മാടമ്പിപ്പെരുമ - ഭാഗം രണ്ട്

Saturday, June 9, 2012 - 15:39
Kalamandalam Madambi Subrahmanian Namboodiri with the interview team

 

രാം മോഹന്‍: ആശാന്റെ തൊട്ട് മുകളില്‍ വരുന്ന കുറുപ്പാശാന്‍ ഗംഗാധരാശാന്‍, ഒപ്പമുള്ളവര്‍, പിന്നെ തൊട്ട് താഴെ വരുന്ന സുബ്രഹ്മണ്യാശാന്‍, ഹരിദാസേട്ടന്‍ - അവരുടെ ഒക്കെ ഒരു ശൈലിയെ ഒന്ന് വിശദമാക്കാമോ? അല്ലെങ്കില്‍ അവര്‍ കൊണ്ട് വന്ന മാറ്റങ്ങള്‍?
മാടമ്പി: അതൊന്നും പറയാന്‍ പറ്റില്ല. (ചിരിക്കുന്നു).. എമ്പ്രാന്തിരി കഥകളിപ്പദ കച്ചേരിക്ക് വേണ്ടീട്ട് രാഗങ്ങളൊക്കെ മാറ്റീട്ട്ണ്ട്. തോടയത്തില്‍ തന്നെ മാറ്റീട്ട്ണ്ട്. അതുപോലെ കിര്‍മ്മീരവധത്തിലെ "മാധവ ജയ ശൌരേ" എന്ന പദം മാറ്റിയിട്ടുണ്ട്. അങ്ങനെ ഒക്കെ ചെയ്തിട്ടുണ്ട് എന്ന് പറയാനല്ലാതെ... (ചിരിക്കുന്നു)

ഹരീഷ്: അന്നത്തെ അനുഭവങ്ങള്‍ ആയിട്ട് എന്തെങ്കിലും ഒന്ന്..
മാടമ്പി: പ്രത്യേകിച്ച് അനുഭവം പറയാനൊന്നും തോന്ന്ണ്ല്യ (വീണ്ടും ചിരിക്കുന്നു). കുറുപ്പാശാന്റെ ഒക്കെ ഒപ്പം പാടുമ്പോള്‍ അവര്‍ രാഗങ്ങളൊക്കെ മാറ്റി.. പെട്ടെന്ന്... കുറുപ്പാശാനൊക്കെ മുന്‍പേ കൂട്ടി തയ്യാറാക്കിയിട്ടൊന്നും അല്ല പാടുന്നത്. അപ്പോ പിന്നാമ്പുറത്ത് ശങ്കിടി നിക്കണ ആളോള്‍ക്ക് നല്ല ബുദ്ധിമുട്ടാ. എങ്ങനെ എന്താ ചെയ്യ്കാന്ന് നിശ്ച്ചല്യാച്ച്ട്ടേയ്. അപ്പോ ഏതാണ്ടൊക്കെ.. അത് പോലെ ഒന്നും ആവുകയൊന്നും ഇല്ലാ.. ന്നാലും.. (ഒപ്പം പാടും)

രാം മോഹന്‍: മൈക്ക് ഒന്നും ഇല്യാത്ത ഒരു കാലത്ത് പാടീട്ടുണ്ടോ?
മാടമ്പി: മൈക്ക് ഇല്യാത്ത കാലത്തോ.. ഞങ്ങടെ ഒക്കെ കാലാവുമ്പോഴേക്കും മൈക്ക് ഒക്കെ വന്നിരുന്നു. കുറേശെ ആയിട്ടുണ്ട്. ഹാര്‍മോണിയം ഉണ്ടായിരുന്നുന്ന് മാത്രം.

രാം മോഹന്‍: അത് പോലെ ശ്രുതി ഒക്കെ.. രണ്ട്.. രണ്ടര കട്ടാ.
മാടമ്പി: ഒന്നരേല് ചുരുങ്ങീട്ട് പാടാറില്ല. കാരണം അതൊരു ശീലം ആദ്യേണ്ടാവോണ്ട്..പിന്നെ മൈക്ക് വന്നപ്പോഴും ശീലം മാറീല്യാന്ന് മാത്രം.

രാം മോഹന്‍: "പുഷ്കര നീ പഴുതേ".. അത് അസാവേരീലോ വരാളീലോ..
മാടമ്പി: വരാളീലാണ് അത് ണ്ടായിട്ടുള്ളത്. അസാവേരീല് ചെല ആളോള് പാട്ണ് ണ്ട് ന്നേ ള്ളൂ..

രാം മോഹന്‍: വരാളീല് കുറച്ച് പാടുമോ? നരകാസുരന്‍ ലളിതയുടെ രാഗം പാടല്‍.. ല്യേ?
മാടമ്പി: അതൊക്കെ ഞാന്‍ ശ്ശി പാടണ്ട വിഷയം ണ്ടോ? (ചിരിക്കുന്നു)
(ശേഷം വരാളി പാടുന്നു...)

രാം മോഹന്‍ & ഹരീഷ്: കരണീയം.. അത് വ്യത്യാസം പണ്ട് പാട്യേര്‍ന്നതില്‍ നിന്ന്..
മാടമ്പി: വ്യത്യാസം.. അങ്ങനെ അല്ല.. (മൂളുന്നു..) ഇറക്കി താളം പിടിച്ച് (ഹരീഷ്:ങ്ഹാ.. അക്ഷരം കുറച്ച്) അങ്ങനെ പാട്യേര്‍ന്നൂ ന്നേ ള്ളൂ. (പാടി കേള്‍പ്പിക്കുന്നു) താളം പിടിക്കല്‍ ഇരട്ടി ആവുമ്പോ വ്യത്യാസം ഉണ്ടാകുന്നൂന്ന് മാത്രേ ഉള്ളൂ. അത് ഞങ്ങളെ പഠിപ്പിക്കുമ്പോ (താളം കൈ വിരലുകൊണ്ട് എണ്ണി കാണിച്ച്) ഇങ്ങനെ കാണിച്ച് പഠിപ്പിക്കുകയുണ്ടായിട്ടുണ്ട് ന്ന് അര്‍ത്ഥം. തുടക്കത്തില്‍ (പിന്നേയും കൈകൊണ്ട് താളം പിടിക്കുന്നു) ഇങ്ങനെ ഏകതാളം പിടിച്ച് ദ്രുതതാളം പിടിക്കുകയാണ്. അപ്പോ എന്താ താളം ന്ന് മനസ്സിലാവില്ല. അല്ലാണ്ടെ പ്രത്യേകിച്ച് മാറ്റമൊന്നും ഇല്ല.

രാം മോഹന്‍: അതൊക്കെ ആരാ ചെല്ലിച്ചിരുന്നത്?
മാടമ്പി: നമ്പീശാശാന്‍. രണ്ടാം കാലത്തിലെ ഇരട്ടി തന്നെ ആണ്.

രാം മോഹന്‍: കഥകളി സംഗീതം സോപാനരീതി ആണെന്നും..
മാടമ്പി: സോപനം ന്ന് പറഞ്ഞാല്‍ ഞാന്‍ ധരിച്ചത് ഈ സോപാനത്തില്‍ ഇരുന്ന് പാടുമ്പോ സോപാനസംഗീതം ന്ന് അങ്ങനെ വന്ന് പോയതാണ്. പിന്നെ അതിന്റെ രാഗത്തിന്റെ കര്‍ണ്ണാടകസംഗീതത്തിന്റെ സമ്പ്രദായമൊന്നും അല്ലാണ്ടൊരു സമ്പ്രദായം.. ആദ്യൊക്കെ ഇത് കേട്ട്കേള്‍വി കേട്ട്കേള്‍വി ആയി.. വന്നതാണ്. അല്ലാതെ സോപാനസംഗീതം എന്നൊരു പ്രത്യേക ഒരു സംഗീതം ഉണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. അഭിനയസംഗീതം എന്ന് പറയുന്നതാവും കുറെക്കൂടെ ഭംഗി. അപ്പോ അതിന് ഒരു പരിധി ഉണ്ട്. ഈ അഭിനയിക്കുന്ന ആളും എല്ലാം കൂടണ സമയത്ത് അതിന് ഒരു പ്രത്യേക ഒരു സമ്പ്രദായവും എങ്ങനെ ഒക്കെ മിഴിവ് വരാമെന്ന് വെച്ചാല്‍ അതിനനുസരിച്ച് അങ്ങനെ ഒക്കെ ചെയ്യലും.. അത്രെ ഉള്ളൂ. അല്ലാണ്ടെ സോപാനസംഗീതം ന്ന് പറഞ്ഞ് പ്രത്യേകിച്ച് ഉണ്ട് ന്ന് എനിക്ക് തോന്നീട്ട്ല്യ.

