നിവാതകവചകാലകേയവധം

കഥകളിയുടെ തൗര്യത്രികഭംഗി തികഞ്ഞ ആട്ടക്കഥയാണ് കാലകേയവധം. രചനാസൗഭാഗ്യവും രംഗസൗഭാഗ്യവും തികഞ്ഞ അപൂർവ്വം ആട്ടക്കഥകളിലൊന്ന് കാലകേയവധമാണ്. പഴയ തെക്കൻ കളരിയിലും കല്ലുവഴിക്കളരിയിലും കാലകേയവധം പരമപ്രാധാന്യമർഹിക്കുന്ന കഥകളിയായി പരിലസിയ്ക്കുന്നു. രംഗപരിചരണത്തെ മനസ്സിൽ കണ്ടെന്നവണ്ണം രചിയ്ക്കപ്പെട്ട കണക്കൊത്ത പദങ്ങൾ, പ്രൗഢവും ഗഹനഭാവമാർന്നതുമായ കാവ്യബിംബങ്ങൾ എന്നിവ കാലകേയവധത്തിനെ ആട്ടക്കഥാസാഹിത്യത്തിന്റെ മുൻനിരയിൽ പ്രതിഷ്ഠിയ്ക്കുന്നു. കോട്ടയം കഥകൾ രംഗപ്രചാരം നേടിയതുമുതൽ ഇന്നോളം കാലകേയവധം കളിയരങ്ങിൽ കൊണ്ടാടപ്പെട്ട കഥകളിയാണ്. പാത്രാവിഷ്കരണത്തിൽ മൂലകഥയിൽ നിന്നു വരുത്തിയ മാറ്റങ്ങളടക്കം കളിയരങ്ങിന്റെ തൗര്യത്രികശോഭയ്ക്ക് മാറ്റുകൂട്ടുന്നു. ആദ്യവസാനപുരുഷവേഷക്കാർക്കു മുന്നിൽ കാലകേയവധം ഒന്നാം അർജ്ജുനനും, ആദ്യാവസാനസ്ത്രീവേഷക്കാർക്കു മുന്നിൽ ഉർവ്വശിയും എന്നും വെല്ലുവിളിയായി നിന്ന വേഷങ്ങളാണ്.  ഭാവവൈചിത്ര്യം, വിവിധരസാവിഷ്കരണസാദ്ധ്യതകൾ എന്നിവ കാലകേയവധത്തിൽ കലാത്മകമയി സമ്മേളിച്ചിരിക്കുന്നു.

ആട്ടക്കഥാകൃത്ത്: കോട്ടയത്തു തമ്പുരാൻ

മൂലകഥ

മഹാഭാരതം ആരണ്യപർവ്വ ത്തിലെ ‘ഇന്ദ്രലോകാഭിഗമനപർവ്വം’ എന്ന അദ്ധ്യായമാണ് കാലകേയവധം ആട്ടക്കഥയുടെ ആധാരം. പാശുപതാസ്ത്രവരലബ്ധിയ്ക്കു ശേഷം വീര്യവാനായ അർജ്ജുനൻ ഹിമവൽപാർശ്വത്തിലിരിക്കുമ്പോൾ തന്റെ പുത്രനെ കൂട്ടിക്കൊണ്ടുവരാനായി ദേവേന്ദ്രൻ ദിവ്യരഥവുമായി തന്റെ സാരഥിയായ മാതലിയെ അയക്കുന്നതും തുടർന്ന് അർജ്ജുനൻ ദേവലോകത്തെത്തി മാതാപിതാക്കളെ വന്ദിയ്ക്കുന്നതും ദേവലോകം ചുറ്റിക്കാണുന്നതുമടങ്ങുന്ന മഹാഭാരതകഥാഭാഗമാണ് ഇന്ദ്രലോകാഭിഗമനപർവ്വം.

