കഥകളി.ഇൻഫൊ വെബ്സൈറ്റ് ഉദ്ഘാടനം
കഥകളി.ഇൻഫൊ വെബ്സൈറ്റ് ഉദ്ഘാടനം ഇക്കഴിഞ്ഞ മെയ് ഏഴിന് കാറൽമണ്ണയിലെ വാഴേങ്കട കുഞ്ചു നായർ ട്രസ്റ്റ് ഹോളിൽ വെച്ച് നടന്നു. ഉദ്ഘാടന സമ്മേളനം ട്രസ്റ്റ് പ്രെസിഡന്റ് ശ്രീ കെ. ബി. രാജ് ആനന്ദിന്റെ അധ്യക്ഷതയിൽ ആറു മണിയ്ക്ക് തുടങ്ങി. ശ്രീ ശ്രീചിത്രൻ സ്വാഗതം ആശംസിച്ചു. വാഴേങ്കട കുഞ്ചു നായർ ട്രസ്റ്റ് കഴിഞ്ഞ നിരവധി വർഷങ്ങളായി നടത്തി വന്ന ചരിത്രപരമായി പ്രാധാന്യമുള്ള അനേകം പ്രവർത്തനങ്ങളുടെ സഫലമായ ഒരു തുടർച്ചയാണ് ഈ വെബ്സൈറ്റ് എന്ന് അദ്ദേഹം പറഞ്ഞു.
തുടർന്ന് ശ്രീ. കെ. ബി. രാജ് ആനന്ദ് അധ്യക്ഷ പ്രസംഗം ചെയ്തു. പുതിയ കാലഘട്ടത്തിന്റെ സാങ്കേതിക വിദ്യയ്ക്കനുസരിച്ച് സ്വയം നവീകരിക്കാനുള്ള കുഞ്ചു നായർ ട്രസ്റ്റിന്റെ സന്നദ്ധതയാണ് ഈ വെബ്സൈറ്റിലൂടെ സാക്ഷാൽക്കരിക്കപ്പെടുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
പദ്മഭൂഷൺ രാമൻകുട്ടി നായർ വിളക്കു കൊളുത്തിയതിനു ശേഷം ഉദ്ഘാടന പ്രസംഗം ചെയ്തു. തനിക്ക് പരിചയമില്ലാത്ത മേഖലയാണെങ്കിലും പണ്ട് പുതിയ ആട്ടക്കഥകൾ ശരിക്ക് ചൊല്ലിയാടാതെ അരങ്ങിൽ വേഷം കെട്ടിയത് പോലെ ഈ കർമ്മവും പരിഭ്രമലേശമെന്യേ താൻ നിർവ്വഹിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. എന്നിട്ട് അദ്ദേഹം ലാപ്ടോപ്പിൽ വിരലമർത്തി സദസ്സിന്റെ കരഘോഷത്തിന്റെ അകമ്പടിയോടെ സൈറ്റ് ഉദ്ഘാടനം ചെയ്തു (ശ്രീ ഹരീഷ് നമ്പൂതിരി ഡിസൈൻ ചെയ്ത ഫ്ലാഷ് ആണ് വിരലമർത്തിയപ്പോൽ പ്രൊജക്ടറിൽ പ്രത്യക്ഷപ്പെട്ടത്, അതിനു ശേഷം ബ്രൗസറിൽ സൈറ്റിന്റെ മുഖപേജും പ്രത്യക്ഷപ്പെട്ടു. ഈ സമയത്ത് ശ്രീ നെടുമ്പിള്ളി രാംമോഹൻ ആലപിച്ച രാഗാലാപനവും പശ്ചാത്തലത്തിൽ ഉണ്ടായിരുന്നു).
ശ്രീ മനോജ് കുറൂർ "പാരമ്പര്യ കലകളും അവയുടെ സൈബർ സാധ്യതകളും" എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു. ഇമെയിൽ, ചാറ്റ്, ഗ്രൂപ് മെയിലിങ്ങ് തുടങ്ങിയ ഇന്റർനെറ്റിലെ സൗകര്യങ്ങളെക്കുറിച്ചും, ഫേസ്ബുക്ക്, ഓർക്കുട്ട് തുടങ്ങിയ സോഷ്യൽ നെറ്റ്‌വർക്കിങ്ങ് സാങ്കേതികതയെക്കുറിച്ചും പ്രബന്ധത്തിൽ വിശദീകരിച്ചു. കഥകളി പോലെയുള്ള കലാരൂപങ്ങൾ എങ്ങിനെ നവസാങ്കേതികവിദ്യയെ സമർത്ഥമായി ഉപയോഗപ്പെടുത്താം എന്നതും പ്രബന്ധത്തിന്റെ ആലോചനാവിഷയമായിരുന്നു.
ശ്രീ ശ്രീചിത്രൻ വെബ്സൈറ്റ് ഉണ്ടാകാനിടയായ ചരിത്രപശ്ചാത്തലവും, വെബ്സൈറ്റ് മുന്നോട്ട് വെക്കുന്ന ദർശനവും, കർമ്മപദ്ധതിയും അവതരിപ്പിച്ചു. ശ്രീ നിഖിൽ കപ്ലിങ്ങാട് സൈറ്റിന്റെ സാങ്കേതിക വശത്തെക്കുറിച്ച് പറഞ്ഞു. എന്നിട്ട് വെബ്സൈറ്റ് ഡെമോൻസ്റ്റ്രേഷൻ ഉണ്ടായി. ഇതിൽ വെബ്സൈറ്റിന്റെ പ്രധാന സൗകര്യങ്ങൾ പ്രദർശിപ്പിക്കപ്പെട്ടു. വെബ്സൈറ്റിൽ വിവിധ രീതിയിൽ പങ്കാളികളാകാനുള്ള മാർഗ്ഗവും വിധവും വിശദീകരിക്കപ്പെട്ടു.
ശ്രീ ഏറ്റുമാനൂർ കണ്ണൻ, ഡോ. ടി. എസ്. മാധവൻകുട്ടി, ശ്രീ എം. കെ. അനിയൻ, ശ്രീ ഹരീഷ് നമ്പൂതിരി എന്നിവർ ആശംസകളർപ്പിച്ചു. ട്രസ്റ്റ് സെക്രട്ടറി ശ്രീ പീതാംബരൻ നന്ദിയും പറഞ്ഞു.
ഉദ്ഘാടന സമ്മേളനം സമാപിച്ചതിനു ശേഷം രാത്രി മുഴുവൻ നീണ്ടു നിന്ന കഥകളി ഉണ്ടായി. ആദ്യം ഹംസപ്രവേഷം മുതലുള്ള നളചരിതം ഒന്നാം ദിവസം ആയിരുന്നു. ശ്രീ സദനം നരിപ്പറ്റ നാരായണൻ നമ്പൂതിരി ഹംസമായും, ശ്രീ കലാമണ്ഡലം ഹരിനാരായണൻ നളനായും, ശ്രീ പീശപ്പിള്ളി രാജീവൻ ദമയന്തിയായും വേഷമിട്ടു.
ഈ കളിയുടെ ഒരു ആസ്വാദനക്കുറിപ്പ് ഇവിടെ കാണാം.
അതിനു ശേഷം ശ്രീ കലാമണ്ഡലം പ്രദീപ് നക്രതുണ്ഡിയായും, ശ്രീ കലാമണ്ഡലം സോമൻ ചെറിയ നരകാസുരനായും, ശ്രീ സദനം ഭാസി ലളിതയായും വേഷമിട്ട നിണത്തോടൂ കൂടിയ നരകാസുരവധം കഥയും അരങ്ങേറി.