നിഴൽക്കുത്ത്
ആട്ടക്കഥ:
Table of contents
ആട്ടക്കഥാകാരൻ
പന്നിശ്ശേരിൽ നാണുപ്പിള്ള (1885-1942)
അവലംബം
മാവാരതം പാട്ട്
(വേലമഹാഭാരതം)
കഥാസാരം
ധർമ്മപുത്രരുടെ പുറപ്പാടും നിലപ്പദവും കഴിഞ്ഞ് കഥ തുടങ്ങുന്നു.
ഒന്നാം രംഗത്തിൽ പഞ്ചപാണ്ഡവന്മാരുടെ സദസ്സാണ്. കരുവപാണ്ഡവർ തമ്മിലുള്ള സന്ധി തെറ്റിയ്ക്കുവാൻ ദുര്യോധൻ മുതിരുന്നതറിഞ്ഞ് ഭീമൻ, കൗരവന്മാരുടെ ചതികളെ പറ്റി പറഞ്ഞ് അവരെ വധിക്കുവാൻ ധർമ്മപുത്രരോട് അനുവാദം ചോദിക്കുന്നു. ധർമ്മപുത്രർ പതിവുപോലെ സാരോപദേശം ഭീമനു നൽകുന്നു. ക്ഷത്രിയർക്ക് മുനിജനധർമ്മം അനുഗുണമല്ല എന്ന് അർജ്ജുനനും പറയുന്നു. നകുലസഹദേവന്മാരും ധർമ്മരാജനോട് അപ്രകാരം തന്നെ പറയുന്നു.
രംഗം രണ്ടിൽ ഭീമൻ, കൊട്ടാരത്തിനു പുറത്ത് വന്ന് സഹവാസികളായ പൊതുജനങ്ങളോട് അവരുടെ ജനഹിതം അറിയാൻ ശ്രമിക്കുന്നു. ധർമ്മപുത്രരുടെ രാജ്യഭരണം സുഖമല്ലേ എന്നന്വേഷിക്കുന്നു. മാത്രമല്ല സന്ധിതെറ്റിയ്ക്കുവാൻ ശത്രുക്കൾ ശ്രമിക്കും ശത്രുക്കളെ വിശ്വസിക്കരുത് എന്നും പറയുന്നു.
രംഗം മൂന്നിൽ ധർമ്മപുത്രർ തന്റെ വസതിയിലേക്ക് വന്ന മുനിമാരോട് കുശലാന്വേഷണത്തിനുശേഷം ആഗമനോദ്ദേശം ചോദിക്കുന്നു. ഗർത്തവക്ത്രൻ എന്ന അസുരന്റെ ശല്യത്തെ പറ്റി മുനിമാർ ധർമ്മപുത്രരോട് പരാതി പറയുന്നു. യാഗം തടസ്സപ്പെടുത്തന്ന അവനെ ഹനിക്കുവാൻ ഭീമനെ അയക്കാമെന്ന് ധർമ്മപുത്രർ മുനിമാരെ ആശ്വാസപ്പെടുത്തി അയക്കുന്നു.
രംഗം നാലിൽ ഭീമൻ പാഞ്ചാലിയുമായി ഉല്ലസിച്ചിരിക്കുന്നു. ഭീമൻ അസുരനെ വധിക്കാനായി പോകുന്നതിനു ദ്രൗപദിയോട് വിട വാങ്ങുന്നു. പാഞ്ചാലി സ്വപിതാവിന്റെ വസതിയിലെക്കും പോകുന്നു.
രംഗം അഞ്ചിലും ആറിലും ഭീമന്റെ പോരിനു വിളി ആണ്.
രംഗം ഏഴിൽ ഭീമനും ഗർത്തവക്ത്രനുമായി ഉള്ള യുദ്ധമാണ്. യുദ്ധത്തിൽ ഭീമൻ അസുരനെ വധിക്കുന്നു.
രംഗം എട്ടിൽ മുനിമാർ വന്ന് ഭീമനെ അനുഗ്രഹിക്കുന്നു.
