ശ്രീരാമപട്ടാഭിഷേകം
ആട്ടക്കഥ:
Table of contents
ആട്ടക്കഥാകാരൻ
ശ്രീ കൊട്ടാരത്തിൽ ശങ്കുണ്ണി (1855-1937)
അവലംബം
രാമായണം യുദ്ധകാണ്ഡം
കഥാസംഗ്രഹം
രാവണനെ നിഗ്രഹിച്ച് സീതയെ വീണ്ടെടുത്തശേഷം വിഭീഷണനെ ലങ്കാധിപതി ആക്കി അഭിഷേകം ചെയ്തു. വനവാസക്കാലവും കഴിഞ്ഞു.
ഒന്നാം രംഗത്തിൽ ശ്രീരാമനും സീതയും ലക്ഷ്മണനും ആണ്. രാവണനെ വധിച്ച് സീതയെ വീണ്ടെടുത്തു. വനവാസക്കാലവും കഴിഞ്ഞു. ഇനി പെട്ടെന്ന് അയോദ്ധ്യയിൽ എത്തിയില്ല എങ്കിൽ ഭരതൻ തീയ്യിൽ ചാടും ഒപ്പം ശത്രുഘ്നനും അമ്മമാരും മരിക്കുമെന്ന് ദുഃഖത്തോടേ രാമൻ, സീതയോട് പറയുന്നു. ഒരുദിവസം കൊണ്ട് ലങ്കയിൽ നിന്നും അയോദ്ധ്യയിലേക്ക് ആർക്കാണെത്താൻ കഴിയുക, എല്ലാം കൈകേയി കാരണം അല്ലേ എന്ന് സീത മറുപടി പറയുന്നു. എല്ലാറ്റിനും കാരണം കൈകേയി ആണ് കൈകേയിയെ വധിക്കണം എന്ന് ലക്ഷ്ണണനും ദേഷ്യപ്പെടുന്നു. ശ്രീരാമൻ ഏവരേയും സാരോപദേശം നൽകി സമാധാനിപ്പിക്കുന്നു. മാത്രമല്ല തന്റെ ആജ്ഞപ്രകാരം ഹനൂമാൻ വിഭീഷണന്റെ അടുത്ത് പോയിട്ടുണ്ട്, വിഭീഷണം ഉടൻ പുഷ്പകവിമാനവും ആയി വരും, അതിൽ കയറി അയോദ്ധ്യയിലേക്ക് പോകാം എന്നും പറയുന്നു.
രണ്ടാം രംഗത്തിൽ വിഭീഷണനും പത്നി സരമയും ആണ്. വിഭീഷണൻ നർമ്മസംഭാഷണം ചെയ്യുമ്പോൾ സരമ, ശ്രീരാമന്റെ കാരുണ്യമാണ് എല്ലാറ്റിനും കാരണം എന്നും, സീത ഇന്ന് ലങ്ക വിട്ട് പോകുകയാൽ, സങ്കടമകറ്റി ഒരു ദിവസം പോലും സീത ശ്രീരാമന്റെ ഒപ്പം ജീവിക്കുന്നത് തനിക്ക് കാണാനാകില്ലല്ലൊ എന്ന സങ്കടം പറയുന്നു. നമുക്കും സാകേതത്തിലേക്ക് പോകാം എന്ന് വിഭീഷണൻ മറുപടി പറയുന്നു.
രംഗം മൂന്നിൽ വിഭീഷണനോടു പുഷ്പകവിമാനവുമായി ചെല്ലാൻ ഉള്ള ശ്രീരാമകൽപ്പന ഹനൂമാൻ വിഭീഷണനെ അറിയിക്കുന്നു.
രംഗം നാലിൽ വിഭീഷണൻ പുഷ്പകവിമാനവുമായി ശ്രീരാമസവിധത്തിൽ എത്തുന്നു. അൽപ്പദിവസമെങ്കിലും ലങ്കയിൽ സമാധാനമായി താമസിക്കണം എന്ന് ശ്രീരാമനോട് വിഭീഷണൻ അപേക്ഷിക്കുന്നു. രാമൻ നിരസിക്കുന്നു. സുഗ്രീവനോടും വാനരപ്പടയോടും കിഷ്കിന്ധയിലേക്ക് തിരിച്ച് പോകാനും പറയുന്നു. അപ്പോൾ സുഗ്രീവൻ അടുത്തുതന്നെ ഉണ്ടാകാൻ പോകുന്ന ശ്രീരാമപട്ടാഭിഷേകം കാണാൻ തങ്ങൾക്കും ആഗ്രഹമുണ്ട് എന്ന് പറയുന്നു. വിഭീഷണനും പട്ടാഭിഷേകം കാണ്മാൻ ആഗ്രഹം പ്രകടിപ്പിക്കുന്നു. എല്ലാവരും വിമാനത്തിൽ കയറി യാത്ര തുടങ്ങുന്നു. ശ്രീരാമൻ സരമയെ അനുഗ്രഹിക്കുന്നു.