രാം മോഹന്‍: അന്നൊക്കെ കലാമണ്ഡലത്തില്‍ ക്ലാസ്സ് എടുക്കുമ്പോ എത്രണ്ടും വര്‍ണ്ണങ്ങളും മറ്റും പഠിപ്പിക്കും?
മാടമ്പി: അതിനു സമയം ഉണ്ടായിരുന്നില്ല. ഞങ്ങള്‍ ചേര്‍ന്നിട്ട് രണ്ട് മൂന്ന് കൊല്ലം കഴിഞ്ഞപ്പോളാണ് കര്‍ണ്ണാടകസംഗീതത്തിന് ഒരു അദ്ധ്യാപകനെ വെച്ചത്. അന്ന്‌ കഥകളി സംഗീതത്തിനും കളരിയില്‍ പോക്കും ഒക്കെ ആയി ധാരാളം ഉണ്ടാവും. അപ്പോ ഇതിലേക്ക് (കര്‍ണ്ണാടകസംഗീതത്തിലേക്ക്) ശ്രദ്ധിക്കാന്‍ അത്ര സമയം കിട്ടീല്യ. ഇപ്പോ ഒക്കെ കര്‍ണ്ണാടകസംഗീതത്തിനു മാത്രമായി ഒരു കോഴ്സ് തുടങ്ങിയിട്ടുണ്ട്. കഥകളിസംഗീതത്തില്‍ ഉള്ള പോരായ്മകള്‍ നികത്താന്‍ വേണ്ടി നമ്പീശാശാന്‍ തന്നെ ആണ് കര്‍ണ്ണാടകസംഗീതത്തിനു് ഒരു അദ്ധ്യാപകനെ അവിടെ വെച്ചത്. നിര്‍ഭാഗ്യവശാല്‍ ആദ്യത്തെ വന്ന ആള്‍ക്ക് (കര്‍ണ്ണാടകസംഗീത അദ്ധ്യാപകന്) കഥകളിക്കാരോട് വല്യേ പുച്ഛാ. അപ്പോ അത് കാരണം എന്തിനും എപ്പോളും ക്ലാസ്സില്‍ വന്നാല്‍.. (കുറ്റങ്ങള്‍) തിരുത്താനാണ് കര്‍ണ്ണാടകസംഗീതാദ്ധ്യാപകനെ വെച്ചിരിക്കുന്നതേയ്... (ചിരിക്കുന്നു) ആ ബോധം അദ്ദേഹത്തിന് ഇല്യാത്തോണ്ട്.. (ചിരി) ക്ലാസ്സുകള്‍ അധികം തരാവാതെ ഈ വിമര്‍ശനങ്ങള്‍ കേള്‍ക്കാനാണ് അധികം തരമായത് (ചിരിക്കുന്നു)

സുനില്‍: ആശാന്‍ നേര്‍ത്തെ പറഞ്ഞും മുഖജാളം എന്ന്. എന്താണ് അതിന്റെ പ്രത്യേകത?
മാടമ്പി: പലേ രാഗത്തിന്റേയും ഛായ വരും. ചിലപ്പോ ദ്വിജാവന്തി ചിലപ്പോ മറ്റ് ചിലത്. ആദ്യം ചിലപ്പോ കേട്ട് കേള്‍വി ആയി വന്നതോണ്ട് വന്നതായിരിക്കാം. പിന്നെ നാട്ടരാഗത്തില്‍.. അത് ശരിക്കും നാട്ടരാഗം ആയി തന്നെ പാടുന്നുണ്ട്.

Kalamandalam Madambi Subrahmanian Namboodiriസുനില്‍: ഒന്ന് ചൊല്ലിക്കേള്‍പ്പിക്കാമോ?
മാടമ്പി: ആദ്യം ഒന്ന് സ്ഥാനം പിടിക്കണം. അത് സംഗീതം പഠിക്കുമ്പോഴും അങ്ങനെ ആണല്ലോ.. അത് കഴിഞ്ഞേന് ശേഷം.. 

(ആദ്യം മൂളുന്നു. പിന്നെ മുഖജാളം പാടുന്നു)

സുനില്‍: കഥകളി സംഗീതത്തില്‍ എവിടെയാണ് ഇതിന്റെ പ്രസക്തി വരുന്നത്? അഭ്യസനത്തില്‍ എന്താണ് പ്രസക്തി? എപ്പോഴാണത് പഠിപ്പിക്കുന്നത്? എന്താണതിന്റെ ഇമ്പോര്‍ട്ടന്‍സ്?
മാടമ്പി: തൊണ്ടയൊക്കെ ശരിക്ക് ആവാനുള്ള പരിശീലനം ആണ് ഇത്. ഇത് പാടുന്നസമയത്ത് വേഷക്കാര്‍ മുന്‍പാക്കവും പിന്നോക്കവും കാല് വെച്ച് ആടേണ്ടതും ആണ്. അപ്പോ വേഷ്ക്കാര്‍ ആടുമ്പോ അവിടെ ഒരു ശൂന്യത ഉണ്ടാവരുത് എന്ന് വിചാരിച്ച് ഇങ്ങനെ ഒരു സമ്പ്രദായം ഉണ്ടാക്കിയതാണോ എന്നും നിശ്ചയമില്ല.  പ്രധാനമായിട്ടും എനിക്ക് തോന്നീട്ടുള്ളത് ശബ്ദത്തിന്റെ സ്വാധീനം.. ഗമകങ്ങളും മറ്റുമൊക്കെ വരാന്‍ വേണ്ടിയിട്ടുള്ള ഒരു കാര്യം തുടക്കത്തിലാണിത്.

സുനില്‍: അപ്പോ ഇത് കഥകളിസംഗീതം പഠിക്കുമ്പോ ആദ്യം പഠിക്കുന്നതാണോ? അതോ ഏത് സമയത്താ?
മാടമ്പി:ഇത് സപ്തസ്വരങ്ങളും സ്ഥാനങ്ങളും ഉറക്കാറായാല്‍ പഠിക്കുന്നതാണ്. സാ..പാ..സാ എന്ന് ഫൌണ്ടേഷന്‍ ശരിയാവാനുള്ളതാണ്.

രാം മോഹന്‍: സപ്തസ്വരങ്ങള്‍ എന്ന പദ്ധതി കണ്ട് പിടിക്കുന്നതിനു മുന്‍പ് ഉള്ള ഒരു പദ്ധതി ആണ് എന്നും കേട്ടിട്ടുണ്ട്. (മുഖജാളം) . രാഗം പാടുമ്പോഴും അവസാനം “ആനന്ദ..” പാടുന്ന ഒരു സമ്പ്രദായം...
മാടമ്പി: (തലകുലുക്കി) അങ്ങനെ വേണ്ടതാണ്.

രാം മോഹന്‍: മുന്‍പേ എല്ലാരാഗം പാടുമ്പോഴും ഉണ്ടായിരുന്നു ഇല്ലേ?
മാടമ്പി: ഉവ്വ്.

രാം മോഹന്‍: അക്ഷരശ്ലോകം.. അങ്ങനെ ഉള്ള കലകളില്‍..
മാടമ്പി: അക്ഷരശ്ലോകമൊക്കെ കേള്‍ക്കാന്‍ താല്‍‌പ്പര്യമുണ്ട് അത്രന്നെ ഉള്ളൂ. അച്ഛനും ഏട്ടനുമൊക്കെ ആണ് അതില്‍ കേമന്മാര്‍. അഛനു അക്ഷരശ്ലോകം എന്ന് പറഞ്ഞാല്‍ പിന്നെ വേറെ ഒന്നും വേണ്ട. ഭക്ഷണം കൂടെ വേണ്ടാ. അതിനെ തുടര്‍ന്ന് ഏട്ടനും..