രംഗം ഒമ്പതിൽ ദുര്യോധനനും ഭാനുമതിയുമായുള്ള ശൃംഗാരപ്പദമാണ്. കൂട്ടത്തിൽ ഭാനുമതി, ദുര്യോധനൻ വരാനുള്ള കാലതാമസത്തിനു തന്റെ മനസ്സിൽ തോന്നിയ സന്ദേഹം പറയുന്നു. ദുര്യോധനൻ താൻ വൈകാൻ കാരണം പാണ്ഡവരെ കുറിച്ച് ചിന്തിച്ച് ഇരുന്നതിനാൽ ആണെന്ന് പറയുന്നു.
രംഗം പത്തിൽ ദുര്യോധനൻ മാന്ത്രികനായ മലയനെ കണ്ട് പിടിച്ച് മലയനോട് വരാൻ കൽപ്പിച്ച് പറഞ്ഞയച്ച ദൂതൻ തിരിച്ച് വരുന്നു. ദൂതൻ മലയനെ കണ്ട് വിവരങ്ങൾ പറഞ്ഞ കാര്യം ദുര്യോധനനെ ധരിപ്പിക്കുന്നു. ദുര്യോധനൻ തുടർന്ന് ആ ദൂതന്റെ കയ്യിൽ തൃഗർത്തരാജ്യത്തിൽ ചെന്ന് രാജാവായ സുശർമ്മാവിനോട് തന്നെ വന്ന് കാണുവാനായി ഉള്ള സന്ദേശം അയക്കുന്നു. ദൂതൻ വിടവാങ്ങുന്നു.
രംഗം പതിനൊന്ന്. തൃഗർത്തൻ ദുര്യോധനനെ വന്ന് വന്ദിക്കുന്നു. വരാൻ പറഞ്ഞത് എന്തിനാണെന്ന് ചോദിക്കുന്നു. "നമ്മുടെ കയ്യിൽ നിന്ന് പകുതിരാജ്യം വാങ്ങി സുഖമായി വസിക്കുന്ന പാണ്ഡവർ മിത്രമായ ഗർത്തവക്ത്രനേയും വധിച്ചു. ഇക്കാര്യങ്ങൾ എല്ലാം നിനക്കറിയാമല്ലൊ. ഇതെല്ലാം താൻ അമ്മാമനോട് പറഞ്ഞപ്പോൾ, അമ്മാമൻ പാണ്ഡവരെ വധിക്കാനായി മഹാമാന്ത്രികനായ ഭാരതമലയനെ വരുത്തുവാൻ പറഞ്ഞു. അതനുസരിച്ച് ഞാൻ മാന്ത്രികനു ആളെവിട്ടു. ഭാരതമലയൻ അവന്റെ വ്രതം കഴിഞ്ഞ് രണ്ട് ദിവസത്തിനുള്ളിൽ ഇവിടെ എത്തും. അവന്റെ കേമമായ മന്ത്രബലങ്ങൾ അറിയാനായി നീ കോട്ടവാതിലിൽ നിൽണം." എന്നിങ്ങനെ ദുര്യോധനൻ ത്രിഗർത്തനോട് പറയുന്നു. ത്രിഗർത്തൻ ദുര്യോധനന്റെ കൽപ്പന അനുസരിക്കുന്നു.
രംഗം പന്ത്രണ്ടിൽ മന്ത്രബലവർദ്ധനക്ക് അനുഷ്ഠിച്ച നീണ്ട, ഘോരമായ വ്രതാവസാനം മലയൻ ഗൃഹം പൂകുന്നു. ആകാംക്ഷയോടെ കാത്തിരിക്കുന്ന മലയത്തിയും മകൻ മണികണ്ഠനും ആനന്ദാതിരേകത്തോടെ സ്വീകരിക്കുന്നു. വ്രതസമയത്ത് ദുര്യോധനരാജാവിന്റെ ദൂതൻ വന്നെന്നും വ്രതം കഴിഞ്ഞാൽ ഉടനെ ചെല്ലാമെന്ന് വാക്കുകൊടുത്തിട്ടുണ്ടെന്നും പത്നിയായ മലയത്തിയോട് പറയുന്നു. മലയത്തിയും മകനും മലയനെ ദുര്യോധന സന്നിധിയിലേക്ക് യാത്രയാക്കുന്നു. ആനക്കൊമ്പ്, കാട്ടുതേൻ എന്നിങ്ങനെ കാഴ്ച്ചദ്രവ്യങ്ങളുമായി മലയൻ ദുര്യോധനസന്നിധിയിലെക്ക് യാത്രയാവുന്നു.
