കല്ലുവഴി ഇരമ്പും
നിനച്ചിരിക്കാതെയാണ് അരണ്ട വെളിച്ചത്തിൽ അവരിരുവരെ ഒന്നിച്ച് കണ്ടത്. തൊലിക്കറുപ്പിന്റെ കാര്യത്തിൽ ഒപ്പത്തിനൊപ്പമെങ്കിലും കലാമണ്ഡലം പ്രദീപിന് അക്കാലത്ത് സദനം ശ്യാമളനോളം തടിയില്ല. തുറസ്സായ പാടത്തെക്കുള്ള ഇറക്കത്തിൽ ഉറക്കെ സംസാരിച്ചാണ് നടത്തം. എഴുന്നുനിൽക്കുന്ന വരമ്പിനോളം കല്ലപ്പുള്ള രണ്ടു യുവാക്കൾ പരസ്പരം തമാശ പറഞ്ഞും കളിയാക്കിയും. ആ രാത്രിയിലെ വേഷക്കാരനും പാട്ടുകാരനും.
ഇരുപതു കൊല്ലം മുമ്പാണ്. 1994ലെ വേനൽ. കല്ലുവഴിയിൽ കഥകളി. ക്ഷേത്രം ഏതെന്ന് ഇന്നോർക്കുന്നില്ല. എത്തിപ്പെട്ടത് എങ്ങനെയെന്നുപോലും. ജോലി ചെയ്തു താമസിച്ചിരുന്ന സദനം അക്കാദമിയിൽനിന്ന് പടിഞ്ഞാട്ടാണ് ആദ്യ ബസ്സ് പിടിച്ചത് എന്നുറപ്പ്. അങ്ങനെയാണ് മാറിക്കയറാൻ ഒറ്റപ്പാലം സ്റ്റാൻഡിൽ ഇറങ്ങിയതും ചെറുഹോട്ടലിൽ വേറൊരു ഭാഗവതരെ കണ്ടുമുട്ടിയതും.
അധികം തിരക്കില്ലാത്ത നീളൻ മുറിയുടെ ഒഴിഞ്ഞ മൂലയിൽ ഇരുന്ന് ചായ ആറ്റുകയാണ് കലാമണ്ഡലം സുബ്രഹ്മണ്യൻ. വെളുത്തു മെലിഞ്ഞ ദേഹം, മുഴുക്ഷൗരം കഴിഞ്ഞ മുഖം. ഉൾവലിഞ്ഞതെങ്കിലും പണ്ടും പ്രസന്നമായ പെരുമാറ്റം. മുൻപരിചയം ആവശ്യത്തിനുണ്ട്. അടുത്തുചെല്ലാൻ സംശയിച്ചില്ല. "കല്ലുവഴിക്കാവും ല്ലേ?" എന്ന് ചോദിച്ചു. "അതെ" എന്ന് ചിരിച്ച് മറുപടി വന്നു.
രണ്ട് ഉഴുന്നുവടക്ക് പറയാം എന്ന് വിചാരിച്ചതും അടുത്ത യാത്രികൻ ഞങ്ങൾക്കരികിലെത്തി. വേറൊരു സുബ്രഹ്മണ്യൻ. സദാ ചിരിച്ച മട്ടിൽ കാണുന്ന വേഷക്കാരൻ ബാലസുബ്രഹ്മണ്യൻ. അദ്ദേഹം വരുന്നതും കലാമണ്ഡലത്തിൽനിന്നുതന്നെ. "എല്ലാരൂണ്ടലോ," എന്നുപറഞ്ഞ് ആൾ കസേര അടുപ്പിച്ചിട്ടു. "ഒരു മൂന്ന് ചായക്കാങ്ങ്ട് ഓർഡറീയാം, ല്ലേ?"
വെയിറ്റർ വന്നുപോയി. വർത്തമാനം കലപില തുടർന്നു. പുറത്ത്, ജനലഴികൾക്കപ്പുറം പട്ടാമ്പിക്കും ചെർപ്പുളശ്ശേരിക്കും കോതകുർശ്ശിക്കും ഉള്ള ബസ്സുകൾ കലശൽകൂട്ടി. കല്ലുവഴിയമ്പലത്തിൽ എത്തിയപ്പോൾ സന്ധ്യ മയങ്ങിയിരുന്നു. സുബ്രഹ്മണ്യജോഡി നേരെ അണിയറയിലേക്ക് പോയി.
മുൻനിലാവിന്റെ ലാഞ്ചനയുള്ള രാവിൽ തൽക്കാലം അങ്ങോട്ടു വേണ്ടെന്നു കരുതി ലേശം നാടുതെണ്ടാൻ തീരുമാനിച്ചു ഞാൻ. നാടിന്റെ പേര് മാത്രമോ കല്ലുവഴി! കഥകളിയുടെ വർത്തമാനകാലത്തെ ഏറ്റവും ശോഭനമായ കളരി! അതിന്റെ പൂത്തറക്കു ചുറ്റും കുറച്ചൊന്നുലാത്തട്ടെ. അങ്ങനെയലയുംവഴി തടഞ്ഞതാണ് പ്രദീപിനെയും ശ്യാമളനെയും. എന്നെ കണ്ടതിലുള്ള അപ്രതീക്ഷിതത്വം സസ്നേഹം പ്രകടപ്പിച്ചു കൊല്ലങ്ങളായി കൂട്ടുകാരനായ ശ്യാമളൻ. പ്രദീപിനെ പരിചയമില്ല.
