രാവണോത്ഭവം

ആട്ടക്കഥ: 

ആട്ടക്കഥാകാരൻ

പാലക്കാട്ട് രാജാവിന്റെ ആശ്രിതനായ കല്ലേക്കുളങ്ങര രാഘവപിഷാരടിയാണ് (1725-1795)  രാവണോത്ഭവം ആട്ടക്കഥയുടെ കര്‍ത്താവ്‌. ഇദ്ദേഹം വേറെ ആട്ടക്കഥ രചിച്ചിട്ടില്ല. പ്രതിനായകനെ നായക സ്ഥാനത്ത് പ്രതിഷ്ഠിച്ചുകൊണ്ടുള്ള ആട്ടക്കഥയാണ് രാവണോത്ഭവം. ഉദ്ഭവത്തിലെ രാവണന്‍ വളരെ ചിട്ടപ്പെടുത്തിയ ഒരു വേഷമാണ്. കളിക്കാര്‍ക്ക് തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാനുള്ള ധാരാളം സാധ്യതകള്‍ ഇതില്‍ ഉണ്ട്. രാവണന്റെ  തപസ്സാട്ടം പ്രസിദ്ധമാണ്.

മൂലകഥ

വാത്മീകിരാമായണം ഉത്തരകാണ്ഡത്തിലെ ‘രാക്ഷസോല്പത്തി’,‘രാവണോത്ഭവം’ എന്നീ കഥകള്‍ ഉള്‍ക്കൊള്ളുന്ന ആദ്യ പന്ത്രണ്ട് സര്‍ഗ്ഗങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ ആട്ടകഥ രചിച്ചിരിക്കുന്നത്.  ഹേതി, പ്രഹേതി എന്നീ രണ്ടുരാക്ഷസസഹോദരന്മാരില്‍ മൂത്തവനായ ഹേതിയ്ക്കു വിദ്യുല്‍കേശനെന്ന പുത്രനുണ്ടായി. അവനു സാലകടംകടയില്‍ ജനിച്ച പുത്രന്‍ സുകേശന്‍ ശിവകിങ്കരനായി. (രാക്ഷസര്‍ ശിവകിങ്കരന്മാരാണ്‌) സുകേശനു വേദവതിയില്‍ മാല്യവാന്‍,മാലി,സുമാലി എന്ന മൂന്നുപുത്രന്മാരുണ്ടായി. മഹാബലവാന്മാരായ ഈ രാക്ഷസന്മാര്‍ ലങ്കയില്‍ വസിച്ചുകൊണ്ടു ലോകോപദ്രവം ചെയ്തു തുടങ്ങി. മാല്യവാനു ഏഴുപുത്രന്മാരും ഒരു പുത്രിയും. മാലിക്കു നാലു പുത്രന്മാരും,സുമാലിക്കു പത്തുപുത്രന്മാരും നാലുപുത്രികളും ഉണ്ടായി. ദേവാസുരയുദ്ധത്തില്‍,ദേവന്മാരുടെയും ഋഷികളുടെയും അഭ്യര്‍ത്ഥനപ്രകാരം മഹാവിഷ്ണു യുദ്ധത്തില്‍ മാലിയെ വധിച്ചു. അനന്തരം മാല്യവാനും സുമാലിയും ലങ്കവിട്ട്‌ പാതാളത്തില്‍ പോയി വസിച്ചു.