രംഗം പതിമൂന്നിൽ ഭാരതമലയൻ ദുര്യോധനപുരിയുടെ കോട്ടവാതിലിൽ എത്തുന്നു. ദുര്യോധനന്റെ ആജ്ഞപ്രകാരം കോട്ടവാതിൽ കാൽക്കുന്ന ത്രിഗർത്തൻ മലയനെ തടയുന്നു. ദുര്യോധനന്റെ ആജ്ഞപ്രകാരം വന്ന ഭാരതമലയൻ ആണ് താൻ, കള്ളനല്ല, കാഴ്ചദ്രവ്യങ്ങൾ എല്ലാം കണ്ടോളൂ എന്ന് ത്രിഗർത്തനോട് വിനീതനായി പറയുന്നു. കാട്ടിൽ കിടക്കുന്ന നീ മാന്ത്രികനല്ല തിരിച്ച് പോകാനായി ത്രിഗർത്തൻ ദേഷ്യത്തോടെ പറയുന്നു. മലയൻ തന്റെ കേമത്തങ്ങൾ പറഞ്ഞ് വഴിതരാനായി ത്രിഗർത്തനോട് ആവശ്യപ്പെടുന്നു. ത്രിഗർത്തന്റെ മലയന്റെ മാന്ത്രികബലം താനും കാണട്ടെ എന്ന് പറയുന്നു. മലയൻ തന്റെ മന്ത്രവിദ്യ കൊണ്ട് സുശർമ്മാവിനെ മയക്കുന്നു. ബോധം തിരിച്ചുകിട്ടിയ സുശർമ്മാവ് മലയനെ വന്ദിച്ച്, കോട്ടക്കുള്ളിൽ പോവാൻ അനുവാദം കൊടുക്കുന്നു. മലയൻ ദുര്യോധനന്റെ കോട്ടയ്ക്കുള്ളിലെ കാഴചകൾ കണ്ടാനന്ദിക്കുന്നു. അമൃതനദിയിൽ സ്നാനം ചെയ്യുന്നു. തന്റെ മനഃശ്ശക്തികൊണ്ട് തമ്പുരാന്റെ തിരുമുമ്പിൽ പോകനായി ഒരു മനോഹരരൂപം കൈക്കൊള്ളുന്നു. ദുര്യോധനസവിധത്തിലേക്ക് യാത്രയാവുന്നു.