മടക്കം കളിസ്ഥലത്തേക്ക് പോരുമ്പോൾ ക്ഷേത്രത്തിന്റെ ഊട്ടുപുരയുടെ സമീപമാണെന്ന് തോന്നുന്നു വേറൊരു യുവാവുമായി പരിചയത്തിന് ഇടവന്നു. സ്കൂൾ മാഷാണ്. സാജൻ. പട്ടാമ്പി പെരിങ്ങോട്ടെ പാവേരി മനക്കലെ അംഗം. ഒപ്പം നടന്ന് കുളക്കടവിനടുത്ത് വെള്ളത്തിൽ ഇടക്ക് കല്ലെറിഞ്ഞുള്ള ഓളത്തിൽ എന്തെല്ലാമോ സംസാരിച്ചു. കഥകളിനടൻ നരിപ്പറ്റ നാരായണൻ നമ്പൂതിരിയുമായുള്ള ബന്ധവും ചങ്ങാതി ഇടയിലെപ്പോഴോ പറഞ്ഞു.
കളിക്ക് വിളക്കു വച്ചു. ആദ്യകഥ സന്താനഗോപാലം. അർജുനൻ ബാലസുബ്രഹ്മണ്യന്റെ. ശ്രീകൃഷ്ണൻ? പ്രദീപിന്റെ ആയിരുന്നിരിക്കണം എന്ന് ഇന്നുതോന്നുന്നു. രണ്ടാമത്തെ കഥ രാജസൂയം. കോട്ടക്കൽ ചന്ദ്രശേഖര വാരിയരുടെ ശിശുപാലൻ.
ഒടുവിലത്തെ കഥയ്ക്ക് ഏറെനേരം നിന്നതില്ല. പരിചയത്തിൽപ്പെട്ട ആൾക്കാരുടെ കുറവുകൂടി കാരണമാവാം ഒന്ന് മടുത്തതുപോലെ തോന്നി. ആദ്യ ബസ്സിന് കണക്കാക്കി, ലേശം നേരത്തേതന്നെ, പുറത്തു കടന്നു.
കുറച്ചു നടക്കാനുണ്ടായിരുന്നോ? നിശ്ചയം പോര. ഏതായാലും ഒഴിഞ്ഞ ബസ്സ്‌സ്റ്റോപ്പിൽ കഥകളിമേളത്തിന്റെ ആരവം തീരെയുണ്ടായിരുന്നില്ല. അകലെ ചീവീടുകൾ ചീറുന്നതൊഴിച്ചാൽ കൂട്ടിന് നിശ്ശബ്ദത മാത്രം. കുറെ നേരം വാഹനമൊന്നും വന്നില്ല. അങ്ങനെയിരിക്കെ ഒരാൾരൂപം അടുക്കുന്നു. മുണ്ട് മടക്കിക്കുത്തി, ചുമലിൽ തുകൽസഞ്ചി തൂക്കി. അടുത്തെത്താറായപ്പോൾ തിരിഞ്ഞുകിട്ടി: ശേഖരേട്ടൻ. കുറച്ചുമുമ്പു മാത്രം ഗോപികാവസ്ത്രാപരഹരണം സരസമായി വിസ്തരിച്ചാടിയിരുന്നു ഇദ്ദേഹത്തിന്റെ കത്തിവേഷം.
നേരിയ പരിചയമേയുള്ളൂ. എങ്കിലും അങ്ങോർ ഇങ്ങോട്ടും ചിരിച്ചു. "യെങ്ങട്ടാ പോണ്ട്?" ന്നൊരു ചോദ്യവും. എനിക്ക് എത്തേണ്ടത് തൃശ്ശൂര്.
ശേഖരേട്ടനും തെക്കോട്ടാണ്. അന്ന് രാത്രി നാവായിക്കുളത്ത് കളിയുണ്ട്. തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് പ്രദേശം.
"യീ നേരത്തൊരു ഫാസ്റ്റ്പാസഞ്ചറ്‌ണ്ട് ത്രെ..." എന്ന് ശേഖരേട്ടൻ. അതിനായിരുന്നു ഞാനും കാത്തുനിന്നത്. അകലെ, ഏതോ വലിയ വാഹനത്തിന്റെ മൂളക്കശ്ശബ്ദം കേൾക്കുന്നുണ്ട്. ഏതോ 'ആന'വണ്ടി കുന്നറങ്ങുന്നതാവണം എന്ന് കരുതി.
ആ ഉറപ്പിലെന്നപോലെ തുടങ്ങി വർത്തമാനം. കുറച്ചധികം നേരം ഉണ്ടായി. രസച്ചരട് എവിടെയോ മുറിഞ്ഞപ്പോഴാണ് ഉലഞ്ഞ ജുബ്ബ ഒന്നുതട്ടി ശേഖരേട്ടൻ പറഞ്ഞു: "യെന്താ... കൊറ നേരായീലോ എരമ്പല്.... (വണ്ടിയുടെ) വരവ് മാത്രം കാണാല്ല്യ..." ഇരുവരും ചിരിച്ചു.
ഒടുവിൽ ബസ്സ് വന്നതും കയറിപ്പോന്നതും എങ്ങനെയോ എന്തോ... ഉറക്കമുണർന്നപ്പോൾ തൃശ്ശൂര് അടുക്കാറായിരുന്നു. "ന്യൊറങ്ങണ്ടാ..." എന്നായി ശേഖരേട്ടൻ. "സ്ഥലെത്ത്യാ അറീല്ല്യ."
പട്ടണത്തിന്റെ കൊക്കാല ഭാഗത്ത് ഇരുവരും ഇറങ്ങി. നേരം പ്രാതലിനു പാകം. "കാപ്പുടിക്ക്യല്ലേ..." എന്ന് ശേഖരേട്ടൻ.