കഥാസംഗ്രഹം

രംഗം ഒന്നിൽ, അർജ്ജുനൻ ശിവനിൽ നിന്നും പാശുപതാസ്ത്രം വരമായി വാങ്ങിയ വാർത്ത അറിഞ്ഞ ദേവേന്ദ്രൻ തന്റെ പുത്രനായ അർജ്ജുനനെ കാണാൻ ആഗ്രഹിച്ചു. വലിയ ചില ദേവകാര്യങ്ങൾ പാർത്ഥന്റെ ബലവീര്യം കൊൺറ്റ് സാധിക്കേണ്ടതായി ഉണ്ട് എന്നും ഇന്ദ്രൻ ഓർത്തു. കൈലാസപാർശ്വത്തിൽ വാഴുന്ന അർജ്ജുനനെ കൂട്ടിക്കൊണ്ടുവരാനായി ദേവേന്ദ്രൻ തന്റെ സാരഥിയായ മാതലിയ്ക്കു കൽപ്പന നൽകുന്നതും. ഇന്ദ്രകൽപ്പനയനുസരിച്ച് മാതലി അർജ്ജുനനെ കൂട്ടിക്കൊണ്ടുവരുവാൻ ഇന്ദ്രന്റെ രഥവുമായി കൈലാസപാർശ്വത്തിലേയ്ക്ക് യാത്രതിരിയ്ക്കുന്നു.
രംഗം രണ്ടിൽ ഇന്ദ്രകൽപ്പനപ്രകാരം മാതലി അർജ്ജുനന്റെ സമീപം എത്തുന്നു. വീര്യവാനായിരിക്കുന്ന അർജ്ജുനനിൽ മാതലി പ്രശംസാവർഷം ചൊരിയുന്നു. പാശുപതാസ്ത്രവരലബ്ധി, ദ്രുപദരാജാവിന്റെ ബന്ധിച്ച് ദ്രോണർക്ക് നൽകിയ ഗുരുദക്ഷിണ, പാഞ്ചാലീപരിണയം എന്നീ അർജ്ജുനവീരകഥകൾ എടുത്തുപറഞ്ഞുകൊണ്ടുള്ള മാതലിയുടെ പ്രശംസാവചനങ്ങൾ കേട്ട്ന്താൻ ലജ്ജിയ്ക്കുന്നു എന്ന് അർജ്ജുനൻ പ്രതിവചിയ്ക്കുന്നു. ഈ ദിവ്യരഥം ആരുടേതാണെന്നും അങ്ങ് ആരാണെന്നുമുള്ള അർജ്ജുഅന്റെ ചോദ്യങ്ങൾക്കു മറുപടിയായി മാതലി താൻ ഇന്ദ്രസാരഥിയാണെന്നും ഇന്ദ്രകൽപ്പനപ്രകാരമാണ് താൻ വന്നിരിയ്ക്കുന്നത് എന്നും അർജ്ജുനനെ അറിയിക്കുന്നു. കുശലാന്വേഷണങ്ങൾക്കു ശേഷം ഇന്ദ്രരഥമേറി അർജ്ജുനനും മാതലിയും ദേവലോകത്തേയ്ക്കു യാത്രയാവുന്നു.
രംഗം മൂന്നിൽ മാതലിയോടൊപ്പം അർജ്ജുനൻ അമരാവതിപുരിയിൽ ഇന്ദ്രസന്നിധിയിൽ എത്തുന്നു. തന്റെ പിതാവായ ഇന്ദ്രനെ കാണാനായതിനാൽ തന്റെ ജന്മം സഫലമായിരിക്കുന്നു എന്നും, ശത്രുക്കളെ നശിപ്പിയ്ക്കാനുള്ള കഴിവുണ്ടാവാനായി ഒന്ന് അനുഗ്രഹിക്കണമെന്നും അർജ്ജുനൻ ഇന്ദ്രനോട് പറയുന്നു. ഇന്ദ്രപുത്രനായ ജയന്തന് ഈർഷ്യയുളവാക്കുമാറ് ദേവേന്ദ്രൻ തന്റെ അർദ്ധാസനം അർജ്ജുനനു നൽകുന്നു. ചിരകാലം സസുഖം വാഴുവാൻ ഇന്ദ്രൻ പുത്രനെ അനുഗ്രഹിയ്ക്കുന്നു.
രംഗം നാലിൽ ഇന്ദ്രസമ്മതപ്രകാരം മാതൃസ്ഥാനീയയായ ഇന്ദ്രാണിയെച്ചെന്നു കണ്ട് അർജ്ജുനൻ അനുഗ്രഹം വാങ്ങുന്നതാണ് ഈ രംഗത്തിലെ ഉള്ളടക്കം. വിജയം വരിക്കാനുള്ള ആശിസ്സ് ഇന്ദ്രാണി അർജ്ജുനനിൽ ചൊരിയുകയും സുഖവിവരങ്ങളന്വേഷിയ്ക്കുകയും ചെയ്യുന്നു. അവിടുത്തെ ദർശനം കൊണ്ട് ഞാൻ സുകൃതശാലികളിൽ പ്രഥമഗണനീയനായിത്തീർന്നിരിക്കുന്നുവെന്ന പ്രതിവചനത്തോടെ, അർജ്ജുനൻ ഇന്ദ്രാണിയെ വന്ദിയ്ക്കുന്നു. ശ്രീകൃഷ്ണന്റെ കാരുണ്യത്താൽ ഇനി നിങ്ങൾക്ക് നല്ലതു ഭവിയ്ക്കും എന്ന് ഇന്ദ്രാണി അനുഗ്രഹിയ്ക്കുന്നു. അർജ്ജുനന്റെ പദത്തിലെ അഷ്ടകലാശം എന്ന സവിശേഷനൃത്തശിൽപ്പം, ഇന്ദ്രാണിയിൽ നിന്നു പിരഞ്ഞശേഷം സ്വർഗം ചുറ്റിക്കാണുന്ന അർജ്ജുനൻ ചെയ്യുന്ന സ്വർഗ്ഗവർണ്ണന എന്നിവ ഈ രംഗത്തിനു ചാരുത പകരുന്നു. സ്വർഗ്ഗസ്ത്രീകളെ അപഹരിയ്ക്കാൻ വന്ന വജ്രകേതു - വജ്രബാഹുക്കളുണ്ടാക്കുന്ന കോലാഹലം ദർശിച്ച് അത് അന്വേഷിക്കാൻ അർജ്ജുനൻ തീരുമാനിയ്ക്കുന്നതോടെയാണ് സാധാരണ ഈ രംഗം അവസാനിയ്ക്കുന്നത്.
