സന്താനഗോപാലം
ആട്ടക്കഥാകാരൻ
മണ്ടവപ്പിള്ളി ഇട്ടിരാരിച്ച മേനോന്‍ (1745-1809) എഴുതിയ രണ്ട് ആട്ടക്കഥകളില്‍ ഒന്ന് ആണ് സന്താനഗോപാലം ആട്ടക്കഥ. മറ്റേത് രുഗ്മാംഗദചരിതം ആട്ടക്കഥയും ആണ്.
മണ്ടവപ്പിള്ളി ഇട്ടിരാരിശ്ശമേനോന്റെ രണ്ട് കഥയിലും കത്തി താടി മുതലായ വേഷങ്ങള്‍ ആദ്യവസാനങ്ങളായി ഇല്ലതന്നെ. ഇവയൊന്നും ഇല്ലാതെ തന്നെ പ്രമേയപരമായി ശക്തിയാര്‍ജ്ജിച്ചുവെങ്കില്‍ ആട്ടക്കഥ വിജയിക്കും എന്ന് കാട്ടിതന്ന ആളാണ് ഇട്ടിരാരിശ്ശമേനോന്‍. സന്താനഗോപാലത്തില്‍ ആദ്യവസാനവേഷമായി ഒരു മിനുക്ക് വേഷം ആണ് (ബ്രാഹ്മണന്‍). അര്‍ജ്ജുനന്‍ ആദ്യവസാനം എങ്കിലും രണ്ടാം തരം ആണ്. കൃഷ്ണാകട്ടെ കുട്ടിവേഷവും. സാഹിത്യപരമായും വളരെ ഉന്നതി പുലര്‍ത്തുന്നു ഈ കഥ.
അവലംബവും പ്രത്യേകതകളും
ഭാഗവതം കഥയെ ആസ്പദമാക്കി രചിച്ചതാണ് സന്താനഗോപാലം ആട്ടക്കഥ. ചേര്‍ത്തല മരുത്തോര്‍വട്ടം ധന്വന്തരി ക്ഷേത്രത്തില്‍ ഇക്കഥ വഴിപാടായി കളിക്കാറുണ്ട്. ഉത്സവം തുടങ്ങുന്നതിന് പത്ത് മുതല്‍ ഇരുപത് ദിവസം വരെ ഈ വഴിപാട് കളികള്‍ തുടങ്ങും.
മൂലകഥയില്‍ നിന്നുള്ള വ്യതിയാനങ്ങള്‍
ഒന്‍പതാം ശിശുശവം കൊണ്ട് യാദവ സഭയിലേക്ക് ബ്രാഹ്മണന്‍ വരുന്നു എന്നാണ് ആട്ടക്കഥയില്‍. ഭാഗവതത്തില്‍ ഓരോ ശിശുമരണം സംഭവിക്കുമ്പോഴും ബ്രാഹ്മണന്‍ വന്ന് രാജാവിനെ ചീത്തപറയാറുണ്ട്. ഒന്‍പതാം ശിശുശവം കൊണ്ട് വരുന്ന സമയം അര്‍ജ്ജുനന്‍ യാദവസഭയില്‍ യദൃച്ഛയാല്‍ വന്നതാണ്. പിന്നെ ബ്രാഹ്മണന് വാക്കുകൊടുത്തതുകൊണ്ട് അത് പരിപാലിക്കുന്നതുവരെ കൃഷ്ണന്റെ കൂടെ, ശിവനെ ആരാധിച്ച് വസിച്ചു എന്നാണ്.
ബ്രാഹ്മണന്‍ ഓരോരുത്തരുടെ പേരിലും സത്യം ചെയ്ത് വാങ്ങുന്നതെല്ലാം ആട്ടപ്രകാരത്തിലെ ഇമ്പ്രൊവൈസേഷനുകള്‍ ആണ്.
പശ്ചാത്തലം
രാജ്യത്ത് സംഭവിക്കുന്ന പ്രകൃതിക്ഷോഭങ്ങളും ശിശുമരണങ്ങളും (പ്രത്യേകിച്ച് അച്ഛനും അമ്മയും കണ്ടു നില്‍ക്കേ ഉണ്ടാകുന്ന ശിശുമരണം) എല്ലാം രാജ്യം ഭരിക്കുന്ന രാജാവിന്റെ കൊള്ളരുതായ്മകള്‍ കൊണ്ടാണ് എന്നായിരുന്നു ദ്വാപരയുഗത്തിലെ വിശ്വാസം. അതുകൊണ്ടാണ് ബ്രാഹ്മണന്‍ രാജസഭയില്‍ വന്ന് രാജാവിനെ ആക്ഷേപിക്കുന്നത്. കൃഷ്ണന്റെ വംശമാണ് യാദവവംശം. ബലരാമന്‍, കൃഷ്ണന്‍ അവരുടെ മക്കള്‍ പ്രദ്യുമ്നന്‍, അനിരുദ്ധന്‍ എന്നിവരൊക്കെ ദ്വാരകയിലെ രാജാക്കന്മാരോ രാജകുമാരന്മാരോ ആണ്.