ബ്രഹ്മാവിന്റെ പുത്രനായ പുലസ്ത്യമഹര്‍ഷിയുടെ പുത്രനാണ്‌ വിശ്രവസ്സ്‌. വിശ്രവസ്സിന്റെ പുത്രനായ വൈശ്രവണന്‍ യക്ഷേശനും ദിക്പാലകന്മാരില്‍ ഒരാളുമായി.സുമാലിയുടെ ഒടുവിലത്തെ മകള്‍ കൈകസി വിശ്രവസ്സിനെ ഭര്‍ത്താവായി വരിച്ചു. അവള്‍ക്കു രാവണന്‍,കുംഭകര്‍ണ്ണന്‍,വിഭീഷണന്‍ എന്നീ മൂന്നു പുത്രന്മാരും ശൂര്‍പ്പണഘ എന്നൊരു പുത്രിയും ഉണ്ടായി. രാവണന്‍ ബ്രഹ്മാവിനെ തപസ്സുചെയ്തു വരബലംകൊണ്ട്‌ ലോകങ്ങലെല്ലാം ജയിച്ചു പ്രതാപലങ്കേശ്വരനായി വാണു.

കഥാസംഗ്രഹം

രാക്ഷസ വംശ സ്ഥാപകരായ മാല്യവാന്‍,മാലി,സുമാലി എന്നിവര്‍ ബ്രഹ്മാവിനെ തപസ്സു ചെയ്ത് വിക്രമന്മാരായിത്തീര്‍ന്നു.  ഇവര്‍ ദേവശില്പിയായ വിശ്വകര്‍മ്മാവിനെക്കൊണ്ട് തെക്കേസമുദ്രത്തിലുള്ള ത്രികൂടാദ്രിക്കുമുകളിലായി ലങ്കാനഗരം പണികഴിപ്പിച്ചു. തുടര്‍ന്ന് ലോകത്തിന്റെ പലഭാഗങ്ങളിലും പാതാളത്തിലുമായി കഴിഞ്ഞിരുന്ന രാക്ഷസരെല്ലാം ലങ്കയിലേയ്ക്ക് കുടിയേറി. അങ്ങിനെ മാല്യവാന്റെ ഭരണത്തിന്‍ കീഴില്‍ ഒന്നാം രാക്ഷസസാമ്രാജ്യം സ്ഥാപിതമായി. ഇതാണ് കഥയുടെ പശ്ചാത്തലം.
പുറപ്പാടിനുശേഷം കഥ തുടങ്ങുന്നു. 
രംഗം ഒന്നിൽ ഇന്ദ്രൻ മറ്റ് ദേവസ്ത്രീകളുമായി ഉല്ലസിച്ചിരിക്കുന്നതാണ്. 
രംഗം രണ്ടിൽ ഇന്ദ്രനോട് ഒരു കൂട്ടം താപസൻമാർ വന്ന്, മാലി സുമാലി മാല്യവാൻ എന്നിവരുടെ ശല്യത്തെ കുറിച്ച് പരാതി പറയുന്നു. മഹാവിഷ്ണുവല്ലാതെ രക്ഷയില്ല എന്ന് പറഞ്ഞ് ഇന്ദ്രാദികൾ വിഷ്ണുവിനു സമീപം എത്തുന്നു. 
രംഗം മൂന്നിൽ പാലാഴിയിൽ മരുവുന്ന വിഷ്ണുസമീപം ഇന്ദ്രാദികൾ എത്തുന്നു. അവർ ശങ്കരന്റെ അനുഗ്രഹം കൊണ്ട് സുകേശന്റെ മക്കളായ മാലി സുമാലി മാല്യവാൻമാരുടെ ശല്യത്തെ പറ്റി വിഷ്ണുവിനെ ധരിപ്പിക്കുന്നു. വിഷ്ണുഅവരെ സമാധാനിപ്പിച്ച് യാത്രയാക്കുന്നു.
രംഗം നാലിൽ നാരദന്‍ ഈ വിവരമെല്ലാം ലങ്കയില്‍ പോയി മാല്യവാനെ അറിയിച്ചു. ലങ്കയില്‍ അവരുടെ സ്ഥാനം ഉറപ്പിക്കാന്‍ ദേവന്മാരോടു യുദ്ധം ചെയ്യണമെന്ന് പറഞ്ഞു. നാരദന്റെ വാക്കുകള്‍ കേട്ട മാല്യവാന്‍ മാലിസുമാലിമാരോടും മന്ത്രിമാരോടും ആലോചിച്ചു ദേവേന്ദ്രനോട് യുദ്ധം ചെയ്യുവാൻ തീർച്ചപ്പെടുത്തി ദേവലോകത്തേയ്ക്ക് പോകുന്നു. 
