Musically Yours - ഭാഗം 3 - നാഥനാമക്രിയ
രാഗം - നാഥനാമക്രിയ
പതിനഞ്ചാമത്തെ മേളരാഗമായ മായാമാളവഗൗളയിൽ ജന്യം.
സ്വരസ്ഥാനങ്ങൾ
ആരോഹണം സ രി ഗ മ പ ധ നി
അവരോഹണം നി ധ പ മ ഗ രി സ നി
പൗരസ്ത്യക്ലാസിക്കൽ സംഗീതത്തിനു സുപരിചിതമായ മായാമാളവഗൗളയോട് സമീപസാദൃശ്യവും ചാർച്ചയും പുലർത്തുന്ന രാഗമാണ് നാഥനാമക്രിയ.
മായാമാളവഗൗളയുടെ അതേ സ്വരസ്ഥാനങ്ങളായ ഷഡ്ജം, ശുദ്ധരിഷഭം, അന്തരഗാന്ധാരം, ശുദ്ധമദ്ധ്യമം, പഞ്ചമം, ശുദ്ധധൈവതം, കാകളിനിഷാദം എന്നിങ്ങനെ മേൽഷഡ്ജം വർജ്ജിച്ചുകൊണ്ടാണ് നാഥനാമക്രിയയുടെ സ്വരഘടന.
ഇതൊരു ഉപാംഗരാഗം കൂടിയാണ്. ഈ രാഗത്തിന്റെ സഞ്ചാരം മേൽ ഷഡ്ജത്തിലേയ്ക്കു പോകാതെ നിഷാദം വരെയുള്ള സഞ്ചാരപരിധിയിൽ ഒതുങ്ങുന്നു. അതുകൊണ്ടിതിനെ നിഷാദാന്ത്യരാഗം എന്നു പറയുന്നു. *മദ്ധ്യമശ്രുതിയിൽ പാടപ്പെടുന്ന രാഗങ്ങളിൽ പെടുന്ന ഒരു രാഗമാണ് നാഥനാമക്രിയ.
ചില രാഗങ്ങൾക്ക് അവയുടെ സഞ്ചാരപരിധി വളരെ കുറഞ്ഞ അളവിലായിരിയ്ക്കും. ഉദാഹരണത്തിന് ധൈവതാന്ത്യരാഗങ്ങൾ, നിഷാദാന്ത്യരാഗങ്ങൾ, പഞ്ചമാന്ത്യരാഗങ്ങൾ തുടങ്ങിയ (മേൽഷഡ്ജത്തെ ഒഴിവാക്കി, സഞ്ചാരപരിധി യഥാക്രമം മദ്ധ്യസ്ഥസ്ഥായി ധൈവതം വരെ, മദ്ധ്യസ്ഥായി നിഷാദം വരെ, മദ്ധ്യസ്ഥായി പഞ്ചമം വരെ) താണ 'ശ്രുതി'യിൽ (low pitched) അല്ലെങ്കിൽ മദ്ധ്യസ്ഥായീസഞ്ചാരങ്ങൾ മാത്രമുള്ള രാഗങ്ങൾക്ക് പ്രത്യേകമായി മദ്ധ്യമശ്രുതി ഉപയോഗിയ്ക്കുന്നു. (അങ്ങനെ അല്ലാത്ത രാഗങ്ങളും, പ്രത്യേക സന്ദർഭങ്ങളിൽ കൂടുതൽ മിഴിവിനു വേണ്ടി പാടാറുണ്ടെങ്കിലും ഉദാ- സിന്ധുഭൈരവി, യമുനാ കല്യാണി തുടങ്ങിയവ)). മദ്ധ്യമശ്രുതിയിൽ പാടുമ്പോൾ ഇത്തരം രാഗങ്ങക്ക് കുറച്ചുകൂടി 'volume' (ഒച്ച) ലഭിക്കുയ്ന്നു, ഉറക്കെ കേൾക്കത്തക്കതാവുന്നു ('audible' ആവുന്നു) എന്നതാണിതിന്റെ ഒരു പ്രത്യേകത. ഫലത്തിൽ പാടുമ്പോൾ അത് കേൾവിക്കാരിലേയ്ക്ക് എത്തിച്ചേരാൻ കുറച്ചുകൂടി എളുപ്പമാവുന്നു.
മാത്രവുമല്ല കച്ചേരിയ്ക്കിടയിൽ ശ്രുതി കൂട്ടാൻ ഒരു എളുപ്പവഴി കൂടിയാണിത്. ശ്രുതിയൊന്നാകെ മാറ്റാതെതന്നെ ഫലത്തിൽ ശ്രുതി കൂടിയ പ്രതീതിയാണ് മദ്ധ്യമശ്രുതിയിലേയ്ക്കു ശ്രുതി മാറ്റുമ്പോൾ ലഭിയ്ക്കുക.
അങ്ങനെയുള്ള രാഗങ്ങൾക്കുള്ള മറ്റു ചില ഉദാഹരണങ്ങളാണ്, പുന്നാഗവരാളി, ചെഞ്ചുരുട്ടി, നവരോജ് തുടങ്ങിയ രാഗങ്ങൾ.
കർണ്ണാടക സംഗീതത്തിലെ സവിശേഷതകൾ
നാഥനാമക്രിയയിലെ രി, ഗ, മ, നി എന്നിവ രാഗഛായാസ്വരങ്ങളാണ്. സരിപമഗരി, സരിഗരിമാമാ, തുടങ്ങിയ പ്രയോഗങ്ങളൊക്കെ വളരെക്കൂടുതലായി കേൾക്കാം.
കർണ്ണാടകസംഗീതത്തിൽ നാഥനാമക്രിയ ഒട്ടും കുറവല്ലാതെ തന്നെ ഉപയോഗിച്ചുകേൾക്കാം. ഒരു പ്രധാന കൃതിയായിട്ടൊന്നുമല്ലെങ്കിലും കച്ചേരിയുടെ അവസാനപാദങ്ങളിലും, അല്ലെങ്കിൽ ഇടയിൽ പോലും നാഥനാമക്രിയ (പദങ്ങളൊക്കെ) കേൾക്കാം. ഇതിൽ ധാരാളം കൃതികളും പദങ്ങളും ഒക്കെ രചിയ്ക്കപ്പെട്ടിട്ടുണ്ട്.