രംഗം അഞ്ചിൽ കഴിഞ്ഞ രംഗത്തിൽ അർജ്ജുനൻ ദേവലോകത്തെ അക്രമിക്കാൻ വരുന്നവരെ ജയിക്കുക തന്നെ എന്ന് നിശ്ചയിച്ച് കുത്തിമാറുന്നത് കണ്ടു. ഇവിടെ ദേവലോകത്തെ അക്രമിക്കാൻ വരുന്നവരുടെ രംഗം ആണിത്. വജ്രകേതു, വജ്രബാഹു എന്നിങ്ങനെ രണ്ട് അസുരന്മാർ ദേവലോകത്തെ അക്രമിച്ച് ദേവസുന്ദരികളെ പിടിച്ച് കൊണ്ടുപോകാൻ തുടങ്ങുന്നു. അർജ്ജുനൻ ആകട്ടെ ഇവരെ നേരിട്ട് തോൽ‌പ്പിക്കുന്നു. ദേവസ്ത്രീകളെ മോചിപ്പിക്കുന്നു.
രംഗം ആറിൽ സ്വർഗ്ഗസുന്ദരിമാരിൽ പ്രധാനിയായ ഉർവ്വശി, അർജ്ജുനനെക്കണ്ട് കാമാർത്തയായി തന്റെ പാരവശ്യം സഖിയോട് പറയുന്നു. കാമദഹനത്തിനു ശേഷം കാമദേവതുല്യനായി ബ്രഹ്മാവ് നിർമ്മിച്ച അർജ്ജുനനിൽ താൻ അനുരക്തയാണ് എന്ന് ഉർവശി സഖിയോടു പറയുന്നു. പണ്ടു തപസ്സിളക്കാൻ ചെന്നു പരാജയപ്പെട്ടുപോരേണ്ടി വന്നത് ഓർമ്മിപ്പിച്ച് മനസ്സറിയാതെ കാമാധീനയാവരുത് എന്നു സഖി ഓർമ്മപ്പെടുത്തുന്നു. ഉർവ്വശി സഖിയോട് തന്റെ അനുരാഗം സഫലമാക്കുവാനുള്ള ഉപായം തേടുന്നു. ഏകാന്തത്തിൽ അർജ്ജുനന്റെ അടുത്തുചെന്ന് ഇംഗിതം അറിയിക്കാൻ സഖി ഉർവ്വശിയെ ഉപദേശിയ്ക്കുന്നു. ഇത്രയുമാണ് ഈ രംഗത്തിന്റെ സാരം.
രംഗം ഏഴിൽ, ഏറ്റവും ലളിതമായ പദവിന്യാസത്തോടുകൂടിയവളും, മനോഹരമായ അലങ്കാരങ്ങള്‍ കൊണ്ട് ശോഭിക്കുന്നവളും, മാധുര്യഗുണശീലയും, കണ്ടാല്‍ മാര്‍ദ്ദവമുള്ളവളെങ്കിലും ഉള്ളില്‍ കടുപ്പമുള്ളവളുമായ ഉര്‍വ്വശി സുന്ദരമായ കവിതയെന്നപോലെ വിജയസമീപം ചെല്ലുന്നു. എന്നിട്ട് വിവശീകൃതയായ ഉർവ്വശി, അർജ്ജുനനോട് തന്റെ ഇംഗിതം അറിയിക്കുന്നു. ഉർവ്വശിയോട് എന്നാൽ അർജ്ജുനന് വെറുപ്പാണുണ്ടായത്. അർജ്ജുനൻ ഉർവ്വശിയിൽ വിരക്തനായിത്തീർന്നു. മനുഷ്യരിലുള്ള ഭവതിയുടെ ആഗ്രഹം പരിഹാസ്യമാണെന്നും ഈ ബുദ്ധിഭ്രമം നല്ലതിനല്ലെന്നും അർജ്ജുനൻ പ്രതിവചിച്ചു. തന്റെ ആഗ്രഹത്തെ നിരസിച്ച അർജ്ജുനന്റെ വാക്കുകൾ കേട്ട് നിരാശയോടെ ഉർവ്വശി അർജ്ജുനനെ നപുംസകമായിത്തീരട്ടെ എന്നു ശപിച്ചു. ധീരനായ അർജ്ജുനൻ ഉർവ്വശീശാപത്താൽ ചിന്താപരവശനായിത്തീർന്നു. പുത്രദുഃഖമറിഞ്ഞ ഇന്ദ്രൻ അർജ്ജുനനെ സമാശ്വസിപ്പിച്ചു. ഉർവ്വശീശാപം നിനക്ക് ഉപകാരമായി വരും എന്ന് ഇന്ദ്രൻ അനുഗ്രഹിച്ചു. ഇത്രയുമാണ് ഈ രംഗത്തിന്റെ ഉള്ളടക്കം.
രംഗം എട്ടിൽ ഇന്ദ്രൻ രോമശമഹർഷിയെ വിളിച്ചുവരുത്തി ധർമ്മപുത്രസമീപം, അർജ്ജുനവൃത്താന്തം അറിയിക്കാനായി പറഞ്ഞയക്കുന്നു. ശേഷം  ഇന്ദ്രന്‍ അര്‍ജ്ജുനനെ മന്ത്രസഹിതം ദിവ്യാസ്ത്രങ്ങള്‍ പഠിപ്പിച്ചു. അർജ്ജുനൻ ചിത്രസേനനില്‍ നിന്നും സംഗീതവും അഭ്യസിച്ച് സ്വര്‍ഗ്ഗത്തില്‍ സസുഖം നിവസിച്ചു.
രംഗം ഒമ്പതിൽ ഇന്ദ്രസഭയാണ്. ശസ്ത്രവിദ്യകളും മറ്റും പഠിച്ച അർജ്ജുനനോട് ഗുരുദക്ഷിണയായി ദേവശത്രുക്കളായ നിവാതകവചകാലകേയനെ നിഗ്രഹിക്കാൻ ഇന്ദ്രൻ ആവശ്യപ്പെടുന്നു. 
രംഗം പത്തിൽ അർജ്ജുനൻ ദേവേന്ദ്രകൽപ്പന അനുസരിച്ച് യുദ്ധത്തിനായി പോകുന്നു. സമുദ്രതീരത്തുചെന്ന് കിരീടി ശത്രുവിന്റെ നേരെ ശംഖനാദം മുഴക്കി. തിരമാലകൾക്കുള്ളിലാണ് ഇവർ വസിക്കുന്നത് എന്ന് സങ്കൽപ്പം. അർജ്ജുനൻ അവരെ പോരിനു വിളിക്കുന്ന രംഗം ആണ് ഇത്.
രംഗം പതിനൊന്നിൽ നിവാതകവചൻ അർജ്ജുനനുമായി യുദ്ധത്തിനു വരുന്നു. അർജ്ജുനൻ പാശുപതാസ്ത്രം കൊണ്ട് നിവാതകവചനെ വധിക്കുന്നു.
രംഗം പന്ത്രണ്ടിൽ നിവാതകവചനെ കൊന്ന കാര്യം കാലകേയനോട് അസുരന്മാർ (ഭീരു) പറയുന്നു. മായാബലം കൊണ്ട് അർജ്ജുനനെ വധിക്കാമെന്ന് തീരുമാനിച്ച് സൈന്യസമേതം കാലകേയൻ പുറപ്പെടുന്നു.
രംഗം പതിമൂന്നിൽ അർജ്ജുനൻ സ്വർഗ്ഗത്തിലേക്ക് തിരിച്ച് പോകുമ്പോൾ കാലകേയൻ വന്ന് അർജ്ജുനനുമായി ഏറ്റുമുട്ടുന്നു. യുദ്ധാവസാനം കാലകേയന്‍ മായാവിദ്ധ്യയാല്‍ മറയുന്നു(പിന്നിലേക്ക് മാറുന്നു). വില്ലില്‍ ശരംതൊടുത്ത് അര്‍ജ്ജുനന്‍ കാലകേയനെ തിരയുന്നു. കാലകേയന്‍ പെട്ടന്ന് ഒളിഞ്ഞുനിന്ന്(പിന്നില്‍ വന്നു നിന്ന്) അര്‍ജ്ജുനനുനേരേ മോഹനാസ്ത്രമയക്കുന്നു. അര്‍ജ്ജുനന്‍ അസ്ത്രമേറ്റ് മോഹാലസ്യപെട്ട് നിലം‌പതിക്കുന്നു. കാലകേയന്‍ അര്‍ജ്ജുനന്റെ സമീപത്തുവന്ന് നോക്കി ചിരിക്കുന്നു. വീണ്ടും വില്ലുകൊണ്ട് അര്‍ജ്ജുനനെ പ്രഹരിച്ചിട്ട് കാലകേയന്‍, നിന്ദാമുദ്രയോടെ നിഷ്ക്രമിക്കുന്നു.
രംഗം പതിനാലിൽ, പാര്‍ത്ഥന്റെ ഈ അവസ്ഥയറിഞ്ഞ ശ്രീ പരമേശ്വരന്‍ നന്ദിശ്വരനോട് നിര്‍ദ്ദേശിച്ചു:‘നീ പോയി അര്‍ജ്ജുനനെ സഹായിക്കുക.‘ അതനുസ്സരിച്ച് നന്ദികേശ്വരന്‍ അര്‍ജ്ജുനസമീപത്തേക്ക് പോന്നു. അർജ്ജുനനെ മോഹനാസ്ത്രത്തിൽ നിന്നും മോചിപ്പിക്കുന്നു.
രംഗം പതിനഞ്ചിൽ ഹിരണ്യപുരത്തിൽ എത്തി നന്ദികേശ്വരൻ പോരിനു വിളിക്കുന്നു. ഈ രംഗത്തിൽ പാഠഭേദങ്ങൾ ഉണ്ട്. സാധാരണ നടപ്പില്ലാത്തവ ആണ്.
രംഗം പതിനാറിൽ പോരിനു വിളിക്കുന്ന നന്ദികേശ്വരനുമായി ആശുതമൻ ഏറ്റുമുട്ടുന്നു. (ഇത് കാലകേയന്റെ പദമായാണ് പദ്മാശാന്റെ ചൊല്ലിയാട്ടം പുസ്തകത്തിൽ) നന്ദികേശ്വ്വരൻ ആശുതമനെ യുദ്ധത്തിൽ വധിക്കുന്നു.
രംഗം പതിനേഴിൽ കിങ്കരനായ ആശുതമനെ വധിച്ചതറിഞ്ഞ് കാലകേയൻ അർജ്ജുനനോട് വീണ്ടും യുദ്ധത്തിനു പുറപ്പെടുന്നു. കാലകേയൻ വധിക്കപ്പെടുന്നു.
രംഗം പതിനെട്ടിൽ അർജ്ജുനൻ നന്ദികേശ്വരനെ വന്ദിച്ച് അനുഗ്രഹം തേടുന്നു.
രംഗം പത്തൊൻപതിൽ വിജയശ്രീലാളിതനായ അർജ്ജുനൻ അച്ഛനായ ഇന്ദ്രനോട് ചെന്ന് വാർത്തകൾ അറിയിക്കുന്നു. ഇന്ദ്രൻ അർജ്ജുനനെ അനുഗ്രഹിക്കുന്നതോടെ നിവാതകവചകാലകേയവധം ആട്ടക്കഥ സമാപിക്കുന്നു.
 
