അർജ്ജുനവിഷാദവൃത്തം
ആട്ടക്കഥ:
Table of contents
ആട്ടക്കഥാകാരൻ
രാജശേഖരൻ പി വൈക്കം
കഥാസാരം
(മഹാഭാരതത്തിലെ ദുശ്ശളയാണ് ഈ കഥയിലെ കേന്ദ്രബിന്ദു)
സന്ദര്‍ഭം:-
കൗരവരുടെ ഏകസഹോദരിയായ ദുശ്ശള സിന്ധു രാജ്യാധിപനായ ജയദ്രഥന്‍െറ പത്‌നിയാണ്.
പാണ്ഡവരുടെ വനവാസക്കാലത്ത് കാമ്യക വനത്തില്‍ വച്ച് ദ്രൗപദിയെ അപഹരിക്കുവാന്‍ ജയദ്രഥന്‍ ശ്രമം നടത്തി. വിവരം അറിഞ്ഞെത്തിയ ഭീമാദികള്‍ ദ്രൗപദിയെ മോചിപ്പിച്ചു. ജയദ്രഥനെ ബന്ധനസ്ഥനാക്കി, വധിക്കാനൊരുങ്ങി. തങ്ങളുടെ കൂടി സഹോദരിയായ ദുശ്ശള വിധവയാകുമെന്ന് ഓര്‍മ്മപ്പെടുത്തി, ധര്‍മ്മജന്‍ ഭീമാദികളെ വിലക്കി. ജയദ്രഥന്‍ മോചിതനായി. പക്ഷെ അയാളെ ഭീമന്‍ അര്‍ദ്ധശിരോമുണ്ഡനം ചെയ്ത് അപമാനിച്ചാണ് വിട്ടത്.
അപമാനിതനായ ജയദ്രഥന്‍, പണ്ഡവരോടു പ്രതികാരം ചെയ്യുന്ന തിന് ആവശ്യമായ വരം സമ്പാദിക്കുന്നതിനുവേണ്ടി ശിവനെ തപസ്സു ചെയ്തു. ജയദ്രഥന്‍െറ കൊടും തപസ്സില്‍ സംപ്രീതനായ ശ്രീപരമേശ്വരന്‍ പ്രത്യക്ഷനായി. താന്‍ പാശുപതാസ്ത്രം കൊടുത്തനുഗ്രഹിച്ചിട്ടുള്ള അര്‍ജ്ജുനനെ ഒഴിച്ച് മറ്റു പാണ്ഡവരെ യുദ്ധത്തില്‍, തടുത്തുനിര്‍ത്തുന്നതിനുള്ള വരം പരമശിവന്‍ ജയദ്രഥനു നല്കി. വരലബ്ധനായ ജയദ്രഥന്‍, കൊട്ടാര ത്തിലെത്തുന്നതോടെ "അര്‍ജ്ജുന വിഷാദവൃത്തം " കഥ തുടങ്ങുന്നു.
രംഗം 1
(ജയദ്രഥന്‍, ദുശ്ശള)
[(ജയദ്രഥന്‍ (കത്തി)- തിരനോക്ക്]
കാമ്യക വനത്തില്‍ വച്ച്, ജയദ്രഥന്‍ പാഞ്ചാലിയെ അപഹരിക്കു വാന്‍ ശ്രമിച്ച വൃത്താന്തം കേട്ടറിഞ്ഞ ദുശ്ശള പരിഭവകലുഷയായിരിയ്ക്കുന്നു. ദീര്‍ഘകാലത്തെ വേര്‍പാടിനുശേഷം തിരിച്ചെത്തിയ തന്നോട് എന്താണീ പരിഭവമെന്നാരായുകയാണ്, ജയദ്രഥന്‍. പുലരൊളി സദാ ചിതറുന്ന ദുശ്ശളയുടെ മുഖം കലുഷമായി കാറണിഞ്ഞു കാണുവാനുള്ള കാരണമാണ് ജയദ്രഥനറിയേണ്ടത്.
