ശിൽപശാലയും ആധാരശിലയും
Sunday, December 24, 2017 - 20:23
ഓർമകൾക്കൊരു കാറ്റോട്ടം - 22
നീണ്ട യാത്രയ്ക്കിടെ പീശപ്പിള്ളി ഇല്ലത്തെ ഇത്തിരിയിടവേളയിൽ ചായ കുടിക്കുമ്പോൾ നേരം വെളുക്കുന്നതേയുണ്ടായിരുന്നുള്ളൂ. ഇരുവശം ഓട് ചെരിച്ചുമേഞ്ഞ പൂമുഖത്തെ വെളിച്ചം അരണ്ടതാണ്; കറണ്ട് പോയിരിക്കുന്നു. അതിനാലെന്തുള്ളൂ, പുറത്തെ കമുകിൻതോപ്പിലൂടെ അരിച്ചെത്തുന്ന ചാരനിറത്തിന് ചെറിയൊരു തിളക്കം. ഇരിക്കുന്ന തവിട്ടുതിണ്ണയ്ക്ക് നല്ല മിനുമിനുപ്പ്. പ്ര്യത്യേകം പറഞ്ഞുകിട്ടിയതിനാൽ തേയിലക്ക് മതിയായ കയ്പ്പുണ്ട്.
മേലെയാകാശത്തിനു പ്രതീക്ഷയുടെ മുഖമാണ്. വൃശ്ചികത്തണുപ്പുണ്ടെങ്കിങ്കിലും കാറ്റില്ലതെല്ലും. കാക്കകൾക്ക് കരയാനുമില്ല താൽപര്യം.
ഏറ്റവുമടുത്ത ചെറുപട്ടണം പെരുമ്പിലാവാണ്. അച്ഛൻറെ നാട്. മുക്കവലയ്ക്ക് ലേശംമാത്രം വടക്കുകിഴക്ക് അയ്യപ്പൻകാവിന് മതിലുചേർന്ന തിയ്യാടി. മുമ്പ് കുട്ടിയിൽ അവിടെയും ഇതുപോലെ നിശ്ശബ്ദനീലിമയായിരുന്നു പ്രഭാതങ്ങൾക്ക്. അന്നൊക്കെ വിദ്യുച്ഛക്തിയില്ലാ പരിസരമായിരുന്നു ഈ നാട്ടിന്പുറങ്ങളൊക്കെത്തന്നെ. സന്ധ്യയോടെ കമ്പിറാന്തൽവെട്ടത്തു മഞ്ഞച്ച വീട്ടകകങ്ങൾ അത്താഴശേഷം ഇരുളിൽപ്പുതച്ച് പിന്നെ കണ്ണുമിഴിക്കുക കൊച്ചുവെളുപ്പിന് അടുക്കളയടുപ്പിൽ കട്ടൻകാപ്പി തിളയ്ക്കാനായി ഓലക്കൊടിയാഴ്ത്തുമ്പോഴാണ്.
"താ യെന്തറോ ഈ ആലോയ്ച്ചിരിയ്ക്ക്ണ്?" എന്ന് ശബ്ദം കേട്ടപ്പോഴാണ് വീണ്ടും സമകാലത്തിലേക്ക് വന്നത്. രാജീവൻറെ ശബ്ദമാണ്. "പൊറപ്പെടാൻ വല്ലാണ്ടെ വെയ്കിക്കണ്ടാ."
ആതിഥേയൻ വേഷം മാറ്റിയിരിക്കുന്നു. ഡബിൾമുണ്ടും ഷർട്ടും. കുളി? "ങാ, ഒന്ന് വെള്ളംതൊട്ട് തോർത്തി ന്ന് പറയാം."
ഞങ്ങൾക്ക് പോണ്ടത് ഇനിയും വടക്കോട്ടാണ്. ചെർപ്പുളശ്ശേരിക്ക് ലേശമപ്പുറം. അവിടെ കാര്യപ്പെട്ട കഥകളി ശിൽപശാല. എട്ടു ദിവസത്തെ. ഇതിപ്പോൾ രണ്ടാംനാൾ. ഞായറാഴ്ച. തലേന്നാൾ തൃപ്പൂണിത്തുറ അരങ്ങിലാടിയ രാജീവന് ഈപ്പകൽ വൈകിയാൽ കാറൽമണ്ണയിൽ. കൊച്ചിക്ക് തെക്ക് കളിക്കോട്ടാ പാലസ്സിൽ കല്യാണസൗഗന്ധികം ഹനൂമാന് ശേഷം വള്ളുവനാടൻഗ്രാമത്തിൽ സന്ധ്യക്ക് കിരാതത്തിലെ കാട്ടാളസ്ത്രീ.
തൃപ്പൂണിത്തുറ കളിക്ക് ചുട്ടികുത്തിയ രണ്ടു കലാകാരന്മാർ ഇപ്പോൾ ഞങ്ങൾക്കൊപ്പമുണ്ട്: കലാനിലയം സജി, ഏരൂർ മനോജ്. "മാരുതീയം" എന്ന പേരിൽ നടന്ന മൂവർഹനുമാൻ കഥകളിലെ വേഷങ്ങളെ അരങ്ങത്തേക്ക് ഒരുക്കിയയച്ചവർ. ഇതിൽ രണ്ടാമത്തെയാളുടെ മാരുതിവാനിൽ വണ്ടിയിലായിരുന്നു ഇതുവരെ യാത്ര. അവരിരുവർക്കുമുണ്ട് കാറൽമണ്ണ അണിയറയിൽ പ്രവൃത്തി. ഉറക്കമിളച്ചുള്ള അദ്ധ്വാനം.
ഇതുവരെ മനോജിന് കൂട്ടായി ഇടതിരുന്നത് ഞാനായിരുന്നു. (ചാലക്കുടിക്കടുത്ത് ഞങ്ങൾ ചായകുടിച്ചത് ബാക്കിയാത്രികർ ക്ഷീണമയക്കത്തിൽ അറിഞ്ഞിരുന്നില്ല.) സജി ഏതായാലും ഇപ്പോൾ ഉണർന്നിരിക്കുന്നു. എൻറെ സീറ്റ് ആൾക്ക് കൊടുത്ത് ഞാൻ തുടർയാത്ര രാജീവൻറെ കാറിലാക്കി. പച്ചച്ച പറമ്പുള്ള പീശപ്പിള്ളിപ്പറമ്പ് കടന്ന് ഞങ്ങൾ അതിവേഗം പെരുമ്പിലാവങ്ങാടിയിറങ്ങി. താഴെനിരപ്പിലെ പാടത്തിനക്കരെ അയ്യപ്പൻകാവിൻറെ അരയാല് കാണാം. ഒറ്റപ്പിലാവ് തോട് കടന്നതോടെ ജില്ല പാലക്കാടായി. ചാലിശ്ശേരി മുല്ലയാമ്പറമ്പ് മൈതാനം കോടമഞ്ഞിൽ അവ്യക്തം. വർത്തമാനത്തിനിടെ പിന്നെയും വഴിതാണ്ടി കൂറ്റനാട് വളവുതിരിഞ്ഞതോടെ പ്രകൃതിക്ക് ശാലീനതയുടെ ഏറ്റം. വാവനൂര് എത്തിയപ്പോൾ അന്നാട്ടുകാരൻ കോട്ടക്കൽ ഗോപിനായരെ ഓർത്തു. തൊണ്ണൂറുപിന്നിട്ട കഥകളിക്കാരണവർ. വാഴേങ്കട കുഞ്ചുനായരുടെ നേർശിഷ്യൻ.
പട്ടാമ്പിയിൽനിന്ന് പതിനേഴു കിലോമീറ്റർ കഴിഞ്ഞു ചെർപ്പുളശ്ശേരി. നേരം നല്ലവണ്ണം വെളുത്തുകഴിഞ്ഞു. ശിൽപശാല നടക്കുന്ന കുഞ്ചുനായർ ട്രസ്റ്റ് മന്ദിരത്തിൻറെ മുറ്റത്തേക്ക് അന്നേദിവസത്തെ ആദ്യത്തെ വാഹനങ്ങൾ ചെന്നുനിന്നു. ആളനക്കമില്ല.
അണിയറയിൽ, പക്ഷെ, വിളക്കുതെളിഞ്ഞിരിക്കുന്നു. പോവുംവഴി ഇടനാഴിയിൽത്തന്നെ 'മഞ്ജുതര'യിലെ പെട്ടിക്കാരുമായി കുശലം. അകത്താകട്ടെ, പുരുഷവേഷക്കാർ മൂവർ മുഖത്തേപ്പ് തുടങ്ങുകയും ചെയ്തിരിക്കുന്നു. കലാമണ്ഡലം ഷൺമുഖദാസ്, വൈശാഖ്, ആദിത്യൻ. പകൽ പതിനൊന്നരക്ക് തുടങ്ങേണ്ടുന്ന ആദ്യകഥയായ സുഭദ്രാഹരണത്തിലെ കലാകാരന്മാർ. യുവാക്കൾ.
വെള്ളമനയോലയിൽ വരച്ചനാമമുള്ള നെറ്റിക്കാർ ചിരിച്ചെതിരേറ്റു. ചുട്ടിക്കാർ അതോടെ തീരുമാനിച്ചു: കുളി ഉപായത്തിൽ ഇവിടെത്തന്നെ കഴിച്ച് അണിയറവൃത്തിയിലേക്ക് പ്രവേശിക്കാം. എന്നാലങ്ങനെ എന്ന മട്ടിൽ രാജീവൻ കോപ്പുപെട്ടിപ്പുറത്തിരുന്നു. ഫോണിൽ വിളിച്ചു കുഞ്ചുനായർ ട്രസ്റ്റ് പ്രസിഡന്റ് കെ.ബി. രാജാനന്ദനെ. അദ്ദേഹം പുറപ്പെടുകായായത്രേ; ശില്പശാലക്കാലത്ത് വീട്ടിൽ താമസിക്കുന്ന നടൻ കലാമണ്ഡലം വാസുപ്പിഷാരോടിയുമൊത്ത്. പ്രാതലിന് ക്യാമ്പിൽ ഇനിയധികം താമസമില്ല.
