ഹസ്തലക്ഷണദീപികാ - ഹംസപക്ഷം
Friday, June 17, 2016 - 13:15
8. ഹംസപക്ഷം
ലക്ഷണം (പ്രയോഗം) - മൂലം:-
അംഗുല്യശ്ച യഥാപൂൎർവ്വം സംസ്ഥിതാ യദി യസ്യതു ||
സഹസ്തൊ ഹംസപക്ഷ്യാഖ്യൊ ഭണ്യതെ ഭരതാദിഭിഃ | 38
ഭാഷ:- വിരലുകളെല്ലാം ഉള്ളപ്രകാരം തന്നെ നിർത്തിവെച്ചാൽ അതിന് ഹംസപക്ഷമുദ്ര എന്നു പറയുന്നു.
വിനിയോഗം (ഉപയോഗം) - മൂലം:-
ചന്ദ്രോവായുർ മന്മഥശ്ച ദേവപർവ്വത സാനവഃ ||
നിത്യബാന്ധവശയ്യാശ്ച ശിലാസുഖമുരസ്തനം |
വസനം വാഹനം വ്യാജശ്ശയനം പതനം ജനഃ || 39
താഡനംഛാദനഞ്ചൈവ വ്യാപനം സ്ഥാപനം തഥാ |
ആയാനം നമനഞ്ചാഥ മജ്ജനം ചന്ദനം തഥാ || 40
ആലിംഗനാഞ്ചാനുയാനം പാലനം പ്രാപണം ഗദാ |
കപോല മംസഃകേശശ്ച വിധേയാനുഗ്രഹൗമുനിഃ || 41
ഇതി ശാബ്ദാഭിധേയശ്ച മത്സ്പൂജന കഛപാഃ |
ഹംസപക്ഷാഖ്യഹസ്ഥാസ്തു ചത്വാരിംശൽ ദ്വയോത്തരാഃ || 42
സംയുക്താനാട്യശാസ്ത്രജ്ഞൈഃ കഥിതാ മുനിപുംഗവൈഃ |
യുഷ്മൽ ബഹൂക്തി ഖഡ്ഗോരുട് ഇദാനീമഹമഗ്രതഃ || 43
പരശുർഹേതിരാഹ്വാനമുൽസംഗപ്രാപ്തിവാരണൈ |
ആയുക്തഹംസപക്ഷാഖ്യാ ഹസ്താഏകാദശസ്മൃതാഃ || 44
ഭാഷ:- ചന്ദ്രൻ, വായു, കാമദേവൻ, ദേവന്മാർ, പർവ്വതം, താഴ്വാരം, എല്ലായ്പ്പൊഴും (നിത്യം), ബന്ധുക്കൾ, കിടക്ക, ശില, സുഖം, മാർറ (നെഞ്ച്), സ്തനം, വസ്ത്രം, വഹിക്കുക എടുക്കക) വ്യാജം, കിടക്കുക, വീഴുക, ജനം, അടിക്കുക, മറയ്ക്കൽ (മറവ്) വ്യാപിക്കുക, സ്ഥാപിക്കുക, വരവ്, നമസ്കാരം, കുളിക്കുക, ചന്ദനം, ആലിംഗനം, പിന്നാലെ പോവുക, രക്ഷിക്കുക, പറഞ്ഞയക്കുക, [1]ഗദ, കവിൾത്തടം, ചുമല് (തോള്‍), തലമുടി, വിധേയത്വം (വിനയമുള്ള), അനുഗ്രഹം, മഹർഷി, ഇപ്രകാരം, മത്സ്യം, പൂജിക്കുക, ആമ - ഈ 42 പദാർത്ഥങ്ങളെ രണ്ടുകൈകൾകൊണ്ടും; നിങ്ങൾ, വാൾ, കോപം, ഇപ്പോൾ, ഞാൻ, മുമ്പിൽ, വെണ്മഴു, ജ്വാല, വിളിക്കുക, അടുത്തെത്തുക, തടുക്കുക - ഈ 11 പദാർത്ഥങ്ങളെ ഒരു കൈകൊണ്ടും ഹംസപക്ഷമുദ്രയിൽ കാണിക്കണം.
[1] ‘ഗദം’(ദുഃഖം) എന്ന് വളരെ വിരളമായി പാഠഭേദം ഉണ്ട്. കഥകളിയിൽ രണ്ടുഹംസപക്ഷം ചേര്‍ന്ന് ദുഃഖം എന്ന് കാണിക്കുന്നത് ശ്രദ്ധിക്കേണ്ടതാണ്.
Article Category:
Malayalam