കിരാതം
ആട്ടക്കഥ:
Table of contents
ആട്ടക്കഥാകാരൻ
ഇരട്ടക്കുളങ്ങര രാമവാര്യർ എഴുതിയ ആട്ടക്കഥ ആണ് കിരാതം എന്ന ഭക്തിനിർഭരമായ കഥ. പതിനെട്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ് വാര്യർ ജനിച്ചതെന്ന് പറയപ്പെടുന്നു. അമ്പലപ്പുഴ ഇരട്ടക്കുളങ്ങര ക്ഷേത്രത്തിനടുത്താണ് വാര്യരുടെ ജന്മഗൃഹമായ ഇരട്ടക്കുളങ്ങര വാരിയം. "ജന്മമൊടുങ്ങുവാൻ വരം കൽമഷാരേ തരേണമേ" എന്ന് ഈ കഥയിൽ എഴുതിയത് വാര്യർക്ക് അറം പറ്റി എന്ന് ഐതിഹ്യമുണ്ട്. കിരാതം കഥ എഴുതി മൂന്നുദിവസത്തിനുള്ള വാര്യർ ഒരു കാളയുടെ കുത്തേറ്റ് മരിച്ചെന്നാണ് കഥ. തികച്ചും ലളിതമായ മലയാളത്തിൽ എഴുതിയ കഥയാണ് കിരാതം. നാടകീയമായ കഥകളി രംഗങ്ങൾ ഒന്നുമില്ലെങ്കിലും ലളിതസുന്ദരകോമളപദാവലികൊണ്ട് കിരാതം ഭക്തിരസപ്രധാനമായ ആട്ടക്കഥയായി നിലകൊള്ളുന്നു.
കഥാസംഗ്രഹം
രംഗം 1
പാണ്ഡവന്മാർ ചൂതിൽ തോറ്റ് ദ്വൈതാടവിയിൽ വനവാസം ചെയ്യുന്ന കാലം. അർജ്ജുനൻ ശത്രുസംഹാരത്തിനായിക്കൊണ്ട് പാശുപതം എന്ന ദിവാസ്ത്രം പരമശിവനിൽ നിന്നും ലഭിക്കാനായി ശിവനെ തപസ്സ് ചെയ്യാനായി പുറപ്പെട്ടു. തപസ്സിനായി പാഞ്ചാലിയോട് വിടവാങ്ങുന്നതാണ് ഈ രംഗത്തിൽ.
രംഗം 2
അർജ്ജുനൻ തപോവനത്തിലേക്കുള്ള യാത്രയിൽ പരമശിവനെ മനസ്സിൽ ധ്യാനിക്കുന്നതാണ് പരമേശ പാഹി എന്ന ഈ ആത്മഗതം പോലുള്ള പദം.
രംഗം 3
ഇവിടെ അർജ്ജുനൻ തപസ്സ് ചെയ്യുന്നു. പരമിശിവന്റെ കേശാദിപാദ വർണ്ണന ആണ്.
രംഗം 4
അർജ്ജുനന്റെ തപസ്സ് ഇളക്കുവാനായി ഇന്ദ്രൻ ദേവസ്ത്രീകളെ അയക്കുന്നു.
രംഗം 5
ദേവസ്ത്രീകൾ അർജ്ജുനസമീപം എത്തി തപസ്സ് ഇളക്കാനായി ശ്രമിക്കുന്നു. അത് നിഷ്ഫലമാകുന്നു. ദേവസ്ത്രീകൾ തിരിച്ച് പോകുന്നു.