രംഗം അഞ്ചിൽ ദേവൻമാരും അസുരൻമാരുമായുള്ള യുദ്ധം ആണ്. യുദ്ധത്തില്‍ മാലി വധിക്കപ്പെട്ടപ്പോള്‍ മാല്യവാനും സുമാലിയും ലങ്ക വിട്ട് ഓടിപ്പോയി പാതാളത്തില്‍ താമസമാക്കി.
രംഗം ആറിൽ വിശ്രവസ്സിന്റെ പുത്രനായ കുബേരന്‍ ബ്രഹ്മാവിനെ തപസ്സുചെയ്ത് വരങ്ങള്‍ നേടി അച്ഛന്റെ ഉപദേശപ്രകാരം മാല്യവാനും മറ്റും ഉപേക്ഷിച്ചുപോയ ലങ്കയില്‍ താമസമാക്കി.
രംഗം ഏഴിൽ സുമാലിയുടെ പുത്രിയായ കൈകസി പുത്രന്മാര്‍ ഉണ്ടാവാനായി വിശ്രവസ്സിനെ ഭര്‍ത്താവായി സ്വീകരിച്ചു. പുത്രരെ നൽകുവാൻ കൈകസി ഭർത്താവിനോട് അപേക്ഷിച്ചപ്പോൾ, വിശ്രവസ്സ് നിനക്ക് വീരപരാക്രമികളായ പുത്രൻമാരും ഒരു പുത്രയും ഉണ്ടാകും എന്ന് അനുഗ്രഹിക്കുന്നു.
രംഗം എട്ടിൽ കൈകസിയുടെ ഗർഭകാലവും പ്രസവവുമാണ്.
രംഗം ഒമ്പതിൽ മൂത്തപുത്രനെ കയ്യിലെടുത്ത് ഇവൻ വീരനായി മൂന്നുലോകങ്ങളും ജയിക്കുമെന്ന് എന്ന് വിശ്രവസ്സ് പറയുന്നു.
രംഗം പത്തിൽ വിശ്രവസ്സിനും കൈകസിയ്ക്കും മറ്റ് പുത്രൻമാരും പുത്രിയും ഉണ്ടാകുന്നു.
രാവണന്‍, കുംഭകര്‍ണ്ണന്‍ ,വിഭീഷണന്‍ എന്നീ പുത്രന്മാർക്കും ശൂര്‍പ്പണഖ എന്ന പുത്രിയ്ക്കും നാമകരണം ചെയ്യുന്നു. കുട്ടിരാവണൻ വന്ന് വിശ്രവസ്സിനോട് താൻ ഇനി എന്താണ് ചെയ്യേണ്ടത് എന്ന് അന്വേഷിക്കുന്നു. സുഖലോലുപരായി കഴിയാതെ എല്ലാവരോടും വിദ്യ അഭ്യസിക്കുവാൻ വിശ്രവ് ആവശ്യപ്പെടുന്നു. പുത്രിയ്ക്ക് അനുയോജ്യമായ വരനെ യഥാകാലം ലഭിക്കുമെന്നും പറയുന്നു. വിശ്രവസ്സ് കൈകസിയോട് വിടചൊല്ലുന്നു.
രംഗം പതിനൊന്നിൽ കൈകസിയും കുട്ടികളും ആണ്. രാവണൻ കൈകസിയുടെ മടിയിൽ ഉറങ്ങുന്നു. കൈകസിയുടെ കണ്ണുനീർ രാവണന്റെ ദേഹത്ത് വീഴുമ്പോൾ രാവണൻ എഴുന്നേൽക്കുന്നു. എന്തിനാണ് അമ്മ കരയുന്നതെന്ന് ചോദിക്കുന്നു. വിശ്രവസ്സിന്റെ പുത്രനായ കുബേരനും രാവണനും തമ്മിലുള്ള അന്തരം കൈകസി രാവണനോട് പറയുന്നു. രാക്ഷസകുലജാതനായ താൻ യക്ഷേശനു സമമാകാൻ വേണ്ടുന്നത് എല്ലാം ചെയ്യാം എന്ന് രാവണൻ അമ്മയോട് പറയുന്നു. 