തലേന്നാൾ ഉദ്‌ഘാടനക്കളിക്ക് കൂടിയവരിൽ അന്നേരമെവിടെ അവശേഷിച്ചു കണ്ടത് മദ്ദളക്കാരൻ കലാനിലയം മനോജിനെമാത്രം. ചേർത്തലക്കാരൻ പരിചിതൻ. ആളെയും കൂട്ടി ഞാൻ പുറപ്പെട്ടു: ശിലാപശാലാംഗങ്ങൾ തമ്പടിക്കുന്ന ചെർപ്പുളശ്ശേരി സത്രത്തിലേക്ക്.
പൊടുന്നനെയാണ് തോന്നിയത്: എന്തിനത്ര വരെ പോണം? ഇവിടെ അടുത്തല്ലേ പഴയ കോട്ടക്കൽ ശിവരാമൻറെ വീട്. നടനചക്രവർത്തി മരിച്ച് കൊല്ലം ഏഴുകഴിഞ്ഞു എന്നത് ശരിതന്നെ. പക്ഷെ ആ പടി അതോടെ അന്യമാവുന്നില്ലല്ലോ. പുറത്തെ ടാറിട്ട റോട്ടിൽനിന്ന് ഓട്ടോ പിടിച്ചു. ഇടവഴി ഒരിടത്ത് ചെമ്മണ്ണായി. തിരിവും പുളവും കഴിഞ്ഞ് ശിവരാമഗൃഹം പിന്നെയും താഴോട്ട്. പഴയ ഓടുപുരയ്ക്ക് പകരം ചെറിയ വാർക്കവീട്. മകൾ കലാമണ്ഡലം അമ്പിളി കോങ്ങാട്ടിൽനിന്ന് മുമ്പൊരിക്കൽ പറഞ്ഞപ്പോൾ സങ്കൽപ്പിച്ചതിൽനിന്ന് അത്ര വ്യത്യസ്തമല്ല കെട്ടും മട്ടും.
പീശപ്പിള്ളി രാജീവൻ - കിർമ്മീരവധം ധർമ്മപുത്രർ @ കാറൽമണ്ണ Peesappilly Rajeevan
Posted by Smithesh Nambudiripad on Thursday, 14 December 2017
അമ്പിളിയുടെ അനിയൻ ഗിരീഷ് എന്ന അപ്പുവും അമ്മയും ഞങ്ങളിരുവരെയും സ്വീകരിച്ച് ഉമ്മറത്തിരുത്തി. സൊറയും കുളിയും കഴിഞ്ഞപ്പോൾ ചുടുവെള്ളയപ്പം തീന്മേശമേൽ നിരന്നു. ഇറങ്ങുംമുമ്പ് സംസാരത്തിൽ ഓർമപ്പെടുത്തി: അച്ഛനെ, ദാ അവിടെയാണ്.... വീടിന് വശത്തെ തൊടിയുടെ തുടക്കത്തിൽ. വിലങ്ങനെ ഇത്തിരിയിടം പ്രത്യേകം ഒഴിച്ചിട്ടിരിക്കുന്നു. കിളികളും മുളംകൂട്ടവും ഇപ്പോഴുമുണ്ട് കൂട്ട് ശിവരാമേട്ടന്. ഈ നാട്ടിൽ അകലെയല്ലാതെ ഇതുപോലെ കീഴ്പടം കുമാരൻനായരും കലാമണ്ഡലം രാമൻകുട്ടിനായരും വിശ്രമം കൊള്ളുന്നു. ഇവിടെയിപ്പോൾ വാരിയത്ത് പള്ളിയാലിൽ വീട്ടിൽ ഒരുനേരമെത്തിയ മനോജ് മുണ്ടിൻറെ മടക്കിക്കുത്തഴിച്ച് തൊഴുത്തുനിന്നു.
ശിൽപശാലകൂടാൻ തിരികെ പോരുമ്പോൾ ചെറുകഥയും ചൊല്ലിക്കേട്ടു: "ഞാൻ ഇരിഞ്ഞാലക്കുട പഠിച്ചിരുന്ന കാലം. കളി. പ്രധാന മദ്ദളക്കാരൻ വന്നില്ല. പകരം ഞാനായി. കനത്ത കളിയാണ്. ആദ്യം അരങ്ങത്ത് പോവുന്നത് ശിവരാമാശാൻ. എനിക്ക് പകപ്പുതോന്നി. അണിയറയിൽ കണ്ടു പറഞ്ഞു. 'അതൊന്നും സാരല്ല, കുട്ട്യേ' എന്ന് പുള്ളി. അപ്പോൾത്തന്നെ പാതിയാശ്വാസം. സ്റ്റേജിൽ എത്തിയപ്പോൾ പിന്നെ ഒരു പേടിയും തോന്നിയില്ല."
ട്രസ്റ്റുപടി കടന്നപ്പോൾ വ്യക്തം: ദിവസത്തെ പരിപാടികൾ തുടങ്ങിയിരിക്കുന്നു. മൂന്നു പ്രഭാഷകരുണ്ട്: എം.വി. നാരായണൻ, വാസുദേവ രാജ, ഏറ്റുമാനൂർ കണ്ണൻ. മോഡറേറ്റർ: ശ്രീചിത്രൻ എം.ജെ. ചിന്തകൾ പലതും ആലോചനാമൃതം. ചിലപ്പോഴൊക്കെ ഉറക്കച്ചടവിൽ വിശേഷിച്ചും സ്വപ്നാത്മകം.
വേദിക്കുപിറകിൽ, അണിയറയിൽ ഒരുങ്ങുന്ന പ്രധാനവേഷം അർജുനൻ. പാർത്ഥസോദരിയെ വിവാഹം കഴിക്കാൻ സന്യാസിരൂപം ചമയേണ്ടിവന്ന മദ്ധ്യപാണ്ഡവൻറെ കഥാഭാഗം എൻറെ നൽച്ചെറുപ്പത്തിൽ കണ്ടിട്ടില്ല. സത്യത്തിൽ 1970കളിലും '80കളിലും ഒക്കെ സുഭദ്രാഹരണം കഥകളി എന്നുപറഞ്ഞാൽ "ആരാ ബാലഭദ്രരും കൃഷ്ണനും?" എന്ന അന്വേഷണംമാത്രമേ കേട്ടുശീലമുള്ളൂ. കണ്ടുപരിചയവും അത്രതന്നെ: ചന്ദനച്ചുവപ്പും കടുംനീലപ്പുമായി രണ്ടുവേഷങ്ങൾ അരങ്ങത്ത്. ജ്യേഷ്ഠൻറെ കോപം അനുജൻ ഒതുക്കാൻ നോക്കുന്നതും പിന്നെ ഇരുവർചേർന്ന് ഒടുവിലൊരു പ്രസന്നനൃത്തവും.
ആ പതിവിന് മാറ്റംവരുത്തിയത് കാറൽമണ്ണ നടന്ന ഒരു ശിൽപശാലയാണ്. ഇന്നേക്ക് 23 വർഷംമുമ്പ് ഇതുപോലെ വേദിയിൽ സന്ധ്യാകാലത്ത്. സൂര്യാസ്തമനത്തിനപ്പുറം തെളിഞ്ഞ ആട്ടവിളക്കിനു മുമ്പിൽ തിരശീല താഴ്ന്നപ്പോൾ കണ്ട വേഷങ്ങളിൽ നെടുനായകൻ സ്ത്രീയെ വരിച്ചു. അർജുനനെ സുഭദ്രയെ മാലയിട്ടതിനു പിന്നാലെ പാണിഗ്രഹണം നടന്നപ്പോൾ ചെണ്ടയിൽ വലംതലമേളം കൊഴുത്തുവന്നു. ഇരുവശം നോക്കി വണങ്ങിയപ്പോൾ പ്രണയകാമവും ലജ്ജയും ഭയഭക്തിയും ബഹുമാനവും ഒക്കെ ഇടിമിന്നുകണക്കെ സ്ഫുരിച്ചു കലാമണ്ഡലം ഗോപിയുടെ മുഖത്തും ശരീരത്തിലാകമാനവും.
അങ്ങനെ 1994ൽ കഴിഞ്ഞ രംഗം മനസ്സിലോടിവന്നും പോയും ഇരുന്നു ഇപ്പോഴത്തെ അർദ്ധമയക്കത്തിൽ.
ഇന്നിതാ തലമുറ രണ്ടോ മൂന്നോ ശേഷം ഷണ്മുഖൻ ആണ് അർജുനനായി. അങ്ങനെ കാലം മറിഞ്ഞതിൻറെകൂടി കൗതുകം അടുത്തറിയാനാണ് കുറച്ചൊന്നു ബുദ്ധിമുട്ടിയും ഇവിടെ എത്തിപ്പെട്ടിട്ടുള്ളത്. വേറൊന്നുമല്ല കാരണം എന്ന് മൂന്നുനാൾ മാത്രംമുമ്പ് കൊച്ചിക്കടുത്ത് ഇടപ്പള്ളിയിൽ കഥകളിക്ക് കണ്ടപ്പോൾ ഷണ്മുഖനോട് പറയുകയും ഉണ്ടായി. "അയ്യോ, അതുശരി," എന്ന് ചിരിച്ച് സന്തോഷം കാട്ടുകയും ചെയ്തു ചങ്ങമ്പുഴപ്പാർക്കിൽ 'നളചരിതം ഒന്നാം ദിവസം' ഹംസം കെട്ടിയത് തിരികെയണിയറയിൽ അഴിക്കുന്ന നേരത്ത് മുപ്പത്തിയെട്ടുകാരൻ.
