കീചകവധം

ആട്ടക്കഥ: 

മഹാഭാരതത്തിലെ പാണ്ഡവന്മാരുടെ അജ്ഞാതവാസകാലം അടിസ്ഥാനമാക്കി എഴുതിയ കഥ.


രചയിതാവ്

 
ഇരയിമ്മൻ തമ്പി
 
തിരുവനന്തപുരത്ത് കരമന ആണ്ടിയിറക്കത്ത് പുതുമന അമ്മവീടെന്ന പ്രസിദ്ധമായ കുടുംബത്തിലെ അംഗമായിരുന്നു തമ്പി. വേലുത്തമ്പി ദളവയ്ക്ക് ശേഷം ബാലരാമവർമ്മ മഹാരാജാവിന്റെ ദിവാൻജിയായിത്തീർന്ന ഉമ്മിണിത്തമ്പി ഈ തറവാട്ടിലെ അംഗമായിരുന്നു. ഇവിടത്തെ രണ്ട് സഹോദരിമാരെ ധർമ്മരാജാവിന്റെ കനിഷ്ഠസഹോദരനായിരുന്ന രവിവർമ്മത്തമ്പുരാൻ വിവാഹം ചെയ്തിരുന്നു. 'വന്ധേ മാതാമഹം മേ മുഹുരപി രവിവർമ്മാഭിധം വഞ്ചിഭൂപം' എന്ന് ഈ രവിവർമ്മയെ തമ്പി സ്മരിച്ചിട്ടുണ്ട്. അവരിൽ മൂത്ത സഹോദരിയുടെ മകൾ പാർവ്വതിപ്പിള്ളത്തങ്കച്ചിയ്ക്ക് ചേർത്തല നടുവിലെ കോവിലകത്ത് കേളരു എന്നറിയപ്പെട്ടിരുന്ന കേരളാവർമ്മശാസ്ത്രിതമ്പാനിൽ ജനിച്ച പുത്രനായിരുന്നു ഇരയിമ്മൻ തമ്പി.
തമ്പി ജനിച്ചത് പുതുമന അമ്മവീടുവക കോട്ടയ്ക്കകത്തു കിഴക്കേമഠം എന്ന വീട്ടിലായിരുന്നു. ബാല്യത്തിൽ പിതാവായ തമ്പാനിൽ നിന്നും പിന്നെ മൂത്താട്ട് ശങ്കരൻ ഇളയത് എന്ന പണ്ഡിതനിൽ നിന്നും തമ്പി ഭാഷയിലും സംസ്കൃതത്തിലും പാണ്ഡിത്യം സമ്പാദിച്ചു. വളരെ ചെറുപ്പത്തിൽ തന്നെ തമ്പിയിൽ കവിതാവാസനയും പ്രകടമായി. പതിനാലാമത്തെ വയസ്സിൽ തമ്പി ഒരു ശ്ലോകം രചിച്ച് കാർത്തികതിരുനാൾ മഹാരാജാവിനു അടിയറ വെച്ചതായും കൂടുതൽ പഠിച്ചിട്ട് വേണം കവിത എഴുത്ത് തുടങ്ങേണ്ടത് എന്ന് അവിടുന്ന് തമ്പിയോട് കൽപ്പിച്ചതായും ഒരു കഥ പറഞ്ഞുവരുന്നു. തമ്പിയിൽ ചെറുപ്പത്തിലേ മൊട്ടിട്ട കവിതാവാസനയും ആ വാസന സം‌പുഷ്ടമാക്കാൻ വേണ്ട പാണ്ഡിത്യസമ്പാദനത്തിനുള്ള പ്രേരണയും ഈ കഥയിൽ നിന്നും മനസ്സിലാക്കാം. തമ്പിയുടെ കലാസൃഷ്ടികൾ എല്ലാം വാസനയുടേയും പാണ്ഡിതത്തിന്റെയും മനോഹരസമ്മേളനങ്ങൾ ആണെന്നുള്ളതും ഇവിടെ സ്മരണീയമാണ്. ധർമ്മരാജാവിന്റെ കാലത്ത് തന്നെ വലിയകൊട്ടാരം നിത്യച്ചെലവിൽ നിന്നും തമ്പിക്ക് അടുത്തൂൺ പതിച്ച് കിട്ടിയിരുന്നു. കൊട്ടാരത്തെ ആശ്രയിച്ചു ജീവിതകാലം മുഴുവനും തമ്പി തിരുവനന്തപുരത്ത് തന്നെ കഴിച്ചു കൂട്ടി. സാംസ്കാരികജീവിതത്തിൽ എന്നത് പോലെ കുടുംബജീവിതത്തിലും തമ്പി അനുഗ്രഹീതനായിരുന്നു. തമ്പിയുടെ ഭാര്യ അദ്ദേഹത്തിന്റെ അമ്മാവനായിരുന്ന കൃഷ്ണൻ തമ്പിയുടെ മകൾ ഇടക്കോട്ട് കാളിപ്പിള്ളത്തങ്കച്ചിയായിരുന്നു. ആ സാധ്വിയിൽ തമ്പിക്ക് ജനിച്ച കുട്ടിക്കുഞ്ഞുതങ്കച്ചി മലയാള കവയിത്രികളിൽ സർവ്വഥാ പ്രഥമഗണനീയയാണെന്നുള്ള വസ്തുതയും തമ്പിയ്ക്കു കുടുംബജീവിതത്തിലും സാംസ്കാരിക ജീവിതത്തിലും സിദ്ധിച്ച മഹാവിജയത്തിനു സാക്ഷ്യം വഹിക്കുന്നതാണ്.

തമ്പിയുടേതായി മൂന്ന് ആട്ടക്കഥകൾ ആണ് ഉള്ളത്. അവ കീചകവധം, ഉത്തരാസ്വയംവരം ദക്ഷയാഗം എന്നിവയാണ്. ആദരണ്ടു ഭാരതകഥകൾ എങ്കിൽ ദക്ഷയാഗം ശിവകഥയാണ്. ആട്ടക്കഥകൾ കൂടാതെ അനവധി മറ്റ് കൃതികളും തമ്പിയുടേതായി ഉണ്ട്. 'ഓമനത്തിങ്കൾ കിടാവോ' എന്ന പ്രസിദ്ധമായ ഉറക്ക്പാട്ട് തമ്പി രചിച്ചതാണ്.


കഥാസംഗ്രഹം

പശ്ചാത്തലം
കൗരവന്മാരുമായുള്ള ചൂതിൽ തോറ്റ് പന്ത്രണ്ട് വർഷത്തെ വനവാസത്തിനും ശേഷം ഒരു വർഷത്തെ അജ്ഞാതവാസത്തിനും ആയി പാണ്ഡവന്മാർ നാടുവിട്ടു. വനവാസം കഴിഞ്ഞ് അജ്ഞാതവാസത്തിനു വേഷപ്രച്ഛന്നരായി അവർ വിരാടരാജധാനിയിൽ ചെന്നു. യുധിഷ്ഠിരൻ കങ്കൻ എന്ന സന്യാസിവേഷവും ഭീമൻ പാചകക്കാരനായ വലലൻ എന്ന വേഷവും അർജ്ജുനൻ, ബൃഹന്നള എന്ന നപുംസകന്റെ വേഷവും കൈകൊണ്ടു. നകുലൻ കുതിരക്കാരനായും സഹദേവൻ ഒരു പശുപാലന്റേയും വേഷം എടുത്തു. പാഞ്ചാലി മാലിനിയെന്ന സൈരന്ധ്രിയായി ചമഞ്ഞു. പാണ്ഡവരാജധാനിയിൽ നിന്ന് വിരാടനെ ആശ്രയിച്ച് ജീവിക്കാൻ വന്നവരാൺ തങ്ങൾ എന്ന രീതിയിൽ വിരാടരാജധാനിയിൽ പാർപ്പാക്കി.
 
 
ഒന്നാം രംഗത്തിൽ മാത്സ്യരാജാവായ വിരാടന്‍ മനോഹരമായ തന്‍റെ ഉദ്യാനത്തില്‍ പ്രേയസിമാരോടൊപ്പം ഇരിക്കുന്നു. ഉദിച്ചുയരുന്ന ചന്ദ്രനെകണ്ട് കാമപരവശനായി പത്നിമാരുമായി മധുര വചനങ്ങള്‍ പറയുന്നു.
