രുഗ്മിണീസ്വയംവരം
ആട്ടക്കഥ:
Table of contents
ആട്ടക്കഥാകാരൻ
അശ്വതി തിരുന്നാൾ മഹാരാജാവ് (1756-1787)
മൂലകഥ
ശ്രീകൃഷ്ണൻ രുഗ്മിണിയെ പരിണയിച്ച കഥ ഭാഗവതം ദശമസ്കന്ദം ഉത്തരാർദ്ധം അധ്യായങ്ങളിൽ വിവരിച്ചിട്ടുണ്ട്.
പശ്ചാത്തലം & കഥാസംഗ്രഹം
കുണ്ഡിനപുരിയിലെ ഭീഷ്മകരാജാവിന്റെ മകളായ രുഗ്മിണി മഹാലക്ഷ്മിയുടെ അവതാരമാണ്. അവൾ ചെറുപ്പത്തിലേ കേശവനെ കാന്തനായി മനസാ വരിച്ചിരുന്നു. പക്ഷെ മാധവവിദ്വേഷിയായ രുഗ്മി എന്ന അവളുടെ സഹോദരൻ തന്റെ സുഹൃത്തും ചേദി രാജാവുമായ ശിശുപാലനു രുഗ്മിണിയെ നൽകാനുറച്ചു.
പുറപ്പാടും നിലപ്പദവും കഴിഞ്ഞ് കഥ ആരംഭിയ്ക്കുന്നു.
രംഗം ഒന്നിൽ വിദർഭരാജധാനിയാണ്. ഭീഷ്മകൻ പത്നിയുമായി ഉല്ലസിച്ച് ഇരിക്കുന്നു.
രംഗം രണ്ടിൽ നാരദമുനി ഭീഷ്മകസമീപം എത്തുന്നു. മുനിയെ ആദരിച്ചിരുത്തി രുഗ്മിണിയുടെ വരൻ ആരാകണം എന്ന് ഭീഷ്മകൻ, നാരദനോട് ചോദിക്കുന്നു. ശ്രീകൃഷ്ണൻ തന്നെ എന്ന് നാരദൻ മറുപടി പറയുന്നു.
രംഗം മൂന്നിൽ ഭീഷ്മകന്റെ മകൻ രുഗ്മി ഭീഷ്മകനോട് ശ്രീകൃഷ്ണൻ യാദവൻ ആണ് ക്ഷത്രിയർക്ക് യാദവരുമായി ബന്ധം പറ്റില്ല എന്നെല്ലാം പറയുന്നു. മാത്രമല്ല ചേദിരാജാവായ ശിശിപാലനു രുഗ്മിണിയെ നൽകാൻ ആയി ആവശ്യപ്പെടുന്നു. വാസുദേവനോട് വൈരമരുത് എന്ന് ഭീഷ്മകൻ മകനെ ഉപദേശിക്കുന്നു.
രംഗം നാലിൽ രുഗ്മിണി “ചേദിരാജാവായ ശിശുപാലനാണു തന്നെ നൽകാൻ പോകുന്നത് “ എന്ന് സ്നേഹമുള്ള ഒരു സഖി രഹസ്യമായി പറഞ്ഞറിഞ്ഞ രുഗ്മിണി സങ്കടം സഹിക്കാനാവാതെ കണ്ണുനീരിൽ കുളിച്ച കുചകുംഭങ്ങളോടെ ശ്രീകൃഷ്ണനെ ഓർത്ത് വിലപിച്ചു.
രംഗം അഞ്ചിൽ വിശേഷപ്പേട്ട ആഭരണങ്ങളെല്ലാം ഉപേക്ഷിച്ചു ഇപ്രകാരം വല്ലാതെ കരഞ്ഞു കൊണ്ടിരുന്ന രുഗ്മിണി ദയാലുവായ ഒരു ബ്രാഹ്മണനെ തന്റെ അരികിലേക്കു വരുത്തി. ആ മത്തേഭഗാമിനി അദ്ദേഹത്തിന്റെ കാല്ക്കൽ നമസ്കരിച്ച് സങ്കടത്തോടെ തന്റെ സ്ഥിതി ശ്രീകൃഷ്ണനെ അറിയിക്കാൻ ആവശ്യപ്പെട്ടു. രുഗ്മിണിയെ സമാശ്വസിപ്പിച്ച് ബ്രാഹ്മണൻ സന്തോഷപൂർവ്വം ശ്രീകൃഷ്ണ സമീപത്തേയ്ക്ക് യാത്രയാവുന്നു.