അതെ, എന്നെക്കാൾ ഒരു പതിറ്റാണ്ട് പ്രായമിളപ്പുണ്ട് ഷൺമുഖന്. സാമാന്യം ചെറുപ്പമായിരുന്നു കാലത്തേ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ആ മുഖവും മെയ്യും. ഇത്രയൊന്നും വണ്ണമില്ലാഞ്ഞ അന്നത്തെ പയ്യനെ കണ്ടപ്പോൾ തോന്നിയത് ഇങ്ങനെയായിരുന്നു: കലാമണ്ഡലം ഗോപിയുടെയും സദനം കൃഷ്ണൻകുട്ടിയുടെയും ചേരുവകളുള്ള ലാവണ്യം. "അതെയോ? രസമുണ്ട്," എന്ന് മറുപടിച്ചു സദനം ഹരികുമാരനോട് ഇങ്ങനെയൊരു തോന്നൽ പങ്കിട്ടപ്പോൾ.
പാലക്കാട്ടാണ് ഷണ്മുഖനെ സൂക്ഷ്മം നിരീക്ഷിക്കുന്നത്. ദൽഹിയിൽനിന്നുള്ള ചെറിയൊരു അവധിക്കാലത്ത്. കൊല്ലം 2000. വിക്റ്റോറിയ കോളേജിൽ നടന്നുവന്ന കോട്ടയംകഥകളുടെ ശിബിരത്തിൽ തമ്പുരാൻറെ നാലു കഥകളെയും കുറിച്ചുള്ള പകൽചർച്ചകളിൽ പ്രഭാഷകരായ പണ്ഡിതർക്കും ആശാന്മാർക്കും അവസരോചിതമായി ചൊല്ലിയാടാൻ നിർത്തിയതായിട്ടുള്ള പയ്യൻ. വേദിക്കരുകിൽ നിൽക്കും. പ്രത്യേകം നിർദ്ദേശിച്ചിട്ടുള്ള പദങ്ങൾ കാണിക്കാനായി നിർദ്ദേശം വരുമ്പോൾ നൃത്തം ചെയ്യും. വെടിവെടിപ്പായിത്തന്നെ. നിയോഗം കഴിഞ്ഞാൽ വീണ്ടും ഒരുഭാഗത്ത് ഒതുങ്ങിക്കൂടും കല്ലുവഴിക്കളരിയിൽ അഭ്യസിച്ചുമുതിരാൻ വെമ്പുന്ന കുട്ടനാട്ടുകാരൻ.
കലാലയത്തിനടുത്ത് ആ ദിനരാത്രങ്ങളിൽ ഞങ്ങൾ തങ്ങിയിരുന്ന മുറികളിലെ ഇടനാഴികയിലാവണം ഷണ്മുഖനുമായി നടാടെ സംസാരിക്കുന്നത്. സൗമ്യപ്രകൃതം, ശ്രദ്ധിക്കാൻ തത്പരൻ.
രണ്ടുവർഷം കഴിഞ്ഞ് വീണ്ടും കാണാൻ ഇടയായപ്പോഴും കോട്ടയംകഥകളുടെ മഹോത്സവത്തിനിടയിലായിരുന്നു ഷണ്മുഖൻ. നാലു കഥകളുടെയും അരങ്ങ് ഡീവിഡിയായി റെക്കോർഡ് ചെയ്യാൻ വേദിക എന്ന കലാസംഘടന തൃശൂര് അത്രയുംതന്നെ സന്ധ്യകളിൽ നടത്തിയ വിശേഷം. 'കല്യാണസൗഗന്ധിക'ത്തിലെ ശൗര്യഗുണം നല്ല തെളിച്ചത്തിൽ ചെയ്തുകണ്ടു ഈ യുവാവ്. ഡിസ്‌ക്കുകൾ ഇന്നുമുണ്ട് വീട്ടിൽ ഭദ്രമായി.
അഞ്ചുകൊല്ലം കഴിഞ്ഞ് ദൽഹിയിൽ വന്നിരുന്നു ഷണ്മുഖൻ. കേന്ദ്ര സർക്കാറിൻറെ 2007 ബിസ്മില്ലാ ഖാൻ യുവ പുരസ്‌കാരം വാങ്ങാനായി. ഭാഷാപണ്ഡിതൻകൂടിയായ ഡോ പി. വേണുഗോപാലൻ എഴുതിച്ചിട്ടപ്പെടുത്തിയ 'കൃഷ്ണലീല'യിൽ. ഭഗവാൻറെ വളർത്തമയായ യശോദയുടെ ഭാഗമായിരുന്നു വൈകിട്ട് സംഗീതനാടക അക്കാദമിയുടെ തുറന്ന ഓഡിറ്റോറിയത്തിൽ ഷണ്മുഖൻ അവതരിപ്പിച്ചത്. മണ്ണുവാരിത്തിന്ന ഉണ്ണിക്കണ്ണനെ ശിക്ഷിക്കാനൊരുമ്പെട്ട് വായ തുറപ്പിച്ച അമ്മ കണ്ടമ്പരന്ന കാഴ്ച്ച അസാമാന്യ മായികതയോടെയാണ് ചെയ്തത്. പിറ്റെന്നാൾ മടങ്ങുംമുമ്പ് ഫോണിൽ ഇങ്ങോട്ടു വിളിച്ച് കുശലംപുതുക്കലുമുണ്ടായി ചമ്പക്കുളംസ്വദേശി.
പ്രവാസജീവിതത്തിനിടെയുള്ള ഇടവേളകളിൽ തൃശൂര് നഗരത്തിൽത്തന്നെ പിന്നീട് കാണുമ്പോഴേക്കും ഷണ്മുഖൻ സ്ത്രീവേഷക്കാരൻ എന്ന നിലയ്ക്കാണ് പേരെടുത്തുവന്നിരുന്നത്. ക്ലബ്ബിൻറെ വാർഷികക്കളി പാറമേക്കാവ് ഊട്ടുപുരയിൽ നടന്നപ്പോൾ 'നളചരിതം ഒന്നാം ദിവസ'ത്തിലെയും നഗരപരിസരത്തെ ശങ്കരൻകുളങ്ങര ക്ഷേത്രത്തിൽ 'നാലാം ദിവസ'ത്തിലെയും ദമയന്തിമാർ. രണ്ടിടത്തും കാലമണ്ഡലം ഗോപിക്കൊപ്പം ശക്തിയായ സാന്നിദ്ധ്യം. ആശാൻറെ അശീതിക്ക് 2017 വർഷക്കാലത്തും അതിനുവർഷംമുമ്പ് സപ്തതിക്ക് ഗുരുവായൂരിലും ആൾത്തിരക്കിനിടെ ചെറുങ്ങനെ ലോഗ്യം പുതുക്കിയും അരങ്ങത്തെ പ്രകടനം സൂക്ഷ്മംവീക്ഷിച്ചും പോന്നു. എഴുപതാം പിറന്നാളിൻറെ കാലത്ത് ആശാൻറെ പേരാമംഗലംവീട്ടിൽ പോയപ്പോൾ ഷണ്മുഖൻറെ ഒരു സ്ത്രീവേഷവീഡിയോ കാണിച്ചു. ക്യാമറയിലെ ദൃശ്യങ്ങൾ കണ്ട ആശാൻ പുഞ്ചിരിച്ചു പറഞ്ഞു: നന്നാവും സ്വതേ.
കൊച്ചി-മുസിരിസ് ബിനാലേക്കും ഉണ്ടായി രണ്ടാമദ്ധ്യായത്തിൽ കോട്ടയംകഥകളുടെ സമാരോഹം. സമകാലിക കലാമാമാങ്കത്തിൻറെ രംഗകലാവിഭാഗത്തിലെ ഈ ഉത്സവത്തിൽ അങ്ങനെ വീണ്ടും കണ്ടു ഷണ്മുഖനെ പുരുഷവേഷത്തിൽ. ശൗര്യഗുണം കഴിഞ്ഞുള്ള, മുതിർന്ന സൗഗന്ധികം ഭീമനായിത്തന്നെ. പിറ്റേന്നാൾ കാലകേയവധം അർജുനൻ ചെയ്ത ഗോപിയാശാൻ ഇന്ദ്രാണിയെ കണ്ടുള്ള ഭാഗം തുടങ്ങി ആടാൻ ഷണ്മുഖന് വിട്ടുകൊടുക്കുകയായിരുന്നു.
ഇവിടെയിപ്പോൾ കാറൽമണ്ണയിലും അതുപോലെ ഗൗരവപ്പെട്ട വേഷത്തിലാണ് ഷണ്മുഖൻ. ഉച്ചനേരത്ത് ഹാളിനകത്ത് പകൽവെളിച്ചമുണ്ടെങ്കിലും അരങ്ങിന് വാസ്തുവിദ്യാപരമായ ഇരുളിമയുണ്ട്. ബൾബുകൾ തെളിക്കേണ്ടവിധം രാഛായ. വന്ദനശ്ലോകം കഴിഞ്ഞുള്ള രാഗാലാപനത്തിന് വല്ലാത്ത സ്പാർട്ടൻ നൈർമല്യമാണ് എങ്കിൽ പിന്നാലെ വലംതലമേളത്തിത്തോടെ വരുന്ന മാലയിടൽരംഗത്തിന് അനിതരസാധാരണമായ നിറശോഭയാണ്.