രണ്ടാം രംഗത്തിൽ ധര്‍മ്മപുത്രര്‍, അജ്ഞാതവാസത്തിനായി സന്യാസിവേഷം ധരിച്ച് കങ്കന്‍ എന്ന പേരില്‍ വിരാടരാജാവിന്‍റെ രാജധാനിയില്‍ എത്തുന്നു. രാജാവ്  കങ്കനെ സ്വീകരിച്ച് ആരാണെന്നും വരവിന്‍റെ ഉദ്ദേശം എന്താണെന്നും ചോദിക്കുന്നു. താന്‍ ശത്രുക്കളോട് ചൂതില്‍ തോറ്റതിനാല്‍ ഒരു ഭിക്ഷുവായി ഓരോ ദിക്കുകളില്‍  നടക്കുന്നവനാണെന്നും കുറച്ചുകാലം ഇവിടെകഴിയാന്‍ ആഗ്രഹിക്കുന്നു എന്നും കങ്കന്‍ പറയുന്നു. കങ്കന്‍ വിരാടന്‍റെ രാജധാനിയില്‍ താമസമാക്കുന്നു.
മൂന്നാം രംഗത്തിൽ ധര്‍മ്മപുത്രര്‍ കങ്കന്‍ എന്ന പേരില്‍  വിരാട രാജധാനിയില്‍ താമസം തുടങ്ങി. താമസിയാതെ മറ്റു പാണ്ഡവര്‍ ഓരോ രൂപത്തില്‍ അവിടെ എത്തി. ഭീമന്‍ , വലലന്‍ എന്നപേരില്‍ വെപ്പുകാരനായും അര്‍ജ്ജുനന്‍ ‍, ബൃഹന്ദള എന്നുപേരുള്ള നര്‍ത്തകിയായും നകുലസഹദേവന്‍മാര്‍ ദാമഗ്രന്ഥി, തന്ത്രീപാലന്‍ എന്നിപേരുകളില്‍ യഥാക്രമം അശ്വപാലകനായും പശുപാലകനായും അവിടെ എത്തി രാജാവിനെ മുഖം കാണിക്കുന്നു. തങ്ങള്‍ ഇന്ദ്രപ്രസ്ഥത്തില്‍ താമസിച്ചിരുന്നവരാണെന്നും പാണ്ഡവര്‍ കാട്ടില്‍ പോയതിനാല്‍ അവിടെനിന്നു പോന്നെന്നും ഇനി ഈ രാജധാനിയില്‍ അഭയം തരണമെന്നും വിരാടരാജാവിനോട് അഭ്യര്‍ത്ഥിക്കുന്നു. രാജാവ് അവര്‍ക്ക് രാജധാനിയില്‍ താമസിക്കാന്‍ അനുവാദം നല്‍കുന്നു.
രംഗം നാലിൽ, ഇങ്ങിനെ പാണ്ഡവന്മാര്‍ വിവിധ വേഷങ്ങളില്‍ വിരാട രാജധാനിയില്‍ താമസമായി. ആ സമയം പാഞ്ചാലി സൈരന്ധ്രിയായി (സ്ത്രീകളെ അലങ്കരിക്കുന്നവള്‍ ) അവിടെ വന്ന് രാജ്ഞിയായ സുദേഷ്ണയുടെ അടുത്തെത്തുന്നു. താന്‍ പാണ്ഡവപത്നിയായ പാഞ്ചാലിയുടെ സൈരന്ധ്രിയായ മാലിനിയാണെന്നും ഇവിടെ താമസിക്കാന്‍ ആഗ്രഹംഉണ്ടെന്നും  അറിയിക്കുന്നു. സുദേഷ്ണ മാലിനിയെ കൊട്ടാരത്തില്‍ താമസിപ്പിക്കുന്നു.
രംഗം അഞ്ചിൽ പാണ്ഡവന്മാര്‍ വിരാടരാജാവിന്റെ കൊട്ടാരത്തില്‍ വിവിധ വേഷങ്ങളില്‍ താമസമാക്കി കുറച്ചുകാലം കഴിഞ്ഞപ്പോള്‍ അവിടെ ഒരു ഉത്സവാഘോഷം നടന്നു. ഉത്സവാഘോഷത്തോടനുബന്ധിച്ച് നടന്ന മല്ലയുദ്ധത്തില്‍ ഒരു മഹാബലവാനായ മല്ലന്‍ അവിടെയുള്ള മല്ലന്മാരെയെല്ലാം വെല്ലുവിളിച്ചു. വിരാടരാജ്യത്തുള്ള എല്ലാ മല്ലന്മാരും പേടിച്ച് വിറച്ചു. അങ്ങിനെയിരിക്കെ ആശങ്കാകുലനായ വിരാടരാജാവ് മന്ത്രാലയത്തില്‍ ഈ വിഷയം ആശങ്കയോടെ മന്ത്രിമാരോട് ചര്‍ച്ച ചെയ്യുന്നു. ഇതുകേട്ട കങ്കന്‍ മല്ലനെ പരാജയപ്പെടുത്താന്‍ വലലന്‍ മതിയാകും എന്ന് നിര്‍ദ്ദേശിക്കുന്നു.