രാധാകൃഷ്ണാ ഹോട്ടലിൽ കയറി. മസാലദോശക്ക് പറഞ്ഞു. വന്നു. "ഉപ്പധികാ...." ശേഖരേട്ടന്റെ അഭിപ്രായം. "അതോണ്ട് നഷ്ടം നമ്ക്കല്ലേ....."
തുടർന്ന് കൌണ്ടറിൽ കാശ് കൊടുക്കുമ്പോഴാണ് ശേഖരേട്ടന്റെ അന്നത്തെ നർമം ഏറെ രസമായി പുറത്തുവന്നത്. ഞങ്ങളിരുവരുടെ ഒറ്റബില്ലിന് നൂറു രൂപ കൊടുത്ത ശേഖരേട്ടനുനേരെ ആ നോട്ട് നിരക്കി കാഷ്യർ പറഞ്ഞു: "ദ് കീറീതാ..." കടലാസ് അകംപുറം പരിശോധിച്ച് ശേഖരേട്ടൻ മറ്റൊരു നൂറുരൂപാനോട്ട് കാട്ടി. അതിന്റെ ബാക്കി കിട്ടിയതും ഒന്ന് പരിശോധിച്ച് അതിലെ കീറിയതൊന്ന് അങ്ങോട്ടും കൊടുത്തു. പുത്തൻനോട്ട് കിട്ടിയപ്പോൾ അത് അരയിലെ വശക്കീശയിൽ ഇടുന്ന കൂട്ടത്തിൽ എന്നെ നോക്കി ഒരുകണ്‍ ചീമ്പി.
ചെട്ടിയങ്ങാടിക്കവലയിൽ കൈതന്നു പിരിഞ്ഞു.
പിറ്റത്തെയാഴ്ച സദനത്തിൽ എത്തി. പകലത്തെ പണി കഴിഞ്ഞ് ആശാന്മാരുടെ കളരിയിലെത്തി. സന്ധ്യ മയങ്ങിയാൽ മണ്ണെണ്ണവിളക്കാണ്. ചായ്പ്പുള്ള തിണ്ണയിൽ തോർത്ത് വിരിച്ച് മരത്തൂണ്‍ ചാരിയിരിക്കുകയാണ് ബാലാശാൻ. പ്രധാന വേഷാദ്ധ്യാപകാൻ കലാനിലയം ബാലകൃഷ്ണൻ. വീണ്ടും ചീവീടുകളുടെ സംഗീതം. കയറ്റിറക്കമുള്ള ഇരമ്പൽ.
കുപ്പായമഴിച്ച് ഓരോന്ന് പറയുന്ന കൂട്ടത്തിൽ ആയിടെ കണ്ട കല്ലുവഴികളിയിലേക്കും പോയി വർത്തമാനം. കണ്ട വേഷക്കാരിൽ പ്രദീപിന്റെ കാര്യം വന്നപ്പോൾ ബാലാശാൻ സന്തോഷം പറഞ്ഞു, "മിട്ക്കനാ..." തൂക്കിയിട്ട കാലുകളുടെ അടിത്തട്ടിക്കുടഞ്ഞ് തുടർന്നു: "അടുത്തെട ഒരു 'ഒന്നാം ദീസം' നളൻ ണ്ടായി... ന്റെ നാട്ടില് (വെള്ളിനേഴിക്കടുത്ത് കുറുവട്ടൂര്)... ചൊല്ല്യാട്ടൊക്കെന്താശ്ശണ്ടോ....."
അതെന്തോ ഏതോ... പ്രദീപിനെക്കുറിച്ച് പിന്നീട് സൂക്ഷ്മം അറിയുന്നത് പത്രത്തിലൂടെയാണ്. അതാവട്ടെ ഒട്ടും സുഖകരമല്ലാത്ത വാർത്തയും. 'മാതൃഭൂമി'യുടെ പാലക്കാട് എഡിഷനിൽ ഒന്നാംപേജ് റിപ്പോർട്ട്. ചായ്പ്പു പോലത്തെ കടയിൽ ചായയാറ്റുന്ന ചെറുക്കൻ. മണ്ണാർക്കാട്ടിലെ പള്ളിക്കുറുപ്പ് നാട്ടിൽ ഏതെങ്കിലും വിധത്തിൽ ജീവിക്കാൻ പാടുപെടുന്ന യുവകലാകാരനെക്കുറിച്ച് ഫീച്ചർ.
വൈകാതെ, ജീവിതയാഥാർത്ഥ്യങ്ങളിൽ തട്ടി എനിക്കു വിടേണ്ടി വന്നു നാട്. ആദ്യം ഡൽഹിക്ക്, പിന്നീട് മദിരാശിയിൽ. വിവാഹശേഷം 2002ൽ അവിടത്തെ അണ്ണാനഗർ അയ്യപ്പക്ഷേത്രത്തിൽ കഥകളി. കാട്ടാളവേഷത്തിൽ വന്ന പ്രദീപിനോളം ദീപ്തി അന്നേ സന്ധ്യക്ക് വേറൊരു വേഷത്തിനും തോന്നിയില്ല. ട്രൂപ്പുമായി വന്ന സുഹൃത്ത് കെ.ബി. രാജാനന്ദനോട് ഇക്കാര്യം അണിയറയിൽ പിന്നീട് കണ്ടപ്പോഴത്തെ സംസാരത്തിന്റെ കൂട്ടത്തിൽ പറയുകയും ചെയ്തു. "താനത് കണ്ടുപിടിച്ചൂ ല്ലേ," എന്ന മട്ടിൽ ലേശം കുസൃതിയുള്ളോരു ചിരിയായിരുന്നു മറുപടി.
