ദിവ്യകാരുണ്യചരിതം

ആട്ടക്കഥാകാരി

രാധാമാധവൻ, ആലത്തൂർ
[റവ.ഫാദർ ജോയ്‌ ചെഞ്ചേരിലിന്റെ "ഇതു നിനക്കായ്‌" എന്ന കവിതയെ ആസ്പദമാക്കി രചിച്ചത്‌. ]

സംവിധാനം

കലാമണ്ഡലം സാജൻ 

സംഗീത സംവിധാനം

പുല്ലൂർ മനോജ്‌

കഥാസാരം:

രംഗം ഒന്ന്
കത്തിയുടെ തിരനോക്ക്‌ - ആട്ടം -
തിരനോക്കിനുശേഷം,  തിരശ്ശീല മാറ്റുമ്പോൾ ചിന്താവിഷ്ടയായിരിക്കുന്ന പത്നിയുടെ സമീപത്തേയ്ക്ക്‌ പിലാത്തോസ്‌ പ്രവേശിക്കുന്നു. അവളുടെ വ്യസനകാരണം അന്വേഷിക്കുന്നു. (പദം: "കല്ല്യാണീ! ചൊല്‍കമമ..."; രാഗം: കല്ല്യാണി; താളം: ചെമ്പട)    
തലേന്നുരാത്രിയിൽ താൻ കണ്ട ദിവ്യസ്വപ്നത്തെപ്പറ്റി പത്നി പറയുന്നു. "നിരപരാധിയായ യേശുവിനെ ശിക്ഷിക്കരുത്‌" എന്ന്‌ ദിവ്യപിതാവ്‌ അരുളിച്ചെയ്തു എന്നതായിരുന്നു ആ സ്വപ്നം. (പദം: "പാര്‍വ്വണശശിവദനാ!..."; രാഗം: ഖരഹരപ്രിയ; താളം: ചെമ്പട)
പിലാത്തോസ്‌ ഭാര്യയുടെ വാക്കിനെ പുച്ഛിച്ചുതള്ളുന്നു. "ഭരണകാര്യങ്ങളിൽ ഇടപെടാൻ സ്ത്രീകള്‍ക്കെന്തധികാരം?" എന്ന്‌ ആക്രോശിക്കുന്നു. (പദം: "പൂജ്യേ! നിനക്കേവം..." ; രാഗം: സാരംഗം; താളം: ചെമ്പ)
 