 
 

മൂലകഥയില്‍നിന്നുള്ള വ്യതിയാനങ്ങൾ‍

മഹാഭാരതത്തിലെ ‘ഇന്ദ്രലോകാഭിഗമനപര്‍വ്വ’ത്തില്‍ രംഗവിഭജനം നടത്തിയും, വിവിധരസാവിഷ്ക്കരണങ്ങള്‍ക്ക് അവസരങ്ങളോരുക്കിക്കൊണ്ടും, വേഷവൈവിധ്യവും സംഭവവൈചിത്ര്യവും പ്രകടമാക്കത്തക്കരീതിയിലുമുള്ള ചില പുതിയ സന്ദര്‍ഭങ്ങള്‍ വിഭാവനം ചെയ്തുകൊണ്ടുമാണ് തമ്പുരാന്‍ ഈ ആട്ടക്കഥ തയ്യാറാക്കിയിരിക്കുന്നത്.

1.മൂലകഥയില്‍ ഇന്ദ്രന്‍ തന്നെ സ്വര്‍ഗ്ഗത്തിലേക്കുക്ഷണിക്കുന്ന വിവരം മാതലിപറഞ്ഞിട്ടല്ല അര്‍ജ്ജുനന്‍ ആദ്യമായി അറിയുന്നത്. ഇന്ദ്രന്‍ ഹിമാലയത്തിലെത്തി തപസ്സിനായി പുറപ്പെട്ട അര്‍ജ്ജുനനെ കണ്ട് ആഭിനന്ദിക്കുകയും സ്വര്‍ഗ്ഗത്തിലേയ്ക്ക് ക്ഷണിക്കുകയും അതുനുമുന്‍‌പായി ശ്രീപരമേശ്വരനെ തപസ്സുചെയ്ത് വരങ്ങള്‍ സമ്പാദിക്കുവാന്‍ നിദ്ദേശിക്കുന്നതായും ഭാരതത്തില്‍ പറയുന്നുണ്ട്. ഇന്ദ്രന് പുത്രനിലുള്ള അഭിമാനവും, അവനെ കാണാനുള്ള അതിയായ ആകാംക്ഷയും പ്രകടിപ്പിക്കുവാനുള്ള സാധ്യത ആദ്യരംഗത്തിലും, അപരിചിതനായ ഒരുവന്റെ പ്രശംസകേട്ട് അര്‍ജ്ജുനന് ‘സലജ്ജോഹം’ ആടുവാനുള്ള അവസരം രണ്ടാം‌രംഗത്തിലും സൃഷ്ടിക്കുകയാണ് ആട്ടകഥാകൃത്ത് ഈ മാറ്റത്തിലൂടെ സൃഷ്ടിച്ചിരിക്കുന്നത്. ഇതു കൂടാതെ മൂലകഥയിലുള്ളതിലും പ്രാധാന്യം മാതലിയെന്ന കഥാപാത്രത്തിന് കൈവരുത്തുവാനും, മൂന്നാം രംഗത്തിലെ പിതൃപുത്ര സമാഗമം കൂടുതല്‍ നിര്‍വൃതിദായകമാക്കിതീര്‍ക്കുവാനും ഈ ചെറിയ വെതിയാനത്താല്‍ സാധ്യമായി.

