അവസാനത്തെ ആശുപത്രിയുടെ സവിശേഷതകൾ
സമൂഹത്തിന്റെഅവസാന ആശുപത്രിയാണ് കല. രോഗാതുരവും കലാപകലുഷിതവുമായ സമൂഹങ്ങൾ മിക്കപ്പോഴുംവിസ്മയകരമാം വിധം മനോഹരമായ കലാവിഷ്കരണങ്ങൾ നടത്തുന്നത് അതുകൊണ്ടാണ്.ഇറാനിൽ നിന്നു മികച്ച സിനിമകൾ, ലാറ്റിനമേരിക്കയിൽ നിന്ന് മികച്ച സാഹിത്യം, ആഫ്രിക്കയിൽ നിന്നും അമേരിക്കയിൽ നിന്നും കറുത്തവരുടെ ഉയിർപ്പുസംഗീതം –ഇവയൊന്നും യാദൃശ്ചികതകളല്ല. കല സാന്ത്വനം മുതൽ പ്രതിരോധം വരെഏറ്റെടുക്കുന്ന ഔഷധങ്ങൾ കൊണ്ടു സമ്പന്നമായ ആശുപത്രിയാണ്. സമൂർത്തമായചരിത്രസാഹചര്യം എന്താണോ ആവശ്യപ്പെടുന്നത്, അത് കല നൽകുന്നു. സമൂഹത്തിന്റെഘടനാപരമായ സവിശേഷതകൾ ഏറ്റവും സൂക്ഷ്മമായി കലയിൽ പ്രതിഫലിക്കുന്നു.
പാരമ്പര്യകലകളെനാം കേരളത്തിൽ വിശേഷിപ്പിക്കാറുള്ളത് ക്ലാസിക്കൽ കലകളെന്നാണ്, ഒരുനിലയ്ക്കും ശാസ്ത്രീയമല്ലാത്ത ആ സംജ്ഞ വിട്ട്, പ്രസ്തുതകലകളെ ട്രെഡീഷണൽ തീയറ്റർ എന്നു വിശേഷിപ്പിക്കാം. ആ അർത്ഥത്തിൽ കേരളത്തിലെഎറ്റവും സമ്പന്നമായ പാരമ്പര്യ കലാരൂപങ്ങളിലൊന്നാണ് കഥകളി. ഏതു പാരമ്പര്യകലയും അതിനും മുൻപും പിൻപുമുള്ള അനേകം കലാരൂപങ്ങളുമായി ആദാനപ്രദാനങ്ങളിലേർപ്പെട്ടാണ് വളരുന്നത്. അതുകൊണ്ടുതന്നെ കഥകളിയുടെ ചരിത്രംപതിനാറാം നൂറ്റാണ്ടോടെയാണ് ആരംഭിയ്ക്കുന്നതെങ്കിലും അതിനും അനേകം നൂറ്റാണ്ടുകൾ മുൻപു മുതലേ കേരളത്തിൽ പരിണാമ പ്രക്രിയകളിലൂടെ കടന്നു പോരുന്ന അനേകം കലാരൂപങ്ങളുടെ സൗന്ദര്യഘടകങ്ങൾ ചേർന്നുണ്ടാവുന്ന സംഘാതമാണ് കഥകളി.സവർണ്ണവും അവർണ്ണവുമായ സാമൂഹികാന്തരീക്ഷങ്ങളുടെ നിർമ്മിതികളായ അനേകംസൗന്ദര്യധാരകളുടെ സമാകലനമാണ് കഥകളിയെപ്പോലൊരു ശൈലീകൃതകലയുടെ രൂപപ്പെടലിലൂടെ സാദ്ധ്യമായത്. അതുകൊണ്ടുതന്നെ പലരും കരുതും പോലെ അത്രമേൽ പ്രാചീനമോഅടിമുടി സവർണ്ണമോ ആയ കലാരൂപമല്ല കഥകളി. ഏറെക്കാലും ജന്മിത്തത്തിന്റെ പരിരക്ഷയിലാണ് കഥകളി വളർന്നതും നിലനിന്നതുമെന്നത് ശരിതന്നെ. എന്നാൽകഥകളിയുടെ കലാസങ്കൽപ്പം സവർണ്ണാവർണ്ണഭേദമില്ലാതെ അനേകം ഘടകങ്ങളെ ഏറ്റെടുത്തു സ്വന്തമാക്കി.