രംഗം ആറിൽ വിരാട രാജാവിന്റെ നിര്‍ദ്ദേശപ്രകാരം ധര്‍മ്മപുത്രര്‍ മല്ലനെ തോല്പിക്കാന്‍ വേണ്ടി വലലനെ അയക്കുന്നു. വലലന്‍ മല്ലനെ പോരിനു വിളിക്കുകയും ദ്വന്ദയുദ്ധത്തിൽ വധിക്കുകയും ചെയ്യുന്നു. (ഈ ഭാഗം മല്ലയുദ്ധം എന്ന പേരിൽ പ്രത്യേകിച്ച് കളിയ്ക്കാറുണ്ട്.)
രംഗം ഏഴിൽ, പാഞ്ചാലി മാലിനിയുടെ രൂപത്തില്‍ വിരാടരാജ്യത്ത് താമസിക്കുന്ന കാലത്ത് വിരാടന്റെ സേനാനായകനായ കീചകന്‍ പാഞ്ചാലിയെ ഉദ്യാനത്തില്‍ വെച്ച് കാണുകയും അവളില്‍ അനുരക്തയാകുകയും ചെയ്യുന്നു. കാമപീഡിതനായ കീചകന്‍ അവളോട് ഓരോ ചാടുവചനങ്ങള്‍ പറയുന്നു.  തന്നോട് ഇത്തരം കാര്യങ്ങള്‍ പറയുന്നത്  നല്ലതല്ലെന്നും മറ്റൊരാളുടെ ഭാര്യയെ കാമിക്കുന്നത് ഉചിതമല്ലെന്നും  തന്‍റെ ഭര്‍ത്താക്കന്‍മാരായ ഗന്ധര്‍വ്വന്മാര്‍ ആരെങ്കിലും അറിഞ്ഞാല്‍ കോപംപൂണ്ട് കീചകനെ വധിക്കുമെന്നും പറഞ്ഞ് പാഞ്ചാലി അവിടെനിന്നും നിഷ്ക്രമിക്കുന്നു.
രംഗം എട്ടിൽ, കാമാതുരനായ കീചകൻ തന്റെ ആഗ്രഹപൂർത്തിക്കായി സഹോദരിയുടെ സഹായം തേടുന്നു. സഹോദരിയായ സുദേഷ്ണ കീചകനെ ഉപദേശിക്കുന്നു. മാലിനിക്ക് അഞ്ചുഗന്ധർവ്വന്മാർ ഭർത്താക്കന്മാരായി ഉണ്ടെന്നും അവളെ കാമിക്കുന്നത് നല്ലതിനല്ല എന്നും പറയുന്നു. പിന്നീട് കീചകന്റെ നിർബ്ബന്ധപ്രകാരം സുദേഷ്ണ, മാലിനിയെ കീചകന്റെ അടുത്തേക്ക് അയക്കാമെന്ന് സമ്മതിക്കുന്നു.
രംഗം ഒമ്പതിൽ, കീചകന്റെ തുടരേയുള്ള യാചനകേട്ട് സുദേഷ്ണ ഒരുദിവസം മാലിനിയെ വിളിച്ച് മദ്യം കൊണ്ടു വരാനായി കീചകന്റെ മന്ദിരത്തിലേക്ക് പറഞ്ഞയക്കാൻ തീരുമാനിക്കുന്നു. സുദേഷ്ണയുടെ വാക്കുകൾ കേട്ട മാലിനി നടുങ്ങുന്നു. പല തടസ്സങ്ങളും പറഞ്ഞെങ്കിലും അവളുടെ പരുഷമായ വാക്കുകൾ കേട്ട് ഒടുവിൽ പാത്രവുമായി അത്യധികം പേടിയോടെയും ദാസ്യവേലയെക്കുറിച്ച് നിന്ദയോടെയും കീചകന്റെ മന്ദിരത്തിലേക്ക് പോകുന്നു. ക്ഷോണീന്ദ്രപത്നിയുടെ വാണീം.. എന്ന് തുടങ്ങുന്ന പ്രസിദ്ധമായ ദണ്ഡകം.