ഒട്ടുമിക്ക കൃതികൾ പരിശോധിച്ചാലും മിക്കവയുടേയും തുടക്കം ഷഡ്ജത്തിലോ (കീഴ്)നിഷാദത്തിലോ നിന്നുതന്നെയാവും. കൃതികളിലൊക്കെ രാഗത്തിന്റെ ഘടന ഏകദേശം ഒരേ മട്ടിൽ തന്നെ കേൾക്കാം. ഗമകങ്ങളൊന്നും അധികം കൊടുക്കാതെ മിക്ക സ്വരങ്ങളും പ്ലെയിനായി തന്നെ ഉപയോഗിയ്ക്കുന്നു. (മദ്ധ്യസ്ഥായി)നിഷാദത്തിലേയ്ക്ക് തൊട്ടു വരുന്ന ഒന്നോ രണ്ടൊ സന്ദർഭമേ ആകെ വരുന്നുള്ളു. നിഷാദത്തിനു കൂടുതൽ ഊന്നൽ കൊടുത്ത് നിർത്തി സഞ്ചാരങ്ങൾ വികസിപ്പിച്ചു പാടുന്ന വിധമൊന്നും ഈ രാഗത്തിൽ അധികം കേട്ടുവരുന്നില്ല.
*പക്ഷേ, ഈ രാഗം "നിഷാദാന്ത്യരാഗം" എന്നു പറയാമെങ്കിൽ പോലും, ഇതിൽ (മദ്ധ്യസ്ഥായി)നിഷാദം പാടപ്പെടുന്ന സന്ദർഭങ്ങളിലൊക്കെ, "നി" യുടെ സ്ഥാനം ഏതാണ്ട് ഷഡ്ജത്തിൽ തന്നെയാണ് കേൾക്കുന്നതെന്ന ഒരു വസ്തുത കൂടി ശ്രദ്ധിയ്ക്കേണ്ടതുണ്ട്. ഒരുപക്ഷെ, ഒരു "നിഷാദാന്ത്യരാഗ" മായ നാഥനാമക്രിയയിൽ ധൈവതത്തിനും മുകളിലേയ്ക്കുള്ള സഞ്ചാരങ്ങൾ കുറവായി ഉപയോഗിച്ചുവരുവാനും, രാഗത്തിന്റെ പ്രധാന സഞ്ചാരങ്ങളെല്ലാം ഷഡ്ജത്തിനും പഞ്ചമത്തിനും ഇടയിൽതന്നെ വന്നു പോവാനും സ്വാഭാവികമായി ഇതും ഒരു കാരണമായേക്കാൻ വഴിയുണ്ട്. നാഥനാമക്രിയയിൽ "നി" അതിന്റ സ്ഥാനത്തു നേരിട്ടു പിടിയ്ക്കുന്നില്ല, ഏതാണ്ട് ഷഡ്ജത്തിന്റ സ്ഥാനത്തു തന്നെയാണ് മിക്കപ്പോഴും നിഷാദം പാടുന്നത്.
ഉദാഹരണത്തിന് എം.എസ് സുബ്ബലക്ഷ്മി പാടുന്ന 'ശിവശിവ ശിവ ഭോ' എന്ന ഈ കൃതിയിൽ "നിഷാദം" വരുന്ന (അനുപല്ലവിയിൽ, രണ്ടാമത്തെ വരിയിൽ "ഭവസാഗര താരക"യിൽ, ചരണത്തിൽ "കാമേശ്വരീ വല്ലഭ" യിൽ, അവസാനം വരുന്ന മദ്ധ്യമകാലസാഹിത്യത്തിൽ "നാഥനാമക്രിയ" തുടങ്ങിയ വരികളിൽ "നി"യുടെ സ്ഥാനം ശ്രദ്ധിയ്ക്കുക. ഏതാണ്ട് ഷഡ്ജത്തിൽ തന്നെയാണത് പിടിയ്ക്കുന്നത്.) കൂടാതെ ഈ സഞ്ചാരങ്ങളിലൊക്കെ 'നി' എന്ന സ്വരത്തെ തൊട്ടു എന്നു കാണിയ്ക്കുന്നതല്ലാതെ, അവിടെ കൂടുതൽ നിർത്തിയോ, വിശദീകരിച്ചോ പാടുന്നില്ല.
മദ്ധ്യമകാലസാഹിത്യത്തോടു കൂടിയുള്ള മറ്റൊരു നാഥനാമക്രിയ കൂടിയാണീത്. അതിലവസാനം '*രാഗമുദ്രയും' വരുന്നുണ്ട്.
