സീതാസ്വയംവരം

ആട്ടക്കഥ: 
 

ആട്ടക്കഥാകാരൻ

കൊട്ടാരക്കരത്തമ്പുരാൻ
കൊട്ടാരക്കര തമ്പുരാനാണ് കഥകളിയുടെ ഉപജ്ഞാതാവെന്ന് കരുതപ്പെടുന്നു. ഇദ്ദേഹം എ.ഡി 17ആം നൂറ്റാണ്ടിന്റെ പൂർവ്വാർദ്ധത്തിൽ ആയിരുന്നു ജീവിച്ചിരുന്നത്. ശ്രീരാമപട്ടാഭിഷേകം വരെ ഉള്ള രാമായണകഥകളെ അടിസ്ഥാനമാക്കി പുത്രകാമേഷ്ടി, സീതാസ്വയംവരം, വിച്ഛിന്നാഭിഷേകം, ഖരവധം,ബാലിവധം, തോരണയുദ്ധം, സേതുബന്ധനം, യുദ്ധം എന്നിങ്ങനെ എട്ട് കഥകൾ ആണ് എഴുതിയിരിക്കുന്നത്. ഇവയെ പൊതുവായി “രാമനാട്ടം“ എന്നാണ് തമ്പുരാന്റെ കാലത്തും അതിനുശേഷവും പൊതുവെ അറിയപ്പെട്ടിരുന്നത്. അന്ന് “കഥകളി“ ആയി രൂപം പ്രാപിച്ചിരുന്നില്ല എന്നർത്ഥം. കഥകളി എന്ന പേരുശേഷം ഉണ്ടായതാണ്. കോട്ടയം തമ്പുരാന്റേയും കാർത്തികതിരുനാളിന്റേയും മറ്റും ആട്ടക്കഥകളുടെ ചിട്ടപ്പെടുത്തലുകൾക്ക് ശേഷം ആണ് കഥകളി ഇന്നുകാണുന്ന ശിൽപ്പഭദ്രത നേടിയത്. എന്നാൽ ആട്ടക്കഥാരചന അടിസ്ഥാനപരമായ സമ്പ്രദായം കൊട്ടാരക്കരത്തമ്പുരാന്റെ രീതി തന്നെ അന്നും ഇന്നും. പണ്ട് കാലത്ത് കൊട്ടാരക്കര തമ്പുരാന്റെ എട്ട് കഥകൾക്കും പ്രചാരമുണ്ടായിരുന്നെങ്കിലും ഇന്ന് സീതാസ്വയംവരം, ബാലിവധം, തോരണയുദ്ധം എന്നീ മൂന്നു കഥകൾക്ക് മാത്രമാണ് പ്രചാരം. അതിൽ തന്നെ സീതാസ്വയംവരത്തിൽ പരശുരാമഗർവ്വഭംഗം എന്ന് പറയാവുന്ന അവസാന പതിനഞ്ചാം രംഗത്തിനുമാത്രമാണ് ഇപ്പോൾ അരങ്ങത്ത് പതിവുള്ളത്. ബാലിവധവും തോരണയുദ്ധവും ചിട്ടപ്രധാനമായതിനാൽ കളരിയിൽ അഭ്യസിപ്പിക്കുന്നുണ്ട്.
 
ഖരവധം അപൂർവ്വമായി ഉണ്ടാകാറുണ്ട്. സേതുബന്ധം എന്ന കഥ ദക്ഷിനകേരളത്തിൽ അപൂർവ്വമായി നടപ്പുണ്ടായിരുന്നു എന്ന് ശ്രീ കെ.പി.എസ് മേനോൻ തന്റെ കഥകളിആട്ടപ്രകാരം എന്ന പുസ്തകത്തിന്റെ ഒന്നാം ഭാഗത്ത് പറയുന്നുണ്ട്.
 
പൊതുവെ കഥകൾക്ക് സാഹിത്യഗുണം കുറവാണ്. എന്നാൽ രാമായണകഥയുടെ വൈശിഷ്ട്യം കൊണ്ട് പ്രചാരമുണ്ട്.
 

പശ്ചാത്തലവും പ്രത്യേകതകളും

രാമായണം ബാലകാണ്ഡത്തിൽ വിശ്വാമിത്രന്റെ ആഗമനം മുതൽ സീതാവിവാഹാനന്തരം പരശുരാമനുമായുണ്ടായ ഏറ്റുമുട്ടലടക്കമുള്ള കഥാഭാഗമാണ് ഈ ആട്ടക്കഥയിൽ ഉള്ളത്. എന്നാൽ സമ്പൂർണ്ണമായി ഇക്കഥ അരങ്ങേറാറില്ല. പരശുരാമനുമായുള്ള ഏറ്റുമുട്ടൽ രംഗമാണ് പ്രധാനം ആയും ഇക്കാലത്ത് ആടാറുള്ളത്. ഇന്ന് കാണുന്ന പരശുരാമന്റെ വേഷം രാജാ രവിവർമ്മയുടെ ചിത്രംകണ്ട് പദ്മഭൂഷൺ കലാമണ്ഡലം രാമൻ കുട്ടി നായർ ചിട്ടപ്പെടുത്തിയതാണ് എന്ന് പറയപ്പെടുന്നു. കൊല്ലവർഷം 1120 ആണ് കലാമണ്ഡലത്തിൽ ഇത് വീണ്ടും അഭ്യാസം ചെയ്തത്. തൊട്ട് പിന്നാലെ കോട്ടക്കൽ നാട്യസംഘത്തിൽ ആശാൻ വാഴേങ്കട കുഞ്ചുനായരും ഈ കഥ അഭ്യസിപ്പിച്ചു. കോട്ടയ്ക്കൽ കളിയിൽ ചില മാറ്റങ്ങൾ ഉണ്ട്. താടകാവധം കഴിഞ്ഞാൽ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ സീതാവിവാഹത്തിൽ നിന്ന് “മാരീചേസ്മിൻ” എന്ന് തുടങ്ങുന്ന ശ്ലോകം മുതൽ ജനകന്റെ രംഗം വരെ കൂട്ടിച്ചേർത്തിരിക്കുന്നു. ഇതിൽ അഹല്യാമോക്ഷം, ഗുഹന്റെ രംഗം (തോണിപ്പാട്ട്) എന്നിവ ഉൾപ്പെടും. ഇപ്പോഴും കോട്ടക്കൽ നാട്യസംഘം ഈ വഴി പിന്തുടരുന്നുവോ എന്ന് ഉറപ്പില്ല.
 
കലാമണ്ഡലത്തിന്റെ ആദ്യകാലത്ത് കലാ.രാമൻ കുട്ടി നായരുടെ പരശുരാമൻ അവതരിപ്പിക്കാൻ പ്രത്യേക ഫീസ് ഏർപ്പെടുത്തിയിരുന്നു എന്ന് ചരിത്രം പറയുന്നു. പണ്ട് കാലത്ത് പരശുരാമൻ തേച്ച വേഷമായിരുന്നു. ബലഭദ്രന്റേതുപോലെ. ചുട്ടിയുടെ താഴെ മഹർഷിയുടെ നീണ്ട താടി ചുവപ്പിച്ചതുവേണം. അപ്പോൾ തിര താഴിത്തി സന്ദർഭമാടുകയും ചെയ്തിരുന്നു. കലമാണ്ഡലക്കാരാണ് ഈ വേഷവിധാനം മാറ്റിയത്. കോട്ടയ്ക്കൽ പരശുരാമനും വേഷം ഏതാണ്ട് കലാമണ്ഡലം സ്റ്റൈൽ തന്നെ. പക്ഷെ ഉടുത്തുകെട്ട് ഞെരിയണിയോളം നീണ്ടു കിടക്കും. ജനകൻ തേച്ച വേഷമല്ലാതെ, മിനുക്കി ബ്രാഹ്മണന്റെ താടി വെച്ചും പണ്ട് ഉണ്ടായിരുന്നു എന്ന് കെ.പി.എസ്മേനോൻ സ്മരിക്കുന്നു. ശ്രീരാമനു ശ്രീകൃഷ്ണന്റെ വേഷവും നീലക്കുപ്പായത്തിനു പകരം ചുകന്ന കുപ്പായവും ലക്ഷ്മണനു വെള്ള മനയോലയും ചുകന്ന കുപ്പായവുമാണ്കൂടുതൽ യോജിക്കുക എന്ന് കെ.പി.എസ് മേനോൻ അഭിപ്രായപ്പെടുന്നു. 
 
