സുഭദ്രാഹരണം

ആട്ടക്കഥ: 


ആട്ടക്കഥാകാരൻ

മന്ത്രേടത്ത് നമ്പൂതിരിപ്പാട് (1851-1906)

മഹാവികൃതിയായിരുന്ന പൊറോത്തൻ  ( ബ്രഹ്മദത്തൻ ) എന്ന് പേരായ നമ്പൂരികുട്ടി മന്ത്രേടത്  മനയ്ക്കൽ  ഉണ്ടായിരുന്നുവത്രേ . ഒരു ദിവസം പൊറോത്തൻ   എന്തൊക്കെയോ  എഴുതി  അച്ഛൻ നമ്പൂരിക്കു  കൊടുത്തു അത് സുഭദ്രാഹരണമായിരുന്നുപോൽ! തിരുവില്വാമല ശിവരാമ ഭാഗവതരുടെ (1788 -1885 ) ആരാധകനായിരുന്ന  മന്ത്രേടത്  നമ്പൂരിയാകാം  സുഭദ്രാഹരണകർത്താവ്. (കടപ്പാട്: വെള്ളിനേഴി അച്ചുതൻ കുട്ടി, കഥകളിപ്പദം എന്ന പുസ്തകം)
 
അവലംബം മഹാഭാഗവതം ദശമസ്കന്ധം & മഹാഭാരതം ആദിപർവ്വം (സുഭദ്രാഹരണപർവ്വം) 
 

കഥാസംഗ്രഹം

പശ്ചാത്തലം
ഒരുകൂട്ടം ബ്രാഹ്മണരുടെ പശുക്കളെ സംരക്ഷിക്കാനായി അർജ്ജുനനു ഗാണ്ഡീവം ആവശ്യമായി വരുകയും ധർമ്മപുത്രരും ദ്രൗപദിയും വസിക്കുന്ന ഗൃഹത്തിൽ അർജ്ജുനൻ പ്രവേശിക്കുകയും ചെയ്തു. അങ്ങനെ ചെയ്യുന്നവർ ഒരു വർഷമെങ്കിലും തീർത്ഥാടനത്തിനു പോകണം എന്നതിനാൽ അർജ്ജുനൻ തീർത്ഥാടനത്തിനായി പുറപ്പെട്ടു. ഹിമവാന്റെ താഴ്വരയിലും നൈമിഷികാരണ്യം, ഗംഗ എന്നിവിടങ്ങളും സന്ദർശിച്ച് ഉലൂപി, ചിത്രാംഗദ എന്നിവരെ വിവാഹം ചെയ്തു. അവരോടൊത്ത് അൽപ്പകാലം കഴിഞ്ഞശേഷം ഗോകർണ്ണത്തിലേക്ക് പോയി. അദ്വിടെ നിന്നും ദ്വാരകയുടെ സമീപമുള്ള 'പ്രഭാസ'മെന്ന പുണ്യതീർത്ഥത്തിൽ മുങ്ങി. പ്രഭാസത്തിൽ അർജ്ജുനൻ എത്തിയവിവരം അറിഞ്ഞ് ശ്രീകൃഷ്ണൻ അർജ്ജുനനെ കൂട്ടിക്കൊണ്ട് പോയി രൈവതകപർവ്വതത്തിൽ ഒപ്പം താമസിപ്പിച്ചു. രൈവതകപർവ്വതത്തിലെ യാദവമഹോത്സവത്തിനിടയിൽ വെച്ച് അർജ്ജുനൻ സുഭദ്രയെ കാണുകയും സുഭദ്രയിൽ ആഗ്രഹം ജനിക്കുകയും ചെയ്തു. ഇത് മനസ്സിലാക്കിയ ശ്രീകൃഷ്ണൻ, സഹോദരിയെ കട്ട് കൊണ്ട് പോയി സ്വന്തമാക്കിക്കൊള്ളാൻ അനുവാദം നൽകി.
അതനുസരിച്ച് ഉത്സവം കഴിഞ്ഞപ്പോൾ അർജ്ജുനൻ ഒരു സംന്യാസി വേഷം കൈക്കൊണ്ട്, സുഭദ്രയെ മനസ്സിൽ വരിച്ച്, ആരമ്യവനത്തിലെ ഒരു പാറപ്പുറത്ത് ധ്യാനനിരതനായി കഴിച്ചുകൂട്ടി. സംന്യാസിയെ കണ്ട് കൗതുകം പൂണ്ട ബലരാമൻ, സംന്യാസിയെ കൂട്ടിക്കൊണ്ട് പോയി ചാതുർമ്മാസ്യവ്രതാവസാനം വരെ കന്യകകളുടെ കൊട്ടാരത്തിലെ വള്ളിക്കുടിലിൽ താമസിപ്പിച്ചു. മാത്രമല്ല സുഭദ്രയെ സംന്യാസിയുടെ ശുശ്രൂഷയ്ക്കായി നിയമിക്കുകയും ചെയ്തു.
ആ സമയം ഭഗവാൻ ശ്രീകൃഷ്ണൻ ഒരു അന്തർദ്വീപോത്സവം സംഘടിപ്പിയ്ക്കുകയും ബലരാമനും മറ്റ് പ്രമുഖയാദവരും അവിടേക്ക് പോവുകയും ചെയ്തു. ആ സമയം കപടസംന്യാസി രൂപത്തിൽ ഉള്ള അർജ്ജുനൻ സുഭദ്രയെ ഹരണം ചെയ്ത് കൊണ്ടുപോയി വിവാഹം ചെയ്യാനുള്ള തയ്യാറെടുപ്പ് നടത്തുന്നു.
ഇതാണ് സുഭദ്രാഹരണം കഥയുടെ പശ്ചാത്തലം.
 