"പാഞ്ചാലി തന്നിലാണല്ലോ, ഭവാനു പ്രിയം, എന്തിനാണീ നാടകമെല്ലാം", എന്നിങ്ങനെയുള്ള ദുശ്ശളയുടെ മറുപടി കേട്ടതോടെ ജയദ്രഥനു കാര്യം മനസ്സിലായി. പാഞ്ചാലിയെ അപഹരിയ്ക്കുവാന്‍ ശ്രമിച്ചതിനു മറ്റൊരു മുഖം നല്കി, നയ ചതുരനായ ജയദ്രഥന്‍ തന്‍െറ വചന കൗശലം കൊണ്ട് ദുശ്ശളയുടെ പരിഭവം മാറ്റുന്നു. ഇരുവരും, പിന്നീട് പിക, ശുക വിഗളല്‍ സാന്ദ്ര സംഗീതരംഗമായ ഉദ്യാനത്തിലിരുന്ന് സായാഹ്നത്തിന്‍െറ മനോഹാരിതയാസ്വദിക്കുന്നു.
രംഗം 2
(ജയദ്രഥന്‍, ദൂതന്‍, ദുശ്ശള)
ഭഗവാന്‍ കൃഷ്ണന്റെ സന്ധിസംഭാഷണം പരാജയപ്പെട്ടു. കുരുക്ഷേത്ര യുദ്ധം അറിയിച്ചുകൊണ്ടും, യുദ്ധത്തിനു ക്ഷണിച്ചുകൊണ്ടും ദുര്യോധന്റെ ദൂതന്‍ എത്തുന്നു. താന്‍ ഉടന്‍ തന്നെ വമ്പടയോടു കൂടി യുദ്ധത്തിനെത്തുമെന്ന് ദുര്യോധനനെ അറിയിയ്ക്കുവാന്‍ നിര്‍ദ്ദേശിച്ച്, ദൂതനെ യാത്രയാക്കുന്നു. ദൂതന്‍ പോയതിനുശേഷം, ജയദ്രഥന്‍, ദുശ്ശളയോടു യാത്ര പറഞ്ഞ് യുദ്ധത്തിനു പുറപ്പെടുവാനൊരുങ്ങുന്നു. ദുശ്ശള, ജയദ്രഥനെ രക്ത തിലക മണിയിച്ച്, ക്ഷത്രിയോചിതമായി യാത്രയാക്കുന്നു. പിന്നീട് ചതുരംഗ സേനകളോടെ, ജയദ്രഥന്റെ പടപ്പുറപ്പാട്.
രംഗം 3
(ശ്രീകൃഷ്ണന്‍, അര്‍ജ്ജുനന്‍)
മഹാഭാരതയുദ്ധം പതിമൂന്നാം ദിവസം. പാണ്ഡവരെ ജയിക്കണമെങ്കില്‍, അര്‍ജ്ജുനനെ യുദ്ധരംഗത്തു നിന്നും മാറ്റി നിര്‍ത്തണമെന്ന ദ്രോണാചാര്യരുടെ ആവശ്യമനുസരിച്ച്, സംശപ്തകര്‍ (ചാവേര്‍പ്പട) കുരുക്ഷേത്രത്തിന്‍െറ ദക്ഷിണഭാഗത്തുനിന്നും പോരിനു വിളിച്ച് അര്‍ജ്ജുനനെയങ്ങോട്ടാകര്‍ഷിച്ചു. തദവസരത്തില്‍ ദ്രോണാചാര്യര്‍, പദ്മവ്യൂഹം ചമച്ചു. അര്‍ജ്ജുനന്റെ അഭാവത്തില്‍, അര്‍ജ്ജുനപുത്രനായ അഭിമന്യു-, വ്യൂഹം ഭേദിച്ച് അകത്തു കടക്കുന്നു. വ്യൂഹത്തിനു പുറത്തു കടക്കുന്നതിനുള്ള ഉപായം അഭിമന്യുവിനറിവില്ലായിരുന്നു. അഭിമന്യു വ്യൂഹം ഭേദിയ്ക്കുന്ന അവസരത്തില്‍ തന്നെ, മറ്റു പാണ്ഡവര്‍ കൂടി വ്യൂഹത്തിനകത്തു കടന്നു വ്യൂഹം പൂര്‍ണ്ണമായി തകര്‍ക്കുമെന്ന്, മുന്‍കൂട്ടി വിചാരിച്ചിരുന്ന പദ്ധതി ജയദ്രഥന്റെ ശക്തമായ പ്രതിരോധം കൊണ്ട് നടക്കാതെ പോയി. ശിവദത്തമായ വരം കൊണ്ടാണ് പാണ്ഡവരെ എതിര്‍ത്തു നിര്‍ത്തുന്നതിന് ജയദ്രഥനു സാധിച്ചത്. മഹാരഥന്മാര്‍ ഒത്തു കൂടി അഭിമന്യുവിന്റെ തേര് തകര്‍ത്തു. ഒറ്റയ്ക്ക് നിന്നു പൊരുതിയ ആ യുവ വീരനെ, നിഷ്കരുണം വെട്ടിവീഴ്ത്തി.