രാം മോഹന്‍: അല്ല, അന്ന് ശ്ലോകങ്ങള്‍ ചൊല്ലി പഠിക്കുക..
മാടമ്പി: ഞാന്‍.. ചെലസമയത്ത് ചൊല്ലി കൂട്ടത്തില്‍ കൂടീന്ന് പറയാം. എനിക്ക് അതിനെ പറ്റി.. (അത്ര അറിയില്ല)

രാം മോഹന്‍: കലാമണ്ഡലത്തില്‍ കഴിഞ്ഞതിനുശേഷം പിന്നെ കര്‍ണ്ണാടകസംഗീതം.. പിന്നെ ഉപരിപഠനം..
മാടമ്പി: പിന്നെ കുറച്ചൊക്കെ ഉണ്ടായിട്ടുണ്ട്.. കോദണ്ഡരാമനാശാനും.. അപ്പോഴെക്കൊക്കെ സമയം ഇല്ലാതായി.. എന്‍.കെ.ബി (പണിക്കര്‍ മാഷ്) എന്നിവരുടെ കീഴിലൊക്കെ കുറച്ചൊക്കെ പഠിക്കല്‍ ഉണ്ടായിട്ടുണ്ട്. പക്ഷെ അതിലൊന്നും വേണ്ടത്ര ശ്രദ്ധിക്കാന്‍ സാധിച്ചിട്ടില്ല.

രാം മോഹന്‍: ഉപകരണങ്ങളോ മറ്റൊ.. മൃദംഗം..
മാടമ്പി: (ചിരിച്ച് കൊണ്ട്) അതൊന്നും ഉണ്ടായിട്ടില്ല. കുറച്ച് കാലം സദനത്തില്‍ അദ്ധ്യാപകനായിരുന്നു. കലാമണ്ഡലത്തില്‍ കോഴ്സ് കഴിഞ്ഞ് രണ്ട് കൊല്ലം സദനത്തില്‍ ആയിരുന്നു.

സുനില്‍: ആ കാലത്തൊക്കെ ധാരാളം കളി കിട്ട്യേര്‍ന്നുവോ? കാരണം അന്നൊക്കെ കുറുപ്പാശാനും ഒക്കെ ഉണ്ടായിരുന്ന കാലമാണല്ലൊ.
മാടമ്പി: ആ കാലത്തൊക്കെ ധാരാളം ഉണ്ടായിരുന്നു. കുറുപ്പാശാനൊക്കെ ഉണ്ട്. എമ്പ്രാന്തിരി ഉണ്ടായിരുന്നു. എമ്പ്രാന്തിരിയും ഞാനും ആയി അനവധി.. അങ്ങനെ ഉണ്ടായിട്ടുണ്ട്.

രാം മോഹന്‍: പഠിച്ചിറങ്ങിയ കാലത്ത് അധികവും നളചരിതങ്ങള്‍ തന്നെ ആണോ? അതോ കോട്ടയം കഥകള്‍?
മാടമ്പി: കോട്ടയം കഥകളൊന്നും അന്ന് അത്ര അധികം ഉണ്ടായിരുന്നില്ല. നളചരിതങ്ങള്‍ തന്നെ ആണ്. രുഗ്മാംഗദചരിതം..കുചേലവൃത്തം.. അങ്ങനെ.. കോട്ടയം കഥകളൊക്കെ ഉണ്ടെങ്കില്‍ തന്നെ ആദ്യഭാഗങ്ങളില്‍ ഒന്നും ഉണ്ടാവില്ല. ഈയിടെ വെച്ചിട്ടാണ് സുഭദ്രാഹരണമൊക്കെ ആദ്യത്തെ ഭാഗങ്ങള്‍ ഒക്കെ കാണണം എന്ന് തുടങ്ങിയിട്ടുള്ളത്. മുന്‍പൊക്കെ കളരിയില്‍ പഠിക്കുക എന്നല്ലാതെ.. ഉണ്ടെങ്കില്‍ തന്നെ ബലഭദ്രനും കൃഷ്ണനും ആ ഭാഗം മാത്രമേ ഉണ്ടാകാറുള്ളൂ.

രാം മോഹന്‍: അന്ന് പഠിച്ചതില്‍ നിന്ന് ഇന്ന് ഒരുപാട് വ്യത്യാസായി പാടുന്നപദങ്ങള്‍ വല്ലതുമുണ്ടോ? ഉദാഹരണത്തിന് ഇപ്പോള്‍.. സലജ്ജോഹം ഒക്കെ ഒരു ഇരുപത്തിയെട്ടില്‍..വടക്കന്‍ രീതിയില്‍.. പാടീര്‍ന്നു എന്ന് കേട്ടിട്ടുണ്ട്. ഇപ്പോ അന്‍പത്തിയാറിലല്ലെ. അങ്ങനെ ഉള്ള വ്യത്യാസങ്ങള്‍?
മാടമ്പി: കേട്ടിട്ടില്ല കേട്ടിട്ടില്ല...തെക്കന്‍ ദിക്കിലൊക്കെ രണ്ടാം കാലത്തില്‍ പാടീര്‍ന്നു ന്ന് കേട്ടിട്ടുണ്ട്. അത് ഇതാണോ ഭീമസേനന്റെ പാഞ്ചാലരാജ തനയേ.. ആണോ എന്ന് നിശ്ചയമില്ല.

രാം മോഹന്‍: തെക്കന്‍ കളരിയില്‍ പാടീര്‍ന്ന്വോ?
മാടമ്പി: കുറേശെ പാടീട്ട്ണ്ട്. അന്ന് പാടീര്‍ന്നില്യ. ശരിക്ക് പറഞ്ഞാല്‍ ഇതിന്റെ സമ്പ്രദായങ്ങളൊക്കെ ഓര്‍മ്മവെച്ച് നിര്‍ത്തണമെങ്കില്‍ തന്നെ നല്ല ബുദ്ധിമുട്ടാ. അത് പോലെ ഇപ്പോ ഓരോരുത്തര്‍ക്കും ഓരോസമ്പ്രദായമായി മാറുന്നുണ്ട് ഇപ്പോ. തെക്കന്‍ വടക്കന്‍ എന്ന് കഴിഞ്ഞ് ഓരോ ആശാന്മാര്‍ക്കും..(ചിരിക്കുന്നു..) അവരുടേതായസമ്പ്രദായങ്ങള്‍.. ഇതൊക്കെ ബുദ്ധിമുട്ട് ഈ പാട്ടുകാര്‍ക്കും മേളക്കാര്‍ക്കും ആണ് വരുന്നത്. ചെറിചെറ്യേ മാറ്റങ്ങളേ ഉണ്ടാവുള്ളൂ.. അത് മാറാണ്ടെ ഓര്‍മ്മവെച്ച് നിക്കണമെങ്കില്‍.. ഇപ്പോ “ഇത്ഥം..: ന്ന് പറഞ്ഞിട്ടുള്ള ശ്ലോകങ്ങള്‍ അനവധി ഉണ്ട്. അപ്പോ അത് പ്രത്യേകിച്ച് ഓര്‍മ്മിച്ച് നില്‍ക്കാന്‍... കഥകളിയില്‍ തന്നെ അങ്ങനെ. പിന്നെ ഓരോരുത്തരുടെ സംഭാവനയും കൂടെ ആയാല്‍... ഞെരുക്കം...(ചിരിക്കുന്നു..)

സുനില്‍: കുടുംബം.. മക്കള്‍ എന്താണവരൊക്കെ ചെയ്യുന്നത്?
മാടമ്പി: രണ്ട് ആണ്‍‌കുട്ടികള്‍. ഒടുക്കത്തെ പെണ്‍‌കുട്ടി. മൂത്ത ആള്‍ ഡല്‍ഹിയില്‍. മുംബായില്‍ രണ്ടാമത്തെ ആള്‍. മറ്റേത് മാര്യേജ് കഴിഞ്ഞ് ഇപ്പോ കോഴിക്കോട് ആണ്. അവിടെ ഹസ്ബന്റ് ഐ.ഐ.എമ്മിലാണ് വര്‍ക്ക് ചെയ്യുന്നത്. അപ്പോ അവിടെ എം ടെക്ക് പഠിക്കുകയാണിപ്പോള്‍. മൂത്ത ആള്‍ക്ക് ഒരു മകന്‍. രണ്ടാമത്തെ ആള്‍ടെ മാര്യേജ് കഴിഞ്ഞിട്ട് ഒരുകൊല്ലം കഴിഞ്ഞിട്ടേ ഉള്ളൂ. മകള്‍ക്ക് രണ്ട്‌ കുട്ട്യോള്‍. ശരിക്കും പറഞ്ഞാല്‍ എന്റെ ആദ്യത്തെ മാര്യേജിലാണ് രണ്ട് ആണ്‍‌കുട്ട്യോളുള്ളത്. സെക്കന്റ് മാര്യേജില്‍ ആണ് പെണ്‍‌കുട്ടി. ആദ്യത്തെ വൈഫ് മരിച്ചു.

