പദ്മഭൂഷണവാസുദേവം - ഭാഗം മൂന്ന്
ബാണന്റെ ആട്ടത്തിലേക്ക് വരാം, ആശാന്‍. ബാണന്റെ ആട്ടം ആശാന്‍ ഇപ്പോള്‍ നിലവില്‍ ചെയ്യുന്നത്, പണ്ടു മുതലേ തെക്കന്‍ കളരിയില്‍ ഉണ്ടായിരുന്ന രൂപം മാത്രമാണോ, അതോ ആശാന്‍ ആശാന്റേതായ നിലയ്ക്ക് കുറേ മാറ്റങ്ങള്‍..
അത്, കുറെയൊക്കെ ചെയ്യുമല്ലൊ, ചെയ്യണമല്ലൊ, ഇല്ലെങ്കില്‍ പിന്നെന്തിനാ കലാകാരന്‍ ? ബാണന് .. ബാണയുദ്ധത്തില്‍ ബാണന്‍ ഇപ്പോള്‍ ഈ ആദ്യത്തെ ആട്ടം ഉണ്ട്..
ഗോപുരം ആട്ടം ഒക്കെ..
അതെ, അതൊക്കെ ഉണ്ട്. രാവണവിജയത്തില്‍ തന്നെ കുറച്ച് ആട്ടങ്ങള്‍ ഉണ്ട്, അവിടെ (വടക്ക്) ഇല്ലാത്തതേയ്. ആദ്യം ഞാന്‍ ആ രാവണവിജയത്തിലെ രാവണന് പോക്കിന്റെ അട്ടം പോലെ കുറച്ച് ആട്ടങ്ങള്‍ രൂപപ്പെടുത്തും. വെറുതെ ഇങ്ങനെ യാചിച്ചു മേടിച്ചതല്ല, പിടിച്ചു വാങ്ങിച്ചതാണ് എന്ന് പറഞ്ഞ്, അതിന്റെ ഒരു ചെറിയ, short ആയിട്ട് ഒരു രാവണന്റെ ഒരു ആട്ടം ഉണ്ടാക്കും. അത് കഴിഞ്ഞിട്ട് ദൂതനെ കാണും. ദൂതവധം കഴിഞ്ഞാല്‍, പണ്ടത്തെ വാക്ക് പാലിക്കാന്‍ സമയമായി, ഞാന്‍ പറഞ്ഞിട്ടുണ്ടല്ലൊ അമ്മയോട്, ഈ പുഷപകവിമാനം വെച്ച് കൊണ്ടു കാല്‍ക്കല്‍ വെക്കാം എന്ന്, ഇനി അവനെ വെറുതെ വിടുന്നില്ല എന്ന് പറഞ്ഞ് ഉടനെ സൈന്യങ്ങളെ എല്ലാം ഒരുക്കി, അങ്ങോട്ട് പുറപ്പെടും. പുറപ്പെട്ട്, ചെന്ന്, അളകാപുരി ഈ ... സ്ഥലത്ത് എത്തി, അവിടെ ചെന്നാലുടനെ സന്ധ്യയാകും. “ആ നിക്ക് നില്ല്”. പ്രഹസ്തനെ വിളിച്ചു. കുറച്ചു സൈന്യങ്ങളുമായിട്ട് പോയി അവനെ ഇങ്ങ് പിടിച്ചുകെട്ടിക്കൊണ്ടു വാ. ഞങ്ങള്‍ ഇവിടെ വിശ്രമിക്കാം എന്ന് പറഞ്ഞിട്ട്, കൂടാരമൊക്കെ കെട്ടി, ... പാലിച്ച് നിങ്ങള്‍ ഇവിടെ നില്‍ക്ക്, ഞാന്‍ ഈ പ്രകൃതി ഒക്കെ ഒന്ന് ആസ്വദിക്കട്ടെ എന്ന് പറഞ്ഞ്, ആയുധങ്ങളെല്ലാം അഴിച്ചിട്ട് - പടപ്പുറപ്പാട് ഇതൊക്കെ കെട്ടിയാണല്ലൊ പോകുന്നേ - അവിടെയൊന്ന് സഞ്ചരിക്കും. സഞ്ചരിക്കുമ്പോള്‍ അവിടുത്തെ അന്തരീക്ഷവും, ചന്ദ്രികയും, പുഷ്പങ്ങളുടെ മണവും, വണ്ടിന്റെ നാദങ്ങളും, ഒക്കെയായിട്ട് ഇയാള്‍ക്കൊരു വികാരമുണ്ടാക്കുന്ന, ഒരു അന്തരീക്ഷം. “ഛേ, യുദ്ധത്തിന് പുറപ്പെട്ടിട്ട് വേണ്ടാത്തതൊക്കെ ചിന്തിക്കാന്‍, ഈ സമയത്ത് !”, എന്നൊക്കെ കളയുകയും ചെയ്യും. അതൊക്കെ കഴിഞ്ഞ് ദൂരെ, ഇങ്ങിനെ കാണും, രംഭയെ. രംഭയുടെ വരവാ, ആകാശത്തു നിന്ന് ഇങ്ങിനെ ഒരു രൂപം ഭൂമിയിലേക്ക് ഇറങ്ങി വരുന്നതായിട്ട്. വന്നിറങ്ങി ആകെ, മൂടിപ്പുതച്ച് വരുന്ന രംഭയെ, ഒരു സ്ത്രീയാണ് എന്ന് കണ്ട്, “അടുത്തു വരികയാണ്, ആ ! നല്ല സന്ദര്‍ഭമായല്ലൊ. ഇവളു വരുന്ന വഴിക്ക് മറഞ്ഞിരിക്കുക തന്നെ”, എന്ന് പറഞ്ഞ് - ഈ - വള്ളിക്കുടിലാണല്ലോ, - അങ്ങനെ അങ്ങോട്ട് മാറി ഇയാള്‍ മറഞ്ഞങ്ങ് ഇരിക്കുന്നതു വരെയെ ഉള്ളൂ. രംഭയെ ആ അടുത്ത രംഗത്തിന്റെ സൂചിപ്പിച്ചേ മാറൂ. അങ്ങിനെ ഒരു ആട്ടമുണ്ട് അതിന്. അത് കഴിഞ്ഞാ രംഭയുടെ വരവ്.
“രാകാധിനാഥരുചി” തുടങ്ങുന്നത് പിന്നീടാണ്, ഇതിനു ശേഷമാണ്.
അത് പിന്നെ, ആ ശ്ലോകം പിന്നെ, ഈ ആട്ടം കഴിഞ്ഞല്ലേ ശ്ലോകം. ആ അടുത്ത രംഗത്തിന്റെ സൂചനയാ കൊടൂത്തുപോരുന്നേ, അങ്ങിനെ ഒരു സമ്പ്രദായം പൊതുവേ ഉണ്ട്.
അത് പൊതുവെ കഥകളിയില്‍ ഉള്ളതാണ്.
ഉള്ളതാണല്ലൊ. കഥകളിയില്‍ ഉള്ളതാ. ചിലതിന് അത് ഒക്കാതെ വരും. ഇപ്പൊ ശൃംഗാരപദമുണ്ടെങ്കില്‍ സൂചന കൊടുത്തു പോരുന്ന ഒരു ആട്ടം ഉണ്ടെങ്കിലും ഞാന്‍ അത് കളയാറുണ്ട്. നമുക്ക് കാമകേളിയാണെന്ന് പറഞ്ഞ് ക്രീഡിച്ചിട്ട്, പിന്നെ വേറെ കേറി കാണുക എന്ന് പറഞ്ഞാല്‍, അതിന്റെ സ്വാരസ്യം അങ്ങ് പോകും. അതു കൊണ്ട്, അതിനെ കൊണ്ടിങ്ങ് പോരും. ദൂതന്റെ വരവൊന്നും കാണിക്കാറില്ല. അതൊക്കെ പിന്നെ വന്നോട്ടെ എന്ന് വെക്കാനേയുള്ളൂ (ചിരിക്കുന്നു). നാരദന്റെ വരവാണെങ്കില്‍ ഭാര്യയെ അടുത്തിരുത്തിക്കൊണ്ടു തന്നെ കാണും.
അതിലാ ഒരു നാരദ വര്‍ണനയൊക്കെയുണ്ട്, അഗ്നിയാണ്..
ആ, അഗ്നി, ... സൂര്യന്‍ എന്നൊക്കെ പറയില്ലേ.
