ഉത്തരാസ്വയംവരം


രചയിതാവ്

 
ഇരയിമ്മൻ തമ്പി
 
തിരുവനന്തപുരത്ത് കരമന ആണ്ടിയിറക്കത്ത് പുതുമന അമ്മവീടെന്ന പ്രസിദ്ധമായ കുടുംബത്തിലെ അംഗമായിരുന്നു തമ്പി. വേലുത്തമ്പി ദളവയ്ക്ക് ശേഷം ബാലരാമവർമ്മ മഹാരാജാവിന്റെ ദിവാൻജിയായിത്തീർന്ന ഉമ്മിണിത്തമ്പി ഈ തറവാട്ടിലെ അംഗമായിരുന്നു. ഇവിടത്തെ രണ്ട് സഹോദരിമാരെ ധർമ്മരാജാവിന്റെ കനിഷ്ഠസഹോദരനായിരുന്ന രവിവർമ്മത്തമ്പുരാൻ വിവാഹം ചെയ്തിരുന്നു. 'വന്ധേ മാതാമഹം മേ മുഹുരപി രവിവർമ്മാഭിധം വഞ്ചിഭൂപം' എന്ന് ഈ രവിവർമ്മയെ തമ്പി സ്മരിച്ചിട്ടുണ്ട്. അവരിൽ മൂത്ത സഹോദരിയുടെ മകൾ പാർവ്വതിപ്പിള്ളത്തങ്കച്ചിയ്ക്ക് ചേർത്തല നടുവിലെ കോവിലകത്ത് കേളരു എന്നറിയപ്പെട്ടിരുന്ന കേരളാവർമ്മശാസ്ത്രിതമ്പാനിൽ ജനിച്ച പുത്രനായിരുന്നു ഇരയിമ്മൻ തമ്പി.
തമ്പി ജനിച്ചത് പുതുമന അമ്മവീടുവക കോട്ടയ്ക്കകത്തു കിഴക്കേമഠം എന്ന വീട്ടിലായിരുന്നു. ബാല്യത്തിൽ പിതാവായ തമ്പാനിൽ നിന്നും പിന്നെ മൂത്താട്ട് ശങ്കരൻ ഇളയത് എന്ന പണ്ഡിതനിൽ നിന്നും തമ്പി ഭാഷയിലും സംസ്കൃതത്തിലും പാണ്ഡിത്യം സമ്പാദിച്ചു. വളരെ ചെറുപ്പത്തിൽ തന്നെ തമ്പിയിൽ കവിതാവാസനയും പ്രകടമായി. പതിനാലാമത്തെ വയസ്സിൽ തമ്പി ഒരു ശ്ലോകം രചിച്ച് കാർത്തികതിരുനാൾ മഹാരാജാവിനു അടിയറ വെച്ചതായും കൂടുതൽ പഠിച്ചിട്ട് വേണം കവിത എഴുത്ത് തുടങ്ങേണ്ടത് എന്ന് അവിടുന്ന് തമ്പിയോട് കൽപ്പിച്ചതായും ഒരു കഥ പറഞ്ഞുവരുന്നു. തമ്പിയിൽ ചെറുപ്പത്തിലേ മൊട്ടിട്ട കവിതാവാസനയും ആ വാസന സം‌പുഷ്ടമാക്കാൻ വേണ്ട പാണ്ഡിത്യസമ്പാദനത്തിനുള്ള പ്രേരണയും ഈ കഥയിൽ നിന്നും മനസ്സിലാക്കാം. തമ്പിയുടെ കലാസൃഷ്ടികൾ എല്ലാം വാസനയുടേയും പാണ്ഡിതത്തിന്റെയും മനോഹരസമ്മേളനങ്ങൾ ആണെന്നുള്ളതും ഇവിടെ സ്മരണീയമാണ്. ധർമ്മരാജാവിന്റെ കാലത്ത് തന്നെ വലിയകൊട്ടാരം നിത്യച്ചെലവിൽ നിന്നും തമ്പിക്ക് അടുത്തൂൺ പതിച്ച് കിട്ടിയിരുന്നു. കൊട്ടാരത്തെ ആശ്രയിച്ചു ജീവിതകാലം മുഴുവനും തമ്പി തിരുവനന്തപുരത്ത് തന്നെ കഴിച്ചു കൂട്ടി. സാംസ്കാരികജീവിതത്തിൽ എന്നത് പോലെ കുടുംബജീവിതത്തിലും തമ്പി അനുഗ്രഹീതനായിരുന്നു. തമ്പിയുടെ ഭാര്യ അദ്ദേഹത്തിന്റെ അമ്മാവനായിരുന്ന കൃഷ്ണൻ തമ്പിയുടെ മകൾ ഇടക്കോട്ട് കാളിപ്പിള്ളത്തങ്കച്ചിയായിരുന്നു. ആ സാധ്വിയിൽ തമ്പിക്ക് ജനിച്ച കുട്ടിക്കുഞ്ഞുതങ്കച്ചി മലയാള കവയിത്രികളിൽ സർവ്വഥാ പ്രഥമഗണനീയയാണെന്നുള്ള വസ്തുതയും തമ്പിയ്ക്കു കുടുംബജീവിതത്തിലും സാംസ്കാരിക ജീവിതത്തിലും സിദ്ധിച്ച മഹാവിജയത്തിനു സാക്ഷ്യം വഹിക്കുന്നതാണ്.

തമ്പിയുടേതായി മൂന്ന് ആട്ടക്കഥകൾ ആണ് ഉള്ളത്. അവ കീചകവധം, ഉത്തരാസ്വയംവരം ദക്ഷയാഗം എന്നിവയാണ്. ആദരണ്ടു ഭാരതകഥകൾ എങ്കിൽ ദക്ഷയാഗം ശിവകഥയാണ്. ആട്ടക്കഥകൾ കൂടാതെ അനവധി മറ്റ് കൃതികളും തമ്പിയുടേതായി ഉണ്ട്. 'ഓമനത്തിങ്കൾ കിടാവോ' എന്ന പ്രസിദ്ധമായ ഉറക്ക്പാട്ട് തമ്പി രചിച്ചതാണ്.


കഥാസംഗ്രഹം

കീചകന്മാരുടെ വധത്തെ പറ്റി കേൾക്കുകയും മാലിനിയ്ക്ക് വിശേഷാലൊന്നും സംഭവിക്കാതിരിക്കുന്നത് കാണുകയും ചെയ്തശേഷം ഗന്ധർവന്മാരെ ഭയന്നുകൊണ്ട് വിരാടരാജാവ് പത്നിയെ സമാധാനപ്പെടുത്തി ഒരു മനോഹരമായ സന്ധ്യാസമയത്തെ ചന്ദ്രോദയശിശിരമായ മലർവാടിയിൽ വിരാടരാജാവും പത്നിമാരും തമ്മിലുള്ള ശൃംഗാരസല്ലാപത്തോടെ ഒന്നാം രംഗം തുടങ്ങുന്നു. 
പിന്നെ ദുര്യോധനനും രാജ്ഞിയായ ഭാനുമതിയും ഉദ്യാനത്തിൽ വിഹരിക്കുന്നതാണ് അടുത്ത രംഗം. ഉന്മീലത്പത്രവല്ലീം പൃഥുലകുചഭരാം രാജമാനദ്വിജാളീം.. എന്ന് തുടങ്ങുന്ന പ്രസിദ്ധമായ ശ്ലോകം കൊണ്ടാണ് ഈ രംഗത്തിൽ ഉദ്യാനവർണ്ണന. 'കോകി നിന്മുഖം കണ്ടു ചന്ദ്രനെന്ന് ചിന്തിച്ചു ഏകാന്തം വിരഹത്തെ ശങ്കിച്ചിതാ ഏകലോചനം കൊണ്ട് കോപമോടു നിന്നേയും ശോകമോടപരേണ നോക്കുന്ന പതിയേയും എന്ന് ഏത് കഥകളിഅഭിനേതാവിനേയും പരീക്ഷിക്കുന്ന ദുര്യോധനനെ അരങ്ങത്ത് അവതരിപ്പിച്ച് രണ്ടാം രംഗം കഴിയുന്നു.
