കാർത്തവീര്യാർജ്ജുന വിജയം

 
 

ആട്ടക്കഥാകാരൻ


ശ്രീ പുതിയിക്കല്‍ തമ്പാന്‍ രചിച്ച ആട്ടകഥയാണ്  കാര്‍ത്തവീര്യാര്‍ജ്ജുനവിജയം. 
 
ചേര്‍ത്തല താലൂക്കിലെ വയലാറില്‍ പുതിയറയ്ക്കല്‍ ഭവനത്തിലാണ് തമ്പാന്‍ ജനിച്ചത്. ഇദ്ദേഹത്തിന്റെ ജീവിതകാലം പതിനെട്ടാം നൂറ്റാണ്ടിലാണെന്ന് പറയപ്പെടുന്നു. സംസ്കൃതവ്യാകരണ പണ്ഡിതയായ മാതാവുതന്നെയായിരുന്നു പുതയിക്കല്‍ തമ്പാന്റെ ഗുരു. പാഠകവൃത്തിയില്‍ അദ്വതീയനായിരുന്ന അദ്ദേഹം കാര്‍ത്തികതിരുനാളിന്റെ പ്രീതിഭാജനമായിരുന്നു. ഈ നിലയിലും ആട്ടകഥാകാരനെന്ന നിലയിലും ഇദ്ദേഹം തിരുവിതാംകൂര്‍ രാജാവിന്റെ കവിസദസ്സിനെ അലങ്കരിച്ചിരുന്നു‍. ഇദ്ദേഹം ആറന്മുള രാമന്‍‌പിള്ള ആശാന്റെ ശിഷ്യനായി ‘ശക്തിപൂജ’ നടത്തിയിരുന്നതായും പറയപ്പെടുന്നു. കാര്‍ത്തവീര്യാര്‍ജ്ജുനവിജയം കൂടാതെ രാമാനുകരണം എന്ന ഒരു ആട്ടകഥകൂടി പുതിയിക്കല്‍ തമ്പാന്‍ രചിച്ചിട്ടുണ്ട്. അദ്ദേഹം അശ്വതിതിരുനാള്‍ മഹാരാജാവിനെ സന്ദര്‍ശ്ശിച്ച് മടങ്ങുംവഴി കൊല്ലത്തുവെച്ചാണ് നിര്യാതനായത്.
 
വരബലത്താല്‍ ത്രൈലോക്യങ്ങളേയും ജയിച്ച രാവണന്‍ അഹങ്കാരിയായ ഹേഹയരാജാവ് കാര്‍ത്തവീര്യാര്‍ജ്ജുനനോട് ഏറ്റുമുട്ടി പരാജയപ്പെട്ട ഉത്തരരാമചരിത കഥയെ അടിസ്ഥാനമാക്കി ആണ് രചിച്ചിട്ടുള്ളത്.
 