വീരരസവും ഭക്തിഭാവവുമാണ് പ്രധാനരസങ്ങൾ. ഒന്നാം തരം ആദ്യവസാനത്തിനോ നല്ല താടിയ്കോ സ്ത്രീവേഷത്തിനോ ആടാനുള്ള വക ഇല്ല. ആദ്യവസാനക്കാരൻ പരശുരാമൻ കെട്ടും. വിശ്വാമിത്രൻ കെട്ടുന്നത് ഇടത്തരത്തിൽ ഒന്നാമനാവണം. 
മുഴുവൻ കളിയ്കുമ്പോൾ ഏഴുമണിക്കൂറെങ്കിലും വേണ്ടി വരും. പരശുരാമന്റെ രംഗം മാത്രമായാൽ ഒന്നൊന്നര മണിക്കൂറിൽ ഒതുക്കാം.
 
കാവുങ്ങൽ കുഞ്ഞികൃഷ്ണപ്പണിക്കരുടേയും തെക്കൻ ദിക്കിൽ നളനുണ്ണിയുടേയും പരശുരാമൻ പ്രസിദ്ധമായിരുന്നു എന്ന് കെ.പി.എസ് മേനോൻ സ്മരിക്കുന്നു.


കഥാസംഗ്രഹം

 
പുറപ്പാട് കഴിഞ്ഞ് കഥ തുടങ്ങുന്നു
 
രംഗം 1
അയോദ്ധ്യയിൽ രാമനോട് ദശരഥൻ എവിടെ പോയതാണ് എന്ന് ചോദിക്കുന്നു, രാമൻ വേട്ടയാടാൻ കാട്ടിൽ ലക്ഷ്മണനോടൊപ്പം പോയതാണ് എന്ന് മറുപടി പറയുന്നു. തുടർന്ന് ദശരഥൻ ഭരതശത്രുഘ്നന്മാരോടും ഇതേ ചോദ്യം ചോദിക്കുന്നു. അവർ കേളീവനത്തിൽ കളിച്ച് വരുകയാണെന്ന് ഉത്തരം പറയുന്നു
 
രംഗം 2
അങ്ങനെ ഇരിക്കുന്ന സമയത്ത് വിശ്വാമിത്രമഹർഷി അയോദ്ധ്യയിൽ എത്തുന്നു. അദ്ദേഹത്തെ ആദരിച്ച് ഇരുത്തി ആഗമനോദ്ദേശം ദശരഥൻ അന്വേഷിക്കുന്നു. വിശ്വാമിത്രൻ വലിയ ഒരു യാഗം ചെയ്യാൻ ഒരുങ്ങി ഇരിക്കുകയാണെന്നും പക്ഷെ യാഗം മുടക്കുവാൻ ഭീകരരായ രാക്ഷസർ (മാരീചനും സുബാഹുവും) തയ്യാറായി നിൽക്കുന്നുണ്ടെന്നും അതിനാൽ അവരെ കൊന്ന് യാഗം തടസ്സമില്ലാതെ നടത്താനായി ശ്രീരാമചന്ദ്രനെ വിട്ട് തരണം എന്നും വിശ്വാമിത്രൻ പറയുന്നു. ലക്ഷ്മണനേയും രാമന്റെ ഒപ്പം അയക്കണം എന്നും പറയുന്നു.
അത് കേട്ട ദശരഥൻ, തനിയ്ക്ക് രാമനെ പോലെ പ്രിയപ്പെട്ട മറ്റൊന്ന് ഇല്ലെന്നും രാക്ഷസന്മാരോട് ഏറ്റുമുട്ടാൻ തന്റെ ബാലന്മാർക്ക് ആയിട്ടില്ലെന്നും താൻ തന്നെ സൈന്യസമേതം വരാമെന്നും പറയുന്നു.
വിശ്വാമിത്രൻ ഇത് കേട്ട് കോപിയ്ക്കുന്നു. ദശരഥനോട് വസിഷ്ടൻ ഭയം വേണ്ട, രാമലക്ഷ്മണന്മാരെ വിശ്വാമിത്രനോടൊപ്പം അയക്കാനുപദേശിക്കുന്നു.
ദശരഥൻ അത് പ്രകാരം രാമലക്ഷ്ണന്മാരെ വിശ്വാമിത്രനോടൊപ്പം അയക്കുന്നു.
 
