രാജസൂയം (വടക്കൻ)

 

ആട്ടക്കഥാകാരൻ

എളേടത്ത് നമ്പൂതിരിപ്പാട്
 

അവലംബം

മഹാഭാരതം- സഭാപർവം
 

കഥാസാരം

 
രംഗം ഒന്നിൽ ഇന്ദ്രപ്രസ്ഥസഭാഗൃഹത്തിൽ ധർമ്മപുത്രരും ദ്രൗപദിയും രണ്ടുപേരും കൂടി സഭാഗൃഹം നടന്നു കാണുന്നു. മയന്റെ സൃഷ്ടികൗശലം കണ്ട് അത്ഭുതപ്പെടുന്നു. പെട്ടെന്ന് ആകാശത്തിൽ ഒരു ശോഭ കണ്ട്  ധർമ്മപുത്രൻ - ‘ഇതാ നാരദമുനി ഇവിടേയ്ക്ക് എഴുന്നള്ളുന്നു. ഇനി അദ്ദേഹത്തെ സ്വീകരിച്ച് വിവരം ആരായുക തന്നെ. ഭവതി പാദപൂജയ്ക്ക് വേണ്ട കാര്യങ്ങൾ ഒരുക്കിയാലും.‘  രണ്ടുപേരും കൂടി നാരദന്റെ വരവ് നോക്കി പതുക്കെ മാറുന്നു.
രംഗം രണ്ടിൽ നാരദനെ വന്ദിച്ചിരുത്തിയതിനു ശേഷം ആഗമനോദ്ദേശം ധർമ്മപുത്രർ ആരായുന്നു. സ്വർഗ്ഗത്തിങ്കൽ നിന്നു പാണ്ഡു പറഞ്ഞയച്ച് വന്നതാണെന്നും ധർമ്മപുത്രരുടെ പിതാവായ പാണ്ഡു, ധർമ്മപുത്രൻ രാജസൂയം യാഗം ചെയ്ത് കാണാൻ ആഗ്രഹം പറയുന്നുണ്ടെന്നും അറിയിക്കുന്നു. ശ്രീകൃഷ്ണന്റെ മനസ്സ് അറിയണമെന്ന് ധർമ്മപുത്രൻ നാരദനോട് പറയുന്നു. നാരദൻ ദ്വാരകയിൽ പോയി ശ്രീകൃഷ്ണസമ്മതം വാങ്ങി ഉടൻ മടങ്ങി വരാമെന്ന് അറിയിച്ച് വിടവാങ്ങുന്നു.
രംഗം മൂന്നിൽ ദ്വാരകയിൽ ശ്രീകൃഷ്ണനും പത്നിമാരുമായുള്ള പകുതിപ്പുറപ്പാട് ആണ്.
രംഗം നാലിൽ രൈവതപുരിയിൽ ബലഭദ്രനും പത്നിമാരും ക്രീഡിച്ചിരിക്കുന്നു.
രംഗം അഞ്ചിൽ രൈവതവനം ആണ്. നരകാസുരന്റെ സുഹൃത്തായ വിവിദന്റെ വിചാരപ്പദം ആണ്. രൈവതവനത്തിൽ മനുഷ്യഗന്ധം തോന്നുന്ന വിവിദൻ ആരാണെന്ന് അന്വേഷിക്കുന്നു. ഒരു പുരുഷനേയും ചിലസുന്ദരിമാരേയും കാണുന്നു.
രംഗം ആറിൽ ബലഭദ്രൻ വിവിദനോട് ഏറ്റുമുട്ടുന്നു. യുദ്ധത്തിൽ ബലഭദ്രൻ വിവിദനെ വധിക്കുന്നു.
രംഗം ഏഴിൽ ശ്രീകൃഷ്ണന്റെ സഭ ആണ്. നാരദൻ സഭയിലേക്ക് പ്രവേശിക്കുന്നു. നാരദനെ വന്ദിച്ചിരുത്തുന്നു. നാരദൻ, ധർമ്മപുത്രരുടെ രാജസൂയക്കാര്യം പറയുന്നു. ആ യാഗം മംഗളകരമാക്കി കൊടുക്കുവാൻ ശ്രീകൃഷ്ണനോട് അപേക്ഷിക്കുന്നു. കൃഷ്ണൻ സമ്മതിയ്ക്കുന്നു. നാരദൻ യാത്രയാകുന്നു.
