You are here
കഥകളിമേളത്തിലെ ലാവണ്യസങ്കല്‍പം
Submitted by sunil on Wed, 2012-11-28 18:16
Malayalam
Forums:
https://www.facebook.com/groups/kathakali/permalink/488230054531615/
2012 നവംബര്‍ 26: തിരുവനന്തപുരത്ത് ദൃശ്യവേദി സംഘടിപ്പിച്ച 'കഥകളിമേളത്തിലെ ലാവണ്യസങ്കല്‍പം' എന്ന വിഷയത്തെ അധികരിച്ച് ഡോ. മനോജ് കുറൂര്‍ സംസാരിച്ചു. കഥകളിയില്‍ ഇന്ന് നാം കാണുന്ന വാദ്യങ്ങള്‍ എപ്രകാരമാണ് കഥകളിയുടെ ഭാഗമായത്, എങ്ങിനെയാണ് അവ പരസ്പര പൂരകങ്ങളായി അരങ്ങത്ത് പ്രവര്‍ത്തിക്കുന്നത്, കേരളത്തിലെ വാദ്യകലാകാരന്മാരുടെ സംഭാവനകളായ ഇടഞ്ഞുകൊട്ടലും ഉരുളുകൈ പ്രയോഗവും, ഏതൊക്കെയാണ് കഥകളിയില്‍ ഉപയോഗിച്ചു വരുന്ന വിവിധ താളങ്ങള്‍; ഇപ്രകാരമുള്ള വിജ്ഞാനപ്രദമായ പ്രാഥമിക കാര്യങ്ങളുടെ വിശദീകരണമായിരുന്നു ഏതാണ്ടൊരു മുക്കാല്‍ ഭാഗവും. ഇവിടെ പറഞ്ഞവയില്‍, ഉരുളുകൈ പ്രയോഗം കേരളത്തിനു പുറത്തെവിടെയും (കോലുപയോഗിച്ച് കൊട്ടുന്ന വാദ്യങ്ങളില്‍) പ്രചാരത്തിലില്ല എന്നത് ശ്രദ്ധേയമായൊരു തിരിച്ചറിവായിരുന്നു. ഇടഞ്ഞു കൊട്ടലെങ്ങിനെയാണ് ഒരു ആസ്വാദ്യകരമായ അനുഭവമാവുന്നതെന്നതിന്റെ സാങ്കേതികമായ വിശദീകരണവും ഉപകാരപ്രദമായിരുന്നു.
താളങ്ങളെ വളരെ ലളിതമായി പരിചയപ്പെടുത്തിയതാണ് ഏറെ ഇഷ്ടമായത്. ഒരു സംക്ഷിപ്തം:
അടി = സശബ്ദക്രിയ, ഇട = നിശബ്ദക്രിയ
1 അടി + 1 ഇട = ഏകതാളം
2 അടി + 1 ഇട = രൂപതാളം
3 അടി + 1 ഇട = ചമ്പട
4 അടി + 1 ഇട = കാരിക
5 അടി + 1 ഇട = പഞ്ചാരി
ചമ്പട തന്നെ 3 അടി + 1 അടി + 3 അടി + 1 ഇട (രണ്ട് ചമ്പടകള്‍, ഇടയ്‍ക്കുവരുന്ന ഒരു ഇട കൂടി അടിയാക്കി) അങ്ങിനെ 7 അടി + 1 ഇട എന്ന രീതിയിലും ഉപയോഗിച്ചു വരുന്നു. കര്‍ണാടക സംഗീതത്തിലെ ആദിതാളത്തിന്റെ അത്രയും മാത്രകള്‍. പിന്നെ വരുന്ന താളങ്ങള്‍ ഇവ വിവിധ രീതികളില്‍ കൂട്ടി ഉപയോഗിക്കുന്നവയാണ്. ചമ്പട തന്നെ പതികാലത്തിലാവുമ്പോള്‍ 8 മാത്രകളുള്ളതിനെ 32-ലേക്ക് പെരുപ്പിക്കുന്നു. അങ്ങിനെ വരുമ്പോള്‍ അവയുടെ താള ഘടനയിലും വ്യത്യാസമുണ്ട്.