കഥാസംഗ്രഹം 

ദത്താത്രേയവരപ്രസാദത്താല്‍ പ്രതാപവാനായിതീര്‍ന്ന ചന്ദ്രവംശജനായ കാര്‍ത്തവീര്യാര്‍ജ്ജുനന്‍ ഹേഹയരാജ്യതലസ്ഥാനമായ മാഹിഷ്മതി നഗരത്തില്‍ രാജ്യഭാരം ചെയ്തുവന്നു. കൃതവീര്യന്റെ പുത്രനായ ഇദ്ദേഹവും പത്നിമാരും ചേര്‍ന്നുള്ള ശൃംഗാര രംഗമാണ് ആദ്യത്തേത്. രണ്ടാം രംഗത്തില്‍ കാര്‍ത്തവീര്യസമീപത്തേയ്ക്ക് ശ്രീനാരദമഹര്‍ഷി എത്തുന്നു. രാവണന്‍ വരബലത്താല്‍ ലോകകണ്ടകനായിതീര്‍ന്നിരിക്കുന്നു എന്നും, അവന്റെ അഹങ്കാരം നശിപ്പിക്കണമെന്നും കാര്‍ത്തവീര്യനോട് നാരദന്‍ അഭ്യര്‍ത്ഥിക്കുന്നു. കാര്‍ത്തവീര്യാര്‍ജ്ജുനന്‍ അത് സമ്മതിക്കുന്നു. സ്വപ്നദര്‍ശ്ശനത്താല്‍ പ്രണയകലഹിതയായ മണ്ഡോദരിയെ രാവണന്‍ സ്വാന്തനിപ്പിക്കുന്ന അന്ത:പുര രംഗമാണ് മൂന്നാമത്തേത്. നാലാം രംഗത്തില്‍ പര്‍വ്വതനേയും കൂട്ടി രാവണനെ കാണാനെത്തുന്ന നാരദമഹര്‍ഷി, അഹങ്കാരിയായ കാര്‍ത്തവീര്യാര്‍ജ്ജുനനെ യുദ്ധത്തില്‍ ജയിക്കുവാന്‍ രാവണനെ പ്രേരിപ്പികുന്നു. തുടര്‍ന്ന് രാവണന്‍ മന്ത്രിമാരോട് കൂടിയാലോചിച്ചശേഷം കാര്‍ത്തവീര്യാര്‍ജ്ജുനനോട് യുദ്ധം ചെയ്യുവാന്‍ സന്നദ്ധനായി സൈന്യസമേതം പുറപ്പെടുന്നു രംഗം അഞ്ചില്‍‍. ആറാം രംഗത്തില്‍ പുഷ്പകവിമാനത്തില്‍ സഞ്ചരിച്ച് വിന്ധ്യാചലം കടന്ന് നര്‍മ്മദാതീരത്തെത്തിയ രാവണന്‍ അവിടെ ശിവപൂജ ചെയ്യുന്നു. ആ സമയത്ത് പ്രേയസിമാരോടോത്ത് ജലക്രീഡ നടത്തുകയായിരുന്ന കാര്‍ത്തവീര്യാര്‍ജ്ജുനന്‍ തന്റെ ആയിരം കൈകള്‍കൊണ്ട് നര്‍മ്മദയിലെ ജലപ്രവാഹം തടഞ്ഞുനിര്‍ത്തുന്നു ഏഴാം രംഗത്തില്‍. ഇതുമൂലം നദിയുടെ മുകള്‍ ഭാഗത്ത് ജലം കരകവിഞ്ഞ് രാവണന്‍ പൂജിച്ചുകൊണ്ടിരുന്ന ശിവലിംഗവും പൂജാദ്രവ്യങ്ങളും മുങ്ങിപോകുന്നു. ജലപ്രവാഹത്തിന്റെ കാരണം അന്യൂഷിച്ച് പോകുന്ന രാവണന്റെ മന്ത്രി പ്രഹസ്തനും മറ്റും കാര്‍ത്തവീര്യന്റെ സേനയാല്‍ പരാജയപ്പെടുന്നതാണ് എട്ടാം രംഗം. രംഗം ഒന്‍പതില്‍ പ്രഹസ്താദികള്‍ രാവണസമീപം വന്ന് വിവരങ്ങള്‍ അറിയിക്കുന്നു. നേരിട്ടുവന്ന് എതിര്‍ക്കുന്ന രാവണനെ പരാജയപ്പെടുത്തി ബന്ധിച്ച്, ചന്ദ്രഹാസം കൈക്കലാക്കി കാര്‍ത്തവീര്യന്‍ സ്വരാജധാനിയിലേയ്ക്ക് മടങ്ങുന്നു പത്താം രംഗത്തില്‍. പതിനൊന്നാം രംഗത്തില്‍ സ്വപൌത്രന്‍ ബന്ധിതനായതറിഞ്ഞ പുലസ്ത്യമഹര്‍ഷി മാഹീഷ്മതിയിലെത്തി രാവണനെ മോചിപ്പിക്കണമെന്ന് കാര്‍ത്ത്യവീര്യനോട് ആവശ്യപ്പെടുന്നു. തുടര്‍ന്ന് കാര്‍ത്തവീര്യാര്‍ജ്ജുനന്‍ രാവണനെ ബന്ധവിമുക്തനാക്കുന്നതാണ് അന്ത്യരംഗം. അര്‍ജ്ജുനന്റെ ബലം മനസ്സിലാക്കാതെ യുദ്ധത്തിനുവന്ന അപരാധത്തിന് മാപ്പ് അപേക്ഷിച്ചശേഷം രാവണന്‍ ലങ്കയ്ക്ക് മടങ്ങുന്നതോടെ കഥ പൂര്‍ണ്ണമാകുന്നു.
 

