നളചരിതം രണ്ടാം ദിവസം

പ്രത്യേകതൾ: രണ്ടാം ദിവസത്തിലെ പതിഞ്ഞ് പദം ചൊല്ലൊയാടിക്കാറുണ്ട്. ദ്വാപരന്റെ വേഷം ചില ഭാഗത്ത് ചുവന്ന താടിയും മറ്റ് ചില ഭാഗത്ത് കത്തിയും, പിന്നേയും കൂടാതെ കത്തി, വെളുത്ത മുടിയോടുകൂടെ എന്നൊക്കെയുള്ള വേഷ വ്യതിയാനങ്ങൾ ഉണ്ട്. കലി കറുത്ത താടി ആണ്.

കഥാസംഗ്രഹം

രംഗം 1
നളദമയന്തി വിവാഹം ഭംഗിയായി കഴിഞ്ഞു. അവർ തിരിച്ച് നളന്റെ കൊട്ടാരത്തിലേക്ക് എത്തി. ഈ ഒന്നാം രംഗത്തിൽ നളൻ ദമയന്തോട് സല്ലപിച്ച് അവളുടെ നാണം കളയുന്നു.
 
രംഗം 2
ദേവലോകത്തേയ്ക്കുള്ള വഴിമദ്ധ്യം ആണ് പശ്ചാത്തലം. ഇവിടെ ഇന്ദ്രാദികൾ നളദമയന്തി വിവാഹം കഴിഞ്ഞ് തിരിച്ച് പോകുകയാണ്. അപ്പോൾ എതിരെ കലിയും ദ്വാപരനും കൂടി വരുന്നു. കലി എവിടുന്നാണ് നിങ്ങൾ വരുന്നത് എന്ന് ഇന്ദ്രാദികളോട് ചോദിക്കുന്നു. ഞങ്ങൾ ദമയന്തിയുടെ വിവാഹം കണ്ട് മടങ്ങുകയാണ്, ദമയന്തി നളമഹാരാജാവിനെ വിവാഹം ചെയ്തു എന്ന് കലിദ്വാപരന്മാരോട് പറയുന്നു. കലിദ്വാപരന്മാർ ദമയന്തീ വിവാഹത്തിനു പോകുന്ന വഴി ആയിരുന്നു അത്. വെള്ളം ഊർന്ന് പോയിട്ട് പാലം കെട്ടുന്നതെന്തിനാ എന്ന് ഇന്ദ്രന്റെ പ്രസിദ്ധമായ വാക്യം കേട്ട്, കലിദ്വാപരന്മാർക്ക് ദേഷ്യം വരുന്നു. ഒരു മനുഷ്യപ്പുഴുവിനെ ദമയന്തി വിവാഹം ചെയ്തതിനാൽ ഞാൻ നളനേയും ദമയന്തിയേയും തമ്മിൽ തെറ്റിയ്ക്കും എന്ന് ഉറപ്പ് പറയുന്നു.
ദ്വാപരൻ നളനു പുഷ്കരൻ എന്ന പേരിൽ ഒരു വകയിൽ അനുജനുണ്ട് അവനെ നമുക്ക് പോയി സത്കരിച്ച് മുഷ്കരനാക്കി നളനോട് ചൂതുകളിച്ച് രാജ്യം വാങ്ങി, നളനെ കാട്ടിലയക്കാം എന്ന് സൂത്രം കലിയ്ക്ക് പറഞ്ഞ് കൊടുക്കുന്നു.
 
രംഗം 3
അതിനായി കലിദ്വാപരന്മാർ നിഷധരാജ്യത്തിലേക്ക് പ്രവേശിക്കുന്നു. എന്നിട്ട് പുഷ്കരനെ കണ്ട് വീര്യം കൊടുത്ത് പുഷ്കരനോട് നളനെ ചൂതുകളിയ്ക്കാൻ വിളിക്കാൻ പറയുന്നു.
 
രംഗം 4
അത് പ്രകാരം പുഷ്കരൻ ഉദ്ധിതവീര്യനായി നളനെ ചൂതിനു വിളിക്കുന്നു. നളൻ കേട്ട് പുഷ്കരൻ പ്രഗത്ഭനല്ല എന്ന് പറഞ്ഞ് ദമയന്തിയെ സമാധാനിപ്പിച്ച് ചൂതുകളി വെല്ലുവിളി സ്വീകരിക്കുന്നു.
 
രംഗം 5
ഇവിടെ ചൂതമായി വന്ന കലികാരണം നളൻ ചൂതുകളിയിൽ തോൽക്കുന്നു. രാജ്യവും ധനങ്ങളും നഷ്ടപ്പെടുന്നു. പുഷ്കരൻ നളനോട്, ദമയന്തിയെ കൂട്ടി കാട്ടിലേക്ക് പോകാൻ ആവശ്യപ്പെടുന്നു. അല്ലെങ്കിൽ ദമയന്തിയും എന്റേതാകും എന്ന് പറയുന്നു.
നളദമയന്തിമാർ കാട്ടിലേക്ക് പോകുന്നു.
 