ഏഷ്യാനെറ്റിലെ കഥകളിസമാരോഹ പരമ്പരയിൽ നളചരിതം മൂന്നാം ദിവസത്തിലെ ബാഹുകനെ മാത്രമല്ല ഋതുപർണൻ കെട്ടിയിട്ടുള്ള പ്രദീപിനെ ഇനിയെങ്കിലും കൂടുതൽ ശ്രദ്ധിച്ചു കാണണം എന്ന് അന്നാണ് തീർച്ചയാക്കിയത്. ടീവി കാണാനായിട്ടാണ് എന്നായിരുന്നെങ്കിലും ഇടക്കൊക്കെ നേരത്തെ എഴുന്നേൽക്കുന്ന ശീലം നന്ന് എന്ന് വീട്ടുകാർ അല്ലെങ്കിലും പറയുമായിരുന്നു.
നേരിട്ട് പ്രദീപിനെ പിന്നീട് കാണുന്നത് ഡൽഹിയിൽ വച്ചായിരുന്നു. 2007 മാർച്ച്. കേന്ദ്ര സാംസ്കാരികവകുപ്പിന്റെ ബിസ്മില്ലാഖാൻ യുവ പുരസ്കാരം വാങ്ങാൻ തലസ്ഥാനത്ത് എത്തിയ കഥകളിക്കാരൻ. അവാർഡുദാനത്തെ തുടർന്നുള്ള ദിവസങ്ങളിൽ ജേതാക്കൾക്ക് താന്താങ്ങളുടെ കല അവതരിപ്പിക്കാൻ വേദികൊടുക്കുന്ന ഉത്സവമുണ്ട്. പ്രദീപ് അരങ്ങത്ത് എത്തേണ്ടതുമായിരുന്നു (പാട്ടിന് പുരസ്കാരം കിട്ടിയ കലാമണ്ഡലം വിനോദുമൊത്ത്). പക്ഷെ, പാരിസിൽ നടക്കുന്നൊരു മേളയിൽ പങ്കെടുക്കാൻ ഉടൻ പോവേണ്ടതുള്ളതിനാൽ അക്കുറി കഥകളി ഉണ്ടായില്ല. (തിരക്കില്ലാഞ്ഞിട്ടും അപ്പോഴും പ്രദീപിനെ വിസ്തരിച്ചു പരിചയപ്പെടാൻ ഇടകിട്ടിയില്ല -- നഗരത്തിലെ ചില മലയാളപത്രസുഹൃത്തുക്കൾക്ക് മുട്ടിച്ചു കൊടുത്തതല്ലാതെ.)
ആ വർഷംതന്നെ മെയ്മാസത്തിൽ തിരുവല്ലയിൽ ഒരു മുഴുരാത്രി കളി. കമ്പക്കാരൻ കൂടിയായ അളിയൻ, പുതിയേടത്ത് വിവേക്, ശ്രീവല്ലഭക്ഷേത്രത്തിൽ സംഘടിപ്പിച്ച വഴിപാടരങ്ങിൽ രണ്ടാമത്തെ കഥയിൽ മല്ലയുദ്ധത്തിനു ശേഷം കീചകൻ പ്രദീപിന്റെ. തുടക്കത്തിലെ ശൃംഗാരപദത്തിൽ 'ചില്ലീലത'യുടെ ഭാഗത്ത് "വള്ളി" എന്ന മുദ്രക്ക് കൈക്കുഴ ചുഴിക്കുന്നതിൽ അശ്രദ്ധയുടെ സ്പർശമുള്ള അവിദഗ്ധതയുണ്ട് ഇഷ്ടന്. അതല്ലെങ്കിൽ, പതിഞ്ഞയിരട്ടിയടക്കം ചലനങ്ങൾക്ക് മൊത്തം അസ്സല് ഭംഗിയും.
ഒന്നരയാണ്ട് കഷ്ടി പിന്നിട്ടപ്പോൾ, വീണ്ടും ജോലി മാറി ഞാൻ മദിരാശിയിൽ എത്തി.
അങ്ങനെയിരിക്കെ ഇന്റർനെറ്റ് മാദ്ധ്യമം കലാലോകത്തുകൂടി പൂർവാധികം സജീവമായി. ബ്ലോഗ് എന്നൊരു സംഗതിക്കു കീഴിൽ കഥകളിയെഴുത്തുകൾ അവിടിവിടെ പ്രത്യക്ഷപ്പെടുന്നത് കാണാനിടയായി. കലാമണ്ഡലത്തിൽ പഠിച്ച പ്രദീപിന്റെ മാനസഗുരു സദനം കൃഷ്ണൻകുട്ടിയാണെന്ന് ചിലരൊക്കെ എഴുതിക്കണ്ടപ്പോൾ ഒരു കൌതുകത്തിനു ഞാനും ഒരിടത്ത് (അവണാവ് ശ്രീകാന്തിന്റെ നെറ്റിടം) ഈ അർത്ഥത്തിലൊരു കമന്റ് ഇട്ടു: "പൊതുവിൽ ചടുലതയുടെയും ചില നേരത്തെ അംഗചലനങ്ങളുടെ കാര്യത്തിലും കൃഷ്ണൻകുട്ടിയേട്ടന്റെ സ്വാധീനം സുവ്യക്തമാണ്. പക്ഷെ, ആകെമൊത്തം ശരീരഭാഷ കലാമണ്ഡലം വാസുപ്പിഷാരോടിയുടെതായാണ് അനുഭവം."