പിന്നീട് ദുര്യോധനസഭ ആണ് മൂന്നാം രംഗം. ചാരപുരുഷനിൽ നിന്നും കീചകന്റെ മരണവൃത്താന്തം അറിയുന്നു. ദൂതൻ (ചാരൻ) ദുര്യോധനന്റെ ദുരഭിമാനത്തെ ഉയർത്തുവാനുതകുംവണ്ണം ജയ ജയ നാഗകേതന എന്ന് വിജയാശംസ മുഴക്കിക്കൊണ്ട് ചെയ്യുന്ന വാർത്താനിവേദനം പ്രസിദ്ധമാണ്. ദൂതൻ കീചകവധത്തെ പറ്റി പറഞ്ഞതിൽ നിന്നും പാണ്ഡവന്മാർ വിരാടരാജധാനിയിം അജ്ഞാതവാസം ചെയ്യുന്നുണ്ടെന്ന് ദുര്യോധനൻ മനസ്സിലാക്കുകയും ചെയ്യുന്നു. കീചകനെ കൊല്ലുന്നതിനു ഭീമസേനൻ അല്ലാതെ വേറാരും കരുത്തരല്ല എന്നായിരുന്നു ഭീഷ്മരുടെ യുക്തി. പാണ്ഡവന്മാരെ വെളിച്ചത്ത് കൊണ്ടുവരുന്നതിനും അങ്ങനെ അവരുടെ അജ്ഞാതവാസം ലംഘിക്കുന്നതിനും ദുര്യോധനൻ ഒരു ഉപായം ആലോചിച്ചു. വിരാടരാജാവിന്റെ ഗോക്കളെ പിടിച്ചുകെട്ടിക്കൊണ്ടുപോരണമെന്നും അത് തടുക്കുവാൻ വിരാടന്റെ സഹായത്തിനു പാണ്ഡവർ വന്നാൽ പിന്നേയും അവരെ കാട്ടിലയക്കാമെന്നും ആയിരുന്നു ദുര്യോധനന്റെ ചിന്ത. 
മൂന്നാം രംഗത്തിൽ ദുര്യോധൻ ചിന്തിച്ചതനുസരിച്ച് ത്രിഗർത്തരാജാവായ ശുശർമ്മാവ് ദുര്യോധനൻ നിയോഗിച്ചതനുസരിച്ച് വിരാടന്റെ പശുക്കളെ മോഷ്ടിക്കാൻ പുറപ്പെടുന്നതാണ് നാലാം രംഗത്തിൽ. 
അഞ്ചാം രംഗത്തിൽ ത്രിഗർത്തൻ വിരാടനെ ബന്ധിച്ചു. വിരാടനെ രക്ഷിക്കാൻ ഭീമസേനൻ വന്ന് യുദ്ധം തുടങ്ങി. ത്രിഗർത്തന്റേയും ഭീമസേനന്റേയും യുദ്ധത്തിമർപ്പ് മൂഢമതേ! രണനാടകമാടുക പാടച്ചരകീട എന്ന പദത്തിൽ നന്നായി മുഴങ്ങി കേൾക്കാം. ത്രിഗർത്തനെ ഭീമൻ ബന്ധിക്കുകയും പിന്നെ യുധിഷ്ഠിരന്റെ നിർദ്ദേശപ്രകാരം വിട്ടയക്കുകയും ചെയ്തു. ഈ രംഗം ആടാനുള്ളവകുപ്പ് ഉണ്ട്. ത്രിഗർത്തവട്ടം എന്ന പേരിൽ പ്രസിദ്ധമാണ് ഈ രംഗം.
