തൃപ്പൂണിത്തുറയിലെ മൂന്നാം ദിവസം

Sunday, May 15, 2011 - 14:26

തൃപ്പൂണിത്തുറ കഥകളി കേന്ദ്രം
മേയ് 14, 2011
നളചരിതം മൂന്നാം ദിവസം
വെളുത്ത നളന്‍- കലാ.ശ്രീകുമാര്‍
ബാഹുകന്‍-കലാ. വാസു പിഷാരോടി
സുദേവന്‍-ഫാക്റ്റ് പദ്മനാഭന്‍
ദമയന്തി-ചമ്പക്കര വിജയന്‍
ഋതുപര്‍ണ്ണന്‍-പേരറിയില്ല
പത്തിയൂര്‍ ശങ്കരന്‍ കുട്ടി/നെടുമ്പള്ളി രാം മോഹന്‍/..പേരറിയില്ല :)
ശങ്കര വാര്യര്‍
കുറൂര്‍ വാസുദേവന്‍ നമ്പൂതിരി

വൈകുന്നേരം അഞ്ച്മണിക്ക് തുടങ്ങും എന്ന് അറിയിച്ചിരുന്നെങ്കിലും അല്‍‌പ്പം വൈകിയാണ് തുടങ്ങിയത്. കളി നടന്നത് കളിക്കോട്ട് പാലസിലായിരുന്നു. അവിടത്തെ സ്റ്റേജ് വളരെ ഉയരമുള്ളതായിരുന്നതിനാല്‍ കസേരയില്‍ ഇരുന്ന് കളികണ്ടാലും മുകളിലേക്ക് നോക്കിയേ കാണാന്‍ പറ്റൂ. :) ഒട്ടും തന്നെ കഥകളിക്കനുയോജ്യമല്ലാത്ത ഒരു സ്റ്റേജ് ആയിട്ടാണ് എനിക്ക് തോന്നിയത്. ഇന്നത്തെ കാലത്ത് സ്പോണ്‍സര്‍മാര്‍ ഇല്ലാതെ ഇത്തരം പരിപാടികള്‍ നടക്കില്ല എന്നറിയാം. എങ്കിലും അവരുടെ ബാനറുകള്‍ എല്ലാം ഒന്ന് ഒതുക്കി ഭംഗിയായി കെട്ടിയാല്‍ അത് സ്റ്റേജിന് ഗുണമേ ചെയ്യൂ. അവയെല്ലാം കൂടെ കാഴ്ച്ചയ്ക്ക് ഡിസ്റ്റ്രാക്ഷന്‍ ഉണ്ടാക്കുന്നുണ്ടെന്നറിഞ്ഞാലും ഒഴിവാക്കാന്‍ വയ്യാത്ത ഒരു ഘടകം ആണ് എന്ന നിലക്ക് ഉള്ളത് ഭംഗിയായി അറേഞ്ച് ചെയ്യാന്‍ ശ്രദ്ധിക്കണമായിരുന്നു.

വെളുത്തനളനായി വന്ന കലാ.ശ്രീകുമാര്‍ ഒട്ടും തന്നെ വലിച്ചുനീട്ടി അനാവശ്യമായി ആടാതെ, നല്ലതായി, വൃത്തിയായി ആടി. തിരശീലക്കാര്‍ സുപരിചിതര്‍ അല്ലാത്തതിനാല്‍ കാര്‍ക്കോടകദംശനസമയത്തെല്ലാം സ്റ്റേജ് അറേഞ്ച് ചെയ്യാന്‍ സംഘാടകരുടെ സഹായം വേണ്ടി വന്നിരുന്നു. മാത്രമല്ല, സ്റ്റേജ് ചെറിയതായതിന്റേയും ഉയരത്തിലായതിന്റേയും ബുദ്ധിമുട്ടും ഉണ്ടായിരുന്നു. ഉയരത്തിലുള്ള സ്റ്റേജില്‍ ഇനിയും സ്റ്റൂളിന്മേല്‍ കയറി നില്‍ക്കണ്ട എന്ന് നിരീച്ചിട്ടായിരിക്കാം കാര്‍ക്കോടകന്‍ സ്റ്റേജില്‍ താഴെ നിന്ന് ആടിയത്. മുഖത്ത് തേപ്പ് ആകര്‍ഷകമായിരുന്നു. പൂയ് പൂയ് എന്ന് ഇടക്കിടക്കിടക്ക് അലറി കരയുന്ന കാര്‍ക്കോടകനെ ഞാന്‍ ആദ്യം കാണുകയായിരിക്കും.

കലാമണ്ഡലം വാസു പിഷാരോടി ആശാന്‍ മാന്‍പ്രസവവമൊന്നും ആടാതെ, വളരെ ചുരുക്കി എങ്കില്‍ ഭംഗിയായി വനവര്‍ണ്ണന ആടി. വിജനേ ബത, മറിമാന്‍ കണ്ണി എന്നിവയൊക്കെ അദ്ദേഹം ഒട്ടും ഭംഗി ചോരാതെ തന്നെ ആടി ഫലിപ്പിച്ചു. സ്വന്തമായി ഒരു നളചരിതവായന തനിക്കുണ്ട് എന്ന് തന്റെ ആട്ടങ്ങളിലൂടെ അദ്ദേഹം തെളിയിച്ചിരുന്നു.

ദമയന്തിയായി വന്ന ചെമ്പക്കര വിജയനും തന്റെ റോള്‍ ഭംഗിയാക്കി. എടുത്ത് പറയേണ്ടത് സുദേവനായി വന്ന ഫാക്റ്റ് പദ്മനാഭന്‍ ആയിരുന്നു. സ്വതസ്സിദ്ധമായ ഒരു ശൈലിയിലൂടെ തന്റെ സുദേവനെ അദ്ദേഹം ഭംഗിയായി അവതരിപ്പിച്ചു. ആളകമ്പടികളോടെ എന്ന ഭാഗം വിസ്തരിച്ച് കേമമാക്കി. മേല്‍‌പ്പുടവയെടുക്കേണം എന്ന ഭാഗമൊക്കെ അദ്ദേഹം സ്റ്റൈലിഷ് ആയി മേല്‍‌പ്പുടവയെടുത്ത് ഭംഗിയാക്കി. ലോകധര്‍മ്മി കൂടിയോ എന്ന് ചോദിച്ചാല്‍ ഒട്ടും അരോചകമായില്ല എന്ന് തന്നെ ഞാന്‍ പറയും.

ശങ്കരവാര്യരുടെ മദ്ദളം കാദ്രവേയ.. തുടങ്ങി പല ഭാഗങ്ങളിലും പാട്ടിനൊത്തും മുദ്രക്കൊത്തും കളിക്കൊത്തുമൊക്കെ വായിച്ച്, എന്റെ മനസ്സില്‍ എവിടെയോ കയറി ഇരിക്കുന്നു. റെക്കോര്‍ഡ് ചെയ്യാന്‍ സമ്മതിച്ചില്ല എന്നതില്‍ എനിക്ക് വിഷമമായി.

പൊതുവെ എനിക്ക് തൃപ്തി നല്‍കിയ ഒരു വൈകുന്നേരം തന്നെ ആയിരുന്നു ഇന്നലെ. സന്തോഷായി വിനൂ.. സന്തോഷായി! :)

Article Category: 
Malayalam