എനിക്കു പ്രിയപ്പെട്ട വേഷം
പുരാണേതിഹാസാദികഥകളിൽ, അഥവാ കഥകളിയിൽ, പലപല കഥാനായകന്മാരും നായികമാരുമുണ്ട്. എന്നാൽ അതാതു കഥാപാത്രങ്ങളെക്കുറിച്ചുള്ള ഒരു ബോധം മനസ്സിലുദിക്കുന്നതോടു കൂടി നമ്മളിൽ പലർക്കും അവരവരുടെ ആസ്വാദനരീതിയനുസരിച്ച് ചിലചില കഥാപാത്രങ്ങളോട് എന്തോ ഒരു പ്രത്യേക പ്രതിപത്തിയുണ്ടായിത്തീരുന്നത് സാധാരണയാണ്. അക്കൂട്ടത്തിൽ കുട്ടിക്കാലം മുതല്ക്കേ എന്റെ പ്രത്യേക പ്രതിപത്തിയ്ക്ക് പാത്രീഭവിച്ച ഒരു കഥാപാത്രമാണ് നിഷധേശ്വരനായ നളമഹരാജാവ്. അതിൽ പ്രത്യേകിച്ചും കാർക്കോടക ദംശനത്താൽ സ്വബോധം (സുബോധം) ഉദിച്ച ശേഷം വീണ്ടും തന്റെ ജീവിതേശ്വരിയോട് ചേരുന്നതു വരെയുള്ള കാലഘട്ടം ആലോചിക്കുമ്പോൾ എന്തെന്നില്ലാത്ത ബഹുമാനാദരമാണ് എനിക്കദ്ദേഹത്തോട് തോന്നുന്നത്. അതായത്, കഥകളിയിൽ കാണാറുള്ള ആ ‘ബാഹുക’നോടു തന്നെ. ഈ ഘട്ടത്തിൽ ഞാൻ ഓർക്കുകയാണ്: നാട്യാചാര്യൻ ശ്രീ രാമുണ്ണിമേനോനാശാൻ എന്നെ അഭ്യസിപ്പിക്കുന്ന കാലത്ത് ബാഹുകനോടുള്ള പ്രതിപത്തി കാരണമായി ഞാൻ ഒരിയ്ക്കൽ “ഋതുപർണ്ണ ധരണീപാല” എന്നു തുടങ്ങുന്ന ഒരു പദം സ്വയം മൂളിപ്പാട്ടിന്നുവേണ്ടി തോന്നിക്കുകയുണ്ടായി. അശാൻ അതെങ്ങിനെയോ മനസ്സിലാക്കി. ശിവ ശിവ ! അതിന്നൊരു ശകാരമുണ്ടായിട്ടുണ്ട് ! താൻ പഠിപ്പിക്കുന്ന ഭാഗങ്ങൾ വല്ലതും തോന്നിക്കുവാനല്ല, “മറ്റു ചിലതി”ന്നാണ് വാസന എന്നാണദ്ദേഹത്തിന്റെ കുറ്റാരോപണം ! ഏതായാലും ഞാൻ അതിന്നുപകരമായി അദ്ദേഹത്തിന്നേറ്റവും പ്രിയപ്പെട്ട കിർമ്മീരവധത്തിൽ അതേരാഗത്തിലും താളത്തിലുമുള്ള “മാധവജയശൗരേ” എന്ന സുദർശനത്തിന്റെ പദം പഠിക്കുക കൂടി ഉണ്ടായിട്ടുണ്ട് !
അതുകൊണ്ട്, ഈ ‘ബാഹുകൻ’ അഭ്യാസക്കളരികളുമായി അത്ര ബന്ധപ്പെട്ടിട്ടുണ്ടെന്ന് പറവാൻ ഞാൻ തയ്യാറുമില്ല.
നായകനിഷ്ഠമായ രസഭാവനയെമാത്രം അടിസ്ഥാനപ്പെടുത്തിയിട്ടാണ് ഞാൻ പറയുന്നത്. അടിസ്ഥാനത്തിന്റെ വെളിച്ചത്തിൽ കുലമഹത്വം, വിദ്യ, ഐശ്വര്യം, സൗന്ദര്യം, സഹനശക്തി, ദൈവഭക്തി, ധർമ്മാചരണം, ധൈര്യം, ദൃഢാനുരാഗം മുതലായ ഉത്തമഗുണങ്ങളുടെ വിളഭൂമികളായ പ്രശസ്ത, പ്രൗഢ, പ്രഗല്ഭ, നായികാനായകന്മാരാണ്, ദമയന്തീനളന്മാർ. അവിചാരിതമായി, ഈശ്വരകല്പിതത്താൽ, വന്നുചേർന്ന ആ ആപത്തുകളിൽ അവരുടെ സഹനശക്തി അന്യാദൃശമാണ്. അവരുടെ ഉദാത്തവും പരിപാവനവുമായ ആ പ്രേമശൃംഖലാബന്ധം വജ്രായുധത്താൽ പോലും ഭേദിപ്പാനാവാത്തതാണ് ; വാസ്തവത്തിൽ തങ്ങളുടെ സമാശ്ലേഷാവസ്ഥയിൽ നിന്നും തികച്ചും അപ്രതീക്ഷിതമായി, വിധിവൈപരീത്യത്താൽ വന്നുചേരുന്ന വിശ്ലേഷണത്തിന്നുശേഷമാണ് യഥാർത്ഥാനുരാഗികളായ നായികാനായകന്മാരുടെ ആത്മീയമായ ആ അനുരാഗാമൃതം തികച്ചും ആസ്വാദ്യമാകുന്നത്. അപ്പോഴാണ് പരമാനന്ദകരമായ തങ്ങളുടെ അനുരാഗസുധ അവർ അന്യോന്യം പകർന്നുകൊടുത്താസ്വദിച്ച് ആത്മസംതൃത്പി നേടുന്നത്. പ്രസ്തുത തത്വങ്ങൾ പരിപൂർണ്ണമായി കാണിക്കപ്പെടുന്ന രണ്ടു കഥാപാത്രങ്ങളാണ് നളനും ദമയന്തിയും.
മേൽപ്പറഞ്ഞ ലക്ഷണങ്ങളൊക്കെത്തന്നെയാണ് എനിക്ക് ബാഹുകനോട് ഒരു പ്രത്യേക പ്രതിപത്തിയുണ്ടാകാനുള്ള കാരണം.
ഇത്രയൊക്കെപ്പറഞ്ഞാലും ആ കഥാപാത്രത്തോട് നീതി പുലർത്തുന്നതിൽ ഇതുവരേയും ഞാൻ കൃതാർത്ഥനായിട്ടുമില്ല !
(22-11-1965)