അശ്വതിതിരുനാളിന്റെ ആട്ടക്കഥാസാഹിത്യം

Monday, June 17, 2013 - 22:30
Aswathi Thirunal (Courtsey: Photo from Levi Hall, Trivandrum, taken by Ram Kashyap Varma)

ആട്ടക്കഥാസാഹിത്യം പൊതുവേ പിൻതുടരുന്ന ഒരു രചനാശൈലിയുണ്ട് - സാഹിത്യചമൽകാരത്തിന് വലിയ സ്ഥാനം നൽകാതെ അഭിനയത്തിനുള്ള വാചികതന്തു ആയിരിയ്ക്കുക  എന്ന നില. ഈ നിലയിൽ ഉറച്ചുനിന്നു കൊണ്ടുതന്നെ രംഗവിജയം നേടിയ കഥകൾ ധാരാളം; ഇതിൽ നിന്ന് വ്യത്യസ്തമായി സാഹിത്യമെന്ന നിലയിൽ തന്നെ ആസ്വാദ്യമാവുകയും ആ ആസ്വാദ്യതകൊണ്ട് രംഗവിജയത്തിന് കൂടുതൽ ദീപ്തി കൈവരിയ്ക്കുകയും ചെയ്ത കുറച്ചു രചനകളുമുണ്ട്.  ഈ രണ്ടു വിഭാഗങ്ങളിൽ ഏതെങ്കിലും ഒന്നിൽ അശ്വതിതിരുനാളിന്റെ ആട്ടക്കഥകളെ ഉൾപ്പെടുത്തുന്നത് അപൂർണ്ണവും അതിലളിതവുമായ ഒരു വിലയിരുത്തലാകും; അതുകൊണ്ട് ഇവിടെ സൂചിപ്പിച്ച വർഗീകരണത്തിന്റെ ബാധ്യതകൾ തൽക്കാലം മാറ്റി നിറുത്തി, അശ്വതിക്കഥകളെ സ്വതന്ത്രമായി കാണാൻ ശ്രമിയ്ക്കാം.

പൂതനാമോക്ഷം, രുക്മിണീസ്വയംവരം, പൗണ്ഡ്രകവധം, അംബരീഷചരിതം എന്നിവയാണല്ലോ അശ്വതിതിരുനാളിന്റെ കഥകളിരചനകൾ. ഇതിവൃത്തസ്വഭാവത്തിലുള്ള സമാനതകൾ വ്യക്തം- നാലും ഭാഗവതകഥകൾ, അതിൽ തന്നെ മൂന്നും കൃഷ്ണാവതാരകഥകൾ. ഇതിവൃത്തത്തിൽ ഭാഗവതത്തിൽ നിന്ന് കാര്യമായ വ്യതിയാനമൊന്നും സ്വീകരിച്ചിട്ടില്ല എന്നതുകൊണ്ട് രചനാശൈലിയെപ്പറ്റിയുള്ള ചർച്ചയിൽ ആ ഘടകം അധികം വിശകലനം ചെയ്യേണ്ടതില്ല. പുതിയ ആശയമോ തികച്ചും പുതിയ കഥാസന്ദർഭങ്ങളോ അവതരിപ്പിയ്ക്കാൻ കവി ഉദ്യമിച്ചിട്ടില്ല. എങ്കിലും ഭാഗവതബാഹ്യമായ യവനയുദ്ധം അംബരീഷകഥയിൽ ഉൾക്കൊള്ളിച്ചു എന്നതു ശ്രദ്ധേയമാണ്. വിദേശീയരോടുള്ള 'പദ്മനാഭദാസ'ന്റെ വിരോധമായിരിയ്ക്കാം ഈ രംഗത്തിന്റെ പ്രചോദനം.

പദങ്ങൾ പൊതുവേ കാവ്യസൗന്ദര്യത്തിനു സ്ഥാനമില്ലാത്ത ഋജുവായ ഭാഷണമോ ആത്മഗതമോ ആയിരിയ്ക്കെ, ശ്ലോകങ്ങളെ കൂടുതൽ കാവ്യാത്മകമാക്കുക എന്നൊരു രീതി പല ആട്ടക്കഥകളിലും സ്പഷ്ടമായി കാണാമല്ലോ. (ഈ വിവേചനത്തിനുള്ള കാരണങ്ങൾ പ്രത്യേകം വിശകലനം ചെയ്യപ്പെടാവുന്നതാണ്) ഈയൊരു സമീപനം അശ്വതിതിരുനാളിന്റെ രംഗകാവ്യങ്ങളിലും കാണാം - അതുകൊണ്ട് സാഹിത്യശൈലിയെപ്പറ്റിയുള്ള അവലോകനത്തിൽ പദങ്ങളേയും ശ്ലോകങ്ങളേയും വേർതിരിച്ച് പഠിയ്ക്കേണ്ടതുണ്ട്.

പദങ്ങളുടെ ശൈലി

പദങ്ങളുടെ പ്രധാനധർമ്മം അഭിനയത്തെ നയിയ്ക്കുക എന്നതാണല്ലോ - അതുകൊണ്ടു തന്നെ സാഹിത്യം അത്രതന്നെ പ്രാധാന്യമില്ലാത്ത ഘടകമാകുന്നു, രംഗഭാഷണത്തിൽ. അശ്വതിതിരുനാളിന്റെ ആട്ടക്കഥകളിൽ പദങ്ങൾ പൊതുവേ ധ്വന്യാത്മകത, അർത്ഥാലങ്കാരം തുടങ്ങിയവ നൽകുന്ന സാഹിത്യചമത്കാരം ഇല്ലാത്തവയാണ്. അർത്ഥക്ലിഷ്ടതയോ ഗൂഢതയോ ഇല്ലാത്ത, 'നടസൗഹൃദം' (ഇങ്ങിനെയൊരു വാക്ക് നിർദേശിയ്ക്കട്ടെ !) പുലർത്തുന്ന വരികൾ.  അനുപ്രാസം കൊണ്ടുള്ള ശബ്ദസൗന്ദര്യം പൊതുവേ ഉണ്ട്; എന്നാൽ വാക്കുകൾ സൂചിപ്പിയ്ക്കുന്നതിനതീതമായ ഒരു അർത്ഥതലമോ ഭാവതലമോ അധികം പദങ്ങളിലും ഇല്ല. "ചേദിമഹീപതി ആദികളായുള്ള മേദിനീപാലന്മാരെ മേദുരബാണങ്ങളെക്കൊണ്ടു സംസദി ഭേദിച്ചുടൻ സമരേ മോദമോടു നിന്നെ കൊണ്ടുപോം മുകുന്ദൻ" (രുക്മിണീസ്വയംവരം) എന്ന മട്ടിലുള്ള ലളിതമായ, അനലങ്കാരമായ അർത്ഥപ്രതിപാദനം.

അശ്വതിതിരുനാളിന്റെ ആട്ടക്കഥകളിൽ പദങ്ങൾ പൊതുവേ ധ്വന്യാത്മകത, അർത്ഥാലങ്കാരം തുടങ്ങിയവ നൽകുന്ന സാഹിത്യചമത്കാരം ഇല്ലാത്തവയാണ്.

പൂതനാമോക്ഷത്തിലെ ലളിതയുടെ അമ്പാടിഗുണവർണ്ണനവും തുടർന്നുള്ള നന്ദകുമാരവർണ്ണനവും, പക്ഷേ, ഇപ്പറഞ്ഞ പൊതുസ്വഭാവത്തിൽ നിന്നു വിഭിന്നമാണ്.  ഈ പദങ്ങളിൽ കവി തിരഞ്ഞെടുത്തിട്ടുള്ള വർണ്ണ്യവിഷയങ്ങൾ, അവയുടെ അവതരണശില്പം എന്നിവ ശബ്ദഭംഗിയും ഭാവഭംഗിയും നിറഞ്ഞ സാഹിത്യസൗഭഗത്തിന് ഉദാഹരണമായി കാണിയ്ക്കാവുന്നതാണ്. "എത്രയും നികടവർത്തി മത്തശിഖിനൃത്തമാർന്ന ഗോവർദ്ധനഗിരി"യും, "ദധിബിന്ദുപരിമള"വും, "ഹിമജലം കൊണ്ടു പുർണ്ണമാം അംബുജം" പോലെ കണ്ണീർകൊണ്ടു കലുഷമായ വദനവുമൊക്കെ കവി വളരെ ശ്രദ്ധാപൂർവം ആവിഷ്കരിച്ചിരിയ്ക്കുന്ന കാവ്യവർണ്ണനകളാണ്. ഈ വരികളിൽ നാട്യസൗന്ദര്യത്തെ കൂടുതൽ ഊർജ്ജിതമാക്കുന്ന പദഭംഗിയുണ്ട്, നാട്യമില്ലാതെത്തന്നെ ആസ്വദിയ്ക്കവുന്ന സാഹിത്യസൗന്ദര്യവുമുണ്ട്. പൂതനാമോക്ഷത്തിൽ ഈ രംഗം മാത്രം കൂടുതൽ പ്രചാരം നേടാനിടയായതിനുള്ള കാരണങ്ങളിലൊന്ന് ഈ സാഹിത്യസുഭഗതയായിരിയ്ക്കാം.  ഇതിനു തൊട്ടുമുൻപുള്ള, രംഗപ്രചാരമില്ലാത്ത പൂതന (പെൺകരി)യുടെ പദവും മറ്റൊരു നിലയിൽ ശ്രദ്ധേയമാണ് - ഈ രാക്ഷസി കാണുന്ന കാഴ്ചകളും (പെരുമ്പാമ്പിന്റെ വായിൽ പെടുന്ന ആനകൾ കൊമ്പുകൊണ്ടു പാമ്പിനെ പിളർന്നു പുറത്തുവരുന്നതും മറ്റുമായ ഭീകരദൃശ്യങ്ങൾ) അവൾ 'ലളിത'യാകുമ്പോൾ ആസ്വദിയ്ക്കുന്ന മോഹനദൃശ്യങ്ങളും തമ്മിലുള്ള സംഭേദം - തുടർച്ചയായുള്ള ഈ രംഗങ്ങൾ രണ്ടും അവതരിപ്പിച്ചാൽ നല്ല നാട്യാനുഭവമാകുമെന്നു തോന്നുന്നു, ലളിത മാത്രമേ പതിവുള്ളൂ എങ്കിലും. (പൂതനയേയും ലളിതയേയും അവതരിപ്പിയ്ക്കുന്ന ശ്ലോകങ്ങളുടെ സ്വഭാവത്തിലും ഈ ഭീകരസൗമ്യഭേദം വ്യക്തമായി കാണാം - രണ്ടാമത്തേത് മലയാളമായതുകൊണ്ടു വിശേഷിച്ചും).