2.സ്വര്‍ഗ്ഗസ്ത്രീകളെ അപഹരിക്കാന്‍ വന്ന വജ്രകേതു, വജ്രബാഹു എന്നീ അസുരന്മാരേ അര്‍ജ്ജുനന്‍ ഹനിച്ചതായ വൃത്താന്തം മൂലകഥയില്‍ ഇല്ല. തമ്പുരാന്‍ ഈ ചുവന്നതാടി വേഷങ്ങളെ പ്രവേശിപ്പിച്ച് ഇവിടെ ഒരു യുദ്ധരംഗം ഘടിപ്പിച്ചതിന്റെ ലക്ഷ്യം കഥാഗതി ഒന്നു ചടുലമാക്കുക എന്നതായിരിക്കാം. ഇതിലൂടെ തമ്പുരാന്‍ തുടര്‍ച്ചയായി വരുന്ന പതിഞ്ഞകാലത്തിലുള്ള രംഗങ്ങളുടെ വിരസത ഒഴിവാക്കുക മാത്രമല്ല, ആദ്യഭാഗത്തെ അര്‍ജ്ജുനവേഷം കെട്ടുന്ന നടന് തന്റെ ഊര്‍ജ്ജം നന്നായി ചിലവഴിച്ച് ചടുലമായ ഒരു യുദ്ധരംഗം ചെയ്ത് പിന്‍‌വാങ്ങുവാനുള്ള അവസരവുമാണ് ഒരുക്കുന്നത്.

3.ഉര്‍വ്വശിക്ക് കാമാർത്തയായി അര്‍ജ്ജുനനെ സമീപിച്ചതായിട്ടല്ല ഭാരതത്തില്‍ പറയുന്നത്. ദേവസഭയില്‍ വെച്ച് അര്‍ജ്ജുനന്റെ നോട്ടം ഉര്‍വ്വശിയില്‍ പതിയുന്നതായി കണ്ട ഇന്ദ്രന്‍, ചിത്രസേനന്‍ വഴി അര്‍ജ്ജുനന്റെ സമീപത്തേക്കു ചെല്ലുവാന്‍ ഉര്‍വ്വശിയെ പ്രേരിപ്പിക്കുന്നതായും, അങ്ങിനെ ഉർവ്വശി അര്‍ജ്ജുനനെ സമീപിക്കുന്നതായുമാണ് മഹാഭാരതത്തില്‍ പ്രസ്താപിച്ചിരിക്കുന്നത്. വജ്രകേതു, വജ്രബാഹുക്കളുടെ ആക്രമണത്തില്‍ നിന്നും രക്ഷിക്കുന്ന അര്‍ജ്ജുനനില്‍ കാമമുളവായി ഉര്‍വ്വശി വിജയനെ സമീപിക്കുന്നതായാണ് ആട്ടകഥയില്‍ ചിത്രീകരിച്ചിരിക്കുന്നത്. അർജ്ജുനന്റെ വീരോത്കർഷത്തിനനുഗുണമായി തമ്പുരാൻ വരുത്തിയ മാറ്റമാണിത്.

4.മഹാഭാരതത്തില്‍ നിവാതകവചന്മാരും കാലകേയന്മാരും അനേകകോടികളായി വര്‍ണ്ണിക്കുന്ന അസുരപ്പടകളാണ്. നിവാതകവചന്മാരെന്ന അസുരന്മാർ മുന്നൂറുകോടിയുണ്ടെന്നാണ് മഹാഭാരതം പറയുന്നത്. ആട്ടകഥയില്‍ രംഗപ്രയോഗ സൌകര്യാര്‍ത്ഥം ഇവരെ പ്രതിനിധീകരിക്കുന്ന ഓരോ അസുരനായകന്മാരായി നിവാതകവചനേയും കാലകേയനേയും അവതരിപ്പിച്ചിരിക്കുകയാണ് ചെയ്തിരിക്കുന്നത്.

5.നിവാതകവചരെ ഒരു മാനുഷന്‍ വധിച്ചതായുള്ള വിവരമറിഞ്ഞ് കാലകേയന്മാര്‍ അര്‍ജ്ജുനനോട് യുദ്ധത്തിനുവരുന്നതായല്ല ഭാരതത്തില്‍ പറഞ്ഞിട്ടുള്ളത്. നിവാതകവചരെ നിഗ്രഹിച്ച് മടങ്ങുംവഴി കണ്ട വലിയ കോട്ട, കാലകേയന്മാരുടേതാണെന്ന് മാതലിയില്‍ നിന്നും മന‍സ്സിലാക്കിയ അര്‍ജ്ജുനന്‍ അവരേയും നശിപ്പിക്കുവാന്‍ തീര്‍ച്ചയാക്കി, എന്നാണ് മഹാഭാരതത്തില്‍ കാണുന്നത്.

6.കാലകേയനുമായുള്ള യുദ്ധത്തില്‍ മോഹാലസ്യപ്പെട്ടുവീണ അര്‍ജ്ജുനനെ ഉണര്‍ത്തി ശക്തനാക്കാനായി നന്ദികേശ്വരന്‍ വരുന്നതായി മൂലകഥയില്‍ കാണുന്നില്ല. ഒരു വെള്ളത്താടി വേഷത്തേക്കൂടി അരങ്ങിലെത്തിക്കുക എന്നതാവാം ഈ മാറ്റത്തിന്റെ ലക്ഷ്യം. എന്നാല്‍ ഈ മാറ്റത്തിലൂടെ കഥാന്ത്യത്തില്‍ നായക കഥാപാത്രത്തിന്റെ പ്രഭാവത്തില്‍ ഒരു ക്ഷതം സംഭവിച്ചു എന്ന് പറയാതെ തരമില്ല.