സംശപ്തകരെ വധിച്ച് വിജയശ്രീലാളിതനായി പടകുടീരത്തിലേയ്ക്ക്, ശ്രീകൃഷ്ണന്റെ തേരില്‍ അര്‍ജ്ജുനന്‍ വരുന്നതാണ് ഈ രംഗത്തിന്റെ തുടക്കം.
പെട്ടെന്ന് അര്‍ജ്ജുനനെ എന്തോ, അകാരണമായ അസ്വാസ്ഥ്യ മലട്ടുവാന്‍ തുടങ്ങുന്നു. ദുശ്ശകുനങ്ങള്‍ കാണുന്നു. ഭഗവാനോടു കാരണമാരായി രുന്നു. തന്റെ സഹോദരന്മാര്‍ക്കാര്‍ക്കെങ്കിലും എന്തെങ്കിലും അപായം സംഭവിച്ചിട്ടുണ്ടാവുമോ; ഈ ധര്‍മ്മയുദ്ധത്തില്‍, ധര്‍മ്മജാദികളായ, സഹോദരന്മാര്‍ക്കാര്‍ക്കും, ഒരാപത്തും വരില്ലെന്നും, യുദ്ധ ക്ഷീണം കൊണ്ട് ഓരോന്നു തോന്നുന്ന താണെന്നും പറഞ്ഞ് ശ്രീകൃഷ്ണന്‍ അര്‍ജ്ജുനനെ സമാധാനപ്പെടുത്തുന്നു.
പടകുടീരത്തിലെത്തുന്നതോടെ, അവിടെങ്ങും ശോകമൂകമായ അന്തരീക്ഷം കണ്ട അര്‍ജ്ജുനന്‍ എന്തോ അപകടം പറ്റിയിട്ടുണ്ടെന്നു തീര്‍ച്ചയാക്കുന്നു. അഭിമന്യുവിന്റെ ദുരന്തമറിഞ്ഞ് അര്‍ജ്ജുനന്‍ പ്രജ്ഞയറ്റു നിലം പതിയ്ക്കുന്നു. പ്രിയപുത്രന്റെ വേര്‍പാടില്‍, ആ ജഗദേകധനുര്‍ദ്ധരന്‍ കേഴുന്നു. എന്തിനാണീ 'രണവും, ഭരണവും'മെന്നു പറഞ്ഞ് ജീവത്യാഗത്തി നൊരുങ്ങുന്ന അര്‍ജ്ജുനനെ ഭഗവാന്‍ വീണ്ടും കര്‍മ്മോത്സുകനാക്കുന്നു. അടുത്ത സൂര്യസ്ത മയത്തിനു മുമ്പ് ജയദ്രഥനെ വധിക്കുമെന്ന് അര്‍ജ്ജുനന്‍ ശപഥം ചെയ്യുന്നു.
രംഗം 4
(ശ്രീകൃഷ്ണന്‍, അര്‍ജ്ജുനന്‍, ജയദ്രഥന്‍)
അര്‍ജ്ജുനന്റെ ശപഥം കേട്ടറിഞ്ഞ, ജയദ്രഥന്‍ ഭയവിഹ്വലനായി യുദ്ധാങ്കണത്തില്‍ മറഞ്ഞിരിയ്ക്കുന്നു. അര്‍ജ്ജുനന്‍, ജയദ്രഥനെ തെരഞ്ഞ് ഉഗ്രമായ പോരാട്ടത്തിലേര്‍ പ്പെടുന്നു, സന്ധ്യയടുക്കുന്നുവെന്നറിഞ്ഞ അര്‍ജ്ജുനന്‍ തളരുന്നു. ഭഗവാന്‍ കൃഷ്ണന്‍ സഹായഹസ്തം നീട്ടുന്നു. ചക്രായുധം കൊണ്ട് സൂര്യനെ മറച്ച് കൃത്രിമമായി ഇരുട്ടുണ്ടാക്കുന്നു. അന്തിയായെന്നോര്‍ത്ത് വിജയോന്മാദം പൂണ്ടുവരുന്ന ജയദ്രഥനെ അര്‍ജ്ജുനന്‍ വധിക്കുന്നു. കൃഷ്ണന്‍ നിര്‍ദ്ദേശിച്ച തനുസരിച്ച്, ജയദ്രഥ ശിരസ്സ് ഭൂമിയില്‍ വീഴ്ത്താതെ ജയദ്രഥന്റെ പിതാവായ വൃദ്ധക്ഷത്രന്റെ കരത്തില്‍ വീഴ്ത്തുന്നു. ഞെട്ടലോടെ പുത്രശിരസ്സ് ഭൂമിയില്‍ വീഴ്ത്തിയ വൃദ്ധക്ഷത്രനും തലപൊട്ടിത്തെറിച്ച് മരിയ്ക്കുന്നു. [ജയദ്രഥന്റെ തല ഭൂമിയില്‍ വീഴ്ത്തുന്നവനാരോ, അവന്‍ തലപൊട്ടിത്തെറിച്ച് മരിയ്ക്കുമെ ന്നൊരശരീരി ജയദ്രഥന്‍ ജനിച്ച സമയത്ത് കേട്ടിരുന്നു.]
