ബാണയുദ്ധം

ആട്ടക്കഥ: 
 

ആട്ടക്കഥാകാരൻ

ബാലകവി രാമശാസ്ത്രികൾ (1772-1840)


സവിശേഷതകൾ

മഹാഭാഗവതം ദശമസ്കന്ധം അടിസ്ഥാനമാക്കി ബാലകവി പാലക്കാട് രാമശാസ്ത്രികൾ രചിച്ച ആട്ടക്കഥ ആണ് ബാണയുദ്ധം. ഇതിലെ ഉഷയും ചിത്രലേഖയും തമ്മിലുള്ള ഭാഗം മാത്രമായി ‘ഉഷ ചിത്രലേഖ‘ എന്ന പേരിൽ അവതരിപ്പിക്കാറുണ്ട്. ബാണന്റെ ഗോപുരവർണ്ണന വളരെ പ്രസിദ്ധമാണ്. 
ബാണാസുരൻ മഹാബലിയ്ക്ക് കോടരായിലുണ്ടായ പുത്രനാണ്. ശോണിതപുരം എന്ന നഗരമാണ് ബാണന്റെ വാസസ്ഥലം. അതി ശക്തിമാനായ ദൈത്യരാജാവായിരുന്നു ബാണൻ. ശിവഭക്തനുമായിരുന്നു. ജനിച്ചപ്പോൾ തന്നെ ആയിരം കൈകളുണ്ടായിരുന്നു. വിഷ്ണുവിന്റെ ശത്രു ആണ്. മിഴാവ് വാദകനായിരുന്നുവത്രെ ബാണൻ. ബാണന്റെ ഗോപുരം കാത്തിരുന്നത് ശിവൻ ആയിരുന്നു. അതിനാൽ തന്നെ ഇക്കഥയിൽ ശൈവ വൈഷ്ണവ സംഘട്ടനം വിവരിക്കുന്നത് ഒരു പ്രത്യേകതയാണ്.  
ബാണന്റെ മകളാണ് ഉഷ. ഉഷയുടെ തോഴി ആണ് ചിത്രലേഖ. ചിത്രലേഖ ബാണന്റെ മന്ത്രിയായ കുംബാണ്ഡന്റെ മകൾ ആണ്. മായവിദ്യകൾ അറിയുന്നവളും ചിത്രകാരിയും ആയിരുന്നു ചിത്രലേഖ. വിപ്രലംഭശൃംഗാരം നിറഞ്ഞ നല്ല സാഹിത്യമാണ് ഈ ആട്ടക്കഥയിലേത്. ശിവജ്വരം വിഷ്ണുജ്വരം എന്നിങ്ങനെ രണ്ട് ചുവന്ന താടികൾ തമ്മിൽ ഏറ്റുമുട്ടുന്നത് ഈ കഥയുടെ ഒരു പ്രത്യേകതയാണ്. 
 