ആറാം രംഗത്തിൽ വിരാടരാജ്യത്തെ അന്തഃപുരം ആണ്. ആ സമയത്ത് വിരാടപുത്രനായ ഉത്തരൻ അന്തഃപുരത്തിൽ യുവതികളുമായി ശൃംഗാരകേളിയിൽ വിനോദിച്ചിരിക്കുകയായിരുന്നു. ആ രംഗം എതിരില്ലാത്ത രസികതയോടെ കവി വർണ്ണിച്ചിരിക്കുന്നു. അന്തഃപുരസുന്ദരിമാർ ഉത്തരന്റെ കാമാസക്തി വർദ്ധിപ്പിക്കാൻ ചെയ്യുന്ന പ്രേരണകളും ശൃംഗാരനൃത്തങ്ങളും വീര വിരാടകുമാര വിഭോ എന്ന് തുടങ്ങുന്ന കുമ്മിയിൽ അന്യാദൃശരസികതയോടേ കവി വിവരിക്കുന്നു. ഉത്തരന്റെ ആ ശൃംഗാരവിലാസരംഗത്തിനു അനവസരത്തിൽ മാറ്റം ഉണ്ടാകത്തക്കവണ്ണാം പശുപാലകസംഘം ചെന്ന് പശുക്കളെ അപഹരിച്ച വൃത്താന്തം അറിയിച്ചു. കൗരവന്മാരുടെ ആളുകൾ പശുക്കളെ മോഷ്ടിച്ച വിവരം അറിഞ്ഞപ്പോൾ ഉത്തരൻ പശുക്കളെ വീണ്ടെടുക്കാമെന്ന വീരവാദം പറഞ്ഞു. തേരു തെളിക്കാൻ നല്ലൊരു സാരഥി ഉണ്ടായാൽ മതി, പണ്ട് കൃഷ്ണൻ സാരഥ്യം വഹിച്ചതുകൊണ്ട് അർജ്ജുനനു വിജയം കിട്ടിയത് പോലെ താനും ഈ യുദ്ധത്തിൽ വിജയം നേടുമെന്നായിരുന്നു വീരവാദം. 
രംഗം ഏഴിൽ, ഈ വമ്പുപറച്ചിൽ കേട്ടു സഹിക്കാതെ പാഞ്ചാലി വിവരം അർജ്ജുനനോട് അറിയിയ്ക്കുന്നതാണ്. ബൃഹന്നളയായി അവിടെ കഴിഞ്ഞിരുന്ന അർജ്ജുനൻ താൻ ഉത്തരനു തേരുതെളിച്ച് കൊടുക്കാമെന്ന് പാഞ്ചാലിയോട് പറഞ്ഞയച്ചു. 
എട്ടാം രംഗത്തിൽ, പാഞ്ചാലി നേരിട്ടല്ല ഉത്തരനോട് പറയുന്നത്. ഉത്തരയെ ആണ് പറഞ്ഞയക്കുന്നത്. അങ്ങനെ ബൃഹന്നളയുടെ സാരഥ്യത്തോടുകൂടെ വങ്കനായ ഉത്തരൻ യുദ്ധത്തിനു പുറപ്പെടുന്നു. 