ദണ്ഡകം-അതിൽ പുഷ്പകവിമാനം വടക്ക്ദിശയിലേക്ക് പൊങ്ങി പറന്നു തുടങ്ങുന്നു. ശ്രീരാമൻ വിമാനത്തിൽ ഇരുന്ന് ഭൂമിയിലുള്ള ഓരോന്ന് സീതയ്ക്ക് കാട്ടി കൊടുക്കുന്നു. കിഷ്കിന്ധയുടെ മുകളിൽ എത്തിയപ്പോൾ സീത, താരയെ കാണണം എന്ന ആഗ്രഹം ശ്രീരാമനോട് പറയുകയും അവർ കിഷ്കിന്ധയിൽ ഇറങ്ങുകയും ചെയ്യുന്നു.
രംഗം അഞ്ചിൽ കിഷ്കിന്ധ ആണ് സുഗ്രീവൻ അംഗദനോട് താരയെ ശ്രീരാമസവിധം എത്തിയ്ക്കുന്നു
രംഗം ആറിൽ ശ്രീരാമാദികൾ കിഷ്കിന്ധയിൽ ഇറങ്ങി താരയേയും മറ്റ് വാനരസ്ത്രീകളേയും കാണുന്നു. സീത, താരയേയും രുമയേയും മറ്റ് വാനരസ്ത്രീകളേയും എല്ലാം അയോദ്ധ്യയിലേക്ക് ക്ഷണിക്കുന്നു. എല്ലാവരും വിമാനത്തിൽ കയറി വീണ്ടും യാത്ര പുറപ്പെടുന്നു.
രംഗം ഏഴിൽ ശ്രീരാമാദികൾ യാത്രചെയ്ത് ഭരദ്വാജമഹർഷിയുടെ ആശ്രമത്തിൽ എത്തുന്നു. രാത്രി അവിടെ കൂടുന്നു. ശ്രീരാമൻ വരുന്ന കാര്യം മുന്നേ അറിയിക്കാനായി ഹനൂമാനേ അയോദ്ധ്യയിലേക്ക് വിടുന്നു. അയോദ്ധ്യയിലേക്ക് ഗംഗ കടന്ന് വെണം പോകാൻ, പോകുന്ന വഴി ഗുഹനെ കാണും ബാക്കി വഴി ഗുഹൻ പറഞ്ഞ് തരും എന്ന് രാമൻ ഹനൂമാനോട് പറയുന്നു. ഹനൂമാൻ പോകുന്നു.
രംഗം എട്ടിൽ ഹനൂമാൻ ഗംഗാതീരത്ത് എത്തുന്നു. വഞ്ചിപ്പാട്ട് പാടി വഞ്ചി തുഴയുന്ന മുക്കുവരെ കാണുന്നു. വഞ്ചി രംഗത്തെത്തുമ്പോൾ ഹനൂമാൻ മെല്ലെ പ്രവേശിച്ച് വഞ്ചിപിടിച്ച് കുലുക്കുന്നു. മുക്കുവരെ പേടിപ്പിച്ച് ഓടിക്കുന്നു.
രംഗം ഒൻപതിൽ ഗുഹന്റെ വീടാണ്. പേടിച്ചരണ്ട മുക്കുവർ ഓടി ചെന്ന് മുക്കുവത്തലവനായ ഗുഹനോട് കാര്യങ്ങൾ അവതരിപ്പിക്കുന്നു. മുക്കുവരെ പിൻതുടർന്ന് ഹനൂമാനും എത്തുന്നു. അവർ തമ്മിൽ വാക്ക്തർക്കത്തിനുശേഷം പരസ്പരം മനസ്സിലായി ആശയം കൈമാറുന്നു.