രംഗപ്രചാരം കുറവോ തീരെ ഇല്ലാത്തതോ ആയ ചില രംഗങ്ങളിൽ (പൗണ്ഡ്രകവധത്തിലടക്കം) മുൻപു പരാമർശിച്ച ലളിതശൈലിയിൽനിന്നു കുറച്ചു വിഭിന്നമായ, അലങ്കാരനിബിഡമായ ചില പദങ്ങൾ കാണാം. പൂതനാമോക്ഷത്തിലെ വസുദേവരുടെ ശൃംഗാരപ്പദം ഒരു ഉദാഹരണം.  പൗണ്ഡ്രകവധത്തിലെ,

"മിത്രപദവീഗതവിചിത്രമണികൂടനായ്
എത്രയും വിലസുന്നു ധാത്രീധരേന്ദ്രൻ
വേലാവിലംഘിമദലോലമായ് വാഴുന്നു
നീലാചലാഭമിഭജാലമൊരു ഭാഗേ"

എന്നു തുടങ്ങുന്ന ദിവിദന്റെ പദം മറ്റൊരു ഉദാഹരണം.

ശ്ലോകസാഹിത്യം

ആട്ടക്കഥാകൃത്തുകൾ കവിധർമ്മപരമായ സ്വാതന്ത്ര്യം കൂടുതൽ അനുഭവിയ്ക്കുന്നത് ശ്ലോകരചനയിലാണ്. ഭാഷാപാണ്ഡിത്യം അനിവാര്യമല്ലാത്ത നടന് എളുപ്പത്തിൽ മനസ്സിലാക്കാനും, സ്വയം അനുഭവിയ്ക്കാനും പറ്റുന്ന തരത്തിലായിരിയ്ക്കണം അഭിനയത്തിനുള്ള പദങ്ങളുടെ രചന. അഭിനയിയ്ക്കപ്പെടേണ്ടാത്ത ശ്ലോകങ്ങൾക്ക് ഈയൊരു നിബന്ധനയില്ലല്ലോ - "കല്പദ്രുകല്പദ്രുപദേന്ദ്ര.."  എന്നും "വാന്താമൃതാ വാങ്മയകൗമുദീയം" എന്നുമൊക്കെയുള്ള പ്രയോഗങ്ങളുടെ കാവ്യഗാംഭീര്യം നടൻ അനുഭവിയ്ക്കുന്നില്ലെങ്കിലും അത് അഭിനയത്തെ ബാധിയ്ക്കില്ല; സാഹിത്യാസ്വാദകർക്ക് അതൊക്കെ ആഹ്ലാദകരമായിരിയ്ക്കുകയും ചെയ്യും. ശ്ലോകങ്ങൾ അധികവും സംസ്കൃതമാകാനുള്ള കാരണവും ഈ ന്യായത്തിൽ നിന്നുതന്നെ വരുന്നതായിരിയ്ക്കണം.  കവിത്വത്തെ കൂടുതൽ സ്പഷ്ടമാക്കാൻ ശ്ലോകങ്ങളെ വിനിയോഗിയ്ക്കുക എന്ന ഈ നടനകഥാശൈലി  അശ്വതിതിരുനാളും അനുവർത്തിയ്ക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ശ്ലോകങ്ങളധികവും സംസ്കൃതത്തിലാണ് (ഇവിടേയും "കന്നൽകണ്ണികൾ മൗലിരത്നകലികാരൂപം" ധരിച്ച പൂതന വ്യത്യസ്തയായി നിൽക്കുന്നു, മണിപ്രവാളത്തിൽ).

