ന തന്റെ തേരില്‍ കയറി യുദ്ധസന്നധനായി കുരുക്ഷേത്രഭൂമിയിലെത്തുന്നു‍. പാണ്ഡവരുടെ യുദ്ധപരാക്രമം കാണുവാനായി ദേവന്മാരും താപസരും രണഭൂമിയില്‍ സന്നിഹിതരാവുന്നു. എട്ടുദിക്കുകളും മുഴങ്ങുമാറുള്ള പെരുമ്പറ നാദത്താലും ഹനുമാന്റെ ഭീഷണമായ അട്ടഹാസത്താലുമൊക്കെ യുദ്ധഭൂമി മുഖരിതമാകുന്നു. ബന്ധുക്കളേയും ഗുരുക്കന്മാരേയും വധിക്കുന്നത് പാതകമാണെന്നുകരുതി മോഹിച്ചുവീഴുന്ന അര്‍ജ്ജുനനെ മാധവന്‍ ഗീതയാകുന്ന അമൃതുതളിച്ച് ഉണര്‍ത്തി വീണ്ടും യുദ്ധസന്നദ്ധനാക്കുന്നു. 
രംഗം പതിന്നാലിൽ ധര്‍മ്മപുത്രന്‍ കൌരവരെ പോരിനു വിളിക്കുന്നു‍. തുടര്‍ന്ന് ആരംഭിക്കുന്ന ഭയങ്കരമായ കുരുക്ഷേത്രയുദ്ധം ദിവസങ്ങളോളം നീണ്ടു നില്‍ക്കുന്നു. ഇതില്‍ പാര്‍ത്ഥന്‍ കൃഷ്ണനിര്‍ദ്ദേശാനുസ്സരണം ശിഖണ്ഡിയെ മുന്‍‌നിര്‍ത്തിക്കൊണ്ട് ഭീഷ്മപിതാമഹനെ നേരിടുകയും സ്വഛന്ദമൃത്യുവായ അദ്ദേഹത്തെ ശരശയ്യയിലാക്കുകയും ചെയ്യുന്നു. തുടര്‍ന്ന് കൌരവസൈന്യാധിപരായിതീരുന്ന ദ്രോണാചാര്യനും കര്‍ണ്ണനും യുദ്ധത്തില്‍ വിജയനാല്‍ കൊല്ലപ്പെടുന്നു. 
രംഗം പതിനഞ്ച് യുദ്ധഭൂമി തന്നെ. കുരുക്ഷേത്രയുദ്ധം പതിനാറാം ദിവസം. ദുര്യോധനദുശ്ശാസനന്മാരൊഴികെയുള്ള കൌരവരെ മുഴുവന്‍ കൊന്നൊടുക്കിയശേഷം തന്റെ പത്നിയുടെ വസ്ത്രാക്ഷേപത്തെ വീണ്ടും വീണ്ടും ഓര്‍ത്ത് ക്രുദ്ധിച്ച് അടര്‍ക്കളത്തില്‍ ഗദയും ചുഴറ്റി നടക്കുന്ന ഭീമസേനന്‍ മുന്നിലെത്തുന്ന ദുശ്ശാസനനോട് ഘോരമായ യുദ്ധം ചെയ്യുന്നു‍. നരസിംഹത്തെ ധ്യാനിച്ചുകൊണ്ട് ഭീമന്‍ ദുശ്ശാസനനെ അടിച്ചുവീഴ്ത്തി മാറുപിളര്‍ന്ന് രക്തപാനം ചെയ്തശേഷം ആ രക്തം തളിച്ച് പാഞ്ചാലിയുടെ തലമുടി കെട്ടിക്കൊടുക്കുന്നു. 
രംഗം പതിനാറിൽ യുദ്ധഭൂമി തുടരുന്നു. യുദ്ധം 18 ദിവസം കഴിഞ്ഞു. അനന്തരം ഭീമന്‍ പോയി, ഒറ്റപ്പെട്ട് ഗംഗയില്‍ ഒളിച്ചിരിക്കുന്ന ദുര്യോധനനെ പോരിനുവിളിക്കുന്നു. തുടര്‍ന്ന്‍ നടക്കുന്ന അതിഘോരമായ ഗദായുദ്ധത്തിനൊടുവില്‍ ശ്രീകൃഷ്ണനിര്‍ദ്ദേശം അനുസ്സരിച്ച് ഭീമന്‍ ദുര്യോധനനെ തുടയില്‍ അടിച്ച് വീഴ്ത്തുന്നു. യുദ്ധാനന്തരം, ബന്ധുജനങ്ങളെയെല്ലാം കൊന്നത് മഹാപാപമാണോ എന്ന് ശങ്കിച്ച് തളരുന്ന ഭീമസേനനെ, എല്ലാം നിന്റെ ധര്‍മ്മമാണെന്നും, ഇതില്‍ ഒട്ടും പാപശങ്കവേണ്ടായെന്നും പറഞ്ഞ് ശ്രീകൃഷ്ണന്‍ സമാധാനിപ്പിക്കുന്നു. 
രംഗം പതിനേഴിൽ രാത്രി കബന്ധങ്ങള്‍ നിറഞ്ഞ രണാങ്കണത്തിലെത്തുന്ന പ്രേതപിശാചുക്കളും കൂളിവേതാളികളും യുദ്ധകഥകള്‍ പരസ്പരം പറയുകയും പച്ചമാംസവും രക്തവും യഥേഷ്ടം ഭക്ഷിക്കുകയും അസ്തിമാലകളും കപാലങ്ങളും അണിഞ്ഞ് ക്രീഡിക്കുകയും ചെയ്യുന്നു‍. 
രംഗം പതിനെട്ട്. യുദ്ധത്തില്‍ വിജയിച്ചശേഷം താതനിര്‍ദ്ദേശാനുസ്സരണം രാജ്യാഭിഷിക്തനാവുകയും ശരശയ്യാവലമ്പിയായ ഭീഷ്മപിതാമഹനില്‍ നിന്നും ധര്‍മ്മവിധികള്‍ ഗ്രഹിക്കുകയും ചെയ്ത ധര്‍മ്മപുത്രന്‍ ശ്രീകൃഷ്ണനെ സ്തുതി ചെയ്യുന്നതാണ് അന്ത്യരംഗത്തില്‍. നിഷ്ക്കാമികളായി സസുഖം വാഴുവാന്‍ പാണ്ഡവരോട് നിര്‍ദ്ദേശിച്ച് ശ്രീകൃഷ്ണന്‍ അവരെ അനുഗ്രഹിക്കുന്നു. ദുര്യോധനവധം സമാപ്തം.
 