രംഗം എട്ട്. യാദവസഭയിലേക്ക് ഒരു ബ്രാഹ്മണൻ കടന്നുവരുന്നു. ജരാസന്ധൻ ബന്ധനസ്ഥനാക്കിയ രാജാക്കന്മാരുടെ ദീനതകൾ ശ്രീകൃഷ്ണനെ ആ ബ്രാഹ്മണൻ അറിയിക്കുന്നു. അവരെ രക്ഷിക്കാൻ കൃഷ്ണനോട് ആവശ്യപ്പെടുന്നു. കൃഷ്ണനെ ബ്രാഹ്മണനെ സമാധാനിപ്പിച്ച് അയക്കുന്നു. ജരാസന്ധവധമാണോ രാജസൂയമാണോ ആദ്യം വേണ്ടതെന്ന് കൃഷ്ണൻ ഉദ്ധവനോട് ആലോചിയ്ക്കുന്നു. ജരാസന്ധവധം കഴിഞ്ഞ് രാജസൂയം എന്ന് ഉദ്ധവൻ പറയുന്നു. കൃഷ്ണൻ തേരിൽ കയറി ഇന്ദ്രപ്രസ്ഥത്തിലേക്ക് പോകുന്നു.
രംഗം ഒൻപതിൽ മഗധരാജധാനിയാണ്. ഈ രംഗം അരങ്ങത്ത് ഇപ്പോൾ അവതരിപ്പിക്കാറുണ്ട്. ഇവിടെ മഗധരാജധാനിയിൽ ഇരിക്കുന്ന ജരാസന്ധൻ മൂന്ന് ബ്രാഹ്മണവേഷധാരികൾ മതിൽ ചാടി പെരുമ്പറ പൊട്ടിച്ച് വരുന്നതായി കാണുന്നു. അവർ ആരായിരിക്കും എന്ന് അത്ഭുതം കൂറുന്നു. ആരായാലും ബ്രാഹ്മണരെ ആദരിച്ച് ആഗമനോദ്ദേശം ചോദിക്കുകതന്നെ എന്ന് തീർച്ചപ്പെടുത്തുന്നു. ഭൂസുര ശിരോമണികളാം -നിങ്ങളുടെ- എന്ന് തുടങ്ങുന്ന പ്രസിദ്ധപദം ഇവിടെ ആണ്. ബ്രാഹ്മണർ ചോദിക്കുന്നതെല്ലാം തരും എന്ന് ജരാസന്ധനെ കൊണ്ട് സത്യം വാങ്ങിയിട്ട്, അവസാനം ബ്രാഹ്മണർ ദ്വന്ദയുദ്ധം ആവശ്യപ്പെടുന്നു. ബ്രാഹ്മണവേഷം മാറി കൃഷ്ണനും ഭീമാർജ്ജുനന്മാരും വരുന്നു. ജരാസന്ധൻ ഭീമനുമായി യുദ്ധത്തിനു തയ്യാറാവുന്നു. യുദ്ധം നടക്കുന്നു ഭീമൻ തളരുന്നു. കൃഷ്ണൻ വെറ്റിലകീറി രണ്ടുവശത്താക്കിയിട്ടു കാണിക്കുന്നു. ഭീമൻ അപ്രകാരം ജരാസന്ധനെ വധിക്കുന്നു. കൃഷ്ണനും ഭീമാർജ്ജുനന്മാരും ചേർന്ന് ബന്ധനസ്ഥരായ രാജാക്കന്മാരെ കാരാഗൃഹത്തിൽ നിന്നും മോചിപ്പിച്ച്, ജരാസന്ധപുത്രനായ സഹദേവനെ മഗധരാജാവായി അഭിഷേകം ചെയ്യിക്കുന്നു. രാജസൂയത്തിന് ശ്രമിക്കാനായി തീരുമാനിച്ച് മൂന്നുപേരും കൂടി നാലാമിരട്ടിയെടുത്ത് മാറുന്നു.