രംഗം ആറിൽ ദ്വാരക ആണ്. ബ്രാഹ്മണൻ കൃഷ്ണനോട് ചെന്ന് കാര്യങ്ങൾ പറയുന്നു. ശ്രീകൃഷ്ണൻ രുഗ്മിണിയെ കൊണ്ട് പോരാനായി തേര് കൊണ്ടുവരാൻ ആജ്ഞാപിക്കുന്നു. ബ്രാഹ്മണനും കൃഷ്ണനും കൂടി തേരില്‍ കേറി പോകുന്നു.
രംഗം ഏഴിൽ ശ്രീകൃഷ്ണൻ എത്തിയ വിവരം ബ്രാഹ്മണൻ രുഗ്മിണിയെ അറിയിക്കുന്നു. രുഗ്മിണി ബ്രാഹ്മണനെ വന്ദിച്ചു യാത്രയാക്കുന്നു.
രംഗം എട്ടിൽ ശ്രീകൃഷ്ണൻ ഭീഷ്മകനെ കാണുന്നു. രുഗ്മിണിയുടെ വിവാഹം കാൺമാനായി വന്നതാണെന്ന് കൃഷ്ണൻ അറിയിക്കുന്നു.
രംഗം ഒമ്പതിൽ ചേദിരാജധാനി ആണ്. ശ്രീകൃഷ്ണൻ വിദർഭയിൽ എത്തിയതറിഞ്ഞ ശിശിപാലൻ സഭയിൽ വന്ന് മറ്റുള്ളവരുമായി ഇനി എന്ത് വേണം എന്ന് ആലോചിക്കുന്നു.
രംഗം പത്തിൽ ബ്രാഹ്മണർ തമ്മിൽ സംസാരിക്കുന്നതാണ്. ശേഷം എല്ലാവരും രുഗ്മിണിയുടെ വിവാഹമഹോത്സവത്തിനായി പുറപ്പെടുന്നു.
രംഗം പതിനൊന്നിൽ വിദർഭരാജധാനിയിൽ രുഗ്മിണിയുടെ വിവാഹമണ്ഡപം ആണ്. സാരിനൃത്തത്തോടേ പ്രവേശിക്കുന്ന രുഗ്മിണി വേദിയിൽ ബ്രാഹ്മണൻ പൂജിയ്ക്കുന്ന ദേവീവിഗ്രഹത്തെ തൊഴുത് മാറി നിൽക്കുന്നു. ശേഷം രുഗ്മിണി ബ്രാഹ്മണനിൽ നിന്നും വരണമാല്യം വാങ്ങി കൃഷ്ണനെ മാല ഇട്ടു വരിക്കുന്നു. കൃഷ്ണന്‍ രുഗ്മിണിയുടെ കരം ഗ്രഹിച്ചു തേരിൽക്കയറി യാത്രയാവുന്നു. ഭീരു വരണവൃത്താന്തം ശിശുപാലനെ അറിയിക്കുന്നു. ശിശുപാലൻ ക്രുദ്ധനായി, കൃഷ്ണനെ അന്വേഷിച്ചു വരുന്നു. അവർ തംമിൽ യുദ്ധം തുടങ്ങുന്നു. യുദ്ധത്തിൽ ശിശുപാലൻ കൃഷ്ണന്റെ ശരവർഷമേറ്റ് തോറ്റോടുന്നു. കൃഷ്ണൻ രുഗ്മിണി സമേതനായ് തേരിലേറി യാത്രയാവുന്നു.
രംഗം പന്ത്രണ്ടിൽ ഭീരു, രുഗ്മിയോട് ചെന്ന് വാർത്തകൾ അറിയിക്കുന്നു. രുഗ്മി ശ്രീകൃഷ്ണനെ വധിക്കാനായി വാളെടുത്ത് പുറപ്പെടുന്നു.
രംഗം പതിമൂന്നിൽ രുഗ്മിയും ശ്രീകൃഷ്ണനും തമ്മിൽ യുദ്ധം. രുഗ്മി തോൽക്കുന്നു. രുഗ്മിയെ വധിക്കാൻ പുറപ്പെടുന്ന ശ്രീകൃഷ്ണനെ രുഗ്മിണി തടയുന്നു. ശ്രീകൃഷ്ണൻ രുഗ്മിയെ വിട്ടയക്കുന്നു.
രംഗം പതിനാലിൽ ദ്വാരക ആണ്. ശ്രീകൃഷ്ണനെ തടയുന്നവരെ നേരിടാനായി ബലരാമൻ തയ്യാറാകുന്നു. എന്നാലതിന്റെ ആവശ്യമില്ല കൃഷ്ണൻ തന്നെ എല്ലാവരേയും തോൽപ്പിക്കുമെന്ന് സാത്യകി ബലരാമനോട് പറയുന്നു.
