ശ്രീ കലാമണ്ഡലം രാജന്‍ മാസ്റ്റര്‍ - ഒരു അനുസ്മരണം

Friday, June 15, 2012 - 09:43
Kalamandalam Rajan

 

പ്രശസ്ത കഥകളി നടന്‍ കലാമണ്ഡലം രാജന്‍ ആശാന്‍ ഇക്കഴിഞ്ഞ ജൂണ്‍ 13ന് യശഃശരീരനായി. ചെന്നിത്തല ചെല്ലപ്പന്‍ പിള്ളയാശാന്റെ മകനും കഥകളി ആസ്വാദകനുമായ സി. അംബുജാക്ഷന്‍ നായര്‍ അദ്ദേഹത്തെ അനുസ്മരിക്കുന്നു. ഈ ലേഖനം അദ്ദേഹത്തിന്റെ ‘ഇളകിയാട്ടം’ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്.
http://ilakiyattam.blogspot.in/2012/06/blog-post.html

അരൂര്‍ മുല്ലയില്‍ നെല്ലിപ്പുഴ വീട്ടില്‍ പരേതരായ ശ്രീധരപ്പണിക്കരുടേയും പറവൂര്‍ ഏഴിക്കര കടക്കര എരപ്പത്ത് വീട്ടില്‍ കൊച്ചുകുട്ടിയമ്മയുടെയും മകനായി 1931 -ല്‍ ശ്രീ. രാജന്‍ ജനിച്ചു. സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞു നൃത്തം അഭ്യസിച്ച് കലാപരിപാടികളില്‍ പങ്കെടുത്തു വന്നിരുന്നു. ഈ കാലയളവില്‍ തലശേരി ബ്രണ്ണന്‍ കോളേജില്‍ നടന്ന കലോത്സവ പരിപാടിയില്‍ ശ്രീ. കലാമണ്ഡലം കൃഷ്ണന്‍ നായര്‍ ആശാന്‍ പൂതനാമോക്ഷം കഥകളി അവതരിപ്പിച്ചിരുന്നു. അരങ്ങിലെ തിരശീല നീങ്ങിയപ്പോള്‍ ചിരിച്ചു പുരികം ഇളക്കി കൊണ്ട് അരങ്ങില്‍ പ്രത്യക്ഷപെട്ട  മനം കവരുന്ന ലളിതയുടെ രൂപത്തിലാണ് കൃഷ്ണന്‍ നായര്‍ ആശാനെ രാജന്‍  ആദ്യമായി കാണുന്നത്. ലളിതയുടെ മനോഹരമായ പ്രകടനം കണ്ട ദിവ്യാനുഭൂതിയാണ് കഥകളി അഭ്യസിക്കണം എന്ന തോന്നല്‍ രാജനില്‍ ഉണ്ടായത്. കൃഷ്ണന്‍ നായര്‍ ആശാന്‍  രംഗം കഴിഞ്ഞു അണിയറയിലേക്ക് പോകുമ്പോള്‍ രാജനും ലളിത വേഷമിട്ട ആ മഹാനുഭാവന്റെ രൂപം അണിയറയില്‍ പോയി ദര്‍ശിച്ചു.  പിന്നീട് സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ മൂന്നു ദിവസം നീണ്ടു നിന്ന വാര്‍ഷിക പരിപാടികള്‍ വടകരയില്‍ നടന്നപ്പോള്‍ അന്ന് അവിടെ അവതരിപ്പിച്ച കൃഷ്ണന്‍ നായര്‍ ആശാന്റെ പൂതനാമോക്ഷത്തില്‍ ലളിത ഒന്നുകൂടി കണ്ടു ആസ്വദിച്ചു. തുടര്‍ന്ന് അവതരിപ്പിച്ച സീതാസ്വയംവരം കഥകളിയും കണ്ട ശേഷം ആശാനെ ഒന്ന് നേരില്‍ കണ്ടു സംസാരിക്കണം എന്ന് അതിമോഹത്തോടെ ഓടി അണിയറയില്‍ എത്തിയപ്പോള്‍  വേഷമഴിച്ചു വിശ്രമിക്കുന്ന ആശാനെ കാണുവാന്‍ എത്തിയ ആസ്വാദക സമൂഹത്തോട് തുടര്‍കളികള്‍ കാരണമായി ആശാന്‍ ക്ഷീണിതനാണെന്നും , അദ്ദേഹം വിശ്രമിക്കുകയാണെന്നും സൌമ്യ വാക്കുകള്‍ പറഞ്ഞു പിന്തിരിപ്പിക്കുന്ന ആശാന്റെ സഹധര്‍മ്മിണിയെ കണ്ടപ്പോള്‍ ആ ശ്രമം ഉപേക്ഷിച്ചു രാജന് മടങ്ങേണ്ടി വന്നു.

