രാജസൂയം (തെക്കൻ)
ആട്ടക്കഥ:
Table of contents
ആട്ടക്കഥാകാരൻ
കാർത്തികതിരുന്നാൾ രാമവർമ്മ മഹാരാജാവ് (1724-1798)
അവലംബം
മഹാഭാരതം- ദശമസ്കന്ദം- സഭാപർവ്വം
കഥാസാരം
രംഗം ഒന്നിൽ ദ്വാരകയിൽ പത്നിമാരായ രുഗ്മിണി സത്യഭാമമാരോടൊത്ത് ശ്രീകൃഷ്ണൻ ഉദ്യാനത്തിൽ ക്രീഡിച്ചിരിക്കുന്നു. ക്രീഡാവസാനം രാജ്യകാരങ്ങൾക്കായി കൃഷ്ണൻ യാദവസഭയിലേക്ക് പോകുന്നു.
രംഗം രണ്ടിൽ യാദവസഭ ആണ്. ഒരു ദൂതൻ പ്രവേശിച്ച് മഗധരാജാവായ ജരാസന്ധൻ അനവധി രാജാക്കന്മാരെ യുദ്ധത്തിൽ ജയിച്ച് അവരെ എല്ലാം കാട്ടിൽ ബന്ധനസ്ഥനാക്കിയിരിക്കുന്നു, അവർ അയച്ച ദൂതനാണ് താനെന്നും, ജരാസന്ധനെ ജയിച്ച് അവരെ പെട്ടെന്ന് മോചിപ്പിക്കണം എന്നും അപേക്ഷിക്കുന്നു. ആ സമയം നാരദൻ യാദവസഭയിലേക്ക് വരുന്നു. കൃഷ്ണൻ നാരദനോട് വർത്തമാനങ്ങൾ ചോദിക്കുന്നു. ധർമ്മപുത്രരുടെ രാജസൂയം യാഗത്തെ പറ്റി നാരദൻ പറയുന്നു. അത് വിജയിപ്പിക്കുവാൻ കൃഷ്ണനോട് അപേക്ഷിക്കുന്നു. ദൂതൻ ഉണർത്തിച്ചതിന്റേയും നാരദൻ പറഞ്ഞതിനേയും പറ്റിയെല്ലാം ബലഭദ്രരോട് കൃഷ്ണൻ അഭിപ്രായം ചോദിക്കുന്നു. ശേഷം ബലഭദ്രനും കൃഷ്ണനും ഉദ്ധവനും കൂടിയാലോചിക്കുന്നു. മഗധരാജാവായ ജരാസന്ധനെ വെന്ന് ബാധയകറ്റി രാജസൂയം യാഗസ്ഥലത്തേയ്ക്ക് പോകണമെന്ന് ബലഭദ്രൻ പറയുന്നു. ദൂതനേയും നാരദനേയും പറഞ്ഞയച്ച് തേരിൽ കയറി എല്ലാവരും പോകുന്നു.
രംഗം മൂന്നിൽ ഇന്ദ്രപ്രസ്ഥത്തിലെ പാണ്ഡവസഭയിലേക്ക് ശ്രീകൃഷ്ണൻ പ്രവേശിക്കുന്നു. ധർമ്മപുത്രർ ശ്രീകൃഷ്ണനെ വന്ദിച്ചിരുത്തുന്നു. രാജവീരന്മാരെയെല്ലാം ജയിച്ച് വേണം രാജസൂയം യാഗം നടത്താൻ എന്നും, മഗധരാജാവിനെ ജയിക്കാനായി ഭീമനെ തന്നോടൊപ്പം അയക്കേണമെന്നും കൃഷ്ണൻ ധർമ്മപുത്രരോട് പറയുന്നു. ധർമ്മപുത്രർ ഭീമാർജ്ജുനന്മാരെ കൃഷ്ണനോടൊപ്പം അയച്ച് രംഗത്ത് നിന്നും മാറുന്നു. ബ്രാഹ്മണവേഷം ധരിച്ച് കൃഷ്ണനും ഭീമാർജ്ജുനന്മാരും ജരാസന്ധന്റെ രാജധാനിയിലേക്ക് പോകുന്നു.
രംഗം നാലിൽ ജരാസന്ധനും പത്നിയും ഉല്ലസിച്ചിരിക്കുമ്പോൾ പെട്ടെന്ന് പെരുമ്പറ മുട്ടുന്നതും പൊട്ടുന്നതുമായ ശബ്ദം കേൾക്കുന്നു. പത്നിയെ പറഞ്ഞയച്ച് കാരണം അന്വേഷിക്കുന്നു. മൂന്നുപേർ മതിൽ ചാടി വരുന്നത് കണ്ട് ആശ്ചര്യപ്പെടുന്നു. ബ്രാഹ്മണരാണെന്ന് മനസ്സിലാക്കുന്നു. ഇനി ഈ വരുന്നവരെ സ്വീകരിക്കുക തന്നെ എന്ന് ഉറപ്പിച്ചു കലാശിച്ചു മാറുന്നു.
