ഹസ്തലക്ഷണദീപികാ - പതാകം
Friday, June 17, 2016 - 13:02
1. പതാകം
ലക്ഷണം (പ്രയോഗം) - മൂലം:-
നമിതാനാമികാ യസ്യ പതാകസ്സകരസ്സ്മൃതഃ |
ഭാഷ:- കൈനിവര്‍ത്തി അണിവിരൽ (മോതിരവിരൽ) മടക്കിയാൽ പതാക എന്ന ഹസ്തമാണ്.
വിനിയോഗം (ഉപയോഗം) - മൂലം:-
സൂര്യോ രാജ ഗജസ്സിംഹോ വൃഷഭോ ഗ്രാഹതോരണൌ | 6
ലതാപതാകാവീചിശ്ച രഥ്യാപാതാള ഭൂമയഃ | 7
ജഘനം ഭാജനം ഹർമ്മ്യം സായം മദ്ധ്യന്ദിനാഘനം ||
വത്മീകമൂരുദാസശ്ച ചരണം ചക്രമാസനം | 8
അശനിർഗ്ഗോപുരം ചൈത്യം (ശൈത്യം) ശകടം സൌമ്യകുബ്ജകൌ ||
കവാടമുപധാനഞ്ച [1]പരിഖാംഘ്രിരഥാർഗളെ | 9
ഷഡ്ത്രിംശൽ ഭരതേനോക്താഃ പതാകസ്സംയുതാകരാഃ ||
ദിവസോഗമനം ജിഹ്വാ ലലാടം ഗാത്രമേവച | 10
ഇവശബ്ദശ്ച ശബ്ദശ്‌ച ദൂതസൈകതപല്ലവാഃ ||
അസംയുക്താ പതാകാഖ്യാ ദശഹസ്താസ്സമീരിതാഃ || 11
ഭാഷ:- ആദിത്യൻ, രാജാവ്, ആന, സിംഹം, കാള, മുതല, തോരണം (പല ഭൂപ്രദേശങ്ങളില്‍ അലങ്കാരമായി കെട്ടുന്ന മാല), വള്ളി, കൊടിക്കൂറ, തിരമാല, വഴി, പാതാളം, ഭൂമി, നാഭിപ്രദേശം (സ്ത്രീകളുടെ അരയുടെ മുന്‍ഭാഗം), പാത്രം മാളിക, സന്ധ്യ, മദ്ധ്യാഹ്നം, മേഘം, പുറം, തുട, ഭൃത്യൻ, സഞ്ചാരം, ചക്രം, പീഠം, വജ്രായുധം (ഇടിമിന്നല്‍), ഗോപുരം, ചൈത്യം (ശൈത്യം) (ബുദ്ധവിഹാരം), വണ്ടി, ശാന്തം, വളഞ്ഞത്, വാതിൽ, തലയണ, കിടങ്ങ്, കാൽ (പാദം), തഴുത (സാക്ഷ) - ഈ 36 പദാർത്ഥങ്ങളെ രണ്ടു കൈകൊണ്ടും; ദിവസം, ഗമനം, നാവ്, നെറ്റി, ശരീരം, എന്നപോലെ, എന്നത്, ശബ്ദം, ദൂതൻ, മണൽത്തിട്ട, തളിർ - ഈ 10 പദാർത്ഥങ്ങളെ ഒരു കൈകൊണ്ടും പതാകമുദ്രയിൽ കാണിക്കണം
[1] ‘പരിഘം’ എന്ന് പാഠഭേദം ഉണ്ട്. ‘പരിഘം’ = ഇരമ്പുലക്ക. ‘പരിഖം’ = കിടങ്ങ്.
Article Category:
Malayalam