ദേവയാനി സ്വയംവരം
ആട്ടക്കഥ:
Table of contents
ആട്ടക്കഥാകാരൻ
താഴവന ഗോവിന്ദനാശാൻ എഴുതിയ ആട്ടക്കഥയാണ് ദേവയാനി സ്വയംവരം.
കഥാസംഗ്രഹം
ഇന്ദ്രന്റെ പുറപ്പാട് കഴിഞ്ഞ് ഒന്നാം രംഗത്തോടെ കഥ തുടങ്ങുന്നു. രംഗം ഒന്നിൽ ഉദ്യാനത്തിൽ ഇരിക്കുന്ന ഇന്ദ്രനും ഇന്ദ്രാണിയും തോഴിമാരും ഉല്ലസിച്ചിരിക്കുന്നു.
രണ്ടാം രംഗത്തിൽ ദൈത്യ ചക്രവർത്തിയായ വൃഷപർവ്വാവും പത്നിയും ഉദ്യാനത്തിൽ ഇരുന്ന് നർമ്മസല്ലാപം ചെയ്യുന്നതായിട്ടാണ്. മൂന്നാമത്തെ രംഗത്തിൽ വൃഷപർവ്വാവിന്റെ ശൗര്യത്തെ പ്രകീർത്തിച്ചു കൊണ്ട് മന്ത്രി വർത്തമാനം പറയുന്നു. വൃഷപർവ്വാവ് ഇന്ദ്രനെ ജയിക്കാൻ തീർച്ചപ്പെടുത്തുന്നു.
രംഗം നാലിൽ വൃഷപർവ്വാവും സൈന്യവും ദേവലോകത്ത് വന്ന് ഇന്ദ്രനെ പോരിനുവിളിക്കുകയാണ്. രംഗം അഞ്ചിയിൽ ഇന്ദ്രനും വൃഷപർവ്വാവുമായുള്ള യുദ്ധമാണ്. യുദ്ധത്തിൽ ഇന്ദ്രൻ തോറ്റോടുന്നു. അങ്ങനെ വൃഷപർവ്വാവ് ലോകം ജയിച്ച് വാണു.
ഇത്രയും രംഗങ്ങൾ ഇപ്പോൾ അരങ്ങത്ത് പതിവില്ല.
അഞ്ചാം രംഗം. ദേവഗുരുവായ ബൃഹസ്പതിയുടെ മകൻ കചൻ, അസുരന്മാരുടെ അജയ്യതയ്ക്ക് കാരണം അവരുടെ ഗുരുവായ ശുക്രാചാര്യർക്ക് മൃതസഞ്ജീവനി മന്ത്രം അറിയുന്നതാണ് എന്ന് മനസ്സിലാക്കി, മൃതസഞ്ജീവനിമന്ത്രം പഠിക്കാനായി, ശുക്രാചാര്യന്റെ ആശ്രമത്തിൽ എത്തുന്നു. ആശ്രമത്തിൽ എത്തുന്ന കചനോട്, ശുക്രാചാര്യൻ ആരാണ് നീ, നിന്റെ വൃത്താന്തമെന്ത് എന്നൊക്കെ ചോദിക്കുന്നു. താൻ ദേവഗുരുവിന്റെ പുത്രനാണെന്നും ശുക്രാചാര്യന്റെ കീഴിൽ വിദ്യ അഭ്യസിക്കാൻ ഗൂഢമായി (അസുരന്മാർ അറിഞ്ഞാൽ കചനെ വിലക്കുമല്ലൊ) എത്തിയതാണെന്നും പറയുന്നു. താൻ എല്ലാം വഴിപോലെ പഠിപ്പിക്കാമെന്ന് പറഞ്ഞ് ശുക്രൻ കചനെ ശിഷ്യനായി സ്വീകരിക്കുന്നു.
രംഗം ഏഴിൽ ശുക്രാചാര്യന്റെ ആശ്രമവനപ്രദേശമാണ്. അവിടെ ഏകാന്തത്തിൽ ഉല്ലസിച്ചിരുന്ന കചനു സമീപം ശുക്രാചാര്യന്റെ പുത്രി ദേവയാനി എത്തുന്നു. ദേവയാനി കചനോട് പ്രേമാഭ്യർത്ഥന നടത്തുന്നു. ശാസ്ത്രങ്ങൾ പഠിക്കുന്ന സമയത്ത് കാമകേൾകികൾ അനുവദനീയമല്ല എന്ന് കചൻ തിരിച്ച് ദേവയാനിയോട് പറയുന്നു.
രംഗം എട്ടിലും കചന്റെ ആശ്രമവനപ്രദേശമാണ്. ദേവഗുരുവിന്റെ പുത്രയനാ കചൻ അസുരഗുരുവിന്റെ ആശ്രമത്തിൽ വന്ന് വിദ്യ അഭ്യസിക്കുന്നതിൽ അമർഷം പൂണ്ട സുകേതു എന്ന അസുരനും കൂട്ടരും ഒരു ദിവസം ഒറ്റയ്ക്ക് വനത്തിൽ വന്ന കചനെ ആക്രമിച്ച് വധിച്ചു.