രംഗം അഞ്ചിൽ ജരാസന്ധന്റെ സഭയിലേക്ക് ബ്രാഹ്മണവേഷത്തിൽ കൃഷ്ണനും ഭീമാർജ്ജുനന്മാരും പ്രവേശിക്കുന്നു. ജരാസന്ധൻ അവരെ കണ്ട് ആദരിച്ചിരുത്തുന്നു. അവർ ബ്രാഹ്മണരോ എന്ന് സംശയമുണ്ടെങ്കിലും ജരാസന്ധൻ ആഗമനോദ്ദേശം അന്വേഷിക്കുന്നു. കൃഷ്ണബ്രാഹ്മണൻ ജരാസന്ധനെ പോലെ ബലമുള്ളവൻ ഭൂമിയിൽ ഇല്ലാത്തതിനാൽ നിന്നെ ശരണം പ്രാപിച്ചതാണ് ഞങ്ങൾ എന്ന് പറയുന്നു. ഭീമബ്രാഹ്മണൻ ദ്വന്ദയുദ്ധം ചോദിക്കുന്നു. വന്നവരെ തിരിച്ചറിഞ്ഞ ജരാസന്ധൻ കൃഷ്ണനെ കളിയാക്കി ഭീമനോട് യുദ്ധം ചെയ്യാൻ സമ്മതിക്കുന്നു. കൃഷ്ണനും ഭീമാർജ്ജുനന്മാരും സ്വരൂപം ധരിച്ച് പ്രത്യക്ഷപ്പെടുന്നു. കൃഷ്ണാർജ്ജുനന്മാർ മാറുന്നു. ജരാസന്ധനും ഭീമനും തമ്മിൽ യുദ്ധം. ഗദായുദ്ധം, ദ്വന്ദ്വയുദ്ധം. ഭീമൻ വളരെ യുദ്ധം ചെയ്ത് ജരാസന്ധനെ വീഴ്ത്തുന്നു, ഇടിച്ചു കൊല്ലുന്നു. ജരാസന്ധൻ വീണ്ടും എഴുന്നേറ്റ് യുദ്ധം ചെയ്യുന്നു. ശ്രീകൃഷ്ണൻ പിന്നിൽ പ്രവേശിച്ച് ഒരു ഇല ചീന്തി രണ്ട് ദിക്കിലേക്കായി എറിഞ്ഞു കാണിച്ചുകൊടുക്കുന്നു. വീണ്ടും യുദ്ധത്തിനായെത്തിയ ജരാസന്ധനെ വീഴ്ത്തി ഒരു കാൽ പൊക്കി വലിച്ചെടുത്ത് ദേഹം രണ്ടാക്കി എറിയുന്നു. ജരാസന്ധൻ മരിയ്ക്കുന്നു. വീണിടത്തു തിരശ്ശീല പിടിച്ച് മാറുന്നു. കൃഷ്ണനും ഭീമാർജ്ജുനന്മാരും തടവിലിട്ട രാജാക്കന്മാരെ മോചിപ്പിക്കുന്നു. ജരാസന്ധപുത്രനെ രാജാവാക്കി വാഴിച്ച് ഇന്ദ്രപ്രസ്ഥത്തിലേക്ക് തിരിച്ച് പോകുന്നു.
രംഗം ആറിൽ മോചിപ്പിക്കപ്പെട്ട രാജാക്കന്മാർ ശ്രീകൃഷ്ണനെ സ്തുതിയ്ക്കുന്നു. കൃഷ്ണൻ അവരെ ആശ്വസിപ്പിക്കുന്നു. ശ്രീകൃഷ്ണൻ രാജാക്കന്മാരെ അനുഗ്രഹിച്ച് യാത്രയാക്കുന്നു.
രംഗം ഏഴിൽ ഇന്ദ്രപ്രസ്ഥം ആണ്. ശ്രീകൃഷ്ണനും ഭീമാർജ്ജുനന്മാരും തിരിച്ചെത്തി ധർമ്മപുത്രരോട് കഥകൾ എല്ലാം പറയുന്നു. രാജസൂയം യാഗം ആരംഭിക്കാൻ നിർദ്ദേശം കൊറ്റുത്തുകൊണ്ട് ശ്രീകൃഷ്ണൻ ദ്വാരകയിലേക്ക് തിരിച്ച് പോകുന്നു.
രംഗം എട്ട്. ശിശുപാലൻ ജരാസന്ധവധം അറിഞ്ഞ് ക്രുദ്ധനാകുന്നു. രാജസൂയത്തിനു ക്ഷണം കിട്ടി. കൃഷ്ണനെ അപമാനിക്കാനുള്ള നല്ല അവസരം കൈവന്നിരിക്കുന്നു. ഉടനെ യാഗത്തിന് പുറപ്പെടുക തന്നെ. സൈന്യത്തെ സജ്ജീകരിക്കാൻ ആജ്ഞാപിക്കുന്നു. സൈന്യസമേതം യാത്രയാകുന്നു.