രംഗം 3
വിശ്വാമിത്രനോടൊപ്പം രാമലക്ഷ്മണന്മാർ കാട്ടിലൂടെ നടക്കുന്നു. ആ സമയം ക്ഷീണാദികൾ തീർക്കാൻ വിശ്വാമിത്രൻ ബല അബല മന്ത്രങ്ങൾ ഇരുവർക്കും ഉപദേശിക്കുന്നു. 
നടന്ന് നടന്ന് അവർ താടക താമസിക്കുന്ന വനത്തിലെത്തുന്നു. വിശ്വാമിത്രൻ താടകയെ കൊല്ലാൻ രാമലക്ഷ്മണന്മാരോട് ആവശ്യപ്പെടുന്നു. രാക്ഷസി എങ്കിലും സ്ത്രീ ആയതിനാൽ കൊല്ലുന്നത് യോജ്യമോ എന്ന് രാമൻ സംശയിക്കുന്നു. പണ്ട് മന്ഥര എന്ന രാക്ഷസസ്ത്രീയെ ഇന്ദ്രൻ കൊന്നിട്ടുണ്ട് അതിനാൽ താടകയെ കൊല്ലുന്നത് ദോഷമല്ല എന്ന് വിശ്വാമിത്രൻ ഉപദേശിക്കുന്നു. അപ്രകാരൻ രാമൻ വില്ലുകുലച്ച് ഞാണൊലി ശബ്ദം കേൾപ്പിക്കുന്നു.
 
രംഗം 4
ഞാണൊലി കേട്ട് താടക ക്രുദ്ധയായി രാമനോട് എതിരിടുന്നു. രാമൻ താടകയെ വധിക്കുന്നു
 
രംഗം 5
താടകയെ കൊന്നതറിഞ്ഞ് ദേവന്മാർ രാമലക്ഷ്മണന്മാർക്ക് പുഷ്പവൃഷ്ടി നടത്തുന്നു. ആ രാത്രി അവിടെ ആ വനത്തിൽ തന്നെ അവർ താമസിക്കുന്നു. ആ സമയം വിശ്വാമിത്രം വിവിധങ്ങൾ ആയ അനവധി അസ്ത്രങ്ങളെ രാമനു ഉപദേശിച്ച് ഇന്ദ്രനുപോലും തോൽപ്പിക്കാൻ പറ്റാത്ത വിധത്തിൽ അജയ്യനാക്കിത്തീർക്കുന്നു.
 
രംഗം 6
അങ്ങിനെ വിശ്വാമിത്രൻ ദിവ്യാസ്ത്രങ്ങൾ എല്ലാം നൽകിയ ശേഷം അവർ വിശ്വാമിത്രന്റെ ആശ്രമത്തിൽ എത്തുന്നു. അവിടെ ആറുദിവസം നിന്ന്, അദ്ദേഹം ചെയ്യുന്ന യാഗസംരക്ഷണം നടത്താൻ വിശ്വാമിത്രൻ രാമലക്ഷ്മണന്മാരോട് ആവശ്യപ്പെടുന്നു. രാമലക്ഷ്മണന്മാർ അപ്രകാരം ചെയ്യുന്നു.
 