ആട്ടകഥയുടെ അവതരണത്തിലെ പ്രധാന സവിശേഷതകൾ‍

1.ആദ്യരംഗത്തിലെ മാതലിയുടെ ‘തേരുകൂട്ടിക്കെട്ടൽ‍’, ഭംഗിയുള്ള ഒരു നൃത്തപ്രകാരത്തിലൂടെ രംഗത്തില്‍ തേരിന്റെ ഒരു ചിത്രം വരച്ചുകാട്ടുന്ന ആട്ടമാണ്. സാധാരണയുക്തിയനുസരിച്ചു ചിന്തിച്ചാൽ, ഇന്ദ്രസാരഥിയുടെ ജോലിയല്ല രഥനിർമ്മാണം. എന്നാൽ സ്വശരീരം കൊണ്ട് ഒരു രഥത്തിന്റെ ദൃശ്യവൽക്കരണം അരങ്ങിൽ സാദ്ധ്യമാക്കുന്നതിലാണ് ഈ മനോഹരമായ ആട്ടത്തിന്റെ ഭംഗി കുടികൊള്ളുന്നത്.

2.പരമശിവനില്‍നിന്നും പാശുപതാസ്ത്രം നേടിയ അര്‍ജ്ജുനനെ കൂട്ടിക്കൊണ്ടുവരുവാനായി മാതലി എത്തുന്ന ഭാഗം മുതല്‍ മാതലിയുടെ പദം തീരുവോളമുള്ള ആലവട്ടമേലാപ്പുകളോടുകൂടിയുളള അര്‍ജ്ജുനന്റെ അചഞ്ചലമായ വീരഭാവത്തിലുള്ള‍ ഇരിപ്പും, ഓരോമാത്രയിലും തൌര്യത്രികസൌന്ദര്യം നിറഞ്ഞുനില്‍ക്കുന്ന ‘സലജ്ജോഹം’ എന്ന പദത്തിന്റെ ചൊല്ലിയാട്ടവും നടന്റെ അഭ്യാസബലത്തിന്റെ മാറ്റുരക്കപ്പെടുന്ന അഭിനയമുഹൂര്‍ത്തങ്ങളാണ്. അതീവലളിതമായ ആശയം മാത്രം സംവഹിയ്ക്കുന്ന സലജ്ജോഹം എന്ന പദം, അവതരണത്തിന്റെ ശൈലീകൃതാവസ്ഥ കൊണ്ടും സങ്കീർണ്ണത കൊണ്ടും സൂക്ഷ്മമായ ആവിഷ്കാരപദ്ധതികൊണ്ടും സമാനതകളില്ലാത്ത പദമാണ്.

3.അര്‍ജ്ജുനന്‍ എന്ന കഥാപാത്രത്തിന് ഗാഭീര്യം നല്‍കിക്കൊണ്ട് ആദ്യഭാഗത്തില്‍ അടന്ത-ചെമ്പ താളങ്ങളും ഉത്തരഭാഗത്തില്‍ പഞ്ചാരി-ചെമ്പ താളങ്ങളും ആവര്‍ത്തിച്ച് വരുന്നു.

4.അര്‍ജ്ജുനന്റെ ഇന്ദ്രനോടുള്ള ‘ജനക തവദര്‍ശനാൽ‍’ എന്ന പദത്തിന്റെ അടന്തതാളത്തിലുള്ള സവിശേഷമായ ഇരട്ടിയും, ഇന്ദ്രാണിയോടുള്ള പദത്തിലെ ‘സുകൃതികളില്‍ മുമ്പനായ്’ എന്നിടത്തെ അഷ്ടകലാശവും കണക്കൊത്ത നൃത്തവിശേഷങ്ങളാണ്.

5.പതിഞ്ഞ കാലത്തിലുള്ളതും വിപ്രലംഭശൃംഗാരത്തിന്റെ ഉദാത്തമാതൃകയുമായ ‘പാണ്ഡവന്റെ രൂപം കണ്ടാൽ‍’, ‘സ്മരസായക ദൂനാം’ എന്നീ ഉര്‍വ്വശിയുടെ പദങ്ങള്‍ അത്യന്തം ചിട്ടപ്രധാനങ്ങളും അഭിനയപ്രധാനങ്ങളുമാണ്. കോട്ടയത്തുതമ്പുരാന്റെ നൃത്തരചനാവൈഭവത്തിന്റെ പരമസാഫല്യമായി കണക്കാക്കുന്ന ഈ ഉര്‍വ്വശീവേഷം എക്കാലത്തും ആദ്യാവസാന സ്ത്രീവേഷക്കാര്‍ക്ക് തങ്ങളുടെ അഭ്യാസനൈപുണ്യത്തിനുള്ള ഒരു വെല്ലുവിളിയാണ്.

6.ഇന്ദ്രന്‍ അര്‍ജ്ജുനനോട് ഗുരുദക്ഷിണ ആവശ്യപ്പെടുന്ന രംഗത്തിലെ പഞ്ചാരിതാളത്തിലുള്ള തോങ്കാരങ്ങള്‍ സവിശേഷഭംഗിയാര്‍ന്ന നൃത്തപ്രകാരമാണ്.

7. പ്രാകൃതഭാഷയിൽ ഒരു ശ്ലോകം ഉള്ളത് ഈ കഥയിൽ മാത്രമേ കാണുന്നുള്ളൂ. അത് അരങ്ങത്ത് ചൊല്ലുന്നതുമാണ്.

