കലാമണ്ഡലം ഹൈദരാലി അനുസ്മരണം

Friday, January 4, 2013 - 15:37

കഥകളിയില്‍ ഒരു പാരമ്പര്യവും അവകാശപ്പെടാനില്ലാത്ത ഞാന്‍ 1973ലാണ്‌ പഠനവുമായി ബന്ധപ്പെട്ട് ഒരു വിദ്യാര്‍ത്ഥി എന്ന നിലയില്‍ ഫാക്റ്റ് കഥകളി വിദ്യാലയവുമായി അടുക്കുന്നത്. വേഷത്തിന്‌ കലാമണ്ഡലം കരുണാകരനാശാനും, കുടമാളൂരാശാനും.. പാട്ടിന്‌ ഹൈദരാലിയാശാനും എമ്പ്രാന്തിരിയാശാനും. ചെണ്ടക്ക് കേശവനാശാന്‍, മദ്ദളത്തിന്‌ ചാലക്കുടി നമ്പീശനാശാനും. കുടമാളൂരിന്‍റെ വിരമിയ്ക്കലില്‍ ഫാക്റ്റ് ഭാസ്കരനാശാനും. ആശാന്‍-ശിഷ്യന്‍ എന്ന ബന്ധത്തില്‍ ആറ്‌ കൊല്ലശേഷം അവിടെ നിന്നു പോന്നു എങ്കിലും എല്ലാവരുമായി നല്ലൊരു ബന്ധം ഉണ്ടായിരുന്നു. ജീവിതവൃത്തിയ്ക്കായി ഈശ്വരന്‍ തന്നൊരു തൊഴിലെന്ന നിലയില്‍ കഥകളിയുമായി ചേര്‍ന്ന് ഇത്രയും കാലം ജീവിച്ചത് തന്നെ ഒരു അളവില്‍ ഗുരുനാഥന്മാരുടെ അനുഗ്രഹമാണ്‌. ഇവിടെ ഹൈദരാലിയാശാനുമായി ബന്ധപ്പെട്ട ഒരു കാര്യം ചിന്തിക്കാം.

മുണ്ടയ്ക്കല്‍വാരം ക്ഷേത്രത്തില്‍ നളചരിതം മൂന്നാം ദിവസം നടക്കുന്നു. കലാമണ്ഡലം ഗോപി ആശാന്‍റെ ബാഹുകന്‍, എന്‍റെ ഋതുപര്‍ണ്ണനായിരുന്നു. വേഷവിവരങ്ങള്‍ മനസ്സിലാക്കിയ ഹൈദരാലി ആശാന്‍ എന്നെ വിളിച്ച് ഋതുപര്‍ണ്ണന്‍റെ പദത്തിലുള്ള 'ലളിതഗാത്രിമേളനമിന്നു...' എന്ന ഭാഗത്തില്‍, ആദ്യം പാടുമ്പോള്‍ മനസ്സുകൊണ്ട് ആ പദത്തിന്‍റെ സാരാംശം ഉള്‍ക്കൊണ്ടുനിന്ന് അതിലുള്ള സുഖം ആസ്വദിച്ച് അല്‍പ്പനേരം നിന്ന് പുളകിതനാകണം.. ഈ ഒരു സമയം കഥകളിയിലെ സമ്പ്രദായപ്രകാരം കൈയിട്ടു വട്ടം വച്ചു മാറി അനുസരിക്ഛ് നില്‍ക്കുകയല്ല വേണ്ടത്, കാരണം ഈ പദം കൊണ്ട് തന്‍റെഅടുത്ത് നില്‍ക്കുന്ന ബാഹുകന്‍ കെട്ടിയ നടന്‌ അഭിനയത്തിനുള്ള ഒരു സാദ്ധ്യത ഉണ്ടാക്കിക്കൊടുക്കണം, പറയുന്നത് കുണ്ഡിനനായകനന്ദിനിയെ സ്വദയിതയെ കുറിച്ചാകുമ്പോള്‍ പല വികാരവിക്ഷോഭങ്ങള്‍ക്കും സാദ്ധ്യത ഉളവാകുന്ന സന്ദര്‍ഭവുമാണ്‌. അതും നളചരിതചക്രവര്‍ത്തിയായ ഗോപിയാശാന്‍ ആവുമ്പോള്‍ പ്രത്യേകിച്ചൊന്നും പറയേണ്ട കാര്യവുമില്ലല്ലൊ. എന്നാല്‍ ഇന്ന് ഇപ്രകാരമുള്ള ചില ധാരണകള്‍ പകര്‍ന്നു നല്‍കുന്ന സ്വഭാവം പല കലാകാരന്മാരിലും കാണുന്നില്ല. ഉണ്ടെങ്കില്‍ തന്നെയും അതെല്ലാം ഒരു പ്രത്യേക താല്‍പ്പര്യത്തില്‍ ഊന്നി നിന്നുകൊണ്ടാകുന്നു.

ഇതൊന്നുമല്ലാത്ത ഒരു സന്ദര്‍ഭം കൂടി നമുക്ക് ചിന്തിക്കാ. ഫോര്‍ട്ട് കൊച്ചി പഴയന്നൂര്‍ ഭഗവതി ക്ഷേത്രത്തിലെ കഥകളി. ദുര്യോധനവധം കഥ. പള്ളിപ്പുറം ഗോപാലന്‍ നായരാശാന്‍റെ ദുര്യോധനന്‍. എന്‍റെ ഭാനുമതി. 'കോപമോടീര്‍ഷ്യയപത്രപതാപം' എന്ന പദാഭിനയം വളരെ നന്നായി എന്നുള്ള അഭിപ്രായം ഹൈദരാലിയാശാന്‍ പറയുകയുണ്ടായി. മറ്റൊന്നുകൂടെ സൂചിപ്പിച്ചുകൊള്ളട്ടെ, 'മാനുഷികമൂല്യത്തെ വലിയ അര്‍ത്ഥത്തില്‍ പ്രായഭേദമില്ലാതെ വില കല്‍പ്പിച്ചിരുന്ന ഒരു മഹാനടനായിരുന്നു പള്ളിപ്പുറം ഗോപാലന്‍ നായരാശാന്‍. അദ്ദേഹത്തിനേയും സ്മരിച്ചുകൊള്ളുന്നു.

Article Category: 
Malayalam