(അതിന് അരപ്പതിറ്റാണ്ടു ശേഷം ഈ വർഷം [2014] മദ്ധ്യത്തിൽ വാസുവേട്ടന്റെ കോങ്ങാട് വീട്ടിൽ സകുടുംബം ചെന്നുള്ള വർത്തമാനത്തിടെ പ്രദീപുവിഷയം വന്നപ്പോൾ അദ്ദേഹം പറഞ്ഞു: "ഹഹ... ഇത് വേറെ ചെൽരും ന്നോട് പറയ്യണ്ടായിട്ട്ണ്ട്; കൊറച്ചൊക്ക നിയ്ക്കും ശര്യാ തോന്നാറ്‌ണ്ട്. പക്ഷെ, ഞാനയളെ അങ്ങനെ പഠിപ്പിച്ചിട്ടൊന്നുല്ല്യ. മുതിർന്ന ക്ലാസില് എപ്പളോ ഒന്നുരണ്ട് മാസം ണ്ടായിട്ട്‌ണ്ട്.... അത്രെന്നെ. കെ.ജി. വാസു മാഷും നല്ലോം ശ്രദ്ധിച്ചിരിയ്ക്കുണു.")
ആയിടെ നാട്ടിൽനിന്നുള്ള ഫോണ്‍ വിളിക്കിടെ അമ്മ ഒരിക്കൽ പറഞ്ഞു: "ഇവിടെ (തൃപ്പൂണിത്തുറ) കളിക്കോട്ടേല് കഴിഞ്ഞമാസം (കഥകളി)ക്ലബ്ബ് കളി കാലകേയവധം ആയിരുന്നു. ഒരു പ്രദീപ് ന്ന് പറഞ്ഞ്ട്ടൊരു പയ്യൻ.... അയ്യൊയ്യൊ എന്തൊരു സ്മാർട്ടാ അർജുനൻ..."
മദിരാശിക്കാലത്ത്, 2010ലൊരിക്കൽ, അവധിയിലൊരിക്കൽ നാട്ടിൽ പോയപ്പോൾ തൃശ്ശൂര് കഥകളി. ശങ്കരൻകുളങ്ങര ക്ഷേത്രത്തിൽ. ഉത്തരാസ്വയംവരം. പ്രദീപിന്റെ ബൃഹന്നള. അന്നാണ് അയാളുടെ വേഷത്തിന്റെ മുതിർച്ചി ശരിക്കറിഞ്ഞത്. ഒരു മാസ്റ്റർക്ക് മാത്രം സാധിക്കുന്ന പ്രകടനമായിരുന്നു അന്നേ സന്ധ്യക്ക് അഗ്രശാലയിൽ. കലാമണ്ഡലം (കറുത്ത) ഗോപാലകൃഷ്ണന്റെ ശിഷ്യൻ എന്ന് ഉറക്കെ വിളിച്ചോതുന്ന പ്രകടനം.
വീണ്ടുമൊരു ഊട്ടുപുരയിൽത്തന്നെയായിരുന്നു പ്രദീപിന്റെ അടുത്ത വട്ടം കാണാൻ ഭാഗ്യം. തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ. ഇക്കുറി കത്തിവേഷം. അണിയറയിൽ പ്രദീപുമായി കുശലമുണ്ടായി. ആറന്മുളയിലെ വിജ്ഞാനകലാവേദി വിട്ടതും ഇപ്പോൾ മാർഗിയിൽ ജോലി ചെയ്യുമ്പോഴും കുടുംബത്തെ തിരുവനന്തപുരത്തേക്ക് കൊണ്ടുവരാത്തതും അതിനുപിന്നിലെ കാരണവും (ചോദിച്ചപ്പോൾ) ഒന്ന് സൂചിപ്പിച്ചു. രാച്ചെന്നപ്പോൾ പാടി രാഗത്തിൽ ശ്രുംഗാരപദം തുടങ്ങിയുള്ള ദുര്യോധനവധത്തിലെ നായകൻ. അതിന്റെ ഔജ്വല്യത്തിൽ പിറ്റേന്ന് ഞാൻ കൂടേണ്ടതായൊരു രംഗക്രിയ തുലോം നിസ്സാരമായി തോന്നി: മേളകലാകാരൻ പെരുവനം കുട്ടൻമാരാരെ കുറിച്ച് എനിക്കെഴുതാൻ കിട്ടിയ ആത്മകഥയടങ്ങിയ പുസ്തകത്തിന്റെ പ്രകാശനത്തിന് കളിക്കോട്ടയിൽ ഹാജറാവുന്ന കാര്യം.
കഥകളി കുറച്ചൊന്നു രൂപംകൊണ്ട കാലത്ത് മലനാട്ടിൽ അധിനിവേശം നടത്തിയ ഡച്ചുകാർ പതിനെട്ടാം നൂറ്റാണ്ടിൽ പണിത ആ നെടുങ്കൻ പുരയിൽ വച്ചായിരുന്നു പ്രദീപ് ആറു മാസം പിന്നിട്ടപ്പോൾ ഇതിഹാസം രചിച്ചത്. അരങ്ങിൽ വിളങ്ങുന്ന ആറ് രാവണന്മാരെ ഒറ്റ രാത്രിയിൽ പിന്നാലെപ്പിന്നാലെ അവതരിപ്പിച്ച പത്തുമണിക്കൂർ പരിപാടിയിൽ ശ്രദ്ധേയമായിത്തോന്നിയത് ശരീരബലത്തെക്കാൾ ചൊല്ലിയാട്ടത്തിലെ വീറും വെടിപ്പും ആയിരുന്നു. പാത്രാവിഷ്കാരത്തിന് കഥകളിയിൽ എവ്വിധം ദേഹം ഉപയോഗിക്കാം എന്നതിന്റെ മാരത്തോണ്‍ ആയിരുന്നു 2014 ജൂണ്‍ 21ന് രാത്രി അരങ്ങേറിയ 'ദാശാസ്യം'. ആകാംക്ഷയും കൌതുകവും ആയി ഒത്തുചേർന്ന ജനാവലിക്കിടയിൽ യുവപ്രതിഭയുടെ ഗുരു വാഴേങ്കട വിജയനും അരങ്ങിലെ മാമാങ്കം വീക്ഷിച്ചു. അരങ്ങു പങ്കിട്ടവരിൽ പ്രദീപിന്റെ മകൻ പ്രണവ് എന്ന കൊച്ചുബാലകനും ഉണ്ടായിരുന്നു.