സ്വയംവരദിനത്തിൽ പാർവതീക്ഷേത്രത്തിൽ നിന്നിറങ്ങുന്ന രുക്മിണിയെ കവി വർണ്ണിയ്ക്കുന്നത് അതിദീർഘങ്ങളായ ചില സമസ്തപദങ്ങളിലൂടെയാണ്.

അലങ്കാരവിമുഖമായ പദരചനയിൽ നിന്ന് അശ്വതിശ്ലോകങ്ങളെ വ്യത്യസ്തമാക്കുന്ന കാവ്യാലങ്കാരസുഭഗതയ്ക്ക് ഉദാഹരണങ്ങൾ ധാരാളമുണ്ട്.   "മധ്യേവാരിധി ബാഡവാനലശിഖാമാലാമിവാലോകിതാം" (രുക്മിണീസ്വയംവരം) - സ്വർണ്ണവർണ്ണയായ ദ്വാരക അകലെനിന്ന് സമുദ്രമധ്യത്തിൽ കാണപ്പെടുന്നതാണ് ഇവിടെ വർണ്യവിഷയം: ബാഡവാഗ്നിയുടെ ജ്വാലാമാലകൾ പോലെ കാണപ്പെടുന്ന ദ്വാരക എന്നാണ് വർണ്ണന. ഈയൊരു സമസ്തപദത്തിൽ കവി നഗരമാളികകളുടെ ഔന്നത്യവും, സ്വർണ്ണമയതയും, തേജസ്സും, സമുദ്രമധ്യസ്ഥിതിയും സുന്ദരമായി സമാഹരിച്ചിരിയ്ക്കുന്നു.  "സ്വൈരം കൈരവബന്ധുബന്ധുരകരശ്രേണീകൃപാണീലതാ-ലൂനപ്രൗശഢതമസ്തമാലഗഹനേ" എന്നാരംഭിയ്ക്കുന്ന രൈവതപർവതവർണ്ണന (പൗണ്ഡ്രകവധം) ശ്ലോകങ്ങളിൽ അശ്വതിതിരുനാൾ വിന്യസിയ്ക്കുന്ന കാവ്യസൗന്ദര്യത്തിന്റെ ഗാംഭീര്യത്തിനു മറ്റൊരു ഉദാഹരണമാണ്.

'പൂതനാമോക്ഷ'ത്തിലെ ചില ശ്ലോകങ്ങൾ മേല്പുത്തൂരിന്റെ 'നാരായണീയ'ത്തിന്റെ സ്പഷ്ടമായ സ്വാധീനം കാണിയ്ക്കുന്നുണ്ട്.

രുക്മിണിയും കൃത്യകയും സുദർശനവും

കൗതുകകരമായ വ്യത്യസ്തതകളുള്ള ചില അശ്വതിശ്ലോകങ്ങൾ ശ്രദ്ധിയ്ക്കാം. സ്വയംവരദിനത്തിൽ പാർവതീക്ഷേത്രത്തിൽ നിന്നിറങ്ങുന്ന രുക്മിണിയെ കവി വർണ്ണിയ്ക്കുന്നത് അതിദീർഘങ്ങളായ ചില സമസ്തപദങ്ങളിലൂടെയാണ്: "കർണ്ണാലങ്കാരഹീരാങ്കുരരുചിരരുചിപ്രോല്ലസദ്വക്ത്രപത്മാ..." എന്നിങ്ങനെ. സാധാരണ വീരരൗദ്രഭാവങ്ങൾക്കു പ്രാമുഖ്യമുള്ള രൂപവർണ്ണനകൾക്കാണ് ഇങ്ങിനെ ദീർഘമായ സമസ്തപദങ്ങൾ ഉപയോഗിയ്ക്കുക - കഥകളിയിൽ നിന്നുതന്നെയുള്ള ഉദാഹരണങ്ങൾ: "തത്കാലോദ്യത്പ്രകോപ.." എന്നുതുടങ്ങുന്ന വീരഭദ്രവർണ്ണന (ദക്ഷയാഗം),   "കല്പാന്തകാലോൽക്കടപവനലുഠത്...." എന്നൊക്കെ നീളുന്ന യുദ്ധോത്സുകനായ അർജ്ജുനന്റെ വർണ്ണന (ഉത്തരാസ്വയംവരം), "കല്പാക്ഷേപാതിരൂക്ഷക്ഷുഭിത്ഘനഘടാനിഷ്ഠുരാഘാത- ഭൂതധ്വാനസ്പർദ്ധ്യട്ടഹാസപ്രകടിതനിജദോർദണ്ഡചണ്ഡപ്രതാപ:*" -അശ്വതിയുടെ തന്നെ ജരാസന്ധൻ (രുക്മിണീസ്വയംവരം).