പക്ഷെ ബാലിവിജയം രാവണനില്‍ ഇത് വിസ്തരിക്കാറില്ല, ഈ കൈലാസോദ്ധാരണവും പാര്‍വ്വതീവിരഹവും ബാലിവിജയം രാവണന്‍ അത്രമേല്‍ വിസ്തരിച്ച് ചെയ്യാറില്ല..
വിസ്തരിക്കും, ബലത്തില്‍ തന്നെ ചെയ്യും. പക്ഷെ, ആവശ്യമില്ലാത്ത നീളം ഉണ്ടാക്കില്ല എന്നതേയുള്ളൂ. അതിന്റെ ആ short രൂപം കയ്യില്‍ വെക്കും. കഴിഞ്ഞ കാര്യം പറയുക ആണ് എന്ന നിലയില്‍.
വേറൊരു കാര്യം ചോദിക്കട്ടെ, ആശാന്‍. ഉല്‍ഭവം രാവണനെപ്പറ്റിയിട്ടാണ്. ഉല്‍ഭവം രാവണന്‍ പണ്ട് തെക്കന്‍ കളരിയിലുണ്ടായിരുന്നോ ആശാനേ ?
പിന്നെ. ഇവിടെ ഒരുപാട് പേര് ഉല്‍ഭവത്തില്‍ രാവണനില്‍ പ്രസിദ്ധരായിട്ടുണ്ടായിരുന്നല്ലൊ. ചമ്പക്കുളം പരമുപ്പിള്ള.. ആശാന്റെ ഉല്‍ഭവം വളരെ പ്രസിദ്ധമായിരുന്നല്ലൊ.
കണ്ടിട്ടുണ്ടോ ആശാന്റെ ഒക്കെ..
പിന്നെ. എന്റെ ഉണ്ടായിട്ടുണ്ട്, ആശാന്റെ ഉണ്ടായിട്ടുണ്ട്.
അതിന്റെ.. ഞങ്ങള്‍ക്ക് കാര്യങ്ങള്‍ അറിയാന്‍ വേണ്ടിയുള്ള..
വലിയ വ്യത്യാസങ്ങളൊന്നുമില്ല. ചെറിയ ചെറിയ വ്യത്യാസങ്ങളേയുള്ളൂ. കാര്യങ്ങള്‍ ഇതൊക്കെതന്നെയാ.
ത്രിപുടയില്‍.. ഈ താളത്തില്‍ തന്നെയാ ചെയ്തിരിക്കുന്നത്..
അതെ. നാലു കാലം തന്നെ. അതും നാലു കാലം തന്നെ. അത് ചിലപ്പൊ ചാടിയും വെട്ടിയും ഒക്കെ ചെയ്യുന്നിടത്താവും, ഇരുന്നു കൊണ്ടായിരിക്കും ചെയ്യുകഇവിടത്തെ, അങ്ങിനെയൊക്കെയുള്ള വ്യത്യാസങ്ങള്‍.. ചെയ്മനേടെ വ്യത്യാസങ്ങള്‍ കാണും. എണ്ണം ഇതു തന്നയേ ഉള്ളൂ. ഉല്‍ഭവം രാവണന്‍ എന്നു പറയുന്നത് ഒരു കുട്ടിത്തരം വേഷമാ. അതിനെ വലുതാക്കി എടുക്കുകയായിരുന്നല്ലൊ. ഇങ്ങനെ ഒരു ആട്ടം കൊണ്ട്. കഥയില്‍ അത്രയ്ക്കുള്ള സ്ഥാനമേ ഉള്ളൂ ആ രാവണനേ.
ഈ തപസ്സാട്ടം കൊണ്ട് വലുതായി അങ്ങ് എടുത്തതാ.. ഈ ബ്രഹ്മാവ് വരുന്ന സമയത്ത് ത്രിപുട നിന്നിട്ട് വേറെ താളത്തിലേക്ക് മാറുക - അങ്ങിനെ ഒരു സംവിധാനമുണ്ടോ ആശാന്‍, തെക്കോട്ട്? കൊച്ചുലക്ഷ്മീ താളത്തിലേക്കോ അങ്ങനെ കേട്ടിട്ടുണ്ടോ ?