രാജ്ഞിയുടെ ആജ്ഞ അനുസരിക്കാതിരിക്കാൻ കഴിവില്ലാത്ത സൈരന്ധ്രിയായ മാലിനി ദുഃഖത്തോടേ കീചകന്റെ ഗൃഹത്തിലേക്ക് ഓദനവും മധുവും കൊണ്ടുവരാനായി പോയി. ഇത് ക്ഷോണീന്ദ്രപത്നിയുടെ വാണീം.. എന്ന് തുടങ്ങുന്ന പ്രസിദ്ധമായ ദണ്ഡകത്തിൽ ആണ് പറയുന്നത്. 
രംഗം പത്തിൽ, സുദേഷ്ണയുടെ ആജ്ഞപ്രകാരം മാലിനി മദ്യം കൊണ്ടുവരാനായി കീചകന്റെ മന്ദിരത്തിൽ എത്തുന്നു. അക്ഷമനായി  കാത്തിരിയ്ക്കുന്ന കീചകന്റെ മുമ്പിലേയ്ക്ക് മാലിനി പാത്രം വെറുപ്പോടെ  ഇടുന്നു. കീചകൻ അവളോട് സരസഭാഷണം ആരംഭിക്കുന്നു. ദേഷ്യത്തൊടെ മാലിനി താൻ വന്നതിന്റെ ഉദ്ദേശം പറയുകയും തന്നെ വേഗം പറഞ്ഞയക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. എത്ര പറഞ്ഞിട്ടും തന്റെ ഇംഗിതത്തിനു വഴങ്ങാത്ത മാലിനിയെമ് കീചകൻ കടന്നുപിടിക്കാൻ ശ്രമിക്കുന്നു. മാലിനി കീചകന്റെ പ്രഹരമേറ്റു വീഴുകയും അവിടെനിന്ന് ഓടുകയും ചെയ്യുന്നു. കീചകൻ മാലിനിയെ പിന്തുടർന്ന് പോകുന്നു. ഹരിണാക്ഷീ ജന.. എന്ന് തുടങ്ങുന്ന പ്രസിദ്ധപദം ഇതിലാണ്.
രംഗം പതിനൊന്നിൽ, കീചകൻ മാലിനിയെ ഓടിച്ചുകൊണ്ട് വരുന്ന സമയം സൂര്യദേവനാൽ അയക്കപ്പെട്ട മദോത്കടൻ എന്ന രാക്ഷസൻ അവിടെ വരുന്നു. മദോത്കടൻ അവരുടെ ഇടയിൽ ചാടി വീണ് കീചകനെ തള്ളി മാറ്റുന്നു. ഈ  സമയം മാലിനി ഓടി രക്ഷപ്പെടുന്നു. മാലിനിയാണെന്നുകരുതി കാമാന്ധനായ കീചകൻ മദോത്കടനെ പുണരുന്നു. കണ്ണു തുറന്ന കീചകൻ, മുന്നിലായി ഒരു ഭീകര രൂപത്തെ കണ്ട് ഭയത്തോടും ജാള്യതയോടും മാറിനിൽക്കുന്നു. തുടർന്ന് ഇരുവരും വാഗ്വാദത്തിൽ ഏർപ്പെടുന്നു. പോരു വിളിയുടെ ഒടുവിൽ മദോത്കടൻ കീചകനെ എടുത്ത് എറിയുന്നു. മദോത്കടൻ അവിടെ നിന്ന് "ഇനി സ്വാമിയോട് വിവരം പറയുക തന്നെ" എന്നു പറഞ്ഞ് നിഷ്ക്രമിക്കുന്നു. ഈ രംഗം  ഇപ്പോള്‍ അരങ്ങത്ത് അധികം പതിവില്ല. 