രംഗം പന്ത്രണ്ടിൽ രാവണനും അനിയൻമാരും ആണ്. മാതാവിന്റെ ദുഃഖം മാറ്റാനായി തപസ്സ് ചെയ്യുവാൻ രാവണൻ അനിയൻമാരോട് പറയുന്നു. സ്വയം തപസ്സിനായി പുറപ്പെടുന്നു. 
രംഗം പതിമൂന്നിൽ തപസ്സ് ആണ്. ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ട് മൂവർക്കും വരങ്ങൾ നൽകുന്നു.
രംഗം പതിന്നാലിൽ ബ്രഹ്മാവിൽ നിന്നും വരങ്ങൾ വാങ്ങിയ രാവണൻ, അനുജന്മാരായ കുംഭകര്‍ണ്ണനോടും വിഭീഷണനോടും അവര്‍ നേടിയ വരങ്ങളെക്കുറിച്ച് ചോദിക്കുന്നു. കുംഭകര്‍ണ്ണന്‍ നിര്‍ദ്ദേവത്വം മോഹിച്ച് നിദ്രാവത്വവും വിഭീഷണന്‍ വിഷ്ണുഭാഗവാനില്‍ അചഞ്ചലമായ ഭക്തിയും ആണ് വാങ്ങിയതെന്നറിഞ്ഞ് രാവണന്‍ കോപാകുലനായി അവരെ പറഞ്ഞയക്കുന്നു. 
ഈ രംഗം ആണ് പ്രസിദ്ധമായ തപസ്സാട്ടം എന്നരൂപത്തിൽ ഇപ്പോൾളരങ്ങത്ത് കളിയ്ക്കുന്നത്. രാവണൻ കഴിഞ്ഞ കാര്യങ്ങൾ ഓർത്ത് പറയുന്നതായാണ് ഈ രംഗത്തിന്റെ അവതരണം.
രംഗം പതിനഞ്ചിൽ ലങ്കയിൽ സുഖമായി വസിക്കുന്ന രാവണനും മണ്ഡോദരിയും അണ്. 
രംഗം പതിനാറിൽ ശൂർപ്പണഖ വന്ന് രാവണനോട്, തനിയ്ക്ക് അനുയോജ്യനായ ഒരു ഭർത്താവിനെ നൽകാത്തതിൽ സങ്കടം പറയുന്നു. രാവണൻ ശൂർപ്പണഖാവിവാഹത്തിനായി വിദ്യുജ്ജിഹ്വനെ വരുത്തുവാൻ വിഭീഷണനോട് ആജ്ഞാപിക്കുന്നു.
രംഗം പതിനേഴിൽ ശൂർപ്പണഖയുടെ വിവാഹം ആണ്. അപൂർവ്വമായി അരങ്ങത്ത് പതിവുള്ള രംഗം. നർമ്മരസപ്രധാനമാണ്. വിദ്യുജ്ജിഹ്വൻ രാവണന്റെ അടുത്ത് നിൽക്കുന്ന മണ്ഡോദരിയെ കണ്ട് ശൂർപ്പണഖയാണെന്ന് തെറ്റിദ്ധരിക്കുന്നു. തന്നു ഞാൻ മത്സോദരിയെ എന്ന ഘട്ടത്തിലാണ് ശൂർപ്പണഖ പ്രവേശിക്കുന്നത്. കരി ശൂർപ്പണഖ അരങ്ങിൽ മുഖം മറച്ച് രാവണനു പിന്നിലായി നിൽക്കുന്നു. തന്നു ഞാൻ മത്സോദരിയെ എന്ന് പാടി കൈപിടിച്ച് കൊടുക്കുമ്പോൾ ശൂർപ്പണഖ മുന്നിലേക്ക് വരികയും മുഖം മറച്ച തുണി മാറ്റുകയും ചെയ്യുന്ന രീതിയിലും ഇന്ന് ഇത് അവതരിപ്പിക്കാറുണ്ട്.
 