8. "മാതലേ നിശമയ" എന്ന ആദ്യത്തെ ഇന്ദ്രന്റെ പദം മുതൽ ഉർവ്വശീശാപം വരെയാണ് സാധാരണ അരങ്ങിൽ പ്രചാരത്തിലുള്ളത്. അപൂർവ്വമായി സമ്പൂർണ്ണകാലകേയവധവും അരങ്ങേറാറുണ്ട്.

9. 'പാണ്ഡവന്റെ രൂപം' എന്ന പദത്തിൽ 'തൊണ്ടിപവിഴമിവ' എന്ന വരി മുതൽ ഉർവ്വശി ചെയ്യുന്ന സവിശേഷ ഇരട്ടി മറ്റൊരു സ്ത്രീവേഷത്തിന്റെ രംഗരചനയിലും കാണാനാവില്ല. അതിസുന്ദരമായ നൃത്തശിൽപ്പമാണിത്.

10. ഈ ആട്ടക്കഥയ്ക്ക് പ്രത്യേകം പുറപ്പാടില്ല. സുഭദ്രാഹരണം കഥയിലെ പുറപ്പാടാണ് ഉപയോഗിക്കുന്നത്. അത് താഴെ കൊടുക്കുന്നു.

ശ്ളോകം
ഭൈരവി-ചെമ്പട
കാന്താജനൈസ്സഹ നിതാന്തമദാന്ധഭൃംഗ-
ഝങ്കാരപൂരിതസുവർണ്ണലതാനിശാന്തേ
സന്താനപല്ലവസുമാവലികേളിതല്പേ
സന്തുഷ്ടധീഃ സുരപതിഃ സതുജാതു രേമേ

വൃത്തം : വസന്തതിലകം

 പദം
    സ്വർല്ലോകാധിപതി ശചീവല്ലഭനമലൻ
    ഉല്ലാസയുതമാനസൻ മല്ലവിലോചനൻ
    കല്യമതിസുരജനതല്ലജനമലൻ
    മല്ലികാശരോപമാനൻ കല്യാണനിലയൻ
    ബന്ധുരതരാംഗിമാരാം പന്തണിമുലമാർത-
    ന്നന്തരംഗവാസൻ മദസിന്ധുരഗമനൻ
    ശത്രുജനങ്ങളെയെല്ലാം ചീർത്ത രണമതിൽ

    മിത്രപുത്രാലയേ ചേർത്തിട്ടെത്രയുമാദരാൽ
    പന്നഗശയനകൃപാ ധന്യനതികീർത്ത്യാ
    ഉന്നതനമരാവതിതന്നിൽ വാണീടിനാൽ

ഇപ്പോഴുള്ള അവതരണരീതി:

"മാതലേ നിശമയ" എന്ന ആദ്യത്തെ ഇന്ദ്രന്റെ പദം മുതൽ ഉർവ്വശിയുടെ ശാപം വരെ കാലകേയവധത്തിൽ പ്രചുരപ്രചാരം സിദ്ധിച്ച ഭാഗമാണ്. ആദ്യരംഗം മുതൽ അർജ്ജുനന്റെ സ്വർഗവർണ്ണന വരെ മാത്രമായും, ഉർവ്വശി - സഖീ ഭാഗം മാത്രമായും, രണ്ടും കൂടിയും ഇപ്പോൾ അരങ്ങിൽ കാണാം. അപൂർവ്വമായി മറ്റുരംഗങ്ങളും കൂടി ഉൾപ്പെടുത്തി 'സമ്പൂർണ്ണ കാലകേയവധം'  അരങ്ങേറാറുണ്ട്. വജ്രകേതു - വജ്രാബാഹുക്കളുടെ രംഗം അത്യപൂർവ്വമാണ്.

വേഷങ്ങൾ

ഇന്ദ്രൻ    പച്ച കുട്ടിത്തരം

മാതലി    മിനുക്ക്  (ദൂതൻ പോലെ)  ഇടത്തരം

അർജ്ജുനൻ (1)    പച്ച    ആദ്യാവസാനം

ഇന്ദ്രാണി    സ്ത്രീ    കുട്ടിത്തരം

വജ്രകേതു        നെടുംകത്തി (തെക്ക് ചുവന്ന താടി)    രണ്ടാം തരം

വജ്രബാഹു    നെടുംകത്തി (തെക്ക് കത്തി കരി)    രണ്ടാം തരം

ഉർവ്വശി    സ്ത്രീ    ഒന്നാം തരം

സഖി    സ്ത്രീ    കുട്ടിത്തരം
അർജ്ജുനൻ (2) പച്ച ഇടത്തരം
നിവാതകവചൻ    കത്തി (തെക്ക് ചുവന്നതാടി)    രണ്ടാം തരം

രാക്ഷസൻ    ഭീരു    രണ്ടാം തരം

കാലകേയൻ    ചുവന്ന താടി (തെക്ക് നെടുംകത്തി)    ഒന്നാം തരം

നന്ദികേശ്വരൻ    വെള്ളത്താടി    രണ്ടാം തരം