ഗർവ്വിതനായ രാക്ഷസനാൽ ദൂരെ എറിയപ്പെട്ട കീചകൻ അത്യന്തം ലജ്ജാലുവായി അന്തഃപുരത്തിൽ പ്രവേശിച്ചു.
രംഗം പന്ത്രണ്ടിൽ, കാമം സാധിക്കാത്തതിൽ കോപാകുലനായ കീചകന്റെ ചവിട്ടേറ്റ് അത്യന്തം വിവശയായി ചോരയൊലിപ്പിച്ചുകൊണ്ട് പാഞ്ചാലി അവിടെനിന്ന് പോന്നു. കരഞ്ഞും വീണും അവൾ കുങ്കന്റെ വേഷം ധരിച്ചിട്ടുള്ള ധർമ്മപുത്രരും മറ്റു പലരും ഇരിക്കുന്ന വിരാടന്റെ സഭയിൽ എത്തി തന്റെ ധർമ്മസങ്കടം അറിയിക്കുന്നു. കുങ്കൻ അവളെ സമാശ്വസിപ്പിക്കുന്നു.
അല്ലയോ ഭദ്രേ! നിനക്ക് ഗന്ധർവ്വന്മാർ ഭർത്താക്കന്മാരായി ഉണ്ടല്ലോ. അധികം താമസിയാതെ നിന്റെ ഈ ദുഃഖങ്ങളെല്ലാം  ശമിക്കും. നീ കുറച്ചുകാലം സഹിച്ചാലും. വത്സേ സൈരന്ധ്രീ, അളിയന്മാരോട് വാൽസല്യമുള്ള വനായതിനാലാണ് ഈ രാജാവ് ഒന്നും മിണ്ടാതിരിക്കുന്നത്. വിധിവിഹിതം ആർക്ക് തടുക്കാൻ കഴിയും? എന്നാണ് കങ്കൻ ചോദിക്കുന്നത്.
രംഗം പതിമൂന്നിൽ, കങ്കന്റെ വാകുകൾ കേട്ട് പാഞ്ചാലി പാചകപ്പുരയിൽ ചെന്ന് അവിടെ ഉറങ്ങിക്കിടക്കുന്ന വലല വേഷധാരിയായ ഭീമനെക്കണ്ട് സങ്കടമുണർത്തിക്കുന്നു. ഭീമൻ അവളെ വിവിധവാക്കുകളാൽ സമാശ്വസിപ്പിക്കുന്നു. കീചകനെ നിഗ്രഹിക്കാൻ ഒരു ഉപായമുണ്ടെന്നും അവനോട് രാത്രി നൃത്തമണ്ഡപത്തിൽ വരാൻ പറയണമെന്നും വലലൻ പാഞ്ചാലിയോടു പറയുന്നു.
രംഗം പതിന്നാലിൽ, ഭീമസേനൻ പറഞ്ഞതനുസരിച്ച് പാഞ്ചാലി കീചകനോട് നൃത്തശാലയിൽ രാത്രി എത്താൻ പറയുന്നു. വലല വേഷധാരിയായ ഭീമസേനൻ നൃത്തശാലയിൽ ഇരുട്ടിൽ പതുങ്ങിയിരിക്കുകയും ചെയ്യുന്നു. കാമപരവശനായ കീചകൻ പാഞ്ചാലിയാണെന്ന് തെറ്റദ്ധരിച്ച് വലലനെ സമീപിക്കുന്നു. വലലൻ എഴുന്നേറ്റ് കീചകനെ പോരിനു വിളിക്കുകയും യുദ്ധത്തിൽ നിഗ്രഹിക്കുകയും ചെയ്യുന്നു.
അനുബന്ധ വിവരം: ഇപ്പോൾ വലലന്റെ പോരിനു വിളി പതിവില്ല. കീചകന്റെ പദം കഴിഞ്ഞാൽ തിരശ്ശീല പൊക്കി കീചകൻ പുതപ്പിനടിയിൽ മാലിനിയോടൊപ്പം കിടക്കാൻ ശ്രമിക്കുന്നു. മാലിനി അല്ല വലലൻ ആണ് പുതപ്പിനടിയിൽ എന്ന് കീചകനു അറിയുന്നുമില്ല. വലലൻ കീചകനെ കടന്നുപിടിക്കുന്നു. കുതറി മാറാൻ ശ്രമിക്കുന്ന കീചകനെ ഉദരഭാഗത്തായി അമർത്തുന്നു. കീചകൻ ശ്വാസം കിട്ടാനാവാതെ മരണപ്പെടുന്നു.
