വിശ്വഭാരതി സർവ്വകലാശാല, ശാന്തിനികേതൻ
പശ്ചിമബംഗാളിലെ കൊൽക്കത്തയ്ക്ക് 180 കിലോമീറ്ററോളം വടക്ക് ബിർഭും ജില്ലയിലെ ഒരു ചെറിയ നഗരമായിരുന്നു ബോൽപുർ. നോബൽ സമ്മാനജേതാവായ രബീന്ദ്രനാഥ ടാഗോർ നിർമ്മിച്ച വിശ്വഭാരതി സർവ്വകലാശാലയിലൂടെ ഈ കൊച്ച് നഗരം ലോകപ്രശസ്തമായി. ഭൂപൻഡംഗ എന്ന ഭോല്പൂറിനു സമീപമുള്ള പ്രദേശം, മുൻപ് ലോർഡ് എസ്.പി. സിൻഹയുടെ കുടുംബം ടാഗോറ് കുടുംബത്തിനു സമ്മാനിച്ചതായിരുന്നു. രവീന്ദ്രനാഥ ടാഗോറിന്റെ അച്ഛൻ ദേവേന്ദ്രനാഥ ടാഗോർ ആണ് വളരെ ശാന്തവും സുന്ദരവുമായ ആ സ്ഥലത്തിനു ശാന്തിനികേതൻ എന്ന് പേരിട്ടത്. ദേബേന്ദ്രനാഥ ടാഗോർ ഈ രണ്ട് പ്രദേശവും ഉൾപ്പെടുത്തി ഒരു ആശ്രമം സ്ഥാപിച്ചു. ബ്രഹ്മചര്യ ആശ്രമം എന്നപേരിലറിയപ്പെട്ടിരുന്ന പ്രസ്തുത ആശ്രമത്തിന്റെ പേർ പിന്നീട് ബ്രഹ്മചര്യ വിദ്യാലയം എന്നാക്കി മാറ്റി. 1901ൽ ദേവെന്ദ്രനാഥ ടാഗോറിന്റെ മകൻ രബീന്ദ്രനാഥ ടാഗോർ (നമ്മുടെ ദേശീയഗാനത്തിന്റെ കർത്താവും നോബൽ സമ്മാന ജേതാവും) വിദ്യാഭ്യാസത്തിനുള്ള സൌകര്യവും അവിടെ ഒരുക്കി. രവീന്ദ്രനാഥ ടാഗോർ തന്നെ ആശ്രമത്തിനെ ഒരു കോളേജ് ആക്കി മാറ്റാനുള്ള ശ്രമങ്ങൾ തുടങ്ങി. 1913ൽ നോബൽ സമ്മാനത്തിലൂടെ ലഭിച്ച തുകകൊണ്ട് നിർമ്മിച്ച കോളേജ് ഡിസംബർ 23, 1921ൽ ഔദ്യോഗികമായി ആരംഭിച്ചും. പിന്നീട് അത് ഒരു സർവ്വകലാശാലയും സാംസ്കാരിക കേന്ദ്രവുമായി മാറി.