മര്‍മ്മതാളം = 1 ഏകം + 1 രൂപം + 1 ചമ്പട + 1 കാരിക
ചമ്പ = 1 കാരിക + 1 രൂപം + 1 ഏകം
അടന്ത = 2 കാരിക + 2 ഏകം
തൃപുട = 1 രൂപ + 1 ചമ്പട // മുറിയടന്ത എന്നും പറയപ്പെടുന്നു.
ഓഫ്: ഓര്‍മ്മയില്‍ നിന്നെഴുതിയതാണ്. തെറ്റുണ്ടെങ്കില്‍ തിരുത്തുക. എനിക്കിത്രയും ഓര്‍മ്മയില്‍ നിന്നു എന്നതാണത്ഭുതം. ഡോ. മനോജ് ഒരു നല്ല അധ്യാപകനാണെന്നും മനസിലായി. :-) മുറിയടന്തയെക്കുറിച്ച് മറ്റു ചിലതും കൂടി പറഞ്ഞു. അവ മനസിലായില്ല. (അതിനെച്ചൊല്ലി എന്തൊക്കെയോ വിവാദങ്ങളുണ്ടായതും മറ്റും.)
കഥകളിയിലെ വാദ്യകലാകാരന്മാര്‍ അഭിമുഖീകരിക്കുന്നൊരു പ്രധാന പ്രശ്നമായ; നടന്റെ കൈക്കു കൂടണോ അതോ സംഗീതത്തിനു ഭംഗം വരാതെ ഒതുക്കി കൊട്ടണോ എന്നത് അവതരിപ്പിച്ചാണ് മനോജ് കുറൂര്‍ തന്റെ പ്രസംഗം അവസാനിപ്പിച്ചത്. മേളക്കാര്‍ നടനാണ് കൂടേണ്ടത്, അല്ലാതെ സംഗീതത്തിനല്ല എന്നാണ് മനോജ് കുറൂറും അവിടെ സന്നിഹിതനായിരുന്ന വാരണാസി നാരായണന്‍ നമ്പൂതിരിയും അഭിപ്രായപ്പെട്ടത്. എന്നാല്‍, ഓരോ വരിയും ആദ്യ തവണ പാടുമ്പോഴെങ്കിലും മേളക്കാര്‍ അധികം ശബ്ദമുണ്ടാക്കാതെ പ്രവര്‍ത്തിക്കണം എന്നായിരുന്നു മറ്റു ചില സദസ്യരുടെ അഭിപ്രായം. എന്താണ് നടന്‍ കാണിക്കുന്നത് എന്നു മനസിലാക്കുവാന്‍ പദം കേള്‍ക്കേണ്ടതുണ്ട് എന്നതാണ് അതിന് ന്യായമായി പറഞ്ഞത്.
വ്യക്തിപരമായ അഭിപ്രായം: പദങ്ങള്‍ കേള്‍ക്കുവാനുള്ളതാണ്, അത് കേള്‍ക്കുന്നത് അരങ്ങത്തു നടക്കുന്നത് മനസിലാക്കുവാന്‍ സഹായിക്കും എന്നതു ശരി തന്നെ. പക്ഷെ, അതിനു വേണ്ടി മേളക്കാര്‍ ഒതുങ്ങി പ്രവര്‍ത്തിക്കണം എന്നതിനോട് യോജിപ്പില്ല. ഓരോ മുദ്രയും ആവശ്യപ്പെടുന്ന പിന്തുണ മേളക്കാര്‍ ചെണ്ടയിലും മദ്ദളത്തിലും നല്‍കുക തന്നെ വേണം. അതല്ലാതെ, ഒരുവട്ടം പാടി കഴിഞ്ഞതിനു ശേഷം ചെണ്ട/മദ്ദളം കൂടിയാല്‍ മതിയെന്നത് പ്രായോഗികമല്ല. ഉദാ:"ദുര്‍ന്നയന്‍ ദുഃശാസനന്‍ ചെയ്തൊരു..." ഇവിടെ പദമാരംഭിക്കുമ്പോള്‍ 'ദുര്‍ന്നയന്‍' എന്ന വാക്കിനൊപ്പം മുദ്രയും വരും. ആ മുദ്രയില്‍ ആഞ്ഞ് കൊട്ടാതിരുന്നാല്‍ എങ്ങിനെ അനുഭവത്താവും? 'ദുര്‍ന്നയന്‍' എന്ന വാക്കു കേട്ടതു കൊണ്ടു മാത്രം കാര്യമായോ? പദം കേള്‍ക്കലല്ല കാര്യം, നടന്റെ അഭിനയം അനുഭവവേദ്യമാവുക എന്നതാണ്. എന്നു കരുതി, മേളത്തിനു ഭാവം വേണ്ട എന്നുമല്ല. പക്ഷെ, മേളം മിതപ്പെടുത്തുന്നത് പദം കേള്‍ക്കുവാനാവരുത്, മറിച്ച് നടന്റെ ആവശ്യത്തിന് അനുകൂലമായാവണം.