അടുത്ത നാള്‍ അവിടെ നടന്ന നൃത്ത പരിപാടികളില്‍ പങ്കെടുക്കുവാന്‍ എത്തിയ രാജന് വളരെയധികം  ആനന്ദം നിറഞ്ഞ അനുഭവമാണ് കാത്തിരുന്നത്.  ശ്രീ. കൃഷ്ണന്‍ നായര്‍ ആശാന്‍ , ആശാന്റെ  സഹധര്‍മ്മിണി കല്ല്യാണികുട്ടിയമ്മ എന്നിവര്‍  അവിടെ എത്തിയിരിക്കുന്നു. കല്ല്യാണികുട്ടിയമ്മ അഭ്യസിപ്പിച്ച  കുട്ടികളുടെ നൃത്ത പരിപാടികള്‍ അവിടെ അവതരിപ്പിക്കുന്നതിനായിട്ടാണ് അവര്‍ എത്തിയിരിക്കുന്നത് എന്ന് മനസിലാക്കുവാന്‍ രാജന് വിഷമം ഉണ്ടായില്ല. അവിടെ നൃത്ത പരിപാടികളില്‍ പങ്കെടുക്കുവാന്‍ തന്റെ ശിഷ്യര്‍കളോടൊപ്പം എത്തിയ നടന കലാനിധി ശ്രീ.  ഗുരുഗോപിനാഥും, ശ്രീ. കൃഷ്ണന്‍ നായര്‍ ആശാനും ശ്രീമതി. കല്ല്യാണികുട്ടിയമ്മയും ഒത്തുചേര്‍ന്നപ്പോള്‍ മേക്കപ്പ് മുറിയില്‍ നര്‍മ്മത്തിന്റെ വെടിക്കെട്ടുകളും പൊട്ടിച്ചിരികളും മുഴങ്ങി.

കൃഷ്ണന്‍ നായര്‍ ആശാന്റെ ലളിത കണ്ടു കഥകളിയോട്‌ ഭ്രമം  തോന്നിയ  രാജന്‍ പയ്യന്നൂരില്‍ നടന്ന ഒരു സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ എത്തിയ മഹാകവി വള്ളത്തോളിനെ നേരിട്ട് കണ്ടു തനിക്കു കഥകളി പഠിക്കണം എന്ന മോഹത്തെ അറിയിച്ചു. അദ്ദേഹത്തിന്‍റെ ഉപദേശപ്രകാരം  കലാമണ്ഡലം കളരിയില്‍ ചേര്‍ന്ന്  ശ്രീ. വാഴേങ്കട കുഞ്ചുനായര്‍, ശ്രീ. കീഴ്പടം കുമാരന്‍ നായര്‍, ശ്രീ. കലാമണ്ഡലം രാമന്‍കുട്ടി നായര്‍, ശ്രീ. കലാമണ്ഡലം പത്മനാഭന്‍ നായര്‍ എന്നീ പ്രഗത്ഭ ഗുരുനാഥന്മാരുടെ ശിഷ്യത്വം സ്വീകരിച്ചു കഥകളി  അഭ്യസിച്ചു. കഥകളി അഭ്യാസം കഴിഞ്ഞു  കലാമണ്ഡലം വിട്ടു ജന്മസ്ഥലത്ത് എത്തിയ രാജന്‍ പിന്നീടുള്ള  കലാജീവിതം എങ്ങിനെ മുന്നോട്ടു കൊണ്ടു പോകും എന്ന ചിന്തയില്‍ വ്യാകുലനായി.  ശ്രീ. കലാമണ്ഡലം കൃഷ്ണന്‍ നായര്‍ കഥകളി അഭ്യസിപ്പിക്കുന്ന തൃപ്പൂണിത്തുറയിലെ ഒരു കഥകളി സ്കൂളില്‍ ഒരു കഥകളി അദ്ധ്യാപകന്റെ ഒഴിവ് ഉണ്ടെന്നു അറിഞ്ഞപ്പോള്‍ ശ്രീ. എം. കെ. കെ. നായര്‍ അവര്‍കളെ ചെന്ന് കണ്ടു തന്നെ ഇക്കാര്യത്തില്‍ സഹായിക്കണം എന്ന് രാജന്‍ അപേക്ഷിച്ചു.