ഇതോടെ രാവണോത്ഭവം ആട്ടക്കഥ സമാപിക്കുന്നു.  

ചോന്നാടിപ്പുറപ്പാട്

കഥ മുഴുവൻ ആയി കളിക്കുമ്പോൾ ഇപ്പോൾ പതിവുള്ളതാണ് ഈ പുറപ്പാട്. ഇതെഴുതിയത്  ശ്രീ നെല്ലിയോട് വാസുദേവൻ നമ്പൂതിരി ആണ്.

വേഷങ്ങൾ: മാല്യവാൻ, മാലി, സുമാലി
 
ശങ്കരാഭരണം ചെമ്പട 32
സാക്ഷാദ്രാക്ഷസവംശ വർദ്ധനകരോ ദാക്ഷായണീ സ്തനൃപഃ
ത്ര്യക്ഷാനുഗ്രഹ ഭാക്സ്സുകേശ ഇതി വിഖ്യാതോ സുരോഭുൽപ്പുരാ
ലങ്കായാം സുഖമവസൻ സ്വദയിതാ യുക്താസ്തു തസ്യാത്മജാ
നാമ്നാ മാലി, സുമാലി, മാല്യവദിതി പ്രഖ്യാത രക്ഷാവര!
 
ഒന്നാം നോക്ക് (തിരശ്ശീലയ്ക്കുള്ളിൽ)
രാക്ഷസകുലവീരന്മാർ
രൂക്ഷവീര്യ വിഭവന്മാർ
ത്ര്യക്ഷഭക്തിനിരതന്മാർ
സാക്ഷാൽ യമസദൃശർ
 
(തിരശ്ശീലതാഴ്ത്തി)
ത്ര്യക്ഷഭക്തി നിർതന്മാർ
സാക്ഷാൽ യമസദൃശന്മാർ
 
തിരശ്ശീല
നാലാം നോക്ക്
തോടി ചെമ്പട 16
 
ശങ്കരഭൃത്യപുത്രന്മാർ
 
(തിരതാഴ്ത്തി)
ശങ്കരഭൃത്യപുത്രന്മാർ
ശങ്കാരഹിതവിമതന്മാർ
ശങ്കാരഹിതവിമത്ന്മാർ
സങ്കടം സൂരർക്കണച്ചു
സങ്കടം സൂരർക്കണച്ചു
ലങ്കയിൽ സുഖേന വാണാർ
 

വേഷങ്ങൾ

രാവണൻ-കത്തി
വിഭീഷണൻ-കത്തി
കുംഭകർണ്ണൻ-കത്തി
മഹാവിഷ്ണു
ഇന്ദ്രൻ-പച്ച
പത്നിമാർ-സ്ത്രീവേഷം മിനുക്ക്
മാലി-ചുകന്നതാടി
സുമാലി-ചുകന്നതാടി
മാല്യവാൻ-ചുകന്നതാടി
കൈകസി-സ്ത്രീവേഷം മിനുക്ക്
വിശ്രവസ്സ്
ശൂർപ്പണഖ-കരി
വിദ്യുജ്ജിഹ്വൻ-ഭീരുവേഷം
മണ്ഡോദരി-സ്ത്രീവേഷം മിനുക്ക്


തപസ്സാട്ടം വീഡിയോ