* കല്പാന്തത്തിൽ അതിഘോരമായി ക്ഷോഭിച്ച മേഘമാലകളുടെ സംഘട്ടനം കൊണ്ടുണ്ടാകുന്ന ഇടിമുഴക്കത്തോടെതിരിടുന്ന അട്ടഹാസത്തിലൂടെ തന്റെ ഭയങ്കരമായ കൈക്കരുത്തിനെ കാണിയ്ക്കുന്നവൻ.

ഇവിടെ രുക്മിണീചിത്രണത്തിൽ കവി തികച്ചും വ്യത്യസ്തമായ ഒരു സൗന്ദര്യവർണ്ണനയാണ് സമസ്തപദങ്ങളിലൂടെ സാധിയ്ക്കുന്നത്. ഇതിനു വിപരീതമായ രൗദ്രപ്രധാനയായ, ഭീകരസ്വരൂപിണിയായ കൃത്യകയെ (അംബരീഷചരിതം) അവതരിപ്പിയ്ക്കുന്നതോ ? കാര്യമായ  സമസതപദസ്പർശമില്ലാതെ  "ഘട്ടയന്തീ നദന്തീ ഘഡ്ഗം തീവ്രം വഹന്തീ" എന്നെല്ലാം ഹ്രസ്വപദങ്ങളിലൂടെയും. കൗതുകകരമായ ഒരു പരീക്ഷണം പോലെ ശ്രദ്ധേയമാണ് പദസംനിവേശശൈലിയിലുള്ള ഈ വ്യതിയാനം -  സ്വയംവരകന്യകയെ വർണ്ണിയ്ക്കാൻ ദീർഘമായ സമസ്തപദങ്ങൾ, സംഹാരരൂപിണിയുടെ ഘോരാകാരത്തെ ചിത്രീകരിയ്ക്കാൻ ചെറിയ ഒറ്റപ്പദങ്ങളും.

എന്നാൽ അംബരീഷചരിതത്തിൽ തന്നെ സുദർശനത്തെ അവതരിപ്പിയ്ക്കുമ്പോൾ കവി സമസ്തപദങ്ങളുടെ സ്വാഭാവികഗരിമയെ ഉപയോഗിയ്ക്കുന്നുണ്ട് - "സംഗ്രാമോദ്ഭടദൈത്യപുംഗവചമൂചക്രച്ഛിദാലമ്പടം…" എന്ന തുടക്കത്തോടെ. കൃത്യയേക്കാൾ ഉഗ്രതയുള്ളതാണ് സുദർശനമെന്ന സൂചനയും ഈ വ്യത്യാസത്തിൽ അന്തർലീനമായിരിയ്ക്കാം.

ശബ്ദസൗന്ദര്യം

ശബ്ദാലങ്കാരങ്ങളോട് പരിമിതമായ പ്രതിപത്തി ഈ കവി തന്റെ ശ്ലോകങ്ങളിൽ കാണിച്ചിട്ടുണ്ട്. "മന്ദമന്ദമരവിന്ദസുന്ദരദൃശം" എന്നു തുടങ്ങുന്ന നായികാവർണ്ണന(രുക്മിണീസ്വയംവരം) അനുപ്രാസസൗന്ദര്യത്തിനു മാതൃകയായി നിൽക്കുന്നു.  “രൂക്ഷൈരീക്ഷണജാശുശുക്ഷണികണൈർദിക്ഷുജ്വലത്ഭി: ക്ഷണാദ്" എന്നാരംഭിയ്ക്കുന്ന പൗണ്ഡ്രകവധത്തിലെ ഗരുഡവർണ്ണനയിലെ ശബ്ദാലങ്കാരവും അനുപ്രാസസമ്പന്നമാണ്.

ചിത്രശ്ലോകം

സംസ്കൃതത്തിലെ ചില മഹാകവികൾ പ്രദർശിപ്പിയ്ക്കുന്ന പദശക്തികൊണ്ടുള്ള അഭ്യാസങ്ങളിലൊന്ന് അശ്വതിതിരുനാളും പ്രയോഗിച്ചിട്ടുണ്ട്, "അതിരൂഢമജം" എന്നു തുടങ്ങുന്ന അംബരീഷചരിതശ്ലോകത്തിൽ. ഒരുപോലെ തോന്നുന്ന രണ്ടു ശ്ലോകപാദങ്ങൾക്ക് വ്യത്യസ്തമായ അർത്ഥമുണ്ടായിരിയ്ക്കുക എന്നതാണ് ഈ ശ്ലോകത്തിലെ വിശേഷം. ആശയചാരുതയുടെ ചമൽകാരമല്ല, പദസ്വാധീനത്തിന്റെ ഒരു പ്രതാപദർശനം മാത്രമേ ഇത്തരം പ്രയോഗങ്ങളിൽ പ്രതീക്ഷിയ്ക്കേണ്ടതുള്ളൂ. ഭാരവി, മാഘൻ, ശ്രീഹർഷൻ തുടങ്ങിയവർ വഴികാട്ടുന്ന ഒരു അലങ്കാരമാർഗമാണിത് ('കവികുലഗുരു'വായ കാളിദാസൻ ഈ വഴിയിൽ നിന്നു മാറി നിന്നു..).

