ദിവം
Tuesday, July 15, 2014 - 19:19
ദിവം എന്റെ നാട്ടിൽ നടന്നുവെങ്കിലും എനിക്ക് രാത്രിയിലേ എത്താനായുള്ളൂ. പകലത്തെ പരിപാടികൾ എല്ലാം എനിക്ക് നഷ്ടമായി. പ്രത്യേകിച്ച് കച്ചേരി.
ഞങ്ങടെ പുഴയുടെ തീരത്ത് ഉള്ള റിവർവ്യൂ ഓഡിറ്റോറിയത്തിൽ ഞങ്ങൾ എത്തിയപ്പോഴേക്കും നേരം അന്തിയായിരുന്നു. പുഴ നിറഞ്ഞൊഴുകുന്നു. അത് വരെ കാണാത്ത മഴ രണ്ട് മൂന്ന് ദിവസമായി തിമർത്ത് പെയ്യുന്നുണ്ടായിരുന്നു. തണുത്ത കാറ്റും നല്ലപോലെ വീശുന്നുണ്ടായിരുന്നു. കളി കാണാൻ നല്ല മൂഡ് എന്ന് എനിക്ക് ആകപ്പാടെ അന്തരീക്ഷം കണ്ടപ്പോൾ തോന്നി. ഓഡിറ്റോറിയം നിറയെ ആളുകൾ. മുന്നിലിരിക്കാൻ സ്ഥലം കിട്ടിയില്യാ. ഞങ്ങൾ ബാൽക്കണിയിൽ കയറി ഇരിപ്പായി. ജനലിലൂടെ തൂതപ്പുഴയിൽ നിന്നും തണുത്ത കാറ്റ്. മരുഭൂമിയിൽ നിന്നും വരുന്ന എന്റെ മനസ്സ് കുളിർത്തു. കളിയൊക്കെ പറഞ്ഞപോലെ കൃത്യം സമയത്തിനു തുടങ്ങി. ചെർപ്പ്‌ളശ്ശേരി ഹരിഹരനായിരുന്നു കേളി കൊട്ടിയത്.
തുടർന്ന് സുഭദ്രാഹരണം മാലയിടൽ. ഗോപ്യാശാനും ഷൺമുഖനും. കഞ്ജദളലോചന..കൂടി രണ്ട് പദവും പോരിനുവിളിയും. അവസാനമാകാറായപ്പോഴേക്കും ആശാനു ഉത്സാഹമായി കലാശമൊക്കെ എടുത്തു. ഇതിലെ പാട്ട് ഗംഭീരമായി. മാടമ്പിയും കോട്ടക്കൽ നാരായണനും കൂടി അയിരുന്നു പാട്ട്. നാരായണൻ ഗംഭീരാക്കി ന്ന് പറഞ്ഞാൽ മാടമ്പി മോശം ആയി എന്ന് ധരിക്കരുത് ട്ടോ. കലാ.ഉണ്ണിക്ർഷ്ണൻ മുതല്പേരുടെ മേളവും. അധികം പറയാൻ എനിക്ക് വാക്കുകൾ ഇല്ലാ.
ശേഷം കലാ.ബാലസുബ്രഹ്മണ്യൻ നെല്ലിയോട് ടീമിന്റെ കുചേലവ്ർത്തം. പീശപ്പള്ളിയായിരുന്നു രുഗ്മിണി. പാട്ടിന് പിറന്നാൾക്കാരന്റെ ഒപ്പം പത്തിയൂർ ശങ്കരൻ കുട്ടി. കേരളത്തിലെ കഥകളി കമ്പക്കാർ ധാരാളം കണ്ട ടീം. ഞാനെന്തിനധികം പറയുന്നു..
ശേഷം കലാ.ബാലസുബ്രഹ്മണ്യൻ നെല്ലിയോട് ടീമിന്റെ കുചേലവ്ർത്തം. പീശപ്പള്ളിയായിരുന്നു രുഗ്മിണി. പാട്ടിന് പിറന്നാൾക്കാരന്റെ ഒപ്പം പത്തിയൂർ ശങ്കരൻ കുട്ടി. കേരളത്തിലെ കഥകളി കമ്പക്കാർ ധാരാളം കണ്ട ടീം. ഞാനെന്തിനധികം പറയുന്നു..
പിന്നെ കണ്ടത് അവിചാരിതമായി ഒരു പെണ്ണ്കാട്ടിലെ തന്റെ കുടിലിനടുത്ത് വന്നത് കണ്ട് മോഹിച്ച ഒരു കാട്ടാളനെ ആയിരുന്നു. സോമനായിരുന്നു കാട്ടാളൻ. വെള്ളിനേഴി ഹരിദാസിന്റെ ദമയന്തി. പാട്ടിന് കലാനിലയം ഉണ്ണിക്ർഷ്ണനും രാജീവനും. ശങ്കിടി ഇടയ്ക്കിടയ്ക്ക് മാറിയിരുന്നു ട്ടൊ. ഈ കളി നല്ലത് ആയിരുന്നു. കാട്ടാളൻ സ്വപ്നത്തിൽ കൂടെ നിരീച്ച്ട്ട് ണ്ടാവില്യാ സൂര്യനസ്തമിക്കുന്നതിനു മുന്നേ താൻ ഭസ്മമാവും എന്ന്. ഹാ, കഷ്ടം
അതിനു ശേഷമായിരുന്നു കോട്ടക്കൽ ചന്ദ്രശേഖരനാശാന്റെ കീചകൻ. കല്ലുവഴി വാസു ആശാന്റെ സൈരന്ധ്രി. പാട്ടിനാകട്ടെ കോട്ടക്കൽ മധുവും രാജീവനും. നെടുമ്പള്ളി രാംമോഹൻ ഇടയ്ക്കിടയ്ക്ക് വരും. സത്യത്തിൽ പാവം കീചകനെ വധിച്ചതിൽ സങ്കടായി. തൂതപ്പുഴയിൽ നിന്നുള്ള കാറ്റും തോരാത്ത മഴയും ഈ വധത്തിനു കൂട്ട് നിന്നതിൽ എനിക്ക് ഈർഷ്യ തോന്നി.