ജയദ്രഥനെ വധിച്ച് ശപഥം നിറവേറ്റാനായ അര്‍ജ്ജുനന്‍, കൃഷ്ണനെ കൃതജ്ഞാപൂര്‍വ്വം നമസ്ക്കരിയ്ക്കുന്നു.
രംഗം 5
(ബ്രാഹ്മണര്‍)
മഹാഭാരത യുദ്ധം കഴിഞ്ഞു. ഗുരുക്കന്മാരേയും, അനവധി ബന്ധുക്കളേയും വധിച്ചതോര്‍ത്ത് ധര്‍മ്മപുത്രന്‍ ദുഃഖിതനായി. പാപപരിഹാരാര്‍ത്ഥം അശ്വമേധയാഗം നടത്തുവാന്‍ വ്യാസന്‍ ഉപദേശിച്ചു. അര്‍ജ്ജുനനെയാണ് യാഗാശ്വരക്ഷയ്ക്ക് നിയോഗിച്ചത്. യാഗാശ്വവുമായി പുറപ്പെടുന്ന അര്‍ജ്ജുനനെ അനുഗ്രഹിയ്ക്കുവാന്‍ ബ്രാഹ്മണര്‍ വരുന്നതാണീ രംഗം.
രംഗം 6
(ദുശ്ശള, സുരഥന്‍, സുരഥപുത്രന്‍, ദ്വാരപാലകര്‍)
പതിയും, ബന്ധുജനങ്ങളൊക്കെയും മൃതരായതോര്‍ത്തു ഖിന്നയായി ട്ടിരിക്കുന്ന ദുശ്ശള, പുത്രനോടോപ്പം സിന്ധു രാജ്യത്തു കഴിയുകയാണ്. പുത്രനായ സുരഥനാണ് രാജ്യം ഭരിയ്ക്കുന്നത്. സുരഥപുത്രനെ - തന്റെ പേരക്കുട്ടിയെ - മടിയില്‍ വച്ച്, കഴിഞ്ഞതൊ ക്കേയു മോര്‍ക്കുകയാണു ദുശ്ശള. തത്സമയം പുത്രനായ സുരഥന്‍ കടന്നു വരുന്നു. എന്താലോചിച്ചാണ്,അമ്മ വിഷമിയ്ക്കുന്നതെന്നാണ് സുരഥന്, അറിയേണ്ടത്. പാണ്ഡവരുടെ ചെയ്തികള്‍ ഓര്‍ത്തിട്ടാണെങ്കില്‍ അവരോടു പകരം വീട്ടുവാന്‍ താന്‍ മതിയെന്നും, കൂടാതെ താന്‍ അതിനായി ശിവനെ തപസ്സു ചെയ്ത് വേണ്ട വരം നേടുമെന്നുമറിയിക്കുന്നു. ഒരു മഹായുദ്ധത്തിന്റെ അണിയറയ്ക്കും, അരങ്ങിനും സാക്ഷിയായിരുന്ന, ആ, അമ്മ - ദുശ്ശള - പുത്രനോടു ശാന്തിയുടേയും സമാധാനത്തിന്റേയും മാര്‍ഗ്ഗം ഉപദേശിക്കുന്നു. പാണ്ഡവരോടു നീ ശത്രുതയെല്ലാം, വെടിഞ്ഞ്, അവരെ അമ്മാവന്മാരായിട്ടു തന്നെ മാനിയ്ക്കയെന്നുപദേശിക്കുകയാണ് ദുശ്ശള. ഇപ്രകാരം സദുപദേശങ്ങള്‍ കൊടുത്ത്, ദുശ്ശള, പോയ അവസരത്തില്‍ ദ്വാരപാലകര്‍ വന്ന്, അര്‍ജ്ജുനന്‍ യുദ്ധസന്നാഹത്തോടെയെത്തിയിരിക്കുന്നതായി, അറിയിക്കുന്നു. ഇതുകേട്ട് ഭയന്ന് സുരഥന്‍ വീണ് മൃതിയടയുന്നു.