അതു കൂടാതെ, ശ്രീമതി ആർ.വേദവല്ലി പാടിയ ഗോപാലകൃഷ്ണഭാരതീയരുടെ ഒരു തമിഴ്കൃതിയും കേട്ടുനോക്കാം. ഇതിലും 'നി' യുടെ സ്ഥാനം ശ്രദ്ധിച്ചാൽ ഷ്ഡജത്തിന്റെ സ്ഥാനത്തു തന്നെയാണെന്ന് വ്യക്തമാവും. (പല്ലവിയിൽ തന്നെ "തില്ലൈ നായകൻ" എന്ന വരി, അവസാനം വരുന്ന ജതിയിലൊക്കെ)
http://gaana.com/#!/songs/natanam-adinar-nadanamakriya-r-vedavalli
വലിയ അളവിൽ സഞ്ചാരങ്ങൾക്കും പ്രയോഗവൈവിദ്ധ്യങ്ങൾക്കും ഉള്ള സാദ്ധ്യതകൾ കുറഞ്ഞ രാഗം. നിഷാദാന്ത്യരാഗമായതുകൊണ്ടു തന്നെ മേൽ സഞ്ചാരങ്ങൾ ഒട്ടും തന്നെ ഇല്ലാതാവുന്നു. താഴെയും നിഷാദത്തിനു താഴെ സഞ്ചാരങ്ങൾ വരുന്നില്ല. ഈ രാഗം, അതിന്റെ മാതൃരാഗമായ മായാമാളവഗൗളയുടെ പൂർവ്വംഗത്തിൽ നിന്നും, കുറഞ്ഞ സഞ്ചാരങ്ങളിൽ ഒതുക്കിയെടുത്ത ഒരു ചെറിയ ഖണ്ഡമായി മാറി വേറെ നിലനിൽക്കുന്ന ഒരു രാഗമാണെന്നും കണക്കാക്കാം. അത്രയും ചെറിയ സഞ്ചാരപരിധിയിൽ നിലനിൽക്കുന്ന ഒരു രാഗമായതു കൊണ്ടും, ഗമകങ്ങൾക്കും, ആലങ്കാരികപ്രയോഗങ്ങൾക്കുമൊന്നും അധികം സാദ്ധ്യതകൾ ഇല്ലാത്തതു കൊണ്ടും ഈ രാഗത്തിൽ വർണ്ണങ്ങൾ, തില്ലാനകൾ തുടങ്ങിയവയോ ഒന്നും തന്നെ അങ്ങനെ രചിയ്ക്കപ്പെട്ടിട്ടില്ല. മാത്രവുമല്ല പടിപടിയായി രാഗത്തെ വികസിപ്പിച്ചു കൊണ്ടുവരാവുന്ന തരത്തിൽ സ്വരപ്രയോഗങ്ങളെ വിശദീകരിച്ചടുക്കുന്ന, ഒരു വർണ്ണത്തിന്റെ ഘടനയ്ക്കനുയോജ്യമാവും വിധത്തിൽ ഉറപ്പുള്ള ഒരു വലിയ ചട്ടക്കൂട് ഈ രാഗത്തിനുണ്ടെന്നും പറയാൻ വയ്യ. എന്നാൽ ഭക്തി, കരുണം തുടങ്ങിയ ഭാവങ്ങളെ ദ്യോതിപ്പിയ്ക്കും വിധത്തിൽ വിരലിലെണ്ണാവുന്ന സഞ്ചാരങ്ങളുപയോഗിച്ചു കൊണ്ട്, വലിയൊരളവിൽ ഭാവപ്രകാശനം സാധിയ്ക്കുന്ന ഒരു രാഗം കൂടിയാണ് നാഥനാമക്രിയ.
ഉദാഹരണമായി ചൗക്ക കാലത്തിൽ, വളരെ വിശദമായി തന്നെ പാടുന്ന നാഥനാമക്രിയയിൽ ഈ ക്ഷേത്രഞ്ജർ പദം കേട്ടുനോക്കാം. ഇതിന്റെ തുടക്കം ഗംഭീരമായി കീഴ് നിഷാദത്തിൽ നിന്നും തുടങ്ങുകയും, കൂടുതലും ഗാന്ധാരത്തിലും, മദ്ധ്യമത്തിലും നിർത്തി പാടുകയും ചെയ്യുന്നു. എന്നാൽ മുകളിൽ ധൈവതം പോലും പഞ്ചമത്തിൽ നിന്നും തൊട്ടു തൊട്ടു വരുന്ന അളവിലേയൂള്ളു, അതിന്നപ്പുറം നിഷാദം വരുന്നതേയില്ല. പഞ്ചമം വരെ മാത്രമുള്ള ചുരുങ്ങിയ സ്ഥലത്തിനുള്ളിൽ വിശദീകരിച്ചെടുക്കുന്ന ഭാവമൊട്ടും ചോർന്നുപോകാതെയുള്ള നാഥാാമക്രിയയുടെ ഈ ക്ലിപ് ഒന്നു കേട്ടുനോക്കാം.
ഇനി എം.എസിന്റെ തന്നെ ഭാവമധുരമായ ശബ്ദത്തിൽ മറ്റൊരു പദം. പഞ്ചമത്തിൽ, പദത്തിന്റെ അനുപല്ലവിയിൽ നിന്നും തുടങ്ങുന്ന ഒരു പദം. അതു മനോഹരമായി പല്ലവിയിലേയ്ക്കു (അമ്മമ്മാ.. ബെഗട എന്ന വരി) ചേർന്നു പോകുന്ന ഭാഗം ശ്രദ്ധിയ്ക്കുക. ഇതിൽ വളരെ വിശദമായ, മുകളിൽ നിഷാദമൊക്കെ തൊട്ടുവരുന്ന, ഓരോ സ്വരങ്ങളിലായി നിർത്തി നിർത്തി, ഗമകപ്രയോഗങ്ങളുടെ അതിപ്രസരമില്ലാതെ തന്നെ, ഭാവം വരുത്തുന്ന ഈ രാഗത്തിന്റെ പരിചരണം, ഇതിനു മുകളിലത്തെ ക്ലിപ്പിൽ നിന്നും വ്യത്യസ്ഥവഴിയിലാണ് .
ചില കൃതികൾ
ദാസന മടികൊ - പുരന്ദരദാസർ.
യേ തെരുഗ നനു ദയചൂസെദവോ - ഭദ്രാചലരാമദാസർ.
കരുണാ ജലധേ ദാശരഥേ - ത്യാഗരാജർ
ഭജസ്വ ശ്രീ തൃപുരസുന്ദരി - ഊത്തുക്കാട് വെങ്കട കവി
ജഗദീശപഞ്ചശരസൂദന - സ്വാതി തിരുനാൾ.
ചിദംബരമേ നിനൈ മനമേ - മുത്തു താണ്ഡവർ.
ശിവശിവശിവ ഭോ മഹാദേവ ശംഭോ - മൈസൂർ മഹാരാജാ
ചിതം എപ്പടിയോ - വേദ നായകം പിള്ളൈ.