രംഗം പത്തിൽൽ അയോദ്ധ്യാരാജധാനി ആണ്. അയോദ്ധ്യയിൽ, രാമനെ കാത്ത് കാത്ത് മടുത്ത ഭരതൻ, അവസാനം തീക്കുണ്ഡത്തിൽ ചാടി ആത്മാഹുതിയ്ക്ക് മുതിരുന്നു. ഹനൂമാൻ ആ സമയം പ്രവേശിച്ച് തടയുന്നു. രാമന്റെ വാർത്തകൾ ചൊല്ലുന്നു. ആ സമയം വിമാനത്തിൽ ശ്രീരാമാദികൾ വരുന്നതായി കാണുന്നു.
രംഗം പതിനിനൊന്നിലും അയോദ്ധ്യാരാജധാനി തന്നെ. ശ്രീരാമാദികൾ അയോദ്ധ്യയിലേക്ക് പ്രവേശിക്കുന്നു. ശ്രീരാമൻ ഭരതശത്രുഘ്നന്മാരേയും കൗസല്യാദി അമ്മമാരേയും കാണുന്നു.
രംഗം പന്ത്രണ്ടിൽ അയോദ്ധ്യയിലെ ശ്രീരാമ പട്ടാഭിഷേകം നടക്കുന്നു. തുടർന്ന് ശ്രീരാമപട്ടാഭിഷേകം നടക്കുന്നു. അനന്തരം സീതാദേവി എല്ലാവരേയും പ്രത്യേകിച്ച് ഹനൂമാനേയും സമ്മാനം നൽകി അനുഗ്രഹിയ്ക്കുന്നു. പുഷ്പകവിമാനം തിരിച്ച് വൈശ്രവണസന്നിധിയിലേക്ക് പോകുന്നു. കഥസമാപിക്കുന്നു.
പ്രത്യേകതകൾ
രാമായണത്തിന്റെ ഉത്തരഭാഗം ആണ് കഥ. ലളിതമായ സാഹിത്യം. വഞ്ചിപ്പാട്ട് വഞ്ചിതുഴയലം വിമാനാരോഹണം പാദുകപൂജ ഘോഷയാത്ര പട്ടാഭിഷേകം തുടങ്ങി വർണ്ണശബളമായ നാട്യധർമ്മി അല്ലെങ്കിലും ആസ്വാകർക്ക് ഇഷ്ടപ്പെടുന്ന രംഗങ്ങൾ ഉള്ള കഥ ആണ് ഇത്.
കോട്ടക്കൽ പി.എസ്.വി നാട്യസംഘം അവതരിപ്പിക്കുന്ന ശ്രീരാമപട്ടാഭിഷേകം ശ്രീ സി.എ വാര്യർ എഴുതയ സമ്പൂർണ്ണരാമായണത്തിലേതാണ്. ഇരിങ്ങാലക്കുട ഉണ്ണായി വാര്യർ സ്മാരക കലാനിയവും പട്ടാഭിഷേകം അവതരിപ്പിക്കാറുണ്ട്.
കുബേരനു ബ്രഹ്മാവിൽ നിന്നും ദാനം കിട്ടിയതാണ് പുഷ്കപവിമാനം. അത് രാവണൻ കൈക്കലാക്കുന്നു. രാവണവധത്തിനുശേഷം ശ്രീരാമാദികളെ കൂട്ടി അയോദ്ധ്യയിൽ എത്തിയ പുഷ്പകവിമാനം കുബേരന്റെ അടുത്തേയ്ക്ക് തിരിച്ച് പോയി.
വേഷം
ശ്രീരാമൻ - പച്ചമുടി (പട്ടാഭിഷേകസമയത്ത് കേശഭാരം കിരീടം)
ലക്ഷ്മണൻ - പച്ചമുടി
ഭരതൻ - പച്ചമുടി
ശത്രുഘ്നൻ - പച്ചമുടി
ഹനൂമാൻ - വെള്ളത്താടി
ഭരദ്വാജൻ - മഹർഷി വേഷം
മുക്കുവർ - ലോകധർമ്മി വേഷം
സീത - സ്ത്രീ മിനുക്ക്
സരമ- സ്ത്രീ മിനുക്ക്
വിഭീഷണൻ - കത്തി
സുഗ്രീവൻ - ചുകന്നതാടി
ഗുഹൻ - കരി