രംഗം 7
(ദുശ്ശള, സുരഥപുത്രന്‍, അര്‍ജ്ജുനന്‍)
തന്റെ ഏകാവലംബമായിരുന്ന സുരഥന്‍ കൂടി നഷ്ടപ്പെട്ട ദുശ്ശള, സുരഥപുത്രനെയെടുത്തുകൊണ്ട് അര്‍ജ്ജുനന്റെ അടുക്കലേയ്ക്കു പോകുന്നു.ഒരു കുട്ടിയേയുമെടുത്തുകൊണ്ട്, തന്റെ മുന്നിലേക്ക് ഒരു ഭ്രാന്തിയെപ്പോലെ കരഞ്ഞു കൊണ്ടുവരുന്ന സ്ത്രീ ആരാണെന്നു അര്‍ജ്ജുനനാദ്യം മനസ്സിലാകുന്നില്ല. ദുശ്ശളയാണെന്നറിയുന്നതോടെ അര്‍ജ്ജുനന്‍ ഞെട്ടുന്നു.
'അര്‍ജ്ജുനാ, വീണ്ടും തുടരുന്നുവോ രണം?
ഇജ്ജനത്തോടല്പം കരുണ വേണം
പുത്രന്‍, സുരഥനും, മമ നഷ്ടമായഹോ!
ശത്രുക്കളിനി ഞാനുമീ, പൗത്രനും മാത്രം'
എന്നുകേഴുന്ന ദുശ്ശളയോടു അര്‍ജ്ജുനന്‍, താന്‍ യുദ്ധത്തിനു വന്നതല്ലെന്നും, ജ്യേഷ്ഠന്റെ ആജ്ഞയനുസരിച്ച്, യാഗാശ്വരക്ഷക്കു മാത്രമെത്തിയതാണെന്നും അറിയിയ്ക്കുന്നു. ദുശ്ശളയുടെ പുത്രന്‍ സുരഥന്‍ എങ്ങനെ മരിച്ചുവെന്നം,ആരെങ്കിലും വധിച്ചതാണെങ്കില്‍, ആ ഘാതകനോടു പകരം വീട്ടാമെന്നും അര്‍ജ്ജുനന്‍ പറയുന്നു.
"വധിച്ചതല്ലാരും ദൈവം -
വിധിച്ചതാണെന്നേ ചൊല്ലാം
താതനെ ഹനിച്ച പാര്‍ത്ഥന്‍
യുദ്ധ സന്നാഹത്തോടെ
എത്തീടുന്നെന്നു കേട്ടു -
ഭീതനായ് ................. മൃതനായി ................."
എന്ന് ദുശ്ശള അറിയിയ്ക്കുന്നതോടെ അര്‍ജ്ജുനന്റെ സപ്തനാഡികളും തളര്‍ന്നുപോയി. ഒരുതെറ്റും ചെയ്യാത്ത തന്റെ സഹോദരിയായ ദുശ്ശളയുടെ ഏകാവലംബമായിരുന്ന പുത്രന്‍ കൂടി താന്‍ മൂലം നഷ്ടപ്പെട്ടതോര്‍ത്ത് അര്‍ജ്ജുനന്‍ അത്യന്തം ദുഖിതനായി. യുദ്ധക്കെടുതി മൂര്‍ത്തിമത്ഭാവം പൂണ്ട ദുശ്ശള മാത്രമല്ല, യുദ്ധത്തില്‍ താന്‍ മൂലം പുത്രദുഃഖാര്‍ത്തരായിത്തീര്‍ന്ന അമ്മമാരും, വിധവകളും, നിരാലംബരായ അനേകം അബലകളും ചുറ്റും വന്നു നില്ക്കുന്നതായിട്ടാണര്‍ജ്ജുനനു തോന്നിയത്. ദുശ്ശളയുടെ ദുര്‍ഗ്ഗതിയ്ക്ക് താനാണ് കാരണമെന്നു പറഞ്ഞ് വീണ്ടും വീണ്ടും അര്‍ജ്ജുനന്‍ മാപ്പപേക്ഷിച്ചു.
