പ്രബന്ധം
കളിയരങ്ങിലെ സ്ത്രീപക്ഷം
ഡൽഹിയിലെ ഒരരങ്ങിൽ നിശ്ച്ചയിച്ച വേഷക്കാരൻ എത്താതിരുന്നതിനാൽ പകരക്കാരനായാണ് ശിവരാമൻ ആദ്യമായി സ്ത്രീവേഷത്തിന്റെ മിനുക്കിട്ടതത്രെ. അത് ഒരു ജീവിതനിയോഗത്തിന്റെ തുടക്കമാണെന്ന് ശിവരാമൻ പോലും അറിഞ്ഞിരുന്നില്ല. ഗുരുനാഥനൊപ്പം ആടിയ ആ അരങ്ങ് അദ്ദേഹത്തിന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ചു. അതു വലിയൊരു വഴിത്തിരിവായി. ജീവിതത്തിന്റെ ഗതിവിഗതികൾ നിഗൂഢവും, സൂക്ഷ്മവുമാണല്ലൊ.താണ്ഡവ -ലാസ്യ നിബദ്ധമായ താളത്തിലാണ് പ്രകൃതിയുടെ ചലനം. പ്രകൃതിയേയും,അമ്മയേയും,സ്ത്രീയേയും ഒരുപോലെ കണ്ടിരുന്ന ശിവരാമൻ ഏറ്റെടുത്തതും,വ്യത്യസ്തവും ,പുതുമയുള്ളതുമായ സ്ത്രീയുടെ ശക്തമായ രംഗഭാഷ്യമായിരുന്നു. ഏതൊരു പ്രശസ്ത നടന്റേയും പുരുഷവേഷത്തിനൊപ്പം ശിവരാമന്റെ സ്ത്രീവേഷം ഉയർന്നുനിന്നു. കഥകളിയരങ്ങിൽ ഒരു കാലത്ത് അവഗണിച്ചുപോന്ന സ്ത്രീത്വങ്ങൾക്ക് അവരുടെ സാന്നിധ്യം ഒഴിച്ചുകൂടാനാവാത്തതാക്കിയതിൽ ശിവരാമന്റെ പങ്കു സ്തുത്യർഹമാണ്.ജീവിതത്തിലെന്ന പോലെ കഥകളിയരങ്ങുകളിലും ഇടം പാതിയായിട്ടാണ് സ്ത്രീയെ കണക്കാക്കിയിരുന്നത്. അതിനു മാറ്റം വരുത്തി,അരങ്ങിന്റെ മദ്ധ്യഭാഗം പുരുഷവേഷത്തിനൊപ്പം ശിവരാമന്റെ സ്ത്രീവേഷങ്ങൾ കയ്യടക്കി. സ്ത്രീപക്ഷത്തിനു വേണ്ടി നടത്തിയ അരങ്ങിലെ നിശ്ശബ്ദ സമരമായിരുന്നു അത്. പുരുഷവേഷത്തെ കൂടുതൽ പ്രോജ്ജ്വലിപ്പിക്കുവാനും ശിവരാമന്റെ സ്ത്രീവേഷം പ്രധാന ഘടകമായി വർത്തിച്ചു. കഥകളിയിലെ നിലവിലുള്ള ചിട്ടകളെ തെറ്റിച്ച് പുതിയ കളി രീതി തന്നെ അദ്ദേഹം സൃഷ്ടിച്ചു.”സ്ത്രീയില്ലെങ്കിൽ ഭൂമിയില്ല“ എന്നു പറയുന്ന ശിവരാമൻ അഭിനയത്തിന്റെ കാന്തശേഷി കൊണ്ട് സ്ത്രീകഥാപാത്രങ്ങളെ ശരീരത്തിലേക്കാവാഹിച്ചു. ജന്മം കൊണ്ടു പുരുഷനാണെങ്കിലും -പുരുഷനിൽ നിന്നു സ്ത്രീയിലേക്കുള്ള ഒരു കൂടുമാറ്റം. കഥാപാത്രത്തിന്റെ മനസ്സ് പ്രേക്ഷകർക്ക് കൃത്യമായി തുറന്നുവെക്കുന്ന ആഖ്യാനവും, സൂക്ഷ്മതയും അദ്ദേഹത്തിന്റെ കൈമുതലായിരുന്നു. ആട്ടക്കഥാപാത്രങ്ങളല്ല,ആത്മപാഠ ങ്ങളായിരുന്നു ശിവരാമനതെല്ലാം.മുദ്ര കുറച്ച് ഭാവാഭിനയം കൊ ണ്ടാണ് ഈ നടൻ രംഗസാഫല്യം നേടിയത്. വായനയുടെ സംസ്ക്കാരം പകർന്നു നല്കിയ പാത്രബോധം ഇതിനു ശക്തി കൂട്ടി.