രംഗാവതരണത്തിലെ സവിശേഷതകള്‍

കളരി ചിട്ടയുടെ സങ്കേതബദ്ധതയും സൌന്ദര്യത്തികവും കൊണ്ട് ശ്രദ്ധേയമായിതീര്‍ന്നിട്ടുള്ള ‘പഞ്ചരാവണന്മാരില്‍’ ഒന്നാണ് കാര്‍ത്തവീര്യാര്‍ജ്ജുനവിജയത്തിലെ രാവണന്‍. ബാലിവധം, തോരണയുദ്ധം, രാവണോത്ഭവം, ബാലിവിജയം എന്നിവയിലേതാണ് മറ്റു നാല് രാവണന്മാര്‍.
 
മൂന്നാം രംഗത്തിലെ ‘കലമദളലോചനേ’ എന്ന രാവണന്റെ ശൃംഗാരപദത്തിന്റെ അവതരണം സവിശേഷതയാര്‍ന്നതാണ്. രതിക്രീഡകളാല്‍ തളര്‍ന്ന് രാവണന്റെ മടിത്തട്ടില്‍ ശയിക്കുന്ന മണ്ഡോദരി, രാവണന്‍ ഉര്‍വ്വശി തുടങ്ങിയ ദേവസ്ത്രീകളുമായി രമിക്കുന്നതായി സ്വപ്നം കണ്ട് ഞെട്ടിയുണര്‍ന്ന് പരിഭവിക്കുന്നു. പരിഭത്തിന്റെ കാരണം അറിയാനുള്ള ഔത്സുക്യത്തോടും കാന്തയെ അനുനയിപ്പിച്ചുകൊണ്ടും ദശമുഖന്‍ പറയുന്ന മധുര വചനങ്ങളാണ് ‘കമലദളലോചനേ’ എന്ന പതിഞ്ഞപദം. ഇതിന്റെ ആദ്യപകുതി ഇരുന്നുകൊണ്ടാണ് ആടുന്നത്.
 

നിലവിലുള്ള അവതരണ രീതി

 
കാര്‍ത്തവീര്യാര്‍ജ്ജുനവിജയം പണ്ട് പൂണ്ണമായി അവതരിപ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ രാവണന്റെ ശൃംഗാരപദം ഉള്‍ക്കൊള്ളുന്ന മൂന്നാം രംഗം മാത്രമാണ് പ്രചാരത്തിലുള്ളത്. ബാലിവിജയത്തിലെ ‘അരവിന്ദദളോപമനയനേ’ എന്ന ശൃഗാരപദം ഉള്‍ക്കൊള്ളുന്ന രംഗം ഒഴിവാക്കി, പകരമായി കാര്‍ത്തവീര്യവിജയത്തിലെ മൂന്നാം രംഗം ഘടിപ്പിച്ചുകൊണ്ടും ഇത് അവതരിപ്പിക്കാറുണ്ട്.


വേഷങ്ങൾ

രാവണൻ - കത്തി
മണ്ഡോദരി - സ്ത്രീവേഷം മിനുക്ക്
നാരദൻ - മിനുക്ക്