രുഗ്മാംഗദചരിതം

 
 

ആട്ടക്കഥാകാരൻ

മണ്ടവപ്പള്ളി ഇട്ടിരാരിച്ചമേനോന്‍ ( 1744 - 1804 )
അവലംബം : ഏകാദശീ മാഹാത്മ്യം

കഥാസംഗ്രഹം

ഉദ്യാനത്തിൽ രുഗ്മാംഗദനും പത്നിയും ഉല്ലസിച്ചിരിക്കുന്നതാണ് ആദ്യരംഗത്തിൽ. ഉർഗ്മാംഗദൻ തന്റെ കാമപരവശത പത്നിയോടു പറയുന്നു. പത്നിയും തന്റെ അവസ്ഥ പറയുന്നു. അതേ സമയം ഉദ്യാനത്തിൽ പൂവുകൾ ഒന്നും കാണാത്തതിന്റെ സങ്കടവും പത്നി പറയുന്നു. തന്റെ ഉദ്യാനത്തിലെ പൂക്കൾ ആരാണ് കട്ട് കൊണ്ടുപോകുന്നതറിയാൻ അവിടെ ഒളിച്ചിരിക്കാൻ രുഗ്മാംഗദൻ തീരുമാനിയ്ക്കുന്നതോടെ ആദ്യരംഗം കഴിയുന്നു.
ഒരു കൂട്ടം ദേവസ്ത്രീകൾ ഉദ്യാനം കണ്ട് അവിടെ വിമാനത്തിൽ വന്നിറങ്ങുന്നു. ഉദ്യാനത്തിലെ പൂക്കൾ കണ്ട് സന്തോഷിച്ച് അവ എല്ലാം അറുത്ത് ശേഖരിയ്കുന്നു. ഇതെല്ലാം ഒളിഞ്ഞിരിക്കുന്ന രുഗ്മാംഗദൻ കാണുന്നുണ്ട്. പൂക്കൾ ശേഖരിച്ച് ദേവസ്ത്രീകൾ വിമാനത്തിൽ കയറി പോകാൻ തുടങ്ങുമ്പോൾ രുഗ്മാംഗദൻ വന്ന് വിമാനത്തിൽ പിടിയ്ക്കുന്നു. അതോടെ വിമാനം നിശ്ചലമാകുന്നു. വിമാനം നിശ്ചലമായതുകൊണ്ട് ദേഷ്യം വന്ന ദേവസ്ത്രീകൾ രുഗ്മാംഗദനോട് കയർക്കുന്നു. കോപിയ്ക്കരുത് വിമാനം പഴയപോലെ ചലിയ്ക്കാൻ ഉള്ള പോംവഴി എന്താണെന്ന് പറഞ്ഞുതരാൻ രുംഗ്മാംഗദൻ ദേവസ്ത്രീകളോട് അപേക്ഷിക്കുന്നു. അത് പ്രകാരം, എകദശീവ്രതം നോറ്റ ഒരാൾ വന്ന് വിമാനം തൊട്ടാൽ വിമാനം ചലിയ്ക്കും എന്ന് ദേവസ്ത്രീകൾ അരുളിച്ചെയ്യുന്നു. രുഗ്മാംഗദൻ വ്രതം നോറ്റ ഏതെങ്കിലും ഒരു വ്യക്തിയെ കണ്ട് പിടിയ്ക്കാനായി പോകുന്നു. ദാരിദ്ര്യം കൊണ്ട് ഭക്ഷണം കഴിക്കാത്ത ഒരു വൃദ്ധയെ പിടിച്ച് കൊണ്ട് വരുന്നു. വൃദ്ധ വിമാനത്തിൽ തൊടുന്നു. അതോടെ വിമാനം പഴയപോലെ ചലിയ്ക്കാൻ തുടങ്ങുന്നു. അതുകണ്ട് രുഗ്മാംഗദൻ ദേവസ്ത്രീകളോട് ഏകദശീമഹാത്മ്യം പറയാൻ ആവശ്യപ്പെടുന്നു. ദേവസ്ത്രീകൾ രുഗ്മാംഗദനു ഏകാദശീമഹാത്മ്യം പറഞ്ഞുകൊടുക്കുന്നു. ഏകദശീമഹാത്മ്യം ബോധ്യം വന്ന രുഗ്മാംഗദൻ വ്രതം നോറ്റ് തുടങ്ങുന്നു. രുഗ്മാംഗദന്റെ രാജ്യത്തിലെ സകലജനങ്ങളും ഏകദശിവ്രതം നോറ്റുതുടങ്ങുന്നു. അതോടെ മരിച്ച് യമപുരിയിലേക്ക് പോകാൻ സാകേതത്തിൽ ആളില്ലാതാകുന്നു. ആ സമയം നാരദൻ യമധർമ്മരാജാവിനെ കാണാനായി എത്തുന്നു. ഇത്രയുമാണ് രണ്ടാം രംഗം.
'ദ്വാദശിവ്രതം' വിഷ്ണുപ്രീതിയ്ക്കായി അനുഷ്ഠിയ്ക്കുന്ന ഒരു വ്രതമാണ്. എല്ലാ ഏകാദശിദിവസവും ശുദ്ധ ഉപവാസമായും, അതായത് ജലപാനം പോലുമില്ലാതെ, അതിനു തലേന്നാളും(ദശമി) പിറ്റേന്നാളും(ദ്വാദശി) ഒരിക്കൽ മാത്രം ഭക്ഷണം കഴിച്ചുകൊണ്ടും വിഷ്ണുവിനെ ഭജിച്ചുകഴിയണം. അറുപതുകോടി നല്ല പശുക്കളേയും ഭോജനവും ബ്രാഹ്മണർക്കായി നൽകിക്കൊണ്ട് ഇപ്രകാരം ഒരുവർഷക്കാലം ഏകാദശി നോൽക്കുന്നതിനെയാണ് ദ്വാദശിവ്രതം എന്ന് പറയുന്നത്.