രംഗം പതിനഞ്ചിൽ ജരാസന്ധൻ വന്ന് ശ്രീകൃഷ്ണനോടെതിരിടുന്നു. തുടർന്ന് യുദ്ധം. യുദ്ധത്തില്‍ ജരാസന്ധനും ഭീരുവും കൃഷ്ണന്റെ ശരവര്‍ഷമേറ്റ് തോറ്റോടുന്നു. കൃഷ്ണന്‍ രുഗ്മിണി സമേതനായ് തേരിലേറി യാത്രയാവുന്നു.
രംഗം പതിനാറിൽ ശ്രീകൃഷ്ണനും രുഗ്മിണിയും ദ്വാരകയിൽ സ്വസ്ഥമായി വസിക്കുന്നതോടെ രുഗ്മിണീസ്വയംവരം കഥ സമാപിക്കുന്നു.
അരങ്ങത്ത്
(സാധാരണയായി നാലാം രംഗം മുതൽ രുഗ്മിണി കൃഷ്ണനെ വരിക്കുന്നതു വരെ മാത്രമേ ആടിക്കാണാറുള്ളു.)
സഹോദരനിശ്ചയം അറിഞ്ഞു ദുഃഖിതയായ രുഗ്മിണി തന്റെ പ്രണയസന്ദേശവുമായി ഒരു ബ്രാഹ്മണനെ ദ്വാരകയിലേക്കയച്ചു. ചൈദ്യാദി ദുഷ്ടരാജാക്കന്മാർ തന്റെ ശരീരത്തിൽ തൊടും മുമ്പ് ഇറങ്ങി വന്നു തന്നെ കൂട്ടിക്കൊണ്ടു പോകണമെന്നും, അതിനു പറ്റിയ സന്ദർഭം സ്വയംവരദിവസത്തിന്റെ തലേന്ന് താൻ ദേവീദർശനത്തിനു പുറത്തെഴുന്നളുന്ന സമയമാണെന്നും രുഗ്മിണി ബ്രാഹ്മണൻ മുഖേന കൃഷ്ണനെ അറിയിച്ചു. ബ്രാഹ്മണനിൽ നിന്നും രുഗ്മിണിയുടെ വൃത്താന്തമെല്ലാം അറിഞ്ഞ കൃഷ്ണൻ, താൻ ഏതുവിധവും അവളെ പരിണയിക്കുന്നതാണെന്നും എതിർക്കാനിടയുള്ള ശിശുപാലാദികൾക്ക് യുദ്ധത്തിൽ തന്റെ പരാക്രമം കാട്ടികൊടുക്കുന്നതാണെന്നും പറഞ്ഞു ഉടൻ തന്നെ ബ്രാഹ്മണനെയും കൂട്ടി തേരിലേറി കുണ്ഡിനത്തിലേക്കു പുറപ്പെട്ടു.
ശ്രീകൃഷ്ണൻ എത്തിയ വിവരം ബ്രാഹ്മണൻ രുഗ്മിണിയെ ധരിപ്പിക്കുന്നു. രുഗ്മിണി മംഗളസ്നാനം ചെയ്തു, വിശിഷ്ട വേഷഭൂഷാദികൾ അണിഞ്ഞു, ശ്രീ പാർവതിദേവിയെ വന്ദനം ചെയ്തു, ശിശുപാലാദികൾ നോക്കിയിരിക്കെ, പുരോഹിതനിൽ നിന്നും വാങ്ങിയ മാല ശ്രീകൃഷ്ണന്റെ കഴുത്തിൽ ചാർത്തി. യുദ്ധത്തിനെത്തിയ ശിശുപാലൻ കൃഷ്ണന്റെ ശരവര്‍ഷമേറ്റ് തോറ്റോടുന്നു.
പ്രത്യേകതകൾ
രുഗ്മിണിസ്വയംവരം ഒരു അരങ്ങേറ്റ കഥയാണ്.
ഭീരു, രുഗ്മിണിയെ കണ്ടു ഭ്രമിച്ച കലിംഗരാജാക്കന്മാരെയാണ് പ്രതിനിധാനം ചെയ്യുന്നത്.
വേഷങ്ങൾ
രുഗ്മിണി – മിനുക്ക് – സ്ത്രീ ഭീഷ്മകൻ - പച്ച
ബ്രാഹ്മണൻ - മിനുക്ക് – മുനി രുഗ്മി - കത്തി
ശ്രീക്രിഷ്ണൻ - പച്ചമുടി നാരദൻ - മിനുക്ക് – മുനി
ശിശുപാലൻ - കത്തി ജരാസന്ധൻ - താടി
ഭീരു – പ്രത്യേകവേഷം