രംഗം രണ്ട്‌
നാടുതോറും നടന്ന്‌ രഹസ്യ വിവരങ്ങൾ ശേഖരിച്ചു വരുവാൻ താൻ നിയോഗിച്ച ചാരൻ വരാത്തതെന്ത്‌ എന്ന്‌ അക്ഷമയോടെ നോക്കിയിരിക്കുന്ന പിലാത്തോസിന്റെ സന്നിധിയിലേയ്ക്ക്‌ ദൂതൻ പ്രവേശിക്കുന്നു. വന്ദിച്ചതിനുശേഷം പറയുന്നു. "അങ്ങയുടെ ആജ്ഞ അനുസരിച്ച്‌ ഞാൻ രാജ്യത്തെമ്പാടും അന്വേഷിച്ചു. ഒരുത്തൻ ചെയ്തുകൂട്ടുന്ന അല്‍ഭുതങ്ങളെപ്പറ്റിയാണ്‌ ജനങ്ങള്‍ക്കിടയിൽ മുഴുവൻ സംസാരം. അവന്റെ പ്രഭാഷണം കേള്‍ക്കാൻ എത്തിയ വമ്പിച്ച ജനക്കൂട്ടത്തിന്‌ ഒരിക്കൽ വിശപ്പു സഹിക്കാതായത്രെ. അപ്പോൾ അവൻ വെറും അഞ്ച്‌ അപ്പമെടുത്ത്‌ എല്ലാവര്‍ക്കും പങ്കുവെച്ചു കൊടുത്തുവത്രെ. അതുകൊണ്ട്‌ അവരുടെയെല്ലാം വിശപ്പുമാറിയത്രെ!! രക്തം പോയിമരിക്കാൻ കിടക്കുന്ന ഒരു പെണ്ണിനെ ചെന്ന് അവൻ സ്വന്തം കൈ കൊണ്ടു തൊട്ടു. അതോടെഅവൾ സുഖം പ്രാപിച്ചുപോലും!! പലതും ഉണ്ട്‌ ഇത്തരത്തിലുള്ള കെട്ടുകഥകൾ - മുടന്തനെ നടത്തി – വെള്ളം വീഞ്ഞാക്കി മാറ്റി ദാഹം മാറ്റി  - അന്ധനായ ഒരുത്തന്‌ കാഴ്ച നല്‍കി - അങ്ങനെയങ്ങനെ...
ആരാണ്‌ ഈ മനുഷ്യനെന്ന്‌ എനിക്ക്‌ കണ്ടു പിടിക്കാൻ സാധിച്ചിട്ടില്ല ഇതുവരേയും. എന്നാൽ അവന്റെ പിന്നാലെ പോകുന്നവരിൽ ഒരുത്തൻ മൂത്ത കൊതിയനാണ്‌. അവനെ വശത്താക്കിയാൽ കാര്യം നേടാം.”  (പദം: "ജയജയ! വീര! നായകാ!..." ; രാഗം : കാംബോജി; താളം: ) "എന്നാൽ നീ വേഗം പോയി അവനെ നമ്മുടെ രഹസ്യ മുറിയിലേയ്ക്ക്‌ കൊണ്ടുവന്നിരുത്തണം. ഞാനാരും അറിയാതെ അങ്ങോട്ടു ചെന്ന്‌ അവനോടു സംസാരിച്ചു കൊള്ളാം.”  എന്ന്‌ പിലാത്തോസ്‌ ദൂതനെ പറഞ്ഞയക്കുന്നു. (പദം: “സഫലമേറ്റം നിൻ പ്രയത്നം..." ; രാഗം: ഷണ്മുഖപ്രിയ; താളം: പഞ്ചാരി)
 
രംഗം മൂന്ന്‌
യൂദാസ്‌ പീഠത്തിൽ ഇരിയ്ക്കുന്നു. പിലാത്തോസ്‌ പ്രവേശിക്കുന്നു. യൂദാസ്‌ എഴുന്നേറ്റ്‌ വന്ദിക്കുന്നു. പിലാത്തോസ്‌ പീഠത്തിലിരിക്കുന്നു. നിന്ദ്യനായ തന്നെ അടിയന്തിരമായി വിളിച്ചുവരുത്തിയത്‌ എന്തിനാണാവോ എന്ന്‌ താഴ്മയോടെ യൂദാസ്‌ ചോദിക്കുന്നു. (പദം:  "അടിയിണ..." ; രാഗം: ധന്യാസി; താളം: ചെമ്പട)
"ഒരുത്തനുണ്ടല്ലൊ, സകലദിക്കിലും നടന്ന്‌  ഇന്നാട്ടിലെ നിയമങ്ങളെ വെല്ലുവിളിക്കുന്നവൻ; അവൻ ആരാണ്‌?” എന്ന്‌ പിലാത്തോസ്‌ യൂദാസിനോടു ചോദിക്കുന്നു. (പദം : "ആരാണവൻ ചൊല്ലെടോ..."; രാഗം: വേകട; താളം: ത്രിപുട)
"അതെനിക്ക്‌ അങ്ങനെ പറയുവാനാൻ ആകില്ല. അദ്ദേഹം എന്റെ ഗുരുവാണ് ‌” എന്നെല്ലാം പരുങ്ങിപ്പരുങ്ങി വിലപേശുകയാണ്‌  യൂദാസ്‌. (പദം: "അങ്ങനെ ചൊല്ലുവതെങ്ങനെ..." ; രാഗം: അഠാണ; താളം: ചെമ്പട)
"ആഹാ! നീ അവനെ നേരിൽ അറിയുമെന്നോ! എന്നാൽ വേഗം പറഞ്ഞു തന്നാൽ മുപ്പതുവെള്ളിനാണയങ്ങൾ ഇതാ നിനക്കു സ്വന്തമാക്കാം!!!” എന്നു പറഞ്ഞ്‌ പിലാത്തോസ്‌ യൂദാസിനെ ഭ്രമിപ്പിക്കുന്നു. (പദം: "ആഹാ! നീയറിയും നന്നായ്‌...."; രാഗം : പന്തുവരാടി; താളം: ചെമ്പട)
"നേരിട്ടു പറയാൻ ധൈര്യമില്ല; നാളെ ഒരാളെ ഞാൻ വഴിയിൽ വെച്ച്‌ ഉമ്മവയ്ക്കാം. അയാളാണ്‌..." എന്നു പറഞ്ഞു കൊടുത്ത്‌ യൂദാസ്‌ പണം സ്വീകരിക്കുന്നു. (പദം: "നേരേ ചൊല്ലാൻ പാടില്ലാ..."; രാഗം: അഠാണ; താളം: ചെമ്പട)
പിലാത്തോസ്‌ പോകുന്നു. പണക്കിഴിയും കിലുക്കി യൂദാസ്‌  സന്തോഷം കൊണ്ട്‌ തുള്ളിച്ചാടുന്നു.
 