രംഗം പതിനാലിൽ ഭരതമലയൻ മാന്ത്രികവേഷത്തിൽ ദുര്യോധനസമീപം എത്തുന്നു. കാഴ്ചദ്രവ്യങ്ങൾ സമർപ്പിച്ച് എന്തിനാണ് വരാൻ പറഞ്ഞത് എന്നന്വേഷിക്കുന്നു. പാണ്ഡവരെ നിഴൽകുത്തി കൊന്നാൽ തന്റെ പകുതി രാജ്യം തരാമെന്ന് മാന്ത്രികനോട് ദുര്യോധനൻ പറയുന്നു. അത് കേട്ട് പരിഭ്രമിച്ച മാന്ത്രികൻ കൗരവരും പാണ്ഡവരും തമ്മിൽ തനിയ്ക്ക് ഭേദമില്ല എന്നും രണ്ടുകൂട്ടരും തമ്പുരാക്കന്മാർ ആണ് മാത്രമല്ല പാണ്ഡവർക്ക് തുണയായി നാരായണൻ ഉണ്ട് എന്നും പറഞ്ഞ് നിഴൽക്കുത്താൻ പറയരുത് എന്ന് ദീനനായി ആവശ്യപ്പെടുന്നു. ചണ്ഡാലനായ ഭാരതമലയനെ കൊല്ലാത്തത് തന്റെ കരുണയാണെന്നും പറഞ്ഞ് നിഴൽക്കുത്തിയില്ല എങ്കിൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തുന്നു ദുര്യോധനൻ. അത് കേട്ട മാന്ത്രികൻ രക്ഷപ്പെടാനുള്ള ഒരു ഉപായം എന്ന നിലയ്ക്ക് നിഴൽക്കുത്താനായി കിട്ടാത്ത അനവധി സാധനങ്ങളുടെ പട്ടിക നൽകുന്നു. കൂട്ടത്തിൽ കുരുതികൊടുക്കാനായി കന്യകായ ദുശ്ശളയേയും വേണം എന്ന് പറയുന്നു. അത് കേട്ട് ക്രുദ്ധനായ ദുര്യോധനൻ പെട്ടെന്ന് നിഴൽക്കുത്തി പാണ്ഡവരെ കൊന്നില്ല എങ്കിൽ മലയനെ കൊല്ലും എന്ന് വീണ്ടും ഭീഷണിപ്പെടുത്തുന്നു. പേടിച്ച് മനസ്സിലാമനസ്സോടെ മന്ത്രവാദി, ഉഗ്രദൈവങ്ങളെ ധ്യാനിച്ചാവാഹിച്ച് പാണ്ഡവരെ നിഴൽക്കുത്തി കൊല്ലുന്നു. ദുര്യോധനൻ സന്തുഷ്ടനായി സമ്മാനം കൊടുത്ത് മാന്ത്രികനെ യാത്രയാക്കുന്നു.
രംഗം പതിനഞ്ചിൽ താൻ ചെയ്ത ദുഷ്കൃത്യം ഓർത്ത് സന്തപിച്ച്, അതറിഞ്ഞാൽ മലയത്തിയും മകനും തന്നോടും അനിഷ്ടം ചെയ്യും എന്നെല്ലാം പേടിച്ച്, ഭാരതമലയൻ വീടണയുന്നു. ഒട്ടും പ്രസന്നഭാവത്തോടെ അല്ലാതെ ഉള്ള ഭാരതമലയന്റെ വരവ് കണ്ട്, മലയത്തി കാരണം അന്വേഷിക്കുന്നു. കൗരവരേയും പാണ്ഡവരേയും കുന്തിയേയും ചെന്ന് കണ്ട് വണങ്ങിയില്ലേ എന്നന്വേഷിക്കുന്നു. താൻ തിരിച്ച് വരുമ്പോൾ ഒരു മാൻപേടയും അഞ്ചുകുട്ടികളേയും കാട്ടിലെ ഒരു പൊയ്കവക്കിൽ കണ്ടെന്നും ഒരു രസം തോന്നി ഒടിവിദ്യ ചെയ്തു താനെന്നും അവർ മരിക്കുമ്പോൾ കരയുന്നത് കേട്ട് തന്റെ കരൾ ഇപ്പോൾ പൊട്ടിനീറുന്നു എന്നും ഭാരതമലയൻ ഭാര്യയോട് പറയുന്നു. അത് കേട്ട് ഭാര്യയ്ക്ക് സംശയം തോന്നുന്നു. കൂടുതൽ കുത്തിക്കുത്തി ചോദിച്ച ഭാരയോട് ഭാരതമലയൻ ഉണ്ടായ കാര്യങ്ങൾ എല്ലാം പറയുന്നു. പ്രാണരക്ഷർത്ഥം ആണ് താനത് ചെയ്തത് എന്നും പറയുന്നു. അത് കേട്ട മലയത്തി, മക്കളില്ലാത്തതിന്റെ (കുന്തീദേവിയുടെ) ദുഃഖം മലയനും അറിയണമെന്ന് പറഞ്ഞ് ക്രുദ്ധയായി സ്വന്തം മകന്റെ (മണികണ്ഠൻ) കാലുവലിച്ചുകീറി പിളർത്തി കൊല്ലുന്നു.
