ഖരവധം

ആട്ടക്കഥ: 

കർത്താവ്

കൊട്ടാരക്കരത്തമ്പുരാൻ
 

കഥാസംഗ്രഹം

 
രാമാദികൾ ദണ്ഡകവനത്തിൽ പ്രവേശിച്ചു. സീതയ്ക്കു രാക്ഷസഭീതിയുണ്ടാവുമെന്നു കരുതി രാമൻ സാന്ത്വനവചസ്സുകൾ പറഞ്ഞും മുനിവാടങ്ങളിൽ വിശ്രമിച്ചും സഞ്ചരിയ്ക്കുമ്പോൾ വിരാധനെന്ന രാക്ഷസൻ സീതയെ അപഹരിയ്ക്കാൻ ശ്രമിച്ചു. രാമൻ അവന്റെ നേരെ ശരമയച്ചപ്പോൾ രാമലക്ഷ്മണന്മാരെ പിടിച്ച് ആകാശമാർഗ്ഗത്തിലേക്ക് വിരാധൻ ഉയർന്നു. കുമാരന്മാർ അവന്റെ ഓരോ കയ്യും വെട്ടിമുറിച്ചു. ഉടനെ വിരാധരൂപം ഉപേക്ഷിച്ച് രാമന്റെ മുന്നിൽ ഒരു ദേവരൂപം പ്രത്യക്ഷമായി. താൻ തുംബുരു എന്ന ഗന്ധർവ്വനാണെന്നും ശപമേറ്റു രാക്ഷസനായി കാട്ടിൽ അലഞ്ഞുനടക്കുകയായിരുന്നുവെന്നും ഇതോടെ ശാപമോക്ഷം ലഭിച്ചുവെന്നും രാമനെ ആ ദേവൻ അറിയിച്ചു.
അനന്തരം രാമൻ ശരംഭംഗാശ്രമത്തിലെത്തി. ആ മഹർഷിയുടെ അഗ്നിപ്രവേശത്തിനു സാക്ഷി നിന്നു. മഹർഷിക്ക് അങ്ങനെ മോക്ഷം ലഭിച്ചു. പിന്നീടു രാമൻ അഗസ്ത്യമഹർഷിയെ സന്ദർശിച്ചു. രാക്ഷസനിഗ്രഹത്തിനു അഗസ്ത്യൻ രാമനു പല ദിവ്യായുധങ്ങളും നൽകി. അനേകം മുനികൾ രാമനെ കണ്ട് രാക്ഷസപീഡകളെ പറ്റി പരാതിപ്പെട്ടപ്പോൾ ‘താപസവരരേ ഞാനേതുമേ മടിയാതെ പാപികൾ രാക്ഷരെ ഒടുക്കുവൻ’ എന്ന് രാമൻ അവരെ സമാശ്വസിപ്പിച്ചു. അടുത്ത രംഗം പഞ്ച വടിയിലാണ്. ജടായുവും രാമനും തമ്മിലുള്ള കൂടിക്കാഴ്ച്ച; ദശരഥന്റെ ചരമഗതി അറിഞ്ഞ് ജടായുവിനുണ്ടായ ദുഃഖം.
രാവണസഹോദരിയായ ശൂർപ്പണഖ ഒരു സുന്ദരിയുടെ വേഷമെടുത്ത് രാമനെ അനുരാഗവതിയായി സമീപിച്ച് പ്രണയാർത്ഥന ചെയ്കെ, അദ്ദേഹം അവളോട് ലക്ഷ്മണനെ സമീപിക്കാൻ പറയുകയും, ലക്ഷ്മണൻ അവളെ വീണ്ടും രാമസന്നിധിയിലേക്ക് അയയ്കുകയും, രാമൻ പിന്നേയും അവളെ ലക്ഷ്മണന്റെ അടുക്കലേക്ക് വിടുകയും ചെയ്തതോടെ കുപിതയായി അവൾ ലക്ഷ്മണനെ അപഹരിച്ചു മറഞ്ഞു. ലക്ഷ്മണൻ ശൂർപ്പണഖയുടെ മൂകും മുലയും മുറിച്ചു. രാക്ഷസി നിരനുനാസികയായി രാമനോടു പകവീട്ടുമെന്ന് ഭീഷണിപ്പെടുത്തു ഖരനെ സമീപിച്ച് നടന്നതെല്ലാം അറിയിച്ചു. ഖരൻ സഹോദരന്മാരായ ദൂഷണനേയും ത്രിശിരസ്സിനേയും യുദ്ധത്തിനു അയച്ചു; രാമൻ അവരെ ഹനിച്ചു. ഒടുവിൽ ഖരൻ തന്നെ രാമനോടേറ്റു. ബ്രഹ്മാസ്ത്രമയച്ച് രാമൻ ഖരനെ കൊന്നു; ഖരനു മോക്ഷവും ലഭിച്ചു.


വേഷങ്ങൾ

ശൂർപ്പണഖ - കരി
ലളിത - മിനുക്ക് സ്ത്രീ
ഖരൻ - കത്തി
ദൂഷണൻ - ചുവന്നതാടി
ത്രിശിരസ്സ് - ചുവന്നതാടി
ശ്രീരാമൻ - കൃഷ്ണമുടി
ലക്ഷ്മണൻ - കൃഷ്ണമുടി
സീത- സ്ത്രീ മിനുക്ക്
അഗസ്ത്യൻ -മഹർഷിവേഷം
വിരാധൻ -  ചുവന്നതാടി
തുംബുരു - പച്ച
ശരഭംഗൻ - മഹർഷി
ജടായു - പക്ഷിവേഷം കറുപ്പ് കൊക്ക്