രംഗം ഒമ്പതിൽ (ദണ്ഡകവും കൂടി) കചന്റെ മൃതദേഹം നുറുക്കി മദ്യത്തിൽ കലക്കിച്ചേർത്ത് ശുക്രനു കുടിയ്ക്കാൻ കൊടുക്കുകയും അത് ശുക്രൻ കുടിയ്ക്കുകയും ചെയ്തു. സമയം കഴിഞ്ഞിട്ടും കചനെ കാണാഞ്ഞ്, ദേവയാനിയ്ക്ക് പരിഭ്രമമായി. ദേവയാനി അച്ഛന്റെ സമീപം ചെന്നു. ദിവ്യശക്തിയാൽ ശുക്രൻ, കചൻ തന്റെ ജഠരത്തിൽ വസിക്കുകയാണെന്ന് അറിഞ്ഞ് അത് ദേവയാനിയോട് പറയുന്നു. മാത്രമല്ല നിനക്ക് അച്ഛനെ ആണോ കചനെ ആണോ വേണ്ടത് എന്ന് ചോദിക്കുന്നു. രണ്ട് പേർക്കും പ്രശ്നമില്ലാതെ കചനെ ജീവിപ്പിക്കാനായി ദേവയാനി പറയുന്നു. അപ്രകാരം ശുക്രൻ മൃതസഞ്ജീവനിമന്ത്രം തന്റെ വയറ്റിൽ കിടക്കുന്ന കചനുപദേശിക്കുന്നു. കചൻ ശുക്രന്റെ വയറുപിളർന്ന് പുറത്ത് വന്ന് മന്ത്രം ചൊല്ലി ശുക്രാചാര്യനു ജീവൻ നൽകുന്നു. അപ്രതീക്ഷിതമായി മൃതസഞ്ജീവനിമന്ത്രം പഠിച്ച കചൻ ശുക്രാചാര്യനോട് തന്റെ പിതാവിനെ കാണാൻ മോഹമുണ്ട് എന്ന് പറഞ്ഞ് വിട ചോദിക്കുന്നു. ശുക്രാചാര്യൻ സന്തോഷത്തോടെ കചനോട് പൊയ്ക്കോളാൻ പറയുന്നു.
ഒപ്പം തന്നെ തന്റെ അനുഭവം വെച്ച്, ബ്രാഹ്മണർ ഇനി മേലാൽ മദ്യസേവ നടത്തരുത് എന്ന് കൂടെ പറയുന്നു.
രംഗം പത്തിൽ വനമാർഗ്ഗം ആണ്. കചൻ തിരിച്ച് പോകുന്ന വഴി, ദേവയാനി വരുന്നു. ദേവയാനി പ്രണയാഭ്യർത്ഥന നടത്തുന്നു. തന്നെ ജീവിപ്പിക്കാൻ കാരണക്കാരി ആയതിനാൽ അമ്മയുടെ സ്ഥാനമാണുള്ളതെന്നും, അച്ഛന്റെ ഉദരത്തിൽ ശയിക്ക കാരണം സഹോദരി ആയി കണക്കാക്കണമെന്നും ഉള്ള വാദങ്ങൾ ഉന്നയിച്ച് കചൻ ദേവയാനിയുടെ അഭ്യർത്ഥന നിശ്ശേഷം തള്ളുന്നു. ദേവയാനി കചൻ പഠിച്ച വിദ്യ ഉപകരിക്കാതെ പോട്ടെ എന്ന് ശപിക്കുന്നു. ബ്രഹ്മകുലത്തിൽ ആരും ദേവയാനിയെ വിവാഹം കഴിക്കില്ല എന്ന് കചനും തിരിച്ച് ശപിയ്ക്കുന്നു. സുന്ദരകളേബരാ.. എന്ന് തുടങ്ങുന്ന പ്രസിദ്ധപദം ഈ രംഗത്തിലാണ്.
ഇതുവരെ ആണ് ഇപ്പോൾ പൊതുവെ അരങ്ങ് നടപ്പ് ആയി കാണാറുള്ളത്. ഇതിനുശേഷമുള്ള രംഗങ്ങളും ഇപ്പോൾ അരങ്ങത്ത് പതിവില്ല.
രംഗം പതിനൊന്നിൽ ദൈത്യചക്രവർത്തി വൃഷപർവ്വാവിന്റെ പുത്രിയായ ശർമ്മിഷ്ഠയും സഖിമാരും ആണ്. ദേവയാനിയും ഉണ്ട്. അവർ സാരി നൃത്തം ചെയ്ത് ഉല്ലസിച്ച് വസിക്കുന്നു.
രംഗം പന്ത്രണ്ടിൽ ഉല്ലസിച്ച് ഉല്ലസിച്ച് നടന്ന് അവർ ഒരു കാട്ടരുവിയുടെ തീരത്ത് എത്തുന്നു. അരുവിയിലെ വെള്ളത്തിൽ പ്രതിബിംബം കണ്ട് ദേവയാനി ശർമ്മിഷ്ഠയെ പുകഴ്ത്തുന്നു. ശർമ്മിഷ്ഠ അരുവിയിൽ കുളിക്കാനായി താൽപ്പര്യപ്പെടുന്നു. അവർ കുളിക്കുന്ന സമയം കാറ്റടിച്ച് അവർ അഴിച്ച് വെച്ച വസ്ത്രങ്ങൾ സ്ഥാനം മാറിപ്പോകുന്നു.