ഒമ്പതാം രംഗം. എന്നാൽ കൗരവസേനയെ അടുത്തുകണ്ടപ്പോൾ ഉത്തരന്റെ പൗരുഷവും വീര്യവുമെല്ലാം ഉതിർന്നുവീണു. തേരു തിരിച്ചിടുവാൻ ബൃഹന്നളയോട് പറയുകയും ചെയ്തു. മരണഭീരുവായിത്തീർന്ന ഉത്തരൻ അമ്മയെകാണണമെന്നു കരഞ്ഞുതുടങ്ങി. അന്തഃപുരത്തിലെ സുന്ദരിമാരോട് വീരവാദം മുഴക്കിയ ഉത്തരന്റെ ധീരത എവിടെപ്പോയി എന്ന് ചോദിച്ച് ബൃഹന്നള പരിഹസിച്ചു. ഉത്തരനെ സമാശ്വസിപ്പിച്ചിട്ട് അർജ്ജുനൻ പ്രച്ഛന്നവേഷമെടുത്ത അവസരത്തിൽ ശമീവൃക്ഷത്തിന്റെ പൊത്തിൽ ഒളിച്ചിവെച്ചിരുന്ന ആയുധങ്ങൾ എടുത്ത് താൻ ആരെന്നുള്ളാ വാസ്തവം ഉത്തരനെ അറിയിച്ചിട്ട് തന്റെ കൊടിയടയാളമായ ശ്രീഹനൂമാനെ ധ്യാനിച്ചു. 
പത്താം രംഗം ഹനൂമാന്റെ ആത്മഗതാപരമായതാണ്. അർജ്ജുനൻ സ്മരിച്ചത് അറിഞ്ഞ് ഹനൂമാൻ അർജ്ജുനസവിധത്തിലേക്ക് എത്തുന്നു.
പതിനൊന്നാം രംഗത്തിൽ ബൃഹന്നള ധ്യാനിച്ചതറിഞ്ഞ് ഹനുമാൻ ബൃഹന്നളയുടെ മുന്നിൽ പ്രത്യക്ഷനാകുന്നു. കൗരവന്മാരുമായുള്ള യുദ്ധത്തിൽ തന്റെ കൊടിഅടയാളമായി ഇരിക്കുവാൻ ബൃഹന്നള ഹനുമാനോട് അഭ്യർത്ഥിക്കുന്നു. പശുക്കളെ തട്ടിക്കൊണ്ടുപോയ ശത്രുക്കളെ ഏറ്റുമുട്ടി ജയിക്കുന്നതിനായി, ബലവാനായ രാവണനെ നിഗ്രഹിച്ച ശ്രീരാമചന്ദ്രനെ മനസ്സിൽ ധ്യാനിച്ച് യുദ്ധത്തിനൊരുങ്ങാൻ ഹനുമാൻ പറയുന്നു. ഹനുമാൻ ബൃഹന്നളയുടെ ധ്വജത്തിൽ കയറിയിരിക്കുന്നു. ബൃഹന്നള പിന്തിരിഞ്ഞ് പൂർവാധികം ധൈര്യത്തോടെ ഉത്തരനോട് തേർതെളിക്കുവാൻ  പറയുന്നു
പന്ത്രണ്ടാം രംഗത്തിൽ വർദ്ധിച്ച വീര്യത്തോടെ അർജ്ജുനൻ കൗരവസേനയോടടുത്തു. യുദ്ധഭൂമിയിൽ അർജ്ജുനന്റെ പോരിനുവിളിയോട് ഈ രംഗം തീരുന്നു.
പതിമൂന്നാം രംഗത്തിൽ യുദ്ധഭൂമിയിലേക്കുള്ള വഴിയാണ്. അവിടെ ഭീഷ്മരും കൃപരും  കർണ്ണനും ഒക്കെ ചേർന്ന് യുദ്ധഭൂമിയിലേക്ക് പോകുന്ന സമയത്ത് ഉണ്ടായ വാക്ക് തർക്കങ്ങൾ ആണ് ഈ രംഗത്ത്. കൃപർ, കർണ്ണനെ പതിവ് പോലെ ചീത്ത പറയുന്നു.