കഥതുടങ്ങുന്നത് അർജ്ജുനൻ സുഭദ്രാഹരണം നടത്താൻ തീരുമാനിച്ച് സ്വന്തം പിതാവായ ഇന്ദ്രനെ സ്മരിക്കുന്നു. അതേ സമയം സുഭദ്ര ശ്രീകൃഷ്ണനേയും സ്മരിക്കുന്നു. ഇന്ദ്രൻ ഈ വിവരം ഇന്ദ്രാണിയോട് ചെന്ന് പറയുന്നതാണ് ഒന്നാം രംഗം. ഇന്ദ്രൻ വിവരമെല്ലാം പറഞ്ഞ് താൻ അർജ്ജുനവിവാഹത്തിനു ഭൂമിയിൽ ദ്വാരകയിലേക്ക് പോവുകയാണെന്നും ഇഷ്ടമുണ്ടെങ്കിൽ ഒപ്പം പോന്നോളാൻ ഇന്ദ്രാണിയോട് പറയുകയും ചെയ്യുന്നു. അത് കേട്ട് ഇന്ദ്രാണിയും ദ്വാരകയിലേക്ക് പുറപ്പെടുന്നു. അതോടെ ഒന്നാം രംഗം കഴിയുന്നു.
 
രണ്ടാം രംഗം പ്രത്യേകിച്ചൊന്നും ഇല്ല. പുറപ്പാട് രൂപത്തിൽ ഉള്ളതാണ്.
 
മൂന്നാം രംഗത്തിൽ ശ്രീകൃഷ്ണൻ തന്റെ ഭാര്യമാരായ രുഗ്മിണിയോടും സത്യഭാമയോടും സുഭദ്രയുടെയും അർജ്ജുനന്റേയും കഥ പറയുന്നു. അർജ്ജുനൻ സ്മരിച്ചതിനാൽ ഇന്ദ്രനും സംഘവും ഉടൻ ദ്വാരകയിൽ വിവാഹത്തിനായി എത്തുമെന്നും അതിനാൽ ഇപ്പോൾ തന്നെ പോയി മാതാപിതാക്കളോട് ഗൂഢമായി കാര്യങ്ങൾ പറഞ്ഞറിയിക്കാൻ ആവശ്യപ്പെടുന്നു. പത്നിമാർ അപ്രകാരം സമ്മതിയ്ക്കുന്നു.
 
