മുരിങ്ങൂർ ശങ്കരൻ പോറ്റി
ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ കീഴ്ച്ചേരിമേൽ ( ചെങ്ങന്നൂർ ക്ഷേത്രത്തിനു കിഴക്ക് ഭാഗം ) മുരിങ്ങൂർ മoത്തിൽ മലയാള വർഷം 1018 ൽ ( 1843 ) ജനിച്ചു. പിതാവ് : പുരുഷോത്തമൻ നമ്പൂതിരി, മാതാവ് : ശ്രീദേവി അന്തർജ്ജനം. ബാല്യത്തിൽത്തന്നെ ശങ്കരൻപോറ്റി സംസ്കൃതത്തിൽ അഗാധ പാണ്ഡിത്യം നേടി.
കുചേലവൃത്തം, മലയവതീ സ്വയംവരം, വല്ക്കലവധം എന്നീ ആട്ടക്കഥകൾ രചിച്ചിട്ടുണ്ട്. പക്ഷെ കുചേലവൃത്തത്തിനു മാത്രമേ വേണ്ടത്ര രംഗപ്രചാരം കിട്ടിയുള്ളൂ. ഭക്തിരസ പ്രധാനമായ കുചേലവൃത്തം പ്രേക്ഷകരും കലാകാരന്മാരും ഒരുപോലെ അംഗീകരിച്ചിട്ടുള്ള ആട്ടക്കഥയാണ്. അതുപോലെ തന്നെ ഇതിലെ പദങ്ങൾ ഗായകരും ആസ്വാദകരും വളരെ ഇഷ്ടപ്പെടുന്നവയാണ്.
കുചേലവൃത്തം ആട്ടക്കഥ വായിച്ച് സന്തുഷ്ടനായി വെൺമണി മഹൻ നമ്പൂതിരിപ്പാട് ശങ്കരൻ പോറ്റിയ്ക്ക് ഒരു മറുപടി ശ്ലോകരൂപേണ അയച്ചു കൊടുത്തു എന്ന് പറയപ്പെടുന്നു. ശ്ലോകം ഇതാണ് :
"കോട്ടം വിട്ടൊരു കോട്ടയം കഥകൾ നാലഞ്ചാതെ വഞ്ചീശ്വര-
ശ്രേഷ്ഠൻ തന്നുടെ നാലു തമ്പിയുടെ മൂന്നൊന്നക്കരീന്ദ്രന്റെയും
ആട്ടപ്പാട്ടിനമാണു മുമ്പിവകളോടും തന്നെ താനിയ്യിടെ-
ക്കൂട്ടിച്ചേർത്ത കുചേലവൃത്ത കൃതിയങ്ങൊട്ടൊക്കുമൊട്ടൊക്കുമേ"
രുഗ്മാംഗദ മഹാരാജാവിന്റെ ചരിത്രത്തെ ആധാരമാക്കി ഒരു നാടകവും മുരിങ്ങൂർ പോറ്റി രചിച്ചിട്ടുണ്ട്. ശ്രീകൃഷ്ണ ഭഗവാൻ അദ്ദേഹത്തിനു ദർശനം നൽകിയിട്ടുണ്ടെന്ന് പഴമക്കാർ പറഞ്ഞുകേട്ടിട്ടുണ്ട്.
കൊല്ലവർഷം 1080 ( 1905 ) ൽ അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു.