ബാലിവിജയം

ആട്ടക്കഥ: 


ആട്ടക്കഥാകാരൻ

കല്ലൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് (1776-1835; 1749-1824എന്ന് വെള്ളിനേഴി അച്യുതൻ കുട്ടിയുടെ “കഥകളിപ്പദം” എന്ന പുസ്തകത്തിൽ പറയുന്നു)) ആണ് ബാലിവിജയം ആട്ടക്കഥയുടെ കർത്താവ്. 
 
വള്ളുവനാട് ചങ്ങണംകുന്നുദേശത്ത് കല്ലൂർ ഭഗവതി ക്ഷേത്രത്തിനു സമീപമാണ് കല്ലൂർ മനയുടെ പുരാതനഭവനം. സാമൂതിരിപ്പാടുമായി പിണങ്ങി കൊച്ചിരാജ്യത്തേക്ക് ആ ഭവനം മാറിപ്പാർത്തു. തൃപ്പൂണിത്തുറയ്ക്ക് അടുത്തുള്ള മണിയമ്പള്ളി ഭട്ടതിരിയുടെ ഇല്ലം അന്യം നിന്ന്തുകൊണ്ട് കൊച്ചി മഹാരാജാവ് ആ ഇല്ലത്തെ അവകാശിയാക്കി ഒരു കല്ലൂർ നമ്പൂതിരിപ്പാടിനെ. അവിടെ ആണ് കവിയായ നീലകണ്ഠൻ നമ്പൂതിരിപ്പാടുജനിച്ചത്. ശേഷം തൃശൂരിനു സമീപമുള്ള കാളിനാട്ടുമനയ്ക്കലെ അവകാശവും ആ കുടുംബക്കാർക്ക് ലഭിച്ചു. അങ്ങനെ കവി അണിണിശ്ശേരി അംശത്തിൽ താമസമാക്കി. ഒല്ലൂർ റെയിൽവേ സ്റ്റേഷനടുത്താണ് ഇപ്പോഴത്തെ കല്ലൂർ മന.
 
ദേശമംഗലത്ത് ഉഴുത്ര വാര്യരാണ് നീലകണ്ഠൻ നമ്പൂതിരിപ്പാടിന്റെ സംസ്കൃതഗുരു. കുഞ്ഞിട്ടി രാഘവൻ നമ്പ്യാരും അദ്ദേഹത്തിന്റെ ഗുരുസ്ഥാനം വഹിച്ചിട്ടുണ്ട്.
 
നമ്പൂതിരിപ്പാടിന്റെ ധാരണാശക്തിയേയും മന്ത്രശാസ്ത്രപ്രാവീണ്യത്തെ പറ്റിയും പല ഐതിഹ്യങ്ങളും ഉണ്ട്. മഹാകവി ഉള്ളൂർ അവയിലൊന്നിനെ പറ്റി കേരളസാഹിത്യചരിത്രത്തിൽ പ്രസ്താവിച്ചിരിക്കുന്നതു ശ്രദ്ധേയമാണ്. കവിയുടെ അച്ഛന്റെ മാസമടിയന്തിരം മഴക്കാലത്തായിരുന്നെന്നും അന്നു മഴ പെയ്യാതിരിക്കാൻ ചമ്രവട്ടത്ത് അയ്യപ്പന് ഒരു ഹർജ്ജി ശ്ലോകത്തിലെഴുതി ഭാരതപ്പുഴയിലൊഴുക്കിയെന്നും ഏതായാലും മഴപെയ്യാതെ അടിയന്തിരം ഭംഗിയായി കഴിഞ്ഞെന്നുമാണ് കഥ.
 
ബാലിവിജയം, മധുകൈടഭവധം, സ്വാഹാസുധാകരം, സുമുഖീസ്വയംവരം എന്നീ നാലു ആട്ടക്കഥകളാണ് കല്ലൂർ നമ്പൂതിരിപ്പാട് രചിച്ചിട്ടുള്ളത്. 
 

കഥാസംഗ്രഹം

മഹാവിഷ്ണു മാലിയെ വധിച്ചു. സുമാലി തുടങ്ങിയവർ പാതാളത്തിലേക്ക് പോയി. കുബേരൻ ലങ്കയിലും താമസമായി. രാവണൻ ബ്രഹ്മാവിൽ നിന്നും വരങ്ങൾ വാങ്ങി കുബേരനെ ജയിച്ച് ലങ്കയിൽ താമസമാക്കി. ഇതാണ് പശ്ചാത്തലം. തോടയം കഴിഞ്ഞ് ഇന്ദ്രനും ഇന്ദ്രാണിയുമായ പുറപ്പാട് കഴിഞ്ഞാൽ കഥ തുടങ്ങുന്നു. 
ഒന്നാം രംഗത്തിൽ ഇന്ദ്രപുരിയിൽ ഇന്ദ്രനും ഇന്ദ്രാണിയും പ്രേമസല്ലാപത്തിൽ ലയിച്ച് ഇരിക്കുന്നു.
രണ്ടാം രംഗത്തിൽ ലങ്കയിലെ രാവണന്റെ രാജധാനി ആണ്. രാവണൻ തന്റെ മകനായ മേഘനാദനോട് ഇന്ദ്രനെ ജയിക്കാൻ ആശയുണ്ട് എന്ന് പറയുന്നു. മേഘനാദൻ താൻ പോയി ഇന്ദ്രനെ ജയിച്ച് ബന്ധിച്ച് രാവണസമക്ഷം കൊണ്ട് വരാം എന്ന് ഏൽക്കുന്നു. അപ്രകാരം അവർ ഇന്ദ്രപുരിയിലെത്തുന്നു.
മൂന്നാം രംഗത്തിൽ ഇന്ദ്രപുരിയിലെത്തിയ രാവണൻ ഇന്ദ്രനെ യുദ്ധത്തിനു വിളിക്കുന്നു. തുടർന്നുണ്ടായ യുദ്ധത്തിം മേഘനാദൻ മായാബലം കൊണ്ട് ഇന്ദ്രനെ ബന്ധിക്കുന്നു. അവർ ലങ്കയിലേക്ക് തിരിച്ച് പോകുന്നു.
നാലാം രംഗത്തിൽ ബ്രഹ്മാവ് വന്ന് രാവണനെ മോചിപ്പിക്കാൻ ആവശ്യപ്പെടുകയും രാവണൻ അപ്രകാരം ചെയ്യുകയും ചെയ്യുന്നു. മോചിതനായ ഇന്ദ്രൻ നാണത്തോടേ ഇന്ദ്രലോകത്തേക്ക് പോകുന്നു.
അഞ്ചാം രംഗത്തിൽ ദേവലോകത്തെ ഇന്ദ്രസന്നിദ്ധിയിലേക്ക് നാരദൻ വരുന്നു. രാവണന്റെ മകനിൽ നിന്നുണ്ടായ നാണക്കേടിനു തക്കതായ മറുപടി കൊടുക്കാം, ഇന്ദ്രന്റെ മകനായ ബാലിയുമായി രാവണൻ ഏറ്റുമുട്ടാനുള്ള വഴിയുണ്ടാക്കാം, ബാലിയോട് ഏറ്റുമുട്ടിയവരാരും ജയിച്ചിട്ടില്ല എന്ന് പറഞ്ഞ് നാരദൻ ഇന്ദ്രനെ സമാധാനിപ്പിക്കുന്നു. ഇക്കാര്യം സാധിച്ചാൽ തന്റെ അപമാനം ഒഴിയും എന്ന് ഇന്ദ്രനും പറയുന്നു. നാരദൻ പോകുന്നു.
ആറാം രംഗം രാവണന്റെ രാജധാനി അന്തഃപുരം ആണ്. അരവിന്ദദളോപമനയനേ എന്ന് തുടങ്ങുന്ന പ്രസിദ്ധമായ ശൃംഗാരപ്പദം രാവണൻ മണ്ഡോദരിയോടൊത്ത് ആടുന്നു. ഇവിടെ രാവണനു കരവിംശതി ആട്ടമുണ്ട്. മണ്ഡോദരിയും അവസരത്തിനൊത്ത് പ്രതികരിക്കുന്നു. അങ്ങനെ അവർ സുഖിച്ചിരിക്കുന്ന സമയം നാരദൻ അവിടേയ്ക്ക് വരുന്നതായി രാവണൻ മനസ്സിലാക്കുന്നു.
രംഗം ഏഴിൽ രാവണസമീപം ജയ ജയ രാവണ എന്ന് സ്തുതിച്ച് നാരദൻ എത്തുന്നു. നാരദമഹാമുനിയുടെ പാദയുഗളം രാവണൻ വന്ദിച്ച് ആഗമനോദ്ദേശം അന്വേഷിക്കുന്നു. രാവണൻ എന്ന് കേൾക്കുമ്പോൾ ദേവകൾ കൂടെ വിറയ്ക്കുന്നുണ്ടെങ്കിലും ഒരു വാനരൻ, ഒരു പുല്ലും രാവണനും സമം എന്ന് പറയുന്നുണ്ടെന്ന് നാരദൻ തന്ത്രപൂർവ്വം രാവണനെ അറിയിക്കുന്നു. അത് കേട്ട് ദേഷ്യാത്ഭുതങ്ങൾ നടിയ്ക്കുന്ന രാവണൻ ബാലിയെ പിടിയ്ക്കാനായി പുറപ്പെടുന്നു. നാരദൻ സൂത്രത്തിൽ ചന്ദ്രഹാസം എന്ന വാൾ കൂടെ രാവണന്റെ കയ്യിൽ നിന്ന് മാറ്റി രാവണനെ വെറും കയ്യോടെ ബാലി സമീപം എത്തിയ്ക്കുന്നു. 
രംഗം എട്ടിൽ ലങ്കാലക്ഷ്മിയുടെ ഒരു ചെറിയ രംഗം ആണ്. അത് ആത്മഗതാപരമായ പദമാണ്.
രംഗം ഒമ്പതിൽ രാവണൻ വന്ന് താൻ ഇല്ലാത്ത സമയത്ത് ലങ്കയെ പാലിക്കാനായി ലങ്കാലക്ഷ്മിയെ ഏൽപ്പിക്കുന്നു.
രംഗം പത്തിൽ കിഷ്കിന്ധയിലെ ബാലിയുടെ സദസ്സ് ആണ്. "നാരദൻ ഇവിടെ വന്ന് രഹസ്യമായി ഒരു കാര്യം പറഞ്ഞ് പോയിരിക്കുന്നു. വീരനെന്നഭിമാനിക്കുന്നവനും എന്നാൽ ഭീരുവുമായ രാവണനെ ആരുമറിയാതെ യുദ്ധത്തിനായി മഹർഷി ഇങ്ങോട്ട് കൂട്ടിക്കൊണ്ട് വരും. വങ്കനായ അവൻ മഹർഷിയുടെ പ്രശംസ കേൾക്കുമ്പോൾ കരുത്തനായ എന്റെ ശക്തിയെക്കുറിച്ച് ഓർക്കാതെ ഈടുറ്റ അഹങ്കാരത്തോടെ ഉടനെ വരും. ദുഷ്ടനായ അവനെ യുദ്ധത്തിൽ നിഗ്രഹിക്കണമോ അഥവാ കയ്യൂക്ക് നശിപ്പിച്ച് കാരാഗൃഹത്തിൽ അടക്കണമോ? പറയുവിൻ". എന്ന് ബാലി സദസ്സിൽ ചോദിക്കുന്നു. അതു കേട്ട് സുഗ്രീവൻ രാവണനെ കാലപുരിയ്ക്കയക്കാൻ മടിക്കേണ്ടതില്ലെ എന്ന് അഭിപ്രായം പറയുന്നു. സത്യാവസ്ഥ അറിയാതെ വരുന്ന രാവണനെ വധിക്കുന്നത് ഉചിതമല്ലെന്നും പീഢിപ്പിച്ച് വിടുന്നതാണ് ഉചിതം എന്നും അഭിപ്രായപ്പെടുന്നു. "ഓർക്കുക മനുഷ്യരാലല്ലാതെ മരണമില്ലെന്ന് ബ്രഹ്മാവിൽ നിന്ന് വരം നേടിയ ആളാണ് രാവണൻ." എന്ന് കൂടെ ഹനൂമാൻ ബാലിയെ ഓർമ്മിപ്പിക്കുന്നു.
രംഗം പതിനൊന്നിൽ ദക്ഷിണസമുദ്രതീരത്ത് ഇരുന്ന് സമുദ്രം കണ്ട് അത്ഭുതപ്പെട്ട് ഇരിക്കുന്ന ബാലിയെ ആണ് നാം കാണുക. സമുദ്രത്തിലെ വെള്ളത്തിൽ വീഴുന്ന നിഴൽ മനസ്സിലാക്കി തന്നെ പിടിയ്ക്കാനായി രാവണൻ വരുന്നതായി അറിയുന്നു എങ്കിലും ഒന്നും അറിയാതെ നടിച്ച് ഇരിക്കുന്നു.
രംഗം പന്ത്രണ്ടിൽ ദക്ഷിണസമുദ്രതീരത്തിൽ എത്തിയ നാരദൻ, രാവണനു സമുദ്രത്തിൽ തർപ്പണം ചെയ്തിരിക്കുന്ന ബാലിയെ കാണിച്ച് കൊടുക്കുന്നു. ബാലിയെ കണ്ടതോടെ രാവണനുകാര്യഗൗരവം മനസ്സിലാകുന്നു. പിൻ തിരിയാൻ നോക്കി, രാവണൻ മുന്നോട്ട് വെച്ച കാൽ പിന്നോട്ടില്ല എന്ന് തീരുമാനിച്ച് ബാലിയെ ബന്ധനസ്ഥനാക്കാൻ നോക്കുന്നു. രാവണൻ ബാലിയുടെ വാലിൽ കുടുങ്ങുന്നു.
രംഗം പതിമൂന്നുൽ ലങ്കയാണ്. രാവണൻ ബാലിയുടെ വാലിൽ കുടുങ്ങിയ വിവരം ദൂതൻ വന്ന് മേഘനാദനെ അറിയിക്കുക ആണ്. മേഘനാദൻ ബാലിയ്ക്കെതിരെ യുദ്ധത്തിനു പുറപ്പെടുന്നു. മയൻ തടുക്കുന്നു.
ശേഷമുള്ള ദണ്ഡകത്തിൽ രാവണനെ വാലിൽ കുടുക്കി സമുദ്രങ്ങൾ ആയ സമുദ്രങ്ങളിൽ തർപ്പണം ചെയ്ത് വരുണനെ വണങ്ങി തിരിച്ച് കിഷ്കിന്ധയിൽ എത്തുന്നു. രാവണന്റെ രോദനം കേൾക്കുന്ന ബാലി, രാവണനെ വാലിൽ നിന്ന് സന്തോഷഭാവത്തോടെ അഴിച്ച് വിടുന്നു.
രംഗം പതിനാലിൽ ബാലി രാവണ സഖ്യം ആണ്. രാവണനെ ഇപ്പോൾ നിന്റെ ഇന്ദ്രനെ ജയിച്ച പുത്രനെവിടെ എന്നൊക്കെ ചോദിച്ച് കളിയാക്കുന്നു. തന്നെ അത്ര ഭയമുണ്ടെങ്കിൽ രാവണൻ തെന്റെ ശത്രുവല്ല ഇനിമേലിൽ എന്നും ലങ്കയിൽ പോയി സുഖമായി ജീവിക്കാനും ബാലി അനുവദിക്കുന്നു.
രംഗം പതിനഞ്ചിൽ ദേവലോകം ആണ്. നാരദൻ ദേവലോകത്ത് വന്ന് താൻ പറഞ്ഞ പോലെ പ്രവൃത്തിച്ചു, അത് സഫലമായി എന്ന് ഇന്ദ്രനെ അറിയിക്കുന്നു. ഇന്ദ്രൻ രാവണന്റെ മകനാൽ വന്ന തന്റെ അപമാനം തന്റെ മകൻ തീർത്തു എന്ന് സമാധാനിച്ച് ധനാശി ചൊല്ലി കഥ അവസാനിക്കുന്നു.

വേഷങ്ങൾ

ഇന്ദ്രൻ-പച്ച
ഇന്ദ്രാണി-സ്ത്രീവേഷം മിനുക്ക്
രാവണൻ-കത്തി
മേഘനാദൻ (ഇന്ദ്രജിത്ത്)-കത്തി
ബ്രഹ്മാവ്-
നാരദൻ-മഹർഷിവേഷം മിനുക്ക്
മണ്ഡോദരി-സ്ത്രീവേഷം
ലങ്കാലക്ഷ്മി-കരി
ബാലി-ചുകന്നതാടി
സുഗ്രീവൻ-ചുകന്നതാടി
ഹനൂമാൻ-വെള്ളത്താടി വട്ടമുടി
ദൂതൻ-ഉടുത്തുകെട്ട്
മയാസുരൻ (മയൻ)-കത്തി