നടനം ആടിനാർ - ഗോപാലകൃഷ്ണ ഭാരതി
കഥകളി സംഗീതത്തിലെ പ്രയോഗവഴികൾ
നാഥനാമക്രിയയ്ക്ക് കർണ്ണാടക സംഗീതത്തിൽ കൊടുക്കുന്ന പരിചരണം അതേപടി കഥകളിസംഗീതം പിൻപറ്റുന്നില്ല. എന്നാൽ അരങ്ങിലെ പല ഭാവപ്രധാനമായ രംഗങ്ങളെയും പരിപോഷിപ്പിച്ചെടുക്കുന്നതിന് വളരെ ഫലവത്തായി ഈ ചെറിയൊരു രാഗത്തെ അത്ഭുതപ്പെടുത്തും വിധം ഗായകർ പാടി ഫലിപ്പിയ്ക്കുന്നത് കഥകളിയിലെ നാഥനാമക്രിയയുടെ എടുത്തുപറയണ്ട ഒരു സവിശേഷത തന്നെയാണ്. എന്നാൽ ഈ രാഗത്തെ കഥകളിയിൽ ഉപയോഗപ്പെടുത്തുന്ന വിധം കർണ്ണാടകസംഗീതത്തിൽ നിന്നും എങ്ങനെയൊക്കെ വ്യത്യാസപ്പെടുന്നുവെന്നതും ഇവിടെ ശ്രദ്ധേയമാണ്.
കർണ്ണാടക സംഗീതത്തിൽ, മായാമാളവഗൗള കലരാതെ ഈ രാഗത്തെ പാടിഫലിപ്പിയ്ക്കാനുള്ള വ്യക്തമായ ഒരു 'നിയമം'ഉണ്ടാക്കിവെച്ചിട്ടുണ്ട്. അതിൽ ധൈവതത്തിനു മുകളിലേയ്ക്ക് തന്നെ അലപാല്പമായേ സഞ്ചാരങ്ങൾ പോകുന്നുള്ളു. അതിന്റെ ഒരു സവിശേഷ സഞ്ചാരമായ 'പമഗരിസ' എന്നൊ 'ഗമഗരിസനി' എന്നോ ഒക്കെയുള്ള പ്രയോഗങ്ങൾ സന്ദർഭാനുസരണം ആവർത്തിച്ചു, പ്രത്യേകിച്ചും പല്ലവിയിലെ വരി ആവർത്തിയ്ക്കുന്നിടത്തേയ്ക്കള്ള ഒരു കണ്ണിയായി പലപ്പോഴായി വന്നുപോകുന്നു. ഏറ്റവും മുകളിൽ കൊടുത്തിട്ടുള്ള ആ പദം അതിനു വ്യക്തമായ ഒരുദാഹരണമായി എടുക്കാവുന്നതാണ്. ഇവിടെ മേൽ നിഷാദം വരെയുള്ളരൊരു നിശ്ചിതപരിധിയ്ക്കുള്ളിൽ (നിഷാദം പോലും കുറവായി മാത്രം വന്നുപോകുന്ന) വരുന്ന, പരിമിത സഞ്ചാരങ്ങൾ നാഥനാമക്രിയയെ മായാമാളവഗൗളയിലേയ്ക്ക് കലരാതെ വേറിട്ടു നിർത്തുന്നുണ്ട്, മായാമാളവഗൗളയുടെ തന്നെ ഒരു ചെറിയ ഖണ്ഡമായി ഈ രാഗം നിലനിൽക്കുമ്പോഴും. മദ്ധ്യമശ്രുതിയിൽ പാടുക എന്നതു തന്നെ ഈ രാഗത്തിന്റെ ഭാവം 'വ്യക്തത'യോടെ നിലനിർത്താൻ സഹായിയ്ക്കുന്ന ഒരു പ്രധാന ഘടകമാണ്.
എന്നാൽ കഥകളി സംഗീതത്തിൽ പലപ്പോഴും, പല പദങ്ങളിലും മായാമാളവഗൗളയും നാഥനാമക്രിയയും, അതാത് ഗായകരുടെ വഴികളനുസരിച്ച് ഇടകലർന്ന് കേട്ടുവരുന്നുണ്ട്. കഥകളിസംഗീതത്തിൽ 'മായാമാളവഗൗള'യേക്കാളും 'നാഥനാമക്രിയ'യായാണ് അതിലുള്ള പദങ്ങളൊക്കെ പറഞ്ഞുവരുന്നത്. എന്നാൽ നാഥനാമക്രിയ തന്നെ പലപ്പോഴും അതിന്റെ സഞ്ചാരങ്ങൾ, കർണ്ണാടകസംഗീതത്തിലെ പോലെ അത്ര ഒരു നിശ്ചിതപരിധിയിലൊതുക്കാതെ കൂടുതൽ വിശാലതയിലേയ്ക്ക് പടരുന്ന സ്വഭാവമുണ്ട്, ചിലപ്പോഴൊക്കെ വളരെ പ്രകടമായി ഷഡ്ജം വരെ എത്തുന്ന സന്ദർഭങ്ങളും കുറവല്ല, മദ്ധ്യമശ്രുതിയിൽ പാടുമ്പോൾ പോലും. മായാമാളവഗൗളയുടെ സഞ്ചാരങ്ങളും അങ്ങിങ്ങായി വന്നുപോകുന്നതു കാണാം. ഈ രാഗത്തിന്റെ കൃത്യമായ ശാസ്ത്രീയവഴിയിലല്ല കഥകളി സംഗീതത്തിൽ എല്ലാ ഗായകരും പാടി വരുന്നതെന്നും ശ്രദ്ധേയമാണ്.
ഉദാഹരണത്തിന് കുചേലവൃത്തത്തിലെ "കാരുണ്യാനിധേ കാന്താ" എന്ന പദം ഇവിടെ മായാമാളവഗൗളയിൽ തന്നെ കേൾക്കാം, ഈ പദം കഥകളി സംഗീതത്തിൽ നാഥനാമക്രിയ എന്ന പേരിൽ അറിയപ്പെടുന്നുണ്ടെങ്കിലും. മദ്ധ്യമശ്രുതി ഉപയോഗിയ്ക്കാതെ, മായമാളവഗൗളയുടെ സഞ്ചാരങ്ങളിൽ തന്നെ പാടുന്നത് കേൾക്കുക. (തിരൂർ നമ്പീശൻ, കോട്ടക്കൽ നാരായണൻ)
അതുപോലെ മാനവേന്ദ്രകുമാരാ എന്ന ഉത്തരാസ്വയംവരത്തിലെ പദവും മദ്ധ്യമശ്രുതിയിലല്ലാതെ മായമാളവഗൗളയായി കേൾക്കാം.