നാലാം രംഗത്തിൽ ഇന്ദ്രനും സംഘവും ശ്രീകൃഷ്ണസന്നിധിയിൽ എത്തുന്നു. ശ്രീകൃഷ്ണൻ ഇന്ദ്രനോട് മകന്റെ കന്യാപ്രദാനസമയത്തിന്റെ മുഹൂർത്തം കുറിയ്ക്കാൻ ആവശ്യപ്പെടുന്നു.
 
അഞ്ചാം രംഗത്തിൽ ഇന്ദ്രൻ അർജ്ജുനനെ കണ്ട് വിവാഹത്തിനു മുഹൂർത്തം കുറിച്ചതിനാൽ വിവാഹത്തിനായി തയ്യാറെടുക്കാൻ പറയുന്നു. അർജ്ജുനൻ അപ്രകാരം ചെയ്യുന്നു.
 
ആറാം രംഗത്തിൽ ഇന്ദ്രാണി സുഭദ്രയെ കണ്ട് വിവാഹത്തിനായി തയ്യാറെടുക്കാൻ ആവശ്യപ്പെടുന്നു. സുഭദ്രയും സമ്മതിയ്ക്കുന്നു.
 
ഏഴാം രംഗത്തിൽ പ്രസിദ്ധമായ മാലയിടൽ എന്ന ചടങ്ങോടെ സുഭദ്ര അർജ്ജുനനെ വിവാഹം ചെയ്യുന്നു.
 
എട്ടാം രംഗം വിവാഹശേഷം അർജ്ജുനൻ ശ്രീകൃഷ്ണനെ അഭിമുഖീകരിക്കുന്നതാണ്. അർജ്ജുനനു താൻ സംന്യാസി വേഷത്തിൽ വന്ന് വധുവിനെ അപഹരിച്ചത് കഷ്ടമായി തോന്നുന്നു. ശ്രീകൃഷ്ണൻ അർജ്ജുനനെ സമാധാനിപ്പിച്ച് സുഭദ്രയോട് കൂടെ ദ്വാരകവിടാൻ പറയുന്നു. പോകുന്നസമയത്ത് യോദ്ധാക്കൾ തടുത്താൽ അവരെ കൊല്ലരുത് എന്ന് പ്രത്യേകം പറയുന്നു. ശേഷം പിന്നെ കാണാം എന്ന് പറഞ്ഞ് ശ്രീകൃഷ്ണൻ അർജ്ജുനനെ പിരിയുന്നതോടെ രംഗം അവസാനിക്കുന്നു.
 
ഒമ്പതാം രംഗത്തിൽ ദ്വാരകയിൽ തന്നെ ഉള്ള അർജ്ജുനൻ കാമപരവശനായി സുഭദ്രയുമായി സല്ലപിയ്ക്കുന്നതാണ് ഉള്ളത്. അർജ്ജുനന്റെ കാമവേദന അറിഞ്ഞ് ശ്രീക്ഷ്ണൻ സുഭദ്രയെ അർജ്ജുനനു കൊടുത്തതാണ് എന്ന് അർജ്ജുനൻ പറയുന്നു. സുഭദ്രയും അർജ്ജുനൻ വില്ലാളിയായതിനാൽ തനിക്ക് കൗതുകം ജനിച്ചു എന്ന് പറയുന്നു. പ്രസിദ്ധമായ കഞ്ജദളലോചനേ എന്ന പദം ഈ രംഗത്തിൽ ആണ്.
 
പത്താം രംഗത്തിൽ സുഭദ്ര തെളിയ്ക്കുന്ന തേരിൽ കയറി അർജ്ജുനൻ ദ്വാരകാപുരിയുടെ കവാടത്തിൽ എത്തുന്നതാണ്. ആ സമയം ഭടന്മാർ എതിർക്കാൻ വരുന്നു. അപ്പോൾ അവരെ എല്ലാം ഒരു തുള്ളി രക്തം പൊടിയാതെ, അവരുടെ തേരും ആയുധങ്ങളും നശിപ്പിച്ച്, അർജ്ജുനൻ തോൽപ്പിക്കുന്നു. 
 
