ഹസ്തലക്ഷണദീപികാ - സൂചീമുഖം
Friday, June 17, 2016 - 13:28
15. സൂചീമുഖം
ലക്ഷണം (പ്രയോഗം) - മൂലം:-
മദ്ധ്യാനാമികാപൃഷ്മംഗുഷ്ഠോ യദി സംസ്പൃശേത് | 64
കനിഷ്ഠികാ കുഞ്ചിതാ ച സൂചിമുഖകരസ്തു സഃ ||
ഭാഷ:- നടുവിരലും മോതിരവിരലും മടക്കി അതുകളുടെ പുറത്തെ പെരുവിരൽ ചേർക്കുകയും ചെറുവിരൽ നല്ലവണ്ണം മടക്കുകയും ചെയ്താൽ അതിന്ന് സൂചീമുഖമുദ്ര എന്നു പറയുന്നു.
വിനിയോഗം (ഉപയോഗം) - മൂലം:-
ഭിന്നമുത്പതനം ലൊകോ ലക്ഷ്മണഃ പാതമന്യതഃ | 65
മാസോ ഭ്രൂശിഥിലം [1]വാലോ യുക്താസ്സുചീമുഖാ ദശ ||
ഏകഃ കഷ്ടം ജഡോന്യശ്ച ബഹൂക്തിഃ ശ്രവണം കലാ | 66
പുരായമേതേ രാജ്യശ്ച കിഞ്ചിത് സാക്ഷിനിരാസനം ||
ആഗച്ഛ ഗച്ഛ യുദ്ധായ സൂചീമുഖകരഃ സ്മൃതാഃ | 67
ഷോഡശൈവ ഹി നാട്യജ്ഞൈരസംയുക്താ മനീഷിഭിഃ ||
ഭാഷ:- ഭേദിച്ചത്, മേൽപ്പോട്ടുചാടുക, ലോകം, ലക്ഷ്മണൻ, പതനം (വീഴ്ച), മറ്റൊന്ന്, മാസം, പുരികം, ശിഥിലം, [2]വാല് - ഈ 10 പദാർത്ഥങ്ങളെ രണ്ടുകൈകൊണ്ടും; ഒരുത്തൻ, കഷ്ടം, ജഡം, അന്യൻ, ബഹുവചനം, കേള്‍ക്കുക, ചന്ദ്രക്കല, പണ്ട്, ഇവൻ, ഇവർ, രാജ്യം, അല്പം, സാക്ഷി, നിരസിക്കുക, വാ എന്ന്, പോ എന്ന് - ഈ 16 പദാർത്ഥങ്ങളെ ഒരുകൈകൊണ്ടും സൂചീമുഖ മുദ്രയിൽ കാണിക്കണം.
[1] ‘ഹസ്തമുട്രാദീപിക എന്ന ഗ്രന്ഥത്തില്‍ ‘പാശോ’ എന്നും, വിനിയോഗത്തില്‍ ‘കയര്‍’ എന്നും കാണുന്നുണ്ട്.
[2] മേല്‍പറഞ്ഞ വ്യത്യാസം - ‘കയര്‍’ എന്നാവും.
Article Category:
Malayalam