(കലാമണ്ഡലം ഉണ്ണികൃഷ്ണകുറുപ്പ്, കോട്ടക്കൽ പി.ഡി.നമ്പൂതിരി)
(മദ്ധ്യമശ്രുതി വെച്ച് നാഥനാമക്രിയയിൽ പാടി കേൾക്കുന്ന ചില പദങ്ങൾ
1) സ്വല്പപുണ്യായേൻ (നാലാം ദിവസം)
2) ആരവമെന്തിതറിയോ (രണ്ടാം ദിവസം)
3) സഖിമാരേ (ഒന്നാം ദിവസം) (ഇതിൽ പല്ലവി മാത്രമേ നാഥനാമക്രിയയിൽ പാടുന്നുള്ളു))
4) സുന്ദരാ കളേബരാ( ദേവയാനീചരിതം)
ഏതായാലും ഇവിടെ നാഥനാമക്രിയ പോലെ വളരെ ലളിതവും, (സ്വര സഞ്ചാരങ്ങളുടെ വൈവിദ്ധ്യം കൊണ്ടും, വിശേഷപ്രയോഗങ്ങളുടെ സവിശേഷതകൾ കൊണ്ടുമൊക്കെ ആലങ്കാരിക പ്രയോഗങ്ങളിൽ സമൃദ്ധമല്ലാത്തത്) എന്നാൽ ഭാവപ്രധാനവുമായ ഒരു രാഗത്തിൽ, ഭാവത്തിനൂന്നൽ കൊടുക്കുമ്പോൾ സ്വാഭാവികമായും, ഏറ്റവുമെളുപ്പത്തിലും അതിന്റെ ശാസ്ത്രീയ സങ്കേതങ്ങൾ ഖണ്ഡിക്കപ്പെട്ടും അല്ലാതെയും എങ്ങനെയൊക്കെ ഉപയോഗിച്ചുവരുന്നു എന്ന് നോക്കാം.
1) ആദ്യമായി ഈ രാഗത്തിലുള്ള "സുന്ദരകളേബരാ.." എന്ന ദേവയാനീചരിതത്തിലെ പദം മദ്ധ്യമശ്രുതി വെച്ചും അല്ലാതെയും,യഥാക്രമം മായാമാളവഗൗളയിലും, നാഥനാമക്രിയയിലും വ്യത്യസ്ഥ ഗായകർ, ഭാവപ്രകാശനത്തിന് അവരവർക്ക് അനുയോജ്യമെന്നു തോന്നുന്ന സഞ്ചാരങ്ങളിൽ, വ്യത്യസ്ഥ വഴികളിൽ രാഗത്തെ ഉപയോഗപ്പെടുത്തുന്നതു കേൾക്കുക.
ഈ പദത്തിൽ, കൃത്യം ഷഡ്ജത്തിൽ തുടങ്ങി ഗാന്ധാരത്തിലേയ്ക്കു മനോഹരമായി നീങ്ങി, പഞ്ചമത്തിലേയ്ക്കും ധൈവതത്തിലേയ്ക്കുമൊക്കെ പടിപടിയായി പുരോഗമിച്ചു, അവസാനത്തെ വരികളിൽ എത്തുമ്പോഴേയ്ക്കും പദത്തിന്റെ മുഴുവൻ ഭാവപൂർത്തീകരണം സംഭവിയ്ക്കുന്ന തരത്തിലാണ് രാഗഘടന.
a) ഈ ക്ലിപ് പരിശോധിച്ചാൽ കൃത്യം നാഥനാമക്രിയയുടെ സഞ്ചാരങ്ങൾ (മദ്ധ്യമശ്രുതിയിൽ) തന്നെ കേൾക്കാവുന്നതാണ്. ((കോട്ടയ്ക്കൽ നാരായണൻ, നെടുംപിള്ളി രാംമോഹൻ)
സഞ്ചാരങ്ങൾ നോക്കുമ്പോൾ ഷഡ്ജത്തിൽ നിന്നും തുടങ്ങി കൂടുതൽ പഞ്ചമത്തിൽ കേന്ദ്രീകരിച്ചാണ് വന്നു പോകുന്നത്, ധൈവതത്തിലേയ്ക്കും നിഷാദത്തിലേയ്ക്കുമൊക്കെ ഇടയിൽ പോയിവരുന്നേയുള്ളു. എന്നാൽ താഴെ, "പരിതാപം"എന്ന സ്ഥലത്ത് 'ധൈവതം' വരെ പോകുന്നുമുണ്ട്. എന്നാൽ "എന്നു കരുതി വാണീടും എന്നോടൊന്നുരിയാടാതെ പോകുന്ന..." എന്ന അവസാന വരിയിൽ എത്തുമ്പോഴേയ്ക്കും, മേൽ ഷഡ്ജം വരേയും പോകുന്നു, ഇവിടെ ആ സന്ദർഭത്തിനനുയോജ്യമാം വിധം, വലിയൊരളവിൽ അരങ്ങിനോടു യോജിയ്ക്കുംവണ്ണം മനോഹരമായി ഭാവം കൊണ്ടുവരുമ്പോഴും അതിന്റെ വഴികളിൽ, രാഗത്തിന്റെ ശാസ്ത്രീയസങ്കേതങ്ങൾ അപ്രസക്തങ്ങളായിപ്പോകുന്നുണ്ട്.