"നരകാശ്രയണോചിതക്രിയോപ്യഭജദ്രാമഹതോ ദിവം കപി:"  എന്നിങ്ങനെ ശ്ലേഷത്തോടുകൂടിയ വിരോധാഭാസം, തുടർന്നുവരുന്ന അർത്ഥാന്തരന്യാസത്തോടെ ദിവിദന്റെ സ്വർഗപ്രാപ്തിയെ വർണ്ണിയ്ക്കുന്നു (പൗണ്ഡ്രകവധം).

സംഗ്രഹം

അർത്ഥസൗന്ദര്യവും ശബ്ദഭംഗിയും വഴങ്ങുന്ന തനിയ്ക്ക് കാവ്യപരിചയവും ഭാഷാപാണ്ഡിത്യവും ധാരാളമുണ്ടെങ്കിലും പാത്രഭാഷണത്തിന്റെ സാഹിത്യഘടനയിൽ ഇതിനെല്ലാം പരിമിതമായ സ്ഥാനമേ താൻ നൽകുന്നുള്ളൂ എന്ന നിലപാടാണ് അശ്വതിതിരുനാളിന്റേത് എന്നാണ് അദ്ദേഹത്തിന്റെ  ആട്ടക്കഥകളുടെ സാഹിത്യാംശം സൂചിപ്പിയ്ക്കുന്നത്. കാവ്യഭംഗിയുടെ വിവിധതലങ്ങളിലുള്ള സ്ഫുരണവും, സാമ്പ്രദായികമായ അലങ്കാരവിന്യാസവും ഈ രചനകളിലുണ്ട്, പ്രത്യേകിച്ചും ശ്ലോകങ്ങളിൽ.  പദങ്ങൾ അധികവും  ലളിതമാണ്, കാവ്യാത്മകതയും ആശയഗാംഭീര്യവും പൊതുവേ അവയിൽ കുറവാണെങ്കിലും.

Article Category: 
Malayalam

Comments

അതിഗംഭീരമായ സാഹിത്യ വിശകലനം. അതും അത്ര ധാരാളമായി അരങ്ങത്തു വരാത്ത കഥകള്‍ തെരഞ്ഞെടുത്തത് ഉചിതമായി. പൗണ്ഡ്രകവധം എന്ന കഥയെ കുറിച്ച് ഇപ്പോഴാണ് അറിഞ്ഞത്. 'നടസൗഹൃദം' (പുതിയ വാക്കിന് ബലെ ബലെ) ആയിരിക്കേണ്ട പദങ്ങളില്‍ ശബ്ദസൗന്ദര്യത്തിനു (ആട്ടകഥ കാരന് ചെയ്യാന്‍ പറ്റുന്ന സംഗതി അതുമാത്രമാണല്ലോ)വേണ്ടി അനുപ്രാസം ഉപയോഗിച്ചിരിക്കുന്നു എന്ന കാഴ്ചയും നന്നായി.

അടിപൊളി...അശ്വതി സാഹിത്യം അങ്ങനെ കുത്തിയിരുന്ന് വായിച്ചിട്ടില്ലാന്ന് ഒരു കുറവാണെന്ന് എനിക്ക് ഇപ്പോ മനസ്സിലായി.. :):)