അത് മറയുന്ന.. ബ്രഹ്മാവു മറയുന്ന സമയത്ത്, കുട്ടി ലക്ഷ്മി എന്ന -ധീം തത്തകതത്തത്ത, ധീംധീംതത്തകതത്തത്ത, ധീംതത്തത ധീംധീംതത്തത ധീം... അങ്ങിനെയാണ് മറയുന്നത്. അങ്ങിനെയൊക്കെ പണ്ട് ഒരു രൂപമുണ്ടായിരുന്നു വേറെ. അതിനാണ് ലക്ഷ്മീകാലം എന്നൊക്കെ പറയും.
അങ്ങിനെ കുറേ കേട്ടിട്ടുണ്ട്. അതു കൊണ്ട് ചോദിച്ചു എന്നു മാത്രം. ആശാനോടല്ലാതെ വേറെ ആരോടും നിലവില്‍ ചോദിച്ചറിയാനില്ല, അതു കൊണ്ടാണ് ചോദിക്കുന്നത്.. പിന്നീട് നമുക്ക് ... ബാണനിലേക്ക് കടക്കാം, ല്ലേ?
അതെ... ബാണന് ആദ്യം തന്നെ ബാണന്റെ ശൃംഗാരപദമുണ്ടായാല്‍ ബാണന്റെ ആട്ടത്തിന് സ്വാദ് കുറയും. അതുണ്ടാക്കിയെടുക്കണം. ശൃംഗാരപദം കഴിഞ്ഞിട്ട് പിന്നെ ആദ്യേ കേറി വേണം ബലവീരപരാക്രമം ആടാന്‍. ശൃംഗാരപദമില്ലാതിരുന്നാലാണ് കൂടുതല്‍ ഔചിത്യം തോന്നുക. ശൃംഗാരപദം ഒഴിവാക്കിക്കൊണ്ടാണ് അധികവും ബാണന്‍ നടക്കാറുള്ളത്. ആ ആട്ടത്തിനു തന്നെ ഒരു മുക്കാല്‍ മണിക്കൂര്‍ - ഒരു മണിക്കൂര്‍ നീളുമേ, ഒരു രംഗമേ. ആദ്യം തന്റെ ബലവീരപരാക്രമം. ബ്രഹ്മാവിനെ തപസ്സു ചെയ്തു ആഗ്രഹം പോലുള്ള വരങ്ങളൊക്കെ വാങ്ങി, എന്നൊക്കെ പറഞ്ഞല്ലയോ തുടങ്ങുന്നേ. പ്രതാപിയായിട്ടിങ്ങിനെ ഇരുന്നിട്ടാണല്ലൊ അങ്ങിനെ ഒരു ദിവസം ശിവനെ കാണാനായിട്ട് കൈലാസത്തിലേക്ക് പോയി എന്നും, അവിടെ ചെന്നപ്പോള്‍ അവിടെ ആ നൃത്തസമയമായിരുന്നു, ശിവന്റെ ആനന്ദനൃത്തം. ഉടനെ അവിടെ ഉള്ള നന്ദികേശ്വരന്‍ തുടങ്ങിയുള്ള വാദ്യക്കാരും ഒക്കെ നന്ദിയുടെ മദ്ദളവുമൊക്കെ ഓരോന്ന് ആസ്വദിച്ചുകൊണ്ടു നിന്നു, ഒരുത്തന്‍ മിഴാവാണ് നമ്മള് പിന്നെ ഇങ്ങേര് കൈകാര്യം ചെയ്തതായിട്ട് വരുത്തുന്നേ. വലിയ ഉപകരണമാണല്ലൊ. അപ്പോള്‍ അതിന് അടിക്കുന്ന ആള് നേരെയാവുന്നില്ല. അവിടെ ചെന്ന് അയാളോട് അനുവാദം വാങ്ങിച്ച്, അയാള്‍ പരിഭ്രമം പറഞ്ഞു. “ഒന്നും പറയാനില്ല, അതൊന്നും പറയത്തില്ല, നീ തന്നേര്” എന്ന് പറഞ്ഞ്, ഇയാള്‍ കയറി ഇരുന്ന് ഇയാള്‍ വായന തുടങ്ങി. അപ്പോ ഇദ്ദേഹത്തിന്റെ നൃത്തം, കുറേക്കൂടിയങ്ങ് ബലക്കും, അപ്പൊ ഇയാള്‍ വായിക്കുകയും, ശിവന്‍ നൃത്തം ചെയ്യുകയും.. അതിങ്ങിനെ കാണിക്കും. അങ്ങിനെ ശിവനങ്ങ് ആനന്ദനൃത്തമങ്ങ് ആടി ഒടുക്കം അടിച്ചു വെച്ചങ്ങോട്ട് നിന്നു, ശിവന്‍, നൃത്തം കഴിഞ്ഞ് ഇയാളെ നോക്കി. “ആ നീയാ, അതു ശരി. രണ്ടു കയ്യോണ്ടല്ലേ നീ വായിച്ചേ. നിനക്ക് ആയിരം കയ്യുണ്ടാവട്ടെ.” “ഇനി നിനക്കെന്താ വരം വേണ്ടത്”എന്നാണ് ഞങ്ങടെ ആടിക്കൊണ്ടിരുന്നത്. ഞാന്‍ അപ്പഴേ ആ ചോദ്യം അങ്ങ് ഒഴിവാക്കി. അതെന്റെ വേലയാ. അതു കഴിഞ്ഞ് കയ്യു കെട്ടി, കയ്യൊക്കെ കെട്ടി, ഭഗവാനെ തൊഴുതവിടെ നിന്നു. കുറച്ചു ഉപകരണങ്ങള്‍ കൂടി തന്നാല്‍ ഞാന്‍ കുറെക്കൂടി അങ്ങ് വായിച്ചു കേള്‍പ്പിക്കാം എന്നു പറഞ്ഞിട്ട് ഒരു പത്ത് ഉപകരണം അവിടെ ചടേന്നു ഭഗവാന്‍ സൃഷ്ടിച്ചതായി കണ്ടിട്ട്, ഈ ആയിരം കയ്യുകൊണ്ട് പിന്നൊരു മേളം. അതങ്ങ് പൊലിച്ചങ്ങ് വെച്ചു കഴിയുമ്പോള്‍, രംഗത്തിന് വേറൊരു രൂപം വരും.
അത് ആശാന്‍ ചെയ്യുന്നത് വല്ലാത്ത ഭംഗിയാണ്...
അപ്പൊ അതു കഴിയുമ്പൊ ഉടനെ ശിവന്‍ “ഇനി നിനക്ക് ഇഷ്ടമുള്ള ഒരു വരം ചോദിച്ചോളൂ” എന്ന് പറയും. അപ്പഴാണ് “എന്താ വേണ്ടത് എന്നാലോചിക്കട്ടെ. അങ്ങും കുടുംബവും ആയിട്ടു വന്ന് എന്റെ ഗോപുരത്തില്‍ വന്ന് താമസിക്കണം” എന്ന് പറയും. വാല്യക്കാരനായിട്ടാണ് ഉദ്ദേശം. എന്ന് പറയുന്ന ഇടം വരെ കൊണ്ടു വന്നാല്‍ ഒട്ടും സംശയം കൂടാതെ ഭഗവാനും മക്കളും ഭാര്യയും എല്ലാവരും വന്ന് അവന്റെ ഗോപുരത്തില്‍ വന്ന് അവിടെ കാവല്‍ക്കാരനായിട്ട് നില്‍ക്കും. അങ്ങിനെ “ത്രിമൂര്‍ത്തികള്‍ മൂന്നു പേരും എനിക്ക് തൃണമാണ്” എന്ന അഹങ്കാരത്തിന്റെ ആട്ടമാണ് പിന്നെ. പിന്നെയാണ് ശരിയായ വീരത്തിലേക്ക് കടക്കുന്നേ. ആ സഞ്ചാരമൊക്കെ. അവിടന്ന് അവിടെ പോയിരുന്ന് അഹംകരിക്കുമ്പോഴാണ് കയ്ക്ക്ത്തരിപ്പ്. കയ്ക്ക് തരിപ്പ്. കയ്ത്തരിപ്പ് എന്നാണ് അതിനു പറയുന്നേ. അതൊക്കെ ഓരോന്നോരോന്നായിട്ട് കാലമനുസരിച്ച്.. ചെറിയ രൂപം.. അതു കഴിഞ്ഞാ അത് സഹിക്കായ്ക ആയിട്ട് കുറെ കയ്യുകള്‍ കൊണ്ടു ... നടന്ന ആളല്ലയൊ.. യുദ്ധത്തിനുള്ള