രംഗം പതിനാലിൽ ദുര്യോധനനും കൃപനും കർണ്ണനും ഭീമനും എല്ലാം യുദ്ധരംഗത്തിൽ പ്രത്യക്ഷപ്പെടുന്നു. പിന്നെ അർജ്ജുനൻ കൗരവസൈന്യത്തെ സമ്മോഹനാസ്ത്രം കൊണ്ട് ഉറക്കിയിട്ട് കൗരവരുടെ വസ്തങ്ങൾ ഉത്തരനെ കൊണ്ട് അപഹരിപ്പിച്ചു. അതിനുശേഷം ആയുധങ്ങളെല്ലാം മുമ്പിലത്തെ പോൽ ശ്മശാനത്തിൽ വെച്ചിട്ട് അർജ്ജുനൻ തേരാളിയുടെ വേഷം കൈക്കൊണ്ട് ഉത്തരനോടുകൂടെ വിരാടരാജധാനിയിലേക്ക് പോയി. 
പതിനഞ്ചാം രംഗം വിരാടൻ കങ്കൻ എന്ന പേരായ യുധിഷ്ഠിഅരനോടൊത്ത് ചൂതുകളിച്ച് കൊണ്ടിരിക്കുന്ന രംഗമാണ്. അപ്പോൾ ദൂതൻ ചെന്ന് ഉത്തരൻ കൗരവന്മാരെ തോല്പിച്ച് പശുക്കളെ വീണ്ടെടുത്ത് കഥ വിരാടരാജാവിനെ അറിയിച്ചു. ദൂതൻ പറഞ്ഞതുപോലെ അല്ല വസ്തുതയെന്നും കൗരവരെ തോൽപ്പിച്ചത് ബൃഹന്നള ആണെന്നും കങ്കൻ പറഞ്ഞു. അത് കേട്ട് കോപിച്ച വിരാട ചൂതുകരുവെടുത്ത് കങ്കനെ എറിഞ്ഞു. കങ്കന്റെ നെറ്റി മുറിഞ്ഞ് ഇറ്റിറ്റുവീണ രക്തം ഉത്തരീയം കൊണ്ട് പാഞ്ചാലി തുടച്ചു. ആ സന്ദർഭത്തിനു കൊഴുപ്പു കൂട്ടുമാറ് ഉത്തരൻ പെട്ടെന്ന് പ്രവേശിച്ച്, ഇന്ദ്രപുത്രനായ ഒരുത്തൻ വന്ന് വിജയം നേടിത്തന്നുവെന്ന് സത്യം മറയ്ക്കാതേയും എന്നാൽ മുഴുവൻ പ്രകാശിപ്പിക്കാതേയു വിരാടരാജാവിനോട് അറിയിച്ചു. സത്യാവസ്ഥ പറയരുതെന്ന് ഉത്തരനോട് അർജ്ജുനൻ അപേക്ഷിച്ചിരുന്നുവെന്നത് ഇവിടെ ഓർക്കുക. 
പിന്നെ രംഗം പതിനാറിൽ, വിരാടരാജാവ് ചൂതുകരുകൊണ്ട് എറിയുകയാൽ നെറ്റിക്കു മുറിവ് പറ്റിയ ധർമ്മപുത്രനെ ഭീമസേനൻ ചെന്ന് കാണുന്ന രംഗമാണ്. ഈ അപകൃത്യം ചെയ്ത വിരാടനെ വധിക്കാൻ ആഗ്രഹിച്ച ഭീമസേനനെ, താനാരാണെന്ന് അറിയാതെ ചെയ്തതാണ് വിരാടൻ എന്നും അതിൽ അമർഷത്തിനു കാരണം ഇല്ലെന്നും പറഞ്ഞ് യുധിഷ്ഠിരൻ സമാശ്വസിപ്പിക്കുന്നു.