രംഗം പതിനാറിൽ ശ്രീകൃഷ്ണനും കുന്തിയുമാണ്. അഞ്ചുപുത്രന്മാർ നഷ്ടപ്പെട്ടതിൽ ഖേദിച്ച് കുന്തി ശ്രീകൃഷ്ണനെ വിളിച്ച് കരയുന്നു. ഈ രംഗത്തിനവസാനം നിലപ്പദം ഉണ്ട്.
രംഗം പതിനേഴിൽ ദുഃഖവിവശയായി ഇരിക്കുന്ന കുന്തിയ്ക്ക് സമീപം ശ്രീകൃഷ്ണൻ വരുന്നു. പാണ്ഡവരെ ജലം തളിച്ച് ശ്രീകൃഷ്ണൻ ജീവിപ്പിക്കുന്നു. ആ സമയം മകനെ കൊന്ന്, ആർത്ത് കരഞ്ഞു മലയത്തി ഓടി അവരുടെ അടുത്ത് എത്തുന്നു. ശ്രീകൃഷ്ണനെ കണ്ട് ഭക്ത്യാദരപൂർവ്വം വണങ്ങുന്നു. അപ്പോൾ കൃഷ്ണൻ മലയത്തിയോട് ദുഃഖാകുലയായി അവിടെ വരുവാനുള്ള കാരണം അന്വേഷിക്കുന്നു. താൻ ഭാരതമലയന്റെ ഭാര്യ ആണെന്നും ദുര്യോധനറ്റെ വാക്കുകേട്ട് തന്റെ ഭർത്താവ് ഭാരതമലയൻ പാണ്ഡവരെ നിഴൽക്കുത്തി കൊന്നുവെന്നും അത് കേട്ട് ഓടി വന്നതാണ് താനെന്നും പറയുന്നു. സർവ്വജ്ഞനായ കൃഷ്ണൻ മലയത്തിയോട് സ്വന്തം മകനെ കൊന്നത് അൽപ്പം കൂടിപ്പോയി എന്ന് പറയുന്നു. അവൻ ജീവിക്കുമെന്നും തിരിച്ച് സ്വവസതിയിൽ പോയി സുഖമായി വാഴുവാനും പറഞ്ഞ് ആശ്വസിപ്പിച്ച് പറഞ്ഞയക്കുന്നു. ധർമ്മപുത്രർ ശ്രീകൃഷ്ണനെ വന്ദിച്ച് നന്ദി പറയുന്നു. കുന്തിയും ശ്രീകൃഷ്ണനോട് നന്ദിവാക്കുകൾ ചൊല്ലുന്നു. ശ്രീകൃഷ്ണൻ നല്ലവാക്കുകൾ പറഞ്ഞ് കഥ അവസാനിക്കുന്നു.
സവിശേഷതകൾ
അത്യന്തം തികഞ്ഞ നാടകീയത; കത്തി, താടി, കരി, മിനുക്ക് എന്നീ വേഷവൈവിദ്ധ്യം.
മൂലകഥ നാട്ടുനടപ്പുള്ള മാവാരതം പാട്ടിൽ നിന്നും ഉൾക്കൊണ്ടത്.
വേഷങ്ങൾ
ദുര്യോധനൻ - കത്തി
സുശർമ്മാവ് – താടി
മലയൻ - കരിമുടി
മലയത്തി, കുന്തി – മിനുക്ക് (സ്ത്രീ)
മന്ത്രവാദി – മിനുക്ക് (മഹർഷി)
മണികണ്ടൻ, ഒരുക്കക്കാരൻ - പ്രാകൃതം
കൃഷ്ണൻ - പച്ചമുടി
മറ്റ് വേഷങ്ങൾ : ധർമ്മപുത്രൻ, ഭീമൻ, അർജ്ജുനൻ, നകുലൻ, സഹദേവൻ, പാഞ്ചാലി, താപസന്മാർ, ഗർത്തവക്ത്രൻ, ഭാനുമതി.