പന്നിശ്ശേരി നാണുപിള്ള
കരുനാഗപ്പള്ളിയിൽ നിന്ന് ആലുംകടവിലേക്ക് പോകുന്നവഴിക്ക് മരുതൂർക്കുളങ്ങര മഹാദേവ ക്ഷേത്രത്തിന് അടുത്തുള്ള ഒരു ജന്മികുടുംബമാണ് പന്നിശ്ശേരി. ആ ഭവനത്തിലെ ഭവാനിയമ്മയുടേയും പത്മനാഭക്കുറുപ്പിന്റേയും മകനായി കൊല്ലവർഷം 1061ൽ (1885ൽ) അദ്ദേഹം ജനിച്ചു. സ്ക്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം മാത്രമേ നടത്തിയുള്ളു. പക്ഷെ സംസ്കൃതത്തിലും ഇംഗ്ലീഷിലും നല്ല വ്യുൽപ്പത്തിയായിരുന്നു. ശ്രീനീലകണ്ഠശാസ്ത്രികൾ വേദാന്തദർശനങ്ങളും ശ്രീ ചട്ടമ്പിസ്വാമികൾ തർക്കശാസ്ത്രവും അഭ്യസിപ്പിച്ചു. ഒരു ആശാനെ ഗൃഹത്തിൽ താമസിപ്പിച്ച് കഥകളിയും അഭ്യസിച്ചു.
അദ്ദേഹം ലക്ഷ്മിക്കുട്ടിയമ്മയെ വിവാഹം കഴിച്ചു. മക്കൾ : ശ്രീനിവാസക്കുറുപ്പ്, തങ്കമ്മ. മകൻ ശ്രീനിവാസക്കുറുപ്പ് ഒരു തികഞ്ഞ കഥകളി പണ്ഡിതനായിരുന്നു.
പന്നിശ്ശേരി നാണുപ്പിള്ളയുടെ "നിഴല്‍ക്കുത്ത്" എന്ന ആട്ടക്കഥ രംഗത്ത് ധാരാളം പ്രചാരം സിദ്ധിച്ചിട്ടുള്ളതാണ്. അദ്ദേഹം രചിച്ച " കഥകളി പ്രകാരം " കഥകളിയെ സംബന്ധിച്ചുള്ള ഒരു പ്രാമാണിക ഗ്രന്ഥമാണ്. "A Guide to Kathakali" എന്ന ഗ്രന്ഥം രചിക്കുന്നതിന് എ.ഡി. ബോളണ്ട് ഈ ഗ്രന്ഥം ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
മറ്റ് രചനകൾ: ഭദ്രകാളീവിജയം, പാദുകപട്ടാഭിഷേകം, ശങ്കരവിജയം.
കൊല്ലവർഷം 1118ൽ (1942ൽ) പന്നിശ്ശേരി നാണുപ്പിള്ള ദിവംഗതനായി.