സുരക്ഷിതഭൂമി –കലാപരഹിതമായ കല
കേരളത്തിന്റെപാരിസ്ഥിതികവ്യവസ്ഥ ഒരു പ്രത്യേകതരം ‘റീജിയണൽ’പ്രതിഭാസമാണ്. കേരളം എന്നറീജിയന്‍ കണക്കിലെടുത്താൽ കിഴക്ക് സഹ്യപർവ്വതവും ചുരങ്ങളും പടിഞ്ഞാറും തെക്കും കടലുമാണ് അതിര്. ഈ പ്രകൃതിവിധാനം സുരക്ഷിതത്വബോധം വളർത്തു ന്ന ഒരുഘടനയാണ്. ചുരങ്ങള്‍ കിഴക്കൻ ഭൂമേഖലകളിലേക്ക് ബന്ധമുറപ്പിയ്ക്കുന്നു. കടല്‍വാണിജ്യം പോർച്ചുഗീസുകാരുമായി ഇണക്കുന്നതിനു മുൻപ്ആഭ്യന്തരവാണിജ്യമായിരുന്നു പ്രമുഖം. അതിനിണങ്ങിയ ആഭ്യന്തര വിപണിശ്രേണിയും വിപണനസംഘങ്ങളും ഈ ഭൂമേഖലയിൽ ഉണ്ടായിവന്നു. ചുരങ്ങള്‍ പ്രകൃതിസഹജമായസൗകര്യങ്ങൾ ഒരുക്കിയതിനാല്‍ ആക്രമിച്ചു കീഴ്പ്പെടുത്താനൊന്നും അധികമാരുംഎത്തുന്നില്ല. അക്രാമകമായ ഒരന്തരീക്ഷത്തിന്റെ, ‘തകർക്കുക’എന്നആഹ്വാനത്തിന്റെ അന്തരീക്ഷം നിലവിലില്ലാത്തതു കൊണ്ടു തന്നെ കേരളീയ കലാപ്രതിഭാസങ്ങളിൽ മിക്കതിലും അത്തരമൊരു ഭീതി കാണാനുമില്ല.കടലോരയുദ്ധങ്ങളുടെ പശ്ചാത്തലം ഉയരുമ്പോഴാണ് ഇതിനൽപ്പമെങ്കിലും -പൗരാണികാഖ്യാനങ്ങൾ കൊണ്ടുള്ളതെങ്കിലും ആയി യുദ്ധം ഒരു പ്രശ്നമായിചിത്രീകരിക്കപ്പെടുന്നത്. (എഴുത്തച്ഛന്‍ കൃതികള്‍)
ധർമ്മാധർമ്മങ്ങളുടെ അടിസ്ഥാനത്തിൽ, ശിഥിലമാക്കപ്പെടുന്ന രാജശക്തിയെപ്പറ്റിയുള്ള ഉൽകണ്ഠകൾ പങ്കുവെയ്ക്കാനാണ് പലപ്പോഴും ഉപരിവർഗ്ഗം, കലകളിലൂടെ ശ്രമിച്ചത്. ആ ശ്രമംപലപ്പോഴും ആഭ്യന്തരഘടനയിലെ വിള്ളലുകളുടെ പ്രതിപ്രവർത്തനമായി വന്നതാണുതാനും. “നമ്മുടെ ഞാറ്റുവേല സായിപ്പിന് കൊണ്ടുപോവാനാവില്ല”എന്ന് മലബാറിലെഒരു സ്വരൂപം പറഞ്ഞ പഴമൊഴി ശ്രദ്ധേയമാണ്. കൊടുങ്ങല്ലൂരും മറ്റും ഡച്ചുകാര്‍കഠിനമായ ആക്രമണം നടത്തുമ്പോൾ സാമൂതിരി വൈദേശികവേലിയേറ്റത്തെ എത്രലാഘവത്തോടെയാണ് എതിരിട്ടത് എന്നു ചരിത്രരേഖകള്‍ വ്യക്തമാക്കുന്നു. ഇതേശാന്തമായ ഒരു സമീപനമാണ് മൈസൂർ പട വടക്കുവരുമ്പോള്‍ മാമാങ്കംആഘോഷിച്ചുകൊണ്ടിരുന്ന സാമൂതിരിയും എടുക്കുന്നത്. ഇതൊരു ‘സുരക്ഷിതബോധ’മാണ്.‘ഇളക്കാനാവാത്ത സ്ഥിരത’എന്ന ബോധമാണ് ഇതിന്റെ രാഷ്ട്രീയതലപാപ്പരത്തം. ഈസുരക്ഷിതത്വബോധവും സ്ഥിരതാബോധവുമാണ് കടുത്ത സ്വകാര്യബോധത്തില്‍ മലയാളിയെ തളക്കാൻ സഹായിച്ച പ്രധാനഘടകം. രാഷ്ടീയസാഹചര്യങ്ങളുടെ വ്യത്യാസങ്ങൾ മൂലംവ്യതിരിക്തമെങ്കിലും, കഥകളിയുടെ ‘സുരക്ഷിത’മായ രക്ഷാകർതൃത്വത്തിനുംകടുത്ത അനുഭവമാത്രാപരമായ വികസനത്തിനും ഈ സാഹചര്യം കളമൊരുക്കി.ബൃഹദ്‌പാരമ്പര്യധാരകളോട് ഇടഞ്ഞും ഇണങ്ങിയും നിലകൊണ്ട അനേകം പാരമ്പര്യങ്ങളുടെ സമുച്ചയമായിരുന്നു കേരളസംസ്കാരം. ഈ ബഹുസ്വരത കലയിലുംവർണ്ണപരാജികൾ സൃഷ്ടിച്ചു. കഥകളിയുടെ ഉൽഭവം മുതൽ വളർച്ചയുടെ ഓരോ ഘട്ടത്തിലും ഈ ചരിത്രസാഹചര്യത്തെ പ്രതിഫലനങ്ങൾ ദർശിക്കാം.