ആദ്യമായി എംപ്ലോയ്മെന്റ് എക്സ്‌ചെഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ട് കൃഷ്ണന്‍ നായരെ ചെന്ന് കാണൂ എന്നും ഞാന്‍ കൃഷ്ണന്‍ നായരെ വിവരം അറിയിച്ചു കൊള്ളാം എന്നും ശ്രീ. എം. കെ. കെ. നായര്‍  രാജനെ അറിയിച്ചു. അങ്ങിനെ എംപ്ലോയ്മെന്റ് എക്സ്‌ചെഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത ശേഷം ശ്രീ. രാജന്‍ ശ്രീ. കൃഷ്ണന്‍ നായര്‍ ആശാന്റെ വസതിയില്‍ എത്തി വിവരം അറിയിച്ചു. എംപ്ലോയ്മെന്റ് എക്സ്‌ചെഞ്ചില്‍ നിന്നും കാര്‍ഡ് വരും അതിന്‍ പ്രകാരം ഇന്റെര്‍വ്യൂ അറ്റെന്റ്റ് ചെയ്യുക എന്ന നിര്‍ദ്ദേശം സ്വീകരിക്കുകയും ആശാന്റെ വീട്ടില്‍ നിന്നും ഉച്ച ഭക്ഷണവും കഴിഞ്ഞു  രാജന്‍ മടങ്ങി. രണ്ടു ആഴ്ചയ്ക്ക് ശേഷം എം‌പ്ലോയ്മെന്റ് എക്സ്‌ചെഞ്ചില്‍ നിന്നും കാര്‍ഡ് രാജന് ലഭിക്കുകയും അന്നത്തെ DEO ആയിരുന്ന ശ്രീ. ഗണേഷ് അയ്യരും ശ്രീ. കൃഷ്ണന്‍ നായര്‍ ആശാനും കൂടി രാജനെ ഇന്റെര്‍വ്യൂ ചെയ്തു RLV- യില്‍ അദ്ധ്യാപകനായി  നിയമിക്കുകയും ചെയ്തു. താന്‍ ആരുടെ വേഷം കണ്ടു കഥകളി പഠിക്കണം എന്ന് ആഗ്രഹിച്ചുവോ ആ മഹാന്‍ തന്നെ,  തന്നെ ഇന്റെര്‍വ്യൂ  ചെയ്തു ഒരു സ്ഥാപനത്തില്‍ സഹ- അദ്ധ്യാപകനായി നിയമിക്കുക എന്ന മഹാഭാഗ്യം ലഭിച്ചതില്‍ അത്യധികം സന്തോഷവാനായി തീര്‍ന്നു ശ്രീ. രാജന്‍.