അങ്ങനെ അർജ്ജുനൻ പതിനൊന്നാം രംഗത്തിൽ, രൈവതകപർവ്വതത്തിൽ എത്തുന്നു. ഇവിടെ വിപൃഥു അർജ്ജുനനെ നേരിടുന്നു. അർജ്ജുനൻ വിപൃഥുവിനേയും ചോരപൊടിയാതെ തോൽപ്പിക്കുന്നു. വിപൃഥു പേടിച്ച് അർജ്ജുനന്റെ കാൽക്കൽ വീഴുന്നു. ശേഷം ശ്രീകൃഷ്ണന്റെ തേർ വിപൃഥു അർജ്ജുനനായി നൽകുന്നു. അതിൽ കയറി അവർ പോകുന്നതോടെ പതിനൊന്നാം രംഗം അവസാനിക്കുന്നു.
 
പന്ത്രണ്ടാം രംഗത്തിൽ സുഭദ്ര ക്ഷീണിച്ചതായി കണ്ട് അർജ്ജുനൻ തേർ നിർത്താൻ ആവശ്യപ്പെടുന്നു. തേർ നിർത്തുന്നു. അടുത്തുതന്നെ വലിയ വലിയ കെട്ടിടങ്ങൾ കാണുന്നതായി സുഭദ്ര പറയുന്നു. അത് ഇന്ദ്രപ്രസ്ഥമാണെന്ന് അർജ്ജുനൻ സുഭദ്രയെ അറിയിക്കുന്നു. മാത്രമല്ല ദ്രൗപദിയുടെ മന്ദിരം കാണിച്ചുകൊടുത്ത് അവിടെ ആദ്യം പോയി ദ്രൗപദിയെ നമിക്കാനായി സുഭദ്രയോട് പറയുകയും ചെയ്യുന്നു.
 
പതിമൂന്നാം രംഗത്തിൽ ഏകയായി പോകുന്ന സുഭദ്രയെ കാണുന്ന വിവിദൻ എന്ന മർക്കടത്തിന്റെ ആത്മഗതപരമായ പദം ആണ്. വിവിദൻ സുഭദ്രയെ കട്ട് കൊണ്ട് പോകാൻ തീരുമാനിക്കുന്നു
 
പതിനാലിൽ വിവിദൻ സുഭദ്രയെ കട്ട് കൊണ്ട് പോകുന്നു. അപ്പോൾ സുഭദ്ര വിലപിക്കുന്നു. വിലാപം കേട്ട ഘടോൽക്കചൻ വിവിദനുമായി ഏറ്റുമുട്ടുന്നു. സുഭദ്രയെ മോചിപ്പിക്കുന്നു. സുഭദ്രയുമായി ഘടോൽക്കചൻ അർജ്ജുനസമീപം എത്തുന്നു. അർജ്ജുനൻ ഘടോൽക്കചനെ അനുഗ്രഹിച്ചയക്കുന്നതോടെ ഈ രംഗം തീരുന്നു.
 
പതിനഞ്ചാം രംഗത്തിൽ നാലുബ്രാഹ്മണന്മാർ രൈവതപർവ്വതത്തിൽ അർജ്ജുനൻ യാദവഭടന്മാരോട് ഏറ്റുമുട്ടിയ യുദ്ധക്കളം കാണുന്നതാണ്. സംന്യാസി കപടനാണെങ്കിലും ദുഷ്ടനല്ല, അവന്റെ യുദ്ധവൈഭവം അതികേമം തന്നെ, ഒരു തുള്ളി ചോര പൊടിയാതെ സർവ്വരേയും തോൽപ്പിച്ച് സുഭദ്രയേയും കൊണ്ട് അവൻ കടന്നുകളഞ്ഞു എന്നിങ്ങനെ അവർ പരസ്പരം പറഞ്ഞ് അത്ഭുതപ്പെടുന്നു.
 