ലിംക റെക്കോർഡ് വേറെയാരുടെയുമൊക്കെ ബേജാറ്; നാരങ്ങസ്സർവത്ത് കുടിക്കുന്ന ലാഘവത്തിൽ ദശമുഖന്മാർ ആദ്യന്തം മധുരം കലർന്ന എരിവുസ്സ്വാദ് കലക്കിവിളമ്പിയതാണ് ആ രാത്രിയിലെ മികച്ച മുതല്.
ഇപ്പോഴിതാ വീണ്ടും തുലാവർഷം. വൃശ്ചികത്തോടെ കേരളത്തിൽ ഉത്സവസീസണ്‍ തുടങ്ങുകയായി. അതിന്റെ തിളക്കത്തിൽ പ്രദീപ് വീണ്ടും സജീവനായി പലയിടത്തും പ്രത്യക്ഷപ്പെടും. അരങ്ങിലെത്തിയാൽ കടതല വായുസഞ്ചാരത്തിനു വിഘ്നമില്ലാത്ത മെയ്യുമായി. അപ്പോൾ വല്ലപ്പോഴും എനിക്കാ ചിത്രം (അല്ലെങ്കിലും) തെളിയും: ഇരുപതു കൊല്ലം മുമ്പ് വള്ളുവനാട്ടിലെ ഒരു കുഗ്രാമത്തിൽ നേർത്ത വെട്ടത്തിൽ നടന്നുപോവുന്നൊരു ഇരുണ്ട രൂപം. കളികഴിഞ്ഞുള്ള അന്നത്തെ വണ്ടികാക്കൽചരിതം ഓർക്കാതെതന്നെ ഇന്നു പറഞ്ഞുപോവും: കല്ലുവഴി ഇരമ്പും.
Comments
sunil
Sun, 2014-11-02 20:14
Permalink
പ്രദീപ്
പ്രദീപിനെ അധികം പരിചയമില്ലാത്ത കാലത്ത് സംസാരിച്ചപ്പോ പ്രദീപ് പറഞ്ഞ രണ്ട് കാര്യങ്ങള്‍ ഓര്മ്മയുണ്ട് എനിക്ക്.
ഒന്ന്, കറുത്ത ഗോപാലകൃഷ്ണന്‍ എന്നൊരു ആശാനില്ലായിരുന്നില്ലെന്കില്‍ ഞാനില്ലായിരുന്നു എന്ന്
രണ്ട്, ആദ്യകാലത്ത് കിരാതത്തില്‍ പന്നി വേഷം കെട്ടീട്ടാ തിളങ്ങിയിരുന്നത് എന്ന്!
ആ 'പന്നി' വേഷം വല്ലാതെ നോവിച്ചു.
ആദ്യമായിട്ട് ഞാന്‍ കണ്ടത്, (ആളറിയാതെ) ലവണാസുരവധം മണ്ണാന്‍. വെള്ളിനേഴി ഹരിദാസിന്റെ മണ്ണാത്തിയും !
യൂറ്റ്യൂബിലുണ്ട് ആ കളി.
vinodlumar.c (not verified)
Mon, 2014-11-03 01:14
Permalink
ശ്രീ പ്രദീപ് പറയാറുള്ള ചില
ശ്രീ പ്രദീപ് പറയാറുള്ള ചില കാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കട്ടെ......... ഒന്ന് താങ്കള്‍ പറഞ്ഞതുപോലെ അദ്ദേഹത്തിന്‍റെ മാനസഗുരു സദനം കൃഷ്ണന്‍കുട്ടി തന്നെ. രണ്ട്, പ്രദീപിന്‍റെ ഗുരുനാഥന്‍ യശ: കെ.ഗോപാലകൃഷ്ണനും ബഹുമാനിച്ചിരുന്ന അത്യപൂര്‍വ്വം നടന്മാരില്‍ ഒരാളായിരുന്നു കൃഷ്ണന്‍കുട്ടി ആശാന്‍. അതിനു ഒരു കാരണം കൃഷ്ണന്‍കുട്ടി ആശാന്‍റെ അപൂര്‍വ്വം ശിഷ്യരില്‍ ഒരാള്‍ ആയിരുന്നു കെ,ഗോപാലകൃഷ്ണന്‍. ഇനി, ശിഷ്യനായ പ്രദീപിനെ ആശാനായ കൃഷ്ണന്‍കുട്ടി ആശാനോട് ആദ്യമായി ബന്ധിപ്പിച്ചതും കെ.ഗോപാലകൃഷ്ണന്‍ തന്നെ..........(ഒരു കൊണിശം: കൃഷ്ണന്‍കുട്ടി ആശാനെ മാനസ ഗുരു ആയി കൊണ്ട് നടന്ന വേറെ പലരുമുണ്ട്. അവരില്‍ പലരും പലതിലേക്കും മാറ്റി കെട്ടി. എന്നാല്‍ പ്രദീപിനെ ഇപ്പോഴും കാണാറുണ്ട്)............Sreevalsan Thiyyadi..............
sunil
Wed, 2014-11-05 20:16
Permalink
Comments from Kathakali FB group
https://www.facebook.com/groups/kathakali/permalink/809209742433643/
ആദ്യം ഈ കഷ്ണം കാണൂ....See More
ഈ വർഷം ജൂണിൽ തൃപ്പൂണിത്തുറ നടന്ന ദാശാസ്യത്തിലെ ആദ്യ കഥയായിട്ടാണ് ഇദ്ദേഹം ഈ വേഷം ചെയ്തുകണ്ടത്.