രംഗം 7
അങ്ങിനെ രാമലക്ഷ്മണന്മാർ വിശ്വാമിത്രന്റെ യാഗശാല സംരക്ഷിച്ച് ഇരിക്കുമ്പോൾ മാരീചൻ സുബാഹു എന്ന രണ്ട് രാക്ഷസവീരന്മാർ യാഗം മുടക്കാനായി വരുന്നു. രാമലക്ഷ്മണന്മാർ അവരോട് ഏറ്റ് മുട്ടുന്നു. മാരീചനെ സമുദ്രത്തിൽ മുക്കിയും സുബാഹുവിനെ മുഷ്ടിയുദ്ധത്തിലും വധിക്കുന്നു.
 
രംഗം 8
ഈ രംഗത്തിൽ മാരീചസുബാഹുക്കളെ വധിച്ചശേഷം യാഗം തടസ്സമില്ലാതെ തീർന്നശേഷം, വിശ്വാമിത്രൻ ഇനി അയോദ്ധ്യയിൽ ജനകരാജധാനിയിൽ അവിടെ ഒരു യജ്ഞമുണ്ട്, അവിടേയ്ക്ക് നമുക്ക് പോകണം എന്ന് പറയുന്നു.
 
രംഗം 9
അങ്ങനെ അവർ ജനകരാജധാനിയിലേക്ക് പുറപ്പെടുന്നു. അവിടെ വഴിയിൽ വെച്ച് വിശാലപുരത്തില്‍ സുമതിരാജാവിനെ കണ്ടു. വിശ്വാമിത്രനോട് ഒപ്പം വന്ന ബാലകന്മാർ ആരാണെന്ന് ചോദിക്കുന്നു. വിശ്വാമിത്രൻ ഇവർ ദശരഥന്റെ പുത്രന്മാർ എന്റെ യാഗരക്ഷചെയ്തു തടാകയേയും വധിച്ചു എന്ന് അറിയിക്കുന്നു. അതോടെ ഈ രംഗം തീരുന്നു.
 
രംഗം 10
വിശ്വാമിത്രൻ പറഞ്ഞത് കേട്ട് രാമലക്ഷ്മണന്മാരേയും മുനിയും സൽക്കരിച്ച് ജനകൻ ആദരിക്കുന്നു. ശേഷം സമീപമുള്ള ഒരു ആശ്രമത്തിലേക്ക് പോകുന്നു. രാമൻ, മാമുനികൾ ഇല്ലാത്ത ഈ ആശ്രമം ആരുടെ എന്നും എന്താണ് കഥ എന്നും ചോദിക്കുന്നു. വിശ്വാമിത്രൻ ഇത് ഗൗതമന്റെ ആശ്രമം ആയിരുന്നു എന്നും അഹല്യയും ഇന്ദ്രനും തമ്മിലുള്ള കഥയും പറഞ്ഞുകൊടുക്കുന്നു. ഗൗതമൻ ഇന്ദ്രനെ ശപിച്ച്, അഹല്യയെ കല്ലാക്കി മാറ്റി, ഒരുനാൾ ശ്രീരാമൻ ഇവിടെ വരും എന്നും ശ്രീരാമപാദം തൊട്ടാൽ അഹല്യയ്ക്ക് മോക്ഷം കിട്ടും എന്നും ഉള്ള കഥകൾ പറഞ്ഞ് കൊടുക്കുന്നു. അങ്ങനെ കല്ലിനെ ശ്രീരാമൻ പാദത്താൽ ചവിട്ടി അഹല്യയ്ക്ക് മോക്ഷം നൽകുന്നു. അപ്പോൾ ഗൗതമമുനി പ്രത്യക്ഷപ്പെട്ട് ശ്രീരാമനെ സ്തുതിയ്ക്കുന്നു.
 
