കിഴക്കേക്കോട്ടയിലെ നളചരിതം ഒന്നാം ദിവസം
ഗോപിയാശാന്റെ മറ്റൊരു മികച്ച ഒന്നാം ദിവസം നളനു സാക്ഷികളായി കിഴക്കേക്കോട്ടയില്‍ ദൃശ്യവേദിയുടെ പ്രതിമാസക്കളിയായ 'നളചരിതം ഒന്നാം ദിവസം' കാണുവാനെത്തിയ ആസ്വാദകര്‍. സാധാരണ ചെയ്യാറുള്ളതിലും വിസ്തരിച്ച് അവതരിപ്പിച്ച ആദ്യഭാഗങ്ങളിലെ ആട്ടങ്ങളായിരുന്നു ഇവിടുത്തെ അവതരണത്തിന്റെ പ്രധാന സവിശേഷത. നാരദനോടുള്ള ആദ്യ പദത്തിലെ "വരവിന്നെങ്ങുനിന്നിപ്പോള്‍?" എന്ന ഭാഗത്ത് പലയിടങ്ങളില്‍ ക്ഷേമമന്വേഷിച്ച് വീണയുമായുള്ള നാരദന്റെ സഞ്ചാരം, "ഉന്നതതപോനിധേ!" എന്നതില്‍ നാരദന്റെ ഔന്നിത്യത്തെ വാഴ്ത്തുന്നത്; ഇവയൊക്കെ ഇതിനായി ഉദാഹരിക്കാം. 'സാധാരണ ജനങ്ങള്‍ ദേവപ്രീതിക്കായി ശ്രമിക്കുന്നു, ഇവിടെ ദേവകളിച്ഛിക്കുന്ന ഒരു സ്ത്രീയെ ആഗ്രഹിച്ച് ഞാന്‍ ശാപഗ്രസ്തനാവുമോ?' എന്ന നളന്റെ സന്ദേഹം നാരദന് അകറ്റുന്നു. കലാമണ്ഡലം ബാജിയോയാണ് നാരദനായി അരങ്ങിലെത്തിയത്.
"കുണ്ഡിനനായക നന്ദിനിക്കൊത്തൊരു..." - നളന്റെ വിചാരപദം, പതിവുപോലെ കലാമണ്ഡലം ഗോപി മനോഹരമായി തന്നെ അവതരിപ്പിച്ചു. "മുദിരതതികബരീപരിചയപദവിയോ!" എന്ന ഭാഗം തന്നെ കൂട്ടത്തില്‍ ഏറ്റവും മികവിലേക്കെത്തിയത്. വീണവായിച്ച് ആശ്വാസം നേടുവാന്‍ ശ്രമിക്കുന്നതും, പഞ്ചബാണങ്ങളിലൊന്ന് ദമയന്തിയുടെ നേര്ക്കയയ്ക്കുവാന് കാമനോട് അഭ്യര്‍ത്ഥിക്കുന്നതുമായ ആട്ടങ്ങള്‍ക്ക് പുറമേ; ഭീമരാജാവിനോട് മകളെ വിവാഹം ചെയ്തു തരുവാന്‍ അപേക്ഷിച്ച് സന്ദേശമായച്ചാലോ എന്നു ചിന്തിച്ച് അത് അനുചിതമാണെന്ന് കണ്ട് പിന്തിരിയുന്നതായ ആട്ടവും ഇവിടെയുണ്ടായി. രാജ്യഭാരം മന്ത്രിയെ ഏല്‍പ്പിച്ച് ഉദ്യാനത്തില്‍ ആശ്വാസം കണ്ടെത്തുവാന്‍ ശ്രമിക്കുന്ന നളന്റെ ശ്രദ്ധ ഒരു സ്വര്‍ണ്ണവര്‍ണ്ണമുള്ള ഹംസത്തില്‍ പതിയുന്നു. അതിനെ പിടിക്കുവാന്‍ ഉറച്ചു നളന് മറയുന്നതോടെ ആദ്യ രംഗത്തിന് തിരശീല വീഴുന്നു.
നളനും ഹംസവുമൊരുമിച്ചുള്ള ഭാഗങ്ങള്‍ പക്ഷെ പ്രതീക്ഷിച്ചത്രയും ഭംഗിയായില്ല. ഹംസമായെത്തിയ കലാമണ്ഡലം രതീശനാണ് ഇതില്‍ കൂടുതല്‍ ഉത്തരവാദിത്തം. "ജനകന് മരിച്ചുപോയി, തനയന് ഞാനൊരുത്തനായി..." എന്ന ഭാഗത്ത് നളന് 'എന്റെ സ്ഥിതിയും അങ്ങിനെ തന്നെ...' എന്നാടുമ്പോള്‍ ഹംസം തിരിച്ച് 'അതിനു ഞാനെന്ത് വേണം?' എന്നൊക്കെ ചോദിക്കുന്നത് സന്ദര്‍ഭത്തിനും കഥാപാത്രത്തിനും യോജിച്ചതെന്ന് കരുതുന്നില്ല. കലാമണ്ഡലം ഗോപിയാവട്ടെ ഇടയ്ക്കിടെ ഹംസത്തെ തൊട്ടുവിളിച്ച് ഇതുപോലെ ഇടയ്ക്കുള്ള ആട്ടങ്ങള്‍ ചെയ്യുവാന്‍ ഉത്സാഹിക്കുകയും ചെയ്തു. ഒരു പക്ഷേ, ഹംസത്തെ തൊട്ടുവിളിച്ചു പറയുവാന്‍ തുനിയാതെ, തന്റെ അവസ്ഥയും അങ്ങിനെ തന്നെയല്ലോ എന്നൊക്കെ നളന് സ്വയം വിചാരിക്കുന്നതായി ആടിയാല്‍ അതാവും കൂടുതല്‍ ഭംഗിയാവുക.