കൌതുകങ്ങൾ: തുടക്കത്തിലെ ആട്ടത്തിൽ എനിക്ക് എത്രയും എന്നത് കഴിഞ്ഞ് 'സുഖം' എന്ന മുദ്രയുടെ ഒതുക്കിയുള്ള വിന്യാസം -- തനി കലാമണ്ഡലം വാസുപ്പിഷാരോടി. തുടർന്നുള്ള വരങ്ങൾ എന്നതിന് പിന്നാലെ 'എല്ലാം' എന്ന മുദ്ര മാറിനു ലേശം (നല്ലവണ്ണം) കീഴെ കൈകൾ പിടിച്ചുള്ള ഇടംവലം നീക്കം -- തനി സദനം കൃഷ്ണൻകുട്ടി. രണ്ടും നന്ന്.
വശപ്പിശക് തോന്നിയത്: വരങ്ങൾ വാങ്ങുന്നത് എത്രയും "പ്രതാപത്തോടെ" എന്നിടത്ത് "പരാക്രമം" എന്ന ടേക്ക്ഓഫ് മുദ്രക്ക് പകരം "യോഗ്യത" എന്ന തണുപ്പൻ മുദ്രയാണ് പ്രദീപ് തെരഞ്ഞെടുത്തത്. അതേതായാലും കഷ്ടമായി. (എന്റെ അഭിപ്രായം മാത്രം.)
പലരുടെയും അംശങ്ങൾ ഭംഗിയായി ചേർക്കുക എന്ന പ്രക്രിയയെ ആദരിച്ചാണ് കുറിപ്പ്. ഓരോന്ന് അവിടിവിടെനിന്ന് കോപ്പി അടിക്കുന്നു എന്ന അർത്ഥത്തിൽ അല്ല. (അതുകൊണ്ടുതന്നെ പ്രദീപ് എനിക്ക് പരിചയക്കാരനാണോ എന്നതുപോലും അപ്രസക്തമാണ് ഈ അദ്ധ്യായത്തിൽ എന്ന് വിചാരിക്കട്ടെ.)
Hari പറഞ്ഞതുപോലെ അയാൾ ബഹുദൂരം മുന്നോട്ടുപോവും. (എന്നെ സംബന്ധിച്ചുമാത്രം പറയുകയാണെങ്കിൽ ഞാൻ ചാവ്വോളം കഥകളി കാണും ന്ന് [പ്രദീപ് ഉള്ളതുകൊണ്ട്] ഉറപ്പായി.)
"വ്യക്തി അപ്രസക്തം ആവുക" എന്നതുകൊണ്ട് ഉദ്ദേശിച്ചത് വ്യക്തമാക്കാൻ ശ്രമിക്കട്ടെ: രംഗകലാപ്രയോക്താക്കളിൽ ചിലർ ശ്രദ്ധിക്കപ്പെടുക അവരുടെ സ്വന്തം കൈയ്യൊപ്പിനേക്കാൾ അവതരിപ്പിക്കപ്പെടുന്ന കലയുടെ മെച്ചം കൊണ്ടായിരിക്കും. കലാമണ്ഡലം പ്രദീപ് നന്നായി വേഷംചെയ്ത ദിവസം നമുക്ക് (എനിക്ക് ഉറപ്പായും) കൂടുതൽ ബോദ്ധ്യപ്പെടുക കഥകളിയുടെ മികവാണ്; അയാളുടെ മിടുക്ക് പിന്നീടേ വരുന്നുള്ളൂ. "പ്രദീപ് അസ്സലായി" എന്ന് പറയുന്നതിനേക്കാൾ "കളി ഗംഭീരമായി" എന്ന് പറയാനാണ് തോന്നാറ്. (രാമൻകുട്ടിനായരുടെ വേഷം കണക്കെ, മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ പാട്ടുപോലെ, കലാമണ്ഡലം ബലരാമന്റെ ചെണ്ട പോലെ, നമ്പീശൻകുട്ടിയുടെ മദ്ദളം പോലെ...) "എന്റെ മിടുക്ക് കാണിൻ" എന്നതിനപ്പുറം കഥകളിയുടെ ഊർജവും കാമ്പും നമ്മെ വീണ്ടും വീണ്ടും മനസ്സിലാക്കിക്കുന്ന ഒരുതരം 'നിമിത്തം' ആയാണ് പ്രദീപ് വർത്തിക്കുന്നത്. കല്ലുവഴിയുടെ കളരിസൗകുമാര്യം, അതിന്റെ രംഗസാഫല്യം, ഇന്നില്ലാത്തവരും ഉള്ളവരും ആയ ചില മികച്ച ആശാന്മാരുടെ ഉജ്വലസംഭാവനകൾ, എന്നിവയിലേക്ക് കാണിയുടെ ശ്രദ്ധയും ഓർമയും കൊണ്ടുപോവാനാണ് ഇയാൾക്ക് ഏറെ പ്രാപ്തി.