രംഗം 11
ശ്രീരാമലക്ഷ്മണന്മാരും വിശ്വാമിത്രനും ജനകന്റെ യാഗശാലയിൽ എത്തുന്നു. ജനകരാജൻ വിശ്വാമിത്രനോട് ഒപ്പമുള്ള ബാലന്മാർ ആരാണെന്ന് ചോദിക്കുന്നു. വിശ്വാമിത്രൻ രാക്ഷവധവും അഹല്യാമോക്ഷവും ഒക്കെ പറയുന്നു. മാത്രമല്ല ജനകരാജധാനിയിൽ ഉള്ള ശൈവചാപം കാണാൻ മോഹമുണ്ട് എന്നും അറിയിക്കുന്നു. ജനകൻ ത്രയമ്പകം എന്ന ആ വില്ല് ദൂതരെ കൊണ്ട് കൊണ്ടുവരീയ്ക്കുന്നു. ബാലനെങ്കിലും ഇവന്‍ മിടുക്കനെങ്കില്‍ ഇപ്പോള്‍ ഇതിനെ കുലയേറ്റി മുറിച്ചീടേണം എന്നും ജനകൻ പറയുന്നു. വിശ്വാമിത്രന്റെ അനുവാദത്തോടെ ശിവനെ ധ്യാനിച്ച് ശ്രീരാമൻ വില്ലൊടിയ്ക്കുന്നു. തുടർന്ന് സീതാസ്വയം‌വരം നടക്കുന്നു.
 
രംഗം 12
ഈ രംഗത്തിൽ ജനകൻ അയച്ച ദൂതൻ ദശരഥനോട് വാർത്തകൾ എല്ലാം അറിയിക്കുന്നതാണ് ഉള്ളത്.
 
രംഗം 13
തുറ്റർന്ന് ദശരഥനും ഭരതശത്രുഘ്നന്മാരും മിഥിലയിലേക്ക് എത്തുന്നു. ജനകൻ അവരെ ആദരിച്ച് ഇരുത്തുന്നു. സീതയെ രാമനും ഊർമ്മിളയെ ലക്ഷ്മണനും കൊടുക്കാമെന്ന് ജനകൻ ദശരഥനോട് അറിയിക്കുന്നു. വിശ്വാമിത്രൻ ജനകന്റെ സഹോദരന്റെ പുത്രിമാരെ ഭരതശത്രുഘ്നന്മാർക്ക് കൊടുക്കാനും ആവശ്യപ്പെടുന്നു. അത് ചെയ്യാമെന്ന് ജനകൻ സമ്മതിയ്ക്കുന്നതോടേ രംഗം തീരുന്നു.
 
രംഗം 14
ഇവിടെ ജനകൻ വീണ്ടും രാമലക്ഷ്മ്മണന്മാരോട് പുത്രികൾ തരുന്നു എന്ന് അറിയിക്കുന്നു. 
 
രംഗം 15
ശൈവചാപം മുറിച്ചതറിഞ്ഞ് കോപിച്ച് ഭൃഗുരാമനായ പരശുരാമൻ, ജനകപുത്രന്മാരുടെ വിവാഹഘോഷയാത്ര തടുത്ത് പ്രത്യക്ഷപ്പെടുന്നതാണ് അവസാനരംഗത്തിൽ. ഇത് വിസ്തരിച്ച് അറിയാൻ അവസാനരംഗമായ 15ആം രംഗം നോക്കുക.
 

കഥാപാത്രങ്ങൾ

ദശരഥൻ-പച്ച
ശ്രീരാമൻ-പച്ചമുടി-കുട്ടി ഒന്നാം തരം
ലക്ഷ്മണൻ-പച്ചമുടി കുട്ടിത്തരം
ഭരതൻ-പച്ചമുടി-കുട്ടിത്തരം
ശത്രുഘ്നൻ-പച്ചമുടി-കുട്ടിത്തരം
വിശ്വാമിത്രൻ-മഹർഷി-ഒന്നാം തരം
വസിഷ്ഠൻ-മഹർഷി-ഒന്നാം തരം
താടക-കരി
സുബാഹു-താടി
മാരീചൻ-നെടും കത്തി
അഹല്യ-സ്ത്രീ-കുട്ടിത്തരം
ജനകൻ-വെള്ളമനയോല-വെളുത്ത നീണ്ട താടി
സീത-സ്ത്രീ-കുട്ടിത്തരം
പരശുരാമൻ-മഹർഷി- ഒന്നാം തരം- കറുത്ത നീണ്ട താടി