  • Dilip Kumar അവിടെ കമന്റ് ഇടാൻ പറ്റിയില്ല. അതുകൊണ്ട് ഇവിടെ എഴുതുന്നു. വിചാരിച്ച പോലെ തന്നെ അസ്സലായി. പ്രത്യേകിച്ചും, സാഹിത്യപ്രയോഗങ്ങളിലെ വിലയിരുത്തലുകൾ. ശ്ലോക സാഹിത്യവും, പദങ്ങളുടെ സാഹിത്യവും വേർതിരിച്ച് പറഞ്ഞത് വളരെ ഉചിതമായി തോന്നി, അത് അങ്ങിനെ തന്നെയാണ് വേണ്ടതും. ശ്രീകൃഷ്ണൻ തന്നെ പറയുന്നപോലെ, 'ഭാഷാപാണ്ഡിത്യം അനിവാര്യമല്ലാത്ത നടന് എളുപ്പത്തിൽ മനസ്സിലാക്കാനും, സ്വയം അനുഭവിയ്ക്കാനും പറ്റുന്ന തരത്തിലായിരിയ്ക്കണം'. അതുപോലെ തന്നെ, "വാന്താമൃതാ വാങ്മയകൗമുദീയം" എന്നുമൊക്കെയുള്ള പ്രയോഗങ്ങളുടെ കാവ്യഗാംഭീര്യം നടൻ അനുഭവിയ്ക്കുന്നില്ലെങ്കിലും അത് അഭിനയത്തെ ബാധിയ്ക്കില്ല; സാഹിത്യാസ്വാദകർക്ക് അതൊക്കെ ആഹ്ലാദകരമായിരിയ്ക്കുകയും ചെയ്യും" - ഇതിനെ അടിസ്ഥാനപ്പെടുത്തി ബാക്കി വിശകലനങ്ങൾ നിരത്തിയതും ഹൃദ്യമായി. കൃത്യകയുടേയും സുദർശനത്തിന്റേയും സാഹിത്യം തുലനം ചെയ്തതിന് ഒരു പ്രത്യേക ഓജസ്സു തോന്നി. രുഗ്മണിയെ വേറെ കൊണ്ടുവരാമായിരുന്നില്ലേ എന്നും തോന്നാതിരുന്നില്ല. ലേഖകനും, കഥകളി.ഇൻഫോ-യ്ക്കും അഭിനന്ദനങ്ങൾ.
  • Sreechithran Mj അസ്സൽ ലേഖനം, ശ്രീകൃഷ്ണേട്ടാ. 
    തിരുവിതാം‌കൂർ രാജാക്കന്മാരിലൂടെ ഭാഗവതകഥാതരംഗം ആട്ടക്കഥാസാഹിത്യത്തിലുണ്ടായതിന്റെ പശ്ചാത്തലവും ചരിത്രം സൂക്ഷ്മഗവേഷണം നടക്കേണ്ടതാണ് എന്നു തോന്നിയിട്ടുണ്ട്. അശ്വതിയുടെ ആട്ടക്കഥകൾ അതിൽ സവിശേഷപ്രാധാന്യമർഹിയ്ക്കുന്നു. ‘യവനയുദ്ധ’ത
    ്തെപ്പറ്റി ശ്രീകൃഷ്ണേട്ടൻ നൽകിയ സൂചനയൊക്കെ കൂടുതൽ വിപുലീകരിയ്ക്കാവുന്നതാണ്.

    ശ്ലോകങ്ങളുടെ ശബ്ദാലങ്കാരസവിശേഷതകൾ വിശദീകരിച്ചത് മനോഹരമായി. രുഗ്മിണിയുടെ ശ്ലോകത്തിന്റെ സവിശേഷത ഞാനിന്നുവരെ ശ്രദ്ധിയ്ക്കാത്തതായിരുന്നു. അതിനു പ്രത്യേകനന്ദി. “മദ്ധ്യേവാരിധി ബാഡവാനലശിഖാ..” “കന്നൽക്കണ്ണികൾ മൌലിരത്ന” - പോലുള്ള ചേതോഹരപ്രയോഗങ്ങൾ മുൻപേ അശ്വതിസാഹിത്യത്തിന്റെയും കഥകളിയുടെയും ഭംഗിയായി അനുഭവപ്പെട്ടിട്ടുള്ളതാണ്. ശ്ലോകങ്ങളിൽ കാണിയ്ക്കുന്ന പ്രയോഗവിശേഷങ്ങളിൽ നിന്നു വേർപെട്ട് ‘നടസൌഹൃദം’ ( അസ്സൽ വാക്ക്! ) കൈക്കൊള്ളുന്ന പദസാഹിത്യരചനാഭംഗിയും ശ്രദ്ധിച്ചിട്ടുണ്ട്. “ധരണീസുരവര” എക്കാലത്തെയും മികച്ച ഇടകാലപ്പദമാണല്ലോ കഥകളിയിൽ. 

    ശരിയ്ക്കും ആലോചനാമൃതമായ എഴുത്ത്. ഇതുപോലെ മറ്റ് പ്രധാന ആട്ടക്കഥാകൃത്തുക്കളെപ്പറ്റിയും എഴുതൂ.
  • Srikrishnan Ar Nikhil ഉന്നയിച്ച രണ്ടു ചോദ്യങ്ങളും വളരെ പ്രസ്ക്തമാണ്.

    1. പൗണ്ഡ്രകവധത്തിന്റെ രചനയ്ക്കു പിന്നിലെ വെല്ലുവിളിയെക്കുറിച്ചു മുൻപു കേട്ടിട്ടില്ലെങ്കിലും, ആ ആട്ടക്കഥ വായിച്ചപ്പോൾ ഇത്തരത്തിലൊരു പ്രചോദനം അതിന്റെ ശൈലിയ്ക്കു പിന്നിലുണ്ടായിരുന്നിരിയ്ക്കാം എന്നു സം
    ശയം തോന്നിയിരുന്നു. അശ്വതിയുടെ മറ്റു ആട്ടക്കഥകളിലുള്ളതിനേക്കാൾ സംസ്കൃതപദപ്രാചുര്യവും, അലങ്കാരസ മൃദ്ധിയും പൗണ്ഡ്രകവധസാഹിത്യത്തിലുണ്ട്. നിഖിൽ പറഞ്ഞ വെല്ലുവിളിയാകാം കാരണം. മറ്റൊരു സാദ്ധ്യത തോന്നിയതിതാണ്: ആദ്യം സാഹിത്യപുഷ്ടിയുള്ള ഒരു കഥ -പൗണ്ഡ്രകവധം- എഴുതിയിരിയ്ക്കാം. അതിന്റെ അവതരണത്തിൽ കൊട്ടാരം കളിയോഗത്തിലെ നടന്മാരും, ആസ്വാദനത്തിൽ സംസ്കൃതജ്ഞാനമില്ലാത്തവരും ക്ലേശിയ്ക്കുന്നതുകണ്ടപ്പോൾ ഈ ശൈലിയല്ല രംഗാവതരണത്തിനു യോജിച്ചത് എന്നു സ്വയം തോന്നി കവി കൂടുതൽ ലളിതമായ ശൈലിയിൽ മറ്റു കഥകൾ എഴുതിയതാകാം. ഇത് എനിയ്ക്കു തോന്നിയ ഒരു theoretical possibility മാത്രം; ചരിത്രസാധുത ഉണ്ടാകണമെന്നില്ല.

    ഏതായാലും ശൈലിയിലുള്ള വ്യത്യാസം വ്യക്തമാണ്.

    2. നരകാസുരവധത്തിന്റെ ഉത്തരഭാഗം അശ്വതിരചനയാണെന്ന ഐതിഹ്യം: ഇക്കഥ കേട്ടിട്ടുണ്ട്. ഇത് അസംശയമായി സ്ഥാപിയ്ക്കാവുന്ന ശൈലീസൂച നകൾ ഈ ആട്ടക്കഥയിലുണ്ടോ എന്നു കുറച്ചൊക്കെ പരിശോധിയ്ക്കുകയും ചെയ്തു - എന്റെ നോട്ടത്തിൽ അങ്ങിനെ ഉറപ്പിയ്ക്കാവുന്ന ഒന്നും കണ്ടില്ല. എങ്കിലും കൗതുകം തോന്നിയ ഒരു കാര്യം: "നിർണ്ണയമതിനുണ്ടു മേ കരാളേ !" എന്ന് നരകാസുരവധത്തിലെ ജയന്തന്റെ പദം അശ്വതി പൂരിപ്പിച്ചപ്പോളാണ് തുടർന്നുള്ള ഭാഗം എഴുതാൻ അദ്ദേഹത്തെ ഏല്പിച്ചതെന്നാണല്ലോ കഥ്. ഈ "കരാള" എന്ന പ്രയോഗം അശ്വതിതിരുനാളിന്റെ ആട്ടക്കഥകളിൽ ധാരാളമായി കണ്ടു. 'കവിയുടെ മുദ്ര' എന്നൊക്കെ പറയാവുന്ന തരത്തിൽ ആവർത്തിച്ചുള്ള പ്രയോഗം. പക്ഷേ ഇതുകൊണ്ടു മാത്രം ഇപ്പറഞ്ഞ ഐതിഹ്യം സ്ഥിരീകരിയ്ക്കാൻ ധൈര്യം പോര.

 

Mohandas's picture

അശ്വതിയുടെ കഥകളി ചിന്തകളിലേക്ക് ഉൾക്കാഴ്ച നൽകുന്ന നല്ല ലേഖനം. പല പുതിയ അറിവുകളും ലഭിച്ചു. നന്ദി, അഭിനന്ദനങ്ങൾ ശ്രീ .ശ്രീകൃഷ്ണൻ.

അശ്വതിയുടെ കഥകൾ പ്രത്യേകതകൾ ഉള്ളവ തന്നെയാണ്. നാലും കണ്ടിട്ടുണ്ട്. അമ്പലങ്ങളിലെ ഉത്സവങ്ങളിൽ കണ്ടതിനു പുറമേ തിരുവനന്തപുരം കഥകളി ക്ലബ്‌ ആക്റ്റീവ് ആയിരുന്നപ്പോൾ ഈ നാല് കഥകളും ആടിച്ചിട്ടുണ്ട്.