തന്റെ സമീപം വന്ന നാരദമുനിയെ വന്ദിച്ച് ഇരുത്തി യമധർമ്മൻ, ഭൂമിയിൽ യുദ്ധം ഒന്നും ഇല്ലേ? മനുഷ്യർ എല്ലാരും സുഖമായി വാഴാനും തനിയ്ക്ക് പണി ഇല്ലാതിരിക്കാനും ഉള്ള കാരണങ്ങൾ നാരദമുനിയോട് ചോദിയ്ക്കുന്നു. അപ്പോൾ നാരദൻ രുഗ്മാംഗദന്റെ ഏകാദശിമഹാവ്രതം ആണ് കാരണം എന്ന് പറയുന്നു. വ്രതമഹാത്മ്യം കൊണ്ട് ബ്രാഹ്മണ ചണ്ഡാലാദികൾ എല്ലാം തന്നെ വിഷ്ണുലോകത്തിലേക്ക് പോകുന്നതിനാൽ ആണ് കാലനു പണിയില്ലാത്തത് എന്നും യമധർമ്മനെ ബോധിപ്പിക്കുന്നു. ഈ വ്രതം മുടക്കാതെ ഒരു മനുഷ്യനും യമപുരിയിലേക്ക് വരികയില്ല എന്നും അറിയിക്കുന്നു. അതോടെ ഈ രഗം കഴിഞ്ഞു.
രുഗ്മാംഗദന്റെ രാജ്യമായ സാകേതത്തിലെ ഒരു സ്ഥലമാണ് നാലാം രംഗത്തിൽ. അവിടെ മരിച്ച ഒരു ചണ്ഡാലനെ യമദൂതർ യമപുരിയിലേക്ക് കൊണ്ട് പോകാൻ തുടങ്ങുമ്പോൾ വിഷ്ണുദൂതർ വന്ന് തടുക്കുന്നു. യമദൂതരും വിഷ്ണുദൂതരും തമ്മിൽ യുദ്ധമുണ്ടാകുന്നു. യമദൂതർ തോറ്റ് ഓടുന്നു. അതോടെ ഈ രംഗം കഴിയുന്നു.
തോറ്റോടിയ യമദൂതർ യമപുരിയിൽ വന്ന് യമധർമ്മനോട് സങ്കടം പറയുന്നതാണ് അഞ്ചാം രംഗത്തിൽ. അത് കേട്ട യമധർമ്മൻ, ബ്രഹ്മാവ് കല്പിച്ച് അരുളിയ തന്റെ കർമ്മത്തെ ചെയ്‌വാൻ അനുവദിക്കാത്തവൻ ആരാണെന്ന് അറിയാനായി ചിത്രഗുപ്തനോട് യുദ്ധസന്നദ്ധനായി വരാൻ പറയുന്നു. ചിത്രഗുപ്തൻ, യുദ്ധത്തിനായി ഭൂമിയിൽ എത്തിയാൽ അവിടെ വിഷ്ണുദൂതരെ കണ്ടെത്താൻ പറ്റില്ല എന്നും അതിനാൽ നമുക്ക് ബ്രഹ്മാവിനോട് പോയി ഉപായം ചോദിക്കാമെന്നും പറയുന്നു. അതോടെ ഈ രംഗം തീരുന്നു.
ആറാം രംഗത്തിൽ യമനു ചിത്രഗുപ്തനും ബ്രഹ്മലോകത്ത് വന്ന് ബ്രഹ്മാവിനെ കാണുന്നു. അവരുടെ സങ്കടം കേട്ട ബ്രഹ്മാവ് അതിനൊരു ഉപായം ആയി ഒരു സുന്ദരിയായ മനുഷ്യസ്ത്രീയെ (മോഹിനി എന്ന് പേർ) നിർമ്മിച്ച് രുഗ്മാംഗദസമീപം പറഞ്ഞയക്കുന്നു. മോഹിനിസംയോഗം കൊണ്ട് വ്രതം നിറുത്താനാണ് ബ്രഹ്മനിയോഗം. അതോടെ ഈ രംഗവും കഴിയുന്നു.
ഏഴാം രംഗത്തിൽ, നായാട്ട് കഴിഞ്ഞ് വനപ്രദേശത്ത് വിശ്രമിക്കുന്ന രുഗ്മാംഗദന്റെ അടുത്ത്, ബ്രഹ്മാവ് നിയോഗിച്ച മോഹിനി സാരി നൃത്തം ചെയ്ത് എത്തുന്നു. സുന്ദരിയായ മോഹിനിയെ കണ്ട രുഗ്മാംഗദൻ അവളോട് പ്രണയാഭ്യർത്ഥന നടത്തുന്നു. തന്നോട് അപ്രിയം ഒരിക്കലും പറയില്ല എങ്കിൽ, രുഗ്മാംഗദനോടൊപ്പം വരാമെന്ന് മോഹിനി പറയുന്നു. അത് പ്രകാരം രുഗ്മാംഗദൻ മോഹിനിയ്ക്ക് സത്യം ചെയ്ത് (മൊഹിനിയോട് അപ്രിയം പറയുകയില്ല എന്ന സത്യം) കൊടുക്കുന്നു. അങ്ങനെ രുഗ്മാംഗദനും മോഹിനിയും സാകേതത്തിലേക്ക് പോയി അവിടെ ഒരുമിച്ച് വാഴുന്നു. അതോടെ ഈ രംഗവും കഴിയുന്നു.
എട്ടാം രംഗത്തിൽ സാകേതത്തിലേക്കുള്ള വഴിയാണ് സ്ഥലം. ആ വഴി സാകേതത്തിലേക്ക് വരുന്ന ബ്രാഹ്മണർ തമ്മിൽ തമ്മിൽ പറയുന്നതായാണ് ഈ രംഗം. രുഗ്മാംഗദനു കാട്ടിൽ നിന്നും മോഹിനി എന്ന പേരുള്ള ഒരു പെണ്ണിനെ കിട്ടിയെന്നും ആ പെണ്ണുമായി എപ്പോഴും കേളികളിൽ ആണ് രാജാവ് എന്നും മോഹിനിയോടൊപ്പം ആണെങ്കിലും ഏകദശി വ്രതം നോൽക്കാൻ രാജാവ് മറക്കാറില്ല എന്നും, ആയതിനാൽ ദ്വാദശി ഭക്ഷണത്തിനു ഇല വെയ്ക്കാറായി, പെട്ടെന്ന് സാകേതത്തിലേക്ക് പോവുക തന്നെ എന്നും പറഞ്ഞ് അവർ പോകുന്നു. അതോടെ ഈ രംഗം അവസാനിയ്ക്കുന്നു.
ഒമ്പതാം രംഗത്തിൽ രുഗ്മാംഗദന്റെ രാജധാനിയാണ് സ്ഥലം. ഒരു വൃശ്ചികമാസത്തിലെ ഏകാദശി നാൾ പ്രഭാതസമയം. ധ്യാനത്തിൽ ഇരിക്കുന്ന രുഗ്മാംഗദനുസമീപം മോഹിനി എത്തുന്നു. തനിയ്ക്ക് കാമകേളിയിൽ ഒരു തൃപ്തിയും വരുന്നില്ല, ആയതിനാൽ ഇപ്പോൾ തന്നെ കാമകേളിയ്ക്കായി വരാൻ രുഗ്മാംഗദനോട് മോഹിനി ആവശ്യപ്പെടുന്നു. എന്നാൽ ഏകാദശിദിവസം ഭഗവത്ധ്യാനത്തിനുള്ള സമയം ആണ്, കാമകേളികൾ എല്ലാം മറ്റൊരു ദിവസം ആകാം എന്ന് രുഗ്മാംഗദൻ മോഹിനിയോട് പറയുന്നു. പട്ടിണി കിടന്നാൽ ആർക്കും ഒരുഗുണവുമില്ല മാത്രമല്ല ഉള്ള പുഷ്ടിപോകുകയും ചെയ്യും, ആയതിനാൽ വ്രതമൊക്കെ കളഞ്ഞ് തന്നോടൊപ്പം വിഹരിയ്ക്കാൻ വരണം എന്നായിരുന്നു മോഹിനിയുടെ മറുപടി. അത് കേട്ട രുഗ്മാംഗദൻ, താൻ തന്റെ രാജ്യമായ സാകേതത്തെ തന്നെ ത്യജിയ്ക്കാം മറ്റെല്ലാം ത്യജിയ്ക്കാം എന്നാ ഏകദശീവ്രതം മുടക്കില്ല എന്ന് തറപ്പിച്ച് പറയുന്നു. മോഹിനി തന്നോട് ചെയ്ത സത്യപ്രതിജ്ഞയെ (അപ്രിയം പറയില്ല എന്ന സത്യം) പറ്റി രുഗ്മാംഗദനെ ഓർമ്മിപ്പിക്കുന്നു. തന്നെ ഏകദശീവ്രതം നോൽക്കാൻ അനുവദിയ്ക്കണം എന്ന് രുംഗ്മാംഗദൻ മോഹിനിയോട് ആവശ്യപ്പെടുന്നു. എന്നാൽ ഇത് സത്യഭംഗം ആണെന്നും, അതല്ലാതാവണമെങ്കിൽ രുഗ്മാംഗദന്റെ മകൻ ധർമ്മാംഗദന്റെ തല അമ്മയുടെ മടിയിൽ വെച്ച് വെട്ടണം എന്നും മോഹിനി ആവശ്യപ്പെടുന്നു. രുഗ്മാംഗദൻ കെഞ്ചുന്നു എങ്കിലും മോഹിനി അച്ഛനും അമ്മയ്ക്കും കണ്ണിൽ ഒരു തുള്ളി കണ്ണീർ കൂടെ ഇല്ലാതെ മകന്റെ തലവെട്ടണം എന്ന ആവശ്യം ദൃഢപ്പെടുത്തുന്നു. രുഗ്മാംഗദൻ കേഴുന്നു എങ്കിലും മോഹിനി യാതൊരു വിട്ട്‌വീഴ്ച്ചക്കും തയ്യാറാകുന്നില്ല. ആ സമയം ധർമ്മാംഗദൻ അമ്മ സന്ധ്യാവലിയുമായി പ്രവേശിക്കുന്നു. അച്ഛനും അമ്മയ്ക്കും മക്കൾ ഇനിയുമുണ്ടാകും, എന്നാൽ സത്യഭംഗം വന്നാൽ അത് അച്ഛനേയും അമ്മയേയും മാത്രമല്ല കുലത്തെ കൂടെ ദുഷിയ്ക്കും ആയതിനാൽ ഞാൻ ഇതാ അമ്മയുടെ മടിയിൽ തലവെച്ച് കിടക്കുന്നു, അച്ഛൻ വെട്ടിക്കോളൂ തന്റെ തല എന്ന് പറയുന്നു. അപ്രകാരം വെട്ടാനോങ്ങുന്ന രുഗ്മാംഗദന്റെ കൈ വിഷ്ണു പ്രത്യക്ഷപ്പെട്ട് തടുക്കുന്നു. ധർമ്മാംഗദനെ രാജാവായി അഭിഷേകം ചെയ്യിച്ച് രുഗ്മാംഗദനെ ഉടലോടെ വിഷ്ണുലോകത്തേയ്ക്ക് കൊണ്ട് പോകുന്നതോടെ കഥ തീരുന്നു.
 