സൌകര്യങ്ങള്‍ ഒന്നും ഇല്ല, ശിവനല്ലയോ നില്‍ക്കുന്നേ ഗോപുരത്തില്‍ ആരെങ്കിലും വരുമോ യുദ്ധത്തിന്. അവിടെ ഇയാള്‍ടെ വിഷമങ്ങളേയ്. അങ്ങിനെ അങ്ങോട്ട് നടന്നങ്ങോട്ട് ഇടിച്ച് കാണുന്നവരെയെല്ലാം ഇടിച്ച്, അവരെല്ലാം പേടിച്ചോടി, ഇയാള്‍ക്കങ്ങിനെ എന്തു ചെയ്യണം എന്ന് അറിയാന്‍ മേലാതായി. അങ്ങിനെ ആ അഹങ്കാരത്തില്‍ നടക്കുന്ന കൂട്ടത്തിലാണ്.. ഈ ശത്രുക്കള്‍ ഒന്നും ഉണ്ടാവാതിരുന്നാല്‍ ഞാന്‍ ഈ കയ്യുകള്‍ കൊണ്ട് എന്തു ചെയ്യാനാ. ... ഭൂമിയ്ക്ക് ഭാരമായിട്ട് ചുമന്നങ്ങോട്ട് നടന്നാല്‍ മതിയോ. എന്നൊക്കെ ഇങ്ങിനെ സ്വന്തം ചിന്തിച്ചു കഴിഞ്ഞിട്ടാണ്, ശിവനോട് തന്നെ പോയി ഒന്ന് എതിര്‍ത്താലോ ? ഹേയ്, ശരിയല്ലല്ലോ, എന്നു പറഞ്ഞ് പിന്നെയും അസഹ്യമായിട്ട് കയ്ത്തരിപ്പ് അങ്ങു കേറുവാ... അങ്ങിനെ ഓരോ ആട്ടങ്ങള്‍ അങ്ങിനെ വന്നു കഴിഞ്ഞാല്‍.. എന്നിട്ടും സന്തോഷം ആകുന്നില്ല. ശകലം യുദ്ധമാകാം,. എന്ന് പറയുന്നേ.
അത് കഴിഞ്ഞാല്‍ പിന്നെ “ശിവന്റെ അടുത്ത് സന്തോഷമായിട്ടു തന്നെ ചെന്ന്, എന്റെ കൈത്തരിപ്പ് ഒന്നടക്കിത്തരണം നമുക്ക് തമ്മില്‍ യുദ്ധം ചെയ്യണം, എന്ന് പറഞ്ഞാലോ? വേറെ ഒരു വഴിയില്ല, ഇതു തന്നെ എന്നങ്ങു തീരുമാനിക്കുവാ . അവിടെ നിന്നാണ് പിന്നെ ആ ഗോപുരം. അവിടെ നന്ദികേശ്വരന്‍, ഗണപതി, സുബ്രഹ്മണ്യന്‍, ഭൂതം, ശിവന്‍, പാര്‍വ്വതി - ഇത്രയും വേഷങ്ങള്‍ ആ രംഗത്തുണ്ടാകും. അവിടെ നിന്ന് ആദ്യമേ വന്നാല്‍ കാണുന്നത് നന്ദികേശ്വരനെയാ. ആ അങ്ങോട്ട് പോകേണ്ട, ഈ ഇവനും ആയിട്ട് ആയിക്കളയാം, ശിവന്റെ അടുത്തു വരെ പോകണ്ട, എന്ന് പറഞ്ഞ് അവനോട് ഒരു യുദ്ധം, “എന്നാല്‍ നമുക്കൊന്ന് യുദ്ധം ആയാലൊ?” “ഹേയ്, എന്നെക്കൊണ്ട്..ഞാനില്ല.” ഇല്ല എന്ന് പറയും, പിന്നെ ഗണപതിയെ കാണും. ഗണപതിയ്ക്ക് പ്രീതിപ്പെടുത്താന്‍ അപ്പം ഒക്കെ കൊടുത്ത് സന്തോഷിപ്പിച്ചിട്ട്, “നമുക്കിതൊന്നങ്ങ് പിടിച്ചാലോ?” “ഹേയ്യ് പോട്ടെ, വേണ്ട അതു വേണ്ട.” “എന്നാല്‍ വേണ്ട.” അപ്പോള്‍ കാണും സുബ്രഹ്മണ്യന്‍. “ആ ഇതു കൊള്ളാം. ഇവന്‍ അല്ലെങ്കിലും കുട്ടിക്കാലത്തേ ഗംഭീരനല്ലേ ?” സുബ്രഹ്മണ്യനോട് ചെന്ന് കാര്യങ്ങള്‍ പറയുക. അയാള്‍ ചില ഇതൊക്കെ ആയിട്ട് ഇരിക്കുകയാണ്. കണ്ടൂ. “സൌഖ്യം തന്നെയല്ലേ?” “ഓ അതെ.” “നമുക്ക് തമ്മില്‍ ഒന്ന് യുദ്ധം ചെയ്താലോ.. ചെറുതായിട്ടൊന്ന്.. അത്രയും മതി.”.. അദ്ദേഹവും ഒഴിഞ്ഞു. അതു കഴിയുമ്പോള്‍ അല്ലേ ഭൂതം ചാടി വീഴുക.. അതൊക്കെ നാടകീയത. അതിനെ കോഴിയൊക്കെ അറുത്ത് രക്തം ഒക്കെ കൊടുത്ത്, സമാധാനിപ്പിച്ച് അവനെ അവിടെ നിര്‍ത്തും. ഇതു കഴിഞ്ഞിട്ട് കയറിച്ചെന്നാണ് ശിവനെ കാണുന്നത്. ശിവനെ കാണുമ്പോള്‍ ശിവന്‍ മൌനമായിട്ട് ഇരിക്കുന്നു. എന്താ കാരണം ? എന്നു പറഞ്ഞിട്ടാണ് നമ്മുടെ ആ മറ്റേ ആട്ടം ഉണ്ടാക്കില്ലേ.. വിഷം കുടിച്ച കഥയാണ് സാധാരണ ആടുന്നത്. ഞാന്‍ അത് ചെയ്യാറില്ല.ജാത്യവൈരം വെടിഞ്ഞ് ജന്തുക്കള്‍ ഇതുങ്ങളെ എല്ലാം നിയന്ത്രിച്ചു കൊണ്ടിരിക്കുന്ന ശിവന്റെ പ്രയാസം കൊണ്ടായിരിക്കാം മൌനമായിട്ട് ഇരിക്കുന്ന് എന്ന് കളയുകയേ ഉള്ളൂ ഞാന്‍. വിഷം കഴിച്ച കഥ ബാണന്‍ ചെയ്യാറില്ല. കഥ അങ്ങനെയാണ്. ആദ്യമേ തന്നെ ദേവീടെ വാഹനവും ശിവന്റെ വാഹനത്തിനേം കാണും. ഇവര തമ്മിലുള്ള കൊമ്പ് കോര്‍ക്കലും ഒരു കണ്ണിലുള്ള കൊമ്പ് കോര്‍ത്തതും, സിംഹവും കാളയും കൂടെ അല്ലയോ ? അവര്‍ തമ്മില്‍ അങ്ങോട്ടും ഇങ്ങോട്ടും കിടന്ന് ബഹളം കൂട്ടുന്നതും, തട്ടിത്തടവി അവരെ സമാധിനിപ്പിക്കലും. അതു കഴിഞ്ഞാല്‍ ഇപ്പുറത്ത് സുബ്രഹ്മണ്യന്റെ വാഹനം മയില്‍, ശിവന്റെ കഴുത്തില്‍ പാമ്പ്, മയില്‍ ഇങ്ങിനെ അങ്ങോട്ട് നോക്കുമ്പോഴത്തേക്കും അത് ഇങ്ങിനെ പത്തി കാട്ടി ജടയില്‍ ഇടയില്‍ പോയി ഒളിക്കുന്നതും. അതു കഴിഞ്ഞാല്‍ പിന്നെ ഇദ്ദേഹത്തിന്റെ കയ്യിലെ പാമ്പുകളും ഗണപതിയുടെ വാഹനമുണ്ടല്ലൊ, അയാളെ പേടിച്ചു നോക്കും, പാമ്പിന്റെ അങ്ങോട്ടുള്ള നില്‍പ്പും.. ഇങ്ങിനെ ഇവര്‍ തമ്മിലുള്ള കുറേ കോലാഹലങ്ങള്. ഇതിനിടയിലേയ് എല്ലാത്തിനേയും സമാധാനപ്പെടുത്തി ഇരിക്കുന്നതിന്റെ വിഷമം കൊണ്ടാവാം. ആ എന്തെങ്കിലും ആവട്ടെ ..