പതിനേഴാം രംഗത്തിൽ  അന്തർദ്വീപോത്സവം കഴിഞ്ഞ് ബലരാമനും ശ്രീകൃഷ്ണനും തിരിച്ച് ദ്വാരകയിലേക്ക് വരുന്നതാണ്. വരുന്നവഴി ബ്രാഹ്മണർ പറയുന്നത് ബലരാമൻ കേൾക്കുന്നു. താൻ വിശ്വസിച്ച് കന്യാപുരത്തിലെ വള്ളിക്കുടിലിൽ താമസിപ്പിച്ച സംന്യാസി കപടനാണെന്നും അവൻ തന്റെ സഹോദരിയുമായി കടന്നുകളഞ്ഞെന്നും അറിഞ്ഞ ബലഭദ്രൻ അതികലശലായി ശുണ്ഠിയെടുത്ത് ശ്രീകൃഷ്ണനോട് ചാടിക്കളിക്കുന്നു. ശ്രീകൃഷ്ണൻ ഓരോരോ സൂത്രം പറഞ്ഞ് മെല്ലെ മെല്ലെ ബലരാമനെ ശാന്തനാക്കുന്നു. അവസാനം ശാന്തനായ ബലരാമൻ ശ്രീകൃഷ്ണനുമൊന്നിച്ച് അഷ്ടകലാശമെടുത്ത് രംഗം അവസാനിപ്പിക്കുന്നു.
 
പതിനെട്ടിൽ സന്തുഷ്ടനായ ബലരാമൻ ശ്രീകൃഷ്ണനുമൊത്ത് ഇന്ദ്രപ്രസ്ഥത്തിൽ വന്ന് ധർമ്മപുത്രാദികളെ കണ്ട്, സന്തോഷിച്ച്, അർജ്ജുനനുവേണ്ട സ്ത്രീധനവും കൊടുത്ത് പിരിയുന്നു. ഇതോടേ സുഭദ്രാഹരണം കഥ സമാപ്തം.
 

മറ്റ് സവിശേഷതകൾ

ചിട്ടപ്രധാനമായ ഈ കഥ  ഒരു അരങ്ങേറ്റകഥയുമാണ്. കല്ലുവഴി ചിട്ടക്കാർക്ക്  അർജുനൻ ആദ്യാവസാന പ്രധാനമുള്ളതാണ് .
ചമ്പ  40  അക്ഷരകാലത്തിലുള്ള ഒരേയൊരു അഭിനയ പദമാണ് 'കഞ്ജദളം ' ചമ്പ -10  മുറുകിയ കാലത്തിലുള്ള  ബലരാമന്റെ കോപപദം  സവിശേഷതയുള്ളതാണ്.
" അത്രയുമല്ലടൊ " എന്ന  പദത്തിൽ  ബലരാമനും കൃഷ്ണനും ചേർന്നെടുക്കുന്ന അഷ്ടകലാശം  പത്മഭൂഷൺ കലാമണ്ഡലം  രാമൻകുട്ടിനായർ   വാഴപ്പിള്ളിയിൽ വെച് ചിട്ടപ്പെടുത്തിയതാണ്.
 

വേഷങ്ങൾ

 
ഇന്ദ്രൻ - പച്ച
ശ്രീകൃഷ്ണൻ - പച്ചമുടി
അർജുനൻ - പച്ച
ഭടന്മാർ - മിനുക്ക്
ബ്രാഹ്മണർ - മിനുക്ക്
യുധിഷ്ഠിരൻ - പച്ച
ഇന്ദ്രാണി - മിനുക്ക്
സത്യഭാമ - മിനുക്ക്
രുക്മിണി  -  മിനുക്ക്
സുഭദ്ര - മിനുക്ക്
വിപൃഥു - ചുവന്ന താടി
ബലഭദ്രർ - പഴുപ്പ്
വിവിദൻ - വെള്ളത്താടി 
ഘടോൽക്കചൻ - കത്തി