കഥാസംഗ്രഹം

രംഗം ഒന്നിൽ ശ്രീകൃഷ്ണന്റെ പത്നിമാരോടൊത്തുള്ള ശൃംഗാരരംഗത്തോടെ കഥ തുടങ്ങുന്നു. രണ്ടാം രംഗത്തിൽ മഹാബലിപുത്രനായ ബാണാസുരൻ, പത്നിയോടൊത്ത് കൊട്ടാരത്തിലെ ഉദ്യാനത്തിൽ രമിക്കുന്നു. 
മൂന്നാം രംഗംത്തിൽ ശിവൻ കുടുംബസമേതം ബാണന്റെ ഗോപുരം കാത്തുകൊണ്ട് വാഴുന്നു. ആയിരം കൈകളുള്ള ബാണൻ അഹങ്കാരം കാരണം ഒരു ദിവസം ശിവനെ യുദ്ധത്തിനു വിളിച്ചു. ശിവൻ ബാണന്റെ ഗോപുരം കാവൽക്കാരനായതിനാൽ ഭൃത്യനാണ്, ഭൃത്യനോട് യുദ്ധം ചെയ്യുന്നത് ഉചിതമല്ല എന്നും ബാണനോട് യുദ്ധം ചെയ്യാൻ ഉടൻ ഒരാൾ വരുമെന്നും ശിവൻ ബാണനെ അറിയിക്കുന്നു. 
നാലാം രംഗത്തിൽ അങ്ങനെ ഇരിക്കുന്ന സമയത്ത്, തന്റെ മകളായ ഉഷയ്ക്ക് യൗവ്വനം തികഞ്ഞിരിക്കുന്നു എന്നും പറ്റിയ ഒരു വരനെ കണ്ട് പിടിക്കണമെന്നും മന്ത്രിമാരോട് ബാണൻ ആവശ്യപ്പെടുന്നു. ഉഷയുടെ ജാതകം അതിവിശിഷ്ടമാണെന്നും വൈകാതെ പുരുഷസംഗമം ഉണ്ടാകുമെന്നും മന്ത്രിമാർ ബാണനെ അറിയിക്കുന്നു. 
അഞ്ചാം രംഗത്തിൽ ഉഷ തോഴിയായ ചിത്രലേഖയുമൊത്ത് ഉദ്യാനത്തിൽ കളിച്ച്, അവശയായി വന്ന് ചിത്രലേഖയുടെ മടിയിൽ തലചായ്ച്ച് ഉറങ്ങുന്നു. ഉറക്കത്തിൽ ഒരു പുരുഷനെ സ്വപ്നം കണ്ട് കാമപരവശയായി ഉഷ പെട്ടെന്ന് എഴുന്നേൽക്കുന്നു. കാമദേവനു സമാനമായ രൂപമുള്ള ഒരു പുരുഷൻ ഉറക്കത്തിൽ അടുത്തുവന്നു എന്നും കാമകേളികൾ ആരംഭിച്ചുവെന്നും തന്റെ വസ്ത്രം പിടിച്ചഴിക്കാൻ നോക്കിയപ്പോൾ താൻ നിദ്രവിട്ട് ഉണർന്നു എന്നും തന്റെ തോഴിയായ ചിത്രലേഖയോട് ഉഷ പറയുന്നു. പലരാജകുമാരന്മാരേയും വരച്ച് വരച്ച് അവസാനം ഉഷയുടെ സ്വപ്നത്തിൽ വന്ന പുരുഷനെ ചിത്രലേഖ കൃത്യമായി വരച്ച് കൊടുക്കുന്നു. അതാകട്ടെ ശ്രീകൃഷ്ണന്റെ പൗത്രനായ അനിരുദ്ധനാണ്. ദ്വാ‍ാരകയിൽ സ്വസ്ഥമായി ഉറങ്ങുന്ന അനിരുദ്ധനെ ചിത്രലേഖ തന്റെ മായാവിദ്യകൊണ്ട് ആരുമറിയാതെ ഉഷയുടെ അന്തഃപ്പുരത്തിൽ എത്തിയ്ക്കുന്നു, എന്നിട്ട് ഉഷയെ ഏൽപ്പിക്കുന്നു. 
രംഗം ആറ്. ഉഷയാകട്ടെ അനവധി ദിവസങ്ങൾ അനിരുദ്ധനെ അന്തഃപ്പുരത്തിൽ സ്വകാര്യമായി താമസിപ്പിച്ച് രഹസ്യമായി അവർ കാമകേളികൾ ചെയ്തു. 
രംഗം ഏഴിൽ അനിരുദ്ധന്റേയും ഉഷയുടേയും കേളികൾ തന്നെ.