രംഗം നാല്‌
അവസാനത്തെ അത്താഴത്തിന്റെ രംഗം. യേശുവിന്റെ 12 ശിഷ്യർ (യൂദാസ്‌, പത്രോസ്‌, മാത്യു, ജോണ്, ജയിമ്സ്‌, തോമസ്‌, ആന്‍ഡ്രു, ജയിമ്സ്‌, ഫിലിപ്‌, സൈമണ്, താഡിയസ്‌, ബര്‍ത്തലോമേവ്‌) അരങ്ങത്ത്‌. യേശു ജനങ്ങള്‍ക്കിടയിലൂടെ നടന്നു വരുന്നു. ശിഷ്യർ സ്വീകരിക്കുന്നു. യേശു തന്റെ ശിഷ്യരുടെ കാൽ കഴുകി ചുംബിച്ച്‌ വിനയത്തിന്റെ മഹത്തായ പാഠം പഠിപ്പിക്കുന്നു. യേശു പ്രഖ്യാപിക്കുന്നു:
"എന്റെ വിരുന്നു ശാലയിലേയ്ക്കു വരുവാൻ വേഷപ്പകിട്ടിന്റെ ആവശ്യമില്ല. എനിക്കിനി ഈ മേലങ്കിയുടെ ആവശ്യമില്ല. പച്ചയായ മനുഷ്യനെ അതേപടി അറിയുന്ന എനിക്ക്‌ ഈ കച്ചമാത്രം മതി. ആരോടും ക്ഷോഭമില്ല എനിക്ക്‌. ഏവരും എന്റെ പ്രിയർ. സ്നേഹമാണ്‌ എന്റെ സിരകളിലൂടെ ഒഴുകുന്നത്‌! അതു ഞാനിതാ പൂര്‍ണ്ണമായും നല്‍കുന്നു. വാങ്ങി ക്കഴിക്കുവിൻ. എന്റെ ശരീരം നിങ്ങൾക്ക് അപ്പമായിത്തീരട്ടെ; വാങ്ങിക്കഴിക്കുവിൻ! നാളെ എന്നെ മൂന്നു വട്ടം തള്ളി പ്പറയും നീ. അതിന്‌ ശക്തി വേണ്ടേ നിനക്ക്‌ പത്രോസേ? എനിക്ക്‌ ചുംബനം നല്‍കി ഒറ്റിക്കൊടുക്കുകയില്ലേ നീ യൂദാസേ? അതിനും വേണ്ടേ ശക്തി?" (പദം: "വേര്‍തിരിവേതുമില്ലാ...” രാഗം: മലയമാരുതം; താളം: മുറിയടന്ത)
യേശു എല്ലാവര്‍ക്കും അപ്പവും വീഞ്ഞും പകുത്തു നല്‍കുന്നു. അത്താഴത്തിനു ശേഷം പ്രാര്‍ത്ഥനയ്ക്ക്‌ ഒരുങ്ങുന്നു. യേശു പ്രാര്‍ത്ഥനയിൽ ലയിക്കുന്നു. ശിഷ്യർ ഉറക്കത്തില്‍പെട്ടുപോവുന്നു...
 