<
കഴുത്തിൽ ഹാരവുമായി പ്രത്യക്ഷപ്പെട്ട ഷണ്മുഖപ്പച്ചക്ക് സർവമിഴികളും ചെന്നപ്പോഴും തൊട്ടുമുമ്പിൽ അരങ്ങു വിലയിരുത്താൻ നാല് ആശാന്മാർ ഇരിപ്പുറപ്പിച്ചിരുന്നു: സദനം കൃഷ്ണൻകുട്ടി, വാഴേങ്കട വിജയൻ, കലാമണ്ഡലം വാസുപ്പിഷാരോടി, എം.പി.എസ്. നമ്പൂതിരി. അവിടിവിടെയായി അവരുടെ ഭാഗത്തേക്ക് സ്വന്തംശ്രദ്ധ പോയതിനിടയിലാണ് ശ്രദ്ധിച്ചത്: പഴയ ഒരു മുഖം. കാറൽമണ്ണയുമായി കഥകളിവഴി ബന്ധപ്പെട്ടത് എന്നല്ലാതെ ഓർത്തെടുക്കാൻ കഴിയുന്നില്ല. പിന്നീട് പുല്ലാനിക്കാട് നാരായണൻമാഷുടെ പുനപ്പരിചയപ്പെടുത്തലിൽ കാരണവരെ തിരിച്ചുപിടിച്ചു: പുളിങ്കര കുട്ടികൃഷ്ണൻമാഷ്. വയസ്സ് 92 ആയിപോലും. ശരിയാണ്, മുമ്പ് ഇവിടെ ഗോപിയാശാൻറെ മാലയിടൽ കണ്ടപ്പോൾ സപ്തതിയുടെ പരിസരത്ത് പ്രായമുള്ള ആസ്വാദകൻ. അന്നേക്കണക്ക് ഇന്നുമുണ്ട് പ്രസരിപ്പ്. കാഴ്ചക്ക് സൂക്ഷ്മതയും. എഴുപതിലേറെ കൊല്ലങ്ങൾക്കു മുമ്പുകണ്ട സുഭദ്രാഹരണത്തെക്കുറിച്ചാണ് അദ്ദേഹം ഓർത്തെടുത്തുപോലും നാരായണൻമാഷുമായുള്ള പിന്നീടുള്ള സംസാരത്തിൽ: പട്ടിക്കാംതൊടി രാവുണ്ണിമേനോൻറെ അർജുനൻ, തേക്കിൻകാട്ടിൽ രാമുണ്ണിനായരുടെ കൃഷ്ണൻ, വെള്ളിനേഴി നാണുനായരുടെ വിപൃഥു, കവളപ്പാറ നാരായണൻനായരുടെ ബലഭദ്രൻ. "ആ കളികണ്ട കണ്ണുകളാണ് ഷൺമുഖനെയും കൂടെഅരങ്ങത്തുവന്നരേയും സ്നേഹത്തോടെ തലോടിയത്!" എന്നും ശ്രദ്ധിക്കാൻ മറന്നില്ല മണ്ണാർക്കാട് എളമ്പുലാശ്ശേരിസ്വദേശി കഥകളിസംഘാടകൻ നാരായണൻമാഷ് എന്ന സുഹൃത്ത്.
വേറെ നിലയിലും പ്രസക്തമാണ് കുട്ടികൃഷ്ണൻമാഷ്ടെ പ്രഭാവം എന്നുതോന്നി. ഇന്നേ പ്രഭാതത്തിൽ ശില്പശാലാ ഹാളിൽ ഒറ്റയ്ക്ക് ഒന്ന് ഉലാത്തിനോക്കിയപ്പോൾ ശ്രദ്ധിച്ചിരുന്നു: കാറൽമണ്ണയിലെ പഴയ പരിചയക്കാർ പലരും ചുവരിലെ ചിത്രങ്ങളായിരിക്കുന്നു. കുഞ്ചുനായർ ട്രസ്റ്റിൻറെ തുടക്കകാല മേധാവി എം ബാലൻനായർ, അമരക്കാരൻ ടി.എം. ഗണപതി എന്ന കുഞ്ചുവേട്ടൻ, ഭാരതനുണ്ണി വെള്ളോടി, ആനമങ്ങാട്ടെ ഒ.എം. കൃഷ്ണൻ നമ്പൂതിരി തുടങ്ങി ഇക്കഴിഞ്ഞ വർഷം മരിച്ച എം.എൻ. നീലകണ്ഠൻവരെ. കൊല്ലം 1987ൽ സ്ഥാപിതമായതാണ് ട്രസ്റ്റ്.
അക്കാലത്ത് കഥകളി പഠിച്ചിറങ്ങിയ കാറൽമണ്ണക്കാരിൽ അധികമാരും ശ്രദ്ധിക്കാതിരുന്ന കലാകാരനായിരുന്നു സദനം ഭാസി. പത്തിരിപ്പാലയിൽ പേരൂരെ സ്ഥാപനത്തിൽ ഇദ്ദേഹത്തിൻറെ ജൂനിയറായി പഠിച്ചിരുന്ന മണികണ്ഠൻ, ശ്രീനാഥൻ, കൃഷ്ണദാസ് തുടങ്ങിയവരുമായി കഥകളിസ്ഥലികളിൽ അവിടിവിടെ തടഞ്ഞിരുന്നപ്പോഴും ഭാസിയെ അങ്ങനെ കണ്ടുപോന്നില്ല. കീഴ്പടം കളരിയിൽനിന്നുകിട്ടിയ അഭ്യാസബലത്തിലും വകതിരിവിലും മികവുള്ള ഭാസിക്ക് ശരാശരി നോട്ടത്തിൽ ഉയരത്തിനു ലേശം കുറവുണ്ട്, മുഖവടിവിനും.
ആ പോരായ്മകളെ സ്വയംപരിശ്രമം കൊണ്ട് മറികടന്നിരിക്കുന്നു ഇന്ന് ഭാസി. കുമാരൻനായരുടെ ചലനമുദ്രാഭാഷ അവനവൻ ഉടലിലേക്ക് യഥായുക്തം ആവാഹിച്ചിരിക്കുന്നു ആളുടെ ഒരു കഥാപാത്രങ്ങളും. സദനത്തിൽ ഞാൻ ട്രൂപ് മാനേജർ ആയിരുന്ന 1993-95 കാലത്തൊക്കെ കണ്ടതിലും പതിന്മടങ്ങ് മാറ്റിൽ. പാലക്കാടൻ പ്രദേശത്ത് കളികഴിഞ്ഞ് തിരിച്ച് സദനത്തിൽ വന്നുള്ള വിശ്രമസായാഹ്നങ്ങളിൽ ഭാസി മുറിയിൽ വരും. കട്ടിലിൽ കാലുതൂക്കിയുള്ള എൻറെ ഇരിപ്പ് കണ്ട് പാതിതമാശയിൽ പറയും, "താനും ഞങ്ങള് കഥകളിക്കാരടന്തി വെരല് ഉള്ളിൽയ്ക്ക് മടക്കീട്ടാണലോ!" തലയെറിഞ്ഞു ചിരിച്ച് ഞങ്ങളൊന്നിച്ചു പോവും കയറ്റംകയറി പൊന്നുമണിയേട്ടൻറെ കടയിൽ ചായക്ക്.
സദനത്തിൽ വേഷം പഠിക്കുന്ന കാലത്തെ അനുഭവങ്ങൾ ചിലതൊക്കെ കലാപരമായി ഓർത്തെടുക്കും ഭാസി. കഥകളിക്കുട്ടികൾ താമസിച്ചിരുന്ന മേൽപ്രദേശത്തിന് ഊട്ടി എന്നാണ് സദനക്കാർക്കിടയിൽ പേര്. സ്ഥാനപത്തിൻറെ കോപ്പറയും മെസ്സും കൂടാതെ ടി.ടി.സി സ്‌കൂളും ഉണ്ട് ക്യാമ്പസ്സിൽ. അതിലെ വിദ്യാർത്ഥികളുടെ ഹോസ്റ്റലും കഥകളിക്കുട്ടികളുടെ ഒന്നിച്ചുള്ള താമസമുറിയും അടുത്തടുത്താണ്. ആട്ടംപാട്ട് പയ്യന്മാരെ ലേശം പുച്ഛമത്രെ മാഷാവാൻകോഴ്സ്സിനുള്ള യുവാക്കൾക്ക്. രാപകൽ ചൊല്ലിയാട്ടം കഴിഞ്ഞ് സന്ധ്യ മയങ്ങി ഭജനയും ഇരുന്നുള്ള മുദ്രതോന്നൽക്കളരിയും കഴിഞ്ഞുള്ള കഥകളിക്കുട്ടികൾ രാത്രിക്കഞ്ഞിക്കു ശേഷം ഏതുവിധേനയും തലചായ്ക്കാൻ വെമ്പിയാവും പായവിരിച്ചുറങ്ങാൻ നോക്കുക. ആ തളർച്ചനേരത്ത് ഉപദ്രവിക്കുന്നതിൽ രസംകണ്ടുപോൽ ടി.ടി.സി.ക്കാർ. സ്വന്തം വിനോദത്തിനെന്നപോലെ അവര് അറിയുന്ന സിനിമാപ്പാട്ടുകൾ ഉറക്കെപ്പാടും. ഇല്ലാതമാശകൾ പറഞ്ഞ് വലിയശബ്ദത്തിൽ ചിരിച്ചട്ടഹസിക്കും.
"ഇത്ങ്ങന കൂടിവന്നപ്പോ ഒരീസം ഞങ്ങള് ചെന്നുപറഞ്ഞു: ഒന്ന് മത്യാക്ക്യാ വെല്യ ഉപകാരായ്‌രുന്നു.... മാറ്റണ്ടായില്ല ന്ന് പറയാൻ വയ്യ, പിന്നെപ്പിന്നെ നെലീംവിളീം കൂടീതേ ള്ളൂ."
അങ്ങനെ പ്രയോഗിച്ചതത്ര കഥകൾക്കുട്ടികൾ മറുമുറ: "ചെണ്ടക്കളരീന്ന് അഞ്ചെട്ടു പുലിമുട്ടി കൊണ്ടന്നു ഞങ്ങള്. രാവിലെ കണ്ണുസ്സാധകത്തിന് പോണേൻറെ അരമണിക്കൂറ്‍ നേർത്ത ണീറ്റു. നെരന്നിരുന്ന് കൈക്കൊഴ മറിച്ച് കൊട്ടല്തെടങ്ങി തക്കിട്ടീം തരികിടീം..."