വ്യാസഭാരതകഥയില്‍ നിന്നുള്ള വ്യത്യാസങ്ങൾ
 

1.ധര്‍മ്മപുത്രന്‍ സ്വയം പണയമായി കഴിഞ്ഞ് ശകുനിയുടെ നിര്‍ദ്ദേശാനുസ്സരണം പാഞ്ചാലിയെ പണയമാക്കിക്കൊണ്ട് ചൂതുകളിക്കുന്നതായാണ് മഹാഭാരതത്തില്‍ പറയുന്നത്. ‘ഞാനും പത്നിയും അങ്ങിനെതന്നെ’ എന്ന് ഒരുമിച്ച് പണയം വെയ്ക്കുന്നതായാണ് ആട്ടകഥയില്‍.
 
2.പാഞ്ചാലിയെ സഭയിലേയ്ക്ക് കൊണ്ടുവരുവാനായി ദുര്യോധനന്‍ ആദ്യം ‘പ്രതികാമി’ എന്ന ഭൃത്യനെ നിയോഗിക്കുകയും, ആ ഉദ്യമം വിഭലമാകുമ്പോള്‍ ദുശ്ശാസനനെ അയക്കുകയും ചെയ്യുന്നതായാണ് മഹാഭാരതത്തില്‍‍. പ്രതികാമിയെ നിയോഗിക്കുന്നതായി ആട്ടകഥയില്‍ പരാമര്‍ശ്ശമില്ല.
 