തീയാട്ടും ഗരുഡന്തൂക്കവുംതെയ്യവും വരെ സ്വാധീനിച്ചിരിക്കാമെങ്കിലും ശൈലീകരണത്തിന്റെ ഘട്ടങ്ങൾപിന്നിട്ടുവരുമ്പോൾ കഥകളിയെ ഇവയൊന്നുമല്ലാത്ത വിധം ‘കഥകളി’യാക്കുന്ന നിഷ്കർഷകളും നിയമങ്ങളും രൂപപ്പെട്ടു. ആ നിയമങ്ങളുടെ പിന്തുടർച്ചശൈലീകൃതകലയുടെ പരിണാമത്തിൽ സുപ്രധാനമായ കാര്യമാണ്. ഏതുതരം മാറ്റങ്ങളെയും പ്രസ്തുതനിയമങ്ങളെ വെച്ച് സാധുകരിക്കാനാവണമെന്നും, അല്ലാത്തവ കഥകളിസ്വീകരിക്കില്ല എന്നിടത്തോളമെത്തിയ ശൈലീവാദത്തിലാണ് ഇന്നും കഥകളി നിലനിൽക്കുന്നത്. അതുകൊണ്ട് നമുക്ക് എന്തൊക്കെയാണ് കഥകളിയിൽ പാടുള്ളതുംപാടില്ലാത്തതുമായ കാര്യങ്ങൾ എന്നും അവയുടെ അനുശീലനത്തിന്റെ സവിശേഷതകളെയും സൂക്ഷ്മമായി മനസ്സിലാക്കേണ്ടതുണ്ട്. ഇന്ത്യയിലെ ഏതു പാരമ്പര്യകലയിൽ നിന്നും ഒരു നൂൽ പിന്നിലേക്കു വലിച്ചുകെട്ടിയാൽ എത്താവുന്ന ഭരതന്റെനാട്യശാസ്ത്രത്തിന് ഇന്നും കഥകളിയിലുള്ള പ്രാധാന്യം അവിടെയാണ്. ഭരതനു ശേഷംവന്ന ആനന്ദവർദ്ധനന്റെ ധ്വന്യാലോകത്തിലും ധ്വന്യാലോകത്തിന്റെ ടീകാകാരനായധനജ്ഞയന്റെ ‘അവലോക’ത്തിലുമായി വിവരിക്കപ്പെടുന്ന നാട്യധർമ്മി –ലോകധർമ്മിസങ്കൽപ്പങ്ങൾ ഏറെക്കുറെ വിജയിക്കപ്പെട്ടത് കഥകളിയുടെ പ്രകാശനത്തോടെയാണ്എന്നു പറയാം. പ്രസ്തുത സങ്കൽപ്പനങ്ങളുടെ സവിശേഷതകളെ അടിസ്ഥാനപ്പെടുത്തികഥകളിക്ക് അനുയോജ്യമായ കാര്യങ്ങൾ മാത്രം അൽപ്പം വിശദമാക്കാം.
നാട്യധർമ്മീ –ലോകധർമ്മീ സങ്കൽപ്പം
നാട്യശാസ്ത്രത്തിലാണ് ധർമ്മിയെപ്പറ്റിയുള്ള കണ്ടെടുക്കപ്പെട്ടതിൽ വെച്ച് പഴക്കമുള്ള പരാമർശം.എങ്കിലും നാട്യശാസ്ത്രത്തിലാണ് പ്രാരംഭമെന്നു പറഞ്ഞുകൂടാ. വിശുദ്ധ ഖുറാൻ ഉണ്ടായ കഥപോലെ പരമശിവൻ നേരിട്ടു പറഞ്ഞുകൊടുത്തതാണ് നാട്യശാസ്ത്രമെന്ന മിത്ത് മാറ്റിനിർത്തിയാൽ, നാട്യശാസ്ത്രം അക്കാലത്തെ സൗന്ദര്യശാസ്ത്രചിന്തകളുടെ ക്രോഡീകരണമാണ്. ഏതാണ്ട് സംഗീതത്തിൽ വെങ്കടമഖിചെയ്തതുപോലെ, നാട്യശാസ്ത്രകാരനും ചെയ്തത് അറിവുകളുടെ ഒരു സമുച്ചയത്തെ നിർമ്മിക്കലാണ്. അതുകൊണ്ടുതന്നെ നാട്യധർമ്മിയെന്ന പദമോ പ്രസ്തുതസങ്കൽപ്പനമോ നാട്യശാസ്ത്രകാരൻ നിർമ്മിച്ചതെന്നു കരുതാനാവില്ല. അതുനുമുൻപേയുള്ള സൗന്ദര്യശാസ്ത്രചിന്തകളാവണം ഇവയെല്ലാം.
ആറാമദ്ധ്യായമായ ‘രസവികൽപ്പ’ത്തിലും ഇരുപത്തിമൂന്നാം അദ്ധ്യായമായ ‘ആഹാര്യാഭിനയ’ത്തിലും ഈസജ്ഞകളുണ്ടെങ്കിലും പതിനാലാം അദ്ധ്യായമായ ‘കക്ഷ്യാപ്രവൃത്തിധർമ്മിവ്യഞ്ജക’ത്തിലാണ് ഇരു ധർമ്മികളുടെയും ലക്ഷണങ്ങൾ സഹിതം വിശദമാക്കുന്നത്.അവയുടെ വിശദപഠനത്തിന് ഇവിടെ മുതിരുന്നില്ല. നമുക്ക് കഥകളിയുടെ സൗന്ദര്യശാസ്ത്രത്തെ നിർണയിച്ച കാര്യങ്ങൾ മാത്രം വിശദമാക്കാം. ലോകധർമ്മിയെപരമാവധി നിരാകരിച്ച് നാട്യധർമ്മിയിലേക്കടുക്കുന്ന കഥകളിയുടെ തീയറ്റർസ്വഭാവും എന്നാൽ കഥകളിയുടെ അഭിനയപ്രകരണത്തിലുള്ളടങ്ങിയിരിക്കുന്ന ലോകധർമ്മീസ്വഭാവവും വ്യക്തമാവാൻ ഓരോന്നും വിശകലനം ചെയ്യേണ്ടിയിരിക്കുന്നു.
ലോകധർമ്മിക്ക് ഏഴ് ലക്ഷണങ്ങൾ പറയുന്നു. അവയെല്ലാം കഥകളിയിൽ പ്രസക്തമാണ്.
1) സ്വഭാവകർമ്മോപഗതം –ഓരോ കലയ്ക്കും മറ്റു കലകളിൽ നിന്നു വ്യത്യസ്തമായ , പ്രസ്തുതകലയുടേതായ വ്യക്തിത്വമുണ്ടാവും അവ അവഗണിച്ച് സാധാരണക്കാരെപ്പോലെ അരങ്ങുപയോഗിച്ച് അഭിനയിച്ചാൽ അതു കഥകളിയാവുകയില്ല. കഥകളിയുടെ അനേകം ഘടകങ്ങൾ ചേർന്നാണ് അതിനെ അതാക്കി നിലനിർത്തുന്നത്. a) വേഷവിഭജനം, b) ആഹാര്യക്രമം, c) സവിശേഷ മുദ്രാഭാഷ, d) നൃത്തവിശേഷം എന്നിങ്ങനെ അനേകം കാര്യങ്ങൾ ചേർന്നാണ് കഥകളിയെ കഥകളിയാക്കി നിലനിർത്തുന്നത്. ഇവയെ നിരാകരിച്ച് വേഷമണിയുന്നെങ്കിൽ അത് ലോകധർമ്മിയാണ്.
2) ശുദ്ധം –നാട്യസംബന്ധിയായ മൂന്നു ഘടകങ്ങളുടെസമീചീനമായ മിശ്രണമാണ് കഥകളിയിലുള്ളത് –അഭിനയം,, ഗീതം, താളം. ഇവയുടെ സമ്മേളനത്തെ ‘തൗര്യത്രികം’ എന്ന പദം കൊണ്ട് വിവക്ഷിക്കാറുണ്ട്.തൗര്യത്രികതയില്ലാതെ, ഈ മൂന്ന് ഘടകങ്ങളുടെയും സമുചിതമായ സമന്വയമില്ലാതെ ലോകവൃത്താന്തങ്ങളെ ആവിഷ്കരിക്കുന്നുവെങ്കിൽ അത് ലോകധർമ്മിയാണ്. ഉദാ:ഉത്തരാസ്വയം വരത്തിൽ രണ്ടുതവണ വാർത്തയറിയിക്കാനുള്ള ദൂതന്മാർപ്രത്യക്ഷപ്പെടുന്നു. ദുര്യോധനന്റെ രാജധാനിയിലേക്ക് പാണ്ഡവന്മാരെ അന്വേഷിച്ച വിവരമറിയിക്കാനായി ഒരു ദൂതനും, പിന്നീട് ഉത്തരന്റെ അടുത്തേക്ക്കൗരവന്മാർ പശുക്കളെ തട്ടിക്കൊണ്ടു പോയതറിയിക്കാനായി ഗോപാലകന്മാരും. ആദ്യദൂതന്റെ ‘ജയജയ നാഗകേതന’എന്ന പദവുമായുള്ള പ്രവേശവും രംഗപ്രവൃത്തിയുംതൗര്യത്രികഭംഗികൊണ്ട് അടിമുടി നാട്യധർമ്മിയാണ്. എന്നാ ഗോപാലകന്മാരുടെ പദത്തിൽ അഭിനയവും ഗീതവും പരമാവധി ന്യൂനീകരിക്കുകയും നൃത്തത്തെ ഏതാണ്ടുനിരാകരിക്കുകയും ചെയ്യുന്നു. അതുകൊണ്ട് പ്രസ്തുതരംഗം ലോകധർമ്മിയാണ്.
3) വികൃതം - രംഗപാഠങ്ങളെ വികൃതമാക്കി കാണിക്കുന്നത് ലോകധർമ്മിയാണ്. ഉദാ:ബകവധത്തിലെ ആശാരി. കഥകളിയിലെ നൃത്തഘടകങ്ങളിൽ പ്രധാനമായവയെല്ലാം ബകവധത്തിന്റെ ആശാരിയ്ക്ക് വരുന്നുണ്ട്. കലാശങ്ങൾ, ഇരട്ടി, അടക്കം, തോങ്കാരം എന്നിവയെല്ലാം കഥകളിയുടെ രംഗപാഠത്തിൽ നിന്ന് വിഭിന്നമായി വികൃതമാക്കികാണിക്കുന്നു. അത് ലോകധർമ്മിയാണ്.
4 ) ലോകവാർത്തക്രിയാപേതം –ലോകവാർത്തകളെ അതേപടി രംഗത്ത് ആവിഷ്കരിക്കുന്നത് ലോകധർമ്മിയാണ്. ഉദാ:സന്താനഗോപാലത്തിലെ ബ്രാഹ്മണൻ മക്കളെ തിരികേയേൽപ്പിച്ചു പോവുന്ന അർജ്ജുനനോടും കൃഷ്ണനോടും “പഴയ പോലെയല്ല, വലിയ വിലക്കയറ്റമാണ്. നിങ്ങൾ തന്നെ കുട്ടികളെ നോക്കണം”എന്നു പറയുന്നെന്നു വെക്കുക. അത് ലോകധർമ്മിയാണ്.
5) അംഗലീലാവിവർജ്ജിതം –നടശരീരത്തിലെ ഓരോ അംഗങ്ങൾക്കും നിയതമായ ചലനവ്യവസ്ഥകഥകളി നിഷ്കർഷിക്കുന്നു. പ്രസ്തുത അംഗചലനവ്യവസ്ഥയ്ക്കു വിരുദ്ധമായി പ്രവർത്തിക്കുകയോ നിരാകരിക്കുകയോ ചെയ്യുന്നത് ലോകധർമ്മിയാണ്. ഉദാ:‘അരയ്ക്ക് വായുകൊടുത്ത് താണുനിൽക്കുക’എന്നത് കഥകളിയുടെ ശരീരഭാഷയെ സംബന്ധിച്ച് പ്രധാനപ്പെട്ടതാണ്. ഇതു നിരാകരിച്ചുകൊണ്ട്സാധാരണ ലോകവ്യവഹാരത്തിലെന്ന പോലെ അരങ്ങിൽ നിവർന്നു നടക്കുന്നത് ലോകധർമ്മിയാണ്.
6) സ്വഭാവാഭിനയസ്ഥാനം – നിയതമായ പ്രമേയത്തിലെനിശ്ചിത കഥാപാത്രമായാണ് കഥകളിയിലെ ഓരോ നടനും രംഗത്തെത്തുന്നത്. പ്രസ്തുത കഥാപാത്രത്തെ കൈവിട്ട്, അതിനിടയിൽ നടൻ സ്വന്തം വ്യക്തിഭാവത്തെ കാണിക്കുന്നെങ്കിൽ അത് ലോകധർമ്മിയാണ്. ‘സെൽഫ് എക്സ്പ്രഷൻ’ എന്നത് താരവൽക്കരണത്തിന്റെ ഘടകങ്ങളിലൊന്നായി നിരൂപകർ ചൂണ്ടിക്കാണിക്കുന്നതാണ്.രജനീകാന്ത് പോലുള്ള സിനിമാനടന്മാർ സിനിമയ്ക്കിടയിൽ കഥാപാത്രബന്ധമില്ലാതെ ചില ഡയലോഗുകൾ പറയുന്നത് ശ്രദ്ധിച്ചിട്ടില്ലേ? (എൻ വഴി തനിവഴി, ഒരു തടവ്സൊന്നാൽ…) ഇതുപോലുള്ള വ്യക്തിഭാവങ്ങളുടെ കടന്നുവരവ് ലോകധർമ്മിയാണ്. ഉദാ:കല്യാണസൗഗന്ധികത്തിലെ ഭീമനും ഹനുമാനുമായുള്ള സംവാദരംഗം രണ്ട് പ്രമുഖആചാര്യന്മാർ ചെയ്യുന്നു. വിശ്വരൂപം കാണാനാവശ്യപ്പെടുന്ന ഭീമന്റെ ആവശ്യംഅംഗീകരിച്ച് പീഠത്തിൽ കയറാനൊരുങ്ങുമ്പോൾ ഹനുമാൻ ‘പഴയ പോലെയൊന്നുമല്ല, ഇപ്പോൾ തീരെ വയ്യ”എന്നും, ഭീമൻ “അങ്ങ് എപ്പോഴും ഒരുപോലെയാണല്ലോ”എന്നും കാണിക്കുന്നു. കഥാപാത്രങ്ങളെ വിട്ട് നടന്മാരുടെ സംഭാഷണങ്ങളായി മാറുന്ന ഇത്തരം സന്ദർഭങ്ങൾ ലോകധർമ്മിയാണ്.
7) നാനാസ്ത്രീപുരുഷാശ്രിതത്വം –ഒരുപാട് സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന വിധം അരങ്ങ് നിറയേ നടീനടന്മാരായാൽഅതു തന്നെ ലോകധർമ്മിയായിത്തീരും. കഥകളി പൊതുവേ ഒരു കഥാപാത്രം സൂക്ഷ്മാഭിനയം കാഴ്ച്ച വെക്കുന്നെങ്കിൽ അപ്പുറവുമിപ്പുറവുമുള്ളവരെല്ലാം എന്തുചെയ്യുന്നു എന്നതിനേപ്പറ്റി ഉത്കണ്ഠപ്പെടാറില്ല. കേന്ദ്രീകൃതമായ അഭിനയ സങ്കൽപ്പവും ആസ്വാദന സങ്കൽപ്പവുമാണ് ഇക്കാര്യത്തിൽ കഥകളി വികസിപ്പിച്ചിരിക്കുന്നത്. ചുറ്റുമുള്ളവയെല്ലാം സൂക്ഷ്മാഭിനയം നിർവ്വഹിക്കുന്ന നടന് പരഭാഗശോഭ നൽകുന്ന ഘടകങ്ങളായി നിൽക്കുകയാണ് പതിവ്.എന്നാൽ അങ്ങനെയല്ലാതെ നിരവധി കഥാപാത്രങ്ങൾ ഒരുമിച്ച് അരങ്ങിൽ പലതരം പ്രവൃത്തികളിലേർപ്പെട്ടു കൊണ്ടിരുന്നാൽ അതുതന്നെ ലോകധർമ്മിയാണ്. ഉദാ:പട്ടാഭിഷേകരംഗം.
ഇങ്ങനെ ഏഴുഘടകങ്ങളാക്കി ലോകധർമ്മീഘടകങ്ങളെപിരിച്ചുപറയാമെങ്കിലും വാസ്തവത്തിൽ ഇവയെല്ലാം ഒരേ കാര്യമാണ്. ചുരുക്കത്തിൽ , നൈസർഗികമായ നാട്യാവിഷ്കാരം ലോകധർമ്മിയും കൃത്രിമമായി ചെയ്യുന്നത്നാട്യധർമ്മിയുമാണ്. അതുകൊണ്ടുതന്നെ ലോകധർമ്മിക്ക് അളന്നുമുറിച്ച നിയമങ്ങൾനിഷ്കർഷിക്കാൻ ബുദ്ധിമുട്ടാണ്. നാട്യധർമ്മി കൃത്രിമമായിരൂപപ്പെടുത്തുന്നതായതുകൊണ്ടൂ തന്നെ അതിനു നിയമങ്ങൾ വേണം. അവ നിയതമാം വിധംനിർവ്വചിക്കുകയും ചെയ്യാം.
കെ പി നാരായണപ്പിഷാരടി ലോകധർമ്മിയെ ഇപ്രകാരം നിർവ്വചിക്കുന്നു:
“തന്റെ ഭാവങ്ങൾക്കും കർമ്മങ്ങൾക്കും യോജിച്ചവിധത്തിൽ ശുദ്ധമോ വികൃതമോ ആയലോകവൃത്താന്തങ്ങളെ ആവിഷ്കരിക്കുന്നതും, ആംഗികഭംഗി വരുത്താതെയുള്ളതും, സ്വന്തം മനോഭാവങ്ങളെ പ്രകാശിപ്പിയ്ക്കുന്നതും, പല സ്ത്രീകളേയുംപുരുഷന്മാരെയും പരാമർശിച്ചുകൊണ്ടുള്ളതും ആയ നാട്യമേതോ അത് ലോകധർമ്മിയാണ്.”
നാട്യധർമ്മിയെ കുറേക്കൂടി സൂക്ഷ്മമായി നിർവ്വചിക്കാനാവും. കഥകളിയുടെ പശ്ചാത്തലത്തിൽ പ്രസക്തമായവ പരിശോധിക്കാം.
1) അതിവാക്യക്രിയാപേതങ്ങളും, അതിസാത്വതിഭാവുകങ്ങളും ആയ ആഭിനയം നാട്യധർമ്മി –അതിശയോക്തിപരമായ വാക്യങ്ങൾ, അസാധാരണമായ കർമ്മങ്ങൾ, ലോകസാമാന്യമല്ലാത്തപ്രവൃത്തികൾ - ഇവയെല്ലാം നാട്യധർമ്മിയുടെ സ്വഭാവമാണ്.