രംഗം പത്ത് ഇന്ദ്രപ്രസ്ഥം. അർജ്ജുനൻ വന്ന് ധർമ്മപുത്രരോട് ഉണ്ടായസംഭവങ്ങൾ വിവരിക്കുന്നു. 
രംഗം പതിനൊന്നിൽ ദ്വാരക ആണ്. ജരാസന്ധവധം കഴിഞ്ഞ് ദ്വാരകയിൽ തിരിച്ചെത്തിയ ശ്രീകൃഷ്ണൻ പത്നിമാരായി ക്രീഡിച്ച് വസിക്കുന്നു. ക്രീഡാവസാനം പതിനാറായിരത്തിഎട്ട് ഭാര്യമാരുമായി കൃഷ്ണൻ ഇന്ദ്രപ്രസ്ഥത്തിൽ എത്തുന്നു.
രംഗം പന്ത്രണ്ടിൽ ചേദിരാജധാനി ആണ്. ധർമ്മപുത്രരുടെ രാജസൂയ കഥ കെട്ട് നാനാജാതി രാജാക്കന്മാർ ഇന്ദ്രപ്രസ്ഥത്തിലേക്ക് വരുന്നതറിഞ്ഞ് ശിശുപാലൻ കോപിയ്ക്കുന്നു. ദുര്യോധനനുമായുള്ള ബന്ധുത്വം കൊണ്ടും ബന്ധുക്കളായ ജരാസന്ധനാദികളെ കൊന്നതുകൊണ്ട് പാണ്ഡവരെ കൊല്ലുവാൻ തനിക്ക് മടിയില്ല, അഭിപ്രായം എന്താണെന്ന് അനുജനായ ദന്തവക്ത്രനോട് ചോദിക്കുന്നു. ദന്തവക്ത്രൻ സമ്മതിയ്ക്കുമ്പോൾ രണ്ട് പേരും കൂടെ ഇന്ദ്രപ്രസ്ഥത്തിലേക്ക് യാത്ര തിരിക്കുന്നു.
രംഗം പതിമൂന്നിൽ ഇന്ദ്രപ്രസ്ഥത്തിൽ ധർമ്മപുത്രരുടെ രാജസൂയയജ്ഞവേദിയാണ് രംഗം. ഈ രംഗവും ഇപ്പോൾ അരങ്ങത് പതിവുണ്ട്. ശിശുപാലൻ പ്രവേശിച്ച് യജ്ഞവേദി നോക്കിക്കാണുന്നു. രാജാക്കന്മാരോട് കുശലപ്രശ്നം നടത്തുന്നു. കൃഷ്ണനെ അഗ്രപൂജ ചെയ്യുന്നത് കണ്ട് അധിക്ഷേപം ആരംഭിക്കുന്നു. കള്ളൻ, വെണ്ണ്ചോരൻ, ഗോപസ്ത്രീ വസ്ത്രചോരൻ, എന്നിങ്ങനെ. വിളക്കുതിരി കെടുത്തി ബ്രാഹ്മണരെ പേടിപ്പിച്ച് ഓടിച്ച് കൃഷ്ണനെ നിന്ദിയ്ക്കുന്നു. അത് കേട്ട അർജ്ജുനൻ ശിശുപാലനോട് ഏറ്റുമുട്ടുന്നു. അവർ തമ്മിൽ പൊരിഞ്ഞ യുദ്ധം നടക്കുന്ന സമയം ശ്രീകൃഷ്ണൻ വിശ്വരൂപം കൈക്കൊള്ളുന്നു. ശിശുപാലൻ വിശ്വരൂപം ദർശിച്ച് ഭഗവാനെ സാഷ്ടാംഗം പ്രണമിച്ച് ചേർന്നു നിൽക്കുന്നു. ശ്രീകൃഷ്ണൻ ചക്രം കൊണ്ട് ശിശുപാലന്റെ കഴുത്തറുത്ത് മോക്ഷം നൽകുന്നു.
രംഗം പതിന്നലിൽ ധർമ്മപുത്രൻ ശ്രീകൃഷ്ണനെ സ്തുതിയ്ക്കുന്നു. ശേഷം ധർമ്മപുത്രൻ ശ്രീകൃഷ്ണനെ സാഷ്ടാംഗം നമസ്കരിച്ച് യാത്രയാക്കുന്നു. അതോടെ രാജസൂയം വടക്കൻ സമാപിക്കുന്നു.