രാം മോഹന്‍: വിദേശയാത്രകള്‍ എങ്ങന്യാ.. രസകരമായ അനുഭവങ്ങള്‍..
മാടമ്പി: അനുഭവം എന്ന് പറഞ്ഞാല്‍.. അവര്‍ക്ക് കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി കൊടുത്താല്‍ നല്ലോണം ആസ്വദിക്കണ ആള്‍ക്കാരാണ്. ഫുള്‍‌നൈറ്റ് കളി വെച്ചാലും വിരോധമില്ല അവര്‍ക്ക്. ഫ്രാന്‍സിലൊക്കെ പോയിയ സമയത്ത് ഫുള്‍‌നൈറ്റ് ഉണ്ടായിരുന്നു. അപ്പോ ഞങ്ങള്‍ കലാകാരന്മാര്‍ക്കാണ് പണി. ഒന്ന് കഴിഞ്ഞാല്‍ പിന്നെ ഇതന്നെ ആവര്‍ത്തിക്കുകയാണ്. ആദ്യത്തെ ഷോക്ക് ആളുകള്‍ക്ക് സീറ്റ് കിട്ടാഞ്ഞിട്ടേയ്..

രാം മോഹന്‍: ഇംഗ്ലീഷ് സാഹിത്യമായി ഒരു പരീക്ഷണം ഉണ്ടായിട്ടില്ലേ?
മാടമ്പി: ഇംഗ്ലീഷ് സാഹിത്യം ഇതില്‍ക്ക് പറ്റില്യ. ഞാന്‍ അങ്ങനെ ഒരു പരീക്ഷണത്തിനു ഉണ്ടായിട്ടില്ല.

സുനില്‍/രാം മോഹന്‍/രാജാനന്ദ്: കിങ്ങ് ലിയര്‍.. ഇലിയഡ്..
മാടമ്പി: ഉച്ചാരണം തന്നെ ഇംഗ്ലീഷിലായാല്‍ പറ്റില്യേയ്. എന്താപറയണത് ന്ന് ഈ പാടണ ആള്‍ക്കും അറിയില്ല്യ. എന്താ കാണിക്കണ്ടത് ന്ന് വേഷക്കാര്‍ക്കും അറിയില്യ.

സുനില്‍: അപ്പോ അങ്ങനെ നോക്കുമ്പോ സിംഗപ്പൂര്‍ ഭാസ്കര്‍ കഥകളി അക്കാദമി ചൈനീസില്‍ ഒക്കെ ആണ് അവര്‍ ചെയ്യുന്നത്.
മാടമ്പി: ഇന്ത്യന്‍ ഭാഷകളിലുള്ള ഏത് സാഹിത്യമായാലും കഥകളിയിലേക്ക് പറ്റും. മറ്റേ വിദേശരാജ്യങ്ങളില്‍ത്തെ.. ഇപ്പോ ഇംഗ്ലീഷില്‍ ഒരു പാട്ടെഴുതീട്ട് അത് ഇതില്‍ക്കാക്കി പാടാന്‍ പറ്റില്യാന്നര്‍ത്ഥം.

രാം മോഹന്‍: വേറെ വല്ലതും പാട്ടുകളൊ മറ്റോ ചിട്ടപ്പെടുത്തല്‍ അങ്ങനെ വല്ലതും ഉണ്ടായിട്ടുണ്ടോ?
മാടമ്പി: ഇല്യ.. (ചിരിക്കുന്നു)

സുനില്‍: പുത്യേ കഥകള്‍.. ഒരുപാട് പുത്യേ കഥകള്‍ ഇറങ്ങുന്നുണ്ട്. വല്ലതും..?
മാടമ്പി: പുത്യേകഥകള്‍... കിങ്ങ് ലിയര്‍ അങ്ങനെ ഒന്നിറങ്ങിയിട്ടുണ്ട്. അതിലിപ്പോ ചിട്ടപ്പെടുത്തുന്നതില്‍ ഒരു ഭാഗഭാക്ക് ഞാനും... കൃഷ്ണന്‍ കുട്ടി പൊതുവാളാശാന്‍.. പദ്മനാഭാശാന്‍..അങ്ങനെ ഉള്ള കൂട്ടത്തില്‍ ഞാനും..ഉണ്ടായിട്ടുണ്ട് അത്രേ ഉള്ളൂ.

സുനില്‍: പുത്യേകഥകള്‍ വേറെ ഒന്നും പാടീട്ടില്യേ? അതല്ലാതെ വേറെയും ഇഷ്ടം പോലെ ഇറങ്ങിയിട്ടുണ്ടല്ലൊ.
മാടമ്പി: അത് ഉണ്ടായിട്ടില്ല. കിങ്ങ് ലിയര്‍ തന്നെ ഉണ്ടായിട്ടുള്ളൂ. പിന്നെ മഹാകവിയുടെ “അഛനും മകനും” കഥകളി രൂപത്തില്‍ ഉണ്ടായിട്ടുണ്ട്. അതിനു പാടീട്ട്ണ്ട് അത്രേ ഉള്ളൂ.

സുനില്‍: കൃഷ്ണന്‍ കുട്ടി പൊതുവാളുടെ തന്നെ ഇല്ല്യേ?
മാടമ്പി: ഉവ്വ് അതിന് ഞാന്‍ പാടീട്ട്ല്യ.

രാം മോഹന്‍: അത് പോലെ.. കുഞ്ചു ആശാനെ പോലുള്ളവര്‍ക്ക് പാടീട്ട്‌ല്ല്യേ? പൊന്നാനി?
മാടമ്പി: കുഞ്ചു ആശാന് ഞാന്‍ പൊന്നാനി പാടിയിട്ടുണ്ട്. അവരുടെ ഒക്കെ വ്യക്തിത്വം വേറെ ആണ്. എത്ര ബഹുമാനിക്കണ്ടത് ന്ന് നിശ്ചല്യ അങ്ങനെ ആണ് കുഞ്ചുആശാനൊക്കെ. ഒരു തവണ കാലടിയില്‍ ചൊവ്വര വെച്ച് ഒരു കളി ഉണ്ടായി. ഞാന്‍ ശങ്കിടിക്കാരനായിട്ടാണ്. എന്റെ കോഴ്സ് കഴിഞ്ഞ് ശ്ശി കാലായിട്ടൂല്യ. പൊന്നാനി പാടണ്ട ആള്‍ വന്നില്യ. ഗംഗാധരേട്ടനൊ മറ്റോ ആണ്. വന്നില്ല. ഒടുക്കം നിക്കത് വേണ്ടി വന്നു. അപ്പോ ഈ മുദ്രകഴിഞ്ഞാല്‍ അറിയില്ല ഓരോരോ കലാശങ്ങള്‍ വേണ്ടത് എവിടേയാണെന്ന് അറിയില്ല. ഞാന്‍ ആശാനോട് പറഞ്ഞു.."ഞാന്‍ ണ്ടായിട്ടില്യ. ആദ്യം ആണ്. ശങ്കിടി പാടീട്ട്ല്യ.." "അതൊക്കെ അങ്ങ്ട് നടക്കും.. ആ സമയത്ത് അങ്ങ്ട് നടക്കും.." ന്ന് കുഞ്ചുവാശാന്‍. ഓരോസന്ദര്‍ഭങ്ങളിലും നമുക്ക് വേണ്ട വിഷയങ്ങള്‍ ജനങ്ങള്‍ അറിയാതെ നമുക്ക് സിഗ്നല്‍ തന്ന് അദ്ദേഹം മാനേജ് ചെയ്ത് കൊണ്ട് പോയി. അപ്പോ അങ്ങനെ ഉള്ള വേഷക്കാരൊക്കെ ദുര്‍ലഭമേ ഉള്ളൂ. അവരവരുടെ കേമത്തം മാത്രം കാണിക്കുന്ന ആളുകള്‍ ഉണ്ട് ശ്ശി. കുഞ്ചുവാശാനെ ഒക്കെ സംബന്ധിച്ച് നാലുകൈ ഉണ്ടെങ്കില്‍ നാല് കൈകൊണ്ടും തൊഴണം. അദ്ദേഹത്തിന് ഉത്സാഹം ഉള്ളസമയത്ത് കഥകള്‍ പറഞ്ഞ് തരും. പുരാണങ്ങള്‍ കഥകള്‍.. എന്നിവ പറഞ്ഞ് തരുക എന്നല്ലാതെ ചീത്തപറയണ സമ്പ്രദായം..അസഭ്യവാക്കുകള്‍ ഒന്നും വായയില്‍ നിന്ന് വരുന്ന സമ്പ്രദായം ഇല്യന്നെ.