പ്രേക്ഷകരെ അഭിമുഖീകരിക്കാതെ കൂട്ടുവേഷക്കാരനെ നോക്കി കലാമണ്ഡലം രതീശന് പലപ്പോഴും പ്രവര്‍ത്തിച്ചതും അദ്ദേഹത്തിന്റെ വേഷത്തിന്റെ മോടി കുറച്ചു. എന്തെങ്കിലും ശാരീരിക ആസ്വാസ്ഥ്യം കാരണമാണോ എന്നറിയില്ല, വളരെ പരിമിതമായ ചലനങ്ങളിലൂടെ ഹംസത്തെ രതീശന് കഴിച്ചുകൂട്ടുന്നതായാണ് അനുഭവപ്പെട്ടത്. തുടര്‍ന്ന് ദമയന്തിയോടൊത്തുള്ള ഭാഗങ്ങളിലും നൃത്തത്തിന്റെ സാധ്യതകള്‍ കാര്യമായി ഉപയോഗിച്ചു കണ്ടില്ല. കുറച്ചുകൂടി ഊര്‍ജ്ജസ്വലമായി അരങ്ങില്‍ പ്രവര്‍ത്തിക്കുന്ന ഹംസത്തെയാണ് രതീശനില്‍ നിന്നും പ്രതീക്ഷിച്ചത്. തോഴിമാരായി വേഷമിട്ട കലാമണ്ഡലം ആദിത്യനും കലാമണ്ഡലം അരുണ്‍ കുമാറിനുമൊപ്പം കലാമണ്ഡലം ഷണ്മുഖദാസ് ദമയന്തിയായി അരങ്ങിലെത്തി. സൂക്ഷ്മചലനങ്ങളിലൂടെയും നേരിയ ഭാവവ്യതിയാനങ്ങളിലൂടെയും ദമയന്തിയുടെ അവസ്ഥ കൂടുതല്‍ അനുഭവത്താക്കുന്ന ഒരു ദമയന്തിയായിരുന്നു ഷണ്മുഖദാസിന്റേത്. ആദിത്യനും അരുണ്‍ കുമാറും വേണ്ടും വണ്ണം ദമയന്തിയെ പിന്തുണയ്ക്കുകയും ചെയ്തു.
കലാമണ്ഡലം ഗോപി പാദഭാഗങ്ങള്‍ വിസ്തരിച്ചാടിയത് ഗായകര്‍ക്കും ഗുണകരമായി. "കുണ്ഡിനനായക..."-യും "പ്രിയമാനസ!"-യും തുടര്‍ന്നു വന്ന ദമയന്തിയുടെ പദങ്ങളുമെല്ലാം മികച്ചതാക്കുവാന്‍ പത്തിയൂര്‍ ശങ്കരന്‍കുട്ടിക്കും കലാനിലയം രാജീവനും സാധിച്ചു. ദമയന്തിയുടെ അവസാന പദങ്ങള്‍ യമുനാകല്യാണിയിലും ("നാളില്‍ നാളില്‍...") നാഗഗാന്ധാരിയിലേക്കും ("ഹന്ത! ഹംസമേ!") മാറ്റി ആലപിച്ചതും കൗതുകകരമായി. മേളത്തില്‍ പ്രവര്‍ത്തിച്ച കുറൂര്‍ വാസുദേവന്‍ നമ്പൂതിരി, കലാമണ്ഡലം അച്ചുതവാര്യര്‍ തുടങ്ങിയവരും വേഷക്കാര്‍ക്ക് മികച്ച പിന്തുണ നല്കി. ആര്.എല്‍.വി. സോമദാസ് (ചുട്ടി), പള്ളിപ്പുറം ഉണ്ണികൃഷ്ണന് (ഉടുത്തുകെട്ട്) തുടങ്ങിയവരായിരുന്നു അണിയറയില്‍ പ്രവര്‍ത്തിച്ചത്. കളിയോഗം: സന്ദര്ശന് കഥകളി വിദ്യാലയം, അമ്പലപ്പുഴ.
Comments
sreechithran
Wed, 2013-02-13 20:42
Permalink
നന്നായി
സമഗ്രം, ലളിതം. നന്നായി ഹരീ.
sunil
Wed, 2013-02-13 21:01
Permalink
കലക്കി....
കലക്കീ ഹരീ... :) ഗ്രൂപ്പില്‍ പ്രസിദ്ധീകരിക്കുന്നതിനു മുന്നേ ഇവിടെ ഇട്ട്, മറ്റുസ്ഥലങ്ങളില്‍ ലിങ്ക് ഇട്ടാല്‍ മതി; ഇനി മുതല്‍ ട്ടോ...
haree
Wed, 2013-02-13 21:08
Permalink
തീര്‍ച്ചയായും അങ്ങിനെ തന്നെ!
തീര്‍ച്ചയായും അങ്ങിനെ തന്നെ! :)
നാരായണന് മൊതലക... (not verified)
Wed, 2013-02-13 21:58
Permalink
കളിയരങ്ങിന് പകരം
എല്ലായ്പ്പോഴും പോലെ തന്നെ നല്ല റിവ്യൂ. ഇനിമുതല്‍ കളിയരങ്ങിന് പകരം ഇവിടെ മതി അല്ലെ??