അത്രയും വിശദമായിട്ടുള്ള ആട്ടം വാസ്തവത്തില്‍ കഥകളിയില്‍ തന്നെ അപൂര്‍വ്വമാകും. അത്രയും വലിയ ഒരു കാര്യം, അത് ആശാന്‍ നിര്‍വഹിച്ച വലിയ, എന്താ പറയുക, കഥകളിയുടെ ഒരു അഭിമാന ആട്ടമാണത്.. സംശയമില്ല.
അല്ല അത്, ഫലിപ്പിച്ചേ ചെയ്യുകയുള്ളൂ. ഇളകിയാട്ടങ്ങള്‍ അങ്ങിനെ ഫലിപ്പിച്ചേ ചെയ്യാവൂ. പദത്തിന്റെ കൂടെയാണെങ്കില്‍ ചിലപ്പൊ കുറച്ച് ഉഴപ്പിയാലും, അതും കൂടെ ഉള്ളതു കൊണ്ട് ജനങ്ങള്‍ക്ക് പ്രയോജനപ്പെടും. നമ്മള്‍ ഇപ്പോള്‍ ഒരു ഇളകിയാട്ടം കയറി ചെയ്താലും, ശാസ്ത്രവും നിയമവും ഒക്കെ കളയാതെ തന്നെ, അതിന്റെ കുറച്ച് ഈ ലോകധര്‍മിയുടെ ചെറിയ അംശം ആട്ടത്തിന്റെ എല്ലായിടത്തും ഉണ്ടാകണം. അല്ലെങ്കില്‍ നമുക്ക് അത് എന്താണ് എന്ന് മനസ്സിലാകാതെ വരും. പ്രേക്ഷകന് പ്രയോജനപ്പെട്ടില്ലെങ്കില്‍ കല കൊണ്ടെന്തു പ്രയോജനം ? ഇതൊക്കെ പണ്ടത്തു വെയ്ക്കാന്‍ ഉള്ളതാണോ ? പ്രേക്ഷകന് അതിന്റെ ഫലം കിട്ടണം. നമ്മള്‍ പറയുന്നത്.. എന്നോടാരോ.. ഒരു വ്യക്തി പറഞ്ഞു - “ആശാന്‍ ഇങ്ങിനെ കാണിച്ചാലേ, വര്‍ത്തമാനം പറയുന്നത് പോലെ മനസ്സിലാകും.” എന്ന് ഒന്നു രണ്ടു പേര്‍ പറഞ്ഞിതായിട്ട് ചെല ഓര്‍മ്മയുണ്ട്. അല്ല അങ്ങിനെ നമ്മള്‍ ചെയ്തില്ലെങ്കില്‍ പിന്നെ നമ്മളെന്തിനാ.. നമ്മള്‍ നമ്മുടെ സമാധാനത്തിനു വേണ്ടി ചെയ്താല്‍ മതിയോ ? ഞാന്‍ മാധവവും നൈഷധോം ഒക്കെ ആടി; ആര്‍ക്കു വേണ്ടി ? പുരാണങ്ങള്‍ ആടി എന്ന് പറഞ്ഞാല്‍ കാര്യമില്ല. അല്ലെങ്കില്‍ ഒരു കഥ രൂപപ്പെടുത്തി എന്നു പറഞ്ഞാല്‍ അത് ഫലിക്കണം. അത് കഥകളിയില്‍ പൊതുവെ എന്റെ ഒരു രൂപമാണ്. അങ്ങിനെയെ ചെയ്യൂ. ഫലിപ്പിച്ചു ചെയ്യണം എന്നുള്ളത് നിര്‍ബന്ധമാണ്. കാണികള്‍ക്ക് പ്രയോജനം വരണം. ആ പറഞ്ഞത് എന്താണെന്ന് അവര്‍ക്ക് അത്യാവശ്യം കുറച്ചെന്തെങ്കിലും അറിയുന്നവര്‍ക്ക് മനസ്സിലാകണം.
(തുടരും)