ഭക്തിസാന്ദ്രമായ ഈ കഥ മലബാറില്‍ പ്രചാരത്തില്‍ കൊണ്ടുവന്നത് ഗുരു കുഞ്ചുകുറുപ്പും മുണ്ടായ വെങ്കിടകൃഷ്ണഭാഗവതരും കൂടിയാണ്. ഇതിലെ രാഗങ്ങള്‍ മിക്കവയും ഭാഗവതരുടെ വകയാണ്.
 

വേഷങ്ങൾ

രുഗ്മാംഗദന്‍ - പച്ച                                
യമധര്‍മന്‍ - കത്തി (കറുപ്പ് )
പത്നി - മിനുക്ക്‌, സ്ത്രീ    
നാരദന്‍ - മിനുക്ക്‌
ദേവസ്ത്രീകള്‍  - മിനുക്ക്‌, സ്ത്രീ        
ചിത്രഗുപ്തന്‍ - പ്രാകൃതം
വൃദ്ധ  - പ്രാകൃതം                    
മോഹിനി - മിനുക്ക്‌, സ്ത്രീ
ബ്രാഹ്മണര്‍ - മിനുക്ക്‌                        
ധര്‍മാംഗദന്‍ - പച്ച
സന്ധ്യാവലി - മിനുക്ക്‌, സ്ത്രീ                       
ഹാവിഷ്ണു - പച്ച
വിഷ്ണുദൂതന്‍, യമദൂതന്‍, ബ്രഹ്മാവ്‌ .