താമസമുണ്ടായില്ല ടീട്ടീസിക്കാരുടെ ക്ഷമാപണത്തിനത്രേ. "അവരോട് ഞെങ്ങള് പറഞ്ഞു: 'അതേയ്, ങ്ങടെ പാട്ടുംകൊട്ടും കൊണ്ടൊന്നും ഞങ്ങക്ക് ഒറക്കംകിട്ടായണ്ടാവില. അരങ്ങത്ത് തമർത്ത് ആട്ടം നടക്കുമ്പോ അണിയറേല് സുഖായി കൂർക്കം വലിയ്ക്കണോരാ ഞങ്ങട വർഗം. ഏത്? അപ്പൊ ങ്ങളേക്കൊണ്ട് ഒരു ബുദ്ധിമുട്ടും ണ്ടായിട്ടല്ല, ഇങ്ങട്ട് മെക്കട്ട് കേറാൻ വന്നതാണ് തോന്നീപ്പോ തിരിച്ചും തന്നു; അത്രേള്ളൂ."
അതോടെ ഒതുങ്ങിയത്രേ പ്രശ്നം.
താനുള്ള കഥയിലും മൂന്നാമതൊരാളുടെ അകൽച്ചയിലാണ് ഭാസി നേരമ്പോക്ക് പറയുക. എന്നാൽ കഥകളിയഭിനയത്തിൽ അത് ഇപ്പോഴും പതിവില്ല. പട്ടാമ്പിക്കടുത്തുള്ള പള്ളിപ്പുറത്തെ കൊടുമുണ്ട മുത്തശ്ശ്യാർകാവിൽ ദക്ഷയാഗത്തിലെ ഭദ്രകാളി കെട്ടിയപ്പോൾ വല്ലാത്തൊരുന്മാദാവസ്ഥയിൽ ഉറഞ്ഞുതുള്ളിപോലും ഭാസി എന്ന് ആ അരങ്ങത്തു പാടിയ പാലനാട് ദിവാകരൻ ആയിടെ കണ്ടപ്പോൾ പറയുകയുണ്ടായി. സദനത്തിൽ ട്രൂപ് കളിക്കുപുറമെ പ്രിൻസിപ്പൽ ഹരികുമാരൻ ചെയ്തിരുന്ന പല കഥകളിലും ഭാസിക്ക് തിളങ്ങാവുന്നതരം വേഷങ്ങൾ കിട്ടിയിരുന്നു.
കേരളം 1995ൽ വിട്ടശേഷം ഞാൻ ഭാസിയെ അരങ്ങത്ത് കണ്ടിട്ടുള്ളത് വിരളമായാണ്. ആളും സദനത്തിലെതന്നെ മണികണ്ഠനും കൂടി സ്ത്രീവേഷക്കാരൻ ശ്രീനാഥൻ ആശാനായിരുന്ന ഇന്ദ്രപ്രസ്ഥത്തിലെ ഇന്റർനാഷണൽ കഥകളി സെന്ററിൽ വന്ന കൂട്ടത്തിൽ ഔട്ട്ലുക്ക് വാരികയിൽ എന്നെ കാണാൻ എത്തുകയും നാൽവർചേർന്ന് ഭേദപ്പെട്ട ഹോട്ടലിൽ ഭക്ഷണം കഴിക്കുകയുമുണ്ടായി. പൊന്നുമണിയേട്ടൻറെ അതിർക്കാട് ചിട്ടവട്ടങ്ങളിൽനിന്ന് വേറിട്ടതരം അസം റ്റീ സ്വാദുനുണഞ്ഞൊരു അപരാഹ്നം.
പുതിയ കാലത്ത് യൂട്യൂബിലും ഫെയ്‌സ്ബുക്ക് വിഡിയോകളിലുമായി ഭാസിയുടെ പല വേഷങ്ങളുടെയും മികവ് അറിയാനാവുന്നുണ്ട് അകലെനാട്ടിൽ വസിക്കുമ്പോഴും. സ്ത്രീവേഷത്തിലെ സാരിനൃത്തം കുമാരൻനായരാശാൻ സമ്പ്രദായത്തിൽ കഥകളി ഇൻഫോ പ്രൊജക്റ്റിൽ ഉള്ളത് എത്രകണ്ടാലും മതിവരാത്ത ലാസ്യഭംഗിയുള്ളതാണ്. കലാമണ്ഡലം പ്രദീപിനൊപ്പം കാറൽമണ്ണതന്നെ 2010ൽ ചെയ്തിട്ടുള്ള സൗഗന്ധികം ഹനുമാനിൽ കീഴ്പടംപ്രാതിനിധ്യം ഉള്ള, എന്നാൽ ആശാനെ വെറുതെ അനുകരിക്കാൻ ഒട്ടുമേ ശ്രമിക്കാത്ത, കലാകാരനെ കാണാം. കുമാരൻനായരുടെ മുതിർന്ന ശിഷ്യനായ സദനം കൃഷ്ണൻകുട്ടിയുടെ തോരണയുദ്ധം ഹനൂമാന് ഭാസിയുടെ ലങ്കാലക്ഷ്മിയിലും ദർശിക്കാം ആ ഗുരുചന്ദ്രലേഖ.
ഇതൊക്കെ കഴിഞ്ഞ് 2014ൽ നാട്ടിൽ വന്നകാലത്ത് തൃശ്ശൂര് ചേർപ്പിൽ നാലുദിവസത്തെ നളചരിതമേള. ആദ്യദിവസം എന്തായാലും പോണം എന്നുറപ്പിച്ചതാണ്: ഭാസിയുടെ ഹംസം കാണാൻ. അന്നവിടെ നായകപ്പച്ച ഷണ്മുഖൻറെ. തീരെ അവിചാരിതമായി അന്ന് വൈകിട്ടെത്തിയത് കോട്ടയത്താണ്. (അത്രേടം പോയ സ്ഥിതിക്ക് സുഹൃത്ത് മനോജ് കുറൂരിൻറെ വീട്ടിൽ പോവുകയും നഷ്ടപ്പെട്ട അരങ്ങിനെക്കുറിച്ചുള്ള ദുഃഖം പറയുകയും ചെയ്തു.)
ഹംസം മിസ് ആയതുപോലെ വിഷമം ഉണ്ടായിരുന്നു ഷണ്മുഖൻറെ നളൻ പോയതിലും. ഈ മാസമാദ്യം ഇടപ്പള്ളിയിൽ, കൗതുകകരമായി, ഷണ്മുഖൻറെ ഹംസമാണ് തരപ്പെട്ടത്. അന്നവിടെ നളനായ പീശപ്പിള്ളി രാജീവനെ തലേവാരം കർണ്ണശപഥത്തിലെ കുന്തിയായി കണ്ടിരുന്നു. അവരവർ ചെറുപ്പത്തിൽ അരങ്ങത്തു വിളങ്ങിയ മേൽത്തരം വേഷക്കാർ സ്വന്തം പ്രകടനനേരത്ത് ഉപബോധ മനസ്സിലേക്ക് കടന്നുവരുന്നത് കാണുക കൗതുകകരമാണ്. തൃപ്പൂണിത്തുറയിൽ കണ്ട രാജീവൻറെ കുന്തിക്ക് ഒളിഞ്ഞും തെളിഞ്ഞും ചിലയിടങ്ങളിൽ ഛായ ശിവരാമേട്ടൻറെ, ഇടപ്പള്ളിയിലെ നളനാവട്ടെ ഗോപിയാശാൻറെയും. കോപ്പിയടി തെല്ലുമില്ല,
അകക്കൂട്ടിൽ അടയിരിക്കുന്ന അനക്കബോധങ്ങളുടെ ചിറകടിയാണ്; അതുകൊണ്ട് കല്ലുകടിയും തോന്നിയില്ല.
ചങ്ങമ്പുഴപ്പാർക്കിലെ അരങ്ങിനുശേഷം കുപ്പായം മാറിയ രാജീവനെ തൃപ്പൂണിത്തുറ വീട്ടിലേക്ക് ക്ഷണിച്ചു. "പെട്ടെന്നൊരു അസ്വാധീനം," എന്ന് മറുപടി. "എൻറെ പേരില് കുന്നംകുളത്ത് പരിപാടി വര്ണതറിയാലോ... ഈ മാസാവസാനം. അതിലേക്ക് പഴേ കാറൽമണ്ണമട്ടില് സ്വച്ഛന്ദാവിഷ്‌കൃതി മാതിരിയൊന്നുണ്ട്. അശ്വത്ഥാമാവ്. അതിൻറെ റിഹേഴ്‌സലാ നാളെ. മിഴാവാ പിന്നണി, ചെണ്ടമദ്ദളല്ല. രതീഷ് ഭാസ് ണ്ടലോ, അയളെ കൊട്ടണ്... നാളേ അയാൾക്ക് വരാൻ സൗകര്യള്ളൂ ത്രേ. രാവിലെത്തന്നെ. അപ്പൊ വൈകാണ്ടെത്തണം..." ഇത്രയും പറയുമ്പോൾ, അരങ്ങിൽ ദമയന്തി കെട്ടിയാടുന്ന, സി.എം. ഉണ്ണികൃഷ്ണൻ ആയിരിക്കും സാരഥിപോൽ. "അയൾടെ കാറ്ണ്ട്. കോട്ടയ്ക്കല് എത്തണത്രേ മൂപ്പർക്ക്. അതോണ്ട് പെരുമ്പിലാവിലെന്നെ എറങ്ങാം."
