കഥകളിയിലെ മുദ്രകൾ

കഥകളിയിലെ പ്രധാന 24 മുദ്രകള്‍ താഴെ കൊടുക്കുന്നു.
മുദ്ര കാണിക്കേണ്ട വിധം
പതാകം

കൈപ്പത്തി നിവർത്തിപ്പിടിച്ച് മോതിരവിരൽ (ചെറുവിരലിൽ നിന്നും രണ്ടാമത്തെ വിരൽ) അകത്തോട്ട് പകുതി മടക്കിയാൽ പതാകമെന്ന മുദ്ര കിട്ടും.

മുദ്രാഖ്യം

ചൂണ്ടുവിരലും തള്ളവിരലും മദ്ധ്യത്തിലെ ദ്വാരം വൃത്താകൃതിയിൽ വരത്തക്കവണ്ണം ചേർത്തു പിടിയ്ക്കുകയും, ബാക്കി മൂന്നുവിരലുകൾ നിവർത്തിപ്പിടിയ്ക്കുകയും ചെയ്താൽ മുദ്രാഖ്യമുദ്ര ആയി.

കടകം

മുദ്രാഖ്യമുദ്രയോടൊപ്പം തന്നെ നടുവിരലിന്റെ അറ്റം പെരുവിരലിന്റെ ചുവട്ടിൽ പിടിച്ചാൽ അത് കടകമുദ്രയായി.

മുഷ്ടി

ചൂണ്ടുവിരലിന്റെ ഒരരികിൽ തള്ളവിരൽ തൊടുകയും മറ്റ് വിരലുകളെല്ലാം മടക്കുകയും ചെയ്താൽ മുഷ്ടി ആയി.

കർത്തരീമുഖം

ചെറുവിരൽ പൊക്കിയും പിന്നത്തെ മൂന്നുവിരലുകൾ പകുതി മടക്കിയും തള്ളവിരലിന്റെ തലയെ ചൂണ്ടുവിരലിന്റെ നടുഭാഗത്ത് തൊടീക്കുകയും ചെയ്താൽ അത് കർത്തരീമുഖം ആയി

ശുകതുണ്ഡം

ചൂണ്ടുവിരലിനെ പുരികം പോലെ വളക്കുകയും നടുവിരൽ മടക്കി അതിന്മേൽ പെരുവിരൽ വെക്കുകയും മറ്റുള്ള വിരലുകൾ പൊങ്ങിച്ചുമടക്കുകയും ചെയ്താൽ ശുകതുണ്ഡം ആയി.

കപിത്ഥം

നടുവിരൽ മടക്കിയും അതിന്മേൽ പെരുവിരൽ തൊടീപ്പിച്ച് കെറുവിരൽ നല്ലവണ്ണം മടക്കുകയും ചെയ്താൽ കപിത്ഥമുദ്ര ആയി

ഹംസപക്ഷം

വിരലുകളെല്ലാം ഉള്ളപ്രകാരം തന്നെ നിവർത്തിവെക്കുക. തള്ളവിരൽ മറ്റുവിരലുകളോടു ചേർക്കാതെ അകറ്റിപ്പിടിക്കുക. ഹംസപക്ഷം എന്ന മുദ്ര ആയി.

ശിഖരം

കപിത്ഥമുദ്രയെ വിടാതെ നടുവിരലിനെ മുന്നോട്ടും ചൂണ്ടുവിരലിനെ പുറകോട്ടും തള്ളി നിർത്തിയാൽ ശിഖരം ആയി.

ഹംസാസ്യം

ചൂണ്ടുവിരലും നടുവിരലും തള്ളവിരലും അറ്റത്ത് തൊടുവിപ്പിച്ച് മറ്റുള്ള വിരലുകൾ പൊക്കിവെക്കുകയും ചെയ്താൽ അത് ഹംസാസ്യം ആയി.

അഞ്ജലി

വിരലുകളെല്ലാം തമ്മിൽ തമ്മിൽ തൊടാതെ കൈപ്പത്തിയുടെ മദ്ധ്യഭാഗം അല്പ്പം മടക്കി കൂമ്പിക്കുകയും ചെയ്താൽ അഞ്ജലി ആയി.

അർദ്ധചന്ദ്രം

തള്ളവിരലും ചൂണ്ടുവിരലും ഒഴികെ ബക്കിയുള്ള വിരലുകൾ മടക്കിവെച്ചാൽ അർദ്ധചന്ദ്രം ആയി.