(മദ്ധ്യമശ്രുതി വെച്ച് നാഥനാമക്രിയയിൽ പാടി കേൾക്കുന്ന ചില പദങ്ങൾ
b) തുടർന്ന് ഈ ക്ലിപ്പിലും പദത്തിന്റെ ഘടനയിൽ മാറ്റമൊന്നും ഇല്ലാതെ, അവസാനം "പോകുന്നതർഹമല്ലെടോ..." എന്ന വരിയിൽ വളരെ പ്രകടമായി തന്നെ മേൽ ഷഡ്ജം പിടിച്ചു പാടുന്ന വഴി കേൾക്കാം. (നെടുംപിള്ളി രാംമോഹൻ, വേങ്ങേരി നാരായണൻ)
c) അടുത്തത്, സഞ്ചാരവഴികൾ കൊണ്ട് ഈ പദം കൃത്യം നാഥനാമക്രിയയിൽ തന്നെ കേൾക്കാം. മദ്ധ്യമശ്രുതി തന്നെ ഉപയോഗിച്ചിരിയ്ക്കുന്നു. (പത്തിയൂർ ശങ്കരൻകുട്ടി, നെടുംപിള്ളി രംമോഹൻ)
ഇവിടെ നിഷാദം വളരെ ശ്രദ്ധിച്ചു മാത്രം കൈകാര്യം ചെയ്തിരിയ്ക്കുന്നു, ധൈവതത്തെ കേന്ദ്രീകരിച്ചു കൊണ്ട്, അരങ്ങിലേയ്ക്കു പകർത്തേണ്ട രസത്തിനു പ്രാമുഖ്യം കൊടുത്തുതന്നെയാണ് പാടുന്നതും. അവസാനം "പുരുഷരത്നമേ" എന്ന ഒരിടത്തും, "എന്നോടൊന്നൊരിയാടാതെ പോകുന്നതർഹമല്ലെടോ" എന്ന വരിയിലെ "അർഹമല്ലെടോ" എന ഭാഗത്തും മുകളിലേയ്ക്കു, ഭാവം കൂടുതൽ ദ്യോതിപ്പിയ്ക്കാനെന്നവണ്ണം ധൈവതത്തിനുമപ്പുറം സഞ്ചാരം വരുന്നുണ്ടെന്നേയുള്ളു. (മറിച്ച് കർണ്ണാടകസംഗീതത്തിൽ, ധൈവതത്തിലോ, അതിനു മുകളിലേയ്ക്കോ അധികനേരം നിന്നുള്ള സഞ്ചാരങ്ങളേക്കാൾ പഞ്ചമത്തിൽ കേന്ദ്രീകരിച്ചു കൊണ്ടുള്ള സഞ്ചാരങ്ങളാണ് നാഥനാമക്രിയയിൽ കൂടുതൽ പ്രയോഗിയ്ക്കുന്നത് എന്നത് ഓർമ്മിയ്ക്കാം.) ഈ ക്ലിപ്പിൽ ഗായകർ രാഗത്തിന്റെ ചട്ടക്കൂടിൽ നിന്നും അധികം വ്യതിചലിയ്ക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്.
d) അടുത്ത ക്ലിപിൽ(പി.ജി.രാധാകൃഷ്ണൻ, കോട്ടയ്ക്കൽ നാരായണൻ) പദം തുടങ്ങുന്നതു തന്നെ മറ്റുള്ളവരിൽ നിന്നും മാറി ഗാന്ധാരത്തിൽ തുടങ്ങുന്നു. "പ്രേമാതിരേക മെന്യേ.." "പുരുഷരത്നമേ..." എന്ന ദിക്കിലൊക്കെ ഷഡ്ജത്തിലേയ്ക്കൊക്കെ പോകുന്നുണ്ട്. പദത്തെ സഞ്ചാരങ്ങളാൽ അതിന്റെ ഭാവപൂർത്തീകരണത്തിലേയ്ക്ക് പടിപടിയായി ഉയർത്തിക്കൊണ്ടുവരുന്നതിന്റെ നിഷ്ക്കർഷയേക്കാൾ, പദമാകെ അതിന്റെ ഘടനയിൽ നിന്നും വിട്ട് ഭാവത്തെ ദ്യോതിപ്പിയ്ക്കാനുള്ള ഒരു മാർഗ്ഗമായി മാത്രം ഉപയോഗിച്ചിരിയ്ക്കുന്നു.
e) എന്നാൽ മുകളിലത്തെ ക്ലിപ്പുകളിൽ നിന്നുമൊക്കെ വ്യത്യസ്ഥമായ വഴിയിലാണ് ഈ ക്ലിപ്പിൽ പദത്തിന്റെ ആവിഷ്ക്കരണം. (പാലനാട് ദിവാകരൻ, അത്തിപ്പറ്റ രവി) ഇവിടെ ഇതേ പദം തന്നെ, മദ്ധ്യമശ്രുതിയിലല്ലാതെ പാടുന്നതു കേൾക്കാം. ഇതിൽ നാഥനാമക്രിയയേക്കാൾ മായാമാളവഗൗളയുടെ സഞ്ചാരങ്ങൾ തന്നെയാണ് അധികവും കേൾക്കാനാവുക. ഇതിൽ, മായാമാളവഗൗളയുടെ ഷഡ്ജം മുതൽ മേൽ ഷഡ്ജം വരെയുള്ള സ്വരസഞ്ചാരങ്ങളിലാണ് പദം മുഴുവനും പാടിക്കേൾക്കാൻ സാധിയ്ക്കുക.
2) ഇനിയടുത്തത്, കഥകളിയിൽ നാഥനാമക്രിയയെ അതിന്റെ ദുഃഖരസം അരങ്ങിലേയ്ക്കു പാടിപ്പകർത്താൻ വലിയൊരളവിൽ ഗായകനു സാദ്ധ്യത നൽകുന്ന ഒരു പദമാണ്. നാലാം ദിവസത്തിലെ ദമയന്തിയുടെ "സ്വല്പപുണ്യയായേൻ ഞാനോ" എന്ന ഈ പദം നാഥനാമക്രിയയുടെ ലക്ഷണങ്ങൾ ഏതാണ്ട് അതേപടി കണ്ടുവരുന്ന പദങ്ങൾക്കുള്ള നല്ലൊരു ഉദാഹരണമായി എടുക്കാം. ഈ പദം എല്ലാ ഗായകരും മദ്ധ്യമശ്രുതിയിൽ തന്നെയാണ് പാടിവരുന്നത്. ഷഡ്ജത്തിനും പഞ്ചമത്തിനുമുള്ളിൽ വന്നുപോകുന്ന സഞ്ചാരങ്ങളിൽ ഈ പദത്തിന്റെയും അതിന്റെ ശ്ലോകത്തിന്റേയും ഘടന മിക്കവാറും ഒതുങ്ങിനിൽക്കുന്നു. ഗാന്ധാരത്തിലും, മദ്ധ്യമത്തിലും, പഞ്ചമത്തിലുമൊക്കെ ശ്രുതി ചേർത്തി, ചെറിയ ഒരു ചട്ടക്കൂടിൽ ഭാവസാന്ദ്രമായി തന്നെ പാടിഫലിപ്പിയ്ക്കാവുന്ന മനോഹരമായ ഒരു പദം.