കഥ നടക്കുന്നത് ഭാരതയുദ്ധവും കഴിഞ്ഞ് അശ്വത്ഥാമാവ് തന്റെ പാണ്ഡവരുടെ കുട്ടികളെ എല്ലാവരേയും നിഗ്രഹിച്ചതിനുശേഷം ആണ്. (കൃഷ്ണന്‍, ഉത്തരയുടെ വയറ്റിലെ കുഞ്ഞിനെ മാത്രം രക്ഷപ്പെടുത്തുന്നു) യുദ്ധം കഴിഞ്ഞ് അശ്വമേധസമയത്ത് ദുശ്ശളയെ അര്‍ജ്ജുനന്‍ കണ്ടിരുന്നു. അവിടെ അര്‍ജ്ജുനന്‍ വരുന്ന വിവരം കേട്ട് പേടിച്ച് സുരഥന്‍ (ദുശ്ശളയുടെ മകന്‍) മരിക്കുന്നു.
ബ്രാഹ്മണന്റെ കാഴ്ച്ചപ്പാടിലൂടെ നോക്കിയാല്‍ ഈ കഥ വളരെ ഭക്തി പ്രധാനമാണ്. അര്‍ജ്ജുന-കൃഷ്ണന്മാര്‍ തമ്മിലുള്ള ബന്ധം വെറും ആശ്രിതനും രക്ഷിതാവും തമ്മിലുള്ള ബന്ധമല്ല. അവര്‍ വലിയ സുഹൃത്തുക്കളാണ്. ബന്ധുക്കളാണ്. കൃഷ്ണന്റെ സഹോദരി സുഭദ്രയെ ആണ് അര്‍ജ്ജുനന്‍ വിവാഹം ചെയ്തിരിക്കുന്നത്. അങ്ങനെ നോക്കിയാല്‍ സുഹൃദ്ബന്ധത്തില്‍ വിള്ളല്‍ വന്നാലുള്ള പ്രശ്നങ്ങള്‍ കൂടെ ഈ കഥയില്‍ ഒരു നേര്‍ത്ത രേഖയായി കിടക്കുന്നു. കൃഷ്ണന്റെ പേരില്‍ സത്യം ചെയ്ത് കൊടുത്തിട്ടും അര്‍ജ്ജുനന്‍ പ്രശ്നം നേരിട്ടപ്പോള്‍ സ്വയം യമലോകത്തും ബ്രഹ്മലോകത്തും മറ്റും പോയി ബ്രാഹ്മണശിശുക്കളെ അന്വേഷിച്ചു. ഒരു രക്ഷയുമില്ല എന്ന് കണ്ടപ്പോള്‍ ഗാണ്ഡീവത്തോടേ ആത്മാഹുതിക്കൊരുങ്ങി. എന്നാലും കൃഷ്ണന്റെ അടുത്ത് ചെന്ന് സഹായം അഭ്യര്‍ത്ഥിച്ചില്ല. അര്‍ജ്ജുനന്റെ ആത്മാഭിമാനമാണോ കാരണം? അല്ല. ഒന്‍പത് ശിശുക്കള്‍ മരിച്ചു. അവരെയൊന്നും കൃഷ്ണനോ ബലഭദ്രനോ മറ്റ് യാദവരാജാക്കര്‍ന്മാര്‍ക്കോ രക്ഷിക്കാന്‍ സാധിച്ചില്ല. അപ്പോള്‍ പത്താമത്തെ ശിശുവിനെ എങ്ങനെ കൃഷ്ണന് രക്ഷിക്കാന്‍ സാധിക്കും എന്നരീതിയില്‍ ഒരു ചെറിയ അവിശ്വാസം-സുഹൃത്തിന്മേലുള്ള വിശ്വാസം നഷ്ടപ്പെടല്‍- ഉണ്ടായി എന്ന് തോന്നാം.