സുനില്‍: കൃഷ്ണന്‍ നായരാശാന് ..
മാടമ്പി: കൃഷ്ണന്‍ നായരാശാന് ദുര്‍ലഭം പാടിയിട്ടുണ്ട്. പൊന്നാനിയും പാടിയിട്ടുണ്ട്. കീഴില്ലം എന്നൊരു സ്ഥലത്താണ്. പിന്നെ ആശാനും വേഷം ശ്ശി ഉണ്ടായിട്ടില്യാന്ന് തോന്നുണൂ.
(അലോചിച്ച്...) രുഗ്മിണീസ്വയംവരത്തിലെ ഒരു ഭാഗം.. അന്ന് ആശാന്റെ വേഷത്തില്‍.. ബ്രാഹ്മണന്‍..സുന്ദരബ്രാഹ്മണന്‍..

സുനില്‍: ഇപ്പോ ഇവിടെ ദുബായിലേക്ക് തിരനോട്ടത്തിന്റെ പ്രോഗ്രാമിനു ആദ്യമായിട്ട് വരുകയാണോ?
മാടമ്പി: തിരനോട്ടത്തിന് ആദ്യമായിട്ട് വരുകയാണ്. തിരനോട്ടാം ഞങ്ങള്‍ക്ക് സ്വതേ ഇല്യല്ലോ.. തിരക്ക് പിന്നിലല്ലെ ഞങ്ങള്‍.. (ചിരിക്കുന്നു)
ഇതിന്റെ ഒരു ഭാഗമായി ഇരിങ്ങാലക്കുടയില്‍ “അരങ്ങ്” ഉണ്ടായപ്പോ അന്ന് ഉണ്ടായിരുന്നു. കുട്ട്യോള് പാടീത് ഇവാല്വേറ്റ് ചെയ്യാന്‍.

സുനില്‍: യൂറോപ്പില്‍ പോകുന്ന പോലെ അല്ല ഇവിടെ. യൂറോപ്പില്‍ വിദേശിയര്‍ തന്നെ ആണ് കാണുവാന്‍ വരുന്നത്. ഇവിടെ അല്ല. മലയാളികള്‍ തന്നെ ആണ് വരുന്നത്.

രാം മോഹന്‍: നാടകാഭിനയം?
മാടമ്പി: ഒരിക്കല്‍ ഉണ്ടായിട്ടുണ്ട്.

രാജാനന്ദ്: പഠിക്കുന്ന കാലത്ത് എന്തെങ്കിലും ശിക്ഷാനടപടികള്‍ നേരിട്ടുട്ടുണ്ടോ?
മാടമ്പി: ശിവരാമനാശാന്റെ കയ്യില്‍ നിന്ന് അടി കിട്ടിയിട്ടുണ്ട്. നമ്പീശനാശാന്റെ കയ്യില്‍ നിന്നും കിട്ടിയിട്ടുണ്ട്. ശിവരാമനാശാന് ഞാന്‍ നേര്‍ത്തെ പറഞ്ഞ പോലെ എത്ര ആയാലും മടുക്കില്ല. ശരിയാവുന്നത് വരെ അതന്നെ ചൊല്ലിച്ച് കൊണ്ടിരിക്കും. അപ്പോ നമുക്ക് ക്ഷമകെട്ടിട്ട് അദ്ദേഹം ചെയ്യണപോലെ ഗോഷ്ടിത്തം അങ്ങ്ട് അഭിനയിച്ചു. അന്ന് മൂന്നാല് അടികിട്ടി. അത് പോലെ നമ്പീശനാശാന്റെ കയ്യില്‍ നിന്നും. ഒരു നാലക്ഷരം ഓര്‍മ്മ വരുന്നില്ല. “അതുമങ്ങി” എന്ന നാലക്ഷരം ഓര്‍മ്മ വരുന്നില്ല. അട്യാങ്ങ്ട് കിട്ട്യപ്പോ ഓര്‍മ്മ വന്നു.അത് പ്പോ ദാ പ്പോഴും മറന്നിട്ടില്ല..

രാജാനന്ദ്: വിദ്യാര്‍ത്ഥികളെ തല്ലിയിരുന്നുവോ? അദ്ധ്യാപകന്‍ ആയിരുന്ന കാലത്ത്?
മാടമ്പി: ഉണ്ടായിട്ടില്ല്യ. പഠിപ്പിക്കാന്‍ നമ്മള്‍ അടിക്കണ്ട വിഷയം ഇല്യ. തോന്ന്യാസം കാണിച്ചാല്‍ എന്തെങ്കിലും ശിക്ഷിക്കാന്‍ എന്നല്ലാതെ.. അവര്‍ (വിദ്യാര്‍ത്ഥികള്‍) തുടക്കക്കാരാണ്. നമ്മള്‍ അനവധി കാലമായിട്ടുള്ളതും. അപ്പോ നമ്മള്‍ രണ്ടോ മൂന്നോ പ്രാവശ്യം പാടുമ്പോളും അവര്‍ക്ക് ആയിക്കോളണം എന്നില്യ. പഠിപ്പിക്കാന്‍ നമുക്ക് ക്ഷമ ഉണ്ടാവുക. അവരുടെ ഭാഗത്ത് നമ്മള്‍ .. പഠിപ്പിക്കണമെങ്കില്‍ അടിക്കണം എന്ന ധാരണ തെറ്റു തന്നെ സംശയമില്ല.

സുനില്‍: കഴിഞ്ഞ് മൂന്ന് ദിവസങ്ങളില്‍ ഇവിടെ നടന്ന തിരനോട്ടം ഉത്സവം 2011നെ പറ്റി എന്താണ് ആശാന് പറയാനുള്ളത്?
മാടമ്പി: വാക്കുകള്‍ ഇല്ല്യാ അതിനു പറയാന്‍. അത്രക്കധികം കേമമാണ്. സംഘാടകരുടെ ശ്രമങ്ങളും.. (എല്ലാം കേമമാണ്).. എല്ലാവരേയും എനിക്ക് നേരിട്ട് പരിചയമില്ല. പരിചയപ്പെട്ടവരൊക്കെ എന്ത് വേണെമെങ്കില്‍ ചെയ്യാന്‍ തയ്യാറായിട്ടുള്ളവര്‍.. ഇത്പോലെ ഒക്കെ ചെയ്യാനുള്ള ആള്‍ക്കാര്‍ ഉണ്ടാവുന്നത് കൊണ്ടാണ് ഇവിടെ ഇങ്ങനെ ഒക്കെ നടക്കുന്നത്. ഇതിനെ എത്ര പ്രശംസിച്ചാലും അധികമാവില്ല. മറ്റൊരു കാര്യം ഞാന്‍.. അവരോട് പറയുകയുണ്ടായി. ഏതെങ്കിലും ഒരു ഭാഗത്തിനെ മാത്രം എടുത്തുകൊണ്ട്.. പ്പോ കഥകളി എന്ന് പറഞ്ഞാല്‍ നാലഞ്ച് വിഷയങ്ങള്‍ കൂടിയിട്ടുള്ളതാണ്. വേഷക്കാരെ. അവര്‍ക്ക് അവസരങ്ങള്‍ ഉണ്ടാവാനായി പത്ത് പതിനഞ്ച് കളി വെച്ചു. അത് പോലെ മറ്റ് വിഷയങ്ങളിലും അവസരങ്ങള്‍ ഉണ്ടാവാനായിട്ട് ചെയ്യാന്‍ സാധിക്കുമെങ്കില്‍ ചെയ്യണ്ടതാണ്. ഇല്ലെങ്കില്‍ അവര്‍ക്കൊരു അപകര്‍ഷത ബോധം വരും. അണിയറക്കാരന്‍ മുതല്‍ വേണം എന്നാ ഞാന്‍ പറയുക.