രംഗം അഞ്ച്‌
പിലാത്തോസ്‌ പീഠത്തിൽ കയറിനില്‍ക്കുന്നു. പുറകിൽ രണ്ടു പടയാളികൾ കുന്തവും മറ്റുമായി നില്‍ക്കുന്നു. യേശുവും ശിഷ്യരും വരുന്നതു കാണുന്നു. യൂദാസ്‌ കണ്ണു കൊണ്ടു കാര്യം അറിയിച്ച്‌ യേശുവിനെ ചുംബിച്ച്‌ കള്ളനോട്ടത്തോടെ സൂത്രത്തിൽ സ്ഥലം വിടുന്നു. എല്ലാം അറിയുന്ന യേശു മന്ദഹസിക്കുന്നു. പിലാത്തോസിന്റെ ചോദ്യം ചെയ്യലിൽ പത്രോസ്‌  യേശുവിനെ മൂന്നുവട്ടം തള്ളിപ്പറയുന്നു. അതു കണ്ട യേശു ദയവഴിയുന്ന മിഴികളോടെ കടാക്ഷിക്കുന്നു. പത്രോസ്‌ പരുങ്ങുന്നു, പോകുന്നു. മറ്റു ശിഷ്യരും ശിക്ഷ ഭയന്ന്‌ മാറിപ്പോകുന്നു. യേശു ഒറ്റപ്പെടുന്നു.
പിലാത്തോസ്‌ യേശുവിനോട്‌ തട്ടിക്കയറുന്നു. ഇന്നാട്ടിലെ നിയമങ്ങൾ ഒട്ടാകെ മാറ്റിമറിച്ച ഇവനെ ശിക്ഷിക്കണം എന്ന്‌ കൂട്ടം കൂട്ടമായെത്തിയ ജനങ്ങൾ ആര്‍ത്തുവിളിക്കുന്നു. യേശുവിനെ കുരിശിൽ തറക്കുവാൻ പിലാത്തോസ്‌ വിധിക്കുന്നു.
കുരിശുയാത്ര – പീഡാനുഭവങ്ങൾ - കുരിശിൽ തറയ്ക്കൽ.
ഒറ്റക്കണ്ണനായ ലൊഞ്ജിനൂസ്‌ എന്ന പടയാളി യേശുവിന്റെ തിരുമാറിലേയ്ക്ക്‌ കുന്തം കുത്തിക്കയറ്റുന്നു. അപ്പോൾ  ആ തിരുമുറിവിൽ നിന്നും തെറിച്ച ജലകണങ്ങൾ ഒറ്റക്കണ്ണന്റെ കണ്ണിലിറ്റുന്നു. അതോടെ അയാള്ക്ക്‌ പൂര്‍ണമായ കാഴ്ച ലഭിക്കുന്നു. അത്ഭുതസ്തബ്ധനായ ലൊഞ്ജിനൂസ്‌ പരമഭക്തിയോടെ മുട്ടുകുത്തി സ്തുതിക്കുന്നു. സ്തുതിയുടെ അവസാനത്തിൽ യേശൂ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു. ജനസമൂഹത്തെ അനുഗ്രഹിക്കുന്നു.
തിരശ്ശീല
 
പാലാരിവട്ടം പി.ഓ.സി ഓഡിറ്റോറിയത്തിലൽ 21-07-2011 വ്യാഴാഴ്ച ഈ കഥ അദ്യമായി അവതരിപ്പിച്ചു.