മുകുരം

നടുവിരലും മോതിരവിരലും തള്ളവിരലും മടക്കി അറ്റം തൊടുവിച്ച് ബാക്കി വിരലുകൾ നിവർത്തി പിടിച്ചാൽ മുകുരം എന്ന മുദ്ര ആയി.

മുകുളം

അഞ്ചുവിരലുകളുടേയും അറ്റങ്ങൾ നല്ലവണ്ണം ചേർത്ത് പിടിച്ചാൽ അത് മുകുളം ആയി

ഭ്രമരം

ചൂണ്ടുവിരൽ മാത്രം മടക്കി ബാക്കി വിരലുകൾ വിടർത്തി പിടിച്ചാൽ ഭ്രമരം ആയി

സൂചികാമുഖം

ചൂണ്ടുവിരൽ മാത്രം നിവർത്തിപിടിച്ച് ബാക്കിവിരലുകൾ മടക്കി തള്ള വിരൽ മറ്റുള്ള വിരലുകളോട് ചേർത്ത്പിടിക്കുകയും ചെയ്താൽ സൂചികാമുഖം ആയി

പല്ലവം

തള്ളവിരൽ മോതിരവിരലിന്റെ ചുവട്ടിൽ പിടിച്ച് മറ്റ് വിരലുകൾ നിവർത്തിപിടിച്ചാൽ അത് പല്ലവം എന്ന് മുദ്ര ആയി.

ത്രിപതാകം

തള്ളവിരൽ കുറച്ചൊന്ന് മടക്കി ചൂണ്ടുവിരലിന്റെ ചുവട്ടിൽ ചേർത്ത് പിടിച്ച് മറ്റ് വിരലുകൾ നിവർത്തിപിടിച്ചാൽ അത് ത്രിപതാക ആയി

മൃഗശീർഷം

നടുവിരലും മോതിരവിരലും മടക്കി അവയുടെ ഉള്ളിൽ മദ്ധ്യരേഖയോട് തള്ളവിരലിന്റെ അറ്റം തൊടുവിച്ചാൽ മൃഗശീർഷമുദ്ര ആയി.

സർപ്പശിരസ്സ്

തള്ളവിരലടക്കം എല്ലാ വിരലുകളും ചേർത്ത്പിടിച്ച് കപ്പത്തിയുടെ മധ്യംഭാഗം കുറച്ചൊന്ന് മടക്കി പിടിച്ചാൽ അത് സർപ്പശിരസ്സ് എന്ന് മുദ്ര ആയി.

വർദ്ധമാനകം

ചൂണ്ടുവിരൽ തള്ളവിരലിന്റെ നടുവിലെ രേഖയിൽ ചേർത്ത് മറ്റുള്ള വിരലുകൾ ക്രമേണം ഭംഗിയിൽ വളച്ചാൽ വർദ്ധമാനമുദ്ര ആയി.

അരാളം

ചൂണ്ടുവിരലിന്റെ മദ്ധ്യരേഖയിൽ തള്ളവിരൽ തൊടുവിച്ച് മറ്റുള്ള വിരലുകൾ ഭംഗിയായി മടക്കിയാൽ അരാളം എന്ന മുദ്ര ആയി

ഊർണ്ണനാഭം

അഞ്ചുവിരലുകളും എട്ടുകാലിയുടെ കാലുകൾ പോലെ വളച്ചാൽ അത് ഊർണ്ണനാഭ മുദ്ര ആയി.

കടകാമുഖം

നടുവിരലിന്റെയും മോതിരവിരലിന്റെയും മധ്യത്തിൽ തള്ളവിരൽ പ്രവേശിപ്പിച്ച് മറ്റുള്ള വിരലുകൾ എല്ലാം കൂടി മടക്കിയാൽ കടാകാമുഖ മുദ്ര ആയി.

ഹസ്ത ലക്ഷണ ദീപിക പ്രകാരം ചൂണ്ടു വിരലും നടു വിരലിനും ഇടക്ക്‌ പെരുവിരൽ കയറ്റി ബാക്കി വിരലുകൾ മടക്കുക എന്നാണ്, എന്നാൽ ശീല ഭേദം കൊണ്ട് നടു വിരലിനും മോതിര വിരലിനും ഇടക്ക്‌ പെരുവിരൽ കയറ്റി ബാക്കി വിരലുകൾ മടക്കുന്ന വിധത്തിൽ പലരും കാണിക്കുന്നു. - (ശ്രീ സി.പി ഉണ്ണികൃഷ്ണൻ & സദനം ഹരികുമാരൻ എന്നിവരുടെ അഭിപ്രായപ്രകാരം ചേർത്ത അധിക വിവരം.)