അശ്വതി തിരുനാൾ രാമവർമ്മ
അശ്വതി തിരുനാൾ 1756ൽ ജനിച്ചു. കാർത്തിക തിരുനാളിന്റെ ഭരണകാലത്ത് യുവരാജാവായിരുന്ന അദ്ദേഹം മൂപ്പേൽക്കാതെ 1794ൽ തന്റെ മുപ്പത്തെട്ടാം വയസ്സിൽ അന്തരിച്ചു. അസാമാന്യപണ്ഡിതനും വാസനാശേഷിയുള്ള കവിയുമായിരുന്നു അദ്ദേഹം. അദ്ദേഹം രചിച്ച ആട്ടക്കഥകളാണ് രുക്മിണീസ്വയംവരം, അംബരീഷചരിതം, പൂതനാമോക്ഷം, പൗണ്ഡ്രകവധം എന്നീ കൃതികൾ. പ്രസന്നവും സുന്ദരവുമായ ശൈലിയിൽ രചിച്ചിട്ടുള്ള ഈ കൃതികളുടെ ഗാനാത്മകതയും എടുത്തുപറയേണ്ടതാണ്.
കാർത്തികതിരുനാൾ മഹാരാജാവിന്റെ നരകാസുരവധം ആട്ടക്കഥയുടെ അവസാനഭാഗം രചിച്ചത് അശ്വതിതിരുനാളാണെന്ന് ഒരു ഐതിഹ്യമുണ്ട്.
"അർണോജാക്ഷികളെ ഹരിച്ചൊരു നിൻ കർണനാസികാ കുചകൃന്തനമിഹ തൂർണം ചെയ്‌വൻ കണ്ടുകൊൾക നീ" എന്നതിനു ശേഷമുള്ള "നിർണയമതിനുണ്ടുമേ കരാളേ" എന്ന വരി അശ്വതിയുടേതാണത്രെ. ഇതു കണ്ട് സന്തുഷ്ടനായ രാജാവ് ബാക്കി ഭാഗവും ഭാഗിനേയനോട് എഴുതുവാൻ പറഞ്ഞുവെന്നാണ് ഐതിഹ്യം.