അടുത്തത് രംഗം പതിനേഴ്. അജ്ഞാതവാസക്കാലം വിജയപൂർവ്വം കഴിച്ചുകൂട്ടിയ പാണ്ഡവരെ വിരാടൻ അഭിനന്ദിയ്ക്കുന്ന രംഗമാണ്. അജ്ഞാതവാസത്തിനുവേണ്ടി തങ്ങൾ കങ്കൻ,വലലൻ,ബൃഹന്നള മുതലായ പേരുകളിൽ വിരാടരാജധാനിയിൽ താമസിക്കുകയായിരുന്നുവെന്നും മറ്റുമുള്ള വിവരങ്ങൾ ധർമ്മപുത്രർ അറിയിച്ചു. അറിയാതെ ചെയ്ത് പോയ തെറ്റുകൾ ക്ഷമിക്കണം എന്ന് വിരാടൻ ധർമ്മപുത്രരോട് അപേക്ഷിച്ചു. അതിനുശേഷം വിരാടൻ തൃപ്തനായി തന്റെ പുത്രിയായ ഉത്തരയെ അർജ്ജുനനു നൽകാം എന്ന് പറഞ്ഞു. അർജ്ജുനൻ ഉത്തരയെ സ്വീകരിക്കാതെ സ്വപുത്രനായ അഭിമന്യുവിനെ കൊണ്ട് വിവാഹം ചെയ്യിപ്പിച്ചു. 
ഇതോടെ കൂടെ കഥ അവസാനിക്കുന്നുവെങ്കിലും കഥയുടെ അവസാനത്തിൽ ഭക്തിനിർഭരമായ ഒരന്തരീക്ഷം ഉണ്ടാക്കാൻ വേണ്ടി രംഗം പതിനെട്ടിൽ, കവി ശ്രീകൃഷ്ണനെ രംഗത്ത് അവതരിപ്പിക്കുന്നു. അജ്ഞാതവാസക്കാലം വിജയപൂർവ്വം നിർവഹിച്ച് ഉത്തരാപരിണയവും കഴിച്ചുവെങ്കിലും പാണ്ഡവർക്ക് മുഖ്യമായി മറ്റൊരു കാര്യം ഉണ്ടല്ലൊ - ദുര്യോധനന്റെ കയ്യിൽ നിന്നും രാജ്യം വീണ്ടെടുക്കുക എന്നത്. അതിനായി ശ്രീകൃഷ്ണനോടുള്ള യുധിഷ്ഠിരന്റെ അഭ്യർത്ഥനയാണ് അവസാനരംഗത്തിൽ. ശേഷേ ശയാനം വിഹഗേ ശയാനം എന്ന് തുടങ്ങുന്ന ശ്ലോകത്തോടെ ധനാശി പാടി കഥ അവസാനിപ്പിക്കുന്നു.
 

വേഷങ്ങൾ

വിരാടരാജാവ്-പച്ച
സുദേഷ്ണ-സ്ത്രീവേഷം മിനുക്ക്
ദുര്യോധനൻ-കത്തി
ഭാനുമതി-സ്ത്രീവേഷം മിനുക്ക്
ദൂതൻ-ഉടുത്തുകെട്ട്
ഭീഷ്മർ-മിനുക്ക്
ത്രിഗർത്തൻ(സുശർമ്മാവ്)-ചുവന്നതാടി
വലലൻ(ഭീമൻ)-ഉടുത്തുകെട്ട്
ഉത്തരൻ-പച്ച
അന്തഃപ്പുരസ്ത്രീകൾ-സ്ത്രീവേഷം മിനുക്ക്
ഗോപന്മാർ(പശുപാലകർ‌)-ലോകധർമ്മിവേഷം
ബൃഹന്നള(അർജ്ജുനൻ)-സ്ത്രീവേഷം പ്രത്യേകം
മാലിനി(പാഞ്ചാലി)-സ്ത്രീവേഷം
ഉത്തര-സ്ത്രീവേഷം
ഹനൂമാൻ-വെള്ളത്താടി
കർണ്ണൻ-പച്ച
കൃപൻ-പച്ച
ശ്രീകൃഷ്ണൻ-പച്ച കൃഷ്ണമുടി
ധർമ്മപുത്രർ-പച്ച‌‌