"ബാലേ! കേള്‍ നീ..."യുടെ അവതരണത്തില്‍ വരുന്ന വട്ടം വെച്ചു കലാശത്തില്‍ മേളം ഒതുങ്ങി പ്രവര്‍ത്തിക്കുന്ന നിലവിലെ രീതിയോട് ഡോ. മനോജ് കുറൂര്‍ ഇവിടെ വിയോജിപ്പ് പ്രകടിപ്പിക്കുകയുണ്ടായി. വാരണാസി നാരായണന്‍ നമ്പൂതിരിയും സമാനമായി തന്നെ അഭിപ്രായപ്പെട്ടു. യുധിഷ്ഠിരന്റെ ദുഃഖസ്ഥായിക്ക് സാധാരണ വട്ടംവെച്ചു കലാശങ്ങള്‍ക്ക് കൊട്ടുന്നരീതിയില്‍ കൊട്ടിയാലും കുറവൊന്നും വരില്ല; അതിന്റെ നൃത്തസാധ്യതകളെ പൊലിപ്പിക്കുന്ന രീതിയില്‍ തന്നെയാവണം അവിടെ മേളം കൂടേണ്ടത്; മാത്രമല്ല, യുധിഷ്ഠിരന്റെ ദുഃഖത്തേക്കാള്‍ ഉപരി അവര്‍ വന്നുപെട്ടിരിക്കുന്ന സങ്കടാവസ്ഥയുടെ കാഠിന്യം മുറുക്കി കൊട്ടുന്നതിലൂടെ അനുഭവത്താവും - എന്നിവയാണ് മുറുക്കി കൊട്ടുന്നതിനു ന്യായങ്ങളായി പറഞ്ഞത്. ഇപ്രകാരം ഒതുക്കി കൊട്ടിയുള്ളൊരു വട്ടം വെച്ചു കലാശം 'കിര്‍മ്മീരവധ'ത്തില്‍ മാത്രമാണ്, അതിനാല്‍ ആ വ്യത്യസ്തത തുടരട്ടെ; പാഞ്ചാലിയുടെ അവസ്ഥയിലുള്ള യുധിഷ്ഠിരന്റെ ദുഃഖമാണ്, അതല്ലാതെ വന്നു പെട്ടിരിക്കുന്ന അവസ്ഥയുടെ കാഠിന്യമല്ല അവിടെ പ്രസക്തം; ഇവയൊക്കെയാണ് ബദലായി വന്ന ന്യായങ്ങള്‍. വ്യക്തിപരമായി; ഏതു രീതിയിലായാലും കുഴപ്പമില്ല എങ്കിലും അതൊരു നൃത്തമാകയാല്‍, അതിനു ചേരുന്ന രീതിയില്‍ മേളം കൂടണം എന്നൊരു അഭിപ്രായമാണുള്ളത്. സാധാരണ കലാശങ്ങള്‍ക്ക് കൊട്ടുന്നത്രയും ശക്തി നല്‍കാതിരിക്കുകയുമാവാം.
എന്തുതന്നെയായാലും, വളരെ നല്ലൊരു പ്രഭാഷണവും തുടര്‍ന്നൊരു ചര്‍ച്ചയുമാണ് അവിടെയുണ്ടായത്. പരിമിതമായ ശ്രോതാക്കളേ ഉണ്ടായിരുന്നുള്ളൂ എന്നതു പോലും ഒരു കുറവായി തോന്നിയതുമില്ല! ആ കുറവ് വേണമെങ്കില്‍ ഇവിടെ നികത്താവുന്നതേയുള്ളൂ താനും. :-) — with Manoj Kuroor andManoj Kuroor.