കുറുപ്പാശാനെ പറ്റിയുള്ള ചില ശ്ലോകങ്ങള്‍

Saturday, March 2, 2013 - 22:38

ഉണ്ണിക്കൃഷ്ണക്കുറുപ്പിന്‍ ജനനഭവനമേ! വെള്ളിനേഴിപ്രദേശ -
ത്തെണ്ണപ്പെട്ടുള്ള ‘തെക്കേക്കര’യിതി പുകഴാര്‍ന്നോരു കല്ലാറ്റുവീടേ
വര്‍ണ്ണിയ്ക്കാനാവുമോ നിന്മഹിമ,യനുപമം യോഗ്യനഗ്ഗായകന്‍ ത -
ന്നുണ്ണിക്കാല്‍ വച്ച മണ്ണേ! തവ സുകൃതതതിയ്ക്കായിരം കൂപ്പുകൈകള്‍

കാന്തള്ളൂരമ്പലത്തിന്‍ തിരുനടയിലരങ്ങത്തു കത്തിജ്ജ്വലിയ്ക്കും
ചന്തം ചിന്തും വിളക്കിന്‍ തെളിമയിലൊളി ചിന്നുന്ന തങ്കാങ്കി പോലെ
അന്തസ്സുള്ളന്തരംഗദ്യുതി വിതറി വിളങ്ങുന്ന മന്ദസ്മിതാസ്യം
പൊന്തിച്ചപ്പാട്ടു പാടാന്‍ മുതിരുമൊരു കുറുപ്പിന്റെ രൂപം സ്മരിപ്പൂ

കര്‍ണ്ണാനന്ദം വളര്‍ത്തും മധുരമധു തുളുമ്പുന്ന കാംബോജിരാഗം
കണ്ണില്‍ കണ്ണീര്‍ നിറയ്ക്കാനുതകിയൊഴുകിടുന്നദ്ദ്വിജാവന്തി രാഗം
അര്‍ണ്ണോജാക്ഷന്നു കര്‍ണ്ണാമൃത‘മജിത ! ഹരേ ! മാധവാ’യെന്നു കേട്ടാ -
ലുണ്ണിക്കൃഷ്ണക്കുറുപ്പിന്‍ സ്മരണ വരുമെവര്‍ക്കും മരിയ്ക്കും വരേയ്ക്കും

തൃത്താലെക്കേശവന്‍ ചെണ്ടയിലതിരസമായ് കൊട്ടിടും കൊട്ടിനൊപ്പം
നൃത്തം വയ്ക്കുന്ന രംഭാദികളുടെ നടനത്തിന്നു പിന്‍പാട്ടു പാടാന്‍
എത്താന്‍ നമ്പീശനോതീട്ടതി ധൃതിയൊടു പോയ് ചെന്നു പാടാനിരുന്നോ -
രുണ്ണിക്കൃഷ്ണക്കുറുപ്പിന്‍ സ്വരമധുരിമയാല്‍ സ്വര്‍ഗ്ഗമായ് നാകലോകം

-സമ്പദകന്‍: മണി മൂസ്സത്.

 

Article Category: 
Malayalam