രംഗം പതിനഞ്ചിൽ, ത്തശാലയിലെ കാവൽക്കാരൻ കീചകന്റെ ശരീരം മാംസപിണ്ഡം പോലെയായതുകണ്ട് പേടിച്ച് കരഞ്ഞുകൊണ്ട് കീചകന്റെ അനുജന്മാരായ ഉപകീചകന്മാരുടെ അടുത്ത് എത്തുന്നു. അവരോട് കാര്യങ്ങൾ പഋയുന്നു. ഉപകീചകൻ കീചകന്റെ കൊലയാളിയെ തിരഞ്ഞ് പുറപ്പെടുന്നു.
അനുബന്ധ വിവരം: കീചകന് നൂറ്റഞ്ചുസഹോദരന്മാരുണ്ട്. അവരാണ് ഉപകീചകന്മാർ. രംഗത്ത് ഒരു കഥാപാത്രം മാത്രമേ പതിവുള്ളൂ.
രംഗം പതിനാറിൽ, ഉപകീചകൻ രംഗപാലനോടൊപ്പം നൃത്തശാലയിൽ ചെല്ലുന്നു. അവിടെ കീചകന്റെ മൃതശരീരം കാണുന്നു.  കപട ദുഃഖം നടിച്ചിരിക്കുന്ന മാലിനിയെ ഉപകീചകൻ മർദ്ദിക്കുന്നു. അവളോട് ക്രോധത്തോടെ സംസാരിക്കുന്നു. മാലിനിയെ കയർ കൊണ്ട് കെട്ടാനൊരുങ്ങുന സമയത്ത് വലലൻ ഒരു വൃക്ഷവുമായി വന്ന് ബലം പ്രയോഗിച്ച് മാലിനിയെ മോചിപ്പിച്ച് രംഗപാലനെ ആട്ടി ഓടിക്കുന്നു. ഉപകീചകനുമായി യുദ്ധത്തിലേർപ്പെട്ട് മരം കൊണ്ട് അവനെ അടിച്ചുകൊല്ലുന്നു.
രംഗം പതിനേഴിൽ, കീചകനേയും ഉപകീചകനേയും കൊന്ന വലലൻ മാലിനിയെ ചേർത്തുനിർത്തി സ്നേഹത്തോടെ ആശ്വസിപ്പികുന്നു. സുദേഷ്ണയുടെ ഭവനത്തിലേക്ക് അവളെ പറഞ്ഞയക്കുന്നു. ഭീമന്റെ കയ്യിൽ ജ്വലിച്ച വൃക്ഷതേജസ്സ്  കീചകവനത്തെ  വേഗം ചാമ്പലാക്കി. പാണ്ഡവർ ശത്രുക്കളില്ലാത്ത വിരാടപുരിയിൽ സുഖത്തോടെ അജ്ഞാതവാസം കഴിച്ചുകൂട്ടി.
ഗളസീമ ലസച്ചാരു തുളസീ ദാമ ഭൂഷണം.. എന്ന് തുടങ്ങുന്ന മംഗളശ്ലോകത്തോടെ കീചകവധം കഥ സമാപിക്കുന്നു.
 

വേഷങ്ങൾ

മാലിനി (പാഞ്ചാലി) - സ്ത്രീവേഷം, മിനുക്ക്
കങ്കൻ (ധർമ്മപുത്രർ) - സന്യാസി വേഷം മിനുക്ക്
വിരാടരാജാവ് - പച്ച
പത്നിമാർ- സ്ത്രീവേഷം മിനുക്ക്
സുദേഷ്ണ-സ്ത്രീവേഷം മിനുക്ക്
വലലൻ-ഉടുത്തുകെട്ട്
ബൃഹന്നള- പ്രത്യേക സ്ത്രീ വേഷം
നകുലൻ-മിനുക്ക്
സഹദേവൻ-മിനുക്ക്
മന്ത്രി-പച്ച
മല്ലൻ-ഉടുത്തുകെട്ട്
കീചകൻ-കത്തി
മദോത്ക്കടൻ-ചുവന്നതാടി
നൃത്തശാലയുടെ കാവൽക്കാർ-ലോകധർമ്മി
ഉപകീചകൻ-കത്തി