അങ്ങിനെ 1963- ല്‍  RLV- യില്‍ അദ്ധ്യാപകനായാതോടെ ശ്രീ. രാജന്‍ , ശ്രീ. കലാമണ്ഡലം രാജന്‍ മാസ്റ്റര്‍ എന്ന പേരില്‍ അറിയപ്പെട്ടുവന്നു.  തുടര്‍ന്ന് കൃഷ്ണന്‍ നായര്‍ ആശാന്റെ വേഷങ്ങള്‍ക്ക് കൂട്ടുവേഷക്കാരനായി ധാരാളം  അരങ്ങുകളില്‍ പ്രവര്‍ത്തിക്കുവാന്‍ ലഭിച്ച അവസരങ്ങള്‍ ഒരു മഹാഭാഗ്യമായി തന്നെ കരുതിവന്നു. ആശാന്‍ RLV- കളരിയില്‍ ചൊല്ലിയാടിക്കുന്നത്  കാണുവാനും ആശാന്റെ    ബ്രാഹ്മണനോടൊപ്പം  അര്‍ജുനനായും ,  വിശ്വാമിത്രനോടൊപ്പം   ഹരിശ്ചന്ദ്രനായും , രാവണനോടൊപ്പം  നാരദനായും,  നളനോടൊപ്പം പുഷ്കരനായും,  ദുര്‍വാസാവിനു  അംബരീക്ഷനായുമൊക്കെ   ധാരാളം  വേഷങ്ങള്‍ ചെയ്യുവാനും ശ്രീ. രാജന് ഭാഗ്യം ഉണ്ടായി. കത്തി, കരി, വട്ടമുടി തുടങ്ങിയ വേഷങ്ങളുടെ അവതരണത്തില്‍ അദ്ദേഹം പ്രശസ്തി നേടിയിരുന്നു എങ്കിലും കളരി സ്വാധീനമുള്ള വേഷങ്ങളേക്കാളേറെ സ്വാത്വീക ഭാവ പ്രധാനമുള്ള നളന്‍, ബാഹുകന്‍, ഹരിശ്ചന്ദ്രന്‍, കചന്‍,  രുഗ്മാംഗദന്‍, കര്‍ണ്ണന്‍ എന്നിങ്ങനെയുള്ള വേഷങ്ങളുടെ അവതരണത്തിലാണ്  രാജന്‍ ആസ്വാദക ശ്രദ്ധ നേടിയത്.  ചിട്ടപ്പടിയുള്ള ചൊല്ലിയാട്ടം, ഭംഗിയുള്ള മുദ്രകള്‍, കലാശഭംഗി , അവസോരോചിതമായ പൊടിക്കൈകള്‍, ഭാവഭംഗി എന്നിവ അദ്ദേഹത്തിന്‍റെ അരങ്ങിലെ പ്രത്യേകതകള്‍ ആയിരുന്നു. എഷ്യാനെറ്റ് കഥകളി സമാരോഹത്തില്‍ ദക്ഷയാഗത്തിലെ ആദ്യ ദക്ഷനെ അവതരിപ്പിച്ചത് ശ്രീ. രാജന്‍ മാസ്റ്റര്‍ ആയിരുന്നു എന്നത് ഇവിടെ സ്മരിച്ചു കൊള്ളുന്നു.

എന്റെ പരിമിതമായ അനുഭവത്തില്‍ വേഷത്തിന് വേണ്ടി നിര്‍ബ്ബന്ധം പിടിക്കുന്ന സ്വഭാവം അദ്ദേഹത്തില്‍ കണ്ടിട്ടില്ല. മൌനമായി പ്രതികരിക്കുന്ന കലകാരനായിട്ടാണ് അദ്ദേഹത്തെ ഞാന്‍ അറിഞ്ഞിട്ടുള്ളത്. 1970- കാലഘട്ടങ്ങളില്‍ മാവേലിക്കര,  കണ്ടിയൂര്‍ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ രണ്ടു കളികളില്‍ ഒരു ദിവസം ശ്രീ. രാജന്‍ മാസ്റ്ററെ ക്ഷണിച്ചിരുന്നു. നളചരിതം രണ്ടും ബാലിവിജയവും ആയിരുന്നു അന്ന് നിശ്ചയിച്ചിരുന്ന കഥകള്‍.  കൃഷ്ണന്‍ നായര്‍ ആശാന്റെ നളന്‍, കോട്ടക്കല്‍ ശിവരാമന്റെ ദമയന്തി, രാജന്‍ മാസ്റ്ററുടെ പുഷ്ക്കരന്‍, ചെന്നിത്തല ആശാന്റെ കാട്ടാളന്‍. ബാലിവിജയത്തില്‍ രാജന്‍ മാസ്റ്ററുടെ രാവണന്‍, കലാമണ്ഡലം രാമകൃഷ്ണന്റെ നാരദന്‍ എന്നിങ്ങിനെ ആയിരുന്നു വേഷങ്ങള്‍.