രംഗം 6
വനപ്രദേശമാണ് പശ്ചാത്തലം. കലി ആവേശിതനായ നളൻ  ഉണ്ടായ സംഭവങ്ങളെ ഓർത്ത് വിലപിക്കുന്നു. വിശപ്പ് തീർക്കാനായി സ്വന്തം വസ്തം പകുതി മുറിച്ച് പക്ഷികളെ വലവീശി പിടിയ്ക്കാനായി ഒരുങ്ങുന്നു. എന്നാൽ പക്ഷികൾ ആ വസ്തവും കൊണ്ട് പോകുന്നു. പോകുന്നവഴിയ്ക്ക് പക്ഷികൾ, ഞങ്ങൾ വെറും പക്ഷികൾ അല്ല നിന്നെ ചതിച്ച വിരുതന്മ‍ാരായ ഞങ്ങളെ മഹിമ കലർന്ന ചതുരംഗക്കളത്തിലെ കരുക്കൾ എന്നു കരുതുക എന്ന് അറിയിക്കുന്നു. കലിയുടെ മറ്റൊരു ചതി ആയിരുന്നു ഇത്.
 
രംഗം 7
വേർപാട് രംഗം. വനമണ്ഡപം ആണ് പശ്ചാത്തലം. നളദമയന്തിമാരുടെ പരസ്പരം വിലാപങ്ങൾ കഴിഞ്ഞ് ദമയന്തിയോട് കുണ്ഡിനത്തിലേക്ക് ഉള്ള വഴി നളൻ കാണിച്ചുകൊടുക്കുന്നു. വേർപ്പെടുകയില്ല വല്ലഭനെ എന്ന് ആണയിട്ട് പറഞ്ഞ് ക്ഷീണിതയായ ദമയന്തി നളനെ മടിയിൽ തലവെച്ച് കിടക്കുന്നു. ആ സമയം കലിബാധിച്ച നളൻ, ദമയന്തിയെ ഉപേക്ഷിച്ച് പോകുന്നു. ഉറക്കത്തിൽ നിന്നും ഉണർന്ന ദമയന്തി നളനെ അന്വേഷിച്ച് കരയുന്നു. മാത്രമല്ല ഏത് ഭൂതത്താലാണോ പരിഭൂതനായി എന്റെ കാന്തൻ എന്നെ വിട്ട് പിരിഞ്ഞത്, ആ ഭൂതം എരിതീയ്യിൽ പതിയ്ക്കട്ടെ എന്ന് (കലിയെ) ശപിക്കുകയും ചെയ്യുന്നു.
 
രംഗം 8
വനമണ്ഡപത്തിൽ നിന്നും ഇറങ്ങി നടക്കുന്ന ദമയന്തിയെ കാണിക്കുന്നതിനു മുന്നേ ഈ രംഗത്തിൽ കാട്ടാളൻ വരുന്നു. കാട്ടാളൻ തന്റെ ഗൃഹത്തിൽ കിടന്നുറങ്ങുമ്പോൾ ഒരു ശബ്ദം കേൾക്കുന്നതും അത് എന്താണെന്ന് ആത്മഗതം ചെയ്യുന്നതും ആയാണ് രംഗം തുടക്കം. ആ സമയം ദമയന്തി വിലാപം കേൾക്കുന്നു. അത് കേട്ട കാട്ടാളൻ ശബ്ദം കേട്ട് ഒരു സ്ത്രീ ആണെന്ന് ഉറപ്പിയ്ക്കുന്നു. അപ്പോൾ ദമയന്തി തന്നെ ഒരു പാമ്പ് വിഴുങ്ങാൻ നോക്കുന്നതായും രക്ഷിക്കൂ എന്ന് വിലപിയ്ക്കുന്നതായും കാണിക്കുന്നു.  ബന്ധുമിത്രാദികൾ ഒന്നും ഇല്ലാതെ ഒറ്റയ്ക്ക് ഈ കാട്ടിൽ വന്ന് പെട്ട സ്ത്രീയെ, ഞാൻ നിന്നെ രക്ഷിക്കാം എന്നിട്ട് നമുക്ക് എന്റെ വീട്ടിൽ പോയി സുഖമായി വസിക്കാം എന്ന് കാട്ടാളൻ പറയുന്നു. പാമ്പ് വിഴുങ്ങാൻ നോക്കുമ്പോൾ മോഹത്തോടെ വന്ന കാട്ടാളനെ കണ്ട് ദമയന്തി കൂടുതൽ വിലപിയ്ക്കുന്നു. പ്രാണരക്ഷണം ചെയ്താൽ അതിനു പ്രത്യുപകാരം ഒന്നും ചെയ്യാൻ ഇല്ല എന്ന് കാട്ടാളനോട് ദമയന്തി പറയുന്നു. പാമ്പിനെ നിഗ്രഹിച്ച് ദമയന്തിയെ രക്ഷിച്ച്, കാട്ടാളൻ വീണ്ടും തന്റെ മോഹം പറയുന്നു. തുടർന്ന് ദമയന്തി, നിന്റെ പാതിവ്രത്യവ്രതത്തെ ഭംഗപ്പെടുത്തുന്നവൻ ഭസ്മമാകുമെന്ന ഇന്ദ്രന്റെ വരം എനിക്ക്‌ ഇപ്പോൾ പ്രയോജനപ്പെടുമോ എന്ന് ഓർക്കുന്നു. കാട്ടാളൻ ഭസ്മമാകുന്നു. തുടർന്ന് ഇന്ദ്രാദികളെ സ്മരിച്ച് നടന്നുകൊണ്ട് ദമയന്തി വിലപിക്കുന്നു. മുനികളാൽ ആശ്വസിക്കപ്പെട്ട ദമയന്തി കാട്ടിൽ സഞ്ചരിക്കുന്ന നേരം ഒരു നദീതീരത്ത് എത്തുകയും സാർത്ഥവാഹകസംഘത്തെ കാണുകയും അവരോടൊപ്പം സഞ്ചരിക്കാം എന്ന് തീർച്ചപ്പെടുത്തുകയും ചെയ്യുന്നു.
 