രാജീവനെ അടുത്തറിയുന്നത് 1991-92 കാലത്താണ്. അയാൾ തൃശ്ശൂര് സ്‌കൂൾ ഓഫ് ഡ്രാമയിൽ ചേരുന്ന കാലത്ത് അവിടെ ഇക്കണോമിക്സ് എം.എ.ക്ക് ഞാനുണ്ട്. അരണാട്ടുകരയിലെ ലാലൂർ ക്യാമ്പസ്സിൽ ഞങ്ങൾ നിത്യം കൊണ്ടുപോന്നു. എന്നല്ല സീനിയർ വിദ്യാർത്ഥിയൊരുവൻറെ അവസാനവർഷ നാടകത്തിൽ സഹകരിക്കുകയും ചെയ്തു. തിരുവനന്തപുരത്തുകാരൻ ശ്രീനാഥ് നായരുടെ പ്രൊഡക്ഷനിൽ ഒരുഭാഗത്ത് പിന്നണിസംഗീതം നയിക്കുന്നത് രാജീവൻ. ഹിന്ദോളത്തിൽ ആലാപനം. താഴെസ്വരത്തിൽ പതിഞ്ഞുതുടങ്ങി രംഗത്തെ അരണ്ടവെളിച്ചത്തിലെ ഏകാന്ത കഥാപാത്രത്തിൻറെ മാനസികപിരിമുറുക്കം കൂടിവരുന്ന ഞെളിപിരിക്കൊപ്പം രാഗത്തിനും ഏറും മേൽസഞ്ചാരവും ഭൃഗമുറുക്കവും. അതുകഴിഞ്ഞുള്ള ചെറിയ പാട്ടിനു കൂടുന്നവരൊത്ത് ചുണ്ടനക്കാൻ ഹാർമോണിയത്തിനടുത്ത് ഞാനും.
അക്കാലത്ത് ഗുരുവായൂര് കഥകളിക്ക് പോയി ഞങ്ങളിരുവർ. കുഞ്ചുനായർ ട്രസ്റ്റിൻറെ കന്നിയരങ്ങാണ്. സത്രം ഹാളിൽ മുഴുരാത്രി. കാലകേയവധം, ബാലിവധം. രാമൻകുട്ടി നായരുടെ അർജുനന് പാടാൻ കലാമണ്ഡലം ഗംഗാധരൻ. കുമാരൻനായരുടെ മൂത്ത ചുവന്നതാടിവേഷത്തിന് പന്തംപിടിക്കാൻ ആദ്യകഥയിൽ പാണ്ഡവൻ കെട്ടിയാടിയ ഇളയ പട്ടിക്കാംതൊടിശിഷ്യൻ.
എല്ലാറ്റിനും മുമ്പ് കഥ പറയാൻ രാജാനന്ദൻ. ട്രസ്റ്റിൻറെ "ജീവനാഡി" എന്നാണ് തൊട്ടുമുമ്പ് മുഖവുര പറഞ്ഞ സംഘാടകൻ വിശേഷിപ്പിച്ചത്. വെളുത്ത മുഖത്ത് കറുത്തതാടിയുള്ള സുമുഖൻ ചെറുപ്പക്കാരൻ. പ്രമേയത്തെക്കാൾ അരങ്ങാവതരണത്തെ കുറിച്ചായിരുന്നു ഭാഷണം. "സലജ്ജോഹം" എന്ന ഇരിപ്പിൻറെ സവിഷേതതയും വീരംസ്ഥായിയെ കുറിച്ചും വിവരണം. എല്ലാം കഴിഞ്ഞപ്പോൾ എനിക്ക് ജിജ്ഞാസതോന്നി ആളെ അറിയാൻ. രാജീവനോട് കയറിച്ചോടിച്ചു: എന്താ ആളുടെ പേര് പറഞ്ഞത്? മറുപടിയിൽ നമ്പൂരിത്തം കലശലായിരുന്നു: "അദ് ചോയ്ച്ചാ നിയ്ക്കും നല്ല നിശ്ചല്യ. ജീവനാഡ്യാണ്....ആരായ്യാലും."
ഇമ്മാതിരി പൊടുംമറുപടികൾ ഇടയ്ക്കൊക്കെ ഉണ്ട് രാജീവന്. വാനപ്രസ്ഥം സിനിമയിറങ്ങിയ 1999 കാലത്ത് അതിൻറെ ഷോ ദൽഹിയിലെ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിൽ തരപ്പെട്ടിരുന്നു എനിക്ക്. ഒട്ടുമേ പിടിക്കാഞ്ഞ പടം. അതെന്തോ, നിറയെ പരിചയക്കാർ കഥകളിക്കാർ ഉള്ളതിൻറെ രസം. ഷാജി എൻ. കരുൺ സംവിധാനം ചെയ്ത ഫിലിമിൽ നായകൻ മോഹൻലാലിനെ വേഷമൊരുക്കാൻ സഹായിച്ചിരുന്നു രാജീവൻ. പിറ്റേ തവണ നാട്ടിൽ വന്നപ്പോൾ പോർക്കുളത്തെ സുഹൃത്ത് കുഴിയ്ക്കാട്ടു പ്രദീപിനൊപ്പം പീശപ്പിള്ളിവരെ പോയി. അടയ്ക്ക ഉണക്കാനിട്ട മുറ്റം നോക്കിയുള്ള കോലായിലിരുന്നുള്ള സൊറയ്ക്കിടെ 'വാനപ്രസ്ഥം' വിഷയമായി. കിരീടം വച്ചുമുറുക്കുമ്പോൾ മോഹൻലാൽ പറയുമത്രെ: പയ്യെ, പയ്യെ. എന്തുകൊണ്ടത്രേ? "മൂപ്പരുടെ തലമുടി നട്ടുപിടിപ്പിച്ചിട്ട്ള്ളതല്ലേ... തലത്തുണി വല്ലാണ്ടെ വലിച്ചാ ങ്ങ്ട് പോരും രോമം, അയെന്നെ." ഇത്രയ്‌ക്കൊക്കെ മൂല്യം കൽപ്പിക്കണോ എന്നായി ഞങ്ങൾക്ക് ശങ്ക. പിന്നെന്താ, നല്ലോണം പണംമൊടക്കി അമേരിക്കേല് പോയിട്ടോറ്റെ ഒപ്പിച്ചിട്ട്ള്ളതാ പ്പതേയ്..." അതുശരി, അപ്പൊ ചെലവുണ്ട് ല്ലേ? "പിന്നെന്താ, അല്ലെങ്കെ നമ്മടെ കൂട്ടത്തില് ചില കഥകളിക്കാർക്കൊക്കെ ആവാലോ പ്പ ദ്!"
ചടുലതമാശകൾപോലെ ക്ഷണനേരം കൊണ്ടുള്ള തീരുമാനമാറ്റങ്ങൾ രാജീവൻറെ ചിലപ്പോഴത്തെ സമ്പ്രദായമാണ്. ആ അവധിയിൽത്തന്നെയാവണം കൃസ്തുമസ്സിനു രണ്ടുനാൾശേഷം ഞങ്ങള് തിച്ചൂര് കളിക്കുപോയി. കാവുങ്കൽ തറവാട്ടിൽ ഒരു വിവാഹത്തലേ സന്ധ്യക്ക്. ദുര്യോധനവധം. കാരണവർ ചാത്തുണ്ണിപ്പണിക്കാരുടെ ശ്രീകൃഷ്ണൻ.
സുഭദ്രാഹരണം @ കാറൽമണ്ണ... Vaisakh Kala Kailas , Adithyan Kalamandalam
Posted by Smithesh Nambudiripad on Friday, 15 December 2017
നല്ലകാലം അകലെ അഹമ്മദാബാദിൽ ചിലവഴിച്ച ചാത്തുണ്ണിപ്പണിക്കർ നാട്ടിൽ തിരിയെയെത്തി അരങ്ങുകൾ വീണ്ടുപിടിച്ചുവന്ന കാലം. കത്തിയും വെള്ളത്താടിയും വേഷങ്ങളിൽ പലവിധ പുതുമകളും തോന്നിയിരുന്നു പതിവാസ്വാദകർക്ക്. ആ താൽപര്യത്തിൽ ഞാനും പുറപ്പെട്ടപ്പോൾ കൂടെ പോന്നതാണ് രാജീവൻ. എരുമപ്പെട്ടിനിന്ന് വണ്ടി മാറികയറി തിച്ചൂര് ഇറങ്ങിയപ്പോൾ വൈകുന്നേരം. ഇരുമ്പുകട നടത്തുന്ന ഇടയ്ക്കക്കാരൻ തിച്ചൂര് മോഹനനെ കയറിക്കണ്ട് ലോഗ്യം പുതുക്കി. അയ്യപ്പൻകാവിനപ്പുറം അമ്പലക്കുളത്തിൽ ഇറങ്ങി കാലും മുഖവും കഴുകി. പണ്ട്, നൂറ്റാണ്ടിൻറെ തുടക്കത്തിൽ (1905) നമ്പൂതിരിസമുദായത്തെ നടുക്കിയ സ്മാർത്തവിചാരണക്ക് ഇരയായ കുറിയേടത്ത് താത്രിക്കുട്ടി എന്ന അന്തർജനം കാവുങ്ങൽ ശങ്കരപ്പണിക്കരുടെ കീചകൻ കണ്ടുഭ്രമിച്ച് കഥകളിക്കാരനെ മനയോലമുഖത്തോടെ രാച്ചെന്ന നേരത്ത് പ്രാപിച്ചത് ഇവിടെയൊരു കടവിലാണുപോൽ.
പാടം കയറിയിറങ്ങി എത്തി കാവുങ്ങൽ. അത്ര വലുതല്ലെങ്കിലും മൂന്നുനിലപുര. മുറ്റത്തെ കല്യാണപ്പന്തൽതന്നെ കളിസ്ഥലം. കുറച്ചൊരു കയറ്റമുള്ള നിലം പാതി മറച്ച് അണിയറ. അവിടെ മുഖത്തേപ്പ് ഒട്ടുമുക്കാലാക്കി ചാത്തുണ്ണിപ്പണിക്കർ ചുട്ടിക്കായി മലർന്ന്... അത് കണ്ടതും രാജീവൻ പറഞ്ഞു: ഞാൻ പൂവ്വടോ!
എന്തേ???
ഏയ്, നേര്യവാൻ ഞെരുക്കാ.
എന്തുകൊണ്ട്?
ചുട്ടിക്ക് കെടക്കണ കണ്ടാ അറിയാം.