നളചരിതം കഥയിലെ  പുഷ്ക്കരന്‍ കഴിഞ്ഞു ഒരു കത്തിവേഷം നിശ്ചയിക്കുന്നത് ഒരിക്കലും ശരിയല്ല. മറ്റു നടന്മാര്‍ ആരും ഇങ്ങിനെ വേഷം തീരുവാന്‍ മുന്‍വരുന്നത് സാധാരണവുമല്ല . പുഷ്ക്കരന്‍, രാവണന്‍ എന്നീ രണ്ടു വേഷങ്ങളില്‍  ഒന്ന് രാജന്‍ മാസ്റ്റര്‍ക്കും ഒന്ന് കലാമണ്ഡലം രാമകൃഷ്ണനും നല്‍ക്കുക എന്നതാവും ഉത്തമം എന്ന് അവിടെ പങ്കെടുത്തിരുന്ന കലാകാരന്മാര്‍ക്കും ആസ്വാദകരില്‍ പലര്‍ക്കും തോന്നല്‍ ഉണ്ടായിട്ടും രാജന്‍ മാസ്റ്റര്‍ ഒന്നും പ്രതികരിക്കാതെ കണ്ടപ്പോള്‍ അദ്ദേഹം അത് സന്തോഷപൂര്‍വ്വം സ്വീകരിച്ചതായാണ്‌ എല്ലാവരും  കരുതിയത്‌.  നോട്ടീസില്‍ വേഷവിവരം പബ്ലിഷ് ചെയ്തിരുന്നതിനാല്‍ ആരും മുന്‍കൂട്ടി ഇതിനെ പറ്റി അഭിപ്രായം പറഞ്ഞതും ഇല്ല. പുഷ്ക്കരന്‍ കഴിഞ്ഞു വന്നു വേഷം അഴിച്ചു, തുടച്ച ശേഷം വീണ്ടും രാവണന്‍ തേയ്ക്കുകയാണ് അദ്ദേഹം ചെയ്തത്. കാട്ടാളന്‍ രംഗം കഴിഞ്ഞു അരങ്ങത്തു നിന്നും അണിയറയില്‍ എത്തുമ്പോള്‍ രാവണന്റെ ചുട്ടി തീര്‍ന്നതേയുള്ളൂ. (ഇത്തരം സാഹചര്യങ്ങളില്‍ ചില നടന്മാര്‍ ചുട്ടി നിലനിര്‍ത്തിക്കൊണ്ട് തേപ്പു മാത്രം തുടച്ച്, കത്തിവേഷം തീരുകയും , കത്തി വേഷത്തിന്റെ തേപ്പു മാത്രം തുടച്ച് കൊണ്ടും  ചുട്ടി നിലനിര്‍ത്തികൊണ്ട് കത്തി  വേഷത്തിന്റെ തേപ്പു മാറ്റി പച്ച വേഷം തീരുകയും ചെയ്യാറുണ്ട്. അത്തരത്തില്‍ ഉള്ള ഒരു രീതി അദ്ദേഹം ഇവിടെ സ്വീകരിച്ചില്ല) ഒരു ധൃതിയും പിടിക്കാതെ സാവധാനം  വേഷം തീര്‍ന്നു കൊണ്ട് രാജന്‍ മാസ്റ്റര്‍ ഈ വേഷ നിശ്ചയത്തോട് മൌനമായ് പ്രതികരിച്ച സംഭവം ഇവിടെ സ്മരിക്കുന്നു. കാട്ടാളന്റെ രംഗം കഴിഞ്ഞു തിരശീല പിടിച്ചു. ഗായകന്‍ രാഗം പാടുവാന്‍ തുടങ്ങി. സുമാര്‍ ഒരു മണിനേരം തിരശീല പിടിച്ചു നില്‍ക്കുകയും , ഗായകന്‍ അത്രയും സമയം രാഗം പാടുകയും ചെയ്യേണ്ടിവന്ന അനുഭവം അന്നാണ് ആദ്യവും അവസാനവും ആയി കണ്ടത്.

ആര്‍. എല്‍. വിയില്‍ സേവനം ചെയ്തതിലൂടെ ധാരാളം ശിഷ്യര്‍ അദ്ദേഹത്തിനുണ്ടായി. പല വിദേശയാത്രയിലും പങ്കെടുക്കുവാന്‍ അവസരം ലഭിച്ചു. കഥകളി കലാകാരനും ശിഷ്യനുമായ ശ്രീ. ഏവൂര്‍ രാജേന്ദ്രന്‍ പിള്ളയാണ് അദ്ദേഹത്തിന്‍റെ മകളെ വിവാഹം ചെയ്തത്. കൊച്ചുമകന്‍ അര്‍ജുന്‍രാജ് അറിയപ്പെടുന്ന കഥകളി ഗായകനാണ്. സംഗീത നാടക അക്കാദമി ഉള്‍പ്പടെയുള്ള ധാരാളം പുരസ്കാരങ്ങള്‍ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. കുറച്ചു കാലങ്ങളായി ശാരീരികമായ അസ്വസ്ഥതയില്‍ കഴിഞ്ഞ അദ്ദേഹത്തിന്‍റെ ജീവിത യാത്ര 2012,ജൂണില്‍ അവസാനിച്ചപ്പോള്‍ കലാലോകത്തിനു നഷ്ടമായത് വലിയ ഒരു കലാകാരനെയാണ്.

ശ്രീ. രാജന്‍ മാസ്റ്ററുടെ വേര്‍പാടില്‍ ദുഖിക്കുന്ന അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങള്‍,  ശിഷ്യസമൂഹം, കലാകാരന്മാര്‍, ആസ്വാദകര്‍ എന്നിവരോടൊപ്പം എന്റെയും ദുഃഖം പങ്കുവെയ്ക്കുന്നു. അദ്ദേഹത്തോടൊപ്പം ആര്‍. എല്‍.വിയില്‍ കഥകളി സംഗീത അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചു വിരമിച്ച ശ്രീ. ചേര്‍ത്തല തങ്കപ്പപണിക്കര്‍ ആശാന്‍ എല്ലാ മാസവും മുടക്കം കൂടാതെ പെന്‍ഷ്യന്‍ വാങ്ങുവാന്‍ നഗരത്തിലെത്തുമ്പോള്‍ തന്റെ ആത്മ സുഹൃത്തായ ശ്രീ. രാജന്റെ വസതിയില്‍ എത്തി അദ്ദേഹവുമായി മണിക്കൂറുകളോളം സംഭാഷണങ്ങളിലൂടെ ആശ്വാസം കണ്ടെത്തിയിരുന്നു. ശ്രീ. രാജന്‍ മാസ്റ്ററുടെ വേര്‍പാടിലൂടെ തീരാനഷ്ടം സംഭവിച്ച ശ്രീ. ചേര്‍ത്തല തങ്കപ്പപണിക്കര്‍ ആശാന് ആശ്വാസം ലഭിക്കുവാന്‍ ജഗദീശ്വരന്‍ അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ടും ശ്രീ. രാജന്‍ മാസ്റ്ററുടെ കണ്ടിട്ടുള്ള വേഷങ്ങള്‍ എല്ലാം  മനസ്സില്‍ സ്മരിച്ചു കൊണ്ടും അദ്ദേഹത്തിന്‍റെ ആത്മാവിനു നിത്യശാന്തി നേര്‍ന്നുകൊണ്ടും എന്റെ ഈ കുറിപ്പ് നിങ്ങളുടെ മുന്‍പില്‍ സമര്‍പ്പിക്കുന്നു.

Article Category: 
Malayalam