രംഗം പതിമൂന്നിൽ കാട്ടരുവിയുടെ തീരം തന്നെ. കാറ്റടിച്ച് സ്ഥാനം മാറിപ്പോയതിനാൽ ശർമ്മിഷ്ഠ ദേവയാനിയുടെ വസ്തം അറിയാതെ ധരിക്കുന്നു. ദേവയാനി ദേഷ്യത്തോടെ വസ്ത്രം തിരിച്ച് ചോദിക്കുന്നു. ദേവയാനിയും അച്ഛനും തന്റെ അച്ഛന്റെ കാരുണ്യത്താലാണ് ജീവിക്കുന്നതെന്ന് ശർമ്മിഷ്ഠ ദേവയാനിയെ അധിക്ഷേപിക്കുന്നു. തന്റെ പിതാവുകാരണമാണ് അസുരന്മാർക്ക് ഐശ്വര്യം വന്നത് എന്ന് ദേവയാനിയും തിരിച്ചടിയ്ക്കുന്നു. ശണ്ഠമൂത്ത് മൂത്ത്, ശർമ്മിഷ്ഠ ദേവയാനിയെ ഒരു പൊട്ടക്കിണറ്റിലേക്ക് തള്ളിയിട്ട് പോകുന്നു.
രംഗം പതിന്നാല്. ആ സമയം യയാതി നായാട്ടിനായി വനത്തിൽ വന്നതായിരുന്നു. ദേവയാനിയുടെ കിണറ്റിൽ കിടന്നുള്ള വിലാപം കേട്ട് യയാതി ദേവയാനിയുടെ കൈ പിടിച്ച് കിണറ്റിൽ നിന്ന് കയറ്റി രക്ഷപ്പെടുത്തുന്നു. അപ്പോൾ ദേവയാനി യയാതിയോട് തന്നെ വിവാഹം ചെയ്യാൻ ആവശ്യപ്പെടുന്നു. ദേവയാനിയുടെ പിതാവ് സമ്മതിച്ചാൽ വിവാഹം ചെയ്യാമെന്ന് യയാതി പറയുന്നു.
രംഗം പതിനഞ്ചിൽ വൃഷപർവ്വാവിന്റെ രാജധാനി ആണ്. ദേവയാനി ശർമ്മിഷ്ഠ ശണ്ഠ അറിഞ്ഞ ശുക്രൻ ക്രുദ്ധനായി വന്ന് വൃഷപർവ്വാവിനോട് കയർക്കുന്നു. ഗുരുവിന്റെ കോപമല്ല, അനുഗ്രഹമാണ് വേണ്ടത് അതിനാൽ ഗുരുപറയുന്നത് എന്തും ചെയ്യാം കോപിക്കരുത് എന്ന് വൃഷപർവ്വാവ് ശുക്രനോട് പറഞ്ഞ് ദേവയാനിയുടെ കാൽക്കൽ വീഴുന്നു. വൃഷപർവ്വാവിന്റെ പുത്രിയെ ദാസിയായും കൂടാതെ മറ്റ് ആയിരം ദാസിമാരേയും തന്നാൽ താൻ മാപ്പ് നൽകാം എന്ന് ദേവയാനി പറയുന്നു. അസുരഗുരു അത് അനുസരിയ്ക്കുന്നു.
രംഗം പതിനാറ്
രംഗം പതിനേഴ്
രംഗം പതിനെട്ടിൽ ശുക്രൻ യയാതിയ്ക് ദേവയാനിയെ വിവാഹം ചെയ്ത് കൊടുക്കുന്നു. തന്റെ മകൾ പറയുന്ന പോലെ ശർമ്മിഷ്ഠയേയും സംരക്ഷിക്കണമെന്ന് ശുക്രൻ യയാതിയോട് ആവശ്യപ്പെടുന്നു.
ഇതോടെ ദേവയാനി സ്വയംവരം കഴിയുന്നു.
*ദേവയാനീപുത്രനായ യദുവാണ് യദുകുലസ്ഥാപകൻ .
സഖിയായ ശർമിഷ്ഠയിൽ യയാതിക്ക് ജനിച്ച പുരുവിന്റെ സന്തതി പരമ്പരകളാണ് പാണ്ഡവരും കൗരവരും .
വേഷങ്ങൾ
ശുക്രൻ - മിനുക്ക് ( മുനി ) , കചൻ - പച്ച , ദേവയാനി - മിനുക്ക് ( സ്ത്രീ ) , സുകേതു - കരി , അസുരന്മാർ - പ്രാകൃതം .
മറ്റു വേഷങ്ങൾ :
ഇന്ദ്രൻ , പത്നി , മന്ത്രി , യയാതി , ശർമിഷ്ഠ , സഖിമാർ .