എന്ത്?
കഥകളിക്കാരൻ അല്ലാ ന്ന്.
തിരിഞ്ഞു നടന്ന രാജീവൻറെ പിന്നാലെ ഓടി ഞാൻ. വേഗത്തിൽ പടി കടന്നിരുന്നു അയാൾ. പാകത്തിനെന്നപോലെ അന്നേരം ഒരു ഓട്ടോ അവിടെയെത്തി. മദ്ദളം നെല്ലുവായ നാരായണൻനായർ അതിൽനിന്നിറങ്ങിയതും രാജീവൻ ഉള്ളിലേക്ക് കയറിപ്പറ്റി. വാദ്യക്കാരൻ അന്തം വിട്ടു, അപായം സംശയിച്ചു: എന്തേ, എന്തേ?
ഏയ്, എന്തോ... രംഗം ഞാൻ ഭംഗിയാക്കി. അയാൾക്ക് പെട്ടെന്നൊരു തെരക്ക്.
വൈകിട്ട് കളി അതിൻറെ മട്ടിൽ നടന്നു. ദുര്യോധനൻ കലാമണ്ഡലം പദ്മനാഭൻനായരുടെ. പരിയാനംപറ്റ ദിവാകരൻറെ ദുശ്ശാസനൻ. ഒളരി (കലാമണ്ഡലം) മനോജിൻറെ ദ്രൗപദി. പാട്ടിന് കലാനിലയംകാർ രാമകൃഷ്ണൻ, ഹരി. ചെണ്ടക്ക് കലാമണ്ഡലം കേശവൻ.
ഏറെ നാൾക്കുശേഷം പിന്നെ രാജീവനെ കാണുന്നത് ശിവരാമേട്ടൻറെ ഒന്നാം ചരമവാർഷികം മൂരാത്രിക്കളിയായി ആചരിച്ച കാറൽമണ്ണ ട്രസ്റ്റ് അങ്കണത്തിലാണ് -- 2011 മഴക്കാലത്ത്. സ്ത്രീവേഷപ്രതിഭയുടെ ജീവിതത്തിലെ ഒരു ദുരിതാദ്ധ്യായം പറയാൻ മീറ്റിങിനിടെ മൈക്കിനു മുമ്പിലെത്തിയ രാജീവൻ തൊണ്ടയിടറി മുഴുവനാക്കാൻ കഴിയാതെ മതിയാക്കി. അന്നേ സന്ധ്യക്കൊ പിറ്റേന്നോ ബാലിവിജയത്തിൽ നാരദനായി അരങ്ങിൽ വന്നു. കലാമണ്ഡലം സോമൻറെ രാവണനൊപ്പം.
ഈമാസമാദ്യം തൃപ്പൂണിത്തുറ മാരുതീയം പരിപാടിക്ക് വന്നപ്പോൾ വേണാട് എക്സ്പ്രസ്സിലിറങ്ങിയ രാജീവനെ കാത്ത് സ്റ്റേഷന് പുറത്തു കാത്തുനിൽപ്പുണ്ടായിരുന്നു ഞാൻ വൈകിട്ട് അഞ്ചരമണിക്ക്. കാറ് പിന്നാക്കം പാർക്ക് ചെയ്യുന്നതിനിടെ വലിയൊരു കല്ല് പിന്നിട്ട് പോയതിനാൽ വണ്ടി മുന്നാക്കമെടുക്കാൻ ഒന്ന് ബുദ്ധിമുട്ടി. ഒടുവിൽ ആൾക്കാർകൂടി സഹകരിച്ച് പ്രശ്നം പരിഹരിച്ച് വണ്ടിയെടുത്തതോടെ മുന്നിലെ സീറ്റിലെ ചില്ലു താഴ്ത്തി രാജീവൻ പറഞ്ഞു: ഹാവു, സൗഗന്ധികം കളിക്കാൻ എറങ്ങ്‌യോട്ത്തന്നെ തടസ്സായി; ഏതായാലും വിചാരിച്ചലും വേഗം കടന്നുകൂടി.
തൃപ്പൂണിത്തുറ തിയ്യാടിയിലെ സൽക്കാരത്തിൽ അമ്മ വിളമ്പിയ പുഴുങ്ങിയ നേന്ത്രപ്പഴം തൊലിയുരിഞ്ഞു കഴിക്കേ അച്ഛൻ ആവുന്ന മട്ടിൽ പഴംകഥകൾ പറഞ്ഞു: ഞാനും പെരുമ്പിലാവാ...
അറിയാം, എന്നായി രാജീവൻ. അയ്യപ്പൻകാവ് പരിസരം.
അതെ, അച്ഛനും സന്തോഷമായി.
സന്ധ്യയോടെ കളിക്കോട്ടാ പാലസ്സിൽ. രണ്ടാമത്തെ കഥയായിരുന്നു സൗഗന്ധികം. പരിപാടിനാമം "മാരുതീയം" എന്നായതുകൊണ്ടുകൂടിയോ എന്തോ "കാറ്റ്" എന്നത് സവിശേഷ പ്രസക്തിയോടെയാണ് പിതൃസ്മരണയുടെ ശ്രുതിയിൽ ആടിപ്പോയത്. പ്രസരിപ്പിൻറെയടക്കം കാര്യമെടുത്താൽ രാജീവൻറെ വെള്ളത്താടിവേഷത്തിൽ ചാത്തുണ്ണിപ്പണിക്കർവരെ പോയകാലാചാര്യന്മാർ ചിലർ ഊതിമറിഞ്ഞു പോയതുപോലെ തോന്നി.
വേഷം കഴിഞ്ഞ് തുടച്ച് വെളുപ്പിന് മൂന്നരയോടെയാണ് ഞങ്ങൾ കാറൽ മണ്ണ ലക്ഷ്യമാക്കി പുറപ്പെട്ടതും ഇടയിൽ പീശപ്പിള്ളിയില്ലത്ത് കയറിയിറങ്ങിയതും.
ട്രസ്റ്റങ്കണത്തിൽ രാജീവനുകൂടി വേഷമുള്ള കിരാതത്തിനു മുമ്പ് കഥ നരകാസുരവധം. കത്തിവേഷമായി ഒളരി മനോജ്. നക്രതുണ്ഡിയോട് ജയന്തൻ ചെയ്ത ചെയ്ത്തറഞ്ഞുക്രോധിച്ച് ഇന്ദ്രനോട് പകരംചോദിക്കാൻ സ്വർഗത്തിലേക്ക് പടപുറപെട്ട പ്രതിനായകൻ പീഠമേറിയപ്പോൾ ഞാനും എഴുന്നേറ്റു. ഇറയത്തെ ഭാഗത്തു നിന്നുകൊണ്ടാവാം കാണല് എന്നുവെച്ചു. ചുവരുചാരി നിൽക്കേ കൈപിടിച്ചൊരാളുടെ ലോഗ്യപ്രകടനം. ഭാസി! പണ്ടെന്നപോലെ സ്നേഹം ഇരുവർക്കും. പക്ഷെ അധികം ലോഗ്യത്തിന് നേരമില്ല. കിരാതമൂർത്തിയായി തേയ്ക്കാൻ സമയമായി ആൾക്ക്. കഴിഞ്ഞിട്ടുകാണാം എന്നുപറഞ്ഞ് അണിയറപൂകി.
Posted by Smithesh Nambudiripad on Saturday, 16 December 2017
ഇതുപോലെ ഉച്ച നേരത്ത് പല മുൻപരിചയക്കാരുമായും ചെറു പഞ്ചായത്ത് കഴിഞ്ഞതാണ്. മുറുകിയ മേളത്തിനിടെ ഇതിപ്പോൾ വീണ്ടും ഒറ്റക്ക്. ശരീരക്ഷീണം തോന്നായ്കയില്ല. ഉറക്കമിളച്ചും യാത്രചെയ്തും മുന്നെപ്പോലെ ഒറ്റയിരുപ്പിൽ രംഗാരംഗം കാണാനൊന്നും വയ്യാതായിരിക്കുന്നു.
മടങ്ങിയാലോ? കാണാത്ത കഥയല്ലതന്നെ കിരാതം. പക്ഷെ ഈ കോമ്പിനേഷൻ (ഭാസി-രാജീവൻ, അരുൺ വാരിയരുടെ അർജുനൻ, കലാമണ്ഡലം രവികുമാറിൻറെ ശിവൻ) മുഴുവനായും പുതുതുതന്നെ. എന്നിരിക്കിലും വേറെ വേവലാതികളുള്ളതാണ്. ഏറ്റം മുഖ്യമായി, പിറ്റെന്നാൾ ഉച്ചയ്ക്കുമുമ്പായി ദൽഹിക്ക് മടങ്ങേണ്ടതും. ഈ വേദിയിലെ അരങ്ങത്ത് ഇപ്പോഴും ഇനിയുമായി നടക്കുന്ന കളികൾ അഥവാ രുചി നോക്കണമെങ്കിൽ പുതിയ കാലത്ത് സൗകര്യങ്ങളുണ്ട്. ഫെയ്‌സ്ബുക്കിൽ ലൈവും വാട്ട്സാപ്പിൽ വീഡിയോയും ഒക്കെയായി...
അപ്പോൾ അങ്ങനെ. പടപുറപ്പെട്ട നരകാസുരൻ ദേവരാജാവിനെ കണ്ടധിക്ഷേപിക്കുന്ന നേരത്ത് അധികമാരോടും യാത്ര പറയാതെ ഞാൻ പുറത്തു കടന്നു. പിറ്റേന്നാൾതുടങ്ങി ഉത്തരേന്ത്യയിലെ കൊടുംശിശിരത്തിൽ കൂടാനുള്ള തയ്യാറെടുപ്പായി.