രംഗം എട്ടിൽ, ഒരു ദിവസം ഉഷയ്ക്ക് ജാരസംഗമം ഉണ്ട് എന്ന് സംശയം ഒരു അന്തഃപുരസ്ത്രീ ബാണനെ അറിയിക്കുന്നു. 
രംഗം ഒമ്പതിൽ ബാണൻ ദേഷ്യത്തോടെ അന്തഃപുരത്തിൽ വന്ന് അനിരുദ്ധനെ നാഗാസ്ത്രത്താൽ ബന്ധിക്കുന്നു. ഉഷ സങ്കടത്തോടെ മഹാവിഷ്ണുവിനെ സ്തുതിയ്ക്കുന്നു. 
രംഗം പത്തിൽ നാരദൻ വന്ന് പറയുമ്പോൾ അനിരുദ്ധൻ ബന്ധനസ്ഥനായ വിവരം ശ്രീകൃഷ്ണൻ അറിയുന്നു. യാദവസൈന്യം ബാണനോട് ഏറ്റുമുട്ടാൻ പുറപ്പെടുന്നു.
രംഗം പതിനൊന്നിൽ പ്രദ്യുമ്നനൻ ബാണനോടേറ്റുമുട്ടാൻ വരുന്നത് കണ്ട് ബാണന്റെ ഗോപുരം കാക്കുന്ന നന്ദികേശ്വരന്റെ ആത്മഗതം മാത്രമാണ് ഈ രംഗം.
രംഗം പന്ത്രണ്ടിൽ പ്രദ്യുമ്നനെ നന്ദികേശ്വരൻ തോൽപ്പിക്കുന്നു.
രംഗം പതിമൂന്നിൽ ശിവജ്വരവും വിഷ്ണുജ്വരവും തമ്മിൽ യുദ്ധം. ശിവജ്വരം നശിക്കുന്നു. രംഗം പതിന്നാലിൽ ബാണാസുരനെ നേരിട്ട ശ്രീകൃഷ്ണന്റെ പോരിനു വിളി. 
രംഗം പതിനഞ്ചിൽ യുദ്ധം. ശ്രീകൃഷ്ണൻ യുദ്ധത്തിൽ ബാണാസുരന്റെ ആയിരം കൈകളും അറുത്ത് മാറ്റുന്നു. 
രംഗം പതിനാറിൽ ശിവൻ, കൃഷ്ണനോട് ബാണനെ വധിക്കരുത് എന്ന് പറയുന്നു. അതിൽ സന്തുഷ്ടനായ കൃഷ്ണൻ, ബാണനു നാലുകൈകൾ മാത്രം നൽകുന്നു.
രംഗം പതിനേഴിൽ ശേഷം ബാണൻ, ഉഷയെ അനിരുദ്ധനു വിവാഹം കഴിച്ച് നൽകുന്നു. പ്രഹ്ലാദന്റെ വംശത്തിൽ പിറന്നവരെ കൊല്ലുകയില്ല എന്ന് പ്രഹ്ലാദനു നരസിംഹാവതാരസമയത്ത് വാക്കുകൊടുത്തിട്ടുള്ളതിനാലാണ് ബാണനെ, ശ്രീകൃഷ്ണൻ വധിക്കാതിരുന്നത്. കൃഷ്ണനേയും ശിവനേയും സ്തുതിച്ച് ബാണൻ ശേഷകാലം കഴിയുന്നു. 
ബാണയുദ്ധം കഥ സമാപിക്കുന്നു.
 

വേഷങ്ങൾ

ശ്രീകൃഷ്ണൻ - പച്ച
അനിരുദ്ധൻ - പച്ച
പ്രദ്യുമ്നൻ - പച്ച
ബാണൻ - കത്തി
ബാണപത്നി - സ്ത്രീ
ഉഷ - സ്ത്രീ
ചിത്രലേഖ -സ്ത്രീ
കൃഷ്ണന്റെ പ്രണയിനിമാർ - സ്ത്രീ
ശിവജ്വരം - ചുവന്നതാടി പോലെ എങ്കിലും പ്രത്യേകമുഖത്തെഴുത്ത്
വിഷ്ണുജ്വരം - ചുവന്നതാടി പോലെ എങ്കിലും പ്രത്യേകമുഖത്തെഴുത്ത്
നാരദൻ - മിനുക്ക്, മുനിവേഷം
വൃദ്ധ - പ്രാകൃതം
നന്ദികേശ്വരൻ - വെള്ളത്താടി വട്ടമുടി
ശിവൻ - മനയോല പഴുക്ക
സുബ്രഹ്മണ്യൻ
ഗണപതി 
ഭൂതഗണം - പ്രാകൃതം
കുംഭാണ്ഡൻ (മന്ത്രി)