ചുരുക്കം, പ്രദീപിന്റെ ഒരു വേഷം കണ്ടു മടങ്ങുന്ന പ്രേക്ഷകൻ (സന്തോഷപൂർവ്വം) ഞെട്ടുക കഥകളിയുടെ മഹാത്മ്യം ഓർത്താവാനാണ് കൂടുതൽ സാദ്ധ്യത (എന്ന് ഞാൻ വിശ്വസിക്കുന്നു). കാരണം അരങ്ങിൽ ഇയാളുടെ പ്രകടനം അത്രമാത്രം അയാളുടെ രംഗകലയുമായി ഇണങ്ങിക്കാണുന്നതായാണ് അനുഭവം. അവിടെ പ്രദീപ് ഇല്ല, കഥകളിയേ ഉള്ളൂ. (ഇത് വലിയൊരു നേട്ടമായി പ്രദീപും കലാലോകവും കരുതുന്നുണ്ടാവും എന്നും പ്രതീക്ഷിക്കുന്നു.)
ആ പച്ച വിസ്മരിക്കാതിരിക്കട്ടെ എന്ന് ആശിക്കുന്നു. അത്ര സുന്ദരമാണ് അത്. പ്രദീപേട്ടന്റെ കത്തി വേഷങ്ങൾ എന്നിൽ ഉണ്ടാക്കുന്നത് ഒരു കൊരിതരിപ്പാനെങ്കിൽ, അദ്ദേഹത്തിന്റെ പച്ച ഉണ്ടാക്കുന്നത് നാരായണേട്ടൻ Vp Narayanan Namboothiri പറഞ്ഞ പോലെ ഒരു ഭ്രമം ആണ്. വേഷതിനോട്, കഥകളിയോട്.
പെരുമ്പാവൂരിനടുത്ത് ഒരു പുഷ്ക്കരൻ. അതിലെ ഇളകിയാട്ടം, ചില നോട്ടങ്ങൾ മനസ്സില് നിന്ന് മഞ്ഞിട്ടില്ല. പക്ഷേ അന്ന് എനിക്ക് ഏറ്റവും ഇഷ്ടമായത് "അരികിൽ വന്നു നിന്നതാര്" എന്ന പദത്തിന്റെ ആട്ടം ആണ്. ഭ്രമിപ്പിച്ചു . അദ്ദേഹത്തിന്റെ കാലകേയവധം ആദ്യഭാഗം, നളചരിതം രണടാം ദിവസം തുടങ്ങിയവ കാണാൻ കാത്തിരിക്കുകയാണ്.
vinodcheril@gma... (not verified)
Fri, 2014-11-07 13:35
Permalink
ശ്രീ പ്രദീപിന് 'കൃഷ്ണന്
ശ്രീ പ്രദീപിന് 'കൃഷ്ണന്‍കുട്ടിത്തം' തുടക്കം മുതലേയുണ്ട്. പ്രദീപ് കഥകളി പഠിക്കാന്‍ ആദ്യം അപേക്ഷിച്ചത് സദനത്തില്‍ ആണ്. അന്ന് ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഉണ്ടായിരുന്ന സദനം സ്ഥാപകന്‍ യശ: കുമാരേട്ടന്‍ പ്രദീപിനെ കണ്ടപ്പോളേ പറഞ്ഞുവത്രേ, 'ഒരു കൃഷ്ണന്‍കുട്ടി ഛയ' എന്ന്. രണ്ടാമത് കലാമണ്ഡലത്തില്‍ ഇന്റര്‍വ്യൂവിനു എത്തിയപ്പോള്‍ ഉണ്ടായിരുന്ന കലാ.പദ്മനാഭന്‍ നായര്‍ ആശാനും പറഞ്ഞു, 'സദനം കൃഷ്ണന്‍കുട്ടീടെ ച്ഛായ'...............അടുത്ത തമാശ.......പ്രദീപ് വര്‍ഷങ്ങളായി ഒരു അംഗത്തെപോലെയാണ് ശ്രീ വെള്ളിനേഴി ഹരിദാസന്‍റെ വീട്ടില്‍. ഒരു ദിവസം ഹരിദാസിന്‍റെ മകള്‍ കോളേജില്‍ നിന്നും വീട്ടിലെത്തി പറഞ്ഞു, അച്ഛാ കൃഷ്ണന്‍കുട്ടി മുത്തശ്ശന്റെ ഫോട്ടോ കോളേജിന്റെ അടുത്ത് വച്ചിട്ടുണ്ട്. ഹരിദാസ് ആലോചന തുടങ്ങി. കൃഷ്ണന്‍കുട്ടി ഏട്ടന്‍റെ ഫോട്ടോ മണ്ണാര്‍ക്കാട് വരാന്‍ എന്താ വഴി. ഇനി വല്ല കളിയോ മറ്റോ. കാര്യം മണ്ണാര്‍ക്കാടുകാരന്‍ ആയ പ്രദീപിനെ വിളിച്ചു പറഞ്ഞു. പ്രദീപ് ചോദിച്ചുവത്രേ, 'ആരാ ങ്ങളോട് ദ് പറഞ്ഞെ'...പറഞ്ഞ ആളെയും പറഞ്ഞു. അപ്പോളാണ് തമാശ തിരിഞ്ഞത്, ദാശാസ്യനായ പ്രദീപിനു ആശംസകള്‍ അര്‍പ്പിച്ചു നാട്ടുകാര്‍ വച്ച ഫ്ലെക്സ് ആയിരുന്നു അത്................
sunil
Sat, 2014-11-08 20:20
Permalink
വെള്ളിനേഴി ഹരിദാസ്
ഹരിദാസ് പ്രദീപിന്റെ ഡാന്സ് ഗുരു കൂടെ ആണ് :)