പദം തുടങ്ങുന്നതു തന്നെ നേരെ ഗാന്ധാരത്തിൽ നിന്നും ഷഡ്ജത്തിലേയ്ക്കിറങ്ങി വരുന്ന വിധത്തിലാണ്. അടുത്ത വരി "സുപ്രസന്ന വദനൻ" മുതൽ പഞ്ചമത്തിലേയ്ക്കു പോകുകയും വീണ്ടും ഷഡ്ജത്തിലേയ്ക്കു തന്നെ തിരിച്ചെത്തുകയും ചെയ്യുന്നു. പദം മുഴുവനും ഈയൊരു ഘടനയിൽ തന്നെ പാടിയവസാനിയ്ക്കുന്നു. അന്തരഗാന്ധാരവും, ശുദ്ധരിഷഭവും വളരെ പ്ലെയിനായി, ഗമകമൊന്നും തന്നെ ഇല്ലാതെ ആവർത്തിച്ചാവർത്തിച്ചു "ഒരാവലാതി പറയുന്ന" ഭാവത്തിൽ വന്നു പോകുന്നത്, ദുഃഖരസം പ്രകടമാക്കാൻ വളരെയധികം സഹായിയ്ക്കുകയും ചെയ്യുന്നു. അതു കൃത്യം ശ്രുതി ചേർന്നു പാടിവരുമ്പോൾ അനുഭവരസം കൂടുന്നു.
3) മൂന്നാമതായി, ഇതിൽ നിന്നുമൊക്കെ തീർത്തും വ്യത്യസ്ഥമായി നാഥനാമക്രിയയെ കൈകാര്യം ചെയ്തിരിയ്ക്കുന്ന മറ്റൊരു പദമാണ്, രണ്ടാം ദിവസത്തിലെ "ആരവമെന്തിതറിയുന്നതോ" എന്ന പദം.
രണ്ടാം ദിവസത്തിലെ കാട്ടാളന്റെ പദമാണിത്.
ഈ പദത്തിൽ രാഗത്തിന്റെ ഘടന സാധാരണ കേൾക്കുന്ന അതേ മാതൃകയിലല്ല ഉപയോഗിച്ചിരിയ്ക്കുന്നത്. പദത്തിലുടനീളം അടുപ്പിച്ചടുപ്പിച്ചു വരുന്ന വാക്കുകൾ 'ഒരു കാഴ്ചയെ' വിവരിച്ചു പോകുന്ന തരത്തിൽ അടുക്കിവെച്ചിരിയ്ക്കുന്ന ഘടനയിലാണ്. സ്വാഭാവികമായും അതിനനുസരിച്ചുള്ള തരത്തിലാണ്, അധികം വിശദീകരണങ്ങൾക്കിടമില്ലാതെ, അതിന്റെ സംഗീതത്തിന്റെ ഘടനയും. മേൽ വിവരിച്ച നാഥനാമക്രിയകളുടെ ഘടനയിൽ നിന്നും തികച്ചും വേറിട്ട ഒരു രൂപം തന്നെയാണിതിൽ നിന്നും കിട്ടുന്നത്. എന്നാൽ ഈ ക്ലിപ്പിൽ രാഗത്തിന്റെ ചട്ടക്കൂടിൽ (ഷഡ്ജം ഒട്ടും പിടിയ്ക്കാതെ) നിന്നും ഗായകർ ഒട്ടും പുറത്തേക്കു സഞ്ചരിയ്ക്കുന്നുമില്ല എന്നതും ശ്രദ്ധേയമാണ്.(ഹൈദരാലി, പാലനാട്)
ഈ സന്ദർഭത്തിൽ കാട്ടാളന്റേയും ദമയതിയുടെയും രണ്ടു പദങ്ങളും മദ്ധ്യമശ്രുതിയിൽ തന്നെ, ഒന്ന് പുന്നാഗവരാളിയിലും, മറ്റത് കാട്ടാളന്റെ ചടുലതയോടു കൂടിയുള്ള നാഥനാമക്രിയയിലുമായി രണ്ടും ഇടകലർന്നു ചേർന്നുപോകുന്നുവെന്നതും ഇതിലെ ഒരു പ്രത്യേകത തന്നെ.
കഥകളിസംഗീതത്തിൽ അരങ്ങിലേ ഭാവത്തെ ദ്യോതിപ്പിയ്ക്കുവാനുള്ള ഗായകരുടെ ശ്രമങ്ങളുടെ ഭാഗമായി ചിലപ്പോഴൊക്കെ രാഗത്തിന്റെ സാങ്കേതികമായ ചട്ടക്കൂടുകളെ അവർ ഭേദിച്ചു പോകുന്ന സന്ദർഭങ്ങൾ സാധാരണമാണ്. അത് ഒരരങ്ങിനെ ഒരുതരത്തിലും പ്രതികൂലമായി ബാധിയ്ക്കുന്നുമില്ല. എന്നാലും രാഗങ്ങളെ ഉപയോഗപ്പെടുത്തുന്ന സങ്കീർണ്ണങ്ങളായ അതിന്റെ തലങ്ങൾ, അതിന്റെ ശാസ്ത്രീയ വശങ്ങൾ, രാഗങ്ങളെ പതിവിൽ നിന്നും മാറ്റി തിരഞ്ഞെടുക്കുന്നതിലെ ഔചിത്യം തുടങ്ങിയ ഘടകങ്ങളെയൊക്കെ ഗായകർ എങ്ങനെ ഒരു കഥകളിയരങ്ങുമായി പരമാവധി സമന്വയിപ്പിച്ച് പാടണം എന്നത് കഥകളിസംഗീതലോകത്തിൽ ഇന്നൊരുപക്ഷേ ഏറ്റവുമധികം ചർച്ചാവിഷയമാവുന്ന ഒരു സംഗതിയാവും.