നരകാസുരവധശേഷം നടക്കുന്ന ആശാന്മാർവിസ്താരത്തെ കുറിച്ചാലോചിച്ചപ്പോൾ കാലം കാൽനൂറ്റാണ്ട് പിന്നാക്കംപോയി. കൊല്ലം 1992 ആവണം, കാറൽമണ്ണ തിരുമുല്ലപ്പള്ളി ക്ഷേത്രത്തിൽ ഉത്സവക്കളി. അമ്പലത്തിനപ്പുറം കൊയ്തൊഴിഞ്ഞ വേനൽപ്പാടത്ത് മുഴുരാത്രിയരങ്ങ്. ആദ്യകഥ സൗഗന്ധികം. പദ്മനാഭൻനായരുടെ ഭീമനും കുമാരൻനായരുടെ ഹനുമാനും. പിന്നെ കീചകവധം. ശിവരാമേട്ടൻറെ സൈരന്ധ്രി. കത്തിവേഷം ചാത്തുണ്ണിപ്പണിക്കർ. ഇന്നിപ്പോൾ പുതുതലമുറയിലെ വേഷക്കാരുടെ പ്രകടനം വിലയിരുത്തുന്ന പാനലംഗങ്ങളെങ്കിൽ അന്ന് അതുപോലെ സൂക്ഷ്മമായി ഒരാശാൻ നോക്കിക്കണ്ടതോർക്കുന്നു കാവുങ്ങലെ കാരണവരുടെ വേഷം. പാടിരാഗത്തിൽ "മാലിനി രുചിരഗുണ ശാലിനി"യുടെ പതിഞ്ഞ ഇരട്ടി എടുക്കുന്നതിലെ കൗതുകം സൂക്ഷ്മം വീക്ഷിക്കുന്നുണ്ടായിരുന്നു അഗ്രശാല ജനലഴികളിലൂടെ കുമാരൻനായർ. തന്നെപ്പോലെതന്നെ അന്യദേശവാസം മതിയാക്കി നാട്ടിലെ കളിയരങ്ങുകളിൽ പ്രതിഷ്ഠിതനാവാൻ മിനക്കെടുന്ന മറ്റൊരു കഥകളിക്കാരൻ.
ബലാൽക്കാരത്തിനൊരുങ്ങിയ "ഹരിണാക്ഷി ജനമൗലി"ശേഷം അരമുറുക്കിക്കൊലയ്ക്കുള്ള "കണ്ടിവാർ കുഴലി" ആടാതെ പണിക്കർ കിതച്ചവശനായി കളിയവസാനിപ്പിച്ചു. തുടർന്നുള്ള 'ദുര്യോധനവധ'ത്തിലെ കത്തിവേഷമായി സോമൻ എന്ന യുവാവ് അരങ്ങത്തേക്ക് അടിവച്ചുകയറി -- ആശാൻ രാമൻകുട്ടിനായർ കാണിക്കുമ്പോലെ ഇടതുവിരലിലെ വെള്ളിനഖങ്ങൾ ഒന്നുകൂടി തിരുകിക്കൊണ്ട്. ആ ഇടവേളയിലാവണം എന്നെ "കണ്ടുപരിചയം തോന്നുന്നു" എന്ന് പരിചയപ്പെട്ട യുവാവിനോട് തിരിച്ചുപറഞ്ഞത്: "ഞാൻ മുന്നേ അറിയും. രാജാനന്ദൻ. അല്ലേ?"
ഇന്നിപ്പോൾ ശിൽപശാലയിൽ ഉച്ചനേരത്ത് ഊട്ടുപന്തലിലേക്ക് പോവുമ്പോൾ കുഞ്ചുനായരാശാൻറെ മകനെ കണ്ടു. പി.വി. ശ്രീവൽസൻ എന്ന വൽസേട്ടൻ. "ചോറു കഴിഞ്ഞ മട്ടാ തൽക്കാലം, വിചാരിച്ചേലധികം ആള് വന്നണ്ണൂ ഇന്നേയ്..."
പ്രമേഹക്കാർ കഴിവതും ഭക്ഷണം മുടക്കിക്കൂടാ. പിന്നെ ശരണം പുറത്തെ ഹോട്ടലാണ്. അതുവരെ പോയി ഊണുകഴിച്ച സ്ഥിതിക്ക് തോന്നി: ഇനിയും മുന്നാക്കം പോയാലോ. വടക്കോട്ടു ലേശം പിടിച്ചാൽ തൂതപ്പുഴ. പിന്നെ? പിന്നെ കുഞ്ചുനായരാശാൻറെ വാഴേങ്കട!
പുഴയോരത്ത് ഓട്ടോ മാറിക്കയറാൻ പാത മുറിച്ചു കടക്കുമ്പോൾ പഴയ സുഹൃത്ത് വണ്ടിയുമായി: നിരൂപകൻ എൻ.പി. വിജയകൃഷ്ണൻ. എവിടെക്കാ എന്ന് അന്വേഷണം വന്നു. പരുങ്ങിയാണെങ്കിലും പറഞ്ഞു, വാഴേങ്കട. "ഞാൻ കൊണ്ടു വിടാം" എന്നായി.
വേണ്ട. ഇതെൻറെ സ്വകാര്യയാത്രയാണ് എന്ന് തെളിച്ചുപറഞ്ഞില്ല. കൂടുതൽ നിർബന്ധിച്ചതുമില്ല വിജയകൃഷ്ണൻ. "പാണ്ടിക്കാട് ഒരു വിവാഹ റിസപ്‌ഷൻ, വരട്ടെ ന്നാ?"
ഓ.
വീണ്ടും പിടിച്ചു ശകടം. കാലഭേദംകൊണ്ടുള്ള വീക്ഷണവ്യത്യാസങ്ങൾ കൗതുകകരമാണ്. മുമ്പ്, 2009ൽ, രാമൻകുട്ടിനായരാശാൻറെ ശതാഭിഷേകം ചെർപ്പുളശ്ശേരിയിൽ രണ്ടുദിവസം ആഘോഷിച്ചപ്പോൾ നടന്ന മുഴുരാത്രിക്കഥകളിയിൽ ഏറെ നന്നായത് മടവൂർ വാസുദേവൻനായരുടെ രംഭാപ്രവേശം രാവണൻ ആയിരുന്നു എന്ന് അഭിപ്രായപ്പെട്ടപ്പോൾ വള്ളുവനാട്ടുകാർ പലരുടെയും പരിഹാസം കേട്ടു. ഇതാ ഇപ്പോൾ വൈകാതെ വാഴേങ്കട സംസ്തുതി സമ്മാൻ കൊടുക്കാനിരിക്കുന്നത് തെക്കൻചിട്ടയുടെ കാവലാൾക്ക്. കാറൽമണ്ണ മന്ദിരത്തിൽ പ്രതിഷ്ഠിക്കാനിരിക്കുന്ന കുഞ്ചുനായർപ്രതിമ നിർമിക്കുന്നത് ട്രസ്റ്റുമായി അടുത്തുസഹകരണം കുറഞ്ഞ സദനം ഹരിയേട്ടൻ. ആദ്യകാല ശില്പശാലകളിൽ അംഗങ്ങൾ തമ്പടിച്ചിരുന്നത് ഒരുമിച്ചായിരുന്നു -- കാറൽമണ്ണ വായനശാലയിൽ, ശിവശങ്കരൻനായരുടെ വീട്ടിൽ, അതല്ലെങ്കിൽ പാണ്ടത്ത് മന. ഇതിപ്പോൾ ടൗണിലെ ഹോട്ടലിൽ അവരവർ മുറിയിൽ ഒതുങ്ങിക്കൂടിക്കൊണ്ട്. ഞാറ്റുവേലതോറും തൂതപ്പുഴയിൽ വെള്ളം ഏറുകയും കുറയുകയും ചെയ്യുംപോലെ മനുഷ്യപ്രകൃതത്തിലും ബന്ധങ്ങളിലും മാറ്റങ്ങൾ സ്വാഭാവികം.
വാഴേങ്കടയങ്ങാടിയിൽ മുച്ചക്രം നിർത്തി. ക്ഷേത്രത്തിലേക്കുള്ള ഇടവഴിക്ക് മുന്നത്തെതിലും വീതിപോലെ. നേരെനടന്നു. കടമ്പക്കപ്പുറം പടിക്കെട്ടുകൾ കീഴോട്ട്. മൂന്നരമണി വെയിലത്ത് അമ്പലപരിസരം വാടിയുറങ്ങിയതു പോലെ. സമുച്ചയത്തിന് പിറകിലെ അഗ്രശാലക്കപ്പുറം കുന്നിലെ കാടിന് എന്നത്തേതിലുമേറേ തഴപ്പ്. പച്ചച്ചേലക്ക് മഞ്ഞക്കസവു പോലെ നരസിംഹമൂർത്തീ പ്രദക്ഷിണക്കളം.
അനക്കമറ്റ അപരാഹ്നം. അടുത്തുചെല്ലാൻ തോന്നിയില്ല.
പകരം ഇറങ്ങിയത് ആശാൻറെ വളപ്പിലേക്ക്. വീടെന്നല്ല അതിൻറെ കഴുക്കോലിൻ കഷ്ണംപോലുമില്ല ബാക്കി. ചില്ലറ ചേമ്പിൻതാളുകൾ, വാഴപ്പോളകൾ. പുല്ലിലും പൊന്തയിലും ചവിട്ടിത്തന്നെ മുന്നേറി. വേലിയരുകിൽ ഒരിടത്ത് കൽച്ചിഹ്നംപോലെ കണ്ടു.
ഇതാവണം കുഞ്ചുനായർ സമാധി.
രാവിലെ മരുമകൻ കോട്ടക്കൽ ശിവരാമന് മുന്നിൽ. വൈകിട്ടിതാ അമ്മാമനാശാനും.
ഇരുവർക്കും വണക്കം. ബാക്കി സർവ ആചാര്യർക്കും.
തെങ്ങോലകൾ മേലാപ്പുപിടിച്ച ഈ നിശ്ചലനിമിഷത്തിലാവട്ടെ നിശ്ശബ്ദമായി മംഗളശ്ലോകം.
Malayalam