ഉദാ:ബാലിവിജയം. രാവണൻ ഇരുപത് കൈകൾ കൊണ്ട് പർവ്വതമെടുത്ത് അമ്മാനമാടുന്നു.പൂർണമായും അതിശയോക്തിപരമായ ഈ പ്രമേയത്തെ ഒരേയൊരു നടന്റെ സൂക്ഷ്മമായ അഭിനയംകൊണ്ടും വാദ്യവിശേഷങ്ങളുമായുള്ള ശൈലീകൃതമായ സമ്മേളനം കൊണ്ടുമാണ്കഥകളിയരങ്ങിൽ സാക്ഷാത്കരിക്കുന്നത്. അതുകൊണ്ടുതന്നെ കൈലാസോദ്ധാരണം ആദ്യന്തം നാട്യധർമ്മിയായിത്തീരുന്നു. ഈ അഭിനയം റിയലിസ്റ്റിക്ക് അല്ല എന്നുമാത്രമല്ല, സറിയലിസ്റ്റിക്ക് ആണുതാനും. ഉടലോടെമനുഷ്യൻ സ്വർഗത്തിൽ പോവുക (കാലകേയവധം) , പാമ്പുകടിച്ചാൽ മനുഷ്യൻ വികൃതനാവുക ( നളചരിതം) എന്നിങ്ങനെയുള്ള അതിയാഥാർത്ഥ്യസന്ദർഭങ്ങളാണ് കഥകളിയ്ക്ക്അനുയോജ്യമാവുന്നത്.
2) നാട്യലക്ഷണലക്ഷിതമായ ലീലാംഗഹാരാഭിനയം –‘അംഗഹാരം’എന്നതിന് നാട്യശാസ്ത്രത്തിൽ ലക്ഷണങ്ങളുണ്ട്. കൈകാലുകൾ ചേതോഹാരിയാവും വിധം ശൈലീകൃതമായി ചലിപ്പിക്കുന്ന ചലനവിശേഷങ്ങൾഎന്നു സാമാന്യേന പറയാം. കഥകളിയാസകലം ഇത്തരം ചലനവിശേഷങ്ങളാണ്. കഥകളിയെ നാട്യധർമ്മിയാക്കുന്ന പ്രധാനഘടകം തന്നെ ഇതാണ്.
3) സ്വരാലങ്കാരസംയുക്തം –വാക്യപ്രയോഗങ്ങൾ നാട്യധർമ്മിയിൽ സ്വരാലങ്കാരസംയുക്തമായി ശൈലീകരിക്കുന്നു, സംസ്കരിക്കപ്പെടുന്നു.അലർച്ചകളടക്കം കഥകളിയിലെ ശബ്ദവിന്യാസങ്ങൾക്കെല്ലാം നിയതമായ ശൈലികരണംനടന്നിട്ടുണ്ട്. വാചികം പൂർണമായും പിൻപാട്ടിലേക്ക് ചെന്നതോടെ സംഗീതം എന്നവിഭാഗമായി വാചികം ആദ്യന്തം ശൈലീകരിക്കപ്പെടുകയും ചെയ്തു.
4) ശ്രവണനിരോധം –അരങ്ങിൽ ആത്മഗതമായോ മറ്റുചിലരോടോ ചില കഥാപാത്രങ്ങൾ പറയുന്നത്അരങ്ങിൽ തന്നെയുള്ള മറ്റു ചില കഥാപാത്രങ്ങൾ നാട്യധർമ്മിയിൽ കേൾക്കില്ല.ഉദാ: കുചേലവൃത്തത്തിൽ അവൽപ്പൊതി പിടിച്ചുവാങ്ങിയ ശേഷമുള്ള രുഗ്മിണിയുടെ പരിഭവവും കൃഷ്ണന്റെ മറുപടിയുമെല്ലാം നടക്കുമ്പൊഴും കുചേലൻ അവിടെത്തന്നെയുണ്ട്, എന്നാലൊന്നും കേൾക്കുന്നില്ല.
5) അശബ്ദശ്രവണം –രംഗത്ത് ഇല്ലാത്ത ശബ്ദം കേട്ടെന്നു നടിക്കുന്നത് നാട്യധർമ്മിയാണ്.കഥകളിയിലെ ശബ്ദവർണ്ണന തന്നെ മികച്ച ഉദാഹരണമാണ്. പർവ്വതങ്ങൾ കൂട്ടിമുട്ടുന്നശബ്ദമാണോകടൽ കരകയറിവരികയാണോ എന്നിങ്ങനെയുള്ള ശബ്ദശ്രവണങ്ങളെല്ലാം നടക്കുന്നത് അഭിനയത്തിലൂടെയാണ്.