3.‘ദുശ്ശാസനന്റെ മാറിടം പോരില്‍ പിളര്‍ന്ന് ഞാന്‍ ചോരകുടിക്കും’ എന്നും, ദുര്യോധനന്റെ തുട പോരില്‍ ഗദകൊണ്ട് അടിച്ചുതകര്‍ക്കും’ എന്നും ഭീമനും, കര്‍ണ്ണനെ അസ്ത്രത്താല്‍ വധിക്കും എന്ന് അര്‍ജ്ജുനനും, ശകുനിയെ യുദ്ധത്തില്‍ വധിക്കുമെന്ന് സഹദേവനും ശപഥം ചെയ്യുന്നതായാണ് മഹാഭാരതത്തില്‍‍. ആട്ടകഥയിലാകട്ടെ ഇങ്ങിനെയെല്ലാം സംഭവിക്കുമെന്ന് ദ്രൌപദി ശപിക്കുന്നതേയുള്ളു.
 

രംഗാവതരണത്തിലുള്ള പ്രത്യേകതകള്‍
 

1.ആദ്യാവസാനക്കാര്‍ക്കും(ഒന്നാം ദുര്യോധനന്‍, രൌദ്രഭീമന്‍), മൂന്ന് ഇടത്തരക്കാര്‍ക്കും(ധര്‍മ്മപുത്രന്‍, കൃഷ്ണന്‍, രണ്ടാം ദുര്യോധനന്‍), രണ്ട് ഒന്നാംതരം താടിവേഷക്കാര്‍ക്കും(ദുശ്ശാസനന്‍), ഒന്നാംതരം സ്ത്രീവേഷക്കാരനും(പാഞ്ചാലി), ഒന്നാംതരം കുട്ടിത്തരക്കാരനും(കുട്ടിഭീമന്‍) പങ്കെടുക്കാവുന്നതും, വേഷവൈവിദ്ധ്യമാര്‍ന്നതും, ഒരേസമയം ചിട്ടപ്രധാനവും ജനപ്രിയതയാര്‍ന്നതുമായ കഥയാണ് ദുര്യോധനവധം.
 
2.ആദ്യരംഗത്തിലെ ‘കാന്താരവിന്ദനയനേ’ എന്ന ധര്‍മ്മപുത്രരുടെ പതിഞ്ഞപദം ചിട്ടപ്രധാനമായതും പതിഞ്ഞ ഇരട്ടിയോടുകൂടിയതുമാണ്. ഏതാണ്ട് ‘പാഞ്ചാലരാജതനയേ’(കല്യാണസൌഗന്ധികം-ഭീമന്‍) എന്ന പദത്തിന്റെ ചിട്ടയില്‍ തന്നെയാണ് ഈ പദവും ചൊല്ലിയാടുന്നത്.
 
3.രണ്ടാം രംഗത്തിലെ ദുര്യോധനന്റെ ‘പാര്‍വ്വണ ശശി വദനെ’ എന്ന പാടിപദവും ചിട്ടയാര്‍ന്നതും, കേകിനൃത്തത്തോടും പതിഞ്ഞ ഇരട്ടിയോടും കൂടിയതുമാണ്.
 
4.നാലാമതായിവരുന്ന ദുര്യോധനാദികളുടെ സഭാപ്രവേശരംഗം ചിട്ടപ്രധാനവും ഒപ്പം ഹാസ്യരസത്താല്‍ ജനരഞ്ജകവും ആണ്.
 
5.പത്താമതായി വരുന്ന ഭഗവത്ദൂത് രംഗം മനോധര്‍മ്മപ്രകാശനത്തിനു വഴിയുള്ളതും ജനരജ്ഞകവും ആണ്.
 
6.പതിനാലാം രംഗം(രൌദ്രഭീമന്റെ രംഗം) രൌദ്ര-ഭീഭത്സ രസങ്ങളാല്‍ അപൂര്‍വ്വതയാര്‍ന്നതാണ്.
 

വേഷങ്ങൾ

ദുര്യോധനൻ - കത്തി
ദുശ്ശാസനൻ - ചുവന്നതാടി
പഞ്ചപാണ്ഡവന്മാർ - പച്ച
ശകുനി - പഴുപ്പ്, വെള്ളത്താടി കെട്ടും
ധൃതരാഷ്ട്രർ - മിനുക്ക്
മുനി - മിനുക്ക്
പാഞ്ചാലി - സ്ത്രീ
ഭാനുമതി - സ്ത്രീ
രൗദ്രഭീമൻ - പച്ച, പ്രത്യേകതേപ്പ്