ചുരുക്കത്തിൽ കഥകളിസംഗീതത്തിൽ മിക്ക ഗായകരും നാഥനാമക്രിയയെ മുഴുവനും ഒരു നിഷാദാന്ത്യരാഗമായി (മദ്ധ്യമശ്രുതിയിൽ പാടുകയാണെങ്കിലും) ഉപയോഗിക്കുന്നില്ല. കഥകളിയിലെ സംഗീതം ഇത്തരത്തിലുള്ള ശാസ്ത്രീയവശങ്ങളേക്കാൾ അരങ്ങിലേയ്യ്ക്കു പകർത്തേണ്ട ഭാവത്തിനു തന്നെയാണ് പ്രാധാന്യം കൽപ്പിയ്ക്കുന്നത്. രാഗത്തിന് പരിധികളീൽ കവിഞ്ഞ കോട്ടങ്ങൾ തട്ടാതിടത്തോളം, അതരങ്ങിലെ അഭിനയമുഹൂർത്തങ്ങളെ പരിപോഷിപ്പിയ്ക്കുന്നതേയുള്ളു എന്നതിലും സംശയമേതുമില്ല.
എങ്കിലും ഒരു രാഗത്തിന്റെ, സംഗീതത്തിലെ ശാസ്ത്രീയവശങ്ങളും, ഏറ്റവും പ്രാധാന്യം അർഹിയ്ക്കുന്ന അരങ്ങിലെക്കുള്ള ഭാവപ്രകാശനവും ആലോചനാപൂർവ്വം, ഒരേ അളവിൽ സമന്വയിപ്പിച്ച് ഒരു ഗായകന്/ഗായികയ്ക്ക് കഥകളിയരങ്ങിൽ സൃഷ്ടിച്ചെടുക്കാവുന്നതെന്താവാം എന്നതിനെ കുറിച്ച് ചിന്തിയ്ക്കുന്നതിലും തെറ്റില്ലെന്നു തന്നെ തോന്നുന്നു.
'ശങ്കരാഭരണം' എന്ന സിനിമയിൽ നാഥനമാക്രിയയിലുള്ള "യേ തീരുഗ നനു ദയചൂസെദവോ" എന്ന ഭദ്രാചലകൃതി വാണിജയറാമിന്റെ ശബ്ദത്തിൽ കേൾക്കാം.
"ഗാനം എന്ന സിനിമയിൽ "ആരോടു ചൊൽവേനെ" എന്നതും നാഥനാമക്രിയ രാഗത്തെ അടിസ്ഥാനപ്പെടുത്തിയുള്ള പാട്ടാണ്.
അതുപോലെ ബോംബേ ജയശ്രീയുടെ "വാൽസല്യം" എന്നൊരു ആൽബത്തിലും നാഥനാമക്രിയയുടെ രൂപത്തിൽ ഒരു പാട്ട് കേൾക്കാനാവും.
*സാധാരണയായി, ശ്രുതിബോക്സിൽ ശ്രുതി വെയ്ക്കുമ്പോൾ കേൾക്കപ്പെടുന്നത്, ആധാരശ്രുതിയായി കീഴ് ഷഡ്ജം, പിന്നെ പഞ്ചമം, മേൽ ഷഡജം എന്നിങ്ങനെ പഞ്ചമം അടങ്ങിയ 'പഞ്ചമശ്രുതി'യാണ്. (സ പ സ) എന്നാൽ മദ്ധ്യമശ്രുതി വെയ്ക്കുമ്പോൾ പഞ്ചമത്തിനു പകരം അവിടെ മദ്ധ്യമം വെയ്ക്കുന്നു (സ മ സ) ഇതിൽ ആധാരശ്രുതിയായ ഷഡ്ജം, 'മദ്ധ്യമ'ത്തിന്റെ സ്ഥാനത്ത് പാടുന്നു. അതുവഴി സ്വാഭാവികമായും 'പഞ്ചമശ്രുതി'യെ അപേക്ഷിച്ച്, മദ്ധ്യമശ്രുതിയ്ക്ക് ഫലത്തിൽ 'ഉയർന്ന' ശ്രുതി ലഭിയ്ക്കുന്നു.
*രാഗമുദ്ര - രാഗത്തിന്റെ പേര് സാഹിത്യത്തിൽ ചേർന്നു വരുന്നത്.
Comments
Unni Toronto (not verified)
Sun, 2013-11-17 08:47
Permalink
Congratulations
Really enjoyed your article this time. Especially the different samples of "Sundara Kalebara".
Waiting eagerly for the next edition. Perhaps a Kathakali special raagam like Khandaaram or Goulipanth???
MOHANAN (not verified)
Mon, 2013-11-18 01:59
Permalink
തിരൂര് നമ്പീസന് പാടിയ
തിരൂര് നമ്പീസന് പാടിയ കാരുണ്യാനിധെ എന്ന പദം ... അദ്ദേഹം അതു മായാമാളവ ഗൌളയില് തന്നെ ആണു പാടാറുള്ളത്. അദ്ദേഹം പഠനകാല്ം മുതല് ഉപയോഗിച്ചു വരുന്ന കഥകളി പുസ്തകത്തില് നാഥ നാമക്രിയ എന്നു അച്ചടിച്ചത് അദ്ദേഹം തന്നെ സ്വന്തം കൈപ്പടയില് മായാമാളവഗൌള എന്നു തിരുത്തി എഴുതിയിട്ടുണ്ട്.30 വര്ഷം മുമ്പ് അദ്ദേഹം മകനായ എന്നെ അതു പടിപ്പിച്ചതും മായാമാളവ ഗൌള ആയി തന്നെ ആണു. നാഥനാമക്രിയ എന്നു പറഞ്ഞു മായാമാളവ ഗൌള പാടിയതല്ല
Karuppasamy (not verified)
Fri, 2013-11-22 07:41
Permalink
Thanks
Hi, I appreciate your article very much.
If you could look at singers Kalamandalam Gangadharan and Kalamandalam Haridas for examples, I'm sure you will come up with wonderful observations for us. The rendition of the padam 'swalpa punya aayen' (Nala 4) by Haridas was really awesome. Gangadharan always takes kathakali music to heights that no others could.
Thanks again.