അപ്പോഴേയ്ക്കും സമയം രണ്ട് മണി കഴിഞ്ഞിരുന്നു. ശേഷമാണ് അക്ഷരലക്ഷം ഉരുവിട്ട് പൂജിച്ചെടുത്ത വയസ്കര മൂസ്സിന്റെ ദുര്യോധനവധം തുടങ്ങിയത്. കലാ.ക്ർഷ്ണകുമാർ ദുര്യോധനനായും ഹരി. ആർ. നായർ ദുശ്ശാസനനായും വേഷമിട്ട് സഭാപ്രവേശം കഴിഞ്ഞു. പാഞ്ചാലി ചിരിച്ചു. ശകുനി ചൂത് കളിക്കാനുപദേശിച്ചു. അവസാനം ധർമ്മപുത്രാദികൾ വനവാസം തുടങ്ങി. പിന്നെ ദുര്യോധനനായത് കലാ.മനോജും ദുശ്ശാസനനായത് കലാ.നീരജും ആയിരുന്നു. കൃഷ്ണൻ കലാമണ്ഡലം പ്രദീപും. വേഷമിട്ട നീരജിനെ എനിക്ക് മനസ്സിലായില്യാ എന്നതാണ് സത്യം. രാവിലെ കാണാനും പറ്റീല്യ. അതിൽ ഖേദമുണ്ട്. ദൂതൊക്കെ തുടങ്ങിയപ്പോഴേക്കും നേരം വെളുത്തിരുന്നു. ദുശ്ശാസനവധം കഴിഞ്ഞപ്പോ സമയം ഏഴുമണിയോടടുത്തിരുന്നു. കലാനിലയം ബാലാശാനായിരുന്നു രൗദ്രഭീമൻ.
പിറന്നാൾക്കാരൻ പാലനാട് ദിവാകരേട്ടനെ എനിക്ക് മുന്നേ അറിയാം. എന്നെ അദ്ദേഹമറിയുമെന്ന് ഞാൻ വീരവാദം ഇളക്കുന്നില്യേനീം. എന്തായാലും ഒരു ബന്ധുവിന്റെ പിറന്നാളിന് കൂടിയപോലെ ആയിരുന്നു. ബന്ധുത്വം നാട്ടുകാരൻ എന്നതിലധികം കഥകളിക്കാരൻ എന്നത് തന്നെ. അത് തന്നെ ആയിരിക്കണം അന്നവിടെ കൂടിയ ജനങ്ങളുടെ മനസ്സിലും. നേരം വെളുത്തതിനുശേഷമാണ് ജനങ്ങൾ കുറഞ്ഞത്. അത് തന്നെ ഞാൻ പറഞ്ഞതിന്റെ തെളിവാണല്ലൊ.
ചുരുക്കുന്നതിനു മുന്നേ ചെലത് കൂടെ പറയട്ടെ. ഇപ്പോ കഥകളി സ്റ്റേജിൽ പിൻകർട്ടനൊക്കെ കറുത്ത അല്ലെങ്കിൽ നീലതുണി ആക്കി പടോഗ്രാഫർമാർക്കും കാണികൾക്കും കണ്ണിന് അനായാസമാക്കിയിട്ടുണ്ട്. അരങ്ങിലെ വിളക്കും നിയന്ത്രച്ചിട്ടുണ്ട്. എന്നാലും കളിയുടെ പകുതി മുക്കാലും സ്റ്റേജിനു തൊട്ടടുത്ത് ഒരു വലിയ ഫ്ലാഷ് മെഷീൻ ഇടയ്ക്കിടക്ക് നമ്മടെ കണ്ണുകളെ തകരാറിലാക്കിക്കൊണ്ട് മിന്നിമറയുന്നുണ്ടായിരുന്നു. അതും പോരാഞ്ഞിട്ട് ശബ്ദഘോഷമായിരുന്നു അവിടെ. ഒരുഹാളിലേക്ക് എത്ര സ്പീക്കറുകൾ വേണം അത് എങ്ങനെ ഒരുക്കണം എന്നത് സ്റ്റേജ് ഒരുക്കന്നതുപോലെ തന്നെ പ്രധാനമാണ്. ശബ്ദമലിനീകരണം ഒന്നുമല്ലല്ലൊ നമ്മുടെ ലക്ഷ്യം. പാട്ട് ആണ്, മേളമാണ്. അത് ചെവിയ്ക്ക് സുഖം നൽകണം.
ഇനി കളി നടത്തുന്നവർ ഇവ കൂടെ ശ്രദ്ധിക്കണം എന്നൊരു താൽപര്യം കൂടെ പ്രകടിപ്പിച്ച് കൊണ്ട് ഇവിടെ നിർത്തട്ടെ..
Malayalam