രംഗം 6
ഇന്ദ്രൻ, അർജ്ജുനന്റെ തപസ്സ് മുടക്കാൻ ശ്രമിച്ചിട്ടും പറ്റാതായപ്പോൾ, കൈലാസത്തിലെത്തി, പാർവ്വതീദേവിയെ കണ്ട് അർജ്ജുനനു വരങ്ങൾ നൽകി അനുഗ്രഹിക്കാൻ അപേക്ഷിക്കുന്നു. അത് കേട്ട് പാർവ്വതി പരമേശ്വരസമീപം ചെന്ന്, അർജ്ജുനനു എന്താണ് വേഗത്തിൽ വരങ്ങൾ നൽകാത്തത് എന്ന് അന്വേഷിക്കുന്നു. അർജ്ജുനന്റെ ഗർവ്വം കളഞ്ഞ് വരങ്ങൾ നൽകാം എന്ന് പരമേശ്വരൻ പാർവ്വതിയെ അറിയിക്കുന്നു. ആയതിനായി ശിവൻ ഒരു കാട്ടാളനഅകാമെന്നും, പാർവ്വതി ഒരു കാട്ടാളസ്ത്രീ ആയി വേഷം മാറിവരണമെന്നും ശിവൻ പറയുന്നു. ശേഷം അർജ്ജുനസമീപം ചെന്ന് അർജ്ജുനനുമായി ശണ്ഠകൂടാമെന്ന് പറയുന്നു. അർജ്ജുനൻ മനുഷ്യനാണ് അവന്റെ മാനം കളയരുത് -കാമദേവനെ ദഹിപ്പിച്ചപോലെ ദഹിപ്പിക്കരുത്- എന്ന് മറുപടിയായി പാർവ്വതി ശിവനോട് അഭ്യർത്ഥിക്കുന്നു. പണ്ട് കാമദേവനെ ദഹിപ്പിച്ചപോലെ അല്ല ഇത് അതുമായി താരതമ്യം ചെയ്യരുത് എന്ന് ശിവൻ പറയുന്നു.
ഇത്ഥം നിവേദ്യ ഗിരിപുത്രീം
ഈ ദണ്ഡകത്തിൽ ശിവപാർവ്വതിമാരുടെ വേഷം മാറി വരവും ഭൂതഗണങ്ങളുടെ വേഷം മാറലും എല്ലാവരും കൂടി കാടിളക്കി വേട്ടചെയ്ത് നടക്കുന്നതും ആണ് പറയുന്നത്. ആ സമയം ദുര്യോധനൻ അർജ്ജുനനെ കൊല്ലാനായി അയച്ച പന്നിവേഷം പൂണ്ടാ മൂകാസുരനെ അർജ്ജുനനെ വധിക്കാനയി വരുന്നു.
രംഗം 7
അർജ്ജുനനുസമീപം എത്തിയ കാട്ടാളത്തിയ്ക്ക്, കാട്ടാളന്റെ കണ്ണുകൾ വല്ലാതെ ചുകന്നുകണ്ട് ഭയമാകുന്നു. അർജ്ജുനനുവേഗം വരം കൊടുക്കാനായി ധൃതികൂട്ടുന്നു. കാട്ടാളൻ ആ സമയം മൂകാസുരൻ അർജ്ജുനനെ വധിക്കാനായി വരുന്നുണ്ട് എന്നും അവനെ കൊന്ന് അൽപ്പനേരം അർജ്ജുനനുമായി ശണ്ഠകൂടി ഗർവ്വം തീർത്ത് വരം കൊടുക്കാം എന്നും കാട്ടാളത്തിയെ ആശ്വസിപ്പിക്കുന്നു. കാട്ടാളത്തിയ്ക്ക് സമാധാനം ആകുന്നില്ല. അപ്പോൾ അർജ്ജുനസമീപം തന്റെ ഒപ്പം വരാനായി കാട്ടാളസ്ത്രീയോട് കാട്ടാളൻ പറയുന്നു. കാട്ടാളനു കോപം വർദ്ധിക്കുമ്പോൾ സാന്ത്വനവാക്കുകൾ പറഞ്ഞ് കോപം തണുപ്പിക്കണം എന്നും ആവശ്യപ്പെടുന്നു.