ആട്ടം

 
ജരാസന്ധൻ: ബ്രാഹ്മണരെ സ്വീകരിച്ചിരുത്തിയശേഷം അവരെ ശങ്കിക്കുന്നു- മുഖത്തെ ക്ഷാത്രതേജസ്സ്, കയ്യിലെ അമ്പിന്റെ തഴമ്പ്, വസ്ത്രങ്ങൾ, ആഭരണം, മതിൽചാടി വന്നത്… ബ്രാഹ്മണരുടെ മറുപടിയിൽ സന്തുഷ്ടനാകുന്നു.
ശിശുപാലൻ കൃഷ്ണാധിക്ഷേപം: കൃഷ്നന്റെ പരിഹാസ്യമായ ചരിത്രം- ഗോപാലകനായി നടന്നത്, ഗോപികാഗൃഹങ്ങളിൽ കയറി വെണ്ണ കട്ടുതിന്നതു, ഗോപസ്ത്രീവസ്ത്രാപഹരണം...
 

പ്രത്യേകതകൾ

 
ഒരേ പേരിലുള്ള കഥയ്ക്ക് പ്രാദേശികമായി രണ്ടുവിധത്തിലുള്ള സാഹിത്യവും വേഷവിധാനവും. തെക്കൻ രാജസൂയം കാർത്തികതിരുന്നാളിന്റെതാണ്, അതിൽ ജരാസന്ധൻ കത്തിയാണ്. കഥകളിക്കനുയോജ്യമായ സാഹിത്യമെന്ന് പത്മശ്രീ വാഴേങ്കട കുഞ്ചുനായർ.
ധീരോദ്ധതരായ ഉപ-പ്രതി നായകന്മാരായ ഒന്നാംകിട കത്തിക്കും ചോന്നാടിക്കും നിറഞ്ഞാടാനുള്ള രണ്ടു രംഗങ്ങൾ. കഥകളിയുടെ മുഖമുദ്രയായ വീരരസപ്രാധാന്യമുള്ള രംഗങ്ങൾ. രാജസൂയത്തിനു തൊട്ടടുത്ത ദിവസമാണ് ദുര്യോധനവധം കഥ തുടങ്ങുന്നത്. യാഗം നിശ്ചയിച്ച് ജരാസന്ധവധം നടന്നു. രാജസൂയശാലയിൽ നരഹത്യ നടന്നു (ശിശുപാലൻ), യാഗം കൗരവ-പാണ്ഡവ സംഘട്ടനത്തിനു വിത്തുപാകി. സഹദേവനാണ് കൃഷ്ണനെ അഗ്രപൂജ ചെയ്യാൻ നിർദ്ദേശിച്ചത്. യുധിഷ്ഠിരന് ഇത് തോന്നാതിരുന്നതിനാലാണ് രാജസൂയ അനർത്ഥങ്ങളെന്നും പറയപ്പെടുന്നു.
 

ജരാസന്ധൻ

ബൃഹദ്രഥന്റെ പുത്രനായ മഗധരാജാവ്, ശിവഭക്തൻ.
ബൃഹദ്രഥന്റെ രണ്ടു ഭാര്യമാർ പ്രസവിച്ച പപ്പാതി കുഞ്ഞുങ്ങളെ, ജര എന്ന് പേരുള്ള രാക്ഷസി ഒന്നിച്ചു ചേർത്തപ്പോൾ ജനിച്ചതിനാൽ ജരാസന്ധൻ എന്ന പേര്. 
തന്റെ മക്കളുടെ ഭർത്താവായ കംസനെ കൃഷ്ണൻ വധിക്കയാൽ, കൃഷ്നനുമായി 18 പ്രാവശ്യം യുദ്ധം ചെയ്തു. എല്ലാപ്രാവശ്യവും ശ്രീകൃഷ്ണൻ തോൽക്കയാൽ ശക്തി ക്ഷയിച്ച് മഥുരവിട്ട് ദ്വാരകയിലേക്കു പോയി അവിടെ താമസമാക്കി.
 

ശിശുപാലൻ

ശക്തനായ ചേദിരാജാവ്, ശ്രീകൃഷ്ണന്റെ സഹോദരൻ.
അച്ഛനമ്മമാർ - ചേദിരാജാവായ ദമഘോഷൻ, വസുദേവന്റെ സഹോദരിയായ ശ്രുതദേവ.
ജന്മനാ മൂന്നു കണ്ണുകളും നാല് ഭുജങ്ങളുമുണ്ടായിരുന്നു, ആരെങ്കിലും മടിയിൽ വെച്ചാൽ അധികമുള്ള അവയവങ്ങൾ പോകുമെന്നും മടിയിൽ വെച്ചയാൾ കാരണം മരണമെന്നും അശരീരിയുണ്ടായി, കൃഷ്ണൻ മടിയിൽ വെച്ചതിനാൽ കൃഷ്ണനാൽ മരണം.
രുഗ്മിണിയെ കൃഷ്ണൻ വിവാഹം കഴിച്ചതിനാൽ വൈരം മൂത്തു.
ശിശുപാലൻ ജയവിജയാവതാരമായിരുന്നു., മുൻ ജന്മത്തിൽ ഹിരണ്യകശിപു, പിന്നത്തേതിൽ രാവണൻ.
 

വേഷങ്ങൾ

ജരാസന്ധൻ - ചുവന്നതാടി
ബ്രാഹ്മണർ - മിനുക്ക്
കൃഷ്ണൻ - പച്ചമുടി
ഭീമൻ, അർജ്ജുനൻ, ധർമ്മപുത്രൻ - പച്ച
ശിശുപാലൻ - കത്തി
 
മറ്റ് വേഷങ്ങൾ - വിവിദൻ, ബലഭദ്രൻ, ഉദ്ധവൻ, നാരദൻ