സുനില്‍: നമ്പീശനാശാനൊക്കെ അരങ്ങ് ശരിക്കും കണ്ട്രോള്‍ ചെയ്ത് കൊണ്ട് പോവുന്നത് കണ്ടിട്ടുണ്ട്. ഇന്നത്തെ കാലത്ത് അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ടോ?
മാടമ്പി: അന്ന് പ്രധാനപ്പെട്ട വ്യത്യാസം എന്താണ് എന്ന് വെച്ചാല്‍.. പൊന്നാനി പാടുന്ന ആള്‍ ചെയ്യുന്നതിനനുസരിച്ച് എല്ലാവരും ചെയ്യാന്‍ തയ്യാറായിരുന്നു. ഇന്ന് ഇപ്പോ അങ്ങനെ അല്ല. ആരാ യോഗ്യന്‍ എന്ന് വെച്ചാല്‍ അവരുപറയുന്നതിനനുസരിച്ച് മറ്റുള്ളവരൊക്കെ ചെയ്യണം. മറ്റത് അങ്ങനെ അല്ല. ആ രംഗം നയിക്കണ്ട ചുമതല.. അടുത്ത കഥക്ക് സമയം കണ്ട് കൊണ്ടും.. അപ്പോ ചില ചരണങ്ങള്‍ വേണ്ടാന്ന് വെക്കണ്ടി വരും. ഇല്യാത്ത ഇരട്ടികളൊക്കെ എടുപ്പിക്കണ്ടി വരും.. അങ്ങനെ ഒക്കെ വേണ്ടി വരും. അതൊക്കെ ചെയ്യാനുള്ള ഉത്തരവാദിത്വം ഈ പൊന്നാ‍നി പാടുന്നവര്‍ക്കാണ്. പൊന്നാനിക്കാരന്‍ അങ്ങനെ ചെയ്താല്‍ അദ്ദേഹത്തിന്റെ മേലെ ഉള്ള ആളായാലും അത് അനുസരിക്കും. ഇന്ന് അങ്ങനെ അല്ല. എന്റെ ഭാഗം മാത്രം നേരെ ആവണം എന്ന് വിചാരിക്കുന്ന ആളുകള്‍ കുറെ ഉണ്ട്.

സുനില്‍: ഇന്ന് അരങ്ങത്ത് പണ്ടത്തെ പോലെ ഉള്ള ആ ടോട്ടല്‍ കൂട്ടായ്മ ഫീല്‍ ചെയ്യാറുണ്ടോ?
മാടമ്പി: ചില സന്ദര്‍ഭങ്ങളില്‍ ചെലപ്പോ ഉണ്ടാവും. ദുര്‍ലഭമാണത്.

സുനില്‍: അത് മനഃപ്പൂര്‍വ്വം വരുത്തുന്നതാണോ അതോ ഓട്ടോമറ്റിക്കലി അങ്ങ്ട് വന്ന് പോവുന്നതാണോ?
മാടമ്പി: ആദ്യം രംഗങ്ങളില്‍ ഉണ്ടായിരുന്ന വേഷക്കാരായാലും പാട്ട് കാരായാലും ശരി അവരുടെ കഴിഞ്ഞാലും അവിടെ തന്നെ ഉണ്ടാകും. ഒന്നുകില്‍ മുന്‍പില്‍ പോയി ഇരിക്കും.ഒരാള്‍ക്ക് വയ്യാണ്ടാവണത് എപ്പോഴാ ന്ന് നിശ്ചല്യല്ലൊ. അപ്പോ പെട്ടെന്നാ ആവശ്യം വരുക. ഞാനിനി പാടില്ല ഇത്രേ പാടുള്ളൂ എന്നൊരു മനോഭാവം ഇപ്പോ വന്ന് കൂടീട്ട്ണ്ടോ ന്ന് നിശ്ചല്ല്യ. ഇന്നലെയൊക്കെ മട്ടന്നൂരിന്റെ തായമ്പകക്ക് ഉണ്ണികൃഷ്ണനും രവിയും ഒക്കെ.. അത് പോലെ രൌദ്രഭീമന്‍ വന്നപ്പോ മട്ടന്നൂരിന്റെ മക്കള്‍ ശ്രീകാന്തും ശ്രീരാജും ഒക്കെ കൊട്ടാന്‍ വന്നു. അത് ആ കൂട്ടായ്മയുടെ ഒരു ഭാഗം ആണ്. രണ്ട് കൂട്ടര്‍ക്കും അത് ഗുണമാണ്.

രാം മോഹന്‍: ഇന്നത്തെ തലമുറയില്‍ ഉള്ളവര്‍ ശ്രദ്ധിക്കേണ്ട കാര്യം എന്താണ്?
മാടമ്പി: അക്ഷരത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കണം. അത് സാഹിത്യത്തിനു പ്രാധാന്യം കൊടുത്തുകൊണ്ട്.. വല്യേ കോട്ടം വരുത്താത്ത തരത്തില്‍.. ചെയ്യണം. സംഗീതം ഉള്ളപോലെ തന്നെ സാഹിത്യത്തിനും കഴിയണതും കോട്ടം വരുത്താതിരിക്കണം. താളം പിടിക്കണം. പിന്നെ രാഗം മാറ്റുകയൊക്കെ ചെയ്യുമ്പോള്‍ ഒന്ന് കൂടെ മുന്‍പേ ആലോചിച്ചിട്ട് ചെയ്യണം.

രാം മോഹന്‍: കഥ പാടണത് പോലെ ആശാന് മേളപ്പദം പാടാനും തോന്നിയിട്ടില്ലേ?
മാടമ്പി: മേളപ്പദമൊക്കെ.. നിക്ക് അത്ര... ഒന്നാമത് ഞാന്‍ എവിട്യാണ് എന്നത് നിക്ക് നല്ലോണം നിശ്ചണ്ട്. എന്റെ യോഗ്യത ഏത് വരണ്ട് എന്നൊക്കെ എനിക്ക് നല്ലോണം നിശ്ചണ്ട്‌. അതിരുകവിഞ്ഞ് ഒന്നിനും ഞാന്‍ പുറപ്പെടാറില്ല. മോഹവുമില്ല.

രാജാനന്ദന്‍: ശിഷ്യന്മാര്‍ക്ക് വേണ്ടി ധാരാളം ഒഴിഞ്ഞ് കൊടുക്കാറുണ്ട് ഇല്ലേ?
മാടമ്പി: ധാരാളം ഒഴിഞ്ഞ് കൊടുക്കാറുണ്ട്. അവരല്ലെ നേരെ ആവണ്ടത്? എല്ലാഭാഗവും ഞാന്‍ തന്നെ ആയാല്‍ പറ്റുമോ? അങ്ങനെ വിചാരിക്കുന്നത് തെറ്റല്ലെ? പുത്യേ വരുന്ന ആളുകള്‍ക്ക് അവസരം ഉണ്ടാവുകയാണ് വേണ്ടത്.

രാജാനന്ദ്: പാരിതോഷികങ്ങള്‍ കിട്ടീട്ടുള്ളത് എന്തൊക്കെ ആണ്?
മാടമ്പി: കഥകളി ക്ലബ്ബുകാരുടെ കുറെ ഉണ്ടായിട്ടുണ്ട്. കെ.എന്‍.പിഷാരടി തൃശൂര്‍.. പിന്നെ ഇരിങ്ങാലക്കുട.. ആനമങ്ങാട്.. അതിനുപുറമെ വാസു നെടുങ്ങാടീടെ പേരിലുള്ളത് ഒന്ന് ഉണ്ടായി.