ഇപ്പോള്‍ രാജ്യാധികാരം കൈയ്യാളുന്ന പാണ്ഡവരുടെ സഹോദരി പട്ടം കാംക്ഷിച്ചു വന്നവളല്ല, താനെന്നും, ഭാവിയില്‍ തന്റെ പേരക്കുട്ടിയോടെങ്കിലും, ശത്രുത വെടിഞ്ഞു പെരുമാറണമെന്നൊരഭ്യര്‍ത്ഥന മാത്രമേ, തനിയ്ക്കുള്ളുവെന്നും ദുശ്ശള പറയുന്നു. ഇതുകേട്ടപ്പോള്‍ വളെര വികാരാധീനനായ അര്‍ജ്ജുനന്‍, കാലുഷ്യം കലരാതെ, കേളികളാടി വാണ ബാല്യകാലമോര്‍മ്മപ്പെടുത്തി എല്ലാം മറക്കുവാനാവശ്യപ്പെടുന്നു.
എല്ലാം വിധിയാണെന്നോര്‍ത്തു മൃതിയേയും പാര്‍ത്തുവാഴുന്ന ദുശ്ശള യാത്ര പറയുവാനൊരുങ്ങുമ്പോള്‍, ദുശ്ശളാ പൗത്രന്റെ രക്ഷകത്തൃത്വമേറ്റെടുത്ത് അവന്റെ അഭിഷേകം താന്‍ തന്നെ നടത്തുവാന്‍ പോകുന്നതായി അര്‍ജ്ജുനന്‍ പ്രഖ്യാപിയ്ക്കുന്നു. അപ്രതീക്ഷിതമായ ഈ പ്രഖ്യാപനം ദുശ്ശളയുടെ സമീപനത്തില്‍ മാറ്റം വരുത്തുന്നു. ആ സഹോദരീ - സഹോദര ബന്ധം വീണ്ടും വിളക്കിച്ചേര്‍ക്കപ്പെടുന്നു. ദുശ്ശളാ പൗത്രന്റെ അഭിഷേകം സമംഗളം നടത്തുന്നു. ദുശ്ശളയുടെ ശേഷിക്കുന്ന ആഗ്രഹമിതാണ്.
"ഇനിയെനിയെ്ക്കാന്നേ വേണം
എന്നു മീ മൈത്രി പുലരേണം
മത്സരമെല്ലാം തീരണം - ലോകേ-
അരുതിനിയരുതീരണം"
ദുശ്ശളയോടു യാത്ര പറഞ്ഞ്, യാഗാശ്വവുമായി അടുത്ത രാജ്യത്തിലേക്കു അര്‍ജ്ജുനന്‍ നീങ്ങുന്നതോടെ, "അര്‍ജ്ജുന വിഷാദ വൃത്ത" ത്തിനു ധനാശി.
കഥാപാത്രങ്ങള്‍
കഥാപാത്രങ്ങള്‍
1. ശ്രീകൃഷ്ണന്‍ - പച്ച കൃഷ്ണമുടി
2. അര്‍ജ്ജുനന്‍ - പച്ച
3. ജയദ്രഥന്‍ - (സിന്ധു രാജാവ്, വൃദ്ധക്ഷത്രന്‍െറ പുത്രന്‍) - കത്തി
4. ദുശ്ശള - (ജയദ്രഥപത്‌നി, കൗരവരുടെ ഏകസഹോദരി) - സ്ത്രീവേഷം, മിനുക്ക്
5. ദൂതന്‍ - (ജയദ്രഥന്‍െറ അടുക്കലേക്ക് ദുര്യോധനന്‍ പറഞ്ഞുവിടുന്ന ദൂതന്‍)- മിനുക്ക്, ഉടുത്തുകെട്ട്
6. ബ്രാഹ്മണര്‍ (പാണ്ഡവരുടെ അശ്വമേധയാഗത്തില്‍ പങ്കെടുക്കുവാന്‍
പോകുന്ന ബ്രാഹ്മണര്‍) - മിനുക്ക്
7. സുരഥന്‍ - (ജയദ്രഥന്‍െറയും ദുശ്ശളയുടേയും പുത്രന്‍, സിന്ധു രാജാവ്) - പച്ച
8. ദ്വാരപാലകര്‍ (സിന്ധു രാജ്യത്തിലെ ദ്വാരപാലകര്‍) - ലോകധർമ്മി
9. സുരഥപുത്രന്‍ (ദുശ്ശളയുടെ പൗത്രന്‍) - പച്ച