രംഗം 8
അർജ്ജുനസമീപം കാട്ടാളനും കാട്ടാളത്തിയും എത്തുന്നു. മൂകാസുരൻ പന്നിയുടെ രൂപം പൂണ്ട് അർജ്ജുനനെ വധിക്കാനായി വരുന്നു. കാട്ടാളൻ മൂകാസുരനുനേരെ അമ്പെയ്ത് വധിക്കുന്നു. അതേസമയം അർജ്ജുനനും മൂകാസുരനു നേരെ അമ്പെയ്യുന്നു. ഇത് ഒരു ശണ്ഠയ്ക്ക് വട്ടം കൂട്ടുന്നു. തുടർന്നുണ്ടായ യുദ്ധത്തിൽ കാട്ടാളൻ അർജ്ജുനനെ തൂക്കിയെറിയുന്നു. വീണസ്ഥലത്തുനിന്നും എഴുന്നേറ്റ് അർജ്ജുനൻ മണ്ണുകൊണ്ട് ശിവലിംഗമുണ്ടാക്കി പൂവിട്ട് ആരാധിക്കുന്നു. താനിട്ട പൂവുകൾ എല്ലാം കാട്ടാളന്റെ തലയിൽ കണ്ട് അർജ്ജുനൻ അത്ഭുതപരതന്ത്രനാകുന്നു. കാട്ട്റ്റാളനും കാട്ടാളത്തിയും രൂപം മാറി സ്വരൂപത്തിൽ-ശിവപാർവ്വതിമാരായി-പ്രത്യക്ഷപ്പെടുന്നു. അർജ്ജുനനെ അനുഗ്രഹിച്ച് പാശുപതാസ്ത്രം നൽകി മറയുന്നു.
മൂലകഥയിൽനിന്നുള്ള വ്യത്യാസങ്ങൾ
1.തപസ്സിനായി ഹിമാലയത്തിലെത്തുന്ന അർജ്ജുനന്റെ മുന്നിൽ ഒരു വൃദ്ധതാപസവേഷത്തിലെത്തി ഇന്ദ്രൻ വേണ്ടതായ നിദ്ദേശങ്ങൾ നൽകി അനുഗ്രഹിച്ചു എന്നാണ് മൂലകഥയിൽ. ഇത് ആട്ടക്കഥയിൽ പരാമർശ്ശിക്കുന്നില്ല. മറിച്ച്, ഇന്ദ്രൻ അർജ്ജുനന്റെ തപസ്സുമുടക്കുവാനായി അപ്സരസ്സുകളെ നിയോഗികുന്നതായാണ് ആട്ടക്കഥയിൽ ഉള്ളത്.
2.അർജ്ജുനൻ തപസ്സുചെയ്യുന്ന വിവരമറിയിച്ച് അവനിൽ പ്രീതനാകുവാൻ മഹർഷിമാർ വന്ന് ശിവനെ പ്രേരിപ്പിക്കുന്നതായാണ് മൂലകഥയിൽ. എന്നാൽ ആട്ടക്കഥയിൽ ഇന്ദ്രന്റെ അപേക്ഷപ്രകാരം ശ്രീപാർവ്വതിയാണ് അർജ്ജുനന് വരം നൽകുവാൻ ശിവനെ പ്രേരിപ്പിക്കുന്നത്.
3.ആട്ടക്കഥയിലേതുപോലെ കാട്ടാളനും അർജ്ജുനനുമായുള്ള യുദ്ധത്തിനിടയിൽ ഇടപെട്ട് കാട്ടാളസ്ത്രീ കാട്ടാളനെ സമാധാനിപ്പിക്കുകയോ, അർജ്ജുനനെ ശപിക്കുകയൊ ചെയ്യുന്നതായി മൂലകഥയിൽ പ്രസ്ഥാപിക്കുന്നില്ല. ഔചിത്യപരമായ ഈ മാറ്റത്തിലൂടെ അർജ്ജുനന്റെ പരാജയങ്ങൾക്ക് തക്കതായ കാരണങ്ങൾ സൃഷ്ടിക്കുവാനും, ഒപ്പം കാട്ടാളസ്ത്രീയ്ക്ക് അഭിനയിക്കുവാനായി കൂടുതൽ അവസരമൊരുക്കുവാനും ആട്ടക്കഥാകാരന് സാധിച്ചു.
വേഷങ്ങൾ
അർജ്ജുനൻ - പച്ച
പാഞ്ചാലി-സ്ത്രീവേഷം മിനുക്ക്
കാട്ടാളൻ-കരി
കാട്ടാളത്തി-മിനുക്ക് കരി
ഇന്ദ്രൻ-പച്ച
പാർവ്വതി-സ്ത്രീവേഷം മിനുക്ക്
ദേവസ്ത്രീകൾ-സ്ത്രീവേഷം മിനുക്ക്