രാം മോഹന്‍: അപ്പോ ചോദിക്കട്ടെ.. അദ്ദേഹത്തിന്റെ കൂടെ പാടീട്ടുണ്ടോ?
മാടമ്പി: വാസുനെടുങ്ങാടിയുടെ കൂടെ പാടീട്ടുണ്ട്. അധികം ഉണ്ടായിട്ടില്ല. പച്ചായില്‍ ഉത്സവക്കാലത്ത് കുറച്ചൊക്കെ. പിന്നെ പട്ടിക്കാംതൊടി ആശാന്റെ പേരിലുള്ള പാരിതോഷികം കിട്ടുകയുണ്ടായി. കൃഷ്ണന്‍ കുട്ടി പൊതുവാളുടെ പേരിലുള്ളത് പ്രഖ്യാപിച്ചിട്ടുണ്ട് എന്നാണ് കിട്ടുക എന്ന് നിശ്ചല്യ. അത് പോലെ കേരള സംഗീത നാടക അക്കാദമിയുടെ അവാര്‍ഡ് (2010) കിട്ടിയിട്ടുണ്ട്. ഫെല്ലോഷിപ്പല്ല. അവാര്‍ഡ് തന്നെ.  2008ല്‍ ശിഷ്യന്മാരുടെ വകയായും ഉണ്ടായിട്ടുണ്ട്. കലാമണ്ഡലം അവാര്‍ഡ് കിട്ടിയിട്ടുണ്ട്. കലാമണ്ഡലത്തില്‍ നിന്നും പട്ടിക്കാംതൊടി ആശാന്റെ പേരിലുള്ളതും കലാമണ്ഡലത്തിന്റെ പേരിലുള്ളതും രണ്ടും കിട്ടിയിട്ടുണ്ട്.

രാജാനന്ദ്: കിട്ടാതിരിക്കുമ്പോ കിട്ടാത്തതിനെ കുറിച്ച് പരിഭവം ഒന്നും തോന്നീട്ട്ല്യേ?
മാടമ്പി: ഒരു പരിഭവവും ഇല്ല. വരണത് വഴിയില്‍ തങ്ങില്ല. അതിന്റെ പിന്നാലെ ഒട്ട് നടക്കാറുമില്ല.

രാം മോഹന്‍: സമൃദ്ധമായി പാടാനുള്ള കിര്‍മ്മീരവധം ആയാലും കുറച്ച് മാത്രം പാടാനുള്ള ഉത്ഭവം ആയാലും ഒരേ “ദ്” തോന്നിയിട്ടുണ്ടോ?
മാടമ്പി: ആളുകള്‍ക്കാവശ്യം ഞാന്‍ ഇന്നത് പാടണം എന്നതാണ്..(ചിരിക്കുന്നു)

Kalamandalam Madambi Subrahmanian Namboodiriരാജാനന്ദ്: അത് ആരാ ? ആളുകള്‍ പറഞ്ഞിട്ടാണോ അതോ ആശാന്‍ സ്വയം തീരുമാനിക്കുന്നതാണോ?
മാടമ്പി: ഞാന്‍ സ്വയം തീരുമാനിക്കുന്നതല്ല. ഉത്ഭവം ഉണ്ടെങ്കില്‍ അതെങ്ങനെ ആയാലും മാടമ്പി ആശാന്‍ വേണം എന്ന് പറയും അപ്പോ പിന്നെ അതിന്റെ അപ്പുറത്തെ... മുഴുവന്‍ ഞാന്‍ ആയാല്‍ ബാക്കി ഉള്ളവര്‍ക്ക് ഒന്നും ഇല്യാണ്ടാവില്യെ? അങ്ങനെ ഉള്ള ചിട്ടപ്രധാനമായ കഥകള്‍ ഞാന്‍ പാട്യാല്‍ നേരെ ആവും എന്ന് ആളുകള്‍ക്ക് ഒരു ധാരണ ഉണ്ട്. അങ്ങനെ അത് കൊണ്ട് വന്ന് കൂടുന്നതാണോ എന്ന് നിശ്ചല്യ.

രാജാനന്ദ്: കലാകാരന്മാരും ചിട്ടപ്രധാനമായ കഥ ആണെങ്കില്‍ ആശാനെ വിളിക്കാന്‍ വേണ്ടി നിര്‍ബന്ധിക്കാറുണ്ട്.
മാടമ്പി: എന്താ അതിന്റെ ഒരു .. (ചിരിക്കുന്നു...) നേര്‍ത്തെ പറഞ്ഞ പോലെ വല്യേ വെള്ളം ചേര്‍ക്കാണ്ടേ.. അതിന്റെ ഒരു സമ്പ്രദായം പോലെ ചെയ്യണോണ്ടാവുമോ എന്ന് നിശ്ചല്യാ.. (ഭവ്യതയോടേ ചിരിക്കുന്നു..)

ഹരീഷ്: ആശാന്‍ നളചരിതങ്ങളില്‍ ഏതാ കൂടുതല്‍ പാടിയത്?
മാടമ്പി: നളചരിതത്തില്‍ എല്ലാം പാടിയിട്ടുണ്ട് ശങ്കിടി ആയിട്ട്. പൊന്നാനി ആയിട്ട് ദുര്‍ലഭം പാടിയിട്ടുണ്ട്.

രാജാനന്ദ്: രാമു വാര്യരുടെ കൂടെ നമ്പീശനാശാന്റെ കൂടെ പിന്നെ..
മാടമ്പി: കുറുപ്പാശാന്റെ കൂടെ ഉണ്ടായിട്ടുണ്ട്. പിന്നെ എമ്പ്രാന്തിരി. അങ്ങോട്ടും ഇങ്ങോട്ടും മാറി മാറി പാടിയിട്ടുണ്ട്. (പൊന്നാനി/ശങ്കിടി) തെക്കന്‍ ദിക്കിലൊക്കെ പോയാല്‍ ശങ്കിടി പാടിയാല്‍ പിന്നെ എന്നും ശങ്കിടിക്കാരനായിട്ടെ കണക്കാക്കൂ. അയാള്‍ക്ക് കഴിവുണ്ടോ ഇല്യേന്നൊന്നും നോക്കില്ല. അത് ആസ്വാദനത്തിന്റെ ഒരു രീതി അത്രേ ഉള്ളൂ.

രാം മോഹന്‍: പുറമേ ക്ലാസ്സുകള്‍ എടുക്കുകയോ മറ്റോ ഉണ്ടായിട്ടുണ്ടോ?
മാടമ്പി: കേരളത്തിനു പുറത്തൊന്നും ഉണ്ടായിട്ടില്ല.  സ്ഥാപനത്തില്‍ അല്ലാതെ ചിലരെ ഒക്കെ പഠിപ്പിച്ചിട്ടുണ്ട്. കുഴലിപ്പുറം ലക്ഷ്മണന്‍ എന്നൊരു ആളുണ്ട്. അയാള്‍ എന്റെ അടുത്ത് വന്നിട്ടുതന്നെ ആണ് പഠിച്ചിട്ടുള്ളത്. പിന്നെ കിള്ളിമംഗലത്ത് ഹരി എന്നൊരാള്‍. അയാള്‍ പഞ്ചവാദ്യം കൊട്ടുന്നാളാണ്. ചേര്‍പ്പില്‍ ബിന്ദു, വൃന്ദ എന്നിങ്ങനെ രണ്ട് പേരുണ്ട്. അവരെ ഒരുപാട് കാലം പഠിപ്പിച്ചിട്ടുണ്ട്. അവരുടെ മക്കളെ ദാ ഇയാള്‍ (രാം മോഹനെ ചൂണ്ടി) പഠിപ്പിക്കുന്നുണ്ട്.

