ഉത്തരീയം അവതരിപ്പിച്ച കപ്ലിങ്ങാടൻ ശൈലിയിലുള്ള നരകാസുരവധം
സർറിയലിസം എന്ന മൂവ്മെന്റ് സാഹിത്യത്തിൽ പ്രചാരത്തിൽ വന്നത് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ മാത്രമാണ്.അതിന് ഒരു നൂറ്റാണ്ട് മുമ്പ് തന്നെ കഥകളി സർറിയലിസത്തെ അതിവിദഗ്ധമായി അരങ്ങിൽ ആവിഷ്കരിച്ചു.സർറിയലിസ്റ്റിക്കായിട്ടുള്ള കഥാതന്തുക്കൾ തിരഞ്ഞെടുത്തു എന്നത് തന്നെയാണ് ഒരു പെർഫോമിങ്ങ് ആർട്ട് എന്ന നിലയിൽ കഥകളിയുടെ വിജയവും.ധാരാളം പരിമിതികൾക്കിടയിൽ സ്റ്റേജിൽ അവതരിപ്പിക്കുന്ന ഒരു കലാരൂപം എന്ന നിലയിൽ നൃത്തത്തിന്റേയും നൃത്ത്യത്തിന്റേയും സാധ്യതകൾ പരമാവധി ചൂഷണം ചെയ്യുന്ന കഥകൾ അവതരിപ്പിക്കുമ്പോളാണ് ആസ്വാദനം കൂടുതൽ നന്നാവുന്നതും. അതിന് സർറിയലിസ്റ്റിക്കായ കഥാതന്തുക്കൾ തിരഞ്ഞെടുത്ത ആട്ടക്കഥാകാരന്മാരുടെ ഔചിത്യത്തെ അത്ഭുതത്തോടു കൂടിയേ നോക്കിക്കാണാൻ കഴിയുകയുള്ളൂ.അതിൽ പ്രഥമഗണനീയമായ ഒരു കഥയാണ് നരകാസുരവധം.
ഉത്തരീയം അവതരിപ്പിച്ച കപ്ലിങ്ങാടൻ ശൈലിയിലുള്ള നരകാസുരവധം മേൽ സൂചിപ്പിച്ച ആസ്വാദ്യത പ്രദാനം ചെയ്ത ഒന്നായിരുന്നു.കപ്ലിങ്ങാടൻ ശൈലിയിലുള്ള പകർന്നാട്ടവും കേകിയാട്ടവും പടപ്പുറപ്പാടും ഏതൊരു നടനും വെല്ലുവിളി ഉയർത്തുന്ന ആട്ടങ്ങൾ തന്നെയാണ്.അത് അവ ആവശ്യപ്പെടുന്ന ഊർജ്ജം നിലനിർത്തിക്കൊണ്ട് അവതരിപ്പിച്ചാൽ തന്നെയേ ഉദ്ധതനായ നരകാസുരന്റെ വീരത്വം കാണികളിലേക്ക് പകർന്ന് നൽകാൻ കഴിയുകയുള്ളൂ.അത് തന്നെയാണ് നരകാസുരവധം കഥയുടെ മാറ്റ് പരിശോധിക്കുന്ന ഉരകല്ലും.ഈ ഊർജ്ജം ശ്രീ കലാ: രവികുമാറിന്റെ നരകാസുരൻ പൂർണ്ണമായും പകർന്നു നൽകി.ത്രിപുടാട്ടത്തിലെല്ലാം പ്രകടിപ്പിച്ച കൈയ്യടക്കം അത്ഭുതം തന്നെയായിരുന്നു.കപ്ലിങ്ങാൻ ശൈലിയിലുള്ള വ്യത്യാസങ്ങളും മനസ്സിലാക്കാൻ സാധിച്ചു.
ഇന്നലത്തെ മറ്റൊരു താരം ശ്രീ കലാ: രാമൻ നമ്പൂതിരിയായിരുന്നു.ഈ പ്രായത്തിലും അദ്ദേഹത്തിന്റെ കൊട്ടിലെ തെളിച്ചവും കൃത്യതയും ഊർജ്ജവും കണ്ട് കൂടെ കൊട്ടിയവരും കാണികളും യഥാർത്ഥത്തിൽ തരിച്ചിരുന്ന്പോയി.അദ്ദേഹത്തിനെ പിന്തുണച്ച മറ്റെല്ലാ കലാകാരന്മാരും അവരറിയാതെ തന്നെ അദ്ദേഹത്തിന്റെ നിലവാരത്തിലേക്കുയർന്നു എന്നതാണ് സത്യം.അതിന് തെളിവാണ് ശ്രീ രവികുമാർ കളി കഴിഞ്ഞ് വന്ന് അദ്ദേഹത്തിന്റെ കാൽ തൊട്ട് വന്ദിച്ച രംഗം. അങ്ങനെ ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ് ഈ കലാകാരന്മാർ ചെന്നൈയിലെ കഥകളി പ്രേമികൾക്ക് നൽകിയത്.
കളിക്ക് മുമ്പ് ശ്രീ സേതുനാഥ് അവതരിപ്പിച്ച ലെക്ച്ചർ ഡെമോൺസ്റ്റ്രേഷനും വളരെ വിജ്ഞാനപ്രദമായിരുന്നു.അത് കഥകളി കാണാൻ ആഗ്രഹിക്കുന്നവർക്ക് വളരെ പ്രയോജനകരമായിരിക്കും.
ചെറിയ മോഹങ്ങളുമായി മൂന്ന് വർഷം മുമ്പ് തുടങ്ങിയ ഉത്തരീയം യഥാർത്ഥത്തിൽ ഞങ്ങളുടെ പ്രതീക്ഷയേയും മറികടന്ന് വിജയകരമായ നാലാം വർഷത്തേക്ക് കടക്കുന്നു.അതിനൊപ്പം കൂടുതൽ മോഹങ്ങളും ഉത്തരവാദിത്ത്വങ്ങളും.
https://www.facebook.com/groups/kathakali/permalink/947675881920361/
ഈ കളിയെ പറ്റി സേതുവിന്റെ നോട്ട് :-https://www.facebook.com/notes/sethunath-un/%E0%B4%A8%E0%B4%B0%E0%B4%95%...