6) ശൈലം, യാനം, വിമാനം, ചാട്ടവാർ, മാർച്ചട്ട, ആയുധം, ധ്വജം മുതലായവക്ക് നടന്റെ ശരീരം സങ്കൽപ്പിച്ച്അഭിനയിക്കുന്നത് നാട്യധർമ്മിയാണ്. ഇവയിൽ ആയുധമൊഴിച്ച് എല്ലാം കഥകളിയിൽനടശരീരം തന്നെയാണ്. ആയുധവും പ്രത്യേകസന്ദർഭങ്ങളിൽ നടന്റെ ശരീരമാക്കാൻമടിയുമില്ല. ഇനി അയുധത്തിനാകട്ടെ, അതിന്റെ യഥാർത്ഥരൂപവുമായി കാര്യമായബന്ധവും പലപ്പോഴുമില്ല. ഉദാ: കഥകളിയിലെ ഗദ.
7) രണ്ടുവേഷം ഒരേകഥയിൽചെയ്യുന്നത് നാട്യധർമ്മിയാണ്. കഥകളിയിൽ ഇത് സുലഭമാണ്. ഉത്തരാസ്വയംവരത്തിലെദൂതനും വലലനും ഒരാളാവുക പോലുള്ളവ പതിവാണ്. അതിന്നുമപ്പുറം, പകർന്നാട്ടംഎന്ന അഭിനയസങ്കേതമുപയോഗിച്ച് ഒരു നടൻ തന്നെ അപ്പുറത്ത് മറ്റൊരുകഥാപാത്രമായി അഭിനയിക്കുകയും ചെയ്യുന്നു.
8) പുരാണേതിഹാസപ്രഖ്യാതപ്രമേയങ്ങൾ - സാധാരണലൗകികപ്രമേയങ്ങൾ നാട്യധർമ്മിയായആവിഷ്കരണത്തിനുചിതമല്ല. അവയിൽ ആസ്വാദകർ ലയിച്ചു പോകാനിടയുണ്ട്. അത്തരംആസ്വാദനമല്ല നാട്യധർമ്മിയായ തീയറ്റർ ലക്ഷ്യം വെക്കുന്നത്. അതിന് അനുയോജ്യംഅതിയാഥാർത്ഥ്യതലത്തിലുള്ള പ്രമേയങ്ങളാണ്. അതുകൊണ്ടാണ് പുരാണേതിഹാസകഥകൾകഥകളിക്ക് അനുയോജ്യമായിത്തീരുന്നത്. വിമർശനാത്മവും വിശകലനാത്മകവുമാണ്ആസ്വാദനം എന്ന കാഴ്ച്ചപ്പാടിനെ മുൻനിർത്തി തീയറ്ററിനെ കാണുകയാണ് നാട്യധർമ്മി ചെയ്യുന്നത്.
നാട്യധർമ്മി –ലോകധർമ്മീ സങ്കൽപ്പനങ്ങളെകഥകളിയെ മുൻനിർത്തി വിശകലനം ചെയ്യുമ്പോൾ, പാരമ്പര്യകലയുടെ സവിശേഷതകളെകൂടുതൽ സൂക്ഷ്മമായി നമുക്ക് തിരിച്ചറിയാനാവും. ഒരുസവിശേഷചരിത്രസാഹചര്യത്തിന്റെ സൃഷ്ടിയായി രൂപം കൊള്ളുന്ന കലാരൂപങ്ങളുണ്ട്.പ്രസ്തുത സാഹചര്യത്തെ ആവികരിക്കുകയോ പ്രതിരോധാത്മകമായി സമിപ്പിക്കുകയോചെയ്യുന്ന കലാരൂപങ്ങളുണ്ട്. സുനിശ്ചിതമായ സാമൂഹികധർമ്മങ്ങൾ നിറവേറ്റാനുള്ളബാദ്ധ്യതയേറ്റെടുക്കുന്ന ‘പ്രൊപ്പഗാൻണ്ട തീയറ്ററും’ അനേക കാലത്തെ കലാഘടകങ്ങൾചേർന്നുണ്ടാവുന്ന ‘ട്രെഡീഷണൽ തീയറ്ററും’വ്യത്യസ്തമായ കലാസമീപനങ്ങളാണ്കൈക്കൊള്ളുന്നത്. കഥകളിയെ ആധുനീകരിക്കാനോ തിരസ്കരിക്കാനോ ഒരുങ്ങുന്നതിനുമുൻപ് അതാതു കലാവിഷ്കാരങ്ങളെ അതാതു സവിശേഷതകളെ മുൻനിർത്തി മനസ്സിലാക്കാൻനാം തയ്യാറാവേണ്ടതുണ്ട്. അതിന് കഥകളിയെ കഥകളിയാക്കി നിലനിർത്തുന്ന ഈഅടിസ്ഥാനസങ്കൽപ്പനങ്ങളെ വ്യക്തമായി മനസ്സിലാക്കുന്നത് ഉപകരിക്കും.
(http://www.navamalayali.com/ ജൂണി 2014 ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)