രംഗം ഒൻപത്. രാജസൂയം വേദി. വന്ന് കൂടിയ രാജക്കന്മാരിൽ ആരേയാണ് ആദരിച്ച് മുഖ്യസ്ഥാനത്ത് ഇരുത്തി അഗ്രപൂജ ചെയ്യേണ്ടത് എന്ന് ധർമ്മപുത്രൻ ഭീഷ്മരോട് ചോദിക്കുന്നു. ശ്രീകൃഷ്ണനെ തന്നെ എന്ന് ഭീഷ്മർ നിസ്സംശയം മറുപടി പറയുന്നു. അത് പ്രകാരം ധർമ്മപുത്രൻ ബ്രാഹ്മണരെ കൊണ്ട് ശ്രീകൃഷ്ണന്റെ പാദപൂജചെയ്യുക്കുന്നു. അതുകണ്ടുകൊണ്ട് ശിശുപാലൻ വേദിയിലേക്ക് വരുന്നു. ശിശുപാലൻ ധർമ്മപുത്രർ ചെയ്തത് ശരിയായില്ല കൃഷ്ണനെയല്ല അഗ്രപൂജ ചെയ്യേണ്ടത് എന്ന് പറഞ്ഞ് കൃഷ്ണനെ നിന്ദിയ്ക്കുന്നു. അത് കേട്ട് അർജ്ജുനൻ ശിശുപാലനോട് ഏറ്റുമുട്ടുന്നു.
രംഗം പത്ത്. ഇന്ദ്രപ്രസ്ഥത്തിലെ രാജസൂയം വേദി തന്നെ. ശിശുപാലനും അർജ്ജുനനും യുദ്ധം ചെയ്യുന്ന സമയം ശ്രീകൃഷ്ണൻ സുദർശനത്തെ സ്മരിച്ച് സുദർശനം വരുന്നു. കൃഷ്ണൻ വിശ്വരൂപം കൈക്കൊള്ളുന്നു. ഇതു ദർശിച്ച് പൂർവസ്മരണ വന്ന ശിശുപാലൻ- വൈകുണ്ഠത്തിലെ ദ്വാരപാലകൻ- ഭഗവാനാൽ വധിക്കപ്പെടാനായി ഒരുങ്ങുന്നു. ശ്രീകൃഷ്ണൻ ചക്രം കൊണ്ട് ശിശുപാലനെ വധിക്കുന്നു. ശ്രീകൃഷ്ണൻ ധർമ്മപുത്രനോട് – ‘ഇനി വേഗം യാഗം സമാപിച്ചുകൊള്ളുക’. രാജസൂയം യാഗം ഭംഗിയായി കഴിയുന്നു.
രംഗം പതിനൊന്ന്. ശിശുപാലവധം അറിഞ്ഞ് ശിശുപാലന്റെ കിങ്കരന്മാർ യുദ്ധത്തിനായി വരുന്നു. ബലരാമൻ അവരെ തോൽപ്പിക്കുന്നു.
രംഗം പന്ത്രണ്ടിൽ വേണുദാരി എന്ന അസുരൻ യാദവരോട് യുദ്ധത്തിനായി വരുന്നു. യുദ്ധത്തിൽ ബലഭദ്രൻ വേണുദാരിയെ വധിക്കുന്നു. രാജസൂയം തെക്കൻ ഇവിടെ അവസാനിക്കുന്നു.
(ശിശുപാലൻ - വൈകുണ്ഠത്തിലെ ദ്വാരപാലകന്മാരായിരുന്ന ജയവിജയന്മാർ സനകാദിമുനികളുടെ ശാപമേറ്റ് അസുരയോനിയിൽ മൂന്നു ജന്മമെടുത്തു. ആദ്യം ഹിരണ്യാക്ഷനും ഹിരണ്യകശിപുവും. രണ്ടാമത് രാവണനും കുംഭകർണ്ണനും. മൂന്നാമത് ശിശുപാലനും ദന്തവക്ത്രനും.)
വേഷങ്ങൾ
ശ്രീകൃഷ്ണൻ - പച്ചമുടി
രുഗ്മിണി, സത്യഭാമ – മിനുക്ക് സ്ത്രീ
ബലഭദ്രൻ - പഴുപ്പ് മുടി
ഉദ്ധവൻ - പച്ച
ദൂതൻ - മിനുക്ക്
നാരദൻ - മിനുക്ക് ഋഷി
ധർമ്മപുത്രൻ, ഭീമൻ, അർജ്ജുനൻ - പച്ച
ബ്രാഹ്മണർ - മിനുക്ക്
ജരാസന്ധൻ - കത്തി
ജരാസന്ധപത്നി – മിനുക്ക് സ്ത്രീ
ശിശുപാലൻ - ചുവന്നതാടി
ഭീഷ്മർ - പച്ച
പൂജാബ്രാഹ്മണർ - മിനുക്ക്