രംഗം 9
കച്ചവടസംഘത്തെ കണ്ട് സമീപിക്കുന്ന ദമയന്തിയെ കണ്ട് സംഘത്തിൽ ഉള്ളവർ ഒറ്റപ്പെട്ട ഒരു സ്ത്രീ കാട്ടിൽ ഇങ്ങനെ വന്നുകണ്ടതിനാൽ പരിഭ്രമിക്കുന്നു. സംഘത്തലവനായ ശുചി ദമയന്തിയോട് കാര്യം ആരായുന്നു. ദമയന്തി തന്റെ കഥകൾ ചുരുക്കി ശുചിയോട് പറയുന്നു. അത് കേട്ട് വ്യാപാരിയായ ശുചി ചേദിരാജ്യത്ത് ചെല്ലാൻ ദമയന്തിയെ ഉപദേശിക്കുന്നു. അങ്ങനെ ശുചി ചേദിരാജാവായ സുബാഹുവിന്റെ കൊട്ടാരത്തിലേയ്ക്ക് ദമയന്തിയെ കൊണ്ട് പോയി വിടുന്നു.
 
രംഗം 10
ഇവിടെ ചേദിരാജാവിന്റെ കൊട്ടാരം ആണ് പശ്ചാത്തലം. ദമയന്തിയെ കണ്ട് സുബാഹുവിന്റെ അമ്മ ആരാ എന്ന് ചോദിക്കുന്നു. സുബാഹുവിന്റെ അമ്മയോട് ഉച്ഛിഷ്ടം കഴിക്കില്ല, ഞാൻ ദേവിയുമല്ല കിന്നരിയുമില്ല പക്ഷെ, പുരുഷന്മാരോട് മിണ്ടുകയുമില്ല അങ്ങനെ വല്ല പുരുഷന്മാരും വന്നാൽ അവനെ നീ ഉടൻ വധിക്കണം എന്നൊക്കെ പറഞ്ഞ് അവിടെ വാഴുന്നു.
(ഇത് പദം വിഭജിക്കാനുണ്ട് സൈറ്റിൽ)
 
രംഗം 11
അങ്ങനെ വസിക്കുന്ന സമയം നളദമയന്തിമാരുടെ കഥ അറിഞ്ഞ് ദമയന്തിയുടെ അച്ഛൻ ആയ ഭീമൻ, അവരെ കണ്ട് പിടിയ്ക്കാൻ പലദിക്കിലേക്കും ബ്രാഹ്മണരെ അയച്ചു. അങ്ങനെ സുദേവൻ എന്ന ബ്രാഹ്മണൻ സുബാഹുവിന്റെ കൊട്ടാരത്തിലും ഒരുദിവസം എത്തി.
ദമയന്തിയെ തിരിച്ചറിഞ്ഞു സുദേവൻ. സുദേവൻ ദമയന്തിയോട് സംസാരിച്ചു. ചേദിരാജ്ഞിയോട് സംസാരിച്ച് അനുവാദം വാങ്ങി കുണ്ഡിനത്തിലേക്ക് ദമയന്തിയെ കൂട്ടി കൊണ്ട് പോകാം എന്ന് പറയുന്നു.
 
രംഗം 12
അപ്രകാരം ദമയന്തി സ്വന്തം അച്ഛന്റെ കൊട്ടാരത്തിൽ എത്തി, അച്ഛനെ വണങ്ങി നളനെ കാണാതെ ജീവിയ്ക്കുന്നതിൽ ഭേദം മരണം എന്ന് അച്ഛനെ അറിയ്ക്കുന്നു. അച്ഛൻ ദമയന്തിയെ ആശ്വസിപ്പിക്കുന്നതോട് കൂടെ ഈ ദിവസം കഴിയുന്നു.
 

 

അരങ്ങുസവിശേഷതകൾ: 

കുവലയ വിലോചനേ എന്ന് പദം ചൊല്ലിയാടിക്കാറുണ്ട്. “മങ്ങീ മയങ്ങീ..” എന്നിടത്ത് വാദ്യങ്ങൾ ഒക്കെ നിർത്തി വെക്കാറുണ്ട്.