രാജാനന്ദ്: (രാം മോഹനോട്) രാമനെ ലേശം ആശാന്‍ പഠിപ്പിച്ചിട്ടില്ലേ?
രാം മോഹന്‍: എന്നെ പഠിപ്പിച്ചിട്ടില്ല

മാടമ്പി: പഠിപ്പിക്കുക ഉണ്ടായിട്ടുണ്ടോ ന്ന് നിശ്ചല്യ. (ഇല്യ എന്ന അര്‍ത്ഥത്തില്‍)

രാം മോഹന്‍: ചിട്ടപ്രധാനകഥകളുടെ ആശാന്റെ കാസറ്റുകള്‍ ഒക്കെ കേട്ടിട്ടാണ് കുറെ പഠിച്ചിരിക്കുന്നത്. സുഭദ്രാഹരണം പോലുള്ളത്. എന്റെ ഭാര്യം മീര പഠിച്ചിട്ടുണ്ട് ആശാന്റെ അടുത്ത്. അത് പറയാറുണ്ട് അധികം നളചരിതം കഥകള്‍ തന്നെ ആണ് പഠിപ്പിച്ചിട്ടുള്ളത് എന്ന്. എല്ലാവരും കോട്ടയം കഥകള്‍ ആണ് ആശാന്‍ പാടുക എന്ന് പറയുമെങ്കിലും പഠിപ്പിച്ചിരുന്നത് നളചരിതം കഥകള്‍ തന്നെ ആണ്.
മാടമ്പി: പാലനാട് ദീപ വന്നിരുന്നു. അവര്‍ക്കൊക്കെ ഇപ്പോ തിരക്ക് കൂടുതല്‍ ആയതിനാല്‍ വരവ് കമ്മി ആയി. പിന്നെ പുത്യേ പുത്യേ ആള്‍ക്കാര്‍ ചോദിക്കാറോക്കെ ഉണ്ട്. വയ്യ എന്ന് പറയുകയാണ്. കാരണം അവര്‍ക്ക് നേരെ ആകണമെങ്കില്‍ നമ്മള്‍ ഒരു പത്തോ ഇരുപതോ വട്ടം പാടി കൊടുക്കണം. അത്രക്ക് സ്റ്റാമിന ഇല്ല്യാതായിരിക്കുന്നു.

സുനില്‍: സ്ത്രീകള്‍ പാടിയുള്ള അരങ്ങുകള്‍.. അല്ലെങ്കില്‍ സ്ത്രീ അരങ്ങുകള്‍ എന്താ അതിനെ പറ്റിയുള്ള അഭിപ്രായം?
മാടമ്പി: എല്ലാവരും നന്നായി പാടുന്നുണ്ട്. നന്നായി ചെയ്യുന്നുമുണ്ട്.

സുനില്‍: കഥകളിക്ക് പറ്റുന്നതാണോ?
മാടമ്പി: ഇതൊക്കെ നമ്മുടെ ഒരു തെറ്റിദ്ധാരണ ആണ്. ഒന്ന് പറ്റും മറ്റത് പറ്റില്ല എന്നത്. നന്നയി ചെയ്യുകയാണെങ്കില്‍ അതിന്റെ സമ്പ്രദായപ്രകാരം ചെയ്യുകയാണെങ്കില്‍ പുരുഷനായാലും സ്ത്രീ ആയാലും ഒക്കെ നല്ലതാണ്. അവര്‍ക്ക് എല്ലാ കഥകളും നല്ലപോലെ ആയിക്കോളണം എന്നില്ല പ്രത്യേകിച്ചും സുഭദ്രാഹരണം പോലെ ഉള്ളത്.. അത് കളരിയില്‍ പോയി ശീലിച്ചാലെ പറ്റൂ. അത് പോലെ തോടയം പുറപ്പാട്.. തോടയം ഒക്കെ ശരിക്ക് പറഞ്ഞാല്‍ ഇതിന്റെ ഫൌണ്ടേഷന്‍ ആണ്. താളത്തിനെ സംബന്ധിച്ചുള്ള ഒരു സമ്പ്രദായം ഒക്കെ മനസ്സിലാവാനും... ഒക്കെ.  വേണ്ടിയിട്ടുള്ളതാണ്. ഈശ്വരസ്തുതി എന്ന് പേരിലാണ് പറയുക എങ്കിലും.. അതുപോലെ പുറപ്പാട്.. പതിഞ്ഞ ചെമ്പട അവിടം മുതല്‍ക്ക് പിടിച്ച് ശീലിക്കണതാണ്. അപ്പോ “ബാലെ കേള്‍..” പിടിക്കാനും പ്രത്യേകിച്ച് പഠിക്കണ്ട വിഷയം ഇല്യ.

രാം മോഹന്‍: പഠിച്ച് ഇറങ്ങിയ കാലത്ത് തന്നെ അധികം പൊന്നാനി പാടണ്ടി വന്നിട്ടില്ലേ? രണ്ടാമത്തെ കഥക്കും മൂന്നാമത്തെ കഥക്കും.
മാടമ്പി: അന്ന് അത്രക്കധികം വേണ്ടി വന്നിട്ടില്ല. കിരാതമോ ദക്ഷയാഗത്തിന്റെ അവസാനമോ അത്രക്കൊക്കെയെ വേണ്ടി വന്നിട്ടുള്ളൂ. മറ്റതൊക്കെ ആശാന്മാര്‍ കഴിക്കും. ഒരുതവണ പൊതുവാളാശാന്‍ പറഞ്ഞ് ഹരിദാസന്റെ ശങ്കിടി ഞാന്‍ പാടിയിട്ടുണ്ട്. അതൊന്നും നമുക്ക് നിഷിദ്ധമല്ലാന്ന് അര്‍ത്ഥം. (ചിരിക്കുന്നു) ഹൈദരാലി പഠിക്കണ കാലത്ത് കഥ തോന്നാനും ഒക്കെ നല്ല ബുദ്ധിമുട്ടായിരുന്നു. കുറച്ച് ദിവസം കഴിഞ്ഞപ്പോഴേക്കും എല്ലാം നല്ല നിശ്ചയമായി.

എന്തായാലും നമ്മടെ സമ്പ്രദായം അല്ലാതെ കാലത്തിനു ഒരു സമ്പ്രദായം എന്നൊ എന്താപറയണ്ടത് നിശ്ചല്യ.. അതൊക്കെ ഒന്ന് വേറേ ഉണ്ട്. ഞാനിപ്പോ ഇന്നലെ ചെയ്തതും ഇന്ന് ചെയ്തതും ഒന്ന് തന്നെ ആയിരിക്കും. ഇന്ന് ചെയ്യ്തപ്പോഴെക്കും അത് ‘ഹായ് അത് കേമായിയേയ്..‘ എന്ന് പറയും. അത് പ്പോ നമ്മടെ സമയം നന്നായിയാലെ ഇതൊക്കെ ശോഭിക്കൂ... (കൂട്ട ചിരി..)

(അവസാനിച്ചു)

Article Category: 
Malayalam

Comments

മാടമ്പി ആശാനുമായുള്ള അഭിമുഖം വളരെ നന്നായി......പുതിയ പല കാര്യങ്ങളും അറിയാന്‍ പറ്റി. നന്ദി

നല്ല വായന....വളരെ നല്ല കാഴ്ചപ്പാട് ഉള്ള ഇത്തരം വലിയ കലാകാരന്മാര്‍ അപൂര്‍വം...ഇങ്ങിനെ ഒരു ഇന്റര്‍വ്യൂ എടുത്ത കഥകളി ഇന്‍ഫോക്ക് പ്രത്യേകം നന്ദി....

ente first forgin kathakali trip madampi aasante kude aayirunna thu ente maha bhagym.

ഒരു മുപ്പതു വര്‍ഷത്തെ കഥകളി അരങ്ങുകള്‍ ശ്രദ്ധിച്ചാല്‍ ചേങ്ങിലയോ ഇല ത്താ ളമോ പിടിച്ചു അരങ്ങില്‍ പാടുന്ന മാടമ്പി ദുര്‍ലഭമായ കാഴ്ചയായിരുന്നു.പാട്ടിനു മാടമ്പി വേണം എന്ന ഒരാശയം ആസ്വാദകര്‍ക്കിടയില്‍ തുലോം വിരളമായിരുന്നു.കഥകളി സംഗീതം പരിഷ്ക്കരണ പരീക്ഷണ വിധേയമായ കാലഘട്ടത്തില്‍ . ഇന്നത്തെ മാടമ്പി പെരുമ തികച്ചും കൌതുകകരം തന്നെ. ഒരുപക്ഷെ മാടമ്പി പെരുമയുടെ യാഥാര്‍ഥ്യം പൂര്‍ണ്ണമായി തിരിച്ചറിയുന്നത്‌ അദ്ദേഹത്തിന്റെ ശിഷ്യന്മാരാകും.